Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

അറബ് വസന്തം സാധ്യമാക്കിയത് ബഹുജന സഞ്ചയത്തിന്റെ വന്‍ സമരങ്ങള്‍

ബി. രാജീവന്‍ / സമദ് കുന്നക്കാവ്‌

''പഴയതു പോലുള്ള വലിയ പ്രസ്ഥാനത്തിനോ സംഘടനക്കോ ഇനി സാധ്യതയില്ല. ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍, പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലുള്ള സംഘടനക്കാണ് സാധ്യത. നവജനാധിപത്യ പ്രസ്ഥാനങ്ങളുടെ പുതിയ വളര്‍ച്ച സര്‍ഗാത്മകതയുടെ പുതിയ ലോകങ്ങള്‍ തുറന്നുവിടും. രാഷ്ട്രീയ സമൂഹത്തിന്റെ ഭാഗമായിക്കഴിഞ്ഞ പാര്‍ട്ടികള്‍ക്ക് കഴിയാത്ത പല അടിസ്ഥാന വിപ്ലവ മാറ്റങ്ങള്‍ക്കും പുതിയ പ്രസ്ഥാനങ്ങള്‍ സഹായകമാവും.'' 'വാക്കുകളും വസ്തുതകളും' എന്ന കൃതിയിലെ കൗതുകകരവും ആവേശകരവുമായ ഈ നിരീക്ഷണം മുന്നില്‍വെച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ, അറബ് ലോകത്ത് രൂപപ്പെടുന്ന പുതിയ മാറ്റങ്ങളോടും താങ്കള്‍ക്ക് ഈ സമീപനം തന്നെയല്ലേ?
തീര്‍ച്ചയായും ഈ സമീപനം തന്നെയാണുള്ളത്. വിമര്‍ശനങ്ങളും വൈകല്യങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ടെങ്കിലും അതിനകത്ത് പ്രവര്‍ത്തിക്കുന്ന മൂല്യങ്ങളും രാഷ്ട്രീയ ശക്തികളും അടിസ്ഥാനപരമായി ജനാധിപത്യപരമാണ്. പാശ്ചാത്യ ആധുനികതയുമായി ബന്ധപ്പെട്ട സാമ്പ്രദായികമായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. ലോകത്തെ മുഴുവന്‍ ഭരിച്ചതും നിയന്ത്രിച്ചതും ആ വീക്ഷണമാണ്. ജനങ്ങളുടെ മതവിശ്വാസങ്ങള്‍, ഗോത്രപരമോ ജാതിപരമോ ആയ പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം ലോകത്തുണ്ടായിരുന്നു. പക്ഷേ, നമ്മള്‍ പലപ്പോഴും അടിസ്ഥാനപരമായി, മോഡലായി എടുത്തിട്ടുള്ളത് യൂറോപ്യന്‍ പൊളിറ്റിക്‌സാണ്. ഈ യൂറോപ്യന്‍ മോഡലിന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ളതാണ്. ഹോബ്‌സ് മുതലുള്ളവരുടെ രാഷ്ട്രീയ വീക്ഷണത്തില്‍ ഇത് വ്യക്തമാണ്. എങ്ങനെ ഒരു രാജ്യത്തെ ഭരിക്കാം, അതിനുള്ള ഉപകരണങ്ങളെങ്ങനെ നിര്‍മിക്കാം, ഭരണകൂട ചട്ടക്കൂടെങ്ങനെ ഉണ്ടാക്കാം എന്നൊക്കെയുമായി ബന്ധപ്പെട്ടതാണത്. പക്ഷേ, എങ്ങനെ ജനങ്ങളെ മോചിപ്പിക്കാം എന്നതുമായി ബന്ധപ്പെട്ടതല്ല അടിസ്ഥാനപരമായി യൂറോപ്യന്‍ പൊളിറ്റിക്‌സ്. അതെന്നും ജനങ്ങളുടെ മോചനത്തെ തടഞ്ഞിട്ടേയുള്ളൂ. വലിയ വിപ്ലവങ്ങള്‍ യൂറോപ്പില്‍ ഉണ്ടായപ്പോള്‍ പോലും അതായിരുന്നു അവസ്ഥ. പൊളിറ്റിക്കല്‍ സയന്‍സൊന്നും അടിസ്ഥാനമാക്കാതെ ജനങ്ങള്‍ കലാപം ചെയ്യുന്ന ഘട്ടങ്ങള്‍ പലപ്പോഴും ഉണ്ടാകും. പഴയ വ്യവസ്ഥയെ ജനങ്ങള്‍ അട്ടിമറിക്കുകയും ചെയ്യും. എന്നാല്‍, ഒടുവില്‍ വിപ്ലവത്തിന്റെ നേതാക്കന്മാര്‍ വന്നുപറയും ഇനി നിര്‍ത്തൂ എന്ന്. ഇനി നിങ്ങള്‍ ആയുധം വെക്കൂ; ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഭരണം നടത്താം. ഇങ്ങനെ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഭരിക്കാം എന്നുപറയുന്നതിന്റെ ചരിത്രമാണ് യൂറോപ്യന്‍ വിപ്ലവങ്ങളുടെ പാഠങ്ങള്‍. അതിലാണ് ഇപ്പോള്‍ ഒരു വ്യത്യസ്തത സംഭവിക്കാന്‍ പോകുന്നത്.

