Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

സിറിയന്‍ പ്രക്ഷോഭത്തിന്റെ ഭാവി

ഈ ലേഖനം വായനക്കാരുടെ കൈകളിലെത്തുമ്പോഴേക്ക് സിറിയയിലെ അസദ് വിരുദ്ധ പ്രക്ഷോഭം രണ്ടു വര്‍ഷം പിന്നിട്ടിട്ടുണ്ടാകും. ഇതര ഉത്തരാഫ്രിക്കന്‍ അറബ് പ്രക്ഷോഭങ്ങള്‍ക്കൊപ്പംതന്നെ സിറിയയിലും ഭരണകൂടവിരുദ്ധ ജനകീയ പ്രക്ഷോഭം ആരംഭിച്ചിരുന്നെങ്കിലും നഗരങ്ങളിലേക്കത് പടര്‍ന്നുപിടിച്ചത് മന്ദഗതിയിലായിരുന്നു. ദര്‍അയില്‍ ആരംഭിച്ച പ്രക്ഷോഭം പതുക്കെയാണെങ്കിലും അലപ്പോവിലും ഡമസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളിലുമെത്തി. പ്രക്ഷോഭം തണുപ്പിക്കാന്‍ വൈകിയ വേളയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാഷ്ട്രീയ പരിഷ്‌കരണങ്ങളുടെ ചില പൊടിക്കൈകള്‍ പ്രയോഗിച്ചെങ്കിലും അതൊന്നും അംഗീകരിക്കാന്‍ പ്രക്ഷോഭകാരികളോ ജനങ്ങളോ സന്നദ്ധരായില്ല. ഇതിനകം, മുപ്പത്തിയേഴായിരത്തില്‍പരം ജീവനുകള്‍ പൊലിഞ്ഞ പ്രക്ഷോഭത്തെ, ബോംബാക്രമണത്തിലൂടെയും വെടിവെപ്പിലൂടെയും അതിനിഷ്ഠുരം സൈനികമായി അടിച്ചമര്‍ത്തുന്നത് തുടരുകയാണ് ഭരണകൂടം.
അതിനിടെ യു.എന്നിന്റെയും അറബ് ലീഗിന്റെയും മുന്‍കൈയില്‍ രണ്ടു മാധ്യസ്ഥ ശ്രമങ്ങള്‍ നടന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. മുന്‍ യു.എന്‍ ജന. സെക്രട്ടറി കോഫി അന്നന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യു.എന്‍ ദൂതനായി അള്‍ജീരിയന്‍ നയതന്ത്രജ്ഞന്‍ അല്‍-അഖ്ദര്‍ ഇബ്‌റാഹീമി നിയമിതനായത്. കഴിഞ്ഞ ബലിപെരുന്നാളില്‍ താല്‍ക്കാലിക വെടിനിറുത്തല്‍ നടപ്പാക്കിയത് മാത്രമാണ് ഇബ്‌റാഹീമിയുടെ ഒരേയൊരു നേട്ടം.

