Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

ഇസ്രയേല്‍ ഫലസ്ത്വീനികളോട് വിധേയത്വമാണ് ആവശ്യപ്പെടുന്നത്‌

ജൂഡിത് ബട്‌ലര്‍

ചില നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഇത്തരം ഉണര്‍വുകള്‍ അടിസ്ഥാനപരമായി മതേതരമെന്ന നിലയിലാണ് ശ്രദ്ധേയമാവുന്നത്. താങ്കള്‍ അങ്ങനെ കരുതുന്നുണ്ടോ?
പൂര്‍ണമായും ഞാനങ്ങനെ വിചാരിക്കുന്നില്ല. കയ്‌റോയില്‍ സെക്യുലരിസ്റ്റുകളും ക്രിസ്ത്യാനികളും മുസ്‌ലിംകളും അടങ്ങുന്ന മനോഹരമായ സമ്മിശ്ര കൂട്ടായ്മയാണ് വിപ്ലവം നയിച്ചത്. എന്നാല്‍, ലിബിയയില്‍ മുന്നേറ്റം നടത്തുന്നവരൊക്കെ സെക്യുലരിസ്റ്റുകളാണെന്ന് ഉറപ്പുള്ള ആരെങ്കിലും ഉണ്ടോ എന്നറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. ചില സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ നമ്മള്‍ പരാജയപ്പെടാറുണ്ട്. നമ്മുടേതായ പ്രത്യയശാസ്ത്ര ഭാവനകളെയും സ്വപ്നങ്ങളെയുമാണ് നമ്മള്‍ ആധാരമാക്കുന്നത്.

ഇത്തരം പ്രത്യയശാസ്ത്ര സ്വപ്നങ്ങള്‍ എന്തുമാത്രം പ്രസക്തമാണ്? ഈ മൂവ്‌മെന്റുകള്‍ സെക്യുലര്‍ ആണോ എന്ന ചോദ്യത്തിന്റെ പ്രസക്തി?
ഞാനത് ശ്രദ്ധിക്കുന്നില്ല. ജനങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് എന്തിനാണ് എന്ന കാര്യമാണ് ഞാന്‍ ചിന്തിക്കുന്നത്. സെക്യുലര്‍ ആണോ അല്ലേ എന്നത് ഇത്തരം മുന്നേറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുടെ മുഖ്യധാരയില്‍ വരുന്ന സംഭവമല്ല. അടിസ്ഥാനപരമായി അവര്‍ സെന്‍സര്‍ഷിപ്പ്, പട്ടാള നിയന്ത്രണം, സാമൂഹികമായ വിവേചനം തുടങ്ങിയവയെ നിഷേധിക്കുന്നു, വ്യത്യസ്തമായ തലങ്ങളില്‍ ജനാധിപത്യവത്കരണം സാധ്യമാക്കുകയും ചെയ്യുന്നു. നമ്മള്‍ ഈ മുന്നേറ്റത്തില്‍ വ്യത്യസ്ത തരക്കാരായ സ്ത്രീകളെയും മുന്‍നിരയില്‍ കാണുന്നു. സംശയമില്ലാത്ത കാര്യം, മതേതരവും മതകീയവുമായ വ്യവഹാരങ്ങളിലൂടെയും ആവിഷ്‌കാരങ്ങളിലൂടെയും ജനാധിപത്യത്തിനുവേണ്ടിയുള്ള ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത് എന്നതാണ്.