രാഷ്ട്രീയ ഇസ്‌ലാം നേടിയ തെരഞ്ഞെടുപ്പു വിജയങ്ങള്‍ ജനപങ്കാളിത്തത്തിന്റെ അപൂര്‍ണതകൊണ്ടായിരുന്നു എന്ന് സമീര്‍ അമീന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, അതിനെയെല്ലാം മറികടന്നുകൊണ്ട് വന്‍ ജനപങ്കാളിത്തത്തോടുകൂടി ബ്രദര്‍ഹുഡ് ഭരണത്തിലെത്തിക്കഴിഞ്ഞു. തുനീഷ്യയുടെ കാര്യവും വ്യത്യസ്തമല്ല. ക്ലാസിക്കല്‍ ഇടതു നിരീക്ഷണങ്ങളും ഡോഗ്മാറ്റിക്കായ പ്രസ്താവങ്ങളും രാഷ്ട്രീയ ഇസ്‌ലാമുമായി ബന്ധപ്പെടുമ്പോള്‍ പിഴക്കുന്നു എന്നതിന്റെ തെളിവല്ലേ ഇത്?
സമീര്‍ അമീനെ പോലുള്ളവര്‍ മാര്‍ക്‌സിസത്തിന്റെ ഒരു ക്ലാസിക്കല്‍ ഭൂമികയിലാണ് നിലകൊള്ളുന്നത്. മാര്‍ക്‌സിസത്തില്‍ തന്നെ അന്തര്‍ഭവിച്ചിരിക്കുന്ന അടിസ്ഥാന ജനാധിപത്യ സ്വഭാവത്തെ അവര്‍ കാണുന്നില്ല. കാരണം, അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം വെസ്റ്റേണ്‍ പൊളിറ്റിക്കല്‍ മോഡലിനെയാണ് ആശ്രയിക്കുന്നത്. ഇവര്‍ ആഗോളവത്കരിക്കപ്പെട്ട പുതിയ മുതലാളിത്തത്തെ നേരിടാന്‍ പഴയ സോഷ്യലിസ്റ്റ് വിപ്ലവ സങ്കല്‍പങ്ങള്‍ തന്നെ മതി എന്ന് വിശ്വസിക്കുന്നവരാണ്. പഴയ സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാമെന്നും അവയുടെ നഷ്ടപ്പെട്ട വിജയങ്ങള്‍ തിരിച്ചുപിടിക്കാമെന്നും അങ്ങനെ പുതിയ മുതലാളിത്തത്തെ പരാജയപ്പെടുത്താമെന്നും അവര്‍ വിശ്വസിക്കുന്നുണ്ടാവണം. എന്നാല്‍, ആഗോള മുതലാളിത്തത്തെ അഭിമുഖീകരിക്കുന്ന പുതിയ രാഷ്ട്രീയ കര്‍തൃത്വമെന്നത് സിവില്‍ സമൂഹത്തിന്റെ അധികാര ബന്ധങ്ങളെ ഭേദിച്ചു പുറത്തേക്കുവരുന്ന ഒരു കര്‍തൃത്വമാണ്. അഥവാ, സാമൂഹികവല്‍കരിക്കപ്പെട്ട അധ്വാനത്തിന്റെ വിവിധ രൂപങ്ങളുമായി ബന്ധപ്പെട്ട എല്ലാവരും ആഗോള മൂലധനത്തിനെതിരായ സമരങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്നവരായി മാറുന്നു. വീട്ടടിമകളാക്കപ്പെട്ട സ്ത്രീകളും കഠിനാധ്വാനം അടിച്ചേല്‍പിക്കപ്പെടുന്ന കുട്ടികളും അടിമകളായി തുടരുന്ന ആദിവാസികളും ദളിതരും പീഡിതരായി കഴിയുന്ന ന്യൂനപക്ഷങ്ങളും എല്ലാം പുതിയ വര്‍ഗസമരത്തിന്റെ കര്‍തൃത്വമായി മാറുന്നു. ഇങ്ങനെ തൊഴിലാളിവര്‍ഗ സമരം എന്ന സാമ്പ്രദായിക സാങ്കേതികാര്‍ഥത്തില്‍ നിന്ന് ചൂഷണംചെയ്യപ്പെടുന്ന എല്ലാ വിഭാഗങ്ങളും നേരിട്ടു പങ്കെടുക്കുന്ന ബഹുജന സഞ്ചയ(Multitude)-ത്തിന്റെ സമരമായി അത് വികസിക്കുന്നു. അറബ് ലോകത്തും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമെല്ലാം നടക്കുന്ന പ്രക്ഷോഭങ്ങള്‍ അതിന്റെ ഭാഗമാണ്. എന്നാല്‍, അത്തരം കാഴ്ചകള്‍ കാണാനുള്ള വികാസക്ഷമത സമീര്‍ അമീനെ പോലുള്ളവര്‍ക്ക് ഇല്ല.

