Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

ചെങ്കടല്‍ പകുത്ത മോചനവീഥി ഈജിപ്തിലെയും മറ്റും മാധ്യമവിപ്ലവം

യാസീന്‍ അശ്‌റഫ്‌

അല്‍ജസീറയുടെ കാമറ തഹ്‌രീര്‍ സ്‌ക്വയറിനു നേരെ ഉറപ്പിച്ചു വെച്ചിരിക്കുന്നു; ഓരോ ചലനവും അത് ഒപ്പിയെടുത്തുകൊണ്ടിരിക്കുന്നു. സ്ഥലത്തെത്തിയ പലരും അമ്പരപ്പിക്കുന്ന പരിവര്‍ത്തനത്തിന്റേതായ കാഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തി യൂട്യൂബിലൂടെ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു. ട്വിറ്ററിലൂടെ ട്വീറ്റുകള്‍ ചീറ്റുന്നു. ഇമെയിലുകളും ബ്ലോഗുകളും ഫ്‌ളിക്കറും വീഡിയോയുമെല്ലാം സജീവമാകുന്നു. ഫേസ്ബുക് അനുനിമിഷം പുതുപോസ്റ്റുകള്‍കൊണ്ട് പ്രകമ്പിതമാകുന്നു. ഈജിപ്ഷ്യന്‍ പത്രങ്ങളില്‍ വാര്‍ത്തകള്‍, നിരീക്ഷണങ്ങള്‍, ലേഖനങ്ങള്‍. മാധ്യമങ്ങളും കൂട്ടായ്മ മാധ്യമങ്ങളും (സോഷ്യല്‍ മീഡിയ) വിപ്ലവത്തെ ഉത്സവമാക്കുന്നു. ലോകം ആദ്യമായി ജനകീയ വിപ്ലവങ്ങളുടെ തല്‍ക്ഷണ പ്രസരണം അനുഭവിക്കുകയാണ്.
ഇന്റര്‍നെറ്റ് എന്ന പ്രതീതിലോകവും സാമ്പ്രാദായിക മാധ്യമങ്ങളും വിപ്ലവത്തിന്റെ കണ്ണാടിക്കപ്പുറം അതിന്റെ ഉപകരണമായി എന്ന് പലരും വാദിക്കുന്നുണ്ട്. ആയത്തുല്ലാ ഖുമൈനിയുടെ പ്രവാസ പ്രസംഗങ്ങളുടെ ടേപ്പുകള്‍ വന്‍ തോതില്‍ പ്രചരിപ്പിച്ചുകൊണ്ട് ഇറാനിലെ വിപ്ലവം ഊര്‍ജം സംഭരിച്ചത് അവരോര്‍ക്കുന്നു. അതേസമയം, ഈജിപ്തിലെ ഹുസ്‌നി മുബാറക് സര്‍ക്കാര്‍ ഇന്റര്‍നെറ്റും മൊബൈല്‍ ശൃംഖലകളും അടച്ചിട്ടിട്ടും ജനകീയ മുന്നേറ്റത്തിന് ഒരു തടസ്സവും നേരിട്ടില്ലെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങള്‍-വിശേഷിച്ച് നവമാധ്യമങ്ങള്‍ അറബ് വസന്തത്തിന് സ്വയം വികസിക്കാനാവശ്യമായ മണ്ണൊരുക്കിയെന്നു സമ്മതിക്കണം. അതേസമയം, അവ ഇല്ലായിരുന്നെങ്കില്‍ വസന്തമേ ഉണ്ടാകില്ലായിരുന്നു എന്നു പറയുന്നത് അത്യുക്തിയാണുതാനും. ഏതോ നിയോഗം പോലെ തക്കസമയത്ത് അവ അവിടെ ഉണ്ടായി.
2011 തുടക്കത്തില്‍ ഫേസ്ബുക്കും ട്വിറ്ററും വിപ്ലവത്തിന് വലിയ പ്രോത്സാഹനമായി ഭവിച്ചു എന്ന് ദുബൈ സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിന്റെ അറബ് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു. ആദ്യത്തെ മൂന്നു മാസം ട്വിറ്ററില്‍ ഏറ്റവും പ്രചരിച്ച ഹാഷ്ടാഗുകള്‍ #Egypt, #Jan25, #Libya, #Bahrain, #protest എന്നിവയായിരുന്നു.
