Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

'വസന്ത'കാലത്തോട് സംവദിക്കാനാകാതെ യമന്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

വിപ്ലവ യുവതയുടെ അഭിലാഷങ്ങള്‍ വിപ്ലവാനന്തര അറബ് നാടുകളില്‍ ഏറക്കുറെ സാക്ഷാത്കരിക്കപ്പെട്ടുവെങ്കിലും, യമന്‍ അതിനോട് പുറംതിരിഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. തല്‍പരകക്ഷികളുടെ നീരാളിപ്പിടിത്തത്തിലമര്‍ന്ന യമന്‍ അനിശ്ചിതത്വം ബാക്കിവെച്ച് വിപ്ലവത്തിന്റെ വിളവെടുപ്പ് നടത്താനാകാതെ മുരടിച്ച് നില്‍ക്കുന്നു. രാജ്യം അകപ്പെട്ട വിഷമസന്ധിയുടെ ആഴം അറിയണമെങ്കില്‍ വിപ്ലവാനന്തര ഈജിപ്തിനെയും യമനെയും താരതമ്യം ചെയ്താല്‍ മതി. വിപ്ലവാനന്തരം ഈജിപ്തില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ വ്യക്തി വ്യോമശാസ്ത്ര, എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ അമേരിക്കയില്‍നിന്ന് ഡോക്ടറേറ്റ് നേടി വിവിധ അമേരിക്കന്‍ കോളേജുകളിലും യൂനിവേഴ്‌സിറ്റികളിലും ശാസ്ത്ര അധ്യാപകനായി ജോലി ചെയ്തുവന്ന പ്രഫഷണലാണ്. എന്നാല്‍, വിപ്ലവാനന്തര യമന്‍ പ്രസിഡന്റ് പട്ടാള സ്‌കൂളുകളില്‍ പഠിച്ച് സൈനിക രംഗത്ത് സേവനം ചെയ്തുവന്ന സാദാ ജവാനും. പഴയ ഏകാധിപതിയില്‍നിന്ന് അധികമൊന്നും ദൂരമില്ല പകരക്കാരനിലേക്ക് എന്നര്‍ഥം.
ഉത്തര യമന്‍ കേന്ദ്രമാക്കി 1962-ല്‍ സ്വതന്ത്ര യമന്‍ റിപ്പബ്ലിക് സ്ഥാപിതമാവുന്നതോടെ രാജ്യത്ത് ആഭ്യന്തര കലഹങ്ങളും ആരംഭിച്ചുകഴിഞ്ഞിരുന്നു. മേഖലയിലെ മറ്റ് അറബ് രാജ്യങ്ങളുടെ സഹായത്തോടെ യമനിലെ 'ഇമാമി'കളും മറ്റും കലാപങ്ങള്‍ നടത്തിവന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴില്‍ കഴിഞ്ഞിരുന്ന ദക്ഷിണ യമന്‍ 1967-ല്‍ സ്വതന്ത്രമായതോടുകൂടി യമനിലെ ഉത്തര ദക്ഷിണ ദിക്കുകള്‍ തമ്മിലായി യുദ്ധം. 1978-ല്‍ അലി അബ്ദുല്ല സ്വാലിഹ് അധികാരമേറ്റതിനു ശേഷവും ഏറ്റുമുട്ടലുകള്‍ തുടര്‍ന്നുവെങ്കിലും ഒടുവില്‍ വിജയം അലി സ്വാലിഹിന്റെ ഉത്തര യമനോടൊപ്പം നിന്നു. 1990-ല്‍ തെക്കും വടക്കും ലയിച്ച് ഐക്യ യമന്‍ നിലവില്‍ വന്നു. യുദ്ധത്തില്‍ പരാജയപ്പെട്ട ദക്ഷിണ യമന്‍ പ്രസിഡന്റ് അലി നാസില്‍ മുഹമ്മദ് തല്‍ക്കാലം ഒളിച്ചോടിയെങ്കിലും ഇരു ദേശങ്ങളും തമ്മിലുള്ള വിദ്വേഷത്തിന്റെ കനലുകള്‍ പിന്നീടും എരിഞ്ഞുകൊണ്ടേയിരുന്നു.
