Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

അറബ് ദേശീയതകള്‍ എങ്ങോട്ട്?

ഡോ. പി.കെ പോക്കര്‍

ലോകസമാധാനം സ്വപ്നം കാണുമ്പോഴാണ് നമ്മള്‍ ശരിക്കും ഒരു ലോക പൗരന്‍/പൗര ആയിത്തീരുന്നത്. സമാധാനത്തെക്കുറിച്ച് നിരന്തരം സംസാരിച്ചാല്‍ മാത്രം സാധ്യമാക്കാവുന്ന ഒരവസ്ഥയല്ല ലോകസമാധാനം. ഫ്രഞ്ച് വിപ്ലവത്തിനു മുമ്പുതന്നെ നവോത്ഥാന ദാര്‍ശനിക പ്രതിഭയായിരുന്ന ഇമ്മാനുവല്‍ കാന്റ് ലോകസമാധാനത്തെക്കുറിച്ച് വിചിന്തനം നടത്തിയിരുന്നു. അദ്ദേഹം രചിച്ച 'ശാശ്വതസമാധാനം' (Perpetual Peace) എന്ന കൃതിയില്‍ സമാധാനം ഒരു ദേശത്തിനു മാത്രം സാധ്യമല്ലെന്നും സമാധാനം സാധ്യമാക്കുന്ന നീതിനിര്‍വഹണത്തിലധിഷ്ഠിതമായ ഒരു ക്രമം (World Order) ഉണ്ടാവണമെന്നും നിരീക്ഷിച്ചിരുന്നു.
സമരങ്ങളും പ്രക്ഷോഭങ്ങളും കാണുമ്പോള്‍ ഭരണകൂടങ്ങള്‍ മാത്രമല്ല ജനങ്ങളിലും ഒരു വിഭാഗം പരിഭ്രമവും ഭയവും പ്രകടിപ്പിക്കാറുണ്ട്. ഭരണകൂടങ്ങള്‍ക്ക് അധികാരവും ജനങ്ങള്‍ക്ക് സമാധാനവും ആവശ്യമാണ്. എന്നാല്‍ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കാളികളാവുന്ന ജനങ്ങള്‍ ആവേശവും ആഹ്ലാദവും പ്രകടിപ്പിക്കുന്ന കാഴ്ച എക്കാലത്തും കാണാന്‍ കഴിയും.സമരങ്ങളിലും പ്രക്ഷോഭങ്ങളിലും ഭരണകൂടത്തിന്റെ കൊടും ശിക്ഷകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാവുമ്പോള്‍ പോലും പ്രക്ഷോഭകാരികള്‍ ആവേശഭരിതരായി മുന്നോട്ടുപോകുന്ന കാഴ്ചകളാണ് നമ്മള്‍ അടുത്തകാലത്ത് പല അറബ് ദേശങ്ങള്‍ക്കകത്തും കണ്ടത്.