സൈനിക കൂറുമാറ്റം
സൈനിക നിരയില്‍ നിന്നുണ്ടായ കൂറുമാറ്റം പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്ന സംഭവവികാസമായിരുന്നു. ഫ്രീ സിറിയന്‍ ആര്‍മി നിലവില്‍ വന്നത് അങ്ങനെയാണ്. പ്രക്ഷോഭകാരികള്‍ക്ക് സൈനിക പരിശീലനത്തിന് ഇത് സൗകര്യമായി. എങ്കിലും കൂറുമാറിയ സേനാംഗങ്ങള്‍ ബാരക്കുകളില്‍നിന്ന് കടത്തിയ ആയുധങ്ങള്‍ മാത്രമാണ് എഫ്.എസ്.എയുടെ മുഖ്യ അവലംബം. തുര്‍ക്കിയില്‍ നിന്നും ഖത്തറില്‍നിന്നും എഫ്.എസ്.എക്ക് ആയുധ സഹായം ലഭിക്കുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും അതിനു പരിമിതിയുണ്ട്. ഈ പരിമിതിക്കകത്തും ശക്തമായ സൈനിക ഓപറേഷനുകള്‍ നടത്തുന്നതില്‍ എഫ്.എസ്.എ വിജയിക്കുകയുണ്ടായി. ഡമസ്‌കസിനടുത്തുള്ള സൈനിക കേന്ദ്രത്തില്‍ നടന്ന സ്‌ഫോടനം ഉദാഹരണം. ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ബശ്ശാറിന്റെ സ്യാലനുമായ ആസിഫ് ശൗകത്തിന്റെ മരണത്തില്‍ കലാശിച്ച സൈനിക ഓപറേഷനും സ്മരണീയമാണ്. പ്രധാനമന്ത്രി റിയാദ് ഹിജാബിന്റെയും ഭരണ വര്‍ഗവുമായി അടുപ്പമുണ്ടായിരുന്ന ത്വലാസ് കുടുംബത്തിന്റെയും കൂറുമാറ്റം കുഞ്ചിക സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കിടയില്‍ പുനരാലോചനകള്‍ക്ക് കാരണം സൃഷ്ടിച്ചിരുന്നെങ്കിലും കൂട്ടായ കൂറുമാറ്റത്തിലേക്ക് നയിക്കാന്‍ അതൊന്നും നിമിത്തമായിട്ടില്ല.

സങ്കീര്‍ണതകള്‍
അറബ് വസന്ത വിപ്ലവം നടന്ന ഇതര നാടുകളെ അപേക്ഷിച്ച് പല സങ്കീര്‍ണതകളും നിലനില്‍ക്കുന്ന രാജ്യമാണ് സിറിയ. അറബ് ലീഗില്‍ നിന്ന് പുറത്താവുകയും അങ്ങനെ ഒറ്റപ്പെടുകയും ചെയ്തിട്ടും ബശ്ശാറുല്‍ അസദ് ഇപ്പോഴും വീഴാതെ നില്‍ക്കുന്നത് ഈ സങ്കീര്‍ണതകളുടെ കൂടി ഫലമായിട്ടാണ്. ജനസംഖ്യാ ഘടനയും ഭൂതന്ത്ര രാഷ്ട്രീയവു(Geoplitics)മൊക്കെ ഇതിന്റെ ഭാഗമാണ്. ഇതര അറബ് നാടുകളെ അപേക്ഷിച്ച് ക്രൈസ്തവ-അലവി ശിയാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണതല സ്വാധീനമുള്ള നാടാണ് സിറിയ. ക്രൈസ്തവ ന്യൂനപക്ഷം ഈജിപ്തിലുമുണ്ടെങ്കിലും സിറിയയിലേത് പോലെ ഉന്നത ഭരണ തലങ്ങളില്‍ അവര്‍ക്ക് സ്വാധീനമുണ്ടായിരുന്നില്ല. ശിയാ സാന്നിധ്യമാണെങ്കില്‍ ഈജിപ്തിലെന്നപോലെ തുനീഷ്യയിലും