2000-ത്തോടെയാണ് അതുവരെ ഒളിയജണ്ടകള്‍ നടപ്പാക്കിവന്ന സാമ്രാജ്യത്വ ശക്തികള്‍ ദുര്‍ബലനും അധികാരമോഹിയുമായ അലി സ്വാലിഹിന്റെ യമനില്‍ പരസ്യമായി ഇടപെട്ടു തുടങ്ങുന്നത്. പ്രസ്തുത വര്‍ഷം തെക്കേ യമനില്‍ ആദ്യത്തെ അല്‍ഖാഇദ ആക്രമണം നടന്നു. തുടര്‍ന്ന്, ബ്രിട്ടീഷ് എംബസിക്കടുത്ത് സ്‌ഫോടനങ്ങളുടെ പരമ്പര അരങ്ങേറി. 2001-ല്‍ അലി അബ്ദുല്ല സ്വാലിഹ് തനിക്ക് അധികാരത്തില്‍ തുടരാനുള്ള ജനഹിതം ഒപ്പിച്ചെടുത്തു. അതുവരെ യമനികള്‍ക്ക് അപരിചിതമായിരുന്ന തീവ്രവാദത്തിന്റെയും അല്‍ഖാഇദയുടെയുമെല്ലാം കേന്ദ്രമായി യമന്‍ മാറിയത് സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായാണ്. 2001-നുശേഷം യമനില്‍ അശാന്തിയുടെ നെരിപ്പോട് നീറിപ്പുകഞ്ഞു കിടന്നു. ഗോത്ര വിഭാഗങ്ങളുടെയും ശീഈ വിഭാഗമായ 'ഹൂഥി'കളുടെയും അല്‍ഖാഇദയുടെയും മറ്റും പേരുകളില്‍ കലാപങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു പിന്നീട്. അതിനിടയിലാണ് 2011 ജനുവരിയില്‍ 'യമന്‍ ജനകീയ വിപ്ലവം' അരങ്ങേറുന്നത്. കാര്യത്തിന്റെ ഗൗരവം മണത്തറിഞ്ഞ അലി സ്വാലിഹ് അതേവര്‍ഷം നവംബറില്‍ അമേരിക്കയുടെ 'ഭീകരവാദ യുദ്ധത്തില്‍ ' യമന്‍ പങ്കാളിയായിരിക്കുമെന്ന് വാഷിംഗ്ടന് ഉറപ്പ് നല്‍കി അധികാരത്തില്‍ കടിച്ചു തൂങ്ങാനുള്ള വഴി തേടി.
യമനില്‍ 2011-ലെ വിപ്ലവം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതല്ല. തുനീഷ്യയിലും ലിബിയയിലും ഈജിപ്തിലുമെല്ലാം വിപ്ലവ വസന്തം മിഴിതുറക്കുന്നതിനുമുമ്പുതന്നെ യമനില്‍ പരിഷ്‌കരണമാവശ്യപ്പെട്ട് കൂട്ടായ മുറവിളികള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. 2005-ല്‍ സാമ്പത്തിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഭരണകൂടം ഇന്ധന നികുതിയിളവ് പിന്‍വലിച്ചതിനെതിരെ നടന്ന വിവിധ പ്രക്ഷോഭങ്ങളില്‍ 40 ഓളം പേരാണ് കൊല്ലപ്പെട്ടത്. അപ്പോഴേക്കും സാമ്രാജ്യത്വത്തിന്റെ ഇഷ്ടതോഴനായി മാറിക്കഴിഞ്ഞ അലി സ്വാലിഹ് 2006-ല്‍ നടന്ന ജനഹിത പരിശോധനയില്‍ വീണ്ടും പ്രസിഡന്റായി 'തെരഞ്ഞെടുക്ക'പ്പെട്ടു. അധികാരം അരക്കിട്ടുറപ്പിച്ച് അലി സ്വാലിഹ് പ്രക്ഷോഭകാരികളെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു തുടങ്ങി. അതിന്റെ ഭാഗമായി പരമ്പരാഗതമായി കൊണ്ടുനടക്കാറുള്ളതടക്കം എല്ലാവിധ ആയുധങ്ങളും കൈവശംവെക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. 