കുറച്ചുകൂടി സവിശേഷമായി പറഞ്ഞാല്‍ ഈ വിപ്ലവം നിഷ്ഫലമാണോ? അഥവാ ഇറാനിലും മറ്റും സംഭവിച്ചതുപോലെ മുസ്‌ലിം ബ്രദര്‍ഹുഡ് അധികാരത്തില്‍ വരുമോ?
മുസ്‌ലിം ബ്രദര്‍ഹുഡ് നിഷ്പക്ഷമായ, നീതിപൂര്‍വകമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നാല്‍ തീര്‍ച്ചയായും അതൊരു ജനാധിപത്യപരമായ കാര്യം തന്നെയാണ് (ഈജിപ്തില്‍ പ്രസിഡന്റ്-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിന് മുമ്പാണ് ഈ അഭിമുഖം നടത്തിയത്-വിവ). ചിലപ്പോള്‍ ശരിയായ ജനാധിപത്യ ഘടനയില്‍ കയ്‌പേറിയ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിയും വരും. മുസ്‌ലിം ബ്രദര്‍ഹുഡിനെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന ഈ ആന്തരിക ഭീതിയില്‍ ഒരു ബഹുജനമുന്നേറ്റത്തെയാകെ ഉള്‍പ്പെടുത്തുന്നതാണ് എന്നെ ഞെട്ടിക്കുന്നത്. ഇസ്‌ലാമിനോടുള്ള ഈ പക്ഷഭേദം യഥാര്‍ഥത്തില്‍ ഇസ്‌ലാമിക നിഘണ്ടുവില്‍ നിന്നുയിരെടുക്കുന്ന ജനാധിപത്യത്തിനു വേണ്ടിയായി മാറണമായിരുന്നു. സകല ഗ്രൂപ്പുകളെയും ഒരുമിപ്പിക്കുന്ന ജനാധിപത്യവത്കരണം.

അറബ് ജാഗരണം ഇസ്രയേലിനെ സംബന്ധിച്ചേടത്തോളം എന്തു തരത്തിലുള്ള അനുഭവമായിരിക്കും ഉണ്ടാക്കുക എന്നാണ് താങ്കള്‍ കരുതുന്നത്?
ഇസ്രയേലിനെ ഇത് ബാധിക്കുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഇസ്രയേലും ഫലസ്ത്വീനും സമാസമം വ്യവഹരിക്കപ്പെടണമെന്ന ആഗോള ആവശ്യം ശക്തമാവുകയും ചെയ്യും. ഫലസ്ത്വീനിയന്‍ സ്വയംനിര്‍ണയാവകാശം പാലിക്കപ്പെടലാണ് ഇക്കാര്യത്തില്‍ ഏറ്റവും നീതിപൂര്‍വകം. ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ശരി എന്താണെന്നെല്ലാവര്‍ക്കുമറിയാം. അത് നടപ്പാക്കപ്പെട്ടാല്‍ ജനാധിപത്യ വിപ്ലവ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ സംഭവമായിരിക്കുമത്. യഥാര്‍ഥ ജനാധിപത്യ പ്രക്രിയ എന്നത് ഭൂമി അന്യായമായി നഷ്ടപ്പെട്ടവര്‍ക്ക് കൃത്യമായി തിരിച്ചുകൊടുക്കലാണ്. ഫലസ്ത്വീനിലും ഇസ്രയേലിലും ഈ ജനാധിപത്യവത്കരണം ശരിയായി നടക്കട്ടെ എന്ന് ആശിക്കാം.

ഈ പ്രസ്ഥാനങ്ങളിലെ മത-സെക്യുലര്‍ സമീപനങ്ങള്‍ ഇസ്രയേലിന്റെ വീക്ഷണങ്ങള്‍ എങ്ങനെ ക്രമപ്പെടുത്തുന്നു?
ഇസ്രയേല്‍ ഫലസ്ത്വീനികളോട് ജൂത സ്റ്റേറ്റിനോടുള്ള വിധേയത്വമാണ് ആവശ്യപ്പെടുന്നത്. അതൊരു സെക്യുലര്‍ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇസ്‌ലാമിന് പൂര്‍വാധിപത്യം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ 'മതേതരവത്കര'ണത്തിന് ഇസ്രയേല്‍ ആഹ്വാനംചെയ്യുന്നത് തികഞ്ഞ കാപട്യം തന്നെയാണ്. ഇതിലൂടെ രൂപപ്പെടുന്ന ഒരു ചോദ്യം ഏതു മതമാണ് സെക്യുലരിസത്തിന് എതിരു നില്‍ക്കുന്നത്/നില്‍ക്കാത്തത് എന്നതാണ്. ഇസ്രയേലില്‍ മതവും ദേശീയത(പൗരസ്വത്വം)യും വേര്‍തിരിക്കണമെന്നും അങ്ങനെ വിശാലമായി മതേതരദേശം രൂപപ്പെടണമെന്നും വാദിക്കുന്നവര്‍ ഇസ്രയേലിനകത്ത് രാഷ്ട്രവിരുദ്ധരായി മുദ്രകുത്തപ്പെടുന്നവരാണ്. സെക്യുലരിസം സംവാദത്തിലേക്ക് വരുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് അതെവിടെയൊക്കെയാണ് ജനാധിപത്യത്തിന് വളക്കൂറാവുന്നതും വംശഹത്യക്ക് കാരണമാകുന്നതുമെന്നാണ്. പൊതുവ്യവഹാരങ്ങള്‍ ഈ വിഷയത്തില്‍ കുറച്ചുകൂടി കൃത്യമാകേണ്ടതുണ്ട്.

പൊതുമണ്ഡലത്തില്‍ മതത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട്, ഇസ്രയേലിന്റെ സ്റ്റേറ്റ് വയലന്‍സിനെ വിമര്‍ശിക്കാന്‍ താങ്കളുപയോഗിക്കുന്ന ന്യായങ്ങള്‍ ഒരു പരിധിവരെ വാള്‍ട്ടര്‍ ബെഞ്ചമിന്‍(Walter Benjamin), അന്ന ആരെന്റ്(Hannah arendt) തുടങ്ങിയവരുടെ ജൂയിഷ് ചിന്തകളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. എന്നിട്ടും, ജൂതത്വം(Jewishness) വ്യവഹരിക്കപ്പെടുന്നത് ഇതില്‍നിന്ന് എത്രയോ അകലത്തില്‍വെച്ചാണ്.
അമേരിക്കയിലടക്കമുള്ള 'ധിഷണാവിരുദ്ധ'മായ വിദ്വേഷത്തില്‍നിന്നാണിത് സംഭവിക്കുന്നത്. വിദ്യാഭ്യാസത്തോടും അക്കാദമിക വ്യവഹാരങ്ങളോടുമുള്ള ഒരു തരം പകയാണിത്. താങ്കളുടെ ചോദ്യം ഈ പ്രശ്‌നങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്.

താങ്കള്‍ പറഞ്ഞുവരുന്നത് ധൈഷണികത വിരുദ്ധത(Anti-Intellectualism) പൊതുജനങ്ങളെ യാഥാര്‍ഥ്യങ്ങളില്‍നിന്ന് അകറ്റുന്നു എന്നാണോ?
ഇസ്രയേല്‍ -ഫലസ്ത്വീന്‍ വിഷയത്തില്‍ ജനാധിപത്യ തത്ത്വങ്ങള്‍ക്കിനിയും പ്രായോഗിക സാധ്യതകളുണ്ട്. ഫലസ്ത്വീനികളുടെ മേലുള്ള ഒരു കോളനീകരണ പ്രക്രിയയാണ് സയണിസം എങ്കില്‍ ഇസ്രയേലിന് അതൊരു വിമോചന പ്രസ്ഥാനമാണ്. ഇവിടെയാണ് ചില കാര്യങ്ങള്‍ ഗൗരവത്തില്‍ പരിശോധിക്കേണ്ടത്. ഒരാളുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാള്‍ക്ക് അടിമത്തമായി നിലനില്‍ക്കുന്നതെങ്ങനെയെന്നാണ് ചിന്തിക്കേണ്ടത്. ഒരേസമയം രണ്ട് ചരിത്രം പറയേണ്ടിവരുന്നതും അതിന്റെ രൂപീകരണ പ്രക്രിയ അന്വേഷിക്കേണ്ടിവരുന്നതും അങ്ങനെയാണ്. ബെഞ്ചമിന്‍ സയണിസത്തിന് അടിയെഴുത്തായി മാറിയ പുരോഗമന ആഖ്യാനങ്ങളെ ജൂതബുദ്ധിജീവികളെ ഉപയോഗിച്ച് നിരൂപണം ചെയ്തു. അടിച്ചമര്‍ത്തപ്പെട്ടവന്റെ ചരിത്രം അടിച്ചമര്‍ത്തിയവന്റെ ചരിത്രത്തിനകത്ത് കടന്ന് സ്‌ഫോടനങ്ങളുണ്ടാക്കുന്നതെങ്ങനെയെന്നും തിരിച്ചറിഞ്ഞു.