ലിബിയയിലും തുലോം വിരളമാണ്. ഭൂരിപക്ഷം സുന്നി മുസ്‌ലിംകളാണെങ്കിലും സിറിയയില്‍ ഭരണ-സൈനിക നേതൃത്വ നിരയില്‍ അലവികള്‍ക്കാണ് സ്വാധീനം. തൊട്ടയല്‍ രാജ്യങ്ങളായ ഇറാഖിലും ലബനാനിലും പ്രബല ശക്തികളാണ് ശിയാക്കള്‍. ശിയാ ഭൂരിപക്ഷ രാജ്യമായ ഇറാനാകട്ടെ ഇസ്‌ലാമിക വിപ്ലവം മുതല്‍ക്കേ തന്ത്രപ്രധാന സഖ്യരാജ്യമാണുതാനും. വിപ്ലവ കാലത്ത് ഇതര അറബ് രാജ്യങ്ങളൊക്കെ മുഖം തിരിഞ്ഞുനിന്നപ്പോള്‍ സിറിയ മാത്രമാണ് ഇറാനോട് ചങ്ങാത്തം കൂടാനുണ്ടായിരുന്നത്. ബശ്ശാറിനെ പിന്തുണക്കാന്‍ ഇറാനെ പ്രേരിപ്പിക്കുന്നത് ആ കടപ്പാടാണ്. ഹിസ്ബുല്ലയുടെ നിലപാടും വ്യത്യസ്തമല്ല. ഇറാനിലെ വിപ്ലവ ഗാര്‍ഡുകളും ഹിസ്ബുല്ല ഭടന്മാരും ബശ്ശാര്‍ സേനയോടൊപ്പം പൊരുതുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയോടുള്ള ചരിത്രപരമായ കടപ്പാടുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള താല്‍പര്യങ്ങള്‍ കാണുന്നതിന് ഇറാനും ഹിസ്ബുല്ലക്കും മറയാകുന്നതില്‍ അത്ഭുതമില്ല. കാരണം, ബശ്ശാര്‍ വീണാല്‍ പകരം വരുന്നവര്‍ മേഖലയിലെ തങ്ങളുടെ സ്വാധീന ശക്തിയെ ദുര്‍ബലപ്പെടുത്തുമെന്നാണ് അവരുടെ ആശങ്ക. ശിയാ ഭൂരിപക്ഷ രാജ്യമായ ഇറാഖിലെ തങ്ങളുടെ സ്വാധീന ശക്തിയെ കൂടി അത് ബാധിക്കുമെന്നും ഇറാന്‍ കണക്കുകൂട്ടുന്നു. വ്യത്യസ്ത താല്‍പര്യങ്ങളാണ് ബശ്ശാര്‍ വിരുദ്ധ ശക്തികളെ നയിക്കുന്നത്. സിറിയന്‍ ജനതയുടെ ജനാധിപത്യാവകാശങ്ങളോടുള്ള അനുഭാവത്തിലുപരി മേഖലാ ശക്തിയായ ഇറാന്റെയും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയുടെയും ചിറകരിയുക എന്ന ലക്ഷ്യം മുന്നിലുള്ള രാജ്യങ്ങളും അക്കൂട്ടത്തിലുണ്ട്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും അവരുടെ അറബ് സഖ്യരാജ്യങ്ങളും അതില്‍ പെടുന്നു. ഈ പശ്ചാത്തലത്തില്‍ ബശ്ശാറിന്റെ നിലനില്‍പില്‍ ഇറാനെപ്പോലുള്ള രാജ്യങ്ങള്‍ സ്വന്തം താല്‍പര്യം കണ്ടെത്തുന്നത് സ്വാഭാവികമാണ്. പ്രസ്തുത ഘടകം തിരിച്ചറിയുന്ന അറബ് വസന്തത്തിന്റെ പശ്ചാത്തല ശക്തികളായ ഇസ്‌ലാമിസ്റ്റുകളെ കൂടി തങ്ങളുടെ ചാലിലേക്കടുപ്പിക്കാനും ഇറാന്‍ ശ്രമിക്കായ്കയല്ല. ഈയിടെ തെഹ്‌റാനില്‍ നടന്ന ചേരിചേരാ സമ്മേളനത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ സാന്നിധ്യം അതിനായി ഉപയോഗപ്പെടുത്താന്‍ ഇറാന്‍ ഭരണാധികാരികള്‍ ശ്രമിച്ചിരുന്നു. ഇസ്‌ലാമിസ്റ്റുകളടക്കം മുര്‍സിയുടെ തെഹ്‌റാന്‍ സന്ദര്‍ശനത്തില്‍ അസംതൃപ്തരായ പലരുമുണ്ടായിരുന്നു. എന്നാല്‍, രണ്ടു തലത്തിലും വിഭാഗീയതയില്‍ നിന്ന് ഉയര്‍ന്നുനിന്നുകൊണ്ടാണ് ഈ വിഷയം മുര്‍സി കൈകാര്യം ചെയ്തത്. ഷാക്ക് അഭയം നല്‍കിയതു മുതല്‍ വഷളായ ഉഭയകക്ഷി ബന്ധം ദൃഢീകരിക്കാന്‍ ചേരിചേരാ സമ്മേളനത്തെ അവസരമാക്കിയതോടൊപ്പം അവിടെ ചെയ്ത പ്രസംഗത്തില്‍ സിറിയന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും മുര്‍സി മടിച്ചില്ല. സ്വന്തം പാര്‍ട്ടിയെ അടിച്ചമര്‍ത്തിയ സ്വേഛാധിപതിയായിരുന്നിട്ടും ചേരിചേരാ പ്രസ്ഥാനത്തിന് പരേതനായ നാസിര്‍ നല്‍കിയ സംഭാവനകള്‍ അനുസ്മരിക്കുന്നതിലും അദ്ദേഹം പിശുക്ക് കാട്ടിയില്ല. പ്രഭാഷണത്തിന്റെ ആമുഖത്തില്‍ ശിയാക്കള്‍ ആചാര്യനായി കരുതുന്ന അലിയോടൊപ്പം അവര്‍ അനഭിമതരായി കരുതുന്ന ഖലീഫമാരായ അബൂബക്കറിനും ഉമറിനും പ്രാര്‍ഥിച്ചുകൊണ്ട് വിഭാഗീയതക്കതീതമായി ഉയര്‍ന്നുനില്‍ക്കേണ്ട സന്ദേശവും അദ്ദേഹം നല്‍കി. ഇറാന്റെയും ഹിസ്ബുല്ലയുടെയും നിലപാട് എന്താണെങ്കിലും വിഭാഗീയ താല്‍പര്യങ്ങള്‍ക്കുപരി സിറിയന്‍ പ്രശ്‌നത്തില്‍ വിശാല താല്‍പര്യങ്ങള്‍ പരിഗണിക്കുന്നവരും ശിയാ വിഭാഗത്തിലുണ്ടെന്നതാണ് യാഥാര്‍ഥ്യം. ലബനീസ് ശിയാ ബുദ്ധിജീവിയും മതനേതാവുമായ ഹാനിഹഫ്‌സ് അടക്കമുള്ള പലരും പ്രക്ഷോഭകാരികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയുണ്ടായി.

യു.എന്‍ ഉപരോധ നിര്‍ദേശം
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഉപരോധപ്രമേയം റഷ്യയുടെയും ചൈനയുടെയും വീറ്റോ നിമിത്തം പരാജയപ്പെട്ടതാണ് ബശ്ശാറിന്റെ അതിജീവനത്തിന് കളമൊരുക്കിയ മറ്റൊരു ഘടകം. പടിഞ്ഞാറന്‍ സ്വാധീനത്തിന്റെ വ്യാപനത്തിലാണ് ബശ്ശാറിന്റെ പതനം കലാശിക്കുക എന്ന് റഷ്യയും ചൈനയും ഉത്കണ്ഠപ്പെടുന്നുണ്ടെങ്കിലും അതിലുപരി ഇറാനെ കൂടി കണക്കിലെടുത്താണ് ഇരു രാജ്യങ്ങളുടെയും നീക്കം. ബശ്ശാര്‍ വീണാല്‍ അത് നേരിട്ടു ബാധിക്കുക ഇറാനെയാണ്. റഷ്യക്കും ചൈനക്കും സിറിയയേക്കാള്‍ താല്‍പര്യങ്ങളുള്ള രാജ്യമാണ് ഇറാന്‍.