2010 ഡിസംബറില്‍ ഭരണഘടനാ പരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്റിനു മുമ്പില്‍ പ്രകടനങ്ങള്‍ അരങ്ങേറിയതു മുതല്‍തന്നെ 'അറബ് വസന്ത'ത്തിന്റെ കാലൊച്ചകള്‍ കേട്ടുതുടങ്ങിയിരുന്നു. 2011 ജനുവരി 14-ന് തുനീഷ്യന്‍ വിപ്ലവത്തെ തുടര്‍ന്ന് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി സുഊദിയിലേക്ക് ഒളിച്ചോടിയതോടെ പ്രതിഷേധ സമരങ്ങള്‍ കരുത്താര്‍ജിച്ചു. തൊട്ടടുത്ത ദിവസം ജനുവരി 15-ന് പ്രസിഡന്റ് അലി സ്വാലിഹ് പുറത്തുപോകണമെന്ന് ഗര്‍ജിച്ചുകൊണ്ട് ജനങ്ങള്‍ തെരുവുകളിലേക്കൊഴുകുന്നതാണ് കണ്ടത്.
യമനിലെ പ്രസിദ്ധമായ സന്‍ആ യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് പ്രക്ഷോഭത്തിന്റെ തുടക്കം. കാലിനടിയില്‍നിന്ന് മണ്ണൊലിപ്പ് തുടങ്ങിയെന്ന് അലി സ്വാലിഹിന് ബോധ്യമായി. അതുവരെ രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ അല്‍ഖാഇദയും ശീഈ വിഭാഗമായ ഹൂഥികളും വിഘടനവാദികളായ ദക്ഷിണ യമനിലെ അവാന്തര വിഭാഗങ്ങളുമൊക്കെയാണെന്നും രാജ്യം തന്റെ ചൊല്‍പടിക്ക് കീഴിലാണെന്നും എല്ലാ ഏകാധിപതികളെയും പോലെ അലി സ്വാലിഹും കണ്ണടച്ച് വിശ്വസിച്ചിരുന്നു. എന്നാല്‍, തലസ്ഥാന നഗരിയടക്കം രാജ്യത്തെ ഒട്ടുമിക്ക പട്ടണങ്ങളിലും ജനങ്ങള്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളുമായി തെരുവു നിറഞ്ഞാടിയപ്പോള്‍, ജനാധിപത്യ ഭരണ സംവിധാനമുള്ള ഒരു പുതിയ യമന്‍ മാത്രമാണ് പ്രക്ഷോഭകരുടെ ലക്ഷ്യമെന്ന് അദ്ദേഹത്തിന് ബോധ്യമായി. 2011 ഫെബ്രുവരി 11-ന് വെള്ളിയാഴ്ച പ്രക്ഷോഭക്കൊടുങ്കാറ്റ് വിവിധ പട്ടണങ്ങങ്ങളില്‍ ആഞ്ഞുവീശുകയും ചെയ്തു. 18 ദിവസം നീണ്ട ജനകീയ വിപ്ലവത്തിനൊടുവില്‍ ഈജിപ്തിലെ ശക്തനായ ഏകാധിപതി കടപുഴകിവീണതും അലി സ്വാലിഹ് കണ്ടു. അപ്പോഴേക്കും യമനില്‍ വിവിധ കലാലയ വിദ്യാര്‍ഥികള്‍ തുടങ്ങിവെച്ച ജനാധിപത്യ പോരാട്ടങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്ത് വളരെ മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു. തന്റെ അധികാരക്കസേര ഇളകിത്തുടങ്ങിയെന്ന് തിരിച്ചറിഞ്ഞ അലി സ്വാലിഹ് അങ്ങനെയാണ്ചില നീക്കുപോക്കുകള്‍ക്ക് വഴങ്ങാന്‍ തയാറായത്.
