Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

അറബ് വസന്തം രൂപപ്പെടുത്തുന്ന നവ ഇസ്‌ലാമിക രാഷ്ട്രീയം

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

അറബ് വസന്തത്തെ രൂപപ്പെടുത്തിയ പ്രത്യയശാസ്ത്രം ഏതാണ് എന്ന് ചോദിച്ചാല്‍ അതിനു കൃത്യമായ ഒരുത്തരം നല്‍കുക പ്രയാസകരമാണ്. ഇസ്‌ലാമും സോഷ്യലിസവും ലിബറലിസവും സാമ്രാജ്യത്വ വിരുദ്ധജനാധിപത്യ ആശയങ്ങളുമൊക്കെ വിവിധ അളവില്‍ അറബ് വിപ്ലവത്തിനു പ്രേരകമായിത്തീര്‍ന്നിട്ടുണ്ട്. എന്നാല്‍, വിപ്ലവാനന്തര ഇസ്‌ലാമിക രാഷ്ട്രീയത്തെ ആകൃതിപ്പെടുത്തിയ ദാര്‍ശനികന്‍ ആരാണെന്ന ചോദ്യത്തിന്, ശൈഖ് റാശിദുല്‍ ഗനൂശി എന്ന് ന്യായമായും ഉത്തരം പറയാം. തുനീഷ്യ, ഈജിപ്ത്, മൊറോക്കോ, ലിബിയ, യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിപ്ലവാനന്തരം വികസിച്ചുവരുന്ന രാഷ്ട്രീയ പ്രവണതകളില്‍ ഗനൂശി ഉയര്‍ത്തിവിട്ട പരിഷ്‌കരണ ചിന്ത അത്രമേല്‍ പ്രകടമാണ്. അറബ് ഇസ്‌ലാമിക രാഷ്ട്രീയത്തെ വരും കാലത്ത് നിര്‍ണിയിക്കുന്നതും ഈ ദിശയിലുള്ള രാഷ്ട്രീയം തന്നെ ആയിരിക്കും. പരമ്പരാഗത ഇസ്‌ലാമിക രാഷ്ട്രീയ ദര്‍ശനങ്ങളെ പുനരവലോകനം ചെയ്യുകയും നിശിതമായി വിമര്‍ശിക്കുകയും തിരുത്തലുകള്‍ക്ക് വിധേയമാക്കുകയും ചെയ്ത ഗനൂശി ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ഒരു നവ ഇസ്‌ലാമിസ്റ്റ് കാഴ്ചപ്പാട് അവതരിപ്പിക്കുകയായിരുന്നു.

ഗനൂശിയും
നവ ഇസ്‌ലാമിക രാഷ്ട്രീയവും
അറബ് വസന്തത്തിന്റെ കാറ്റ് പിടിച്ച ആദ്യതെരുവ് തുനീസ് ആയത് യാദൃഛികമാകാം. എന്നാല്‍, പിന്നീടുണ്ടായ രാഷ്ട്രീയ രൂപാന്തരങ്ങളില്‍ തുനീഷ്യ മോഡല്‍ ആകുന്നതില്‍ അതിശയിക്കാനില്ല. തുനീഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദയുടെ നായകനായ ഗനൂശി, തന്റെ അനുഭവങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു നവ ഇസ്‌ലാമിക രാഷ്ട്രീയത്തിന് നേരത്തേതന്നെ ബൗദ്ധികമായ അടിത്തറ സൃഷ്ടിച്ചിരുന്നു. വിപ്ലവാനന്തരം തുനീഷ്യയിലും ഈജിപ്തിലുമടക്കമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പുതിയ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ സഹായകമായത് ഗനൂശിയുടെ ആശയങ്ങളാണ്. ക്ലാസിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ ആവിഷ്‌കരിച്ച 'ഇസ്‌ലാമിക രാഷ്ട്ര' സിദ്ധാന്തങ്ങള്‍ പുതിയ സാഹചര്യത്തില്‍ തീര്‍ത്തും അപ്രസക്തവും അപ്രായോഗികവുമാണ്. പുതിയ കാലത്തിന്റെ ചോദ്യങ്ങളെ ധീരമായി നേരിടാന്‍ മുന്നോട്ടു വന്നു എന്നതാണ് ഗനൂശിയുടെ പ്രാധാന്യം.
ആധുനിക രാഷ്ട്രീയ വ്യവഹാരത്തില്‍ സുപ്രധാനമായ ജനാധിപത്യം, മതേതരത്വം, പൗരാവകാശങ്ങള്‍, സിവില്‍ സമൂഹം തുടങ്ങിയ പരികല്‍പനകളെക്കുറിച്ചുള്ള ഗനൂശിയുടെ പഠനങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെ സംബന്ധിച്ച പരമ്പരാഗത ധാരണകളെ അട്ടിമറിച്ചു. ശഹീദ് സയ്യിദ് ഖുത്വ്ബ്, സയ്യിദ് മൗദൂദി എന്നിവര്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അനിസ്‌ലാമികവും ശിര്‍ക്കുമായി വ്യാഖ്യാനിച്ചതിനെ ഗനൂശി ചോദ്യം ചെയ്തു. ജനാധിപത്യത്തെ കുറിച്ചുള്ള ആഴമേറിയ തെറ്റിദ്ധാരണയാണ് ഈ വ്യാഖ്യാനത്തിനു കാരണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഗനൂശിയുടെ അദ്ദീനു വസ്സിയാസ ഫില്‍ ഇസ്‌ലാം എന്ന കൃതിയില്‍ ഹാകിമിയ്യത്ത് സംബന്ധിച്ച ഇസ്‌ലാമിസ്റ്റുകളുടെ നിലപാട് പൊളിച്ചെഴുതി. സാമൂഹിക വ്യവസ്ഥയെ ഇസ്‌ലാം/ജാഹിലിയത്ത് എന്നിങ്ങനെ രണ്ടായി വിഭജിച്ചു കൊണ്ട് സയ്യിദ് ഖുത്വ്ബും മൗദൂദിയും അവതരിപ്പിച്ച സിദ്ധാന്തങ്ങള്‍ ഗനൂശി വിമര്‍ശന വിധേയമാക്കി. ജനാധിപത്യവും മതേതരത്വവും പാശ്ചാത്യ രാഷ്ട്രീയ സിദ്ധാന്തങ്ങളായതുകൊണ്ട് അതിനെ പൂര്‍ണമായും തള്ളിക്കളയണമെന്ന വാദത്തിനു പകരം, ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ജനാധിപത്യ വ്യവസ്ഥയെ പുനര്‍നിര്‍മിക്കുകയാണ് വേണ്ടതെന്ന ഗനൂശിയുടെ നിലപാട് എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയെങ്കിലും, പിന്നീട് വമ്പിച്ച സ്വീകാര്യത നേടുകയുണ്ടായി.

