Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 02

സ്ത്രീ-പുരുഷ സങ്കലനം മൂന്ന് നിലപാടുകള്‍

ഡോ. യൂസുഫുല്‍ ഖറദാവി

സ്ത്രീകളും പുരുഷന്മാരും ഇടകലരുന്നതിനെ കുറിക്കുന്ന 'ഇഖ്തിലാത്വ്' (ഇടകലരല്‍) എന്ന വാക്ക് ഇസ്‌ലാമിക നിഘണ്ടുവില്‍ ആധുനിക കാലത്ത് മാത്രം സ്ഥലം പിടിച്ച പദമാണ്. നബി(സ)യുടെ കാലത്ത് പുരുഷന്മാരും സ്ത്രീകളും പല സന്ദര്‍ഭങ്ങളിലും ഇടകലര്‍ന്നിരുന്നു. സംഘടിത നമസ്‌കാരങ്ങള്‍, പള്ളിയിലെ വിദ്യാവേദികള്‍, ഹജ്ജ് ഉംറകള്‍, യുദ്ധങ്ങള്‍, ജുമുഅഃ, പെരുന്നാള്‍ നമസ്‌കാരങ്ങള്‍, വ്യത്യസ്ത സാമൂഹിക ചടങ്ങുകള്‍ മുതലായവ ഉദാഹരണം. അബ്ദുല്‍ ഹലീം അബൂ ശുഖ്ഖഃ തന്റെ 'തഹ്‌രീറുല്‍ മര്‍അഃ ഫീ അസ്വ്‌രി രിസാലഃ' (സ്ത്രീ വിമോചനം പ്രവാചക കാലഘട്ടത്തില്‍) എന്ന കൃതിയില്‍ അത്തരം പല അവസരങ്ങളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ഖുര്‍ആനും സുന്നത്തും വിശിഷ്യ ബുഖാരിയും മുസ്‌ലിമുമാണ് അദ്ദേഹം പഠനത്തിന് ആശ്രയിച്ചിരിക്കുന്നത്.
പരസ്പരബന്ധങ്ങള്‍ ശാക്തീകരിക്കുക, പരസ്പരം പ്രയോജനങ്ങള്‍ അനുഭവിക്കുക മുതലായ മതപരമോ ഭൗതികമോ ആയ ആവശ്യങ്ങള്‍ക്കായി പുരുഷന്മാരും സ്ത്രീകളും സംഗമിക്കുന്നത് തടയുന്ന പ്രമാണങ്ങളൊന്നുമില്ല എന്ന് കാണാന്‍ കഴിയും. ബന്ധുത്വം, വൈവാഹിക ബന്ധം, സൗഹൃദം, അയല്‍പക്കം, ഗാഢമായ ചങ്ങാത്തം മുതലായവയുടെ പശ്ചാത്തലത്തില്‍ സംഗമിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത്തരം പശ്ചാത്തലത്തിലുള്ളവര്‍ സമൂഹ യാത്രകളിലോ സദ്യകളിലോ മറ്റു വേദികളിലോ സംഗമിക്കുന്നത് തെറ്റാണെന്നോ സന്ദേഹകരമാണെന്നോ ഭയജനകമാണെന്നോ മനസ്സിലാക്കേണ്ടതില്ല.
