Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 02

ആ പ്രസ്താവന ആശാവഹം

ആര്‍.എസ്.എസ്സും ബി.ജെ.പിയും തീവ്രവാദം വളര്‍ത്തുകയാണെന്നും ഭീകരാക്രമണങ്ങള്‍ നടത്താന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ വാരം കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പ്രസ്താവിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു. വാസ്തവത്തില്‍, വര്‍ഷങ്ങളായി ജനങ്ങള്‍ മനസ്സിലാക്കിയ ഒരു സത്യമാണ് ഷിന്‍ഡെ പറഞ്ഞത്. പരേതനായ ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര എ.ടി.എസ് അന്വേഷിച്ചു കണ്ടെത്തിയതാണാ വസ്തുത. പിന്നീട് സന്യാസി അസിമാനന്ദ അത് ഏറ്റുപറഞ്ഞു. മാലേഗാവ്, മക്കാ മസ്ജിദ്, അജ്മീര്‍, സംഝോത എക്‌സ്പ്രസ് സ്‌ഫോടനങ്ങളെല്ലാം ഹിന്ദുത്വ ഭീകര സംഘങ്ങള്‍ സംഘടിപ്പിച്ചതാണെന്ന് എന്‍.ഐ.എ വെളിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അന്വേഷണ ഏജന്‍സികള്‍ക്കോ നിക്ഷിപ്ത താല്‍പര്യമുള്ള മാധ്യമങ്ങള്‍ക്ക് പോലുമോ തമസ്‌കരിക്കാനാവാത്തവണ്ണം വെളിപ്പെട്ടിട്ടും ഭീകരാക്രമണങ്ങളില്‍ ഹിന്ദുത്വത്തിന്റെ പങ്ക് തുറന്നു പറയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയാറായിരുന്നില്ല. ഭീകരതക്ക് മതമില്ല എന്ന സാരവാക്യമോതി മാറി നില്‍ക്കുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വരെ ചെയ്തത്.
ജെയ്പൂരിലെ എ.ഐ.സി.സി സമ്മേളനത്തില്‍ രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം വളരുന്നു എന്ന യാഥാര്‍ഥ്യം തുറന്നു പറയാന്‍ ആഭ്യന്തരമന്ത്രിയെ പ്രേരിപ്പിച്ചത് രാഷ്ട്രീയ താല്‍പര്യമാണെന്ന കാര്യം വ്യക്തമാണ്. 2014-ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ മുന്നേറ്റത്തെ തടയാനുള്ള നല്ല ആയുധമാണ് ആര്‍.എസ്.എസ്- ബി.ജെ.പി തീവ്രവാദമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അതുകൊണ്ടുതന്നെയാണ് ഷിന്‍ഡെയുടെ പ്രസ്താവനയില്‍ ബി.ജെ.പി അതിരുവിട്ട് പ്രകോപിതരാകുന്നതും. ഭീകരതയെ കാവി നിറവുമായി ചേര്‍ത്തു പറഞ്ഞ ഷിന്‍ഡെ ഭാരതീയ ആത്മീയതയുടെയും അഭിമാനത്തിന്റെയും പാവന ചിഹ്നത്തെ അവഹേളിച്ചിരിക്കുന്നുവെന്ന് അവര്‍ മുറവിളി കൂട്ടുന്നു. സോണിയാഗാന്ധിയടക്കമുള്ളവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നാണാവശ്യം. അത് കേട്ട് കോണ്‍ഗ്രസ് തെല്ലൊന്ന് പതറിപ്പോയ മട്ടുണ്ട്. ബി.ജെ.പിക്കുള്ള മറുപടിയില്‍ 'കാവി ഭീകരത' എന്ന ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം തള്ളിക്കളയാന്‍ അവര്‍ ശ്രമിക്കുന്നു. അറിഞ്ഞുകൊണ്ട് ഒരു കോണ്‍ഗ്രസ്സുകാരനും കാവി ഭീകരത എന്നൊന്നും പറയാനാവില്ല എന്നാണ് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദനന്‍ ദ്വിവേദിയുടെ വിശദീകരണം. ഷിന്‍ഡെയുടെ പ്രസ്താവനയെ പാക് ഭീകരര്‍ ആഘോഷിക്കുന്നതാണ് ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്ന മറ്റൊരു വിഷയം. ഹിന്ദുത്വ സംഘടനകള്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതല്ല, അത് പുറത്ത് പറയുന്നതാണ് മഹാ രാജ്യദ്രോഹം എന്നാണവരുടെ ഭാവം. ഏതായാലും ഷിന്‍ഡെ പ്രസ്താവന പിന്‍വലിച്ചിട്ടില്ല. എന്നല്ല, അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളില്‍ ആര്‍.എസ്.എസ്സുമായി ബന്ധമുള്ള പത്തു പേരുടെ പട്ടിക സര്‍ക്കാറിന്റെ കൈവശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിംഗ് വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ഇന്ത്യയിലെ തീവ്രവാദം സംബന്ധിച്ച് പരക്കെ അറിയപ്പെട്ട ഒരു സത്യം തുറന്നു പറയാന്‍ കോണ്‍ഗ്രസ് ഇതുവരെ മടിച്ചത് അവരുടെ മൃദു ഹിന്ദുത്വ നയം മൂലമാണ്. ആ നയം പാര്‍ട്ടി പൂര്‍ണമായി കൈയൊഴിച്ചു എന്ന് ഇപ്പോഴും പറയാറായിട്ടില്ല. ഒരു പക്ഷേ മുസ്‌ലിം ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ ഒരു പൊടിക്കൈ പ്രയോഗിച്ചതാവാം. എങ്കില്‍ പോലും 'ഭീകരത' ഒരു മുസ്‌ലിം മുഖമുദ്രയായി ജനഹൃദയങ്ങളില്‍ കുടിയിരുത്താന്‍ കുത്സിതമായ തീവ്ര ശ്രമം നടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, അത് അങ്ങനെയല്ല എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു സമാനമായ ഷിന്‍ഡെയുടെ വെളിപ്പെടുത്തല്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ആശാവഹമാണ്.
