Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

ജനാധിപത്യത്തില്‍ പിച്ച വെക്കുന്ന മൊറോക്കോ

താജ് ആലുവ

2011 ഫെബ്രുവരി 20-നാണ് മൊറോക്കോയില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നത്. തുനീഷ്യയിലെയും ഈജിപ്തിലെയും വിപ്ലവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 'ഫെബ്രുവരി 20' എന്ന സംഘമാണ്, യുവാക്കള്‍ മുന്‍നിരയില്‍ നിന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. മനുഷ്യാവകാശ സംഘങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സാധാരണ പൗരന്മാരും ഭരണഘടനാ പരിഷ്‌കാരങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളികളില്‍ പങ്കുകൊണ്ടു. പ്രകടനക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടത് പാര്‍ലമെന്ററി ഭരണസംവിധാനവും, രാഷ്ട്രീയവും സാമൂഹികവുമായ പരിഷ്‌കാരങ്ങളുമാണ്.
മറ്റു രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി അറബ് വസന്തം തികച്ചും ശാന്തമായി കടന്നുവന്ന രാജ്യമാണ് മൊറോക്കോ. അതിനു പറയപ്പെടുന്ന സുപ്രധാന കാരണം ഇവിടത്തെ രാജാവിനും ഭരണകൂടത്തിനും അവകാശപ്പെടാവുന്ന നിയമപരതയാണ് എന്നു കാണാം. 'അമീറുല്‍ മുഅ്മിനീന്‍' എന്ന പദവിയില്‍ നിന്നുകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ രാജകുടുംബം വഹിച്ച പങ്കും സ്വാതന്ത്ര്യാനന്തരം ഒരു അര്‍ധജനാധിപത്യ ഭരണക്രമം കൊണ്ടുവന്നതുമാണ് ഈ നിയമപരത ലഭിക്കുന്നതിന് ഭരണകൂടത്തെ സഹായിച്ച ഘടകങ്ങള്‍. 1990-കളുടെ തുടക്കം മുതല്‍ വ്യത്യസ്ത പരിഷ്‌കരണങ്ങളിലൂടെ കടന്നുവന്ന ഈ അര്‍ധ ജനാധിപത്യ വ്യവസ്ഥിതി, പരേതനായ ഹസന്‍ രണ്ടാമന്‍ രാജാവിന്റെ കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെട്ട ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് വരെ സഹായിച്ചിരുന്നു. പിതാവിനേക്കാള്‍ ജനാധിപത്യവാദിയായ മുഹമ്മദ് ആറാമന്റെ കാലത്താകട്ടെ പരിഷ്‌കരണങ്ങളുടെ വേഗം കൂടുകയും ദേശീയ ഐക്യത്തിനും ഒരുമക്കും പ്രത്യേക പ്രധാന്യം കൈവരികയും ചെയ്തു. ജുഡീഷ്യറിയുടെ സമ്പൂര്‍ണമായ ഉടച്ചുവാര്‍ക്കലും പ്രാദേശികതക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വികസന പ്രക്രിയയും സമഗ്രമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പ്രത്യേക സാമൂഹിക സാമ്പത്തിക സമിതിയുടെ രൂപവത്കരണവുമൊക്കെ അദ്ദേഹത്തിന്റെ കാലത്ത് നിര്‍വഹിക്കപ്പെട്ടു. ഇത്തരം പരിഷ്‌കരണങ്ങളെല്ലാം ഭരണഘടനയുടെ സമഗ്രമായ ഉടച്ചുവാര്‍ക്കലിനും വഴിവെച്ചു. എന്നല്ല അറബ് ലോകത്ത് തന്നെ ഏറ്റവും പരിഷ്‌കൃതമായ ഒരു ഭരണഘടന വിപ്ലവത്തിന് മുമ്പുതന്നെ മൊറോക്കോക്ക് ലഭിച്ചിരുന്നു.
