Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

അറബ് വസന്തത്തിന്റെ ആദര്‍ശസാരം

ഹുസൈന്‍ കടന്നമണ്ണ

സുകൃതങ്ങളുടെ പിതൃത്വ ത്തര്‍ക്കം സാധാരണമാണ്. അറബ് വസന്ത പിതൃത്വത്തര്‍ക്കവും അതോടനുബന്ധിച്ച് അര്‍ഹരും അനര്‍ഹരും അര്‍ധാര്‍ഹരുമായ കക്ഷികളുയര്‍ത്തിയ അവകാശവാദങ്ങളും 'ഒട്ടകം വീണു കഴിഞ്ഞാല്‍ എത്തി, കത്തിയുമായൊത്തിരി പേര്‍' എന്ന അറബ് പഴമൊഴിയെ അനുസ്മരിപ്പിക്കുന്നു.
അറബ് വസന്തം പിറന്നത് വളരെ യാദൃഛികമായൊരു നിമിത്തത്തില്‍നിന്നാണെന്ന് ചിലര്‍ പറഞ്ഞുനടക്കുന്നു. അഥവാ അതിന്റെ പിന്നില്‍ ആസൂത്രിത പ്രവര്‍ത്തനമില്ല; ചാലകശക്തിയായി ഒരു പ്രസ്ഥാനമില്ല; ഊര്‍ജ്ജസ്രോതസ്സായി ഒരു പ്രത്യയശാസ്ത്രമില്ല; മറിച്ച്, ഏകാധിപത്യ ഭരണകൂടങ്ങളുടെ പീഡനമുറകളേറ്റുവാങ്ങിക്കൊണ്ടിരുന്ന ജനത അവസരമൊത്തപ്പോള്‍ പൊട്ടിത്തെറിച്ചുവെന്നേയുള്ളൂ. വിവിധ മതാനുയായികളും ഇടതു വലതു പക്ഷങ്ങളും ലിബറലുകളും ദേശീയതാവാദികളുമെല്ലാം ഒരുപോലെ പ്രക്ഷോഭങ്ങളില്‍ പങ്കാളികളായി. അതിനാല്‍ വസന്തത്തിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഏതെങ്കിലും പ്രസ്ഥാനം മണ്ണ് ഉഴുതു മറിച്ച് പാകപ്പെടുത്തിയതുകൊണ്ടല്ല ആ വിത്ത് മുളച്ചത്. ഗൂഗിളിന്റെ മിഡിലീസ്റ്റ് മേധാവിയായിരുന്ന വാഇല്‍ ഗുനൈമിന്റെ നേതൃത്വത്തില്‍ ചില യുവാക്കള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രക്ഷോഭത്തിനാഹ്വാനം ചെയ്തപ്പോള്‍ അതു ക്ലിക്കായി. അത്രമാത്രം....
ഗൂഢമായ താല്‍പര്യങ്ങളോടെയാണ് ഇത്തരം നിരീക്ഷണങ്ങള്‍ പടച്ചുവിടുന്നത്. ഇങ്ങനെയുള്ള സമര്‍ഥനങ്ങളില്‍ എവിടൊക്കെയോ സത്യാംശം നിഴലിക്കുന്നുണ്ടെങ്കിലും സംഘടനാപക്ഷപാതിത്വത്തില്‍നിന്ന് വിരിഞ്ഞിറങ്ങുന്ന വ്യാജോക്തികളാണധികം. പക്ഷപാതമുക്തമായൊരു ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ അറബ് വസന്തത്തിന്റെ പിതൃത്വം കണ്ടെത്താനാവൂ. ഗര്‍ഭാവസ്ഥയിലും പിറവിയിലും അതിന്റെ രൂപഭാവഗുണങ്ങളെ സ്വാധീനിച്ച, ഇപ്പോള്‍ ശൈശവത്തില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശജീനുകളെ തിരിച്ചറിയാനാവൂ. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് മനസ്സിലാവണമെങ്കില്‍ അതനിവാര്യം.

അറബ്ജനതയുടെ പാരമ്പര്യം
വസന്തരാജ്യങ്ങളിലധിവസിക്കുന്ന ജനവിഭാഗങ്ങളില്‍ 80 ശതമാനത്തിലേറെ മുസ്‌ലിംകളാണ്. ക്രൈസ്തവരും യഹൂദരും ഇതര ന്യൂനപക്ഷങ്ങളും സജീവ സാന്നിധ്യമായുണ്ട്. മതാനുയായികളില്‍ ലിബറലുകളും ദേശീയതാവാദികളുമൊക്കെയുണ്ടെങ്കിലും അടിസ്ഥാനപരമായി അവര്‍ മതവിശ്വാസികളത്രെ.