ബഹുജന മുന്നേറ്റം, ജനകീയ വിപ്ലവം
തുനീഷ്യയിലും ഈജിപ്തിലും ലിബിയയിലുമൊക്കെ ഏകാധിപതികളായ ഭരണാധികാരികളെ സ്ഥാനഭ്രഷ്ടരാക്കിയ വിപ്ലവം ഇസ്‌ലാമിസ്റ്റുകള്‍ മാത്രം ആസൂത്രണം ചെയ്തു നടപ്പാക്കിയതല്ല. ഏകാധിപത്യം, ജനദ്രോഹം, അഴിമതി, സ്വജനപക്ഷപാതം, അഭിപ്രായ സ്വാതന്ത്ര്യ നിഷേധം, തൊഴിലില്ലായ്മ, ദാരിദ്ര്യം, മതവിരോധം, സാമ്രാജ്യത്വദാസ്യം തുടങ്ങി ഭരണകൂടങ്ങള്‍ അനുവര്‍ത്തിക്കുന്ന തിന്മകള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനരോഷമാണ് വിപ്ലവസ്വഭാവം ആര്‍ജിച്ചത്. ഏതെങ്കിലും പ്രത്യയശാസ്ത്രമോ പ്രസ്ഥാനമോ പ്രക്ഷോഭങ്ങളുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നില്ല. ഈ രാജ്യങ്ങളില്‍ മഹാഭൂരിപക്ഷവും മുസ്‌ലിംകള്‍ ആയിരുന്നിട്ടു കൂടി, മുസ്‌ലിംകള്‍ക്ക് മതപരമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. പതിറ്റാണ്ടുകളായി അതിനെതിരെ അടക്കിവെച്ച പ്രതിഷേധം ഇസ്‌ലാമിക വികാരമായി രൂപപ്പെട്ടിട്ടുണ്ടെന്നത് വാസ്തവമാണ്. ഈ വികാരം അടിച്ചമര്‍ത്തപ്പെട്ട ഇസ്‌ലാമിക രാഷ്ട്രീയ കക്ഷികള്‍ക്ക് അനുപൂരമാവുകയും ചെയ്തു. അങ്ങനെ അന്നഹ്ദ, ബ്രദര്‍ഹുഡ് തുടങ്ങിയ ഇസ്‌ലാമിസ്റ്റു കക്ഷികള്‍ തുനീസിലും തഹ്‌രീര്‍ സ്‌ക്വയറിലും പോരാട്ടങ്ങളില്‍ പങ്കുചേര്‍ന്നു
വിപ്ലവ സമരത്തിന്റെ ആദ്യനാളുകളില്‍ ഗനൂശി നടത്തിയ കരുതലുകള്‍ ശ്രദ്ധേയമാണ്. ഈ സമരം ഇസ്‌ലാമിസ്റ്റുകളുടെ പ്രക്ഷോഭമല്ലെന്നും ജനകീയ സമരമാണെന്നും ഓര്‍മിപ്പിച്ച ഗനൂശി, സമരത്തില്‍ പങ്കാളികളായ ഇടതു ട്രേഡ് യൂനിയനുകള്‍, ഫെമിനിസ്റ്റുകള്‍, ലിബറലുകള്‍ തുടങ്ങിയവര്‍ അടങ്ങിയ ചേരിയെ ദുര്‍ബലമാക്കുന്ന മുദ്രാവാക്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇസ്‌ലാമിക ഭരണമോ ശരീഅത്തോ തങ്ങളുടെ മുന്‍ഗണന അല്ലെന്ന് സംശയരഹിതമായിതന്നെ പ്രഖ്യാപിച്ചു. ഇസ്‌ലാം അല്ലാത്തത് ജാഹിലിയ എന്ന പഴയ ഇസ്‌ലാമിസ്റ്റ് പരികല്‍പ്പനയില്‍ നിന്നുകൊണ്ട് ഇതുപോലെ ഒരു ബഹുജന പ്രക്ഷോഭം സാധ്യമായിരുന്നില്ലെന്ന് നവ ഇസ്‌ലാമിസ്റ്റുകള്‍ തെളിയിച്ചു.

ആഗോള ഇസ്‌ലാം, ദേശീയ ഇസ്‌ലാം
ദേശാതിര്‍ത്തികള്‍ക്കുപരിയായ വിശ്വമാനവികതയും സാഹോദര്യവുമാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. ഉസ്മാനിയ ഖിലാഫത്തിന്റെ തകര്‍ച്ചവരെ വിവിധ ജനതകളെ കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള ഇസ്‌ലാമിക സാമ്രാജ്യം നിലനിന്നിരുന്നു. ഇസ്‌ലാമിക ഖിലാഫത്തിന്റെ തകര്‍ച്ചയും പാശ്ചാത്യ അധിനിവേശവും സൃഷ്ടിച്ച അരക്ഷിത സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍, ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിലൂടെ സാര്‍വദേശീയ ഇസ്‌ലാമിക രാഷ്ട്രസ്ഥാപനം സ്വപ്നം കണ്ടു. ഭൂമിശാസ്ത്രപരമോ വംശീയമോ ആയ അതിര്‍വരമ്പുകള്‍ ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്നും മുസ്‌ലിം ഉമ്മത്തിനെ ഒരു ഏകകമായി പരിഗണിച്ചു കൊണ്ടുള്ള ആഗോള ഇസ്‌ലാമിക ഖിലാഫത്ത് രൂപീകരിക്കണമെന്നും പൂര്‍വകാല ഇസ്‌ലാമിസ്റ്റുകള്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമിസ്റ്റു നേതാക്കളില്‍ പ്രമുഖനായ ഹസനുല്‍ ബന്ന 1949-ല്‍ കൊല്ലപ്പെടുമ്പോള്‍ ആറു രാജ്യങ്ങളിലായി ലക്ഷക്കണക്കിന് അനുയായികള്‍ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ആഗോള ഇസ്‌ലാമിക സമിതി ഉണ്ടാക്കി അതില്‍നിന്ന് പുതിയ ഖലീഫയെ തെരഞ്ഞെടുക്കണമെന്ന് പോലും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ദേശരാഷ്ട്രങ്ങള്‍ നിലനില്‍ക്കുന്ന ആധുനിക കാലത്ത് സാര്‍വദേശീയ ഇസ്‌ലാമിക രാഷ്ട്രം വെറുമൊരു ഉട്ടോപ്പിയ മാത്രമാണെന്ന തിരിച്ചറിവ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അനുഭവങ്ങളിലൂടെ നേടിയെടുത്തു.
ഇന്നിപ്പോള്‍ പശ്ചിമേഷ്യയിലും ആഫ്രിക്കയിലുമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സജീവ രാഷ്ട്രീയ സാന്നിധ്യമാണ്. ജോര്‍ദാനിലെ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രണ്ട് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തമായ പ്രതിപക്ഷ പാര്‍ട്ടിയാണ്. ഇറാഖിലെ ഇസ്‌ലാമിക് പാര്‍ട്ടി, സുഡാനിലെ ഇസ്‌ലാമിക് ഫ്രണ്ട്, ഫലസ്ത്വീനിലെ ഹമാസ്, അള്‍ജീരിയയിലെയും ബഹ്‌റൈനിലെയും കുവൈത്തിലെയും യമനിലെയും ഇസ്‌ലാമിക പാര്‍ട്ടികള്‍ മുതലായവ അതത് രാജ്യങ്ങളില്‍ ജനപ്രതിനിധി സഭകളിലും ഭരണത്തിലും പങ്കാളിയാണ്. എന്നാല്‍, അവ തികഞ്ഞ ദേശീയ കക്ഷികള്‍ മാത്രമാണ് എന്നു മാത്രമല്ല, പലപ്പോഴും ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അയല്‍ രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പരസ്പരം ഇടയേണ്ടിവന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. 1980-ലെ കുവൈത്ത് യുദ്ധകാലത്ത് സദ്ദാം അനുകൂലം, സദ്ദാം വിരുദ്ധം എന്നിങ്ങനെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ ഉണ്ടായ ചേരിതിരിവ് ഓര്‍ക്കുക.
വിപ്ലവാനന്തരം തെരഞ്ഞെടുപ്പിനെ നേരിട്ട ഈജിപ്ത്, തുനീഷ്യ, മൊറോക്കോ എന്നിവിടങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി, അന്നഹ്ദ, പാര്‍ട്ടി ഫോര്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് എന്നിവയുടെ ആശയപരമായ വേരുകള്‍ ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിലാണ്. എന്നാല്‍, ഇവ പരസ്പര ബന്ധമില്ലാത്ത സ്വതന്ത്ര ദേശീയ സംഘടനകള്‍ ആണിന്ന്. മൂലസംഘടനായ ഈജിപ്തിലെ ബ്രദര്‍ഹുഡ് ആഭ്യന്തര രാഷ്ട്രീയത്തിലും സേവന രംഗങ്ങളിലും നിരതമാണെന്നല്ലാതെ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഏകോപന വേദിയല്ല. ഇസ്‌ലാമിക ഭരണം സംബന്ധിച്ച താത്ത്വിക വിശകലനങ്ങള്‍ക്കുപകരം പൗരസമൂഹത്തിന്റെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളാണ് ഈ സംഘടനകള്‍ ഏറ്റെടുക്കുന്നത്. അതാകട്ടെ, വ്യത്യസ്ത രാജ്യത്ത് വ്യത്യസ്ത സ്വഭാവമുള്ളതാണു താനും. വിപ്ലവാനന്തരം ഇസ്‌ലാമിസ്റ്റുകള്‍ എന്തൊക്കെ തന്ത്രങ്ങളും നയങ്ങളും സ്വീകരിക്കണമെന്ന് കൂട്ടായി ആലോചിക്കാന്‍ ഒരു രാജ്യാന്തര സമ്മേളനം പോലും നടന്നില്ലെന്നത് 'ആഗോള ഇസ്‌ലാം' എന്ന ആശയം ഇന്നു രാഷ്ട്രീയമായി നിലനില്‍ക്കുന്നില്ലെന്ന് തെളിയിക്കുന്നു.

ശരീഅത്തും ഇസ്‌ലാമിക രാഷ്ട്രവും
എട്ടു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ നിലപാടുകളില്‍ കൈക്കൊണ്ട പുനരാലോചനകളെ മൂര്‍ത്തമായി പ്രതിഫലിപ്പിക്കുന്നതാണ്, വിപ്ലവാനന്തരം നിലവില്‍ വരേണ്ട ഭാവിഭരണ സംവിധാനത്തെയും ഭരണ ഘടനയെയും സംബന്ധിച്ച സംവാദങ്ങള്‍. ഇസ്‌ലാമിസ്റ്റു പാര്‍ട്ടികള്‍ ഒന്നും തന്നെ ഇസ്‌ലാമിക ശരീഅത്ത് മുന്‍ഗണനാ വിഷയമായി മുന്നോട്ടു വെക്കുകയുണ്ടായില്ല. രസകരമായ വസ്തുത, സമീപ കാലത്ത് രാഷ്ട്രീയ ഗോദയിലിറങ്ങിയ ചില സലഫി രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ശരീഅത്തിനു വേണ്ടി വാദിക്കാന്‍ മുന്നോട്ടുവന്നത്! മൊറോക്കോയില്‍ രാജാവ് മുഹമ്മദ് 6-ാമന്‍ നിയമിച്ച കമീഷനാണ് ഭരണഘടന എഴുതി ഉണ്ടാക്കിയത്. ശരീഅത്ത് അതില്‍ ഉള്‍പ്പെടുത്തണമെന്ന് ഇസ്‌ലാമിക പാര്‍ട്ടിയായ പി.ജെ.ഡി ആവശ്യപ്പെട്ടില്ല. മൊറോക്കോ മുസ്‌ലിം രാജ്യമാണെന്നും ഇസ്‌ലാം ഔദ്യോഗിക മതമായിരിക്കുമെന്ന കമീഷന്‍ നിര്‍ദേശം അവര്‍ അംഗീകരിക്കുകയായിരുന്നു. ചില പി.ജെ.ഡി നേതാക്കള്‍, മൊറോക്കോയെ 'ഇസ്‌ലാമിക സ്വഭാവമുള്ള പൗരരാഷ്ട്രം (civil state with an Islamic reference) എന്ന് നിര്‍വചിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതായി അവകാശപ്പെടുകയുണ്ടായി. മറ്റു മതസ്ഥര്‍ക്കും തുല്യസ്വാതന്ത്ര്യം അവര്‍ അംഗീകരിച്ചു.
തുനീഷ്യയിലെ അന്നഹ്ദ നേരത്തേതന്നെ ഭരണഘടനയില്‍ ശരീഅത്ത് നിയമം ഉള്‍പ്പെടുത്തേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ആധുനിക മതേതര ജനാധിപത്യ രാഷ്ട്രമാണ് ഗനൂശി വിപ്ലവ കാലത്ത് തന്നെ വാഗ്ദാനം ചെയ്തത്. പൗരസ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങള്‍, രാജ്യപുരോഗതി, വികസനം, വാണിജ്യ സമ്പദ്‌വ്യവസ്ഥ, തുറന്ന വിദേശനയം തുടങ്ങി ഉദാര നയങ്ങളിലാണ് അവര്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുറപ്പിച്ചത്.
ഈജിപ്തിലാണ് ഭരണ ഘടനാനിര്‍മാണം സംബന്ധിച്ച സംവാദം കൂടുതല്‍ ചൂടുപിടിച്ചത്. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ സംഘടനയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി ഇസ്‌ലാമിക രാഷ്ട്രമോ ശരീഅത്തോ മുന്‍ഗണനാവിഷയങ്ങളല്ലെന്ന്, നാഷ്‌നലിസ്റ്റുകളും ലിബറലുകളും സോഷ്യലിസ്റ്റുകളും ഉള്‍പ്പെട്ട പ്രക്ഷോഭ വേദികളില്‍ പ്രഖ്യാപിച്ചിരുന്നു. ടൂറിസത്തിന് ഹാനികരമായ നയങ്ങള്‍ കൈക്കൊള്ളില്ലെന്നും മദ്യം നിരോധിക്കില്ലെന്നും കാപിറ്റലിസ്റ്റു മാര്‍ക്കറ്റ് ഇക്കണോമിയെ സംരക്ഷിക്കുമെന്നും എഫ്.ജെ.പി വ്യക്തമാക്കിയിരുന്നു. ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ മുന്‍ഭരണകൂടങ്ങള്‍ ഒപ്പുവെച്ച കരാറുകള്‍ മാനിക്കുമെന്ന് വ്യക്തമാക്കിയ ബ്രദര്‍ഹുഡ് നേതാക്കള്‍ ക്യാമ്പ് ഡേവിഡ് കരാര്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹവുമായി ഏര്‍പ്പെട്ട വ്യവസ്ഥകള്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും പലപ്പോഴായി പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍, വിപ്ലവാനന്തരം ഈജിപ്തില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന സലഫി രാഷ്ട്രീയം ഇസ്‌ലാമിസ്റ്റുകളെ പ്രതിരോധത്തിലാക്കി. 'ദൗല മദനിയ്യ' (സിവില്‍ സ്‌റ്റേറ്റ്), 'ദൗല അല്‍മാനിയ്യ' (സെക്യുലര്‍) സ്റ്റേറ്റിന്റെ പ്രഛന്നരൂപം തന്നെ ആണെന്ന് പറഞ്ഞു സലഫികള്‍ തള്ളി. ബ്രദര്‍ഹുഡ് മുന്നോട്ടുവെച്ച 'ഇസ്‌ലാമിക സ്വഭാവമുള്ള പൗരരാഷ്ട്രം' (civil state with an Islamic reference) എന്ന സങ്കല്‍പവും അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല.

പൗര സ്വാതന്ത്ര്യവും ബഹുസ്വരതയും
ജയില്‍വാസത്തിന്റെയും മര്‍ദനങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിന്റെയും രാഷ്ട്രീയ അഭയാര്‍ഥിത്വത്തിന്റെയും ദീര്‍ഘകാല അനുഭവങ്ങള്‍ അതിജീവിച്ചവരാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നവരില്‍ പലരും. ഈജിപ്തില്‍ ബ്രദര്‍ഹുഡിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഖൈറാത്തു ശാത്വിര്‍ പന്ത്രണ്ടു വര്‍ഷത്തിലധികവും എഫ്.ജെ.പി വൈസ് ചെയര്‍മാന്‍ ഇസ്വാം എരിയാന്‍ എട്ടു വര്‍ഷവും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തുനീഷ്യയിലാകട്ടെ നിലവിലെ പ്രധാനമന്ത്രി ഹമാദി ജബാലി പതിനാറു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. 'അന്നഹ്ദ' ചെയര്‍മാന്‍ ഗനൂശി ആകട്ടെ നാല് വര്‍ഷം ജയില്‍ ശിക്ഷ ഏറ്റുവാങ്ങുകയും ഇരുപത്തി രണ്ടു വര്‍ഷം വിദേശത്ത് രാഷ്ട്രീയ അഭയാര്‍ഥിയായി കഴിയുകയും ചെയ്തിട്ടുണ്ട്.
പൗര സ്വാതന്ത്ര്യത്തിന്റെ വില സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ ഇസ്‌ലാമിസ്റ്റുകള്‍, തങ്ങളുടെ ഭരണത്തില്‍ മറ്റുള്ളവരുടെ പൗരാവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൂടെന്ന് നിഷ്‌കര്‍ഷിക്കുക സ്വാഭാവികമാണ്. ഇസ്‌ലാമിസ്റ്റുകള്‍ ഭരണത്തില്‍ വന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ സിവില്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്ന കാര്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ജാഗ്രത അതിന്റെ പ്രത്യക്ഷമാണ്. തീവ്രവാദികളും ഒളിപ്പോരാളികളുമായി പ്രവര്‍ത്തിച്ച ചരിത്രമുള്ളവരോട് പോലും, സാഹചര്യത്തിന്റെ ആനുകൂല്യം നല്‍കി വിട്ടുകൊടുക്കുകയും അവരെ വ്യവസ്ഥാപിത പ്രവര്‍ത്തനവഴിയിലേക്ക് ആനയിക്കുകയും ചെയ്യുന്ന ഗനൂശിയുടെ നയം എടുത്തുപറയേണ്ടതാണ്. പുതുതായി രാഷ്ട്രീയ രംഗപ്രവേശം നടത്തിയ സലഫികളെ ഉള്‍ക്കൊള്ളാന്‍ വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിസ്റ്റുകള്‍ തയാറാകുന്നതും പൗരസ്വാതന്ത്ര്യത്തിന്റെ വിഷയത്തിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൊണ്ടാണെന്ന് കരുതാം.
അന്നഹ്ദ നേതൃത്വം നല്‍കുന്ന, ഇടത് മതേതര പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ത്രികക്ഷി മുന്നണിയാണ് തുനീഷ്യയില്‍ ഭരണത്തില്‍ വന്നിരിക്കുന്നത്. സ്ത്രീകള്‍ക്കും ഇതര മതസ്ഥര്‍ക്കും പാര്‍ട്ടിയിലും ഭരണത്തിലും മുന്തിയ പ്രാതിനിധ്യം നല്‍കാനും അന്നഹ്ദ ഉത്സാഹിക്കുകയുണ്ടായി. ഈജിപ്തിലെ ന്യൂനപക്ഷ വിശ്വാസികളായ കോപ്റ്റിക് ക്രിസ്ത്യാനികളോട് ബ്രദര്‍ഹുഡ് സ്വീകരിച്ചുവരുന്ന സൗഹൃദ നിലപാട് ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. കോപ്റ്റുകള്‍ക്ക് കേവലം വിശ്വാസ സ്വാതന്ത്ര്യവും സുരക്ഷിതത്വവും നല്‍കുക എന്നതിലുപരിയായി തുല്യ പൗരാവകാശം ഉറപ്പാക്കുക എന്നതാണ് ഇസ്‌ലാമിസ്റ്റുകള്‍ മുന്നോട്ടുവെച്ച നയം. ക്ലാസിക്കല്‍ ഇസ്‌ലാമിക നിയമശാസ്ത്രത്തില്‍ 'ദിമ്മി'കളുടെ പരിധിയില്‍ വരുന്ന മതന്യൂനപക്ഷങ്ങളെ തുല്യ പൗരന്മാരായി അംഗീകരിക്കുക വഴി, ബഹുസ്വര സമൂഹത്തോടുള്ള ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ അഭിമുഖീകരണത്തില്‍ പുതിയ വാതില്‍ തുറക്കപ്പെടുകയാണ് ചെയ്യുന്നത്. 2011-ലെ ക്രിസ്മസിന് കോപ്റ്റിക് കത്തീഡ്രലില്‍ ചെന്ന് ബ്രദര്‍ഹുഡ് നേതാക്കള്‍ പോപിനു ആശംസ നേര്‍ന്നത് ഈ മാറ്റത്തിന്റെ തുടര്‍ച്ചയായി കാണാം.