അതുകൊണ്ടുതന്നെയാണ് ഭരണപരിഷ്‌കാരം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനത രാജാവിനോട് പുറത്തു പോകാനാവശ്യപ്പെടാതിരുന്നത്. രാജാവ് ഔപചാരിക രാഷ്ട്രത്തലവന്‍ മാത്രമായി നിലനില്‍ക്കുന്ന പാര്‍ലമെന്ററി വ്യവസ്ഥിതിയും സ്വതന്ത്ര ജുഡീഷ്യറിയും അഴിമതിക്കാരെയും പൊതുസ്വത്ത് കൊള്ളയടിച്ചവരെയും വിചാരണ ചെയ്യലുമൊക്കെയായിരുന്നു വിപ്ലവകാരികളുടെ സുപ്രധാന ആവശ്യങ്ങള്‍. രാജാവാകട്ടെ ഈ ആവശ്യങ്ങളോട് സക്രിയമായി പ്രതികരിക്കുകയും ജനാഭിലാഷമനുസരിച്ച് ഭരണഘടനയില്‍ അവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിന് ഒരു കമീഷനെ നിയമിക്കുകയും ചെയ്തു. 2011 ജൂണ്‍ 17-ന് കമീഷന്‍ കരട് ഭരണഘടന സമര്‍പ്പിച്ചു. രാജാവിന്റെ അധികാരങ്ങള്‍ ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ടും പാര്‍ലമെന്റിനും പ്രധാനമന്ത്രിക്കും കാര്യമായ ഭരണനിര്‍വഹണാധികാരങ്ങള്‍ നല്‍കി അവയെ ശക്തിപ്പെടുത്തിക്കൊണ്ടുമുള്ള നിര്‍ദേശങ്ങളാണ് പുതിയ ഭരണഘടന ഉള്‍ക്കൊണ്ടിരുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ അധ്യക്ഷനെ പ്രധാനമന്ത്രിയായി രാജാവ് നിയമിക്കണമെന്നതായിരുന്നു ഒരു സുപ്രധാന നിര്‍ദേശം. പാര്‍ലമെന്റിനെ പിരിച്ചുവിടാനുള്ള അവകാശം രാജാവില്‍ നിന്നു മാറ്റി പ്രധാനമന്ത്രിക്ക് നല്‍കി. രാഷ്ട്രീയ തടവുകാര്‍ക്കും മറ്റും പൊതുമാപ്പ് നല്‍കാനുള്ള അധികാരവും പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമായി. വംശീയ ന്യൂനപക്ഷമായ ബെര്‍ബേഴ്‌സിനെ അംഗീകരിക്കുകയും അറബിയോടൊപ്പം ബെര്‍ബെര്‍ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ഭരണഘടന വകവെച്ചുകൊടുത്ത പൗരവകാശങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യവും സ്ത്രീകളുടെ സാമൂഹിക സമത്വവും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങളും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമൊക്കെ ഉള്‍പ്പെടുന്നു. മൊറോക്കന്‍ സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ട ഭരണഘടനയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചുകൊടുക്കുകയും ചെയ്യുന്നു.
ജൂലൈ ഒന്നിന് ഭരണഘടനയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തി. ഏതാനും പാര്‍ട്ടികള്‍ ബഹിഷ്‌കരണാഹ്വാനം മുഴക്കി രംഗത്തിറങ്ങിയെങ്കിലും 72.6 ശതമാനം ജനങ്ങള്‍ പങ്കെടുത്ത റഫറണ്ടത്തില്‍ 98.49 ശതമാനം പേരും പുതിയ നിര്‍ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചു. തുടര്‍ന്ന് 2011 ആഗസ്റ്റ് ഒന്നിന് പുതിയ ഭരണഘടന നിലവില്‍വന്നു. 2012-ല്‍ നടത്താനിരുന്ന പൊതുതെരഞ്ഞെടുപ്പ് രാജാവിടപെട്ട് നേരത്തെയാക്കി. ആദ്യം 2011 ഒക്‌ടോബറില്‍ നടത്താനാണ് തീരുമാനിച്ചതെങ്കിലും പിന്നീടത് നവംബറിലേക്ക് മാറ്റി. പൂര്‍ണമായും സ്വതന്ത്രമായി നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അത്യന്തം വീറും വാശിയും പ്രകടമായി. പക്ഷേ, തെരഞ്ഞെടുപ്പിലെ പൊതുജനപങ്കാളിത്തം വല്ലാതെ കുറഞ്ഞു. 2007-ലെ തെരഞ്ഞെടുപ്പിലെ 37 ശതമാനത്തില്‍ നിന്ന് 45 ശതമാനത്തിനേക്ക് ഉയര്‍ന്നത് മാത്രമാണ് നേട്ടം. അറബ് വസന്തത്തിന്റെ എല്ലാ ചൈതന്യവും ആത്മാവും ഉള്‍ക്കൊണ്ട ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വിജയമാണ് മറ്റിടങ്ങളിലേതുപോലെ മൊറോക്കന്‍ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (പി.