ഈ പശ്ചാത്തലത്തിലല്ലാതെയുള്ള സംഗമങ്ങള്‍ക്കും, അവയില്‍ പങ്കെടുക്കുന്നവര്‍ക്കും ഒരേ വിധിയല്ല; പശ്ചാത്തലവും ആളുകളും മാറുന്നതനുസരിച്ച് വിധിയില്‍ മാറ്റമുണ്ടാവും. ചിലയാളുകള്‍ മതപരവും മാനസികവും സാമൂഹികവും സാംസ്‌കാരികവുമായ പക്വത നേടിയവരായിരിക്കും. സ്ത്രീകളുമായി ഇടപഴകുന്നതിലും അവരുമായി സംസാരിക്കുന്നതിലും മര്യാദയും മാന്യതയും കാത്തുസൂക്ഷിക്കുന്നവരായിരിക്കും അവര്‍. ഏതെങ്കിലും തരത്തിലുള്ള ചാപല്യങ്ങള്‍ അവരില്‍ കാണുകയില്ല. രണ്ടു യുവതികള്‍ക്ക് വെള്ളം സംഘടിപ്പിച്ചു കൊടുത്തപ്പോള്‍ മൂസാ നബി സ്വീകരിച്ചത് ഈ നിലപാടാണ്. യാത്രകളിലും മറ്റു സംഗമാവസരങ്ങളിലും അവര്‍ പരസ്പരം സമസ്ഥാനീയരാണ്. എല്ലാവരും അപരര്‍ക്ക് കൊടുക്കുന്നു, എല്ലാവരും അപരരില്‍ നിന്ന് സ്വീകരിക്കുന്നു. ഇത്തരം സംഗമങ്ങള്‍ അഹിതകരമായി കാണേണ്ടതില്ല. എന്നല്ല, ഇതിലൂടെ നാം സൂചിപ്പിച്ച നല്ല ലക്ഷ്യങ്ങളാണ് ഉന്നംവെക്കുന്നതെങ്കില്‍ അത് അല്ലാഹുവിനുള്ള പുണ്യപ്രവൃത്തിയാണ്, ഇബാദത്താണ്. കാരണം, അതിലൂടെ ഒരു സല്‍ക്കാര്യത്തിന് സഹായിക്കുന്നു, സ്‌നേഹത്തെ ശക്തിപ്പെടുത്തുന്നു, പരസ്പരബന്ധം ബലപ്പെടുത്തുന്നു.
ചിലയാളുകള്‍ മതപരവും മാനസികവും ചിന്താപരവും സാമൂഹികവുമായ പക്വത എത്താത്തവരായിരിക്കും. പഴയ ചിന്തകളായിരിക്കും അവരെ ഭരിക്കുന്നത്. ഒരു പക്ഷേ പഴയതല്ലാത്തതും അവര്‍ക്കറിയാമായിരിക്കും. പക്ഷേ പഴയ ധാരണകളില്‍ നിന്ന് മുക്തരാവാന്‍ അവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. അവരുടെ മനസ്സുകളില്‍ അഥവാ അവരുടെ ആന്തര ബോധങ്ങളില്‍ സ്ത്രീ എന്നാല്‍ വിഷസര്‍പ്പമോ, പിശാചിന്റെ കെണിയോ ഒക്കെ ആയിരിക്കും. അവള്‍ പുരുഷന്മാരെ കുഴപ്പത്തില്‍ ചാടിക്കുന്നു, അവളുടെ മുഖം ഔറത്താണ്, അവളുടെ ശബ്ദം ഔറത്താണ്, അവള്‍ അവളുടെ വീട്ടില്‍ അടങ്ങിയൊതുങ്ങിക്കഴിയണം, അവള്‍ പുരുഷനുമായി ഇടപഴകരുത്, പുരുഷന്‍ അവളുമായി ഇടപഴകരുത് - ഇതാണ് അവരുടെ നിലപാട്. ഇത് ആരും വ്യക്തമാക്കിയെന്നുവരില്ല. എങ്കിലും അത് അവരുടെ ആന്തര തലങ്ങളില്‍ നിഗൂഢമായിക്കിടക്കുന്നുണ്ടാവും. അറിഞ്ഞോ അറിയാതെയോ ആ ധാരണക്കനുസൃതമായാണ് അവര്‍ പ്രതികരിക്കുക.
