Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

ഹാസ്യം വിപ്ലവമാകുമ്പോള്‍

കെ.വൈ.എ

മുബാറകിനെപ്പറ്റി പ്രചരിച്ച കുറെ തമാശകളില്‍ ഒന്ന്: പ്രസിഡന്റ് മുബാറക് മരണ ശയ്യയിലാണ്. ഏറെ ദുഃഖിതനും. 'എനിക്കു ശേഷം എന്റെ നാട്ടുകാര്‍ എന്തുചെയ്യും?' അദ്ദേഹം വിലപിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് സമാധാനിപ്പിക്കുന്നു: 'പ്രസിഡന്റേമാന്‍ വിഷമിക്കേണ്ട. കഷ്ടപ്പാട് ശീലിച്ചവരാണ് ഇന്നാട്ടുകാര്‍. വെറും കല്ല് തിന്ന് അവര്‍ ജീവിച്ചോളും.' ഉടനെ മുബാറകിന്റെ നിര്‍ദേശം: 'കല്ല് വ്യാപാരത്തിന്റെ കുത്തകാവകാശം എന്റെ മകന്‍ അലിക്ക് കൊടുത്തേക്കൂ.'

** ** ** **

സിറിയയില്‍ രാഷ്ട്രീയ വിമര്‍ശത്തിന്റെ ഉപാധിയായി കാര്‍ട്ടൂണിനെ ഉപയോഗപ്പെടുത്തിയവരില്‍ പ്രമുഖനാണ് അലി ഫര്‍സാത്. മുമ്പ് പ്രതീകാത്മകവും വ്യക്തികളെ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ളതുമായിരുന്നു കാര്‍ട്ടൂണുകളെങ്കില്‍ 2011 മാര്‍ച്ചില്‍ സിറിയന്‍ വിപ്ലവത്തിന് നാന്ദിയായപ്പോള്‍ അദ്ദേഹം ആളെ തിരിച്ചറിയുന്ന വിധത്തില്‍ തന്നെ ഭരണകര്‍ത്താക്കളെ വരച്ച് തുടങ്ങി, ''ഭയത്തിന്റെ മതില്‍ തകര്‍ത്തുള്ള കുതിപ്പാ''യിരുന്നു അതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ബശ്ശാറുല്‍ അസദ്, വെള്ളിയാഴ്ചക്ക് കലണ്ടറില്‍ പ്രത്യേക നിറം കൊടുത്തതിനെ ചോദ്യം ചെയ്യുന്നതായിരുന്നു ഒരു കാര്‍ട്ടൂണ്‍. ജുമുഅഃ ദിനം മാത്രമല്ല, പ്രക്ഷോഭങ്ങളുടെ ദിനം കൂടിയായിരുന്നല്ലോ അത്. ഏതായാലും അലി ഫര്‍സാത്തിന് വൈകാതെ വിലയൊടുക്കേണ്ടി വന്നു. 2011 ആഗസ്റ്റില്‍ മുഖംമൂടിയിട്ട അക്രമികള്‍ ഫര്‍സാത്തിനെ കാറില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ച്, കൈയൊടിച്ച്, റോട്ടില്‍ തള്ളി. അദ്ദേഹം സിറിയ വിട്ട് പോയി.

** ** ** **
യമന്‍ പ്രസിഡന്റ് അബ്ദുല്ല സാലിഹിനെ തലക്ക് പരിക്കേറ്റ നിലയില്‍ സുഊദി ആശുപത്രിയിലാക്കി. ഡോക്ടര്‍മാര്‍ പരിശോധിച്ചു പറഞ്ഞു: കേടുപറ്റാനായി തലയില്‍ ഒന്നുമില്ലല്ലോ.

** ** ** **
പോലീസുകാരന്‍ അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. ഒരു ചിത്രകാരന്‍ തന്റെ രചനകള്‍ വില്‍ക്കുന്നതയാള്‍ കണ്ടു.
യേശുക്രിസ്തുവിന്റെ ചിത്രത്തിന് 15 ദിനാര്‍. പ്രസിഡന്റിന്റെ ചിത്രത്തിന് വെറും ഒരു ദിനാര്‍.
ഇതെന്താണിങ്ങനെ? നമ്മുടെ ഭരണാധിപന് ഇത്ര വിലക്കുറവോ? പോലീസുകാരന്‍ ചോദിച്ചു.
ചിത്രകാരന്‍: അദ്ദേഹത്തെ ക്രൂശിച്ചു നോക്കൂ. പിറ്റേന്നു മുതല്‍ 50 ദിനാറിന് പടം വില്‍ക്കാം.

** ** ** **
തങ്ങള്‍ക്കുമേല്‍ ഭരണാധികാരികള്‍ ചൊരിഞ്ഞ നിന്ദക്കെതിരെ ജനങ്ങള്‍ പ്രയോഗിക്കുന്ന പ്രതിനിന്ദ കൂടിയാണ് ഹാസ്യം - ചെരിപ്പെറിയല്‍ പോലെ. രണ്ടിനും ഇരയാകേണ്ടി വന്നയാളാണ് ഹുസ്‌നി മുബാറക് സര്‍ക്കാറിലെ അവസാന പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ശഫീഖ്. ശഫീഖിനു നേരെ കയ്‌റോക്കടുത്തുവെച്ച് ആരോ ഷൂ എറിഞ്ഞിരുന്നു. അതിനെത്തുടര്‍ന്ന് പ്രചരിച്ച ഒരു തമാശ ഇങ്ങനെ:
മുബാറക്കിനു ശേഷം ശഫീഖ് പ്രസിഡന്റായി വാഴിക്കപ്പെടുന്നു. ആദ്യമായി അദ്ദേഹം സ്വീകരിക്കുന്ന നടപടി, എല്ലാ ഈജിപ്തുകാരോടും വരിയായി നിന്ന് തന്റെയടുക്കല്‍ എത്താന്‍ കല്‍പിക്കുകയാണ്. എന്തിനെന്നല്ലേ? ശഫീഖിന്റെ കൈയില്‍ തനിക്കു നേരെ എറിയപ്പെട്ട ഷൂ ഉണ്ട്. അത് ആരുടെ കാലിനാണ് പാകമാവുക എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് അദ്ദേഹം.

** ** ** **
സൈനിക മേധാവി സൈനികരോട്: ''പ്രസിഡന്റ് ഇതാ വരാറായി, അദ്ദേഹം പ്രവേശിക്കുമ്പോള്‍ 21 ആചാരവെടികള്‍ വേണം. ആര്‍ക്കെങ്കിലും സംശയം വല്ലതും...?''
ഒരു ഭടന്‍ ചോദിച്ചു: ''എന്റെ ആദ്യ വെടി തന്നെ അദ്ദേഹത്തിന് കൊണ്ടാല്‍ ബാക്കി വെടിവെക്കണോ?''

** ** ** **
ജനാഭിലാഷത്തിനെതിരായി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഭരണാധിപന്റെ മകന്‍, ടി.വിയിലെ ''കോടീശ്വരന്‍'' പരിപാടിയുടെ ഫൈനലിലെത്തി. ഒടുവില്‍ ഒരു കോടിയുടെ ചോദ്യം വന്നു: അറബ് ലോകത്തെ ഏറ്റവും മോശം പ്രസിഡന്റ് ആരാണ്?
മകന് സംശയമായി. ഹെല്‍പ് ലൈന്‍ വേണം - സുഹൃത്തിനോട് ഫോണ്‍ ചെയ്ത് ചോദിക്കാം. സുഹൃത്ത് സ്വന്തം പിതാവു തന്നെ. മകന്‍ ചോദ്യം ആവര്‍ത്തിച്ചു. പ്രസിഡന്റിന്റെ മറുപടി: ''എന്റെ പേരു പറഞ്ഞാല്‍ വെറും ഒരു കോടിയേ കിട്ടുകയുള്ളോ?''

Comments

Other Post