ജെ.ഡി), 395-ല്‍ 107 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായി. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് മികച്ച ഭരണവും ഇസ്‌ലാമിക മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കും വാഗ്ദത്തം ചെയ്തതാണ് പി.ജെ.ഡിക്ക് ഇത്ര വലിയ ജയം നേടിക്കൊടുത്തത് (2007-ലെ തെരഞ്ഞെടുപ്പില്‍ കേവലം 47 സീറ്റുകളാണ് പി.ജെ.ഡിക്കുണ്ടായിരുന്നത്). ദാരിദ്ര്യം, അഴിമതി പോലെ രാജ്യത്തെ കാര്‍ന്നു തിന്നുന്ന പ്രശ്‌നങ്ങള്‍ക്കുള്ള കാര്യമായ പരിഹാരങ്ങളും പി.ജെ.ഡിയുടെ അജണ്ടയില്‍ മുന്‍ഗണന ലഭിച്ചിരുന്നു. രാജകുടുംബത്തോട് ചേര്‍ന്നുനിന്ന് കൊണ്ട്, 1997 മുതല്‍ ഭരണത്തില്‍ കാര്യമായ പങ്കുവഹിച്ചുകൊണ്ടിരുന്ന ഇസ്തിഖ്‌ലാല്‍ പാര്‍ട്ടി 60 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തി. പി.ജെ.ഡിയെ വെല്ലുവിളിക്കുമെന്നും സഖ്യകക്ഷിഭരണത്തിന് നേതൃത്വം നല്‍കുമെന്ന് കരുതപ്പെടുകയും ചെയ്തിരുന്ന നാഷ്‌നല്‍ റാലി ഓഫ് ഇന്‍ഡിപ്പെന്റന്റിന് 52 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബാക്കിയുള്ള സ്ഥാനങ്ങള്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള പാര്‍ട്ടികളും മറ്റുള്ളവരും കൈയടക്കി. പുതിയ ഭരണഘടന അനുസരിച്ച് രാജാവ് ഏറ്റവും വലിയ കക്ഷിയെത്തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. തുടര്‍ന്ന് ലിബറലുകളും സോഷ്യലിസ്റ്റ്കമ്യൂണിസ്റ്റ് പാര്‍ട്ടികളുമുള്‍ക്കൊള്ളുന്ന ഒരു സഖ്യസര്‍ക്കാറിന് പി.ജെ.ഡി രൂപം നല്‍കി. നവംബര്‍ 29-ന് അബ്ദുല്‍ ഇലാഹ് ബെന്‍കീറാനെ പ്രധാനമന്ത്രിയായി രാജാവ് നിയമിച്ചു. രാജ്യത്തെ 82 ശതമാനം ജനങ്ങളും അദ്ദേഹത്തിന്റെ ഭരണം ജനങ്ങളുടെ ജീവിത നിലവാരത്തില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നവരാണെന്ന് തുടര്‍ന്ന് നടത്തിയ ഒരു സര്‍വേ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍, രാജാവ് സര്‍ക്കാറില്‍ ചെലുത്തുന്ന അധിക സ്വാധീനം നല്ലൊരു ശതമാനം ജനങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം, ജനങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുകയില്ലെന്നും പ്രയാസകരമായ നിയമങ്ങളൊന്നും നടപ്പാക്കുകയില്ലെന്നും പി.ജെ.ഡി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
2012 ജനുവരി 10-ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. ക്യാബിനറ്റിലെ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗം പേരും ആദ്യമായാണ് ഭരണത്തില്‍ പങ്കാളികളാകുന്നതെന്നതാണ് വാസ്തവം. വ്യത്യസ്ത മേഖലകളില്‍ മാനേജ്‌മെന്റ് പ്രാഗത്ഭ്യം തെളിയിച്ചവരും അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നവരും പെട്ടെന്ന് ഭരണം കൈയാളുമ്പോഴുള്ള പരിമിതികളുണ്ടെങ്കിലും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കുന്നതിനും ജനാധിപത്യത്തിന്റെ സദ്ഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്കെത്തിക്കുന്നതിലും അവര്‍ക്കു മുന്നില്‍ തടസ്സങ്ങളില്ലെന്നതാണ് വാസ്തവം.
