Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

'മണലാരണ്യത്തിന്റെ വസന്ത മോഹങ്ങള്‍' സത്യവും മിഥ്യയും

പി.കെ ജമാല്‍

അറബ് വസന്തം ഗള്‍ഫ്‌നാടുകളെ സ്വാധീനിക്കാനുള്ള സാധ്യതയെത്ര? അറബ് ലോകത്തുണ്ടായ മാറ്റങ്ങള്‍ ഗള്‍ഫ് നാടുകളെ എങ്ങനെ നോക്കിക്കാണുന്നു?
കാര്‍ത്തഗി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 'അറബ് വസന്തവും ഗള്‍ഫ് രാജ്യങ്ങളും' എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് യു.എ.ഇ യൂനിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ ഫാക്കല്‍റ്റി ഡീന്‍ ഡോ. അബ്ദുല്‍ ഖാലിഖ് അബ്ദുല്ല നടത്തിയ വിശകലനങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്. ഡോ. അബ്ദുല്‍ ഖാലിഖിന്റെ നിരീക്ഷണങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം: ''2011-ലെ സംഭവങ്ങള്‍ പഴകി ജീര്‍ണിച്ച ചിന്താരീതികളെ പൊളിച്ചടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. രാഷ്ട്രീയ അവബോധത്തിന്റെ പുത്തന്‍ ഉണര്‍വുകള്‍ക്ക് അവ അടിത്തറ പാകി. 2011-ന് മുമ്പുള്ള അറബ് രാജ്യങ്ങളിലെ ജനത ഭീതിയുടെയും മോഹഭംഗത്തിന്റെയും അപകര്‍ഷബോധത്തിന്റെയും ദൗര്‍ബല്യത്തിന്റെയും പിടിയില്‍ അമര്‍ന്നിരുന്നു. അടിമത്തം വിധികല്‍പിതമായി കരുതി നിസ്സഹായരായി ജീവിക്കുകയായിരുന്നു അവര്‍. അറബ് രാജ്യങ്ങളിലെ പുതിയ പൗരന്റെ മുഖത്ത് ശുഭപ്രതീക്ഷയുടെയും കരുത്തിന്റെയും തിളക്കമുണ്ട്. പൗരന്‍ ആര്‍ജിച്ചെടുത്ത ഈ സവിശേഷ ഗുണങ്ങള്‍ ഭാവിയില്‍ രാഷ്ട്രീയ ബഹുത്വത്തിലേക്ക് നയിക്കും. ബഹ്‌റൈനിലെ രാജഭരണത്തിനെതിരില്‍ ഉയര്‍ന്ന പോര്‍വിളികള്‍, ജി.സി.സി രാജ്യങ്ങളിലും ചില അനുരണനങ്ങളുണ്ടാക്കി. തങ്ങളുടെ നാടുകളില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ ശക്തമായി നേരിടാന്‍ ബഹ്‌റൈനിലെ സംഭവവികാസങ്ങള്‍ അവരെ പ്രേരിപ്പിച്ചു. അറബ് വസന്തം ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാക്കിയ പ്രതിഫലനങ്ങളില്‍ വ്യത്യസ്തത കാണാം. ബഹ്‌റൈനിലും യമനിലും നിഷേധാത്മക പ്രതിഫലനം ദൃശ്യമായപ്പോള്‍ ഖത്തറും യു.എ.