2013-ല്‍ തന്റെ ഭരണ കാലാവധി കഴിഞ്ഞ ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയില്ലെന്നും പ്രതിപക്ഷം ഭയപ്പെട്ടിരുന്നപോലെ തന്റെ മകന്‍ അഹ്മദിനെ പിന്‍ഗാമിയാക്കുകയില്ലെന്നുമുള്ള 'ഇളവുക'ള്‍ അലി സ്വാലിഹ് മുന്നോട്ടുവെച്ചെങ്കിലും പ്രക്ഷോഭകര്‍ പിന്‍വാങ്ങിയില്ല. പ്രസിഡണ്ട് അധികാരം വിട്ടൊഴിഞ്ഞ് ജനാധിപത്യ ഭരണ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ പ്രക്ഷോഭകര്‍ ഉറച്ചുനിന്നു. സാമ്പത്തിക പരിഷ്‌കരണം പ്രക്ഷോഭകരുടെ മുഖ്യ അജണ്ടയായിരുന്നു. തൊഴിലില്ലായ്മ 35% എത്തിനില്‍ക്കുന്ന കാലത്താണ് വിദ്യാര്‍ഥികളടക്കമുള്ള പ്രക്ഷോഭകാരികള്‍ തെരുവിലിറങ്ങുന്നതെന്നുകൂടി ഓര്‍ക്കുക. ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് 30 ശതമാനത്തിലേറെ ജനങ്ങള്‍ ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. 12 ശതമാനം ശക്തമായ ഭക്ഷ്യക്കമ്മി അനുഭവിക്കുമ്പോള്‍ രണ്ടരക്കോടിയോളം വരുന്ന ജനസംഖ്യയുടെ 40 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് കണക്കുകള്‍ പറയുന്നു.
അലി സ്വാലിഹിനെ അധികാരത്തില്‍നിന്ന് ഇറക്കിവിടാന്‍ മാത്രം ശക്തമായ ജനരോഷം പക്ഷേ 'ഫിനിഷിംഗ്' പോയിന്റിലെത്താതെ ഷണ്ഡീകരിക്കപ്പെട്ടു. ഈജിപ്തിലും തുനീഷ്യയിലും ലിബിയയിലുമെല്ലാം ജനകീയ വിപ്ലവം ഏകാധിപതികളെ കടപുഴക്കിയെറിഞ്ഞപ്പോള്‍ അലി സ്വാലിഹിന് 'മുന്‍ പ്രസിഡന്റ്' പദവി സമ്മാനിക്കുകയായിരുന്നു. സ്ഥാനത്യാഗവുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ്് കരാറിലൂടെ ജനവഞ്ചന നടത്തി വിപ്ലവത്തെ നിര്‍വീര്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മറ്റ് അറബ് വസന്ത നാടുകളില്‍നിന്ന് വ്യത്യസ്തമായി അലി സ്വാലിഹിന് മേഖലയിലെ അറബ് നാടുകളുടെ കാര്‍മികത്വത്തില്‍ തയാറാക്കിയ കരാര്‍ അനുസരിച്ച് അധികാരം വിട്ടൊഴിഞ്ഞാല്‍ നിയമപരിരക്ഷ ലഭിക്കുമെന്നായി. അറബ് വസന്തം നടന്ന തുനീഷ്യയില്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്ക് ഒളിച്ചോടേണ്ടിവരികയും ഈജിപ്തിലെ ഹുസ്‌നിമുബാറകിന് ജയിലില്‍ പോകേണ്ടിവരികയും ലിബിയയില്‍ ഖദ്ദാഫിക്ക് ജീവന്‍ ബലിനല്‍കേണ്ടിവരികയും ചെയ്തപ്പോള്‍ അലി സ്വാലിഹിന് രാഷ്ട്രീയ ഒത്തു തീര്‍പ്പിന്റെ ഫലമായി കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാനായി. പകരം രണ്ടുവര്‍ഷത്തെ പരിവര്‍ത്തന പ്രസിഡന്റായി തന്റെ ആശ്രിത വല്‍സനായ അബ്ദു റബ്ബുഹു മന്‍സൂര്‍ ഹാദി സ്ഥാനമേറ്റു. രണ്ടു വര്‍ഷത്തെ അധികാരക്കൈമാറ്റ കാലാവധി മറ്റൊരര്‍ഥത്തില്‍ അലി സ്വാലിഹിന്റെ ഭരണകാലത്തിന്റെ തുടര്‍ച്ച തന്നെയാണ്.
