Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 02

ഫലിക്കാതെ പോയ ഖാദിരി പരീക്ഷണം

അശ്‌റഫ് കീഴുപറമ്പ്

പാക് രാഷ്ട്രീയത്തിലെ പുതിയ അവതാരം ത്വാഹിറുല്‍ ഖാദിരി മീഡിയാ ബഹളങ്ങളുടെ അകമ്പടിയോടെ നയിച്ച 'ഇസ്‌ലാമാബാദ് മില്യന്‍ മാര്‍ച്ച്' ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങി. അല്ലാമാ, തീപ്പൊരി മതപണ്ഡിതന്‍, പാകിസ്താനിലെ അണ്ണ ഹസാരെ തുടങ്ങിയ കെട്ടുകാഴ്ചകളോടെയാണ് മീഡിയ ഇദ്ദേഹത്തെ അവതരിപ്പിച്ചിരുന്നത്. പാക് രാഷ്ട്രീയം സദാ പിന്തുടരുന്നവര്‍ക്ക് പോലും ഈ കക്ഷിയെ ഒട്ടും അറിഞ്ഞുകൂടാ താനും. പാക് വിദേശകാര്യമന്ത്രി ചോദിച്ച പോലെ, 'ആരാണ് ഇയാള്‍?'
ഏഴു കൊല്ലമായി കനഡയിലെ ടൊറണ്ടോയില്‍ സ്ഥിരതാമസക്കാരനാണ് ത്വാഹിറുല്‍ ഖാദിരി. കനേഡിയന്‍ പാസ്‌പോര്‍ട്ടും സ്വന്തമാക്കിയിട്ടുണ്ട്. പാകിസ്താനിലെ പഞ്ചാബിലാണ് ജനിച്ചതും പഠിച്ചതും. അന്താരാഷ്ട്ര നിയമങ്ങളില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇംഗ്ലീഷിലും അറബിയിലും ഉര്‍ദുവിലുമായി 400 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടത്രെ. ഇതില്‍ വിശുദ്ധ ഖുര്‍ആനിലെ അല്‍ഫാതിഹ അധ്യായത്തിന്റെ ഏഴ് വാള്യങ്ങള്‍ നീളുന്ന വ്യാഖ്യാനവും ഉള്‍പ്പെടും. ഈ അധ്യായത്തിന് ഇത്ര വലിയ വ്യാഖ്യാനം മറ്റാരും എഴുതിയിട്ടില്ല എന്നാണ് പറയപ്പെടുന്നത്.
1981-ല്‍ അദ്ദേഹം മിന്‍ഹാജുല്‍ ഖുര്‍ആന്‍ ഇന്റര്‍നാഷ്‌നല്‍ എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ഇസ്‌ലാമികാധ്യാപനങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമായി പറയുന്നത്. ഇതൊരു സൂഫി സരണിയാണ്. നിരവധി വിദ്യാലയങ്ങളും ആതുരാലയങ്ങളുമായി മിന്‍ഹാജു സുന്ന വളര്‍ന്നു പന്തലിച്ച് കഴിഞ്ഞു. പാകിസ്താന്‍ അവാമി തഹ്‌രീക് എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും രൂപം നല്‍കി. ശീഈ ഗ്രൂപ്പായ തഹ്‌രീകെ ജഅ്ഫരിയുമായി സഖ്യമുണ്ടാക്കി ഈ പാര്‍ട്ടി മത്സരിക്കുകയും ത്വാഹിറുല്‍ ഖാദിരി ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട് തൊള്ളായിരത്തി തൊണ്ണൂറുകളില്‍. 2004-ല്‍ പാര്‍ലമെന്റ് അംഗത്വം രാജിവെച്ച ശേഷമാണ്, ഭീകരവാദികളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും അഭയം വേണമെന്നും അഭ്യര്‍ഥിച്ച് കനേഡിയന്‍ സര്‍ക്കാറിനെ സമീപിക്കുന്നത്.
കനഡയില്‍ സ്ഥിരതാമസമാക്കിയതിന് ശേഷമുള്ള ത്വാഹിറുല്‍ ഖാദിരിയുടെ നീക്കങ്ങള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അദ്ദേഹം നേതൃത്വം നല്‍കുന്ന സംഘടന അമേരിക്കന്‍ ഭരണകൂടത്തിന്റെ ചട്ടുകമായി തീര്‍ന്നിട്ടുണ്ടെന്നാണ് ആരോപണം. ഭീകരതയുടെ അമേരിക്കന്‍ ഭാഷ്യത്തെ പിന്തുണച്ചുകൊണ്ടും ചാവേറാക്രമണം അനിസ്‌ലാമികമാണെന്ന് വാദിച്ചുകൊണ്ടും 2010-ല്‍ അദ്ദേഹം പുറപ്പെടുവിച്ച 600 പേജ് വരുന്ന ഫത്‌വ അമേരിക്കന്‍ നവയാഥാസ്ഥിതികരെ നന്നായി സുഖിപ്പിക്കുകയുണ്ടായി. നവയാഥാസ്ഥികതയുടെ ജിഹ്വയായ സി.എന്‍.എന്‍-ഐ.ബി.എന്‍ 2012-ല്‍ ഖാദിരിയെ 'അന്താരാഷ്ട്ര സമാധാന അംബാസഡര്‍' ആയി വാഴിച്ചതോടെ അത്തരം സംശയങ്ങള്‍ ബലപ്പെട്ടു.
കഴിഞ്ഞ ഡിസംബറില്‍ പാക് രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ ഖാദിരി ആഹ്വാനം മുഴക്കിയപ്പോള്‍ തന്നെ നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗും ജംഇയ്യത്തുല്‍ ഉലമയും ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തിരുന്നു. മുഹാജിര്‍ ഖൗമീ മൂവ്‌മെന്റും ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫും തുടക്കത്തില്‍ ഖാദിരിയെ പിന്തുണച്ചെങ്കിലും അതിന്റെ അപകടം മനസ്സിലാക്കി വൈകാതെ പിന്‍മാറി. പീപ്പ്ള്‍സ് പാര്‍ട്ടി തുടക്കത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് ആ പാര്‍ട്ടിയിലെ മന്ത്രിമാര്‍ തന്നെയാണ് ഖാദിരിയെ വ്യക്തിഹത്യ ചെയ്യാന്‍ മത്സരിച്ചതും.