ഉത്തരാധുനികതയുടെ സൈദ്ധാന്തിക ബലത്തില്‍ രൂപപ്പെട്ടുവരുന്ന പുതിയ സമര രൂപങ്ങള്‍ കൊണ്ട് മുതലാളിത്തത്തെ നശിപ്പിക്കാമെങ്കിലും വരാനിരിക്കുന്ന അധികാരം കൂടുതല്‍ തീക്ഷ്ണമായ രൂപങ്ങളായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ലോകം നമ്മളൊന്നും മുന്‍കൂട്ടി തയാറാക്കിയ ടൈംടേബിളനുസരിച്ചല്ലല്ലോ മുന്നോട്ടു നീങ്ങുന്നത്. അങ്ങനെ സംഭവിക്കാം, ഇങ്ങനെ സംഭവിക്കാം, എന്തും സംഭവിക്കാം. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെല്ലാം ഇന്ന് പാര്‍ട്ടികള്‍ക്കതീതമാണല്ലോ. ഇങ്ങനെ സംഭവിക്കുന്ന മുന്നേറ്റങ്ങള്‍ ലോകത്തിന്റെ തന്നെ മാറ്റത്തിനുവേണ്ടിയുള്ളതാണ് എന്ന് വിശ്വസിക്കലാണ് അഭികാമ്യം. മറ്റൊന്നിലേക്ക് പോകും എന്ന് പറയുന്നതിനേക്കാള്‍ നല്ലത് അതാണ്. മറ്റൊന്നിലേക്ക് പോയിക്കൂടാ എന്നില്ല. അങ്ങനെ പോവുകയാണെങ്കില്‍ പ്രക്ഷോഭകാരികള്‍ക്ക് അപ്പോഴും പ്രതികരിക്കാമല്ലോ. അതിനാല്‍, അങ്ങനെ പോകുന്നതുകൊണ്ട് ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് പറയുന്നതിനേക്കാള്‍ നല്ലത് വിപ്ലവങ്ങളുണ്ടാകലാണ്.

അറബ് വസന്തം എന്ന പദാവലി ഇപ്പോഴത്തെ മുന്നേറ്റങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും മറിച്ച് 1940 കളില്‍ രൂപംകൊണ്ട ബഅസ് പാര്‍ട്ടിയുടെ പിറവിയോടുകൂടിയാണ് അറബ് വസന്തം രൂപപ്പെടുന്നത് എന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. എന്ത് തോന്നുന്നു?
പൊതുവെ ദേശീയവാദികളായവരുടെ പ്രശ്‌നമാണത്. ദേശീയ സമരങ്ങളാണ് വിപ്ലവ പ്രസ്ഥാനങ്ങളും വിമോചന പ്രസ്ഥാനങ്ങളുമായി മാറുന്നത് എന്നാണവരുടെ വിശ്വാസം. അതും നേരത്തേ പറഞ്ഞ വെസ്റ്റേണ്‍ പൊളിറ്റിക്‌സില്‍ നിന്നും രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഓരോ രാജ്യത്തും നടന്നിട്ടുള്ള സ്വാതന്ത്ര്യ സമരങ്ങള്‍ക്കും അതാത് ദേശീയതകളുടേതായ ഒരു ഉള്ളടക്കമുണ്ടായിരിക്കും. അതെപ്പോഴും നിയന്ത്രിതമായിരിക്കും. പഴയ ദേശീയ സമരങ്ങള്‍ക്കൊക്കെയും സെക്യുലര്‍ സ്വഭാവമുണ്ടാകും. അതുവഴി ഒരു സെക്യുലര്‍ നാഷണലിസം എന്ന സ്ഥാനപ്പേരും അതിനു കൈവരും. എന്നാല്‍, ആ പഴയ കാലമല്ല ഇന്നത്തെ കാലം. അത്തരം ദേശീയ സമരങ്ങളുടെ കാലം കഴിഞ്ഞു. കാരണം, ദേശീയ സമരങ്ങളുടെ ഉള്ളടക്കമുണ്ടായിരുന്നത് അതാത് രാജ്യങ്ങളില്‍ പഴയ നാടുവാഴി വ്യവസ്ഥക്കെതിരായി വളര്‍ന്നുവന്ന മുതലാളി വര്‍ഗത്തിനായിരുന്നു. ബൂര്‍ഷ്വാസികളായ അവരുടേതായിരുന്നു ആ രാഷ്ട്രം. ഇന്നിപ്പോള്‍ ദേശീയ ബൂര്‍ഷ്വാസി എന്നൊന്നില്ല. ഇന്നിപ്പോള്‍ ആഗോള ബൂര്‍ഷ്വാസിയാണ്. അതിനാല്‍, അത്തരം ദേശീയ സമരം ഇനി സാധ്യമല്ല. ദേശീയ പ്രസ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പഴയ തരത്തിലുള്ള വിമോചന പ്രസ്ഥാനങ്ങള്‍ക്കുപകരം ജനങ്ങള്‍ തന്നെ ദേശീയ പ്രസ്ഥാനത്തെ മറികടന്നുകൊണ്ട് പുതിയ വിമോചനത്തിന്റേതായ മുദ്രാവാക്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ദേശീയ സമരങ്ങളും ജനകീയ വിമോചനവും തമ്മിലുള്ള വ്യത്യാസമതാണ്. പണ്ട് മാര്‍ക്‌സിസ്റ്റുകള്‍ പറഞ്ഞിരുന്ന ജനകീയ, ദേശീയ, ജനാധിപത്യ സമരങ്ങളില്‍നിന്നും ഒരര്‍ഥത്തില്‍ ഈ സമരങ്ങള്‍ മുന്നോട്ടുപോയിരിക്കുന്നു. കാരണം, പഴയ ഫാക്ടറി തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തിലേക്ക് വന്ന ദേശീയ സമരങ്ങളല്ല ഇവയൊന്നും. ബഹുജന സഞ്ചയത്തിന്റെ നേതൃത്വത്തെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന സമരങ്ങളാണിത്. അറബ് വസന്തത്തില്‍ ഇതാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇത് നേര്‍രേഖയിലൂടെയുള്ള പ്രശ്‌നരഹിതമായ ഒരു പ്രക്രിയയല്ല. ബാഹ്യമെന്ന പോലെ ആന്തരികമായ സംഘര്‍ഷങ്ങളില്ലാത്ത ഒരു വിപ്ലവവും ലോകത്ത് നടക്കുന്നില്ല. എല്ലാ വിപ്ലവങ്ങളിലും മുന്നേറ്റത്തിന്റെ ശക്തികള്‍ക്ക് സമാന്തരമായി തന്നെ പിന്നോട്ടു വലിക്കുന്ന ശക്തികളും സജീവമായിരിക്കും. ഇതാരും പുരോഗതിയിലേക്ക് മാത്രം ഡിസൈന്‍ ചെയ്ത് നടത്തുന്നതൊന്നുമല്ലല്ലോ.