ജനകീയ വിപ്ലവം അലി അബ്ദുല്ല സ്വാലിഹിനെ പുറത്താക്കുകയും അദ്ദേഹത്തിന്റെ മകന്‍ അനന്തരാവകാശിയായി വരുന്നത് തടയുകയും ചെയ്തുവെങ്കിലും പ്രക്ഷോഭകാരികളുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെതന്നെ കിടക്കുന്നു. അതില്‍ പ്രധാനമായത് ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്ത ഒരു നവീന ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കുക എന്നതുതന്നെയാണ്. കഴിഞ്ഞ 50 വര്‍ഷമായി തുടര്‍ന്നുവരുന്ന ഗോത്രഭരണ നിയമങ്ങള്‍ അവസാനിപ്പിച്ച് ജനാധിപത്യ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരണം. സ്ഥിതിസമത്വവും സാമൂഹികനീതിയും അപ്രത്യക്ഷമായതാണ് രാജ്യത്തിന്റെ പ്രശ്‌നമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും വരാന്‍ പോകുന്ന ജനാധിപത്യ യമന്‍ ഇക്കാര്യത്തിലൂന്നിയായിരിക്കണം രൂപം കൊള്ളേണ്ടതെന്നും യമനിലെ രാഷ്ട്രീയ ഗവേഷകനായ അബ്ദുല്ല അബുല്‍ ഗൈസ് പറയുന്നു. ''ഗോത്ര ഭരണത്തില്‍നിന്ന് ജനാധിപത്യ യമനിലേക്കുള്ള മാറ്റം കേവലം രൂപപരമല്ല, മറിച്ച് രാജ്യത്തിന്റെ കാര്‍ഷിക വാണിജ്യ രംഗം ഉടച്ചു വാര്‍ക്കുന്നതും തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കുന്നതുമായിരിക്കണം.''
കഴിഞ്ഞ നാളുകളില്‍ യമന്‍ വീണ്ടും ലോക വാര്‍ത്തകളില്‍ ഇടം പിടിക്കുകയുണ്ടായി. ഇക്കുറി പക്ഷേ ജനകീയ വിപ്ലവത്തിന്റെ പേരിലോ മേഖലയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പേരിലോ ആയിരുന്നില്ല അത്. അല്‍ഖാഇദയുടെ താവളമായി മാറുന്നു യമന്‍ എന്നായിരുന്നു വാര്‍ത്ത. അമേരിക്കന്‍ യാത്രാവിമാനം യമനിലെ അല്‍ഖാഇദ സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തി എന്നാണ് അമേരിക്ക പുറത്തുവിട്ടത്. എന്നാല്‍, നടക്കാതെ പോയ ഇത്ര വലിയ അട്ടിമറി ആരാണ് കണ്ടെത്തിയതെന്നോ എവിടെവെച്ചാണതിനുള്ള ശ്രമം നടത്തിയതെന്നോ എവിടെയും വിശദീകരിച്ചു കണ്ടില്ല. സംഭവം അല്‍ ഖാഇദയുമായി ബന്ധപ്പെട്ടതാവുമ്പോള്‍ ഭീകരതയുടെ നിറം വരും. പിന്നെ എല്ലാം ശുഭം. എന്നാല്‍ ഒട്ടും വ്യക്തതയില്ലാത്തതും ഊതിവീര്‍പ്പിക്കപ്പെട്ടതുമായ അല്‍ഖാഇദ ഭീഷണി യമന്‍ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍വേണ്ടി മനഃപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് അഭിപ്രായപ്പെടുന്നവരാണ് നിഷ്പക്ഷ നിരീക്ഷകരില്‍ പലരും. അല്‍ഖാഇദയുടേതെന്ന രീതിയില്‍ പുറത്തുവരുന്ന ആക്രമണങ്ങളും, 'അട്ടിമറി പദ്ധതികള്‍ പരാജയപ്പെടുത്തലും' മറ്റും ഇക്കാര്യത്തിന് അടിവരയിടുന്നു. പല കാരണങ്ങളാല്‍ യമന്‍ ഭൂപ്രദേശം അമേരിക്കയടക്കമുള്ള ശക്തികള്‍ വളരെ തന്ത്രപ്രധാന പ്രദേശമായി കാണുന്നുവെന്നതുകൂടി കൂട്ടിവായിക്കുമ്പോള്‍ കാര്യങ്ങള്‍ക്ക് ഏറെ വ്യക്തത വരുന്നുണ്ട്.
മറ്റു രാജ്യങ്ങളിലെപോലെതന്നെ യമനിലെ ജനകീയ വിപ്ലവം രാഷ്ട്രീയ സാമൂഹിക സൈനിക മാനങ്ങളുള്ളതും തീര്‍ത്തും തീവ്രവാദ വിരുദ്ധവും ആയിരുന്നു. എന്നാല്‍, വിപ്ലവത്തെ പ്രതിലോമശക്തികള്‍ ഹൈജാക്ക് ചെയ്യുന്നതാണ് പിന്നീട് കണ്ടത്. അതോടെ, തീവ്രവാദപരവും ഗോത്രപരവും മതപരവുമൊക്കെയായ വിവിധ മാനങ്ങള്‍ കൈവന്നു. അലി സ്വാലിഹാകട്ടെ 'രക്ഷപ്പെടാ'നുള്ള തത്രപ്പാടില്‍ അടുത്ത കാലംവരെ തന്റെ ശത്രുക്കളായിരുന്ന 'ഹൂഥി'കളും തെക്കന്‍ യമനിലെ ഗ്രൂപ്പുകളുമടക്കം എല്ലാ വിഭാഗങ്ങളുമായി അനുഞ്ജനത്തിന് തയാറായി. തീവ്രവാദ വിഭാഗങ്ങളെ അദ്ദേഹം കൂട്ടുപിടിച്ചതിന്റെ തിക്ത ഫലങ്ങള്‍ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അലി അബ്ദുല്ല സ്വാലിഹ് യമന്‍ വിട്ടത് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സുരക്ഷാപരവുമായ ഒട്ടേറെ പ്രതിസന്ധികളിലേക്ക് രാജ്യത്തെ തള്ളിയിട്ടുകൊണ്ടാണ്. 1978 മുതല്‍ 2011 വരെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഏകാധിപത്യത്തിനൊടുവില്‍ അറബ് വസന്തത്തിന്റെ കാറ്റിലും കോളിലുംപെട്ട് അദ്ദേഹത്തിന്റെ സിംഹാസനം കടപുഴകി വീണത് പ്രതിസന്ധികളുടെ ഗ്രീഷ്മങ്ങളിലേക്കായിരുന്നു.