മഹാഭൂരിക്ഷം വരുന്ന മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അവരില്‍ മതബോധം വളരെ ശക്തമാണ്. അനുഷ്ഠാനആരാധനാകര്‍മങ്ങളില്‍ ഏറ്റക്കുറവുണ്ടാകാമെങ്കിലും, ഖുര്‍ആനിക മൂല്യങ്ങളോടും മുഹമ്മദീയ സന്ദേശത്തോടും സംശുദ്ധവും സുതാര്യവും നീതിയിലധിഷ്ഠിതവുമായ ഭരണമാതൃകകള്‍ കാഴ്ചവെച്ച ഖലീഫമാരോടും പ്രവാചകശിഷ്യരോടുമുള്ള സ്‌നേഹം അവരുടെ രക്തത്തിലലിഞ്ഞ വികാരമാണ്. മുലപ്പാലിലൂടെ, കുഞ്ഞുനാളിലെ മതപാഠശാലകളിലൂടെ, പള്ളിമിനാരങ്ങള്‍ നിറഞ്ഞ സാമൂഹികാന്തരീക്ഷത്തിലൂടെ സന്നിവേശിക്കപ്പെടുന്ന ഈ വികാരത്തെ ഒരു അറബ്മുസ്‌ലിമിന്, പില്‍ക്കാലത്ത് അയാള്‍ മതനിഷേധിയായി മാറിയാല്‍പോലും, കുടഞ്ഞുകളയാനാവില്ല. അതയാളെ ജീവിതാന്ത്യംവരെ സ്വാധീനിച്ചുകൊണ്ടിരിക്കും.
ഇസ്‌ലാം ദര്‍ശനത്തിന്റെ ഒന്നാം പ്രമാണപാഠമായ ഖുര്‍ആന്‍ വചനങ്ങള്‍ അറബികള്‍ ദിനേന കേട്ടുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഷയും ശൈലിയും അവര്‍ക്ക് നന്നായി മനസ്സിലാകും. ഖുര്‍ആന്‍ കേള്‍ക്കുന്നൊരാള്‍ക്ക് ഏകാധിപത്യത്തെ അംഗീകരിക്കാനാവില്ല. വിവിധ പ്രവാചകന്മാരുടെ ചരിത്രശകലങ്ങളായി ഖുര്‍ആന്‍ വിവരിക്കുന്ന പാഠഭാഗങ്ങള്‍ വിവിധ കാലഘട്ടങ്ങളിലെ ഏകാധിപത്യങ്ങളോടും ധിക്കാരങ്ങളോടുമുള്ള യുക്തിസാന്ദ്രമായ പോരാട്ടങ്ങളുടെ കൂടി വിവരണമാണ്. ഇബ്‌റാഹീം അഭിമുഖീകരിച്ച നംറൂദും മൂസാ അഭീമുഖീകരിച്ച ഫറോവയും മുഹമ്മദ് അഭിമുഖീകരിച്ച അബൂജഹ്‌ലും ചില ഉദാഹരണങ്ങള്‍ മാത്രം.
സമൂഹത്തില്‍ നീതി പുലരണമെന്ന ഖുര്‍ആന്റെ ശാഠ്യം ഒട്ടനവധി വചനങ്ങളില്‍ തുടിച്ചുനില്‍ക്കുന്നത് കാണാം.
''നിങ്ങള്‍ സ്‌നേഹിക്കുകയും നിങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്ന ഭരണാധികാരികളാണ് മികച്ച ഭരണാധികാരികള്‍. നിങ്ങള്‍ അവരുടെ ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നു, അവര്‍ നിങ്ങളുടെയും.'' എന്ന് പ്രവാചകന്‍ പറഞ്ഞു.
ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഭരണാധികാരി ജനങ്ങള്‍ തെരഞ്ഞെടുത്ത് നിയമിക്കുന്ന, കാര്യങ്ങള്‍ സത്യസന്ധമായി കൈകാര്യംചെയ്യുന്ന നായകന്‍ മാത്രമാണ്. പ്രവാചകനും അവിടുത്തെ മരണശേഷം അധികാരം കൈയാളിയ നാല് ശിഷ്യശ്രേഷ്ഠരും ആ രംഗത്ത് മികച്ച മാതൃകകളാണ് കാഴ്ചവെച്ചത്.