സാമ്രാജ്യത്വത്തിന്റെ ബാഹ്യ സഹായത്താലും നിയന്ത്രണത്തിലും നടന്ന നാടകങ്ങളാണ് അറബ് വസന്തമെന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്. മറുവശത്താകട്ടെ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ പ്രചാരം കിട്ടിയ ഒന്നായും വിലയിരുത്തപ്പെടുന്നു. ആത്യന്തികമായി ഇത്തരം വാദങ്ങളെല്ലാം രാഷ്ട്രീയ ഇസ്‌ലാമിന്റെ സാമൂഹിക സംഘാടകത്വത്തിന്റെ പങ്കിനെ തിരസ്‌കരിക്കാനുള്ള പദ്ധതികളല്ലേ?
അതില്‍ ഒരു ഡൈകോട്ടമിയുണ്ട്. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റേതായ ഒരു നിലപാട്. അതിന് വിപരീതമായ ഒരു വെസ്റ്റേണ്‍ പൊളിറ്റിക്കല്‍ നിലപാട്. ഇതുരണ്ടും തമ്മിലുള്ള ഒരു സംഘര്‍ഷമാണ് വാസ്തവത്തില്‍ നടക്കുന്നത്. ഇതില്‍ രണ്ടിലും അപര്യാപ്തമായ വീക്ഷണങ്ങളുണ്ട്. ഇസ്‌ലാമിക് പൊളിറ്റിക്‌സില്‍ അടങ്ങിയിട്ടുള്ള സ്വത്വരാഷ്ട്രീയവാദം അത്തരത്തിലൊന്നാണ്. കാരണം, മതത്തിലൂടെയുള്ള വിമോചനം എന്നതും മതത്തിലേക്കുള്ള വിമോചനം എന്നതും രണ്ടും രണ്ടാണ്.

അങ്ങനെയെങ്കില്‍ മധ്യവര്‍ഗ-മതനിരപേക്ഷ ഭൂമികയെ തകര്‍ക്കാനുള്ള മാര്‍ഗമായി സാമ്രാജ്യത്വമാണ് രാഷ്ട്രീയ ഇസ്‌ലാമിനെ സൃഷ്ടിച്ചതെന്ന സമീര്‍ അമീന്റെ വാദത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
ഇല്ല, അതിനോട് യോജിപ്പില്ല. അത് പുതിയ രാഷ്ട്രീയത്തിന്റെ മാനം കാണുന്നില്ല. പുതിയ രാഷ്ട്രീയത്തില്‍ വളരെ ശക്തമായിട്ടുള്ള ഒരു വശമുണ്ട്. എത്രയോ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ജനങ്ങളുടെ സ്വയം പ്രതിനിധാനത്തിന്റെ സ്വയം പ്രകാശനത്തിന്റെ രാഷ്ട്രീയം. ഞങ്ങള്‍ക്ക് നിങ്ങളുടെ നേതൃത്വം വേണ്ട; ഞങ്ങള്‍ തന്നെയാണ് ഞങ്ങളുടെ നേതാവ് എന്നുപറയുന്ന ജനങ്ങളുടെ രാഷ്ട്രീയം. ഈ മാറ്റത്തെ ഇവര്‍ കാണുന്നില്ല. ഇറാനില്‍ സംഭവിച്ചതിന്റെ പൊരുള്‍ ഫൂക്കോക്ക് കാണാന്‍ കഴിഞ്ഞു. പ്രതിനിധാനത്തിന്റെ രാഷ്ട്രീയം മാറുന്നതിനെക്കുറിച്ചുള്ള തിരിച്ചറിവാണത്. എന്നാല്‍, അത് മതത്തെ ഉയര്‍ത്തിപ്പിടിക്കലല്ല, മതരാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കലുമല്ല. മതത്തിലുള്ള ജനാധിപത്യപരമായ ഉള്ളടക്കത്തെ ഉയര്‍ത്തിപ്പിടിക്കലാണ്.

