Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

വസന്തം വിരിയിച്ച പുസ്തകങ്ങള്‍

ഇസ്‌ലാമിസ്റ്റുകള്‍ 2011-ല്‍
രിയാദിലെ 'മര്‍കസുസിനാഅതില്‍ ഫിക്‌രി ലിദ്ദിറാസാത്തി വല്‍ അബ്ഹാസ്' എന്ന ഗവേഷണ കേന്ദ്രം അറബിയില്‍ പ്രസിദ്ധീകരിച്ച കൃതിയാണ് ഇസ്‌ലാമിസ്റ്റുകള്‍ 2011-ല്‍. ഇസ്‌ലാമിസ്റ്റുകളുടെ (മുഖ്യമായും ഇഖ്‌വാനികളും സലഫികളും) ഒരു വര്‍ഷത്തെ ആക്ടിവിസമാണ് ഇതിലെ പ്രതിപാദ്യം. കൃതിയെ അഞ്ചു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അറബ് നാടുകളിലെ ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ 2011-ല്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പ്രബന്ധങ്ങളാണ് ആദ്യ ഭാഗത്ത്. ഹമാദി ജബാലി, ബിന്‍ കീറാന്‍, അബ്ദുല്‍ മുന്‍ഇം അബുല്‍ ഫുതൂഹ്, ഹാസിം അബൂ ഇസ്മാഈല്‍ തുടങ്ങിയ പുതുനിര നേതാക്കളെ പരിചയപ്പെടുത്തുന്നു രണ്ടാം ഭാഗത്ത്. 2011-ലെ പ്രധാന സംഭവങ്ങളുടെ ഡോക്യുമെന്റേഷന്‍ മൂന്നാം ഭാഗത്ത്. ഇസ്‌ലാമിസ്റ്റ് പ്രമുഖര്‍ നല്‍കിയ അഭിമുഖങ്ങളുടെ സംഗ്രഹം നാലാം ഭാഗത്തും. അറബിയില്‍ തദ്‌വിഷയകമായി ആ വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ട കൃതികളെക്കുറിച്ച നിരൂപണം അഞ്ചാം ഭാഗത്തും. അറബ് വസന്തം കത്തിനിന്ന വര്‍ഷത്തിന്റെ അവലോകനം എന്ന നിലക്ക് ഇതിന് പ്രാധാന്യമുണ്ട്. ജര്‍ണല്‍ ഫോര്‍മാറ്റിലുള്ള കൃതിക്ക് 333 പേജുണ്ട്.

ഇസ്‌ലാമിക വസന്തം
മാത്യു ഗെയ്ദറെ ഫ്രഞ്ചില്‍ എഴുതിയ പുസ്തകമാണ് ഇസ്‌ലാമിക വസന്തം-ജനാധിപത്യവും ശരീഅത്തും (Le Printemps Islamiste- Democratie et Charia). ജനഹിതവും ശരീഅത്തും വിരുദ്ധമല്ല എന്നാണ് ഇസ്‌ലാമിക തത്ത്വചിന്തയില്‍ അവഗാഹമുള്ള ഗ്രന്ഥകര്‍ത്താവ് അറബ് വസന്തത്തെ വിശകലനം ചെയ്തുകൊണ്ട് സ്ഥാപിക്കുന്നത്. അതൊരു ഇസ്‌ലാമിക വസന്തം തന്നെയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍. അതോടൊപ്പം പുതിയൊരു 'വിമോചനത്തിന്റെ ഫിഖ്ഹും' രൂപപ്പെട്ടിരിക്കുന്നു. അരാജകത്വം ഭയന്ന് മര്‍ദക ഭരണകൂടങ്ങളോട് സമരത്തിന് പോകരുതെന്ന് പറയുന്ന ഇബ്‌നു തൈമിയ്യ-അശ്അരി ധാരകളെ അത് നിരസിക്കുകയും അങ്ങനെ ചെയ്യണമെന്ന് പറയുന്ന ഹമ്പലി -ഹനഫി-ഖവാരിജി ധാരകളെ പിന്തുണക്കുകയും ചെയ്യുന്നു. അറബ് വിപ്ലവങ്ങളുടെ ഇടിമുഴക്കം എന്ന കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.