അധികാരമേറ്റെടുത്ത് ജനങ്ങളെ അഭിമുഖീകരിച്ച പ്രഥമ ഖലീഫ അബൂബക്കര്‍ പറഞ്ഞതിങ്ങനെ: ''സഹോദരന്മാരേ, ഞാന്‍ നിങ്ങളുടെ കൂട്ടത്തില്‍ വളരെ മുന്തിയ വ്യക്തിയൊന്നുമല്ലെങ്കിലും കൈകാര്യകര്‍ത്താവായി നിയമിക്കപ്പെട്ടിരിക്കുകയാണ്. ഞാന്‍ സത്യമാര്‍ഗത്തില്‍ സഞ്ചരിക്കുന്നേടത്തോളം നിങ്ങളെന്നെ പിന്തുണക്കുക. വ്യതിചലിച്ചാല്‍ തിരുത്തുക. ഞാന്‍ ദൈവത്തെ അനുസരിച്ച് ഭരിക്കുന്നിടത്തോളം നിങ്ങളെന്നെ അനുസരിക്കുക. ദൈവത്തെ ധിക്കരിക്കുന്ന പക്ഷം നിങ്ങള്‍ പിന്തുണ പിന്‍വലിക്കുക.''
രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് അദ്ദേഹത്തെ വിമര്‍ശിച്ച വ്യക്തിയോട് ആളുകള്‍ രോഷം കൊണ്ടപ്പോള്‍ ഖലീഫ പറഞ്ഞു: ''അദ്ദേഹം പറയട്ടെ. നിങ്ങളിങ്ങനെ വിമര്‍ശിക്കുന്നില്ലെങ്കില്‍ നിങ്ങളില്‍ നന്മയില്ല. നാം അതു ശ്രവിക്കുന്നില്ലെങ്കില്‍ നമ്മിലും നന്മയില്ല.''
ഇസ്‌ലാമും രാജവാഴ്ചയും തമ്മില്‍ ഒരിക്കലുമൊത്തുപോകില്ലെങ്കിലും ഇസ്‌ലാമിക ചരിത്രത്തില്‍ രാജാക്കന്മാര്‍ പിടിച്ചുനിന്നത് അവര്‍ പ്രജാസ്‌നേഹികളും രാജ്യക്ഷേമ തല്‍പരരായതുകൊണ്ട് മാത്രമാണ്. ഏകാധിപത്യഭാവം പുറത്തെടുത്തവര്‍ക്കെതിരെ ശക്തമായ ആഭ്യന്തര പോരാട്ടം നടന്നതായി കാണാം. ഉമവി ഭരണകാലത്ത് ഇറാഖിലെ ഗവര്‍ണറായിരുന്ന ഹജ്ജാജിനെതിരെ നടന്ന പോരാട്ടം ഉദാഹരണം.
ചുരുക്കത്തില്‍, പ്രമാണ പാഠങ്ങളില്‍നിന്നും ആവേശോജ്ജ്വലമായ ചരിത്രസ്മൃതികളില്‍നിന്നും മുസ്‌ലിംകള്‍ സമ്പാദിച്ച ഏകാധിപത്യവിരുദ്ധ മനസ്സാണ് അവരെ എക്കാലത്തും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിര്‍ത്തിയതും നിര്‍ത്തുന്നതും. എന്നും കെടാതെ കത്തുന്ന അതേ മനസ്സുതന്നെയാണ് തങ്ങളുടെ രാജ്യങ്ങളിലെ ഏകാധിപതികള്‍ക്കെതിരെ ഇറങ്ങിത്തിരിക്കാന്‍ വസന്തരാജ്യങ്ങളിലെ ബഹുജനങ്ങളെ പ്രേരിപ്പിച്ചത്.
ഈജിപ്തിലും യമനിലും ലിബിയയിലുമൊക്കെ വെള്ളിയാഴ്ചകളിലാണ് പ്രക്ഷോഭം കൊടുമ്പിരികൊണ്ടതെന്നോര്‍ക്കണം. ഈജിപ്തില്‍ 2011 ജനുവരി 25-ന് ആരംഭിച്ച പ്രക്ഷോഭം ശരിക്കും ചൂടുപിടിച്ചത് 'രോഷവെള്ളി' (ജുമുഅത്തുല്‍ ഗദബ്) ആയി ആചരിച്ച ജനവരി 28-നാണ്. പിറ്റേ വെള്ളിയാഴ്ച (ഫെബ്രു:4) 'പുറന്തള്ളല്‍ വെള്ളി' (ജുമുഅത്തുര്‍റഹീല്‍) ആയി ആചരിച്ചതോടെ ജനരോഷം അതിന്റെ പാരമ്യതയിലെത്തി. തൊട്ടടുത്ത വെള്ളി (ഫെബ്രു:11) 'സ്ഥാനത്യാഗവെള്ളി' (ജുമുഅത്തുത്തനഹ്ഹി) ആയി പ്രഖ്യാപിച്ചതോടെ ഹുസ്‌നി മുബാറക് പേടിച്ചുവിറച്ചു. അന്നു രാത്രി അദ്ദേഹം അധികാരക്കസേരയില്‍നിന്നിറങ്ങി ശറമുശ്ശൈഖിലെ വീട്ടിലേക്കു പോയി.