'സാമൂഹിക ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യന്‍' എന്ന മാര്‍ക്‌സിന്റെ പ്രശസ്തമായ ഉദ്ധരണിയെ വലിച്ചുനീട്ടി മനുഷ്യന് ഏക സത്തയില്‍ ഉറച്ചുനില്‍ക്കുവാനോ സത്താവാദത്തില്‍ നിശ്ചലമാകുവാനോ കഴിയില്ല എന്ന് സിദ്ധാന്തീകരിക്കാറുണ്ട്. എന്നാല്‍, സ്വത്വവാദികള്‍ എന്ന് പഴികേള്‍ക്കുന്ന മുസ്‌ലിം ഗ്രൂപ്പുകള്‍ക്കിടയില്‍ തന്നെ ഇന്ന് രചനാത്മക മതമൗലികവാദികളും ഉണ്ട്. മുസ്‌ലിം സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളെയും അമുസ്‌ലിം ന്യൂനപക്ഷത്തെയും ഉള്‍ക്കൊള്ളുന്ന ഒരു ബഹുകക്ഷി-ബഹുസ്വര രാഷ്ട്രീയ സംവിധാനത്തെക്കുറിച്ചാണ് റാശിദ് ഗനൂശിയെ പോലുള്ളവര്‍ സംസാരിക്കുന്നത്. ഇസ്‌ലാമിക ബഹുസ്വരത എന്ന ആശയത്തെ അറബ് വസന്താനന്തരം ഇസ്‌ലാമിസ്റ്റുകള്‍ വികസിപ്പിക്കുന്നുമുണ്ട്. തുര്‍ക്കിയിലെ ഉള്‍ക്കൊള്ളലിന്റേതായ ജനാധിപത്യ അന്തരീക്ഷത്തെ തുടര്‍ന്ന് 'ഉര്‍ദുഗാന്‍ മോഡല്‍' എന്ന സംജ്ഞക്ക് തന്നെ അറബ് മേഖലയില്‍ സ്വീകാര്യത വര്‍ധിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ സ്വത്വത്തെയും സത്താവാദത്തെയും കുറിച്ച പതിവു വിശകലനങ്ങളില്‍ നിന്നു വ്യത്യസ്തമല്ലേ ഇസ്‌ലാം?
ഏക മനുഷ്യ സത്താവാദം ഒരു വെസ്റ്റേണ്‍ ആശയമാണ്. യൂറോ സെന്റ്‌റിക്കായുള്ള ഏകമാനവ സങ്കല്‍പം. ലോകത്ത് എന്തെല്ലാം തരത്തിലുള്ള മനുഷ്യ ജീവിതങ്ങള്‍ ഉണ്ട്. ആ വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിയാത്ത യൂറോപ്യന്‍ ആധിപത്യത്തിന്റെ മുദ്രാവാക്യമാണ് ഏക സത്താവാദത്തില്‍ മുഴങ്ങുന്നത്. അതിനെതിരായി ഉയര്‍ന്നുവരുന്നതാണ് അറബ് വസന്ത പ്രസ്ഥാനങ്ങളൊക്കെയും. ബഹുസ്വരമായിട്ടുള്ള പ്രസ്ഥാനങ്ങളാണ് അറബ് ലോകത്ത് രൂപപ്പെടുന്ന പ്രസ്ഥാനങ്ങള്‍. ഈ ബഹുസ്വര പ്രസ്ഥാനങ്ങള്‍ക്ക് വളരെ പോസിറ്റീവായിട്ടുള്ള കണ്ടന്റുണ്ട്. പക്ഷേ, നേരത്തെ സൂചിപ്പിച്ചതുപോലെ നൂറു ശതമാനം ശുഭപ്രതീക്ഷ വേണ്ട. ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥക്ക് നിശ്ചലമായ സ്വത്വരാഷ്ട്രീയമാണ് അഭികാമ്യം.