ഭരണകൂടങ്ങള്‍ പരസ്പരം യുദ്ധത്തിലേര്‍പ്പെട്ട പഴയ രാജഭരണകാലത്തില്‍നിന്ന് വിഭിന്നമായി എല്ലാ രാജ്യങ്ങളെയും അടക്കിഭരിക്കുകയും മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന സാമ്രാജ്യത്വമെന്ന പ്രതിഭാസമാണ് ആധുനിക ലോകത്തെ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളെ സങ്കീര്‍ണമാക്കുന്നത്. തുനീഷ്യയിലോ ലിബിയയിലോ ഈജിപ്തിലോ ഇറാഖിലോ മാത്രമല്ല, ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ജപ്പാനിലും എന്തു നടക്കണമെന്നും നടക്കരുതെന്നും തീരുമാനിക്കുന്നത് അമേരിക്കന്‍ ഭരണകൂടമാണ്. ഫ്രാന്‍സിലെയും ഇംഗ്ലണ്ടിലെയും പട്ടാളക്കാരെ അഫ്ഗാനിലേക്കും ഇറാഖിലേക്കും അയച്ചത് അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണല്ലോ. അമേരിക്കയുടെ സാന്നിധ്യമെന്നത് അധിനിവേശത്തിന്റെ അടയാളമായി മാറുമ്പോള്‍ നമുക്ക് കാര്യങ്ങള്‍ അവ്യക്തവും വൈരുധ്യങ്ങള്‍ കൊണ്ട് സങ്കീര്‍ണവുമായി മാറുന്നു. ഉദാഹരണമായി അറബ് വസന്തം (Arab Spring) എന്ന പ്രയോഗം ആദ്യമായി അമേരിക്കന്‍ ഫോറിന്‍ പോളിസി (Foreign Policy) എന്ന പ്രസിദ്ധീകരണത്തില്‍ ഭരണകൂട താല്‍പര്യ സംരക്ഷണത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയതാണെന്ന വസ്തുത (ജോസഫ് മസ്സാദ്- അല്‍ജസീറ) നിസ്സാരമല്ല. കാരണം, അറബ് ദേശങ്ങളില്‍ ഭരണ സ്തംഭനവും അവ്യവസ്ഥിതിത്വവും ഉണ്ടാവുകയും പ്രതിസന്ധികളില്‍ ഇടപെട്ട് പാവഭരണകൂടങ്ങളെ ഉണ്ടാക്കുകയും ചെയ്യാന്‍ എന്നും അമേരിക്കന്‍ ഭരണകൂടങ്ങള്‍ ഉയര്‍ന്നുവന്നതിന് അറബ് ദേശങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്നും അവ തുടരുകയും ചെയ്യുന്നു.
ഇതെല്ലാം ചിന്തിക്കുന്നവരില്‍ സാമ്രാജ്യത്വപ്പേടി ഉല്‍പാദിപ്പിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, അപ്പുറത്ത് സാമ്രാജ്യത്വമുണ്ടെന്ന പേരു പറഞ്ഞ് തങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും കവര്‍ന്നെടുക്കാന്‍ സ്വന്തം ദേശങ്ങളിലെ ഭരണകൂടങ്ങളെ അനുവദിക്കാന്‍ കഴിയുമോ? തുനീഷ്യയിലും ഈജിപ്തിലും ലിബിയയിലും സിറിയയിലും ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്കെതിരെ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യപ്രേമികളും വിമോചനം സ്വപ്നം കാണുന്നവരും ആഹ്ലാദിക്കാനും പ്രതീക്ഷയോടെ കാത്തിരിക്കാനും തുടങ്ങി. ഏകാധിപതികളും സ്വേഛാധിപതികളും നിലംപതിക്കുന്നത് കാണാന്‍ ജനങ്ങള്‍ കൊതിച്ചു. ഭരണകൂടങ്ങളോട് അറിഞ്ഞും അറിയാതെയും ചേര്‍ന്നുനില്‍ക്കുന്നവര്‍ വേവലാതിപ്പെടാനും ആകുലപ്പെടാനും തുടങ്ങി. തെരുവില്‍ സമരക്കാര്‍ ചോരയൊലിപ്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ പോലും ഭരണകര്‍ത്താക്കള്‍ കുലുങ്ങിയില്ല. ഖദ്ദാഫിയുടെ വീമ്പുപറച്ചിലുകളെല്ലാം ജനങ്ങളുടെ ശക്തിക്കു മുന്നില്‍ തകര്‍ന്നുവീണു.