രാജ്യത്ത് എവിടെ ഭീകരാക്രമണമുണ്ടായാലും ഉടനെ കുറെ മുസ്‌ലിം യുവാക്കളെ പിടികൂടി ജയിലിലടക്കുക, ദീര്‍ഘകാലം ക്രൂരമായി പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുക, വാര്‍ത്താ മാധ്യമങ്ങളിലൂടെ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുക, സാമൂഹിക സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും എന്നു വേണ്ട, കോടതികളെ വരെ അവര്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുക. പ്രതികളെന്നാരോപിക്കപ്പെട്ടവര്‍ക്കെതിരെ തെളിവുണ്ടാക്കാന്‍ അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും പീഡിപ്പിക്കുക. ഹിസ്ബുല്‍ മുജാഹീദിന്‍, ഇന്ത്യന്‍ മുജാഹിദീന്‍, ഹുജി, സിമി തുടങ്ങിയ ഏതെങ്കിലും സാങ്കല്‍പികമോ യഥാര്‍ഥമോ ആയ സംഘടനയുമായി ബന്ധം ആരോപിക്കുക കൂടി ചെയ്യുന്നതോടെ പിടികൂടപ്പെടുന്നവര്‍ 'കൊടും ഭീകര'രായിത്തീരുന്നു. ഇതിനെല്ലാം ആധാരമായ ആക്രമണം നടത്തിയതോ, പലപ്പോഴും ഹിന്ദുത്വ തീവ്രവാദികളായിരിക്കും. അത്തരം നിരവധി സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അവയുടെ പേരില്‍ പിടികൂടപ്പെട്ട നിരപരാധികളായ മുസ്‌ലിം യുവാക്കളില്‍ ചിലര്‍ ഇപ്പോഴും തടവറകളില്‍ തന്നെയാണ്. ഭീകരരുമായുള്ള 'ഏറ്റുമുട്ടല്‍' എന്ന പേരില്‍ ധാരാളം മുസ്‌ലിം ചെറുപ്പക്കാരെ പോലീസ് വെടിവെച്ചു കൊല്ലുന്നുണ്ട്. ഭീകാരക്രമണത്തിന് ഗൂഢാലോചന നടത്തി എന്നാരോപിച്ചും ഒരുപാട് നിരപരാധികള്‍ കല്‍തുറുങ്കിലടക്കപ്പെട്ടിരിക്കുന്നു. ഭീകരരെല്ലാം മുസ്‌ലിംകളാണ് അഥവാ മുസ്‌ലിംകളെല്ലാം ഭീകരരാണ് എന്ന പ്രചാരണം ഈ അത്യാചാരങ്ങളെയെല്ലാം സ്വാഭാവികമായി കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. തീവ്രവാദം ആരോപിക്കപ്പെട്ടവരോടു മാത്രമല്ല അവരുടെ കുടുംബങ്ങളോടു പോലും ബന്ധപ്പെടാന്‍ ആളുകള്‍ മടിക്കുന്നു. 'ഭീകരന്മാര്‍'ക്ക് വേണ്ടി സാക്ഷി പറയാന്‍ ആളില്ല. അവരെ ജാമ്യമെടുക്കാനും ആരുമില്ല- ഉണ്ടായാലും ജാമ്യം കിട്ടുകയുമില്ല. 'ഭീകരന്മാര്‍'ക്കുവേണ്ടി കോടതിയില്‍ വാദിക്കാന്‍ അഭിഭാഷകര്‍ തയാറല്ല. 'ഇസ്‌ലാം' തന്നെ ഒരു പൗരന്റെ ഭീകരതയുടെ സാക്ഷ്യമായി കാണുന്ന ഈ പരിതാവസ്ഥക്ക് ഒരു മാറ്റമാണ് മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ ഭീകരതക്ക് മതമില്ല. അത് മുസ്‌ലിംകളിലും ഹിന്ദുക്കളിലും ക്രൈസ്തവരിലുമെല്ലാം ഉണ്ടാവാം. ആരിലുണ്ടായാലും കര്‍ശനമായി നേരിട്ടേ തീരൂ. ഭീകരാക്രമണങ്ങളുണ്ടാകുമ്പോള്‍ മുന്‍ധാരണയോടെ ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ള കുറെയാളുകളെ പിടിച്ച് ശിക്ഷിച്ചതുകൊണ്ട് ഭീകരവാദം വളരുകയേയുള്ളൂ. പിടികൂടുന്നതും ശിക്ഷിക്കുന്നതും യഥാര്‍ഥ ഭീകരന്മാരെ തന്നെ ആയിരിക്കണം. എങ്കിലേ അത് തളരൂ. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയെ ആ വഴിക്കുള്ള നീക്കത്തിന്റെ സൂചനയായി കാണാനാണ് ഞങ്ങള്‍ക്ക് താല്‍പര്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