Prabodhanm Weekly

Pages

Search

2011 ജൂണ്‍ 18

ജനസംഖ്യയില്‍ ലിംഗപരമായ അസന്തുലിതത്വം


രാജ്യത്ത് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും വനിതാ സംഘടനകള്‍ക്കും പഞ്ഞമില്ല. കുടുംബിനികള്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കുമെല്ലാം സംഘടനകളുണ്ട്. മത-രാഷ്ട്രീയ-സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം വനിതാ വിംഗുകളുണ്ട്. എല്ലാമുണ്ടായിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകിവരികയാണ്. ലൈംഗികാതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനം, ഓഫീസുകളിലും വാഹനങ്ങളിലും പീഡനം. വിദ്യാലയങ്ങളിലും വ്യവസായശാലകളിലും എന്നു വേണ്ട സ്ത്രീസാന്നിധ്യമുള്ളിടത്തെല്ലാം അവളുടെ തേങ്ങലുകളുയരുന്നു, കദനകഥകള്‍ മുഴങ്ങുന്നു. നാലു വയസ്സുകാരായ പിഞ്ചോമനകള്‍ മുതല്‍ 80 വയസ്സുകാരായ പടുവൃദ്ധകള്‍വരെ  ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നു. പോറ്റിവളര്‍ത്തിയ പിതാവിന്റെയും ജീവിതം പങ്കുവെച്ച ഭര്‍ത്താവിന്റെയും നൊന്തുപെറ്റ പുത്രന്റെയും കൊലക്കത്തികള്‍ അവര്‍ക്കു നേരെ നീണ്ടുചെല്ലുന്നു.
പുറമേക്ക് എന്തൊക്കെ പറഞ്ഞാലും സ്ത്രീകള്‍ ഒരു ഭോഗവസ്തുവാണ് എന്ന സങ്കല്‍പമാണ് സമൂഹമനസ്സിലുള്ളത്. സ്ത്രീയെ രക്ഷിച്ചു വളര്‍ത്തേണ്ട കുടുംബം പോലും അവളെ ദുര്‍വഹമായ ഭാരമായി കാണുന്നു. പെണ്‍ഭ്രൂണഹത്യകള്‍ പെരുകിക്കൊണ്ടേയിരിക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് നഗരങ്ങളില്‍ അത് നടത്തുന്നത്. പെണ്‍കുഞ്ഞിനെ പിറന്നുവീണ ഉടനെ കൊന്നുകളയുകയാണ് അപരിഷ്‌കൃതരായ പാവങ്ങളുടെ രീതി. ചില സ്ഥലങ്ങളില്‍ പരിത്യക്ത ശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ 'അമ്മത്തൊട്ടില്‍' എന്നൊരേര്‍പ്പാടുണ്ട്.
സ്ത്രീകള്‍ക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ വനിതാ ക്ഷേമ സംഘടനകള്‍ മാത്രമല്ല, പുരുഷന്മാരുടെ സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഉറക്കെ സംസാരിക്കുന്നുണ്ട്. ചര്‍ച്ചകള്‍, സെമിനാറുകള്‍, പുസ്തകങ്ങള്‍ എന്നിങ്ങനെ ഒരു വക. കവിതകള്‍, കഥകള്‍, നോവലുകള്‍, നാടകങ്ങള്‍, സിനിമകള്‍ മറ്റൊരു വക. പെണ്‍കുട്ടികളെ ഭ്രൂണദശയില്‍ കൊന്നുകളയുന്നത് മനുഷ്യവിരുദ്ധവും സംസ്‌കാര ശൂന്യവും ഇരുണ്ട നൂറ്റാണ്ടുകളുടെ അവശിഷ്ടവുമായ നിഷ്ഠുരതയാണെന്ന് എല്ലാവരും പഠിപ്പിക്കുന്നു. സര്‍ക്കാര്‍-സര്‍ക്കാറേതര ഏജന്‍സികളുടെ വനിതാ ക്ഷേമ പദ്ധതികളും രാജ്യമെങ്ങും നടപ്പിലായിക്കൊണ്ടിരിക്കുന്നു. വനിതകളുടെ ക്ഷേമവും സുരക്ഷിതത്വവും ലക്ഷ്യമാക്കി ധാരാളം നിയമങ്ങള്‍ നിര്‍മിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഭ്രൂണത്തിന്റെ ലിംഗനിര്‍ണയ പരിശോധന വരെ നിരോധിക്കപ്പെട്ടിരിക്കുന്നു.