യാദൃഛികമായ കാരണമാണ് തുനീഷ്യയില്‍ ഭരണമാറ്റത്തിലേക്ക് നയിച്ച പ്രക്ഷോഭത്തിന് തുടക്കമിട്ടത്. ഏതു നാട്ടിലും പലപ്പോഴും നടക്കുന്ന ചെറിയൊരു പോലീസ് അതിക്രമമാണ് വലിയ സമരാഗ്നിയായി പടര്‍ന്നു പിടിച്ചത്. ഈ സംഭവം കാണിക്കുന്നത് ഭരണകൂട വികാരം തുനീഷ്യന്‍ ജനതയില്‍ മൂര്‍ധന്യാവസ്ഥയിലെത്തിയ ഒരു സന്ദര്‍ഭത്തിലാണ് ഇതുപോലൊരു പോലീസ് വേട്ട നടന്നതെന്നാണ്. പ്രക്ഷോഭമനസ്സ് രൂപപ്പെട്ടു കഴിഞ്ഞാല്‍ ശരീരത്തില്‍ ചെറിയ ഒരു തള്ളോ പൊള്ളലോ മതി അതൊരു കൊടുംകാറ്റായി മാറാന്‍. സൈനുല്‍ ആബിദീനും ഹുസ്‌നി മുബാറകും ഖദ്ദാഫിയും യഥാര്‍ഥത്തില്‍ രാജവാഴ്ചയുടെ 'സ്വേഛാമാതൃക'കളായി മാറുകയാണുണ്ടായത്. സ്വേഛാധിപത്യപരവും സര്‍വാധിപത്യപരവുമായ ഭരണകൂടങ്ങളുടെ അനിവാര്യമായ അന്ത്യത്തിലേക്ക് കൂടിയാണ് അറബ് ദേശീയ പ്രക്ഷോഭങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സാമ്രാജ്യത്വത്തെ മുഖാമുഖം എതിര്‍ത്തുകൊണ്ടുതന്നെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇറാനിലും ജനങ്ങളുടെ തീര്‍പ്പുകള്‍ക്കുള്ള അവസരം ലഭ്യമാകുന്നതിന്റെ നേരനുഭവങ്ങള്‍ ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നു. ജനങ്ങള്‍ക്ക് വോട്ടു ചെയ്യാനും തെരഞ്ഞെടുക്കാനും അധികാരം നല്‍കുന്ന ഭരണക്രമം ഭാവിയെ സംബന്ധിച്ച് അനിവാര്യമാണ്.
ശാശ്വത സമാധാനം സങ്കല്‍പിച്ചുകൊണ്ട് ഇമ്മാനുവല്‍ കാന്റ് രചിച്ച ദാര്‍ശനിക കൃതിയില്‍ വ്യക്തമാക്കുന്നതു പോലെ, എല്ലാ ദേശങ്ങളിലും മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും നീതിയിലധിഷ്ഠിതമായ ഒരു വ്യവസ്ഥ അഥവാ ഭരണക്രമം ഉണ്ടാവുകയാണ് വേണ്ടത്. സയണിസ്റ്റുകളും സാമ്രാജ്യത്വശക്തികളും നേതൃത്വപരമായ പങ്കു വഹിക്കുന്ന ഇന്നത്തെ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് എത്രമാത്രം സമാധാനവും ശാന്തിയും പ്രദാനം ചെയ്യാന്‍ കഴിയുമെന്നതാണ് പ്രശ്‌നം.
ഏകകക്ഷി ഭരണവും ഏകവ്യക്തിഭരണവും സ്വേഛാധിപത്യത്തിലേക്ക് നീങ്ങുക എന്നതിന് ചരിത്രത്തില്‍ ധാരാളം തെളിവുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജനാധിപത്യം പൂര്‍ണതയിലാണെന്ന് ആരും അവകാശപ്പെടാന്‍ സാധ്യതയില്ല. ഒരു നിശ്ചിതകാലയളവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടു മാത്രം വ്യവസ്ഥ ജനാധിപത്യവത്കരിക്കപ്പെടുകയോ നീതിനിര്‍വഹണം നടപ്പാക്കപ്പെടുകയോ ചെയ്യണമെന്നില്ല. മൂലധന കേന്ദ്രിതമായ സാമ്പത്തിക താല്‍പര്യവും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അഴിമതിയും മുതലാളിത്ത ജനാധിപത്യത്തെ പീഡനാത്മക മര്‍ദന സ്വഭാവമുള്ളതാക്കാവുന്നതാണ്. സോവിയറ്റ് യൂനിയനിലേതു പോലെ ഏക