എങ്കിലും 2013 ജനുവരി 14-ന് നടന്ന ഇസ്‌ലാമാബാദ് മാര്‍ച്ച് ചില്ലറ പ്രകമ്പനങ്ങളൊക്കെ സൃഷ്ടിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടത്തിനെതിരെയുള്ള സാധാരണക്കാരുടെയും മധ്യവര്‍ഗത്തിന്റെയും രോഷപ്രകടനമായി ചിലപ്പോഴെങ്കിലും അത് മാറി. പാര്‍ലമെന്റിനെ ചൂണ്ടി, 'ഇവിടെ പാര്‍ലമെന്റേറിയന്മാരില്ല, ഒരു സംഘം കൊള്ളക്കാരാണ്. ഇവര്‍ നിയമനിര്‍മാതാക്കളല്ല, നിയമലംഘകരാണ്' തുടങ്ങിയ വാചകമടികള്‍ ജനത്തെ ആവേശം കൊള്ളിച്ചു. പിന്നീടാണ് പാക് മീഡിയ ഖാദിരിയുടെ കഴിഞ്ഞകാല ചരിത്രം വലിച്ച് പുറത്തിടുന്നത്. അനീതിക്കും അഴിമതിക്കുമെതിരെ പടവാളെടുക്കുന്ന ഖാദിരി, അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തെയോ പാക് ഗോത്ര മേഖലകളില്‍ അവര്‍ നടത്തുന്ന നിഷ്ഠുരമായ ഡ്രോണ്‍ ആക്രമണത്തെയോ ഒരിക്കല്‍ പോലും വിമര്‍ശിക്കാതിരുന്നതെന്ത് എന്നവര്‍ ചോദിച്ചു. അതോടെ അദ്ദേഹം പ്രതിരോധത്തിലായി. അസംബ്ലി പ്രവിശ്യ ഭരണകൂടങ്ങളെ പിരിച്ചുവിടുക, ഇലക്ഷന്‍ കമീഷനെ പിരിച്ചുവിട്ട് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഒരു ഇടക്കാല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുക പോലുള്ള തന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നു പോലും അംഗീകരിക്കപ്പെടാതെയാണ് ത്വാഹിരി വെടിനിര്‍ത്തലിന് തയാറായത്.
കോടിക്കണക്കിന് രൂപ തുലച്ചാണ് റാലി സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. പാക് പത്രമായ ജസാറത്തിന്റെ ലേഖകന്‍ മിയാന്‍ മുനീര്‍ അഹ്മദ് എഴുതിയത്, റാലിച്ചെലവ് 200 കോടി രൂപ കവിഞ്ഞു എന്നാണ്. രണ്ട് ദിവസം കഴിഞ്ഞ് റാലിയില്‍ അണിനിരന്ന പലരും തിരിച്ചുപോകുന്നത് കണ്ട് അദ്ദേഹം കാരണം അന്വേഷിച്ചു. ആയിരം രൂപ പ്രതിഫലത്തിനാണ് തങ്ങള്‍ രണ്ട് ദിവസത്തെ റാലിയില്‍ പങ്കെടുത്തതെന്നും അത് കഴിഞ്ഞ് തിരിച്ചുപോവുകയാണെന്നുമായിരുന്നു മറുപടി.
ഖാദിരിയെ മറ്റാരോ കളത്തിലിറക്കുകയായിരുന്നുവെന്നും പാക് രാഷ്ട്രീയ പാര്‍ട്ടികളും മീഡിയയും സംശയിക്കുന്നുണ്ട്. സൈന്യമാണെന്നായിരുന്നു ആദ്യത്തെ വിലയിരുത്തല്‍. അതുകൊണ്ടാണ് 'ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന നീക്കങ്ങളെ പൊറുപ്പിക്കില്ല' എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രസ്താവനയിറക്കിയത്. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ റാലി സംഘടിപ്പിക്കാന്‍ സൈന്യം പല നിലക്കും സഹായം ചെയ്തതായും പത്രങ്ങള്‍ കുറ്റപ്പെടുത്തി. ഖാദിരി പരീക്ഷണം തിരിച്ചടിയാവുമെന്ന് കണ്ട് സൈന്യം തലയൂരിയതാണെന്നും പത്രങ്ങള്‍ എഴുതി.
പ്രസിഡന്റ് ആസിഫ് സര്‍ദാരി അമേരിക്കയുടെ ഉറ്റ ചങ്ങാതിയാണെങ്കിലും അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും ജനപിന്തുണന അതിവേഗം ശോഷിച്ച് വരികയാണ്. ഒരു ബദല്‍ പരീക്ഷണത്തിന് സമയമായിരിക്കുന്നു എന്ന് അമേരിക്കക്ക് ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഖാദിരിയെ ഇറക്കി കളിപ്പിച്ചത് അതിന്റെ ഭാഗമാണ്. ഇതാണ് സംഭവത്തെക്കുറിച്ചുള്ള മറ്റൊരു വായന.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