ലിബിയയിലേതുപോലെ മാനുഷികാടിസ്ഥാനത്തിലുള്ള പ്രത്യക്ഷ സൈനിക ഇടപെടലില്‍ പാശ്ചാത്യ ശക്തികള്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതും ബശ്ശാര്‍ ഭരണകൂടത്തിന്റെ ആയുസ്സ് നീട്ടിക്കിട്ടാന്‍ സഹായകമായിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ അത്തരമൊരു സൈനിക ഇടപെടല്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കരുതലോടെയാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളുടെ നീക്കം. സൈനിക ഇടപെടല്‍ അനിവാര്യമാണെങ്കില്‍ അത് നേരിട്ടല്ലാതെ തുര്‍ക്കി വഴി സാധിക്കാമെന്നായിരിക്കാം പാശ്ചാത്യ ശക്തികളുടെ മനസ്സിലിരിപ്പ്. വിമതരുടെയും എഫ്.എസ്.എയുടെയും പ്രധാന കേന്ദ്രം തുര്‍ക്കിയാണ്. സിറിയന്‍ അഭയാര്‍ഥികളുടെ ഒഴുക്കും അങ്ങോട്ടാണ്. ഇക്കാരണങ്ങളാലൊക്കെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇടക്കിടെ സംഘര്‍ഷങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. തുര്‍ക്കിയിലെ കുര്‍ദ് വിഘടിത പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ സിറിയ തുര്‍ക്കിക്കെതിരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് ശബര്‍നാഖില്‍ പത്തോളം തുര്‍ക്കി സൈനികര്‍ വധിക്കപ്പെട്ട ഓപ്പറേഷന്‍. ഇതിന്റെ പിന്നില്‍ സിറിയയായിരുന്നുവെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് അബ്ദുല്ല ഓജ്‌ലാന്‍ വളരെക്കാലം ഡമസ്‌കസില്‍ അഭയാര്‍ഥിയായി കഴിഞ്ഞിരുന്ന ചരിത്രം ഇവിടെ സ്മരണീയമത്രെ.
ബശ്ശാറാനന്തര ഭരണകൂടത്തെക്കുറിച്ചുള്ള അവ്യക്തതയും പാശ്ചാത്യ ശക്തികളുടെ ക്രിയാത്മക ഇടപെടലുകള്‍ വൈകുന്നതിന്റെ കാരണങ്ങളില്‍പെടുന്നു. സിറിയന്‍ പ്രതിപക്ഷം ഇനിയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് ഐക്യപ്പെട്ടിട്ടില്ല എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

സിറിയന്‍ ദേശീയ സഖ്യം
സിറിയന്‍ രാഷ്ട്രീയ പ്രക്ഷോഭത്തിലെ ഏറ്റവും പുതിയ സംഭവവികാസം പ്രതിപക്ഷ ഐക്യനിര വിപുലപ്പെടുത്തിയും ശക്തിപ്പെടുത്തിയും പുതുതായി രൂപംകൊണ്ട സിറിയന്‍ ദേശീയ സഖ്യ(Syrian National Coalition)മാണ്. സിറിയന്‍ നാഷണല്‍ കൗണ്‍സിലിനെ (S.N.C) കുറിച്ച് നടേപറഞ്ഞ പരാതിക്ക് പരിഹാരമായാണ് കൗണ്‍സിലിനെ കൂടി ഉള്‍പ്പെടുത്തി കഴിഞ്ഞ നവംബറില്‍ ദോഹയില്‍ ചേര്‍ന്ന പ്രതിപക്ഷ ഗ്രൂപ്പുകളുടെ യോഗം ഇത്തരം ഒരു ഐക്യനിര രൂപപ്പെടുത്തിയെടുത്തത്. അറബ് ലീഗ്, വിശിഷ്യാ ഖത്തര്‍ മുന്‍കൈ എടുത്ത് ഇതിനായി വിളിച്ചു കൂട്ടിയ യോഗത്തില്‍ നിന്ന് എസ്.എന്‍.സി വിട്ടുനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അവരുടെ കൂടി സഹകരണം ഉറപ്പാക്കിയത് പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് ആത്മവിശ്വാസം പകരുന്നതായി.