സലഫികളുടെ രാഷ്ട്രീയം
അറബ് വസന്തത്തിനുശേഷം പ്രത്യക്ഷപ്പെട്ട പുതിയ പ്രതിഭാസമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള സലഫി സംഘടനകളുടെ രംഗപ്രവേശം. ഈജിപ്തിലും തുനീഷ്യയിലും ലിബിയയിലും യമനിലുമൊക്കെ സലഫികള്‍ രാഷ്ട്രീയത്തിലിറങ്ങിയത് ഇസ്‌ലാമിസ്റ്റുകളെ മാത്രമല്ല, അറബ് രാഷ്ട്രീയ നിരീക്ഷകരെ ഒന്നടങ്കം അമ്പരപ്പിക്കുകയുണ്ടായി.
കഴിഞ്ഞ ഈജിപ്ത് തെരഞ്ഞെടുപ്പില്‍ മൂന്നൂ സലഫി കക്ഷികള്‍ ചേര്‍ന്ന സഖ്യം 28 ശതമാനം സീറ്റുകളാണ് കരസ്ഥമാക്കിയത്. ഈജിപ്തില്‍ നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള ബ്രദര്‍ഹുഡിന് 40 ശതമാനം സീറ്റുകളേ നേടാനായുള്ളൂ. പീപ്പിള്‍ അസംബ്ലിയില്‍ 508 -ല്‍ 127-ഉം ശൂറാ കൗണ്‍സിലില്‍ 180 ല്‍ 45-ഉം സീറ്റുകള്‍ സലഫികള്‍ കരസ്ഥമാക്കി. 111 സീറ്റുകള്‍ നേടിയ മുഖ്യകക്ഷിയായ ഹിസ്ബുന്നൂര്‍, 13 സീറ്റ് നേടിയ അല്‍ബിനാഉ വത്തന്‍മിയ, 3 സീറ്റ് നേടിയ ഹിസ്ബുല്‍ അസ്വാല എന്നിവയടങ്ങിയതാണ് സലഫി സഖ്യം.
ബ്രദര്‍ഹുഡ് രൂപീകരിക്കപ്പെടും മുമ്പുതന്നെ, 1926 മുതല്‍ സലഫി സംഘടനയായ 'അന്‍സാറുസ്സുന്ന മുഹമ്മദിയ' ഈജിപ്തിലുണ്ടെങ്കിലും എഴുപതുകളില്‍ മാത്രമാണ് അത് ജനകീയാടിത്തറ നേടുന്നത്. പ്രധാന കക്ഷിയായ നൂര്‍ പാര്‍ട്ടി, അലക്‌സാണ്ട്രിയ കേന്ദ്രമായി പ്രവര്‍ത്തിച്ച 'അദ്ദഅ്‌വ സലഫിയ്യ' എന്ന സലഫി സംഘടനയുടെ രാഷ്ട്രീയ പരിണാമമാണ്. ആദ്യഘട്ടത്തില്‍ മതപ്രബോധനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച 'അദ്ദഅ്‌വ സലഫിയ്യ' പതുക്കെ കാരുണ്യ, സേവന മേഖലകളിലേക്കും തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കും വരികയായിരുന്നു. തീവ്രവാദത്തെയും ഹിംസയെയും എതിര്‍ത്തിരുന്നതുകൊണ്ടും പ്രത്യക്ഷ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചതുകൊണ്ടും ഈ സംഘടനയെ മുബാറക് ഭരണകൂടം പ്രോത്സാഹിപ്പിച്ചിരുന്നു. 2000-ല്‍ ഒരു ടി.വി ചാനല്‍ തുടങ്ങിയതോടെ സംഘടന കൂടുതല്‍ ജനകീയമായി. ദീര്‍ഘകാലം തുര്‍ക്കിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, അറബ് വിപ്ലവത്തിനു തൊട്ടു മുമ്പ് ഈജിപ്തില്‍ മടങ്ങിയെത്തിയ, 'അദ്ദഅ്‌വത്തു സലഫിയ്യ'യുടെ മുന്‍ നായകനായ ഇമാദ് അബ്ദുല്‍ ഗഫൂറാണ് അതിനെ 'അന്നൂര്‍' എന്ന വലിയ രാഷ്ട്രീയ പാര്‍ട്ടിയാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ ബുദ്ധികേന്ദ്രം. താരതമ്യേന മിതവാദികളായ 'അന്നൂര്‍ പാര്‍ട്ടി', പ്രഫഷണല്‍ മാനേജ്‌മെന്റ് വിദഗ്ധരായ ചെറുപ്പക്കാരെ ഉപയോഗപ്പെടുത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇഖ്‌വാന് വെല്ലുവിളി ഉയര്‍ത്താന്‍ സലഫികളുടെ യുവ രാഷ്ട്രീയത്തിനു കഴിഞ്ഞു എന്നു വിലയിരുത്തുന്നതില്‍ തെറ്റില്ല.
നൂര്‍ പാര്‍ട്ടിയില്‍ നിന്ന് ഭിന്നമായി 'അസ്വാല പാര്‍ട്ടി' വിപ്ലവത്തെ അനുകൂലിക്കുകയും മുബാറക് ഭരണകൂടത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. മുഹമ്മദ് അബ്ദുല്‍ മഖ്‌സൂദ് എന്ന പണ്ഡിതനാണ് അതിന് നേതൃത്വം നല്‍കിയത്. അദ്ദേഹം മുബാറക് ഭരണത്തില്‍ കുറെക്കാലം വീട്ടുതടങ്കലിലായിരുന്നു. 'അല്‍ബിനാഉ വ ത്തന്‍മിയ്യ' (Construction and Development) പാര്‍ട്ടിയും മുബാറക് ഭരണകൂടത്തെ എതിര്‍ത്ത സലഫി കക്ഷിയാണ്. ഒളിയുദ്ധവും അധോലോക പ്രവര്‍ത്തനവും നടത്തി പോരാടിയ ആ സംഘടന പിന്നീട് സലഫി പ്രബോധനത്തിലേക്ക് ചുരുങ്ങുകയായിരുന്നു. മത സാമൂഹിക രംഗത്തും കടന്നുവന്നു. ഒടുവില്‍ രാഷ്ട്രീയ ഗോദയിലിറങ്ങി.