ഇത്തരം ആളുകള്‍ക്ക് സ്ത്രീ-പുരുഷന്മാര്‍ ഇടകലര്‍ന്നുള്ള യാത്രപോലുള്ള സംഗമങ്ങള്‍ ശരിയാവില്ല. സഹോദരന്മാരുടെയോ കൂട്ടുകാരുടെയോ സമ്മര്‍ദത്താല്‍ ഇവരെ അത്തരം സംഗമങ്ങളില്‍ പങ്കെടുപ്പിച്ചാല്‍തന്നെയും, അവര്‍ക്ക് അതിന്റേതായ പ്രയാസങ്ങളുണ്ടാവും; യാത്രയിലും, യാത്രാമധ്യേയും, യാത്രക്ക് ശേഷവും. ഇത്തരം വേളകളില്‍ നല്‍കപ്പെടുന്ന ഉപദേശം അവര്‍ക്ക് പ്രയോജനപ്പെടില്ല, കേള്‍ക്കുന്ന തമാശകള്‍ അവര്‍ക്ക് രുചിക്കുകയില്ല. കാരണം, അപ്പോഴൊക്കെ അവരുടെ ഹൃദയം ഭയസാന്ദ്രമായിരിക്കും, അസ്വസ്ഥഭരിതമായിരിക്കും. അതില്‍നിന്ന് വിടുതി നേടാന്‍ അവര്‍ക്ക് കഴിയുകയില്ല. ഇത്തരക്കാരെ മാനസികമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം, ഇസ്‌ലാമിനെ സംബന്ധിച്ച് നല്ല ഗ്രാഹ്യം നല്‍കണം. ഇസ്‌ലാം എളുപ്പമാണെന്നും അതൊരാളെയും വെറുപ്പിച്ചകറ്റുകയില്ലെന്നും അവരെ ബോധ്യപ്പെടുത്തണം.
മൂന്നാമതൊരു വിഭാഗം, ഒന്നാമത്തെ വിഭാഗത്തിന്റെ പക്വത എത്താത്തവരും, രണ്ടാമത്തെ വിഭാഗത്തിന്റെ നിലവാരത്തിലല്ലാത്തവരുമാണ്. ചിലപ്പോള്‍ അവര്‍ ഒന്നാമത്തെ വിഭാഗത്തിന്റെ നിലവാരത്തിലും മറ്റുചിലപ്പോള്‍ രണ്ടാമത്തെ വിഭാഗത്തിന്റെ നിലവാരത്തിലും എത്തിയെന്നു വരാം. ഇത്തരമാളുകള്‍ സ്ത്രീകളുമായി സംഗമിക്കുന്നതോ, സംഗമത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നതോ വിലക്കേണ്ടതായി നാം കരുതുന്നില്ല. അതേസമയം, ഇത്തരം ആളുകള്‍ സ്ത്രീകളുമായി സംഗമിക്കുമ്പോള്‍ താഴെ ചേര്‍ത്ത നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.
1. സ്ത്രീകളും പുരുഷന്മാരും കണ്ണുകള്‍ താഴ്ത്തുക എന്ന ഖുര്‍ആനിക നിര്‍ദേശം (അന്നൂര്‍: 30, 31) സ്വീകരിച്ചിരിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചില പുരുഷന്മാര്‍ക്ക് ചില സ്ത്രീകളെയും, ചില സ്ത്രീകള്‍ക്ക് ചില പുരുഷന്മാരെയും കൗതുകമായി തോന്നുമ്പോള്‍ ലൈംഗികാസക്തിയോടെയുള്ള നോട്ടങ്ങള്‍ ഉണ്ടാകാനിടയാകും. ''ആസക്തിയോടെയുള്ള നോട്ടം ഇബ്‌ലീസിന്റെ അമ്പുകളില്‍നിന്നുള്ള അമ്പാണ്. ലൈംഗികാസക്തിയോടെയുള്ള നോട്ടം വിഷത്തിലൂട്ടിയ ഇബ്‌ലീസിന്റെ ശരങ്ങളില്‍ ഒരു ശരമാണ്. അല്ലാഹുവോടുള്ള ഭയത്താല്‍ അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അല്ലാഹു അയാള്‍ക്ക് സത്യവിശ്വാസം പ്രദാനം ചെയ്യും. അതിന്റെ മാധുര്യം അയാളുടെ ഹൃദയത്തില്‍ അനുഭവിച്ചറിയാന്‍ കഴിയും'' (ഹാകിം).
2. കൂടുതല്‍ സംസാരിക്കുന്നത് ഒഴിവാക്കുക, വിശിഷ്യ സ്ത്രീകള്‍. ഖുര്‍ആന്‍ മുന്നറിയിപ്പു നല്‍കിയതുപോലെ കൊഞ്ചിക്കുഴയാതിരിക്കുക. ''നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്ന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക'' (അഹ്‌സാബ് 32).
3. കൂടുതല്‍ ചിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്ത്രീകളുടെ ചിരി പുരുഷന്മാരെ കുഴപ്പത്തിലകപ്പെടുത്താനിടയാക്കും.