മുന്‍ ഊര്‍ജതന്ത്ര അധ്യാപകനായ അബ്ദുല്‍ ഇലാഹ് ബെന്‍കീറാന്‍ നയിച്ച പി.ജെ.ഡിയുടെ വിജയം അത്ര വലിയ നേട്ടമെന്ന് പറയാനാകില്ലെങ്കിലും പൂര്‍ണമായും സ്വതന്ത്രമായി നടന്ന ആദ്യ തെരഞ്ഞെടുപ്പെന്ന നിലക്ക് ഈ വിജയം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ജനങ്ങളുടെ അമിതമായ പ്രതീക്ഷകളുടെ വന്‍ ഭാണ്ഡക്കെട്ടുകളുമായാണ് ബെന്‍കീറാന്‍ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തിട്ടുള്ളത്. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയും സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുകയെന്നത് പ്രധാനമന്ത്രിയുടെ മുന്‍ഗണനാ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുള്ള സംഗതിയാണ്. ഗള്‍ഫ് രാജ്യങ്ങളായ ഖത്തറും കുവൈത്തും യു.എ.ഇയും 2.7 ബില്യണ്‍ ഡോളര്‍ മൊറോക്കന്‍ വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപിക്കുമെന്ന വാഗ്ദാനം ബെന്‍കീറാന് ആശ്വാസം നല്‍കുന്നതാണ്.
അഴിമതിക്കെതിരെ പോരാടുമെന്ന പി.ജെ.ഡിയുടെ വാഗ്ദാനത്തില്‍ ജനങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ട്. എന്നാല്‍, ഈ മേഖലയില്‍ ധാരാളം വെല്ലുവിളികള്‍ അവരെ കാത്തിരിക്കുന്നു. അതിലേറ്റവും മുഖ്യം രാജകുടുംബവുമായി അടുത്തവരും നേരത്തെതന്നെ ഭരണത്തിന്റെ ഏറ്റവും ഉന്നത തലത്തിലുള്ളവരുമാണ് അഴിമതിക്ക് കുപ്രസിദ്ധിയാര്‍ജിച്ചവരെന്നതാണ്. ഈ പ്രയാസം നിലനില്‍ക്കെത്തന്നെ ജനങ്ങള്‍ അത്യധികം ശുഭാപ്തി വിശ്വാസത്തോടെയാണ് ഈ പോരാട്ടത്തെ നോക്കിക്കാണുന്നത്. അവരുടെ ജീവിതനിലവാരത്തെ നേരിട്ട് ബാധിക്കുന്ന സംഗതിയാണിതെന്നതാണതിന് കാരണം. തുനീഷ്യയിലും ഈജിപ്തിലുമൊക്കെ ജനങ്ങള്‍ ഇളകിവശാകാനുള്ള പ്രധാന കാരണം രാഷ്ട്രീയ ഉദ്യോഗ തലങ്ങളിലുള്ള അഴിമതിയാണെന്നിരിക്കെ പ്രത്യേകിച്ചും.
അതേസമയം, പി.ജെ.ഡിയുടെ പല നടപടികളും രാജാവ് വീറ്റോ ചെയ്യുന്ന അവസ്ഥ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഉദാഹരണത്തിന്, ദേശീയ ടെലിവിഷന്‍ പരിപാടികളുടെ പരിഷ്‌കരണം, ഗതാഗതം, മീന്‍പിടിത്തം തുടങ്ങിയ മേഖലകളില്‍ നല്‍കിവന്നിരുന്ന ഇളവുകള്‍ സുതാര്യമാക്കല്‍ തുടങ്ങിയവ രാജാവ് തടഞ്ഞത് ജനങ്ങള്‍ക്കിടയില്‍ മുറുമുറുപ്പിനിട നല്‍കുന്നുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. തീരുമാനങ്ങളെടുക്കുന്നിടത്ത് അവസാന വാക്ക് രാജാവിന്റേതാണെന്ന് വരുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ലെന്ന വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് കാണാം. അതുപോലെത്തന്നെ, പഴയ രാജകീയ സമ്പ്രദായങ്ങളില്‍ ചിലത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതും പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന്, വര്‍ഷത്തിലൊരിക്കല്‍ മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരും മറ്റും രാജസന്നിധിയില്‍ ചെന്ന് കുനിഞ്ഞ് നിന്ന് രാജഭക്തി പ്രകടിപ്പിക്കുകയും കൂറ് പ്രഖ്യാപിക്കുകയും ചെയ്യുന്ന ചടങ്ങ് ഈയിടെയും അരങ്ങേറുകയുണ്ടായി. രാജ്യം ഭരിക്കുന്ന ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ സുപ്രധാന നേതാക്കള്‍ ഇതിന് എതിരാണെങ്കിലും രാജാവിനോടൊട്ടി നിന്ന് കാര്യം സാധിക്കുന്ന പലരും ഇതൊരവസരമായി കണ്ട് മുന്നോട്ടുവരുന്നതാണ് പ്രശ്‌നം.