ഒരേസമയം രണ്ട് ചരിത്രം (നാസി, സയണിസം) ഓര്‍മിക്കേണ്ടിവരിക? ആരന്റില്‍ നിന്ന് നമുക്കെന്ത് മനസ്സിലാക്കാം?
ആരന്റ് പൊതുരാഷ്ട്രീയത്തില്‍ സജീവമായിരുന്ന വ്യക്തിയായിരുന്നു. 1948-ലെ ഇസ്രയേല്‍ രൂപവത്കരണത്തിന് മുന്നോടിയായി രൂപപ്പെട്ട 1940-ലെ ഫലസ്ത്വീനിലെ ഫെഡറേറ്റഡ് അതോറിറ്റിയുടെ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. വളരെ പ്രശ്‌നപൂരിതമായ കാഴ്ചപ്പാടുകളായിരുന്നു അവരുടേത്. പലപ്പോഴും വംശീയവും. പക്ഷേ, പുതിയ സ്റ്റേറ്റിതര വിഭാഗങ്ങള്‍ അനന്തമായ സംഘര്‍ഷത്തിന്റെ പതിറ്റാണ്ടുകളെയാണ് സൃഷ്ടിക്കുക എന്നവര്‍ മനസ്സിലാക്കിയിരുന്നു.

ഇസ്രയേലീ മിലിറ്ററിസത്തെ വായിക്കാന്‍ താങ്കള്‍ ആരന്റിനെയും ബെഞ്ചമിനെയും ഉപയോഗിക്കുന്നതെന്ത്? കുറച്ചുകൂടി വിശാലമായ വിമര്‍ശന രീതികളില്ലേ?
അതിന് ജൂത മാനദണ്ഡങ്ങള്‍ അവംലബിക്കണമെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. ജൂത അവംലബങ്ങള്‍ ഉപയോഗിക്കാതെ തന്നെ അവരുടെ കടന്നുകയറ്റത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കാന്‍ ഒരാള്‍ക്ക് സാമാന്യമായി സാധിക്കും. അതിന് പൊതുവായി മനുഷ്യാവകാശ വ്യവഹാരങ്ങള്‍, കൊളോണിയലിസത്തിന്റെ വിമര്‍ശന ചരിത്രം, അഹിംസയുടെ രാഷ്ട്രീയം, സ്റ്റേറ്റിതര വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ആശയപദ്ധതികള്‍, അഭയാര്‍ഥികളുടെ നിയമാവകാശങ്ങള്‍, ഉദാര ജനാധിപത്യം തുടങ്ങിയവ മനസ്സിലാക്കിയാല്‍ മതി. ഇനി ജൂത വിശകലന പദ്ധതികള്‍ മാത്രം ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ജൂതകാഴ്ചവട്ടത്തിലൂടെ മാത്രം പ്രശ്‌നവിശകലനം നടത്തുകയും തീര്‍പ്പിലെത്തുകയുമാണല്ലോ ചെയ്യുക. ഇനി ഈ ജൂതപദ്ധതികള്‍ സയണിസ്റ്റ് വിരുദ്ധമായാല്‍പോലും ആത്യന്തികമായി അധീശവ്യവഹാരങ്ങളെ തന്നെയാണ് ഉല്‍പാദിപ്പിക്കുക.

ആഗോളമായി ജൂത വാദങ്ങള്‍ മര്‍ദകന്റേതാണെന്ന് നമുക്കറിയാം. പക്ഷേ, ജൂതര്‍ക്കിടയില്‍ ഇതെങ്ങനെയാണ് വ്യവഹരിക്കപ്പെടുന്നത്?
നിങ്ങള്‍ ജൂതനായിക്കൊണ്ടുതന്നെ ജൂത ഫ്രെയിംവര്‍ക് ഉപയോഗിക്കുന്നവനാണോ ജൂതസ്വത്വത്തിന് പുറത്തുനിന്നുകൊണ്ട് ജൂതഫ്രെയിംവര്‍ക് ഉപയോഗിക്കുന്നവനാണോ എന്നതിനെ ആശ്രയിച്ചിരിക്കും. ജൂതപരമല്ലാത്ത രൂപങ്ങളോട് പുലര്‍ത്തുന്ന കടപ്പാട് ജൂതനൈതികതയുടെ ഭാഗമാണ്. അഥവാ ജൂതനായിരിക്കുന്നവന്‍ ജൂതഫ്രെയിംവര്‍ക് ഉപയോഗിക്കണമെന്നില്ല. അല്ലെങ്കില്‍, അയാളുടെ നൈതികതയെ രൂപപ്പെടുത്തിയിരിക്കുന്നത് ദേശീയതയോ അപരത്വഭീതിയോ ആയിരിക്കണം.