കക്ഷിഭരണം സ്വകാര്യ മൂലധനത്തിന്റെ അഭാവത്തിലും ജഡീഭവിക്കാനും സങ്കുചിതമായിത്തീരാനും സാധ്യതയുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് (Vote) അടിസ്ഥാനമാക്കി ഭരണക്രമീകരണം നടന്നാല്‍ സ്വേഛാഭരണങ്ങള്‍ക്ക് ആയുസ് കുറക്കാനും വിമര്‍ശനങ്ങളും ചോദ്യം ചെയ്യലുകളും കൊണ്ട് ഭരണകൂടത്തെയും അധികാരികളെയും നിഷ്‌കാസനം ചെയ്യാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പുകളില്ലാത്ത കുടുംബ/കുലവാഴ്ചകള്‍ നിലനില്‍ക്കുമ്പോള്‍ വെറുമൊരു വ്യക്തിയെയോ കുടുംബത്തെയോ ഉപയോഗിച്ചുകൊണ്ട് സാമ്രാജ്യത്വശക്തികള്‍ക്ക് ചൂഷണങ്ങളും അതിക്രമങ്ങളും എളുപ്പം അടിച്ചേല്‍പ്പിക്കാന്‍ കഴിയും. കുടുംബവാഴ്ചയുടെ തുടര്‍ച്ചയില്‍ ചൈനയിലെ അവസാനത്തെ ചക്രവര്‍ത്തിയായത് വെറും രണ്ടു വയസ്സുകാരനായ പൂയി ആയിരുന്നു! ബര്‍ടലൂച്ചിയുടെ പ്രസിദ്ധമായ സിനിമയില്‍ (Last Emperor) കാണുന്നതുപോലെ അക്ഷരങ്ങളും കണക്കും പഠിപ്പിക്കുന്ന അധ്യാപകനോട് 'Dont ask me question, I am the King' എന്ന് രസകരമായി പ്രതികരിക്കുന്ന വെറുമൊരു ബാലനായ ചക്രവര്‍ത്തി! ലിബിയയുടെയും സിറിയയുടെയും കാര്യങ്ങള്‍ പൂര്‍ണമായും ഇതില്‍നിന്ന് വിഭിന്നമാണെന്ന് പറയാന്‍ പറ്റില്ല. ഖദ്ദാഫി ഒരു സന്ദര്‍ഭത്തില്‍ ചെയ്ത സല്‍ക്കര്‍മങ്ങളോ പ്രകടിപ്പിച്ച തദ്ദേശ വാസനയോ സ്വേഛാധിപത്യപരമായ കുടുംബവാഴ്ചകള്‍ക്കോ സ്വജനപക്ഷപാതങ്ങള്‍ക്കോ ജനവിരുദ്ധനയങ്ങള്‍ക്കോ ന്യായീകരണമാവുന്നില്ല.
ആദ്യമേ സൂചിപ്പിച്ചതുപോലെ, ഏകാധിപത്യങ്ങളും സ്വേഛാവാഴ്ചകളും അവസാനിക്കുന്നത് നല്ലതാണെങ്കിലും കാര്യങ്ങള്‍ വളരെ സങ്കീര്‍ണവും അവ്യക്തവുമായി തുടരുകയാണ്. അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങളില്‍ അമേരിക്കന്‍ നിലപാടുകളിലെ ജനാധിപത്യ വിരുദ്ധ നയങ്ങളെ തുടക്കത്തില്‍ തന്നെ തുറന്നു കാട്ടിയ അമേരിക്കന്‍ സമാന്തര പ്രസിദ്ധീകരണമായ കൗണ്ടര്‍ പഞ്ച് (Counter Punch) ഖദ്ദാഫിയുടെ മരണാനന്തരം ഇങ്ങനെ എഴുതുന്നു: ''In other situations where dictators were deposed the seizing of their assets was justified - because they were in Personal bank accounts. But the tens of billions illegally seized by western countries was money belonging to the Libiyan state and the National Bank. That no one has commented on the casual elimination of sovereignty, some one should. Nato has effectively destroyed the Libiyan government -not just Gaddafi's regime'' (The Real Reason the US Wanted Gaddafi Gone, Murray Robbin, Sept 16.18. 2011 Counter Punch).