മതമൗലികവാദത്തിനൊരിക്കലും രചനാത്മകമാകുവാന്‍ സധിക്കില്ല എന്ന താങ്കളുടെ മുന്‍നിലപാടില്‍ നിന്നുള്ള മുന്നോട്ടു വരവാണോ ഇത്?
ഒരു മൗലിക വാദത്തിനും ഒരിക്കലും രചനാത്മകമാവാന്‍ കഴിയില്ല. എന്നാല്‍, മതത്തെക്കുറിച്ചുള്ള യുക്തിവാദപരവും ഭരണകൂട മതനിരപേക്ഷതാവാദപരവുമായ എന്റെ മുന്‍ നിലപാടുകളില്‍ നിന്നുള്ള മുന്നോട്ടുവരവാണ്.

ഇസ്‌ലാമിക രാഷ്ട്രീയം സ്ത്രീ-ഹിജഡ എന്നിത്യാദി സ്വത്വങ്ങളോടുള്ള സമീപനത്തില്‍ ആപേക്ഷികമായി എത്രയോ മുന്നിലാണല്ലോ. തുനീഷ്യയില്‍ അന്നഹ്ദയുടെ വിജയം മാത്രമല്ല വിസ്മയം നല്‍കുന്ന കാര്യം. അവിടത്തെ തെരഞ്ഞെടുപ്പില്‍ ജയിച്ച 49 വനിതകളില്‍ 42 പേരും അന്നഹ്ദയുടെ ടിക്കറ്റില്‍ മത്സരിച്ചവരാണ് എന്ന യാഥാര്‍ഥ്യവുമുണ്ട്. ഇതുപോലെ ഹിജഡകളുടെ വിഷയത്തില്‍ ആയത്തുല്ലാ ഖുമൈനി എടുത്ത ഉദാര സമീപനവും പ്രസ്താവ്യമാണ്.
സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള പതിവു നിര്‍വചനങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകാനുള്ള ശ്രമങ്ങള്‍ പുതിയ പ്രസ്ഥാനങ്ങള്‍ക്കിടയിലെല്ലാമുണ്ടാകുന്നുണ്ട്. സ്വത്വത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുക എന്ന രാഷ്ട്രീയ സങ്കോചത്തെ മറികടക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. ജീവിതത്തിന്റെ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളൊക്കെ മതത്തിന്റെ സ്വത്വത്തിലൊതുങ്ങുന്നതല്ല എന്നൊരു യാഥാര്‍ഥ്യമുണ്ട്. അത് കുറെക്കൂടി ബഹുലമാണ്. കുറെക്കൂടി ഇന്റന്‍സാണ്. വെസ്റ്റേണ്‍ പൊളിറ്റിക്‌സില്‍ പ്രത്യക്ഷ ജീവിതം മാത്രമേയുള്ളൂ. പരോക്ഷ ജീവിതത്തിന്റെ ശക്തികളില്ല. നമുക്ക് നേരിട്ട് കാണാന്‍പറ്റാത്ത സാധ്യമായ ജീവിതത്തിന്റെ ലോകങ്ങള്‍. സിദ്ധമായ ജീവിതമാണ് ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ളത്. കാരണം, സിദ്ധമായ ലോകത്തിന്റെ രാഷ്ട്രീയമാണ് വെസ്റ്റേണ്‍ പൊളിറ്റിക്‌സ്. സാധ്യമായ അനവധി ലോകങ്ങളുണ്ട്. അതിന്റെയൊക്കെ ശക്തികള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍, സ്വത്വത്തെക്കുറിച്ചുള്ള ഏക സത്താപരമായ നിര്‍വചനങ്ങള്‍ നിലനില്‍ക്കുന്നതല്ല. ആധുനിക രാഷ്ട്രീയ വ്യവസ്ഥകള്‍ എല്ലാ കാലത്തും സ്വത്വങ്ങളെ അമര്‍ച്ച ചെയ്തിരുന്നു. അതിനെ ഒരു നിശബ്ദതയില്‍ അകപ്പെടുത്തിയിരുന്നു. അതിനാല്‍ സ്വത്വങ്ങളെല്ലാം ഇപ്പോള്‍ വളരെ സെന്‍സിറ്റീവാണ്. ചെറിയ വിഷയം മതി ഇപ്പോളത് ആളിക്കത്താന്‍. പ്രവാചകനെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ മതി, അല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്ത്രീയെ തുറിച്ചു നോക്കിയാല്‍ മതി, സ്വത്വങ്ങളെല്ലാം ഉണര്‍ന്നെണീക്കാന്‍. എന്നാല്‍, പൂര്‍ണമായും സ്വത്വമാത്രവാദത്തിലേക്ക് നമുക്കിതിനെ ഒതുക്കാനും പറ്റില്ല. കാരണം, വലിയ വയലന്‍സിലേക്ക് അത് വഴിതുറക്കാം. എന്നാല്‍, ഈ ഉണര്‍വ് ലോകത്തിന്റെയും മനുഷ്യവംശത്തിന്റെയും പുതിയൊരുണര്‍വിലേക്കുള്ള ചുവടുവെപ്പായി മാറുകയും ചെയ്യാം.