സിറിയക്ക് പുറത്തുള്ളവരാണ് എസ്.എന്‍.സിയില്‍ ഭൂരിപക്ഷമെന്നത് അതിന്റെ പരിമിതിയായിരുന്നു. സിറിയക്കകത്തുനിന്ന് പൊരുതുന്ന നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി പോലുള്ള വേദികളുമായും എസ്.എന്‍.സിക്ക് വേണ്ടത്ര ഒത്തുപൊരുത്തമുണ്ടായിരുന്നില്ല. എസ്.എന്‍.സിക്കകത്തും പ്രശ്‌നങ്ങളുണ്ടായിരുന്നു. 2012 മാര്‍ച്ച് 13ന് മൂന്ന് പ്രമുഖ വ്യക്തികള്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എസ്.എന്‍.സിയില്‍ നിന്ന് രാജിവെച്ചിരുന്നു. മുന്‍ ന്യായാധിപനും സര്‍ക്കാര്‍ വിരുദ്ധനുമായ ഹൈത്തം മലീഹ്, ഇസ്‌ലാമിക ചായ്‌വ് പുലര്‍ത്തുന്ന കമാല്‍ ലബുവാനി, അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കാതറിന്‍ അത്തല്ലി എന്നിവര്‍ എഫ്.എസക്ക് ആധുധമെത്തിക്കുന്നതില്‍ എസ്.എന്‍.സി പരാജയമാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് രാജിവെച്ചത്. എസ്.എന്‍.സിയില്‍ ഭൂരിപക്ഷവും-പകുതിയിലേറെ-മുസ്‌ലിം ബ്രദര്‍ഹുഡാണെന്ന ആരോപണവും ഉന്നയിക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ പാരീസിലെ അക്കാദമീഷ്യനായ ബുര്‍ഹാന്‍ ഗാലിയൂനായിരുന്നു എസ്.എന്‍.സിയുടെ പ്രസിഡന്റ്. ഫോര്‍ഡ് ഫൗണ്ടേഷനിലും ഇതര പാശ്ചാത്യ വേദികളിലും പ്രവര്‍ത്തിച്ചിരുന്ന ബസുമ ഖദ്‌വാനിയെ പോലുള്ളവരുടെ സാന്നിധ്യം എസ്.എന്‍.സി അമേരിക്കന്‍ താല്‍പര്യങ്ങളുടെ പ്രാതിനിധ്യമാണെന്ന ആരോപണത്തിനും വഴിവെച്ചിരുന്നു. പ്രതിപക്ഷ പൊതുവേദി എന്ന നിലയില്‍ പല ചിന്താഗതിക്കാരും എസ്.എന്‍.സിയിലുണ്ടാവുക സ്വാഭാവികമാണ്. പല കോണുകളില്‍നിന്നുമുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് എസ്.എന്‍.സി പുതിയ ഐക്യവേദിയായ 'സിറിയന്‍ നാഷണല്‍ കൊയിലീഷനി'ല്‍ ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോര്‍ജ് സബ്‌റ