4. ഉടുത്തവരെങ്കിലും ഉടുക്കാത്തവരും, ആകര്‍ഷിക്കുന്നവരും ആകര്‍ഷിപ്പിക്കുന്നവരുമായ സ്ത്രീകളോട് സദൃശമാവാത്തവിധം വേഷത്തിലും അലങ്കാരത്തിലും മുസ്‌ലിം വനിത ഇസ്‌ലാമിക പ്രതിബദ്ധത പുലര്‍ത്തണം. വസ്ത്ര മര്യാദകളും ഹിജാബും പാലിച്ചിരിക്കണം.
5. കവിളും ചുണ്ടും മോടിയാക്കുക, പുരികങ്ങള്‍ പറിക്കുക, മുടിയില്‍ കൃത്രിമ മുടിയുള്‍പ്പെടെ ചേര്‍ത്തുകെട്ടുക മുതലായ അലങ്കാരങ്ങള്‍ ഒഴിവാക്കുക.
6. നടത്തത്തിലും ചലനത്തിലും ഗൗരവവും ഗാംഭീര്യവും കാത്തുസൂക്ഷിക്കുക. ''അവര്‍ രണ്ടുപേരില്‍ ഒരു പെണ്‍കുട്ടി ലജ്ജാവതിയായി നടന്നുവന്നു'' (ഖസ്വസ്വ് 25) ''അവരുടെ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം അറിയപ്പെടാനായി അവര്‍ അവരുടെ കാലുകള്‍ കൊണ്ട് നിലത്തടിക്കരുത് (നൂര്‍ 31).
7. സംഘടിത നമസ്‌കാരത്തില്‍ എന്നപോലെ, പുരുഷന്മാര്‍ പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ സ്ത്രീകള്‍ക്കുമൊപ്പം ഇരിക്കണം. നമസ്‌കാരത്തില്‍ പുരുഷന്മാരുടെ നിര ആദ്യം, സ്ത്രീകളുടേത് പിറകില്‍ എന്നതാണല്ലോ രീതി. അതേസമയം, പുരുഷന്റെ അടുത്ത് അയാളുടെ ഭാര്യ, സ്ത്രീയുടെ അടുത്ത് അയാളുടെ ഭര്‍ത്താവ് എന്ന രീതിയില്‍ ഇരിക്കുന്നതിനു വിരോധമില്ല. അതായത്, സ്ത്രീയുടെ അടുത്ത് സ്ത്രീകള്‍, ഭര്‍ത്താവിന്റെ അടുത്ത് അയാളുടെ ഭാര്യ എന്ന ക്രമത്തിലാവണം. ഇസ്‌ലാമിക പ്രതിബദ്ധതയുള്ള സ്ത്രീകള്‍ പൊതുവെ ഈ രീതിയാണ് ഇഷ്ടപ്പെടുന്നത്. സ്ത്രീകള്‍ ചിരിക്കുകയോ, ഫലിതം പറയുകയോ, അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ അവര്‍ക്കിടയിലായൊതുങ്ങും. അവര്‍ മാത്രമുള്ളേടത്ത് അതവര്‍ക്ക് പ്രയാസമുണ്ടാക്കില്ല.
8. ഇത്തരം സംഗമങ്ങളില്‍ മൂല്യങ്ങള്‍ മാനിക്കാത്തവരും, പവിത്രതകള്‍ പാലിക്കാത്തവരും, സ്ത്രീപുരുഷ ബന്ധങ്ങളിലെ പരിധികള്‍ ലംഘിക്കുന്നവരും, സംസാരത്തില്‍ നിയന്ത്രണം ദീക്ഷിക്കാത്തവരും ഉണ്ടാവരുത്. ഇത്തരം ആളുകള്‍ അന്തരീക്ഷം കേടുവരുത്തും. സദുദ്ദേശ്യപരമായ പരസ്പര ബന്ധത്തിന്റെയും ഉപകാരത്തിന്റെയും അന്തരീക്ഷത്തെ അവര്‍ വെറും തമാശയുടെയും കോമാളിത്തത്തിന്റെയും നിലവാരത്തിലേക്ക് താഴ്ത്തിക്കളയും. ഇത്തരക്കാര്‍ കൂട്ടത്തിലുണ്ടെങ്കില്‍ അവര്‍ നിര്‍ബന്ധമായും പരിധികള്‍ പാലിച്ചിരിക്കണം. മറ്റുള്ളവരുടെ വികാരങ്ങളെ മാനിച്ചിരിക്കണം. അവരെ കടിഞ്ഞാണഴിച്ചു വിട്ടേക്കരുത്. അങ്ങനെയായാല്‍ അവരുടെ അവിചാരിതമായ ഇടപെടലുകളിലൂടെ ശുദ്ധമായ അന്തരീക്ഷം മലിനമാവാം. ശരീഅത്തു വിധികള്‍ക്കനുസൃതമല്ലാത്ത വാക്കുകള്‍ക്ക് അവ വേദിയായെന്നും വരാം.
ഇതിന്റെയര്‍ഥം, തമാശകളും നര്‍മങ്ങളും തീരെ പാടില്ലെന്നല്ല. തമാശ പാടില്ലെന്നു പറയുന്നത് അല്ലാഹു മനുഷ്യനെ പടച്ച പ്രകൃതിക്ക് വിരുദ്ധമാണ്. സമാശ്വാസം പ്രതീക്ഷിക്കുന്ന ഇത്തരം സംഗമങ്ങളില്‍ മനുഷ്യര്‍ക്ക് പരിചയമുള്ള രീതിയുമല്ല. ആദ്യകാല മുസ്‌ലിം തലമുറക്ക് പരിചയമുള്ളതല്ല ഈ രീതി. നബി(സ) തമാശ പറഞ്ഞിരുന്നു, സത്യമല്ലാത്ത തമാശയൊന്നും അവിടന്ന് പറഞ്ഞിരുന്നില്ല. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള തന്റെ സഖാക്കളോട് അവിടന്ന് തമാശ പറഞ്ഞിരുന്നു. പക്ഷേ, ഏതൊരു കാര്യവും കൂടുതലാവുന്നത് അതിനെ കേടുവരുത്തും, പരിധിക്കു പുറത്തേക്കു കടത്തും. അനുവദനീയം എന്ന അവസ്ഥയില്‍ നിന്ന് അനഭിലഷണീയമോ നിഷിദ്ധമോ ആയ അവസ്ഥയിലേക്ക് നീങ്ങും.
9. ഇത്തരം സംഗമങ്ങള്‍ കാരണം ഭയപ്പെടേണ്ടതായ കാര്യങ്ങള്‍ ഉണ്ടാവാതിരിക്കണം. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതും വെറും തോന്നലുകളുമായ കാര്യങ്ങള്‍ക്കു പകരം, തെളിവുകളിലൂടെ സ്ഥാപിതമാവുന്ന യഥാര്‍ഥ ഭയ കാര്യങ്ങളാണ് ഇവിടെ ഉദ്ദേശ്യം. മതനിഷ്ഠയുള്ള ചിലര്‍ തന്റെ ഭാര്യയെ അന്യപുരുഷന്മാര്‍ കാണുന്നത് ഭയക്കുന്നു. അഥവാ ഭാര്യ അന്യപുരുഷന്മാരെ കാണുന്നത് ഭയക്കുന്നു.
സ്ത്രീകള്‍ സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും അങ്ങാടികളിലും മറ്റും പോകാന്‍ നിര്‍ബന്ധിതമാവുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകളെ പുരുഷന്മാര്‍ കാണരുതെന്നു പറയുന്നത് പ്രായോഗികമല്ല. ഇത്തരം ധാരണകള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കില്ല. സ്ത്രീകളെ വീട്ടില്‍ ബന്ദികളാക്കി നിര്‍ത്താന്‍ ഇസ്‌ലാം കല്‍പിച്ചിട്ടില്ല. ആദ്യകാലത്ത് വ്യഭിചാരത്തിനുള്ള ശിക്ഷ എന്ന നിലയിലാണ് വീട്ടു തടങ്കല്‍ വിധിക്കപ്പെട്ടിരുന്നത്. പിന്നീട് ആ വിധി ഇസ്‌ലാം ദുര്‍ബലപ്പെടുത്തി (നിസാഅ്: 15 കാണുക). ഇവ്വിഷയകമായ ചര്‍ച്ചയില്‍ പരിഗണനീയമല്ലാത്ത ഒരു ഹദീസ് ഉദ്ധരിക്കപ്പെടാറുണ്ട്. അതിങ്ങനെയാണ്: നബി(സ) മകള്‍ ഫാത്വിമ(റ)യോട് ചോദിച്ചു: 'ഒരു സ്ത്രീയെ സംബന്ധിച്ചേടത്തോളം എന്താണ് ഏറ്റവും നല്ലത്?' ഫാത്വിമ(റ): 'അവള്‍ ഒരു പുരുഷനെയും കാണാതിരിക്കുക, അവളെ ഒരു പുരുഷനും കാണാതിരിക്കുക.' ഇതുകേട്ടപ്പോള്‍ അവരെ ചുംബിച്ചുകൊണ്ട് നബി(സ) പറഞ്ഞു: 'ചിലര്‍ ചിലരുടെ സന്തതികളാണ്' (ഫാത്വിമ: എന്റെ നിലപാടുകാരിയാണെന്ന് ആശയം). ബസ്സാറും ദാറഖുത്വ്‌നിയും ഉദ്ധരിച്ച ഈ ഹദീസിന്റെ നിവേദക പരമ്പര ദുര്‍ബലമാണ്. അലി(റ)യില്‍ നിന്ന് ഹസന്‍ ഉദ്ധരിച്ച ഇത് ഹദീസ് നിവേദന ശാസ്ത്ര പ്രകാരം 'മുര്‍സല്‍' എന്ന ഗണത്തിലാണ് വരിക. ഹസന്‍ അലി(റ)യെ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തില്‍നിന്ന് ഉദ്ധരിച്ചിട്ടില്ല.
ദീനീബോധമുള്ള ചിലയാളുകള്‍ ഏതു വിഷയമായാലും സ്ത്രീകള്‍ പുരുഷന്മാരോടോ, പുരുഷന്മാര്‍ സ്ത്രീകളോടോ സംസാരിച്ചുകൂടെന്ന് ശഠിക്കുന്നവരാണ്. അത് കുഴപ്പങ്ങള്‍ക്ക് കാരണമാവുമെന്നാണ് അവരുടെ പക്ഷം. ഇങ്ങനെ ചിന്തിക്കുന്നത് സത്യവിശ്വാസികളും സത്യവിശ്വാസിനികളും പങ്കെടുക്കുന്ന സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് ചേര്‍ന്നതല്ല. ''സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍നിന്ന് വിലക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു.'' (അത്തൗബ 71). ''.......... അതിനാല്‍ അവര്‍ (സ്ത്രീകള്‍) (പുരുഷന്മാരോട്) കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അങ്ങനെയായാല്‍ ഹൃദയത്തില്‍ രോഗമുള്ളവര്‍ കൊതിക്കാനിടയാവും. അവര്‍ (സ്ത്രീകള്‍) മാന്യമായി സംസാരിക്കട്ടെ'' (അഹ്‌സാബ് 32). സ്ത്രീ-പുരുഷ സമ്പര്‍ക്കം സാമൂഹികാവശ്യമാണെന്നും, അപ്പോഴെല്ലാം ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചിരിക്കണമെന്നും മേല്‍ രണ്ടു സൂക്തങ്ങള്‍ ചേര്‍ത്തു മനസ്സിലാക്കാന്‍ കഴിയുന്നു. നബി പത്‌നിമാരുടെ കാര്യത്തില്‍ മറ്റു സ്ത്രീകളോടില്ലാത്ത കാര്‍ക്കശ്യം ഖുര്‍ആന്‍ പുലര്‍ത്തുന്നുണ്ട്. ''നിങ്ങള്‍ അവരോട് (നബി പത്‌നിമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിക്കുക'' (അഹ്‌സാബ് 53). അവരോട് വല്ലതും ചോദിക്കുമ്പോള്‍ അവര്‍ മറുപടിയോ, വല്ല സാധനമോ കൊടുക്കുന്നുണ്ടാവുമല്ലോ. സാമൂഹിക ഇടപഴക്കം ഒരു യാഥാര്‍ഥ്യമാണെന്നും പക്ഷേ അവിടെ ഇസ്‌ലാമിക മര്യാദ പാലിച്ചിരിക്കണമെന്നും സാരം.