ഇതിനൊക്കെപ്പുറമെയാണ് താഴോട്ടുപോയിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി. ഈ വര്‍ഷം അഞ്ചു ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സമ്പദ്‌വ്യവസ്ഥ മൂന്ന് ശതമാനം മാത്രമേ വളരൂവെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുല്ലത്വീഫ് അല്‍ ജൗഹരി കഴിഞ്ഞ ജൂണില്‍ പ്രവചിച്ചിരിക്കുന്നത്. കുമിഞ്ഞു കൂടുന്ന ബജറ്റ് കമ്മിയെക്കുറിച്ച ഊഹാപോഹങ്ങളും ശക്തമാണ്. കൂടാതെ, ഭരണസഖ്യത്തിലുള്ള വ്യത്യസ്ത ചിന്താഗതിക്കാരും സ്ഥാപിത താല്‍പര്യക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇടക്കിടെ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ചുരുക്കത്തില്‍, മൊറോക്കോയെ സംബന്ധിച്ചേടത്തോളം ജനാധിപത്യം ഇപ്പോഴും പാതി വെന്ത അവസ്ഥയിലാണുള്ളത്. പൂര്‍ണമായും അത് നടപ്പാകണമെങ്കില്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ റോള്‍ ഇതില്‍ പ്രധാനമാണ്. ജനങ്ങളെ അധികാരത്തില്‍ പങ്കാളികളാക്കാനുള്ള നീക്കത്തില്‍ അവ കാര്യമായി പണിയെടുക്കേണ്ടതുണ്ട്. മൊറോക്കന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ അലയടിക്കുന്ന സുപ്രധാന ചോദ്യവും അതാണ്. ജനങ്ങളുടെ പ്രത്യേകിച്ച് യുവാക്കളുടെ പ്രതീക്ഷക്കൊത്തുയരാന്‍ പാര്‍ട്ടികള്‍ക്കാവുമോ? വേണ്ടത്ര തയാറെടുപ്പിന് ഇതുവരെ സമയം കിട്ടിയില്ലായെന്നത് ശരിതന്നെ. എന്നാല്‍, ഇനിയങ്ങോട്ട് കാര്യമായ ആസൂത്രണത്തിലൂടെയും വ്യക്തമായ നയപരിപാടികളിലൂടെയും ജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് നിലനില്‍പില്ലായെന്നത് കട്ടായം. അതേസമയം, ഈ മേഖലയില്‍ ചില നല്ല ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയെന്നത് ഈ സമയത്ത് ഓര്‍ക്കേണ്ടതുണ്ട്. കൂടുതല്‍ ജനങ്ങള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്നോട്ടുവരുന്നതും പാര്‍ലമെന്ററി പദവികള്‍ക്കുവേണ്ടി പുതിയ ധാരാളം ആളുകള്‍ രംഗത്തുവരുന്നതും ഇത്തരം ലക്ഷണങ്ങളില്‍പെട്ടതാണ്. അന്തിമ വിശകലനത്തില്‍ മൊറോക്കോയില്‍ പരിഷ്‌കരണങ്ങളുടെ നാളുകള്‍ തുടങ്ങിയിട്ടേയുള്ളൂ. യഥാര്‍ഥ ജനാധിപത്യം പുലരുന്നതിന് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാധാരണ പൗരന്മാരുടെയും ഭാഗത്തുനിന്നുള്ള അര്‍പ്പണബോധവും കഠിനാധ്വാനവും കൂടുതല്‍ കൂടുതല്‍ പങ്കാളിത്തവും ആവശ്യമാണ്, പ്രത്യേകിച്ച് ഏതാണ്ട് ഒന്നരക്കോടിയോളം വരുന്ന യുവജനങ്ങളില്‍ നിന്ന്.

Comments

Other Post