ദോഹയില്‍ വെച്ചുതന്നെ എസ്.എന്‍.സി പുതിയ ചെയര്‍മാനെയും തെരഞ്ഞെടുത്തു. ജോര്‍ജ് സബ്‌റ എന്ന ഇടതുപക്ഷ ക്രൈസ്തവനാണ് പുതിയ ചെയര്‍മാന്‍. ബുര്‍ഹാന്‍ ഗാലിയൂന്റെ പിന്‍ഗാമിയായിവന്ന അബ്ദുല്‍ ബാസിത്വില്‍ നിന്നാണു കഴിഞ്ഞ നവംബര്‍ 12 ന് ജോര്‍ജ് സബ്‌റ എസ്.എന്‍.സി നേതൃത്വം ഏറ്റെടുക്കുന്നത്. പത്ര റിപ്പോര്‍ട്ടമാരുടെ സാന്നിധ്യത്തിലുള്ള ബാലറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്. മുതിര്‍ന്ന മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവായ ഫാറൂഖ് തൈ്വഫൂറാണ് എസ്.എന്‍.സിയുടെ വൈസ് ചെയര്‍മാന്‍. സുതാര്യമായ ഈ തെരഞ്ഞെടുപ്പു രീതി ഭാവി സിറിയക്ക് മാതൃകയാകുമെന്ന് തെരഞ്ഞെടുപ്പിനുശേഷം സബ്‌റ പത്രലേഖകരോട് പറയുകയുണ്ടായി. 'സിറിയന്‍ ഡമോക്രാറ്റിക് പീപ്പ്ള്‍സ് പാര്‍ട്ടി' പ്രമുഖ നേതാക്കളിലൊരാളായ ജോര്‍ജ് സബ്‌റ അറിയപ്പെടുന്ന സെക്യുലര്‍ ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. എസ്.എന്‍.സി നേതൃത്വത്തിന്റെ ഈ ക്രൈസ്തവ മുഖം സിറിയന്‍ പ്രതിപക്ഷത്തിന് വിഭാഗീയ ചായ്‌വുകളില്ലെന്നതിന്റെ തെളിവാണെന്ന് സബ്‌റ തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.

വിദേശ സര്‍ക്കാര്‍
പുതുതായി രൂപീകൃതമായ 'സിറിയന്‍ വിപ്ലവത്തിന്റെയും പ്രതിപക്ഷങ്ങളുടെയും ദേശീയ സഖ്യം' (നാഷണല്‍ കോയിലീഷ്യന്‍) സിറിയന്‍ ജനതയുടെ ഏക നിയമാനുസൃത വേദിയായി അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം നേടാനാണ് ശ്രമിക്കുന്നത്. അറബ് ലീഗിനുപുറമെ ഫ്രാന്‍സും ഹോളണ്ടും ഇതിനകം കൊയിലീഷനെ അംഗീകരിച്ചിട്ടുണ്ട്. നേരത്തേ നിലവിലുണ്ടായിരുന്ന എസ്.എന്‍.സിയില്‍ യു.എസിന് തൃപ്തി പോരാത്തതിനാലാണ് (എസ്.എന്‍.സിക്ക് സിറിയയില്‍ ദൃശ്യ സാന്നിധ്യമില്ലെന്ന ഹിലരി ക്ലിന്റന്റെ പ്രസ്താവന ഓര്‍ക്കുക) പുതിയ വേദിക്ക് രൂപം കൊടുത്തത് എന്നതിനാല്‍ യു.എസ് പിന്തുണ ഏതായാലും ഉറപ്പാണ്.