അറബ് വസന്തം പരിമളം വീശുമ്പോള്‍ തന്നെ അതിനു സമാന്തരമായി യൂറോപ്യന്‍ സാമ്പത്തിക ശൈഥില്യവും ഇരമ്പിവരുന്നുണ്ട്. തീവ്രമതേതര പാതയില്‍നിന്ന് ഒരുപാട് ദൂരം മുന്നോട്ടുവന്ന ഉര്‍ദുഗാന്റെ തുര്‍ക്കി നമുക്ക് മുന്നിലുണ്ട്. ലോകത്തെയാകമാനം സാമ്പത്തിക മാന്ദ്യം പിടികൂടിയപ്പോള്‍ അതിനെ അതിജയിക്കും വിധത്തില്‍ പുരോഗമിച്ച തുര്‍ക്കി, രാഷ്ട്രീയ ഇസ്‌ലാമിന്റെ സാമ്പത്തിക സാധ്യതകള്‍ തന്നെയല്ലേ വിളിച്ചോതുന്നത്?
ആഗോളവല്‍കരണം സൃഷ്ടിച്ചെടുത്ത, അമേരിക്ക കേന്ദ്രമായിരിക്കുന്ന ഒരു വെസ്റ്റേണ്‍ സാമ്പത്തിക ആധിപത്യമാണ് ലോകത്തെ നിയന്ത്രിച്ചിരുന്നത്. ആ കേന്ദ്രീകരണത്തിനെതിരായുള്ള ഒരു സാമ്പത്തിക ഘടകം അറബ് വസന്തത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള മുതലാളിത്തത്തിനെതിരായ ഏറ്റവും ചെറിയ പ്രതികരണം ഒരേ സമയം രാഷ്ട്രീയവും സാമ്പത്തികവുമാണ്. ആ നിലയില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമില്‍ മുമ്പുവന്നിട്ടില്ലാത്ത പലതരം മാനിഫെസ്റ്റേഷന്‍സ് ഇപ്പോള്‍ ലോകത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. മുമ്പു കേട്ടിട്ടില്ലാത്ത പല വാദങ്ങളും നമ്മള്‍ കേള്‍ക്കുന്നുണ്ട്. ഇസ്‌ലാമിക സാമ്പത്തിക ചിന്തകളും ഇസ്‌ലാമിക ബാങ്കിംഗും മറ്റും അത്തരം ആവിഷ്‌കാരങ്ങളാണ്.

സെക്യുലര്‍ മോഡേണിറ്റിയുടെ ഭാവുകത്വത്തില്‍ വികസിച്ചുവന്ന ഒന്നാണല്ലോ മാര്‍ക്‌സിസം. എന്നാല്‍, ആധുനികതയുടെ പാകപ്പെടുത്തലിന് ഏറെയൊന്നും വഴിപ്പെടാത്ത ഒരു ദര്‍ശനമാണ് ഇസ്‌ലാം. മാര്‍ക്‌സിസത്തിനും ഇസ്‌ലാമിനുമിടയിലുള്ള സംവാദങ്ങള്‍ക്ക് ഇതൊരു തടസ്സം സൃഷ്ടിക്കുന്നില്ലേ?
നിശ്ചയമായും തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. കാരണം, മുഖ്യധാരാ മാര്‍ക്‌സിസം പാശ്ചാത്യ ആധുനികതയെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ആധുനിക പാശ്ചാത്യ മൂല്യസങ്കല്‍പങ്ങളും ഇസ്‌ലാമുമായുള്ള സംഘര്‍ഷം മാര്‍ക്‌സിസവുമായുള്ള സംഘര്‍ഷമായി തോന്നുക സ്വാഭാവികമാണ്.