ഇതൊക്കെയായിട്ടും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയവും ഭ്രൂണഹത്യയും നിര്‍ബാധം നടക്കുന്നുവെന്നതാണ് ശോചനീയമായ സത്യം. കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടയില്‍ 43 ലക്ഷം പെണ്‍കുട്ടികളാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. '90കളില്‍ ഈ ക്രൂരത ഏറെ രൂക്ഷമായതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഈ പ്രവണത ത്വരിതഗതിയില്‍ വളരുന്നുവെന്നാണ് സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച്, ഒരു പെണ്‍കുട്ടി ജനിച്ച ശേഷം രണ്ടാമതൊരു പെണ്‍കുട്ടിയുടെ ജനനം ഒരിക്കലും സഹിച്ചുകൂടാ എന്നാണത്രെ പൊതു മാനോഭാവം. അതിനാല്‍ രണ്ടാമത്തേത് പെണ്ണാണെന്നറിഞ്ഞാല്‍ ഉടനെ കഥകഴിക്കുകതന്നെ. മനുഷ്യന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ട വൈദ്യ ശാസ്ത്ര സങ്കേതങ്ങളും ഭിഷഗ്വരന്മാരും അവരെ സഹായിക്കാന്‍ ശസ്ത്രസജ്ജരായി ഒരുങ്ങിയിരിക്കുന്നുണ്ട്. വന്‍ ലാഭമുള്ള ബിസിനസ്സായി അത് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. സംഗതി നിയമവിരുദ്ധമാണെങ്കിലും പണവും പരിഷ്‌കാരവുമുള്ളവര്‍ക്കിടയില്‍ നിയമത്തിന്റെ കുടക്കീഴില്‍ തന്നെ എല്ലാം നടക്കുന്നു. ജനസംഖ്യയില്‍ സ്ത്രീ പുരുഷ അനുപാതത്തിലുള്ള വിടവ് ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണതിന്റെ ഫലം. 2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ആറു വയസ്സ് വരെയുള്ള ആണ്‍കുട്ടികളുടേതിനാക്കാള്‍ 71 ലക്ഷം കുറവാണ് അതേ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ എണ്ണം. 1990-ല്‍ 1000:906 ആയിരുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനുപാതം. 2005-ല്‍ അത് 1000:836 ആയി കുറഞ്ഞു. ഈ പ്രവണത ഇതേ ഗതിയില്‍ മുന്നേറിയാല്‍ രാജ്യത്ത് ആണ്‍ പെണ്‍ അനുപാതത്തിലുള്ള വിടവ് ഇനിയും വര്‍ധിക്കുമെന്ന് സ്പഷ്ടം. അത് വലിയൊരു സാമൂഹിക വിപത്തായി രൂപപ്പെടുമെന്നതിലും സംശയമില്ല. ഈ സ്ഥിതിവിശേഷത്തെ ഗൗരവബുദ്ധ്യാ സമീപിക്കേണ്ട സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഗുരുതരമായ നിരവധി പ്രശ്‌നങ്ങളുടെ കലവറയാണ് ജനസംഖ്യയിലെ ലിംഗപരമായ അസന്തുലിതത്വം. അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പഠിക്കപ്പെടേണ്ടതുണ്ട്. പക്ഷേ, അത്തരമൊരു നീക്കം എവിടെയും കാണപ്പെടുന്നില്ല. ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍തന്നെ പ്രശ്‌നങ്ങളുയര്‍ന്നു തുടങ്ങിയിരിക്കുന്നു. വനിതാ ക്ഷേമമെന്നാല്‍ വനിതകളുടെ പദവിയും സുരക്ഷയുമാണ് എന്നതിനപ്പുറം, രാജ്യത്തെ ദാമ്പത്യ ബന്ധങ്ങളെയും സദാചാര ജീവിതത്തെയും ഉല്‍പാദന മേഖലകളെയുമെല്ലാം ചൂഴ്ന്ന് നില്‍ക്കുന്നതാണ്. കടലാസില്‍ സ്ത്രീ സംരക്ഷണ നിയമങ്ങളെഴുതിവെച്ചതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. നിയമത്തോട് കൂറില്ലാത്തവര്‍ ഏതു നിയമത്തിന്റെയും പിടിയില്‍ നിന്ന് ഊരിച്ചാടാന്‍ പഴുതുകള്‍ കണ്ടെത്തും. സ്ത്രീത്വത്തോടുള്ള സാമൂഹിക മാനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം വരേണ്ടിയിരിക്കുന്നു. അതിന് സാമൂഹികമായ ബോധവത്കരണം ആവശ്യമാകുന്നു. ഇത് സര്‍ക്കാര്‍ മെഷനറി കൊണ്ട് മാത്രം സാധ്യമാകണമെന്നില്ല.  മത നേതൃത്വവും സാംസ്‌കാരിക  പ്രസ്ഥാനങ്ങളുമെല്ലാം അതില്‍ കൂടുതല്‍ ഊര്‍ജസ്വലമായ  പങ്കുവഹിക്കേണ്ടതുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം