Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

ഇസ്‌ലാമിസ്റ്റുകള്‍ വിപ്ലവത്തെ റാഞ്ചിയോ?

സി. ദാവൂദ്‌

ന്യൂയോര്‍ക്കില്‍ നിന്നിറങ്ങുന്ന ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ജോസഫ് ജോഫ് എഴുതിയ (2011 സെപ്തംബര്‍ 16) 'അറബ് വസന്തത്തെക്കുറിച്ച ശുഭചിന്തകര്‍ക്ക് തെറ്റി' (Optimists were wrong about Arab Spring) എന്ന ലേഖനത്തിന്റെ ആദ്യ ഖണ്ഡിക വായിക്കുക: 'ഞാന്‍ മാത്രമായിരുന്നില്ല അങ്ങിനെ കരുതിയത്; എങ്കിലും അബദ്ധം എന്റേതു കൂടിയാണ്. 'ജനാധിപത്യം, സ്വാതന്ത്ര്യം...'എന്ന് അലറിക്കൊണ്ട് ജനക്കൂട്ടം തഹ്‌രീര്‍ സ്‌ക്വയറില്‍ വന്നു നിറഞ്ഞപ്പോള്‍ മറ്റ് പലരെയും പോലെ ഞാനും വിചാരിച്ചു; അറബ് നാട്ടില്‍ പുതിയ പ്രഭാതം പുലര്‍ന്നുവെന്ന്. അവര്‍ അമേരിക്കന്‍, ഇസ്രയേലീ പതാകകള്‍ കത്തിക്കുന്നുണ്ടായിരുന്നില്ല. എന്തൊരത്ഭുതം -ഞാനോര്‍ത്തു പോയി. വെറുപ്പിന്റെ നായ്ക്കള്‍ കുരക്കുന്നില്ല. അതിശയകരമാം വിധം അചിന്ത്യമായ നിമിഷങ്ങള്‍! ജനങ്ങളെ സ്വതന്ത്രരാക്കൂ; എങ്കില്‍ അമേരിക്കന്‍-ഇസ്രയേലീ വിരുദ്ധത എന്ന മയക്കുമരുന്നില്‍ നിന്ന് അവര്‍ സ്വയം മുക്തരായിക്കൊള്ളും. അവരുടെ സര്‍വമാന യാതനകള്‍ക്കും അടിച്ചമര്‍ത്തലിനും കാരണക്കാരായ തമ്പുരാക്കന്മാര്‍ അവരില്‍ കുത്തിയിറക്കിയതാണ് ഈ മയക്കുമരുന്ന്. പക്ഷേ, അതൊരു പൊട്ടന്‍ പ്രഭാതമായിരുന്നുവെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. കഴിഞ്ഞയാഴ്ച കയ്‌റോവിലെ ഇസ്രയേല്‍ എംബസി കുടിയൊഴിപ്പിച്ചത് കൊണ്ട് മാത്രമല്ല ഞാനിത് പറയുന്നത്. ഇപ്പോള്‍ എന്റെ മേശപ്പുറത്ത് മെയ് 13-ന് എടുത്ത റോയ്‌ട്ടേഴ്‌സിന്റെ ഒരു ഫോട്ടോ ഇരിപ്പുണ്ട്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ വായിക്കാം: 'തഹ്‌രീര്‍ സ്‌ക്വയറില്‍ നടന്ന പ്രകടനത്തിനിടെ ജനങ്ങള്‍ ഇസ്രയേല്‍ പതാക കത്തിക്കുന്നു'. ജനുവരിയില്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അറബ് അമര്‍ഷത്തിന്റെ ഇത്തരം അടയാളങ്ങളൊന്നും കാണാനുണ്ടായിരുന്നില്ല'. അറബ് വസന്തത്തെക്കുറിച്ച പടിഞ്ഞാറിന്റെ ശുഭപ്രതീക്ഷകള്‍ എന്തൊക്കെയായിരുന്നുവെന്നും അതിന് മാറ്റങ്ങള്‍ വന്നുതുടങ്ങുന്നതെങ്ങിനെയെന്നും ജോസഫ് ജോഫ് സത്യസന്ധമായി ചിത്രീകരിച്ചിട്ടുണ്ട്. ജോസഫ് ഈ ലേഖനം എഴുതുന്ന സമയത്ത് വിപ്ലവാനന്തര അറബ് നാടുകളില്‍ തെരഞ്ഞെടുപ്പ് നടക്കുകയോ ഫലങ്ങള്‍ പുറത്തുവരികയോ ചെയ്തിരുന്നില്ല. അതിന് മുമ്പുള്ള ചില ലക്ഷണങ്ങള്‍ വെച്ചുതന്നെ കാര്യങ്ങള്‍ തങ്ങളുടെ ആഗ്രഹചിന്തകള്‍ക്കനുസരിച്ചല്ല നീങ്ങുന്നതെന്ന് അവര്‍ക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു.
എന്തായിരുന്നു പടിഞ്ഞാറിന്റെ ശുഭചിന്തകള്‍? തങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ അടുപ്പം കൂടാന്‍ പറ്റുന്ന തരത്തില്‍, വിദ്യാസമ്പന്നരും ലിബറല്‍ മതേതരവാദികളുമായ ആളുകളുടെ നേതൃത്വത്തില്‍ നടക്കുന്ന വിപ്ലവത്തിന് ശേഷം തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ ക്രമം അറബ് നാടുകളില്‍ ഉയര്‍ന്നുവരുമെന്ന് പല പടിഞ്ഞാറന്‍ വിദഗ്ധരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അറബ് വസന്തത്തിന്റെ ഫലങ്ങള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അനുകൂലമായി വരുന്നതോടു കൂടി തങ്ങളുടെ ശുഭചിന്തകള്‍ക്ക് അര്‍ഥമില്ലെന്ന് അവര്‍ തന്നെ പറയാന്‍ തുടങ്ങി. ഈ ആശയത്തോടൊപ്പം പ്രചരിക്കുന്ന മറ്റൊരു കാര്യമാണ് അറബ് വസന്തം ഇസ്‌ലാമിസ്റ്റുകള്‍ റാഞ്ചിയെടുത്തുവെന്നത്. പടിഞ്ഞാറന്‍ വൃത്തങ്ങളില്‍ മാത്രമല്ല അറബ് നാടുകളിലും ഈ പ്രചാരണം വലിയ തോതില്‍ നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലും അറബ് വസന്തത്തോട് തുടക്കത്തില്‍ പലരും കാണിച്ചിരുന്ന താല്‍പര്യം പിന്നീട് പതിയെ ഇല്ലാതായത് ഇസ്‌ലാമിസ്റ്റുകള്‍ അതിന്റെ ഫലം കൊയ്യുന്നത് കണ്ടുതുടങ്ങിയപ്പോഴാണ്. മലയാളത്തിലെ പ്രമുഖ ലിബറല്‍/ഇടതുചിന്തകനായ ഹമീദ് ചേന്ദമംഗല്ലൂര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2011 ഡിസംബര്‍ 18) എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് തന്നെ 'വിമോചനം പൂക്കാത്ത അറബ് വസന്തം' എന്നായിരുന്നു. വിപ്ലവാനന്തര അറബ് നാടുകളില്‍ തെരഞ്ഞെടുപ്പ് നടക്കുകയും ഇസ്‌ലാമിസ്റ്റുകള്‍ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിക്കുകയും ചെയ്ത വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴാണ് ഈ ലേഖനം പ്രത്യക്ഷപ്പെടുന്നത്. ആ ലേഖനം അവസാനിക്കുന്നതിങ്ങനെ: '..അങ്ങനെ വന്നാല്‍ ബിന്‍ അലിയുടെയും മുബാറക്കിന്റെയും ഖദ്ദാഫിയുടെയും സ്വേഛാധിപത്യത്തില്‍ നിന്ന് വിമോചതിരായ അറബ് ജനത മതസ്വേഛാധിപത്യത്തിന്റെ ചങ്ങലകളില്‍ തളക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് വന്നുകൂടുക. അവരെ സംബന്ധിച്ചേടത്തോളം തഹ്‌രീര്‍ (സ്വാതന്ത്ര്യം) വിദൂരസ്വപ്നമായി അവശേഷിക്കുന്ന അവസ്ഥ തുടരും'. ഈജിപ്തിലെയും തുനീഷ്യയിലെയും ലിബിയയിലെയും ജനങ്ങളുടെ ഇഛയോ അവരുടെ തെരഞ്ഞെടുപ്പോ പ്രസക്തമല്ല, അവര്‍ തങ്ങളുദ്ദേശിക്കുന്നവരെ തെരഞ്ഞെടുത്തില്ലെങ്കില്‍ അത് ജനാധിപത്യമോ സ്വാതന്ത്ര്യമോ അല്ല എന്ന മതേതര വരേണ്യതയാണ് ഈ വരികളില്‍ തിളച്ചുമറിയുന്നത്. ഒരു വശത്ത് ബഹുകക്ഷി ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും എന്നാല്‍ അതിന്റെ ഫലങ്ങള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കാവുമ്പോള്‍ ആ പ്രക്രിയയെ തന്നെ അപ്പാടെ തള്ളിപ്പറയുകയും ചെയ്യുന്ന ലിബറലുകളുടെയും മതേതരവാദികളുടെയും സ്ഥിരം കാപട്യത്തെയാണ് ഒന്നാമതായി ഇത് വെളിപ്പെടുത്തുന്നത്. നേരത്തെ അള്‍ജീരിയയില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റ് തെരഞ്ഞെടുപ്പ് വിജയം നേടിയപ്പോഴും (1991) ഗസ്സയില്‍ ഹമാസ് വിജയം നേടിയപ്പോഴും (2006) ഇതേ കാപട്യം ഇതിലും പ്രകടമായി ലോകം കണ്ടതാണ്. വിപ്ലവാനന്തര അറബ് നാടുകളിലെ ഇടതു, ലിബറല്‍, മതേതര കക്ഷികളും ഉത്തരാധുനിക രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന ചില ഗ്രൂപ്പുകള്‍ വരെ, തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന ശേഷം ഇതേ കപട സമീപനം സ്വീകരിച്ചതും നമുക്ക് കാണാം.
ലിബറല്‍, ഇടത്, മതേതരവാദികളുടെ ഈ കാപട്യത്തിന്റെ ഏറ്റവും പരിഹാസ്യവും വികൃതവുമായ അനുഭവം ഈജിപ്തില്‍ നമുക്ക് കാണാം. വിപ്ലവാനന്തര ഈജിപതിലെ ജനകീയ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള കുപ്രസിദ്ധമായ വിധി 2012 ജൂണ്‍ 14ന് ഈജിപ്ഷ്യന്‍ സുപ്രീംകോടതി പുറപ്പെടുവിക്കുകയുണ്ടായി. മുബാറക് യുഗത്തിന്റെ അവശിഷ്ടങ്ങളായ ഈജിപ്തിലെ കോടതിയും സൈന്യവും ബ്യൂറോക്രസിയുമെല്ലാം ചേര്‍ന്ന് വിപ്ലവത്തെ ഞെരിച്ചുകൊല്ലാന്‍ നടത്തിയ പലവിധ ശ്രമങ്ങളിലൊന്ന് മാത്രമായിരുന്നു ഈ പിരിച്ചുവിടല്‍ വിധിയും. ജനാധിപത്യത്തിന് നേര്‍ക്കുണ്ടായ പച്ചയായ കൈയേറ്റം. എന്നാല്‍ ഈ വിധിയെ ആത്മാര്‍ഥമായി അപലപിക്കാനോ പാര്‍ലമെന്റ് പുനഃസ്ഥാപന യത്‌നങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനോ അവിടെയുള്ള ലിബറലുകളും നാസറിസ്റ്റുകളും ഇടതുവാദികളും സന്നദ്ധരായില്ല. ഇസ്‌ലാമിസ്റ്റുകള്‍ക്ക് മുന്‍തൂക്കമുള്ള പാര്‍ലമെന്റ് പോകുന്നെങ്കില്‍ പോകട്ടെ എന്നതായിരുന്നു അവരുടെ നിലപാട്. മുബാറക് അവശിഷ്ടങ്ങളോട് മുസ്‌ലിം ബ്രദര്‍ഹുഡ് മൃദു സമീപനം സ്വീകരിക്കുന്നുവെന്ന മതേതരവാദികളുടെ ആരോപണങ്ങള്‍ക്കിടെയാണ് ഈ സംഭവമുണ്ടായത് എന്നുകൂടി ഓര്‍ക്കുക. അപ്പോള്‍, ഇസ്‌ലാമിസ്റ്റുകളുടെ കാര്യത്തിലാവുമ്പോള്‍ ജനാധിപത്യമൂല്യങ്ങള്‍ ലംഘിക്കപ്പെട്ടാലും കുഴപ്പമില്ല എന്നതാണ് മതേതര പൊതുധാരയുടെ നയം എന്ന് വ്യക്തം. ഇസ്‌ലാമിസ്റ്റുകളോടുള്ള വിയോജിപ്പ് തങ്ങള്‍ തന്നെ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അട്ടിമറിക്കുന്നതായാലും കുഴപ്പമില്ല എന്ന സമീപനം തങ്ങളെത്തന്നെ ധാര്‍മ്മികമായും രാഷ്ട്രീയമായും പാപ്പരാക്കുകയാണ് എന്നവര്‍ മനസ്സിലാക്കുന്നില്ല.
അറബ് വസന്തം ഇസ്‌ലാമിസ്റ്റുകള്‍ റാഞ്ചിയെന്ന പരിവേദനത്തിന്റെ അടിസ്ഥാനമെന്താണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈ ആരോപണമുന്നയിക്കുന്നവര്‍ നിരന്തരം ഉയര്‍ത്തുന്ന വാദമാണ് അറബ് പ്രക്ഷോഭങ്ങള്‍ ഇസ്‌ലാമിസ്റ്റുകള്‍ സംഘടിപ്പിച്ചതല്ല എന്നത്. എന്നാല്‍, വിപ്ലവം നടത്തിയത് തങ്ങളാണെന്ന് ഇസ്‌ലാമിസ്റ്റുകള്‍ ഒരിക്കലും വാദിച്ചിട്ടില്ല എന്നതാണ് സത്യം. അറബ് നാടുകളില്‍ നടക്കുന്നത് ഇസ്‌ലാമിക വിപ്ലവമാണ് എന്നുപോലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. 2011 ഫെബ്രുവരി എട്ടിന് ഇറാന്‍ ആത്മീയനേതാവായ അലി ഖാംനഈ അത്തരമൊരു പ്രസ്താവന നടത്തുകയുണ്ടായി. തെഹ്‌റാനില്‍ ഒരു സൈനിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാനില്‍ സംഭവിച്ചതില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് അറബ് ഉത്തരാഫ്രിക്കന്‍ നാടുകളിലെ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെക്കുറിച്ച് അദ്ദേഹം ആവേശത്തോടെ സംസാരിച്ചു. വിപ്ലവാനന്തരം ഇറാനെ മാതൃകയാക്കി അവര്‍ക്ക് മുന്നോട്ട് പോവാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഇതിനെ നിഷേധിച്ചുകൊണ്ട് മുസ്‌ലിം ബ്രദര്‍ഹുഡ് രംഗത്ത് വന്നു. ബ്രദര്‍ഹുഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ഇഖ്‌വാന്‍വെബ് ഡോട്ട് നെറ്റ് ഖാംനഇയുടെ പ്രസ്താവനയോട് പ്രതികരിച്ച് പുറത്തിറക്കിയ കുറിപ്പില്‍ നിന്ന്: 'ഈജിപ്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഏതെങ്കിലും ഇസ്‌ലാമിക ആശയധാരകള്‍ തുടങ്ങിയതല്ല. ഇത് ഇസ്‌ലാമിക വിപ്ലവമല്ല; ഈജിപ്തുകാരുടെ വിപ്ലവമാണ്. പരിഷ്‌കരണത്തിനും ജനാധിപത്യ സിവില്‍ സ്റ്റേറ്റിനും വേണ്ടി വാദിക്കുന്ന സമാധാനപരമായ വിപ്ലവമാണിത്. അതിനുവേണ്ടി ആഗ്രഹിക്കുന്ന യുവാക്കള്‍ ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് ആരംഭിച്ച ഈ സംരംഭം ഏതെങ്കിലും ഇസ്‌ലാമിക ഗ്രൂപ്പുകളുമായി വിദൂരബന്ധമേയുളളൂ. അനീതിക്കും സ്വേഛാധിപത്യ വ്യവസ്ഥക്കുമെതിരെ എല്ലാ വിഭാഗത്തിലും എല്ലാ മതത്തിലും പെട്ട ഈജിപ്തുകാര്‍ നയിക്കുന്ന വിപ്ലവമാണിത്'. വിപ്ലവത്തിന്റെ ഒരു സന്ദര്‍ഭത്തിലും ഇത് തങ്ങള്‍ സംഘടിപ്പിച്ചതാണെന്ന് ഇസ്‌ലാമിസ്റ്റുകള്‍ അവകാശപ്പെട്ടിട്ടില്ല എന്നതാണ് സത്യം.
ഇസ്‌ലാമിസ്റ്റുകള്‍ വിപ്ലവത്തില്‍ വൈകിവന്നവരാണ് എന്നതാണ് മറ്റൊരു വിമര്‍ശം. ഈ വിമര്‍ശം ശരിയുമാണ്. അറബ് പ്രക്ഷോഭങ്ങളുടെ തുടക്കത്തില്‍, തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ ഇസ്‌ലാമിസ്റ്റുകള്‍ മുന്‍നിരയിലുണ്ടായിരുന്നില്ല. എന്നാല്‍ യമന്‍, ജോര്‍ദന്‍, സിറിയ എന്നിവിടങ്ങളില്‍ നേരെ തിരിച്ചാണ് അനുഭവം. ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ നിര്‍ണ്ണായക മുഹൂര്‍ത്തമായി പിന്നീട് ചരിത്രം വിലയിരുത്തിയ 2011 ജനുവരി 25ന്റെ റാലി ആഹ്വാനം ചെയ്തവരില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഉണ്ടായിരുന്നില്ല. ഏറെ ആലോചനകള്‍ക്കും പ്രസ്ഥാനത്തിലെ യുവനിരയുടെ സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷം ജനുവരി 23ന് മാത്രമാണ് ഈ റാലിയില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാനുള്ള അനുവാദം ബ്രദര്‍ഹുഡ് ഔദ്യോഗികമായി നല്‍കുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന ബ്രദര്‍ഹുഡിന്റെ തീരുമാനം പ്രക്ഷോഭരംഗത്തുള്ളവര്‍ക്ക് വര്‍ധിച്ച ആത്മവിശ്വാസം നല്‍കുകയുണ്ടായി. വര്‍ധിച്ച ജനപിന്തുണയും തൃണമൂലതലത്തില്‍ സംഘടനാ സംവിധാനവുമുള്ള ബ്രദര്‍ഹുഡിന്റെ സാന്നിധ്യം പ്രക്ഷോഭവിജയത്തിന് ഏറെ ഗുണകമാവുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അപ്പോള്‍പോലും പ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തേക്ക് വരാന്‍ ബ്രദര്‍ഹുഡ് സന്നദ്ധമായിരുന്നില്ല. 'അല്‍ ഇസ്‌ലാമു ഹുവല്‍ ഹല്ല്' (ഇസ്‌ലാമാണ് പരിഹാരം) പോലുള്ള ബ്രദര്‍ഹുഡിന്റെ പരമ്പരാഗത മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തരുതെന്നും നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. പ്രക്ഷോഭത്തിന്റെ മുന്‍നരിയിലേക്ക് വരുന്നതിന് പകരം, കര്‍ട്ടന് പിന്നില്‍ നില്‍ക്കാനാണ് ബ്രദര്‍ഹുഡ് എപ്പോഴും താല്‍പര്യം പ്രകടിപ്പിച്ചത്. പ്രക്ഷോഭകാരികള്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിക്കുക, വൈദ്യസഹായം നല്‍കുക, തഹ്‌രീര്‍ സ്‌ക്വയര്‍ പോലുള്ള പ്രക്ഷോഭകേന്ദ്രങ്ങളിലെ ടെന്റുകള്‍ സ്ഥാപിക്കുക, പ്രക്ഷോഭകേന്ദ്രങ്ങളിലെ മാലിന്യനീക്കം എന്നിങ്ങനെ സമരത്തെ ചിട്ടപ്പെടുത്താനും അച്ചടക്കപൂര്‍ണ്ണമാക്കാനുമുള്ള യത്‌നങ്ങളിലാണ് അവര്‍ മുഴുകിയത്. പ്രക്ഷോഭകാരികളെ ആക്രമിക്കാന്‍ മുബാറകിന്റെ പാര്‍ട്ടിക്കാര്‍ ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും അയച്ചപ്പോള്‍ അവരെ തടയാനും രംഗത്തുണ്ടായിരുന്നത് ബ്രദര്‍ഹുഡ് വളണ്ടിയര്‍മാരായിരുന്നു.
സ്വേഛാധിപത്യ വ്യവസ്ഥയോടുള്ള എന്തെങ്കിലും ആഭിമുഖ്യം കാരണമായല്ല ബ്രദര്‍ഹുഡ് പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിലയുറപ്പിക്കാതിരുന്നത്. തന്ത്രപരമാവും നയപരവുമായും ആലോചിച്ചുറപ്പിച്ച നീക്കമായിരുന്നു അത്. വിപ്ലവത്തെ ഞെരിച്ചുകൊല്ലാന്‍ ഭരണകൂടത്തിന് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ആയുധമാണ് ഇതിന് പിന്നില്‍ ഇസ്‌ലാമിസ്റ്റുകളാണെന്ന പ്രചാരണം. പ്രക്ഷോഭങ്ങളുടെ ആദ്യനാളുകളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ്, അല്‍ഖാഇദ പോലുള്ള തീവ്രവാദികളാണ് സര്‍വകുഴപ്പങ്ങളുടെയും കാരണമെന്ന് മുബാറക് ഭരണകൂടം ആരോപിച്ചിരുന്നു. ബ്രദര്‍ഹുഡ് പങ്കെടുക്കാതെ തന്നെ, ഇങ്ങനെയൊരു ആരോപണമുന്നയിച്ചത് അതിന് ലഭിച്ചേക്കാവുന്ന സാര്‍വദേശീയ പിന്തുണ നഷ്ടപ്പെടുത്താന്‍ ഉദ്ദേശിച്ചാണ്. പടിഞ്ഞാറന്‍ നേതൃത്വത്തിലുള്ള ലോകക്രമത്തില്‍ അങ്ങേയറ്റം അശ്ലീലമായ പദമാണല്ലോ ഇസ്‌ലാമിസ്റ്റുകള്‍ എന്നത്. ഇസ്‌ലാമിസ്റ്റുകളെന്ന് കേള്‍ക്കുമ്പോഴേക്ക് വാളെടുത്ത് ഉറഞ്ഞുതുള്ളുന്നവരാണ് കിഴക്കും പടിഞ്ഞാറും ഇടത്തും വലത്തുമുള്ള ഭരണകൂടങ്ങള്‍. അവര്‍ക്ക് ഒരു മരുന്നിട്ടു കൊടുക്കാനുള്ള ബുദ്ധിശൂന്യത ഇസ്‌ലാമിസ്റ്റുകള്‍ കാണിച്ചില്ല എന്നത് മാത്രമാണ് സംഭവിച്ചത്. ഭരണകൂടവുമായുള്ള ഇടപാടുകളുടെ കാര്യത്തില്‍ കഴിഞ്ഞ ഏതാനും ശതകങ്ങളായി ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകള്‍ കാണിക്കുന്ന നയകോവിദത്തത്തിന്റെ നിദര്‍ശനം കൂടിയാണിത്. അതിനാല്‍ ഇസ്‌ലാമിസ്റ്റുകള്‍ വൈകിയെന്ന് ആരോപണത്തിന് പ്രത്യക്ഷത്തില്‍ ശരിയുണ്ടെങ്കിലും തന്ത്രപരമായി അത് അതിനെക്കാള്‍ വലിയ ശരിയായിരുന്നു.
ഈജിപ്തില്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചവര്‍, ജനകീയ സംഘാടനത്തിലോ പ്രക്ഷോഭങ്ങളിലോ മുന്‍പരിചയമില്ലാത്തവരായിരുന്നു. കണിശമായ സംഘടനാ ചിട്ടകളും സംവിധാനങ്ങളുമില്ലാത്ത ആള്‍ക്കൂട്ടം. അവരില്‍ തന്നെ നല്ലൊരു ശതമാനം നഗവരവാസികളും വിദ്യാസമ്പന്നരും ഉപരി, മധ്യവര്‍ഗങ്ങളില്‍ നിന്നു വരുന്നവരുമായ യുവാക്കള്‍. പോലിസുമായും ഭരണകൂടവുമായും ഏറ്റുമുട്ടിയതിന്റെ മുന്‍പരിചയം അവര്‍ക്കില്ലായിരുന്നു. സര്‍വശക്തനായി വാണിരുന്ന ഹുസ്‌നി മുബാറകിന്റെ സുരക്ഷാ സൈനികരോട് അധികകാലം മുഖാമുഖം പൊരുതി നില്‍ക്കാനുള്ള പ്രാപ്തിയും അവര്‍ക്കില്ലായിരുന്നു. അതുകൊണ്ടാണ് ബ്രദര്‍ഹുഡിന്റെ പ്രക്ഷോഭ രംഗത്തേക്കുള്ള അരങ്ങേറ്റം അവരെല്ലാം ആഹ്ലാദത്തോടെയും ആവേശത്തോടെയും കണ്ടത്. ബ്രദര്‍ഹുഡിന്റെ കടന്നുവരവില്‍ അസ്‌ക്യതയുള്ള തീവ്ര ഇടതു ഗ്രൂപ്പുകള്‍ക്കാവട്ടെ, നൂറാളുകളെ ഒന്നിച്ച് സംഘടിപ്പിക്കാനുള്ള ശേഷിയുമുണ്ടായിരുന്നില്ല. ബ്രദര്‍ഹുഡ് രംഗപ്രവേശം ചെയ്തതോടു കൂടി പ്രക്ഷോഭത്തിന്റെ ആഴവും പരപ്പും വികസിക്കുകയായിരുന്നു. ബ്രദര്‍ഹുഡിന്റെ രംഗപ്രവേശത്തിന് ശേഷമുള്ള റാലികളിലെ ജനപങ്കാളിത്തം അതിന്റെ ഏറ്റവും വലിയ തെളിവുമായിരുന്നു. ഒടുവില്‍, 2011 ഫെബ്രുവരി 18 വെള്ളിയാഴ്ച, മുബാറക് സ്ഥാനമെഴിഞ്ഞതിന് ശേഷം തഹ്‌രീര്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കപ്പെട്ട ആഹ്ലാദ ദിനറാലി, പശ്ചിമേഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ ഒത്തുചേരലിന്റെ സന്ദര്‍ഭമായിരുന്നു. 20 ലക്ഷത്തിലേറെ ജനങ്ങള്‍ അന്ന് റാലിയിലും തുടര്‍ന്ന് നടന്ന ജുമുഅ നമസ്‌കാരത്തിലും പങ്കെടുത്തു. വിശ്വപ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനും മുന്‍ ബ്രദര്‍ഹുഡ് അംഗവും 1981ല്‍ ഈജിപ്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആളുമായ ഡോ.യൂസുഫുല്‍ ഖറദാവിയായിരുന്നു അന്നത്തെ മുഖ്യാതിഥി. കൈറോ വിമാനത്താവളം മുതല്‍ പതിനായിരങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തെ തഹ്‌രീര്‍ സ്‌ക്വയര്‍ വരെ ആനയിച്ചു. അന്ന്, തഹ്‌രീര്‍ സ്‌ക്വയറില്‍ അദ്ദേഹം നടത്തിയ ജുമുഅ പ്രഭാഷണം ചരിത്രപ്രസിദ്ധമായിരുന്നു. മുസ്‌ലിംകളോടൊപ്പം കോപ്റ്റിക് ക്രിസ്ത്യാനികളും ആ ജുമുഅയില്‍ അണിചേര്‍ന്നു. മുസ്‌ലിംകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് (അയ്യുഹല്‍ മുഅ്മിനൂന്‍) സാധാരണഗതിയില്‍ ജുമുഅ ഖുത്വ്ബ ആരംഭിക്കാറുള്ളത്. എന്നാല്‍ അന്ന്, മുസ്‌ലിംകളെയും കോപ്റ്റുകളെയും ഒരേസമയം അഭിസംബോധനചെയ്തുകൊണ്ടാണ് ഖറദാവിയുടെ ഖുതുബ ആരംഭിച്ചത്. വിപ്ലവത്തെ സംരക്ഷിക്കേണ്ടതിന്റെ കടമകളെക്കുറിച്ചും പ്രക്ഷോഭകാരികള്‍ സദാ ജാഗ്രത്തായിരിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം അന്ന് ഉദ്‌ബോധിപ്പിച്ചു. ഒപ്പം, അദ്ദേഹത്തിന്റെയും മുസ്‌ലിം ലോകത്തിന്റെയും ഏറ്റുവം വൈകാരിക വിഷയമായ ഫലസ്തീനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പുതുതായി അധികാരമേറ്റ സൈനിക കൗണ്‍സിലിനും (സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്‌സസ്-സ്‌കാഫ്) മുന്നറിയിപ്പുകളും ഉപദേശങ്ങളും നല്‍കാനും അദ്ദേഹം മറന്നില്ല. ഗസ്സക്ക് നേരെയുള്ള ഉപരോധം അവസാനിപ്പിക്കാനും ഹുസ്‌നി മുബാറക് അടച്ചിട്ട റഫായിലെ അതിര്‍ത്തി പൊളിച്ചുമാറ്റുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഈജിപ്ഷ്യന്‍ വിപ്ലവത്തെ ലോക മുസ്‌ലിം ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍, 'മുസ്‌ലിംകളുടെ മാര്‍പാപ്പ' എന്ന് പല പശ്ചാത്യന്‍ മാധ്യമങ്ങളും വിശേഷിപ്പിക്കാറുള്ള ഖറദാവിയുടെ സാന്നിധ്യവും പ്രഭാഷണവും ഉപകരിച്ചു. ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ ശുഭകരമായ പര്യവസാനത്തില്‍ ഇസ്‌ലാമിസ്റ്റുകളുടെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ല എന്ന സന്ദേശമാണ് ഖറദാവിയുടെ സാന്നിധ്യം നല്‍കിയത്. അതേ സമയം, ഈ ജുമുഅയിലേക്ക് ഖറദാവിയെ ക്ഷണിച്ചത് ബ്രദര്‍ഹുഡ് ആയിരുന്നില്ല, യുവജന സംഘടനകളുടെ കൂട്ടായ്മയായിരുന്നുവെന്നതാണ് സത്യം.
ചുരുക്കത്തില്‍, ഇസ്‌ലാമിസ്റ്റുകള്‍ വിപ്ലവത്തെ റാഞ്ചുകയായിരുന്നില്ല; അത് വഴിതെറ്റാതിരിക്കാനും വഴിതെറ്റിക്കാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ എടുക്കുകയായിരുന്നു. അതിനെ തകര്‍ക്കാനുള്ള ശത്രുക്കളുടെ ആഗ്രഹചിന്തകള്‍ക്ക് വളം വെച്ചുകൊടുക്കാതിരിക്കുകയായിരുന്നു. ഇനി, സെക്യുലര്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നത് പോലെ, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വിപ്ലവത്തെ റാഞ്ചിയെന്നുതന്നെ വിചാരിക്കുക; എങ്കില്‍ അത് ചരിത്രത്തിന്റെ വലിയൊരു പകരം വീട്ടലായി കണക്കാക്കാവുന്നത് മാത്രമാണ്. കാരണം, അറബ്, ഉത്തരാഫ്രിക്കന്‍ നാടുകളെ കോളനി ആധിപത്യത്തില്‍ നിന്ന് വിമോചിപ്പിക്കാന്‍ വേണ്ടി രക്തവും ജീവനും ധനവും നല്‍കി പോരാടിയത് അവിടങ്ങളിലെ മതസമൂഹങ്ങളും മതപണ്ഡിതന്മാരുമായിരുന്നു. അബ്ദുല്‍ ഖാദര്‍ ജസാഇരി മുതല്‍, ഉമര്‍ മുഖ്താര്‍ വരെ അതിന്റെ തിളങ്ങുന്ന ഉദാഹരണങ്ങളാണ്. എന്നാല്‍ കോളനി വിമോചനാനന്തരം, സോവിയറ്റ് സാമ്രാജ്യത്വത്തിനോ അമേരിക്കന്‍ സാമ്രാജ്യത്വത്തിനോ രാജ്യത്തെ അടിയറവെച്ച സെക്യുലറുകളാണ് അതത് രാജ്യങ്ങളെ കൈപ്പിടിയിലൊതുക്കിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവാര്‍പ്പണം ചെയ്തവര്‍, അവര്‍ മതഭക്തരായതുകൊണ്ടും ആധുനിക രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളും സങ്കേതങ്ങളും വശമില്ലാത്തതുകൊണ്ടും രാഷ്ട്ര ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയായിരന്നു. പകരം, പടിഞ്ഞാറന്‍ സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങിയവരോ പടിഞ്ഞാറന്‍ സിദ്ധാന്തങ്ങള്‍ക്ക് ചിന്തയെ പണയം വെച്ചവരോ ആണ് രാഷ്ട്ര കാര്യസ്ഥന്മാരായി വന്നത്. അവര്‍, രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത മതത്തെയും മതചിന്തയെയും നിഷ്‌കരുണം ചവിട്ടിയരിച്ചു. അങ്ങനെ ചവിട്ടിയരക്കപ്പെട്ടവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അടക്കമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍. എന്നാല്‍ സെക്യുലര്‍ ഭരണക്രമങ്ങള്‍ അധികം മുന്നോട്ട് പോവുന്നതിന് മുമ്പ് തന്നെ, അതിന്റെ ജീര്‍ണ്ണതകളും ഭീകരതകളും ജനം അനുഭവിക്കേണ്ടിവന്നു തുടങ്ങി. അത്, അതിന്റെ പാരമ്യത്തില്‍ എത്തിയപ്പോഴാണ് വിപ്ലവം വസന്തമായി വിടര്‍ന്നത്. പിന്നെയും ചതിക്കപ്പെടാന്‍ ഇസ്ലാമിസ്റ്റുകള്‍ സന്നദ്ധരല്ലായിരുന്നു എന്നത് മാത്രമാണ് പുതിയ അനുഭവങ്ങള്‍ കാണിക്കുന്നത്.

ഇസ്‌ലാമിസ്റ്റുകള്‍ എന്തുകൊണ്ട് വിജയിക്കുന്നു?
ഇസ്‌ലാമിസം എന്തുകൊണ്ട് വിജയിക്കുന്നു (Why Islamism Is Winning)- ന്യൂയോര്‍ക് ടൈംസ് പത്രത്തില്‍ 2012 ജനുവരി 06ന് JOHN M. OWEN IV എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണിത്. ഞങ്ങള്‍ നടത്തിയ വിപ്ലവം ഇസ്‌ലാമിസ്റ്റുകള്‍ കൊണ്ടുപോയേ എന്ന് പായാരം പറയുന്ന മതേതര, ഇടതുവാദികള്‍ ഇത് വായിക്കണം. അറബ് വസന്തം ഇസ്ലാമിസ്റ്റുകള്‍ റാഞ്ചി എന്ന് പറയുന്നവര്‍, 2010 ഡിസംബര്‍ മുതല്‍ ആരംഭിച്ച് ഏതാനും മാസങ്ങള്‍ നീണ്ടുനിന്ന തെരുവുപ്രകടനങ്ങള്‍ മാത്രമാണ് അറബ് വിപ്ലവം എന്നു തെറ്റിദ്ധരിക്കുന്നവരാണ്. ഏകാധിപത്യത്തിന്റെ ചരിത്രത്തിലെ തുല്യതയില്ലാത്ത പ്രയോഗരീതികള്‍ കൊണ്ട് ഭരണകൂടങ്ങള്‍ അറബ് ജനതയെ ശ്വാസം മുട്ടിച്ചപ്പോള്‍ വിയോജിപ്പിന്റെ ശ്വാസോഛാസം സമൂഹത്തില്‍ നിലച്ചുപോവാതെ നിലനിര്‍ത്തിയത് ഇസ്‌ലാമിസ്റ്റുകളായിരുന്നു. ഇടതുവാദികളും മതേതര ബുദ്ധിജീവികളും പടിഞ്ഞാറന്‍ തലസ്ഥാനങ്ങളിലെ മികച്ച ഹോട്ടലുകളില്‍ ജനാധിപത്യ പുനഃസ്ഥാപന കേണ്‍ഫറന്‍സുകളില്‍ സജീവമാകുമ്പോള്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ ജനങ്ങള്‍ക്കിടയില്‍ വെയിലും മഞ്ഞുമേറ്റ് പ്രവര്‍ത്തിച്ചുവരുന്നവരായിരുന്നു ഇസ്‌ലാമിസ്റ്റുകള്‍. കേവലമായ സൈദ്ധാന്തിക ജാര്‍ഗണുകള്‍ക്കും ഭരണകൂട വിരുദ്ധ മുഷ്ടിചുരുട്ടലുകള്‍ക്കുമപ്പുറത്ത് ഉത്തരവാദിത്തമുള്ള ഒരു വിപ്ലവ പ്രസ്ഥാനമെന്ന നിലയില്‍ സേവകനും ആശ്വാസകനും പ്രബോധകനും പ്രക്ഷോഭകാരിയുമെല്ലാമായി ഇസ്‌ലാമിസ്റ്റ് അറബ് ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ടായിരുന്നു. സുദീര്‍ഘവും സാഹസികവുമായ ഈ പ്രാസ്ഥാനിക യാത്രയുടെ സ്വാഭാവികമായൊരു ഫലശ്രുതി മാത്രമാണ് അറബ് വസന്തത്തിന് ശേഷം സംഭവിച്ചത്. JOHN M. OWEN IV പറയുന്നതിതാണ്: 'അറബ് ലോകത്തെ ഇസ്‌ലാമിസം, 19-ാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ലിബറലിസം പോലെ, ആക്റ്റിവിസ്റ്റുകളുടെ തലമുറ വെട്ടിക്കീറി തുറന്നുവെച്ച ഒരു ചാലാണ്. അറബ് നാട്ടിലാകട്ടെ, യൂറോപ്പിലാകട്ടെ, വിപ്ലവത്തിന്റെ പേമാരി പെയ്യുമ്പോള്‍ വെള്ളം ആ ചാലുകള്‍ കണ്ടെത്തി അതിലൂടെ ഒഴുകും. ഇസ്‌ലാമിസം വിജയിക്കുന്നതിന്റെ കാരണം, അറബ് അസംതൃപ്തിക്ക് ഒഴുകാന്‍ പറ്റുന്ന ഏറ്റവും ആഴവും വീതിയുമുള്ള ചാല്‍ അതാണ് എന്നുള്ളത് കൊണ്ടാണ്'.
ജനാധിപത്യം, ലിബറലിസം, സോഷ്യലിസം, തുടങ്ങി അറബ് നാടുകളുടെ സ്വന്തം ഉല്‍പന്നങ്ങളായ ബാത്തിസവും നാസറിസവുമെല്ലാം പരീക്ഷിച്ച് പരിക്ഷീണമായ അറബ് ജനതയുടെ സ്വാഭാവികമായ തെരഞ്ഞെടുപ്പായിരുന്നു ഇസ്‌ലാം. കാരണം അവരുടെ ചരിത്രത്തിലും പൈതൃകത്തിലും വേരുകളാഴ്ത്തിയിരിക്കുന്ന അനുഭവ പ്രപഞ്ചമാണത്. അതിനോടുള്ള അറബ് ജനതയുടെ വൈകാരിക ബന്ധത്തെ ചൂഷണം ചെയ്താണ്, മതേതരത്വവും സോഷ്യലിസവുമെല്ലാം അവകാശപ്പെടുന്ന അറബ് ഏകാധിപതികള്‍ കാലങ്ങളായി നിലനിന്നുപോന്നതും.
ദേശീയ സ്വാതന്ത്ര്യം മുതല്‍ അറബ് നാടുകളുടെ പൊതുജീവിതത്തിന്റെ അനിഷേധ്യ ഭാഗമാണ് ഇസ്‌ലാമിസ്റ്റുകള്‍. എന്നാല്‍, എങ്ങു നിന്നോ വന്ന അന്യഗ്രഹ ജീവികളെപ്പോലെ, പ്രാഥമിമായ ജനാധിപത്യ മര്യാദകള്‍ പോലും പാലിക്കാതെയാണ് മാറിമാറി വന്ന ഭരണകൂടങ്ങളും അന്താരാഷ്ട്ര സമൂഹവും മതേതര പൊതുബോധവുമെല്ലാം അവരോട് പെരുമാറിയത്. എന്നാല്‍, കയ്പുറ്റ അനുഭവങ്ങള്‍, തങ്ങളെ കൂടുതല്‍ നിഷേധാത്മകതയിലേക്ക് നയിക്കുന്നതിന് പകരം ക്രിയാത്മകതയിലേക്കും വികാസത്തിലേക്കും നയിക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്രയിക്കാന്‍ പറ്റുന്ന വിഭാഗമായി അങ്ങിനെ അവര്‍ മാറുകയായിരുന്നു. 'ഇസ്‌ലാമിസ്റ്റുകള്‍ എന്തുകൊണ്ട് മെച്ചപ്പെട്ട ജനാധിപത്യവാദികളാവുന്നു? (Why Islamists Are Better Democrats) എന്ന തലക്കെട്ടില്‍ ടൈം മാഗസിനില്‍ ബോബി ഘോഷ് എഴുതിയ ലേഖനം (19 ഡിസംബര്‍ 2011) ഇതാണ് കാണിക്കുന്നത്. സാഹചര്യങ്ങളെ മനസ്സിലാക്കി, അതിനോട് ക്രിയാത്മകമായി സമ്പര്‍ക്കപ്പെടാനുള്ള ഇസ്‌ലാമിസ്റ്റുകളുടെ ശേഷിയാണ് അറബ് വസന്തത്തിന്റെ ഗുണഫലം ഏറ്റവുമധികം നേടിയെടുക്കാന്‍ ഇസ്‌ലാമിസ്റ്റുകളെ പ്രാപ്തമാക്കിയത്. ഇടതു, മതേതരവാദികളുടെ നിഷേധാത്മക സമീപനമാണ് അവരെ ചിത്രത്തിന്റെ അരികുകളിലേക്ക് കൊണ്ടുപോകുന്നതും.
cdawud@gmail.com

Comments

Other Post