ജനകീയ പ്രക്ഷോഭം കൊടുമ്പിരികൊള്ളവെ കയ്‌റോയിലെ തഹ്‌രീര്‍ ചത്വരത്തിലും സന്‍ആയിലെ തഗ്‌യീര്‍ ചത്വരത്തിലും ബങ്കാസിയിലെ തെരുവീഥികളിലും പതിനായിരങ്ങള്‍ അണിനിരന്നുള്ള നമസ്‌കാരങ്ങള്‍ സമയാസമയം നടന്നുകൊണ്ടിരുന്ന ദൃശ്യങ്ങള്‍ ചാനലുകളില്‍ കണ്ടവര്‍ക്ക് അറബ് വസന്തത്തിന്റെ ആദര്‍ശസാരം എന്തായിരുന്നുവെന്ന് സംശയമുണ്ടാവില്ല.
ഇവിടെ ഒരു ചോദ്യമുയരുന്നു. അറബ്ജനതയുടെ മതബോധത്തില്‍ നിന്നാണ് ഏകാധിപത്യവിരുദ്ധ മനസ്സ് പിറവിയെടുത്തതെങ്കില്‍ ആരാണ് അവരുടെ മതബോധം നിലനിര്‍ത്തിയതും ശക്തിപ്പെടുത്തിയതും? അതേതായാലും ഭരണകൂടങ്ങളല്ല. മതബോധത്തെ തളര്‍ത്തി ജനങ്ങളെ പാശ്ചാത്യവല്‍ക്കരിക്കാനാണ് ഏകാധിപതികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. മതബോധത്തെ എപ്പോഴെങ്കിലും അവര്‍ താലോലിച്ചിട്ടുണ്ടെങ്കില്‍ അതു ഷണ്ഡീകൃത, ശീതീകൃത മതബോധത്തെയാണ്. ജനങ്ങളുടെ സര്‍ഗാത്മക മതബോധം ശക്തിപ്പെടുത്തിയത് മതപണ്ഡിതന്മാരും മതപാഠശാലകളും മതസംഘടനകളും ചേര്‍ന്ന മുന്നണിയാണ്. വസന്തപൂര്‍വ കാലഘട്ടത്തില്‍ ഈ മുന്നണിയുടെ സ്വാധീനം വളരെ ശക്തമായിരുന്നുവെന്നു കാണാം.
എന്നാല്‍, ജനങ്ങളുടെ മതബോധം ശക്തിപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച എല്ലാ മതസംഘടനകളും ആളുകളെ ഏകാധിപത്യത്തിനെതിരെ പ്രക്ഷോഭ സന്നദ്ധരാക്കുന്ന കാര്യത്തില്‍ ഒരേ നിലപാടിലായിരുന്നില്ല. ഇവിടെ സൂഫികളെയും സലഫികളെയും ഇഖ്‌വാനികളെയും വെവ്വേറെ കാണേണ്ടതുണ്ട്. സൂഫികള്‍ രാഷ്ട്രീയ ഗോദയില്‍നിന്നകന്ന് സ്വതഃസിദ്ധമായ രീതിയിലും ശൈലിയിലും ആത്മീയ വ്യവഹാരങ്ങളുടെ കമ്പി മുറുക്കുന്നതില്‍ മുഴുകുക മാത്രമല്ല; രാഷ്ട്രീയത്തെ അജണ്ടയിലുള്‍പ്പെടുത്തിയവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സലഫികളാകട്ടെ താത്ത്വികമായി രാഷ്ട്രീയത്തെ പ്രവര്‍ത്തന അജണ്ടയിലുള്‍പ്പെടുത്തിയില്ല, പ്രയോഗത്തില്‍ ഏകാധിപത്യങ്ങളെ നിയമാനുസൃത (ശറഈയായ) ഭരണകൂടങ്ങളായി പരിഗണിക്കുക മാത്രമല്ല, ഓരം പറ്റി ആനുകൂല്യങ്ങളനുഭവിക്കുകയും ചെയ്തു. ഏകാധിപതികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പ്രക്ഷോഭത്തെ 'കലാപ'മാക്കി ചിത്രീകരിക്കാനും 'കലാപവിരുദ്ധ ശാസനകള്‍' പുറപ്പെടുവിക്കാനും അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഒദ്യോഗിക മതനേതൃത്വത്തിന്റെയും കൊട്ടാര പണ്ഡിതന്മാരുടെയും കൂടെയായിരുന്നു സലഫികളില്‍ ഭൂരിപക്ഷവും. ശൈഖ് മുഹമ്മദ് അബ്ദുല്‍ മഖ്‌സ്വൂദ്, ശൈഖ് മുഹമ്മദ് ഇസ്മാഈല്‍, ശൈഖ് മുഹമ്മദ് ഹസ്സാന്‍ തുടങ്ങിയ ചില സലഫി പണ്ഡിതന്മാര്‍ പ്രക്ഷോഭത്തെ പിന്തുണച്ചത് വിസ്മരിക്കുന്നില്ല.
ആഗോള സലഫികളുടെ പ്രക്ഷോഭവിരുദ്ധ നിലപാട് അപ്പടിയേറ്റെടുത്ത കേരള സലഫികള്‍ ഒരടികൂടി മുന്നോട്ടു പോയി അറബ്‌വസന്തത്തിന്റെ പിതൃത്വം അമേരിക്കക്കും കൂട്ടാളികള്‍ക്കും ചാര്‍ത്തിക്കൊടുത്തു. അറബ് ലോകത്തെ അസ്ഥിരപ്പെടുത്താനായി അമേരിക്കയും ഇസ്രയേലും നടത്തുന്ന കുത്സിത ശ്രമങ്ങളാണ് അറബ് വസന്തത്തിന്റെ പിന്നില്‍; ക്ഷുഭിത യൗവനങ്ങളെ അനുകൂല സാഹചര്യത്തില്‍ അവരുപയോഗപ്പെടുത്തുകയാണ്; നിയമാനുസൃത ഭരണകൂടത്തിനെതിരെ അവര്‍ ഇറങ്ങിപ്പുറപ്പെടരുതായിരുന്നു, ഭരണകൂടത്തിനെതിരെ ഇറങ്ങിപ്പുറപ്പെടുന്ന പ്രക്ഷോഭകര്‍ ചരിത്രത്തിലെ ഖവാരിജുകളുടെ അഭിനവ അവതാരങ്ങളാണ്... അവര്‍ സമര്‍ഥിച്ചുകൊണ്ടിരുന്നു. തുനീഷ്യയും ഈജിപ്തുമൊക്കെ എന്തെങ്കിലുമാവട്ടെ, തങ്ങള്‍ ചാരിനില്‍ക്കുന്ന രാജ്യങ്ങളിലേക്കെങ്ങാനും വസന്തം ചെന്നെത്തുമോയെന്ന ഭീതിയായിരുന്നു അവരെ അലട്ടിക്കൊണ്ടിരുന്നത്.
ആളുകളില്‍ സര്‍ഗാത്മക മതബോധത്തോടൊപ്പം പ്രക്ഷോഭസന്നദ്ധതയുമുണ്ടാക്കിയത് യഥാര്‍ഥത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനമാണ്. അതിന്റെ സാക്ഷിപത്രം കിട്ടാന്‍ വസന്തപൂര്‍വ കാലഘട്ടം പരിശോധനാ വിധേയമാക്കണം.

വസന്തത്തിനു മുമ്പുള്ള സ്ഥിതി
ആധുനിക അറബ് രാഷ്ട്രീയ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായിത്തിരിക്കാം. കൊളോണിയല്‍ കാലഘട്ടമാണ് ഒന്നാമത്തേത്. അറബ് ലോകം മുഴുവന്‍ ബ്രിട്ടീഷ്-ഫ്രഞ്ച്-ഇറ്റാലിയന്‍ അധിനിവേശത്തിലമര്‍ന്ന കാലം. 1960-കള്‍ വരെ തുടര്‍ന്ന അധിനിവേശത്തെ പുറത്താക്കിയത് മുസ്‌ലിം മതപണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടത്തിയ ധീരോദാത്തമായ ജനകീയ ജിഹാദിലൂടെയാണ്. അധിനിവേശം അവസാനിച്ചപ്പോള്‍ കണ്ടത് ജിഹാദിന്റെ സല്‍ഫലം മോഷ്ടിക്കപ്പെടുന്നതാണ്. അഥവാ അധികാരത്തിലെത്തിയത് അടരാടിയവരല്ല, മണ്ണും ചാരി നിന്ന് സാമ്രാജ്യത്വത്തിന് പാദസേവ ചെയ്ത പാശ്ചാത്യഭക്തരാണ്. അറബ്‌ദേശീയതയുടെ തേരിലേറി മതേതരത്വത്തിനു പുറമെ വ്യംഗ്യമായ ഇസ്‌ലാം വിരോധവും ഇസ്‌ലാമിക നവോത്ഥാന വിദ്വേഷവും അജണ്ടയാക്കി ഭരിച്ച പട്ടാളഭരണാധികാരികളുടെ കാലമാണ് രണ്ടാമത്തേത്. 2011 മുതല്‍ ആരംഭിച്ച വസന്തകാലമാണ് മൂന്നാമത്തെ ഘട്ടം.
രണ്ടാം ഘട്ടമായ വസന്തപൂര്‍വഘട്ടത്തില്‍, സിവില്‍ വേഷം ധരിച്ച പട്ടാള ഭരണാധികാരികളും പാര്‍ശ്വവര്‍ത്തികളും രാഷ്ട്രീയരംഗം അടക്കിവാഴുകയായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ കൃത്രിമങ്ങള്‍ നടത്തിയും റാന്‍മൂളികളായ ബ്യൂറോക്രാറ്റ്-ടെക്‌നോക്രാറ്റ് വംശത്തെ തടിപ്പിച്ചും ഭരണരംഗം കൈപ്പിടിയിലൊതുക്കി. ദേശീയ പാര്‍ട്ടികളും ഇടതുപക്ഷ പാര്‍ട്ടികളുമൊക്കെ അപ്രസക്തമായി. ജനസേവനരംഗവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും വശമില്ലാത്ത, കേവല തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം കളിക്കാനറിയുന്ന ആ പാര്‍ട്ടികള്‍ക്ക് അത്തരമൊരു ഗതി വന്നില്ലെങ്കിലേ അത്ഭുതമുണ്ടായിരുന്നുള്ളൂ. ഈജിപ്തിലെ വഫ്ദ് പാര്‍ട്ടി ഉദാഹരണം. സഅ്ദ് സഗ്‌ലൂലിനെപ്പോലുള്ള ഇതിഹാസ നായകര്‍ നേതൃത്വമേകിയ ആ പാര്‍ട്ടി ശുഷ്‌കിച്ച്, ശുഷ്‌കിച്ച് ഒന്നുമല്ലാതായി. ഇറാഖും സിറിയയും ഒഴികെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ഇടതുപക്ഷ സംഘടനകളെ അടിച്ചൊതുക്കി. പീഡനങ്ങളെ അതിജീവിച്ച് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാനുള്ള ആത്മീയ രാസത്വരകം കൈവശമില്ലാത്തതിനാല്‍ അവ പറ്റെ നിശ്ചലമായി.
മറുവശത്ത്, ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്ഥിതിയോ? ശരിയാണ്, അവ രാഷ്ട്രീയ ഗോദയില്‍നിന്ന് ബലാല്‍ക്കാരം മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. പ്രവര്‍ത്തകര്‍ ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത പീഡനങ്ങള്‍ക്കിരയായി. സംഘടനാപ്രവര്‍ത്തനം പതിറ്റാണ്ടുകള്‍ നിരോധിക്കപ്പെട്ടു. ഇത്രയേറെ പീഡിപ്പിക്കപ്പെട്ടിട്ടും ലിബറല്‍ പാര്‍ട്ടികളെപ്പോലെ രംഗം വിടുകയല്ല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ചെയ്തത്. മറിച്ച് പള്ളികളിലൂടെയും പള്ളിക്കൂടങ്ങളിലൂടെയും അവര്‍ കത്തിപ്പടര്‍ന്നു. ജനങ്ങളുടെ മതബോധം പ്രോജ്ജ്വലിപ്പിച്ചു. ജനസേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മറ്റെല്ലാ പ്രസ്ഥാനങ്ങളെയും നിഷ്പ്രഭമാക്കി. നിസ്വാര്‍ഥ സേവനപ്രവര്‍ത്തനങ്ങളിലൂടെ, ബഹുജന കൂട്ടായ്മകളിലൂടെ എതിരാളികളുടെ പൊള്ളയായ ആരോപണങ്ങളുടെ മുനയൊടിച്ചു. 1990-കളായപ്പോഴേക്ക് അറബ്‌ലോകത്തെ ഏറ്റവും കെട്ടുറപ്പുമുള്ള പ്രസ്ഥാനങ്ങളായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മാറി. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡും തുനീഷ്യയിലെ അന്നഹ്ദയുമെല്ലാം അതിന്റെ മികച്ച ഉദാഹരണങ്ങളാണ്.
അറബ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമുറപ്പിച്ച ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവിടത്തെ ഏകാധിപത്യ ഭരണകൂടങ്ങളുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഭരണകൂടങ്ങള്‍ അനുവര്‍ത്തിച്ചുകൊണ്ടിരുന്ന വ്യംഗ്യമായ ഇസ്‌ലാംവിരുദ്ധത, ഫലസ്ത്വീന്‍വിരുദ്ധ-ഇസ്രയേല്‍ അനുകൂല നിലപാട്, ജനാധിപത്യധ്വംസനം, താവഴിവാഴ്ച, സാമ്രാജ്യത്വ ബാന്ധവം, അഴിമതി, സ്വജനപക്ഷപാതം, സ്വാതന്ത്ര്യനിഷേധം... തുടങ്ങിയ ഒട്ടേറെ കാരണങ്ങള്‍ അതിനുണ്ട്. അതുകൊണ്ടുതന്നെ, ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഏറ്റവുമേറെ ബോധവല്‍ക്കരണം നടത്തിയതും പ്രതിഷേധിച്ചതും ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ്. തന്റെ ഏകാധിപത്യവാഴ്ചയുടെ തുടര്‍ച്ചയെ ന്യായീകരിച്ച് ''താനിറങ്ങിയാല്‍ പകരം വരിക ബ്രദര്‍ഹുഡാണെന്ന്'' ഹുസ്‌നി മുബാറക് ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നത് ഓര്‍ക്കുക.
ചുരുക്കത്തില്‍, കഴിഞ്ഞ ഏതാണ്ട് ഒരു നൂറ്റാണ്ടു കാലം അറബ് ലോകത്ത് ബ്രദര്‍ഹുഡിനെപ്പോലുള്ള നവോത്ഥാനപ്രസ്ഥാനങ്ങള്‍ സജീവമായിരുന്നു; ഏകാധിപത്യം, സ്വാതന്ത്ര്യനിഷേധം, അഴിമതി, സ്വജനപക്ഷപാതം, മൂല്യച്യുതി തുടങ്ങിയ സാമൂഹിക രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ക്കെതിരെ പ്രസ്തുത പ്രസ്ഥാനങ്ങള്‍ നടത്തിയ നിരന്തര ബോധവല്‍ക്കരണങ്ങള്‍ ജനങ്ങളെ പ്രക്ഷോഭസന്നദ്ധരാക്കുന്നതില്‍ വിജയിച്ചിരുന്നു; തുനീഷ്യയില്‍ മുഹമ്മദ് ബൂ അസീസിയുടെ ശരീരം കത്തിയപ്പോള്‍ പറന്ന തീപൊരി ജനങ്ങളുടെ പ്രക്ഷോഭസന്നദ്ധതയില്‍ വീണ് ആളിക്കത്തുകയാണുണ്ടായത്; നവോത്ഥാന പ്രസ്ഥാനങ്ങളുടെ ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന്റെ വിളവെടുപ്പായിരുന്നു അത്.
പ്രക്ഷോഭം വഴിതെറ്റാതെ മൂല്യബന്ധിതമാക്കി നിര്‍ത്തി, വിപ്ലവനേട്ടങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ യൂസുഫുല്‍ ഖറദാവിയാണ്. പണ്ഡിതകുലപതിയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പാഠശാലയില്‍ വളര്‍ന്ന ഇതിഹാസ നായകനുമായ ഖറദാവി പ്രക്ഷോഭകാരികള്‍ക്ക് അനുനിമിഷം ഊര്‍ജം പകര്‍ന്നും ആവേശം പടര്‍ത്തിയും ചെയ്ത പ്രഭാഷണങ്ങളും പ്രഖ്യാപനങ്ങളും ഇന്ന് ചരിത്രരേഖയാണ്. ഔദ്യോഗിക-കൊട്ടാര പണ്ഡിതന്മാരുടെ 'കലാപ'വിരുദ്ധ ഫത്‌വകളെ ഇസ്‌ലാംദര്‍ശനത്തിന്റെ ചൈതന്യം തുടിക്കുന്ന ഫത്‌വകള്‍ക്കൊണ്ട് അദ്ദേഹം നേരിട്ടു. ഈയിടെ പുറത്തിറങ്ങിയ 'അശ്ശൈഖ് അല്‍-ഖറദാവി വസ്സൗറശ്ശ അല്‍-മിസ്വ്‌രിയ്യഃ' (ശൈഖ് ഖറദാവിയും ഈജിപ്ഷ്യന്‍ വിപ്ലവവും) എന്ന ഗ്രന്ഥത്തില്‍ അതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാം.
ഈജിപ്ഷ്യന്‍ വിപ്ലവം വിജയിച്ചതിന്റെ തൊട്ടുടനെയുള്ള വെള്ളിയാഴ്ച (ഫെബ്രു:19) പ്രക്ഷോഭകാരികള്‍ 'വിജയ വെള്ളി' (ജുമുഅത്തുന്നസ്വ്ര്‍) ആയി ആചരിച്ചതും തഹ്‌രീര്‍ ചത്വരത്തില്‍ ജുമുഅ പ്രഭാഷണം നടത്താന്‍ ഖറദാവിയെ ക്ഷണിച്ചതും യാദൃഛികമായിരുന്നില്ല. മൂന്ന് ദശലക്ഷത്തിലേറെ വിശ്വാസികള്‍ അണിനിരന്ന ആ ജുമുഅ പ്രഭാഷണവും നമസ്‌കാരവും ചരിത്രത്തിലെ അത്യപൂര്‍വം ജുമുഅകളിലൊന്നാണ്. ലിബിയയില്‍ വിപ്ലവം വിജയിച്ച ശേഷം നടന്ന ആദ്യ വെള്ളിയാഴ്ച പ്രാര്‍ഥനയിലും പ്രഭാഷണം നിര്‍വഹിച്ചത് ഖറദാവിയായിരുന്നു.