തുനീഷ്യയിലെ സലഫി രാഷ്ട്രീയ ഗ്രൂപ്പുകള്‍ ബിന്‍ അലിയുടെ കിരാത വാഴ്ചക്കും അള്‍ട്രാ സെക്യുലറിസത്തിനും എതിരെ പ്രവര്‍ത്തിച്ച യുവാക്കളുടെ സംഘടനകളാണ്. 'ജബ്ഹതുല്‍ ഇസ്വ്‌ലാഹ്' എന്ന പേരില്‍ അറിയപ്പെടുന്ന സലഫി ഗ്രൂപ്പാണ് ജനാധിപത്യ മാതൃകയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞിട്ടുള്ളത്. സത്യത്തില്‍, 'അന്നഹ്ദ'യുടെ പൂര്‍വ രൂപമായ ഇസ്‌ലാമിക് ട്രന്റ്‌സില്‍ (1980) നിന്ന് പൊട്ടിമുളച്ച റാഡിക്കല്‍ വിംഗായ തുനീഷ്യന്‍ ഇസ്‌ലാമിക് ഫ്രണ്ടി (1988) ന്റെ നേതാക്കളായ മുഹമ്മദലി ഹുര്‍റ, മുഹമ്മദ് ഖോജ തുടങ്ങിയവരാണ് 'ജബ്ഹതുല്‍ ഇസ്വ്‌ലാഹി'ന്റെ നേതാക്കള്‍.
പ്രബോധന രംഗത്ത് ഒതുങ്ങിക്കൂടുകയോ അനുഷ്ഠാന തീവ്രതയില്‍ അഭിരമിക്കുകയോ ജിഹാദി മാര്‍ഗങ്ങളില്‍ വഴി തെറ്റുകയോ ചെയ്ത സലഫി സംഘടനകള്‍ വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് വരുന്നത്, ലോക സലഫി പ്രസ്ഥാനത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയേക്കാം. ഈജിപ്തിലും തുനീഷ്യയിലും രാഷ്ട്രീയ സലഫികളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ മുഖ്യധാര ഇസ്‌ലാമിസ്റ്റുകള്‍ തയാറായിരിക്കുന്നു. നയപരമായ കാര്യങ്ങളിലും രാഷ്ട്രീയ മുന്‍ഗണനകളിലും ഭിന്നത പുലര്‍ത്തിക്കൊണ്ടു തന്നെ പൊതു മിനിമം പരിപാടിയില്‍ ഒന്നിക്കാനായാല്‍, അത് ഇസ്‌ലാമിക കക്ഷികള്‍ തമ്മിലുള്ള ഭിന്നത ഒഴിവാക്കുകയും ഇസ്‌ലാമിസ്റ്റു രാഷ്ട്രീയത്തിന് ഒരു സല്‍ഭാവി നല്‍കുകയും ചെയ്‌തേക്കും. അതേ സമയം, മുഖ്യധാര ഇസ്‌ലാമിസ്റ്റുകള്‍ നയങ്ങളില്‍ വരുത്തുന്ന ഉദാരത, സലഫി രാഷ്ട്രീയത്തെ ഭാവിയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.

മാറുന്ന ഇസ്‌ലാമിക സമൂഹം
അറബ് വസന്തം ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ പുതിയ പ്രവണതകള്‍ സൃഷ്ടിച്ച പോലെ, ഇസ്‌ലാമിക സമൂഹത്തിന്റെ ബോധതലത്തിലും വന്‍ തോതിലുള്ള പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് സമീപകാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, രാഷ്ട്രീയ ജീവിതത്തിലെ ഇസ്‌ലാമിക മുന്‍ഗണന തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ലോകപ്രശസ്തമായ പ്യൂ ഫോറം (Pew Forum) നടത്തിയ പഠനം ഈയിടെയാണ് പുറത്തുവന്നത്. അറബ് വസന്തത്തിന്റെ ഒരു വര്‍ഷത്തിനുശേഷം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ ലബനാന്‍, തുര്‍ക്കി, ഈജിപ്ത്, തുനീഷ്യ, ജോര്‍ദാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നടത്തിയ സര്‍വേ അനുസരിച്ച് അവിടങ്ങളിലെ ജനങ്ങള്‍ ജനാധിപത്യമാണ് ഏറ്റവും മികച്ച ഭരണരീതി എന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇസ്‌ലാമിക സമൂഹങ്ങള്‍ ജനാധിപത്യത്തെ സമ്പൂര്‍ണമായി അംഗീകരിക്കുകയല്ല, മറിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ, ആവിഷ്‌ക്കാര സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യത്തിന്റെ മികച്ച ഗുണവശങ്ങള്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരുകയാണ് ചെയ്യുന്നതെന്ന് പ്യൂ സര്‍വേ വെളിപ്പെടുത്തുന്നു.