ഇസ്രയേല്‍ സ്റ്റേറ്റിന്റെ നടപടികള്‍ക്കെല്ലാം ജൂതസമുദായം ഉത്തരവാദികളാകണമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഇതിന്റെ വിശകലനം അല്‍പം ആഴവും അതില്‍ കുറഞ്ഞ ലോജിക്കും മാത്രം ആവശ്യപ്പെടുന്ന ഒന്നാണ്. എത്ര ലോജിക്കോടെ പറയുന്നതാണെങ്കിലും പല കാരണങ്ങള്‍കൊണ്ട് നാമത് മനസ്സിലാക്കണമെന്നില്ല. ചിലതൊക്കെ നാം വിരുദ്ധമായാണ് മനസ്സിലാക്കുക.

ലോജിക് ഉത്തരം മുട്ടിപ്പോകുന്നത് ഇക്കാര്യത്തിലെവിടെയാണെന്നാണ് താങ്കള്‍ കരുതുന്നത്?
അനേകം ലിബറലുകളും ജനാധിപത്യവാദികളും സോഷ്യലിസ്റ്റുകളും പുരോഗമനവാദികളും കോളനിവത്കരണത്തെയും നിയമവിരുദ്ധ ഇടപാടുകളെയും എല്ലാ രൂപത്തിലുമുള്ള വംശീയതകളെയും പേരെടുത്ത് വിമര്‍ശിക്കാറുണ്ട്. പക്ഷേ, ഇസ്രയേലിന്റെ കാര്യത്തില്‍ ഇവരില്‍ പലരും മിണ്ടാറില്ല. സെമിറ്റിക്‌വിരുദ്ധരായി ആക്ഷേപിക്കപ്പെടും എന്നതുകൊണ്ട് തന്നെയാണിത്. ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം അന്വേഷിക്കണം. ജൂതന്മാര്‍ക്കെതിരെ നടന്ന നാസി ക്രൂരതകള്‍ക്ക് ഫലസ്ത്വീനികള്‍ പിഴയൊടുക്കണമെന്ന് ലോകം കരുതുന്നത് എന്തിനാണ്? ജൂത സയണിസ്റ്റ് പശ്ചാത്തലത്തില്‍നിന്ന് വന്ന നമ്മെ സംബന്ധിച്ചേടത്തോളം ഇസ്രയേല്‍ വിമര്‍ശനമെന്നത് സെമിറ്റിക് വിരുദ്ധത എന്നതില്‍ കവിഞ്ഞ് ഒന്നുമല്ല. ജൂതരാണ് അങ്ങനെ വിമര്‍ശിക്കുന്നതെങ്കില്‍ അതവരുടെ ആത്മനിന്ദയായായിരിക്കും വിലയിരുത്തപ്പെടുക. ഞാന്‍ വിശ്വസിക്കുന്നത് സെമിറ്റിക് വിരുദ്ധത എന്ന വ്യവഹാരത്തെ മാറ്റിനിര്‍ത്താത്തേടത്തോളം ഇസ്രയേല്‍ ക്രൂരതകളുടെ സ്വതന്ത്ര രാഷ്ട്രീയ വിമര്‍ശനം അസാധ്യമായിത്തീരും എന്നാണ്.

മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏതുകാര്യത്തിലാണ് ഇസ്രയേല്‍ താങ്കളെ പ്രകോപിപ്പിക്കുന്നത്?
ഇസ്രയേല്‍ ജൂതരെയാണ് അടിസ്ഥാനപരമായി പ്രതിനിധീകരിക്കുന്നത് എന്ന വാദമാണ് എന്നെ പ്രകോപിപ്പിക്കുന്നത്. ഇസ്രയേലിന്റെ സാധുതയെ ചോദ്യംചെയ്യുന്നവനാണ് യഥാര്‍ഥത്തില്‍ ജൂതനെ പ്രതിനിധാനം ചെയ്യുന്നത്. കാര്യങ്ങള്‍ അത്രമേല്‍ സുതാര്യം തന്നെയാണ്. തീര്‍ച്ചയായും ജനാധിപത്യത്തിന്റെ അടയാളം നിലനില്‍ക്കുന്നത് മതകീയവും മതേതരവുമായ എല്ലാ വൈവിധ്യങ്ങളുടെയും സഹവര്‍ത്തിത്വത്തിനകത്താണ്.

Comments

Other Post