ഇയും ആപത്കരമായ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാവാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. ചില തിരിച്ചടികള്‍ ഉണ്ടായെങ്കിലും മെച്ചങ്ങളുണ്ടാക്കി നില ഭദ്രമാക്കിയ സുഊദി അറേബ്യ മധ്യമ നിലപാടുതറയിലായിരുന്നു എന്ന് കാണാം. ഭരണഘടനാധിഷ്ഠിത രാജഭരണരീതിയെക്കുറിച്ച് ബഹ്‌റൈന്‍ ഭരണകൂടം ചിന്തിച്ചു തുടങ്ങിയിരുന്നുവെങ്കിലും ഭരണമാറ്റത്തിനു വേണ്ടിയുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സുഊദി സൈന്യത്തിന്റെ ഇടപെടല്‍ ത്വരിപ്പിച്ചു. ബഹ്‌റൈനിലെ ഇടപെടല്‍ സുഊദി അറേബ്യക്ക് മൂന്ന് നേട്ടങ്ങളുണ്ടാക്കിക്കൊടുത്തു. മേഖലയില്‍ അറബ് വസന്തത്തിന്റെ വ്യാപനത്തിന് തടയിട്ടു. ഇറാന്റെ സ്വാധീനമകറ്റി. ബഹ്‌റൈനില്‍ ഭരണഘടനാനുസൃത രാജത്വത്തിന് വേണ്ടിയുള്ള വാഷിംഗ്ടണിന്റെ നിര്‍ബന്ധം നിര്‍ത്തിവെപ്പിച്ചു. അറബ് വസന്തത്തില്‍ നയതന്ത്ര-പ്രക്ഷേപണതലത്തില്‍ ഊര്‍ജസ്വലമായ ഇടപെടലിന് സാധിച്ച രാജ്യം ഖത്തറായിരുന്നു. അല്‍ജസീറയാണ് ചാനല്‍ വഴി പ്രക്ഷേപണരംഗത്തും അമീറിന്റെ നയതന്ത്ര നീക്കങ്ങളിലൂടെ രാഷ്ട്രീയ രംഗത്തും അറബ് വസന്ത പ്രതിഭാസത്തില്‍ പ്രമുഖ പങ്ക് വഹിച്ചത്. അറബ് വസന്തം യു.എ.ഇക്ക് വന്‍ സാമ്പത്തിക നേട്ടമാണുണ്ടാക്കിയത്. വിശേഷിച്ചും ദുബൈ അതിന്റെ ഫലം കൊയ്തു. തങ്ങളുടെ നാടുകളിലെ സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരത കാരണം രാജ്യം വിട്ടോടുന്ന ഈജിപ്തിലെയും സിറിയയിലെയും വ്യവസായ പ്രമുഖരെയും വ്യാപാര സാമ്രാട്ടുകളെയും തങ്ങളുടെ മണ്ണില്‍ കുടിയിരുത്താന്‍ കഴിഞ്ഞതാണ് ദുബൈ ഉണ്ടാക്കിയ നേട്ടം. സാമ്പത്തികരംഗത്ത് ഇത് പുത്തന്‍ ഉണര്‍വിന് നിമിത്തമായി. ജി.സി.സി രാജ്യങ്ങള്‍ അറബ് വസന്തത്തിന്റെ ഗുണഭോക്താക്കളായിത്തീര്‍ന്നു. ബഹ്‌റൈനിലേക്ക് തങ്ങളുടെ സൈനികരെ അയച്ചതു വഴി വാഷിംഗ്ടണിന്റെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി തങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ തങ്ങള്‍ക്കാവുമെന്ന സന്ദേശം അവ ലോകത്തിന് നല്‍കി. യമന്‍ പോലുള്ള രാജ്യങ്ങളില്‍ അറബ് നയതന്ത്രം അങ്ങേയറ്റം വിജയം കണ്ടു. ആഭ്യന്തര ഭീഷണികളാണ് യഥാര്‍ഥത്തില്‍ തങ്ങളെ തുറിച്ചുനോക്കുന്ന യാഥാര്‍ഥ്യമെന്ന പാഠം ഉള്‍ക്കൊള്ളാന്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് സാധിച്ചു. ഗള്‍ഫ്‌മേഖലയില്‍ ഇടപെടാനുള്ള അവസരം ഉപയോഗപ്പെടുത്താനുള്ള ഇറാന്റെ കഴിവിനെ കുറച്ചുകാണരുത്. ഈജിപ്തിലും സിറിയയിലും മറ്റിടങ്ങളിലുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഗള്‍ഫ് രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിക്കും. ജനാധിപത്യത്തിനും പരിഷ്‌കരണത്തിനും ഭരണത്തിലുള്ള പങ്കാളിത്തത്തിനും വേണ്ടി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ തങ്ങളുടെ രാജ്യത്തും നടന്നേക്കാനുള്ള സാധ്യത ഭരണാധികാരികള്‍ തള്ളിക്കളയുന്നില്ല എന്ന് സമ്മതിച്ചേ തീരൂ''- ഡോ. അബ്ദുല്‍ ഖാലിഖ് അബ്ദുല്ലയുടെ അപഗ്രഥനത്തില്‍ കുവൈത്തിനെക്കുറിച്ച പരാമര്‍ശമില്ല. അറുപതുകള്‍ മുതല്‍ ഒരു പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന ഈ എണ്ണ സമ്പന്ന രാജ്യത്തിന് ഒരു ക്ഷേമരാഷ്ട്രം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഭരണകര്‍ത്താക്കളെയും മന്ത്രിമാരെയും കണിശമായി വിചാരണക്ക് വിധേയമാക്കുന്ന രാജ്യമാണ് കുവൈത്തെന്ന സാക്ഷ്യപത്രം ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷ്‌നല്‍ പോലുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്നത് ചെറിയ കാര്യമല്ല.
പാശ്ചാത്യ രീതിയിലുള്ള പൂര്‍ണ ജനാധിപത്യം എന്നവകാശപ്പെടാനൊക്കില്ലെങ്കിലും അര്‍ധ ജനാധിപത്യ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യമാണ് കുവൈത്ത്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ, അറബ് ഭൂഖണ്ഡം കണ്ട ഈ തുറന്ന ജനാധിപത്യരീതിയെ പാശ്ചാത്യ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത് 'അഡ്‌വൈസ് ആന്റ് കണ്‍സന്റ് ഓട്ടോക്രസി' എന്നാണ്. ഗവണ്‍മെന്റ് നടപടികളെ വീറ്റോ ചെയ്യാന്‍ അധികാരമുള്ള പാര്‍ലമെന്റ്, കുറ്റവിചാരണാ പരമ്പരകളുടെ പാരമ്യത്തില്‍ പിരിച്ചുവിടേണ്ടിവന്നു പല ഘട്ടങ്ങളിലും എന്നത് ഒരര്‍ഥത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിളംബരമാണ്. രോഗാതുരനായ കിരീടാവകാശി ശൈഖ് സഅ്ദുല്‍ അബ്ദുല്ല രാജ്യത്തിന്റെ അമീറായി നിയമിക്കപ്പെടുന്നതിനെതിരെ 2006 ജനുവരിയില്‍ പാര്‍ലമെന്റ് പാസ്സാക്കിയ പ്രമേയം വിജയം കണ്ടത് ജനാഭിപ്രായത്തിന് ലഭിച്ച മുന്തിയ പരിഗണനയായി കാണാം. കൂടുതല്‍ അധികാരത്തിനും അധികാര പങ്കാളിത്തത്തിനും ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുന്ന പാര്‍ലമെന്റ്, നിര്‍ഭയം അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അനുഭവിക്കുന്ന പത്രമാധ്യമങ്ങള്‍, പൊതുജനാഭിപ്രായ വേദികളായ ദിവാനിയ്യകള്‍, സ്വതന്ത്രവും നിഷ്പക്ഷവുമായ ഇലക്ഷന്‍ സംവിധാനം, പൊതുയോഗ-പ്രകടന-റാലി സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം എന്നിവയെല്ലാം ഉള്ള കുവൈത്ത് പോലുള്ള ഒരു രാജ്യത്ത് അറബ് വസന്തരീതിയിലുള്ള വിപ്ലവ നീക്കങ്ങള്‍ക്ക് സാധ്യത കുറവാണ്.
pkjamal@hotmail.com

Comments

Other Post