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ടതോടെ അറബ് രാജ്യങ്ങളെയടക്കം കൂട്ടുപിടിച്ച് ജനകീയ വിപ്ലവത്തെ പരാജയപ്പെടുത്താനും യമനെ പഴയതുപോലെ അമേരിക്കയുടെ കരങ്ങളിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാനും ഒബാമ ഭരണകൂടം തെല്ലൊന്നുമല്ല പാടുപെട്ടത്. യമനില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതോ, വിപ്ലവം നയിച്ച ലക്ഷക്കണക്കിന് യമനി യുവ സമൂഹത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്നതോ ഒബാമ ഭരണകൂടത്തിന്റെ അജണ്ടകളില്‍ സ്ഥലം പിടിച്ചതായി തോന്നുന്നില്ലെന്നാണ് ഫോറിന്‍ പോളിസി മാഗസിന്‍ അഭിപ്രായപ്പെട്ടത്. മിഡിലീസ്റ്റ് കാര്യങ്ങള്‍ക്കായുള്ള അമേരിക്കന്‍ വിദേശകാര്യ സഹമന്ത്രി Jeffrey Feltman വിപ്ലവം നടക്കുന്നതിനിടെ സന്‍ആയില്‍ പറന്നെത്തി നടത്തിയ പത്രസമ്മേളനത്തില്‍ അലി സ്വാലിഹിന്റെ 'സമാധാനപരമായ' സ്ഥാന ത്യാഗത്തെക്കുറിച്ചാണ് സംസാരിച്ചത്. സ്ഥാനമൊഴിയല്‍ പാക്കേജിന്റെ ഭാഗമായ 2014-ലെ പൊതു തെരെഞ്ഞടുപ്പ് പരാമര്‍ശിക്കപ്പെട്ടതേയില്ല. അഥവാ പ്രസിഡണ്ട് അധികാരമൊഴിഞ്ഞാലും അദ്ദേഹത്തിന്റെ സ്വന്തക്കാര്‍ നയിക്കുന്ന ഒരു സര്‍ക്കാറായിരിക്കും ഭരണം കൈയാളുകയെന്നര്‍ഥം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ജനാധിപത്യ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വരാനുള്ള സാധ്യത തന്നെ ഇല്ലാതാക്കാം.
യമനിലെ ഇസ്‌ലാമിക പ്രസ്ഥാനമായ Yemeni Islah Patryയെ ഒതുക്കാന്‍ ഭരണകൂടം സാമ്രാജ്യത്വ ശക്തികളുമായി ചേര്‍ന്ന് ആവുന്നത്ര ശ്രമിക്കുന്നുണ്ട്. പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമം പക്ഷേ ഇനിയും വിജയം കണ്ടിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ 22-ാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ ദൃശ്യമായ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇസ്‌ലാഹ് പാര്‍ട്ടി കരുത്ത് തെളിയിക്കുമെന്ന് തന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്. അഴിമതിയും സ്വജനപക്ഷപാതവും മറ്റു രാഷ്ട്രീയ അരാജകത്വവും അത്രയേറെ ജനം സഹിച്ചുകഴിഞ്ഞു.
വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് അലി സ്വാലിഹ് ചികിത്സാര്‍ഥം പുറത്ത് പോയതോടെ സ്വയം രക്ഷപ്പെടാനും അധികാരത്തില്‍ സ്വന്തക്കാരെ നിലനിര്‍ത്താനും അദ്ദേഹത്തിന് സാവകാശം ലഭിച്ചു. അതോടൊപ്പം, ജനകീയ വിപ്ലവത്തിന് പിന്തുണനല്‍കി ഉറച്ചുനിന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദത്തിനും ശക്തികുറഞ്ഞു. മറ്റു രാജ്യങ്ങൡലെപോലെ വന്‍ ശക്തികള്‍ അലി സ്വാലിഹ് അധികാരം വിട്ടൊഴിയാന്‍ ആവശ്യപ്പെടാതിരുന്നതും ഗള്‍ഫ് രാജ്യങ്ങളുടെ സമവായത്തിനായുള്ള ഇടപെടലുകളുമെല്ലാം ഏകാധിപതിയായ മുന്‍ പ്രസിഡന്റിന് തന്റെ ജനതയെയും പ്രതിപക്ഷത്തെയും ഒരുപോലെ വഞ്ചിക്കാന്‍ അവസരമൊരുക്കിയെന്നതാണ് വസ്തുത. യഥാര്‍ഥത്തില്‍ സ്വന്തം കൊട്ടാരത്തില്‍ വെച്ച് നടന്ന ദുരൂഹമായ കൊലപാതക ശ്രമത്തെ ഉപയോഗപ്പെടുത്തി ഭരണകൂട വിദൂഷകര്‍ വിപ്ലവത്തെ അട്ടിമറിക്കുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖം വികൃതമാക്കാനും സമാധാനപരമായ ജനകീയ പ്രക്ഷോഭത്തിലേര്‍പ്പെട്ട യുവാക്കളെയും ജനാധിപത്യ പോരാട്ട വിഭാഗങ്ങളെയും നിശ്ശബ്ദമാക്കാനും അതിലൂടെ കഴിഞ്ഞു. കൂടാതെ, അമേരിക്ക അലി സ്വാലിഹ് പക്ഷത്തേക്ക് കൂടുതല്‍ ചാഞ്ഞു നില്‍ക്കുകയും ചെയ്തു. അലി സ്വാലിഹ് സുരക്ഷിതമായി സ്ഥാനമൊഴിയുന്നതോടെ അദ്ദേഹത്തിന്റെ സ്വന്തക്കാരെ മുഖ്യ സ്ഥാനങ്ങളില്‍നിന്ന് മാറ്റണമെന്ന ജനാധിപത്യത്തിനുവേണ്ടി മുറവിളികൂട്ടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം അംഗീകരിക്കപ്പെടുകയുണ്ടായില്ല. നിലവില്‍ അലി സ്വാലിഹിന്റെ പുത്രന്‍ അഹ്മദാണ് സര്‍വ സൈന്യാധിപന്‍. സഹോദര പുത്രന്‍ യഹ്‌യ കേന്ദ്ര സുരക്ഷാ സേനയുടെ തലപ്പത്തുണ്ട്. മറ്റൊരു സഹോദര പുത്രന്‍ അമ്മാര്‍ ദേശ സുരക്ഷാ വിഭാഗം മേധാവിയുമാണ്. 'തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ ജനാധിപത്യ പോരാട്ടങ്ങളെയും എതിര്‍ക്കു'മെന്നതാണ് അമേരിക്ക മൂന്നാം ലോക രാജ്യങ്ങളില്‍ സ്വീകരിക്കുന്ന നിലപാടെന്ന് പ്രസിദ്ധ അമേരിക്കന്‍ ചിന്തകനായ നോം ചോസ്‌കി പറഞ്ഞത് എത്ര ശരിയാണെന്ന് മനസ്സിലാക്കാന്‍ യമന്‍ സംഭവ വികാസങ്ങള്‍ മാത്രം മതിയാകും.
അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും മേഖലയില്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളുള്ളിടത്തോളം യമനില്‍ 'അറബ് വിപ്ലവ'ത്തിലൂടെ സംജാതമാകേണ്ടിയിരുന്ന രാഷ്ട്രീയ മാറ്റം അല്‍പകാലം കൂടി സ്വപ്നമായി അവശേഷിക്കാനാണ് സാധ്യത. കാരണം അത്തരത്തിലുള്ള താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ അലി സ്വാലിഹിന്റെ നിഴലുകള്‍ അധികാരത്തില്‍ തുടരണമെന്നതുതന്നെ. ഇടക്കാല പരിവര്‍ത്തന സര്‍ക്കാറിന്റെ കാലം രണ്ടുവര്‍ഷമാണ്. അതിനകം പുതിയ ഭരണ ഘടന നിലവില്‍ വരണമെന്നാണ് തീരുമാനം. 2014-ല്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നതും കരാറിന്റെ ഭാഗം തന്നെ. എന്നാല്‍, യമനിലെ രാഷ്ട്രീയ ഭൂമികയില്‍ കരാറുകള്‍ പാലിക്കപ്പെടുമോ എന്നത് കാത്തിരുന്ന് കാണുകയേ വഴിയുള്ളൂ.
mkutty555@gmail.com

Comments

Other Post