വിപ്ലവാനന്തരമുള്ള അറബ് മേഖലയില്‍ എല്ലാം ശുഭം എന്ന് വിചാരിക്കാന്‍ കഴിയുമോ? ലിബിയയില്‍ ഖദ്ദാഫി വിരുദ്ധ പ്രക്ഷോഭം സായുധ സമരത്തിലേക്ക് വഴി മാറിയപ്പോള്‍ നാറ്റോ സഖ്യത്തിന്റെ പ്രത്യക്ഷ സഹായം വിപ്ലവകാരികള്‍ക്കുണ്ടായി. ഇതിനുപിന്നില്‍ പടിഞ്ഞാറന്‍ ശക്തികള്‍ക്ക് വല്ല താല്‍പര്യവുമുണ്ടോ?
ലോകത്ത് വന്നുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങളൊക്കെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് ആഗോള മുതലാളിത്ത സാമ്രാജ്യത്തെയാണ്. അത്തരം മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്നതിന് പല പല മാര്‍ഗങ്ങള്‍ അതവലംബിക്കും. ലിബറല്‍ ജനാധിപത്യത്തിന്റേതും സൈനിക ഇടപെടലിന്റേതുമായ രണ്ടുമാര്‍ഗങ്ങളാണ് പ്രധാനമായും അതുപയോഗിക്കുക. വിപ്ലവങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ ലിബറല്‍ ഭരണകൂടമെന്ന പേരില്‍ അവരുടെ ചൊല്‍പടിക്ക് നില്‍ക്കുന്ന പാവഭരണകൂടങ്ങളെ അവര്‍ സൃഷ്ടിച്ചെടുക്കും. ഇറാഖിലും അഫ്ഗാനിലും ചെയ്തതുപോലെ. അതിനു സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ അവര്‍ സൈനികബലം ഉപയോഗിക്കും. ഈ രണ്ട് മാര്‍ഗങ്ങളിലൂടെയും ഗ്ലോബല്‍ എംപയര്‍ വിപ്ലവങ്ങളെ കീഴടക്കാന്‍ ശ്രമിക്കും. കാരണം, ജനങ്ങളും ഗ്ലോബല്‍ എംപയറും തമ്മിലാണ് ഇന്ന് ജനാധിപത്യ സമരം നടന്നുകൊണ്ടിരിക്കുന്നത്. ലിബിയയുടെ പ്രാദേശിക പ്രതിഭാസമായി ഇതിനെ നമ്മള്‍ കാണേണ്ടതില്ല. ആഗോള അടിയന്തരാവസ്ഥയുടെ ഒരന്തരീക്ഷം ലോക സാമ്രാജ്യം എപ്പോഴും നിലനിര്‍ത്തും. എന്നിട്ട,് അതിന്റെ പേരില്‍ എപ്പോഴും എവിടെയും ബലം പ്രയോഗിക്കാനുള്ള അവസരം സൃഷ്ടിക്കും. ഗ്ലോബല്‍ പബ്ലിക് സ്ഫിയര്‍ എന്ന സാധ്യതക്ക് ഇന്ന് വളരെ പ്രസക്തിയുണ്ട്. മുമ്പുണ്ടായിരുന്ന ദേശീയ പൊതുമണ്ഡലമല്ല ഇപ്പോഴുള്ളത്. ആഗോള പൊതുമണ്ഡലത്തെ എല്ലാ ഭരണാധികാരികള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഭയമാണ്. ഈ ഗ്ലോബല്‍ ഒപീനിയനില്‍ സാമാന്യ ജനതക്ക് വലിയ സ്ഥാനമുണ്ട്. പുതിയ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ഒരു പുതിയ സൊസൈറ്റിക്ക് രൂപം കൊടുക്കുന്നുണ്ട്. അതാകട്ടെ മനുഷ്യനെ ഒറ്റപ്പെടുത്തുകയല്ല, മറിച്ച് പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പരസ്പരം ബന്ധപ്പെടുന്ന മനുഷ്യസമൂഹത്തെ സൃഷ്ടിക്കുകയാണ്. പുതിയ ബന്ധങ്ങള്‍ പുതിയ മനുഷ്യരെ സൃഷ്ടിക്കുന്നു. ഈ പുതിയ മനുഷ്യരാവും നാളത്തെ പുതിയ ലോകം സൃഷ്ടിക്കുക.

മത-രാഷ്ട്രീയ വിഭജനത്തോട് ഇടഞ്ഞുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ സമീക്ഷകളില്‍ ഏര്‍പ്പെടുന്ന റാശിദുല്‍ ഗനൂശി തന്നെ ഇസ്‌ലാമിനും മതേതര ജനാധിപത്യത്തിനുമിടയില്‍ യോജിക്കാവുന്ന മേഖലകളുണ്ട് എന്നു പറയുമ്പോള്‍ എന്തു തോന്നുന്നു?
അതൊരു പ്രാക്ടിക്കല്‍ പ്രോബ്ലമാണ്. പ്രായോഗികമായി ഓരോ രാജ്യത്തിന്റെയും സ്ഥിതിവിശേഷമനുസരിച്ചായിരിക്കും അത് നിലനില്‍ക്കുക. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള സെക്യുലര്‍ കാഴ്ചപ്പാട് ഒരിക്കലും അവസാനിക്കുന്നില്ലല്ലോ. അതൊരു യാഥാര്‍ഥ്യമായിതന്നെ നിലനില്‍ക്കുന്നുണ്ട്. വെസ്റ്റേണ്‍ മോഡല്‍ പൊളിറ്റിക്‌സ് തിയറിയും ജനാധിപത്യ സങ്കല്‍പങ്ങളും നിലനില്‍ക്കുന്നേടത്തോളം കാലം അതിന് പുതിയ രൂപം കൈവരും. അതുകൊണ്ട് അറബ് ലോകത്തെ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് സാമ്പ്രദായിക വ്യവസ്ഥകളോട് പ്രാക്ടിക്കലും ടാക്റ്റിക്കലുമായിട്ടുള്ള ഒത്തുതീര്‍പ്പുകള്‍ വേണ്ടിവരും. അതിനപ്പുറത്ത് അതിനകത്തുള്ള ഡൈകോട്ടമികളെയൊന്നും ലയിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍, ഇതിനകത്തുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമം എന്ന നിലയില്‍ അത് നല്ലതാണ്.
samadkunnakkavu@gmail.com

Comments

Other Post