ചില സാഹചര്യങ്ങളില്‍ കുടുംബപരമോ മതപരമോ സാമൂഹികമോ ആയ ചില കെടുതികള്‍ തന്നെ ഭയപ്പെടേണ്ടതുണ്ടാവാം. ചില പുരുഷന്മാര്‍ക്ക് ചില സ്ത്രീകളെയും, ചില സ്ത്രീകള്‍ക്ക് ചില പുരുഷന്മാരെയും കാണുമ്പോള്‍ ആകര്‍ഷണം തോന്നുക, ആ ആകര്‍ഷണം പ്രേമമായി രൂപാന്തരപ്പെടുക, അത് പിന്നെ ഒരു ദൗര്‍ബല്യമാവുക, കുടുംബ ജീവിതത്തെത്തന്നെ അപകടപ്പെടുത്തുംവിധം വികസിക്കുക, അത്തരം സംഗമങ്ങളും സങ്കലനങ്ങളും ആളുകള്‍ അതുമിതും പറയാന്‍ ഹേതുവാകുക മുതലായവ ഉദാഹരണം. ഇത്തരം സാഹചര്യങ്ങളില്‍, സംഗമങ്ങളും സങ്കലനങ്ങളും വഴിയുണ്ടാവുന്ന ഫലങ്ങള്‍ പ്രത്യേകം പ്രത്യേകം വിവേചിച്ചു മനസ്സിലാക്കി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അപകടകരമാണെന്നോ, ഉപകാരത്തേക്കാള്‍ ഉപദ്രവം കൂടുതലാണെന്നോ മനസ്സിലായാല്‍ സങ്കലനത്തിന് അവസരം ഉണ്ടാക്കാതിരിക്കണം. മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും വിഷയത്തില്‍ ഇസ്‌ലാം ഈ നിലപാടാണല്ലൊ സ്വീകരിച്ചത്. ദോഷം തടുക്കാനുള്ള വഴി എന്ന നിലയില്‍ അത്തരം സാഹചര്യങ്ങള്‍ ഒരുക്കാതിരിക്കുകയാണ് വേണ്ടത്.
ഒരിക്കല്‍ കൂടി ഞാന്‍ ഉണര്‍ത്തുന്നു: ആളുകള്‍ ഊഹങ്ങളുടെയും തിന്മയെക്കുറിച്ച അതിശയോക്തിപരമായ ധാരണകളുടെയും അടിസ്ഥാനത്തില്‍ നിലപാടുകള്‍ സ്വീകരിച്ചുകൂടാ. കാരണം, ഊഹം സത്യവുമായി ചേര്‍ത്തുവെക്കുമ്പോള്‍ ഒരുപകാരവും ചെയ്യില്ല. ''നിങ്ങള്‍ ഊഹത്തെ കരുതിയിരിക്കണം. കാരണം, ഊഹം സംസാരത്തിലെ ഏറ്റവും വലിയ വ്യാജമാണ്'' (നബിവചനം). ''സത്യവിശ്വാസികളെ, നിങ്ങള്‍ അധിക ഊഹങ്ങളെയും വെടിയുക. തീര്‍ച്ചയായും ചില ഊഹങ്ങള്‍ പാപമാണ്'' (ഹുജുറാത്ത് 12).
സമൂഹങ്ങളുടെ വികാസപരിണാമങ്ങള്‍, ചിന്തകളിലും നാട്ടുസമ്പ്രദായങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയും നാം പരിഗണിക്കണം. ഇസ്‌ലാമിക സമൂഹത്തിലെ അഗ്രഗണ്യരായ പണ്ഡിതന്മാര്‍, സ്ഥല-കാലങ്ങള്‍ക്കും നാട്ടുരീതികള്‍ക്കും സാഹചര്യ വ്യത്യാസങ്ങള്‍ക്കുമനുസരിച്ച് ഫത്‌വകള്‍ മാറുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. വിധികളിലെ ലാളിത്യം ഇസ്‌ലാമിക ശരീഅത്തിന്റെ സവിശേഷതകളിലൊന്നാണ്. ''നിങ്ങള്‍ക്ക് ലഘൂകരണം നല്‍കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്'' (അന്നിസാഅ് 28).
(ഫതാവാമുആസ്വിറ:
നാലാം ഭാഗം)
വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