അറബ് വസന്തത്തില്‍, വിശിഷ്യാ ഈജിപ്ഷ്യന്‍ വിപ്ലവത്തില്‍ ഖറദാവി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഡോ. അലി ഹംസ അല്‍ ഉമരി (അല്‍ മദീനഃ, 07-03-2011): ''മൂന്നാഴ്ച മുമ്പ് ഞാന്‍ ഖറദാവിയെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിക്കുകയുണ്ടായി. ജനുവരിവിപ്ലവത്തിന്റെ വിജയത്തില്‍ ആശംസകളറിയിക്കാനും വിപ്ലവത്തിന്റെ തുടക്കം മുതല്‍ അദ്ദേഹം സ്വീകരിച്ച ധീരമായ നിലപാടിനെ അഭിനന്ദിക്കാനുമാണ് പോയത്. ഈജിപ്തിലെ മറ്റു നിരവധി പണ്ഡിതന്മാരും ചിന്തകന്മാരും സാംസ്‌കാരിക നായകന്മാരും ചെയ്തതുപോലെ അദ്ദേഹം നിലപാടുകളില്‍ ആടിക്കളിച്ചില്ല. രാജ്യത്തെ പല ഔദ്യോഗിക സ്ഥാപനങ്ങളും പണ്ഡിതന്മാരും പ്രക്ഷോഭകരികളോട് വീടുകളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കെയായിരുന്നു ഖറദാവിയുടെ ധീരമായ നിലപാട്: 'ജനങ്ങള്‍ താങ്കളെ അധികാരത്തില്‍നിന്ന് അടിച്ചിറക്കുന്നതിനു മുമ്പായി സ്വന്തം കാലില്‍ ഇറങ്ങിപ്പോവൂ!' ഈജിപ്ഷ്യന്‍ ഏകാധിപതിയോട് അദ്ദേഹം ഗര്‍ജിച്ചു. ഐതിഹാസികമായ ഈ ഗര്‍ജനം ചരിത്രം ഒരിക്കലും മറക്കില്ല.''
ചാള്‍സ് ക്രോഥ്മറെ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. ''തുനീഷ്യയിലും മൊറോക്കോയിലും ഇസ്‌ലാമിക ഗവണ്‍മെന്റുകള്‍ അധികാരത്തിലെത്തി.…ഈജിപ്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ സീറ്റുകള്‍ തൂത്തുവാരി. മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകന്‍ പ്രസിഡന്റ് പദവിയിലെത്തി... സിറിയയില്‍ ബശ്ശാറുല്‍ അസദ് വീഴുന്ന പക്ഷം ബ്രദര്‍ഹുഡ് തന്നെ അധികാരത്തിലെത്താനാണ് സാധ്യത. ഒരു പക്ഷേ, ജോര്‍ദാനിലും അതു തന്നെ സംഭവിച്ചേക്കാം. ഫലസ്ത്വീനിലെ ഗസ്സയില്‍ ബ്രദര്‍ഹുഡ് വിംഗായ ഹമാസ് ഇപ്പോള്‍ തന്നെ അധികാരത്തിലുണ്ട്...
എന്താണ് ഇതൊക്കെ അര്‍ഥമാക്കുന്നത്? ഇതിന്റെ അര്‍ഥം അറബ്‌വസന്തം എന്ന പ്രയോഗം തെറ്റാണെന്നാണ്. ഇതു വാസ്തവത്തില്‍ ഇസ്‌ലാമിന്റെ അധീശത്വമാണ്. അറബ് ലോകത്തെ വരുംതലമുറയുടെ രാഷ്ട്രീയ ജീവിതത്തെ ഏറക്കുറെ അതു കീഴടക്കും... ഇതു ഫേസ്ബുക് വിപ്ലവമായിരുന്നില്ല, ഇസ്‌ലാമിക വിപ്ലവത്തിന്റെ ആരംഭമായിരുന്നു...'' (അശ്ശര്‍ഖുല്‍ ഔസത്വ്, 16-07-2012).
hussainkdm@yahoo.com

Comments

Other Post