എന്റെ നഗരം ഞങ്ങളുടെ വിപ്ലവം
പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരി അഹ്ദഫ് സൂയിഫ് എഴുതിയ പുസ്തകമാണ് കെയ്‌റോ: എന്റെ നഗരം, ഞങ്ങളുടെ വിപ്ലവം (Cairo: My City, Our Revolution). കെയ്‌റോയെക്കുറിച്ച സൂയിഫിന്റെ ഈ അനുഭവ സാക്ഷ്യം ലിബറലിസം, സെക്യുലറിസം, ഇസ്‌ലാമിസം, ഫെമിനിസം തുടങ്ങിയവ വിപ്ലവത്തിന്റെ ദിനങ്ങളില്‍ എങ്ങനെയാണ് പ്രതിപ്രവര്‍ത്തിച്ചത് എന്നതിന്റെ രേഖയാണ്. തുനീഷ്യയില്‍ 2010 ഡിസംബര്‍ 10-ന് ആരംഭിച്ച വിപ്ലവത്തിന്റെ ചുവട് പിടിച്ച് 2011 ജനുവരി 25-ന് 'ഏപ്രില്‍ 6' എന്ന യുവജന കൂട്ടായ്മ സംഘടിപ്പിച്ചതായിരുന്നു തഹ്‌രീര്‍ സ്‌ക്വയറിലെ പതിനെട്ട് ദിനം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍. ഈജിപ്തിനെ മാറ്റിമറിച്ച ഈ പതിനെട്ട് ദിനങ്ങളാണ് സൂയിഫിന്റെ പുസ്തകത്തിലുള്ളത്.

തിരക്കഥ പോലെ
ലണ്ടനിലെ ഗാര്‍ഡിയന്‍ ബുക്‌സ് പുറത്തിറക്കിയ പുസ്തകമാണ് ദ അറബ് സ്പ്രിംഗ്: റബല്യന്‍, റവല്യൂഷന്‍, ആന്റ് ദ ന്യൂവേള്‍ഡ് ഓര്‍ഡര്‍. പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് ടോബി മാന്‍ ഹൈര്‍. 2010 ഡിസംബര്‍ മുതല്‍ 2011 ഡിസംബര്‍ വരെ അറബ് ലോകത്ത് നിന്ന് വന്ന പ്രധാന വാര്‍ത്തകള്‍ പുസ്തകത്തിന്റെ ആദ്യ 200 പേജുകളില്‍ എടുത്തു ചേര്‍ത്തിരിക്കുന്നു. നാടകീയത മുറ്റിയ തിരക്കഥയെന്നോണം വായിച്ചു പോകാം.

അറബ് വസന്തത്തിന്റെ
ജീവചരിത്രം
അറബ് വസന്തം ഏറ്റവും നന്നായി കൈകാര്യം ചെയ്ത മാധ്യമം അള്‍ജസീറയാണ്. അല്‍ജസീറയിലെ മുഖ്യ രാഷ്ട്രീയ വിദഗ്ധനായ മര്‍വാന്‍ ബിഷാറയുടെ ഇന്‍വിസിബ്ള്‍ അറബ്: ദ പ്രോമിസ് ആന്റ് പെറില്‍ ഓഫ് അറബ് റവല്യൂഷന്‍സ് എന്ന പുസ്തകം മാധ്യമങ്ങള്‍ വിപ്ലവത്തെ കൈകാര്യം ചെയ്ത രീതി കാണിച്ച് തരുന്നു. അറബ് വസന്തത്തിന്റെ മാധ്യമ ജീവചരിത്രമാണിത്.

അറബികള്‍ ജീവിച്ചിരിക്കുന്നു
അറബ് വസന്താനന്തര ലോകത്ത് മാറിയ മുസ്‌ലിം വായനയുടെ സാധ്യതയിലൂന്നി സിയാവുദ്ദീന്‍ സര്‍ദാറും റോബിന്‍ യാസീന്‍ കസബും ചേര്‍ന്ന് എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന ത്രൈമാസികയാണ് ക്രിട്ടിക്കല്‍ മുസ്‌ലിം. ദി അറബസ് ആര്‍ എലൈവ് എന്ന തലക്കെട്ടില്‍ 2012 ജനുവരി-മാര്‍ച്ച് ലക്കം പ്രത്യേക പതിപ്പാണ്. നിസാര്‍ ഖബ്ബാനി, തൗഫീഖ് സയാദ്, ശദിയ സഫ്‌വാന്‍, അബൂഖാസിം അല്‍ ശാബി, ബിലാല്‍ തന്‍വീര്‍ തുടങ്ങിയ മുപ്പതോളം പേരുടെ എഴുത്തുകളുണ്ടിതില്‍. അബ്ദുര്‍റഹ്മാന്‍ അല്‍ അഫന്ദിയുടെ ഇസ്‌ലാമിസത്തെക്കുറിച്ച ലേഖനം ശ്രദ്ധേയമാണ്.

അറബ് ഉയര്‍ത്തെഴുന്നേല്‍പ്
അറബ് വസന്തത്തിന്റെ ഉത്ഭവം, പ്രത്യേകതകള്‍, അതിന്റെ ഭാവി സാധ്യതകള്‍ എന്നിവ അന്വേഷിക്കുന്ന താരിഖ് റമദാന്റെ കൃതിയാണ് ഇസ്‌ലാം ആന്റ് ദി അറബ് അവൈക്കനിംഗ്. ഒരു തിരിച്ചുപോക്ക് സാധ്യമാവാത്ത വിധം മേഖലയില്‍ ഘടനകള്‍ മാറിമറിഞ്ഞിരിക്കുന്നു. സ്വേഛാധിപതികള്‍ പുറത്താക്കപ്പെട്ടു, ആയുധപ്രയോഗം നടത്താതെ തന്നെ. പക്ഷേ, ജനാധിപത്യ പ്രക്രിയ അതിന്റെ ശൈശവദശയിലാണ്. മേഖലയെ രൂപപ്പെടുത്തുന്നതില്‍ മതത്തിന്റെ പങ്ക് എന്തായിരിക്കും? ഇസ്‌ലാമിക ലക്ഷ്യങ്ങളുടെ പുനര്‍വായന എങ്ങനെയായിരിക്കും? ഇസ്‌ലാമിസവും സെക്യുലരിസവും ഇരു ധ്രുവങ്ങളില്‍ നിലയുറപ്പിച്ചുള്ള നിരര്‍ഥകമായ വാദകോലാഹലങ്ങള്‍ ഒഴിവാക്കാനാകുമോ? ഇതൊക്കെയാണ് തന്റേതായ രീതിയില്‍ റമദാന്‍ അന്വേഷിക്കുന്നത്.

പോസ്റ്റ് കൊളോണിയലിസത്തിന്റെ മരണം
മിഡിലീസ്റ്റിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ആ മേഖലയെ പുനര്‍നിര്‍വചിക്കാന്‍ പ്രാപ്തമാണെന്ന് വാദിക്കുകയാണ് പ്രമുഖ ഇറാനിയന്‍ -അമേരിക്കന്‍ ചിന്തകന്‍ ഹാമിദ് ദബാശി തന്റെ അറബ് സ്പ്രിംഗ്: ദി എന്‍ഡ് ഓഫ് പോസ്റ്റ് കൊളോണിയലിസം എന്ന കൃതിയില്‍. ആഭ്യന്തര സ്വേഛാധിപത്യവും സകല ശാക്തീകരണങ്ങളില്‍നിന്നും അകറ്റപ്പെട്ട ജനസഞ്ചയങ്ങളും നിലനിന്ന കൊളോണിയലാനന്തര ഘട്ടം അവസാനിച്ചിരിക്കുന്നു. മൊറോക്കോ മുതല്‍ ഇറാന്‍ വരെ, സിറിയ മുതല്‍ യമന്‍ വരെ ഇത് ജനശാക്തീകരണത്തിന്റെ യുഗമാണ്. നമുക്കിനി മിഡിലീസ്റ്റിനെ തീര്‍ത്തും പുതിയ ഒന്നായി സങ്കല്‍പിച്ചെടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ പരികല്‍പനകളെ പുതുക്കുന്ന വിപ്ലവമാണ് അരങ്ങേറിയിരിക്കുന്നത്.

Comments

Other Post