മുസ്‌ലിം രാജ്യങ്ങളിലെ ഗണ്യമായ ഒരു വിഭാഗം രാഷ്ട്രീയ ജീവിതത്തില്‍ ഇസ്‌ലാമിന് റോള്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍, നിയമ സമ്പ്രദായത്തിന്റെ കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുകയും ചെയ്യുന്നു. പുതിയ ജനാധിപത്യ മുന്നേറ്റങ്ങളില്‍ അമേരിക്കക്കു പങ്കില്ലെന്ന് ഭൂരിപക്ഷം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, തുനീഷ്യയില്‍ പത്തില്‍ മൂന്നു പേര്‍ തങ്ങളുടെ രാഷ്ട്രീയ ഉണര്‍ച്ചയില്‍ അമേരിക്കയുടെ ധനാത്മകമായ സ്വാധീനമുണ്ടെന്ന് കരുതുന്നു.
ജനാധിപത്യമാണോ ഇക്കണോമി ആണോ മുഖ്യ മുന്‍ഗണനാ വിഷയം എന്ന ചോദ്യത്തോട് അറബ് വസന്താനന്തരമുള്ള മുസ്‌ലിം രാജ്യങ്ങളിലെ സമൂഹം പ്രതികരിച്ചത് വ്യത്യസ്ത രീതിയിലാണ്. തുനിഷ്യ, ജോര്‍ദാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഇക്കണോമിയ്ക്ക് മുന്‍ഗണന നല്‍കിയപ്പോള്‍ തുര്‍ക്കി, ലബനാന്‍ എന്നീ രാജ്യങ്ങളിലെ ജനത ഇക്കോണമിയേക്കാള്‍ ജനാധിപത്യത്തിന് മുന്‍തൂക്കം നല്‍കി. ഈജിപ്ത് ഇക്കാര്യത്തില്‍ സമ്മിശ്രമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയത്തില്‍ ഇസ്‌ലാമിന്റെ സാന്നിധ്യം ആവശ്യമാണെന്നു വിശ്വസിക്കുന്നവര്‍ തന്നെ, നിയമങ്ങളുടെ കാര്യത്തില്‍ കണിശത പുലര്‍ത്തുന്നില്ല. പാകിസ്താനിലെയും ജോര്‍ദാനിലെയും ഈജിപ്തിലെയും ഭൂരിപക്ഷം ഖുര്‍ആനിക അധ്യാപനങ്ങള്‍ കണിശമായി പിന്തുടരണമെന്ന് വാദിക്കുമ്പോള്‍, തുനീഷ്യയിലെയും തുര്‍ക്കിയിലെയും ജനങ്ങള്‍ നിയമങ്ങള്‍ ഇസ്‌ലാമിക തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും ആധാരത്തിലായാല്‍ മതിയെന്നും ഖുര്‍ആനിക നിയമങ്ങള്‍ അക്ഷരം പ്രതി പിന്തുടരേണ്ടതില്ലെന്നും കരുതുന്നു.
ലിംഗ സമത്വത്തിന് അനുകൂലമായാണ് സര്‍വേ നടത്തിയ ആറു രാജ്യങ്ങളിലെയും ഭൂരിപക്ഷവും പ്രതികരിച്ചത്. ലബനാനിലെയും തുര്‍ക്കിയിലെയും പത്തില്‍ എട്ടുപേര്‍ പുരുഷന് തുല്യമായ അവകാശങ്ങള്‍ സ്ത്രീക്കുമുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, ഈജിപ്തില്‍ 58 ശതമാനം പേരും തുല്യാവകാശത്തെ അനുകൂലിച്ചു. ഈജിപ്തിലെ 53 ശതമാനം പുരുഷന്മാര്‍ തുല്യാവകാശത്തെ എതിര്‍ത്തു. പൊതുവായി ലിംഗസമത്വത്തെ അനുകൂലിക്കുന്നവര്‍ തന്നെ രാഷ്ട്രീയം, സാമ്പത്തിക രംഗം, കുടുംബ ജീവിതം എന്നീ രംഗങ്ങളില്‍, അതില്‍ ആവേശം കാണിക്കുന്നില്ല. ഉദാഹരണത്തിന് പുരുഷനാണ് രാഷ്ട്രീയ നേതൃത്വത്തില്‍ വിജയിക്കാന്‍ കഴിയുക എന്നും, സ്ത്രീയേക്കാള്‍ ജോലിക്കുള്ള അവകാശം പുരുഷനാണെന്നും ഭര്‍ത്താവിനെ തെരഞ്ഞെടുക്കാന്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ കഴിയുക കുടുംബത്തിനാണ് എന്നും അധികമാളുകളും വിശ്വസിക്കുന്നു. പ്യൂ സര്‍വേയില്‍ വെളിപ്പെട്ട മറ്റൊരു കാര്യം, അറബ് സമൂഹങ്ങളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാതൃക തുര്‍ക്കിയുടേത് ആണ് എന്നതാണ്. മാത്രമല്ല, തുര്‍ക്കി പ്രധാന മന്ത്രി ത്വയ്യിബ് ഉര്‍ദുഗാനും അദ്ദേഹത്തിന്റെ എ.കെ പാര്‍ട്ടിയും ഇസ്‌ലാമിക സമൂഹങ്ങളില്‍ തരംഗമായി മാറുകയും ചെയ്തിരിക്കുന്നു.
ഈ സര്‍വേ ഫലം, ഒരു സാമ്പിള്‍ ആയി എടുക്കാമെങ്കില്‍ അറബ് വസന്തം ഇസ്‌ലാമിക സമൂഹത്തിന്റെ വീക്ഷണങ്ങളിലും സമീപനങ്ങളിലും കാതലായ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാം. ആ മാറ്റം എങ്ങനെ പരിണമിക്കുമെന്ന് ഭാവി ചരിത്രമാണ് വിധിയെഴുതേണ്ടത്.
kinalur@gmail.com

Comments

Other Post