കൊയിലീഷന്‍ സിറിയയുടെ വിദേശ സര്‍ക്കാര്‍ എന്ന രൂപത്തില്‍ പ്രവര്‍ത്തിക്കാനാണ് പദ്ധതി. ഇടക്കാല സര്‍ക്കാര്‍, സൈനിക ഗ്രൂപ്പുകളുടെ മേല്‍നോട്ടത്തിന് മിലിട്ടറി കൗണ്‍സില്‍, വിമോചിത മേഖലകളില്‍ ജുഡീഷ്യറി എന്നിങ്ങനെ ഒരു പദ്ധതിയുള്ളതായി യു.എസ് പിന്തുണയുള്ള പ്രതിപക്ഷ നേതാവ് റിയാദ് സൈഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊയിലീഷന്റെ പ്രസിഡന്റായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ട അഹ്മദ് മുആദ് അല്‍ ഖത്വീബ് ഡമസ്‌കസിലെ ഉമവി മസ്ജിദിലെ ഖത്വീബ് (ജുമുഅ പ്രഭാഷകന്‍) ആണ്. ജിയോഫിസിക്‌സ് പഠിച്ച് ആറു വര്‍ഷത്തോളം എഞ്ചിനീയറായി പ്രവര്‍ത്തിച്ച അഹ്മദ് മുആദ് സിറിയന്‍ ജിയോളജിക്കല്‍ സൊസൈറ്റിയിലും സിറിയന്‍ സൊസൈറ്റി ഫോര്‍ സൈക്കോളജിക്കല്‍ സയന്‍സിലും അംഗമാണ്. ഇസ്‌ലാമിക് സൊസൈറ്റി ഓഫ് അര്‍ബനൈസേഷനില്‍ ഇപ്പോള്‍ ഓണററി പ്രസിഡന്റായി തുടരുന്ന ഖത്വീബ് പില്‍ക്കാലത്ത് മതപ്രബോധന വേദികളില്‍ സജീവമാവുകയായിരുന്നു. ഹാഫിസുല്‍ അസദിന്റെ കാലത്ത് പ്രഭാഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം രഹസ്യമായി അദ്ദേഹം മതക്ലാസുകള്‍ നടത്തിപ്പോന്നു. ബോസ്‌നിയ, നെതര്‍ലാന്റ്, നൈജീരിയ, തുര്‍ക്കി, യു.കെ, യു.എസ് എന്നിവിടങ്ങളില്‍ അധ്യാപനം നടത്തിയ ഖത്വീബിന്റെ റോള്‍ മോഡല്‍ ഖറദാവിയാണ്. സര്‍ക്കാറിനെ വിമര്‍ശിച്ചതിന്റെ ഫലമായി പലതവണ അറസ്റ്റ് ചെയ്യപ്പെട്ട ഖത്വീബ് അവസാനം കയ്‌റോവിലേക്ക് മാറിപ്പാര്‍ക്കുകയായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ ബഹുസ്വരതയെയും സ്ത്രീകളുടെ തുല്യാവകാശത്തെയും അനുകൂലിക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. എല്ലാതരം വിഭാഗീയതകളും മാറ്റിവെച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി ഒറ്റക്കെട്ടായി പോരാടാനാണ് സിറിയന്‍ ജനതയോട് അദ്ദേഹത്തിന്റെ ആഹ്വാനം: ''മുഴുവന്‍ സുന്നികളുടെയും അലവികളുടെയും ഇസ്മാഈലികളുടെയും ക്രൈസ്തവരുടെയും ദുറൂസുകളുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും പുനഃസ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.'' അദ്ദേഹം പറയുന്നു. കുര്‍ദ് ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് സിറിയയുടെ നേതാവ് അബ്ദുല്‍ ഹകീം ബശ്ശാറാണ് കൊയിലീഷന്റെ ജന. സെക്രട്ടറി. സിറിയക്കകത്തും പുറത്തുമുള്ള പ്രതിപക്ഷ നിരകള്‍ ഏകീകരിക്കപ്പെട്ടതോടെ ബശ്ശാര്‍ വീണാല്‍ സംഭവിച്ചേക്കാവുന്ന അധികാര ശൂന്യത 'കൊയിലീഷനി'ലൂടെ പരിഹൃതമായിട്ടുണ്ട്. പക്ഷേ, ബശ്ശാര്‍ എപ്പോള്‍ വീഴും എന്നതാണ് പ്രശ്‌നം. അതിന് ഇറാന്റെയോ റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെയോ നിലപാടില്‍ ഇളക്കം തട്ടേണ്ടിവരും. അല്ലെങ്കില്‍ സൈന്യം ഒന്നായി ബശ്ശാറിനെ കൈയൊഴിയുകയോ മാനുഷികാടിസ്ഥാനത്തിലുള്ള ബാഹ്യമായ സൈനിക ഇടപെടല്‍ സംഭവിക്കുകയോ വേണ്ടിവരും-ലിബിയയില്‍ നടന്നപോലെ.
vakabeer@hotmail.com

Comments

Other Post