ഇവിടെ ഉന്നയിക്കുന്ന വിമര്‍ശനം വളരെ ഗൗരവ സ്വഭാവമുള്ളതാണ്. ഒരു രാജാവിന്റെയോ ഭരണാധികാരിയുടെയോ അന്ത്യത്തോടുകൂടി ഒരു ദേശമോ അതിന്റെ ഭരണവ്യവസ്ഥയോ തകരേണ്ടതില്ല. മാത്രമല്ല, അങ്ങനെ താല്‍ക്കാലികമായി തകര്‍ന്നാല്‍ പോലും അവരുടെ സമ്പത്ത് പിടിച്ചെടുക്കാനോ മരവിപ്പിക്കാനോ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള നാറ്റോ പോലുള്ള സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. ഐക്യരാഷ്ട്രസഭയും അനുബന്ധസ്ഥാപനങ്ങളും ഇതുപോലുള്ള ചൂഷണങ്ങള്‍ക്കും കൊള്ള, കൊല മുതലായതിനും കൂട്ടുനില്‍ക്കുമ്പോള്‍ എവിടെയാണ് അന്താരാഷ്ട്ര വ്യവസ്ഥ? അന്താരാഷ്ട്ര നീതി വ്യവസ്ഥ(International Just Order) എന്ന സങ്കല്‍പം സാധ്യമാകാത്ത കാലത്തോളം ജനങ്ങളെ ഭിന്നിപ്പിക്കാനും സാമ്രാജ്യത്വ ദാസ്യത്തിന് വഴിയൊരുക്കാനും അവര്‍ക്ക് എളുപ്പം സാധിക്കും.
സദ്ദാം ഹുസൈനെയും ബിന്‍ലാദനെയും പാശ്ചാത്യ സൈന്യം പിടിച്ചുകൊണ്ടുപോയ രീതിയില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. മിക്കവാറും എല്ലാ രാജ്യങ്ങളിലും മാത്രമല്ല ഭരണകൂട വ്യവസ്ഥക്കകത്തു തന്നെ (State System) അമേരിക്കന്‍ ചാരന്മാരോ പിന്തുണക്കാരോ പതിയിരിക്കുന്നുണ്ട്. ജനങ്ങള്‍ക്കോ വിപ്ലവകാരികള്‍ക്കോ അവരോടുള്ള ശത്രുതയോ എതിര്‍പ്പോ തീര്‍ക്കാനാണെങ്കില്‍ അവരെ വധിക്കാന്‍ യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍- അമേരിക്കന്‍ ഭരണകൂടം- 'ഇതാ ഇവരെ/ ഏകാധിപതികളെ പിടിച്ചിരിക്കുന്നു, ശിക്ഷിക്കുന്നു, കടലിലെറിയുന്നു' എന്ന സന്ദേശം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. തീര്‍ച്ചയായും അവര്‍ ഏകാധിപതികളോ സ്വേഛാവാഴ്ച നടത്തിയവരോ എന്നതിനേക്കാള്‍ അവരുടെ ഉന്മൂലനം ഞങ്ങള്‍ തന്നെയാണ് സാധ്യമാക്കിയതെന്ന സന്ദേശമാണ് സാമ്രാജ്യത്വം പുറത്തേക്ക് പ്രക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ അവ്യക്തതയും ദുരൂഹതയും സൃഷ്ടിച്ചുകൊണ്ട് ജനകീയ പോരാട്ടങ്ങളെ പോലും തങ്ങളുടെ പാവ ഭരണകൂടങ്ങളെ പ്രതിഷ്ഠിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് അമേരിക്ക. അറബ് ദേശങ്ങളിലെ ജനങ്ങള്‍ ഈ സങ്കീര്‍ണ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചാണ് അവരുടെ ഭാവിയും സ്വാതന്ത്ര്യവും നിര്‍ണയിക്കപ്പെടുക.
pokker.pk@gmail.com

Comments

Other Post