ആദ്യത്തേത് മാത്രം 14 ലക്ഷം തവണ പരാമര്‍ശിക്കപ്പെട്ടു. 2011 ജനുവരി-ഏപ്രില്‍ കാലത്ത് അറബ് ലോകത്ത് ഫേസ്ബുക് ഉപയോക്താക്കളും ഉപയോഗവും കുതിച്ചുയര്‍ന്നു-ലിബിയയില്‍ മാത്രം കുറഞ്ഞു (രൂക്ഷമായ പോരാട്ടത്തിനിടെ പലരും നാടുവിട്ടുപോയതാവാം ഈ കുറവിനു കാരണം). വിപ്ലവം നാമ്പിട്ട രാജ്യങ്ങളില്‍ ജനങ്ങള്‍ വന്‍തോതില്‍ സാമ്പ്രദായിക മാധ്യമങ്ങളില്‍നിന്ന് സോഷ്യല്‍ മീഡിയകളിലേക്ക് കൂടുമാറുകയും സജീവമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തുതുടങ്ങി. 'സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ മീഡിയ അസിസ്റ്റന്‍സ്' രേഖപ്പെടുത്തിയതനുസരിച്ച്, കോടിക്കണക്കിന് വ്യക്തികളും വാര്‍ത്താഗ്രൂപ്പുകളും ഫേസ്ബുക്കിലും ട്വിറ്ററിലും യൂട്യൂബിലും ഇരച്ചുകയറി; വാര്‍ത്തകള്‍ അറിയാനും അറിയിക്കാനുമുള്ള ഉപാധികളായി അവരത് നന്നായി ഉപയോഗിച്ചു. 2010 ഒടുവോടെ തുടങ്ങിയ അറബ് വിപ്ലവങ്ങള്‍ ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തപ്പെട്ട സിവില്‍ സമൂഹ പ്രസ്ഥാനങ്ങളായിക്കഴിഞ്ഞു. ട്വിറ്ററിനും ഫേസ്ബുക്കിനും പുറമെ ഫിലിമുകള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, ലേഖനങ്ങള്‍, അക്കാദമിക ചര്‍ച്ചകള്‍, ബ്ലോഗര്‍ കണ്‍വെന്‍ഷനുകള്‍ തുടങ്ങി അനേകം രൂപങ്ങളില്‍ കൂടി അറബ്‌വസന്തം വിനിമയം ചെയ്യപ്പെട്ടു. ഉള്ളുതുറക്കാന്‍ ഒരവസരം കാത്തുകാത്തിരുന്ന സമൂഹങ്ങള്‍ക്ക് മുമ്പാകെ ഭദ്രമായ അണക്കെട്ട് തകര്‍ത്തൊഴുകുന്ന പുതിയ ചാലുപോലെ നവമാധ്യമങ്ങള്‍ തോന്നിച്ചു-അതിവേഗം അതൊരു മഹാപ്രവാഹമായി. തുനീഷ്യക്കാരും ഈജിപ്തുകാരും ലിബിയക്കാരും യമനികളും ബഹ്‌റൈനികളും സിറിയക്കാരുമെല്ലാം കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഇടപെടുകയായിരുന്നു.
യു.എന്‍.ഡി.പിയും അല്‍മഖ്ദൂം ഫൗണ്ടേഷനും ചേര്‍ന്ന് തയാറാക്കിയ 'അറബ് നോളജ് റിപ്പോര്‍ട്ടി'ലെ കണക്ക് ഇപ്രകാരമാണ്: 2009 ഒടുവില്‍ ഇന്റര്‍നെറ്റില്‍ അറബ് ഭാഷക്കാരുടെ എണ്ണം ഏകദേശം ആറു കോടിയായിരുന്നു. ഇത് പത്തുകോടിയാവാന്‍ 2015 ആകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അന്താരാഷ്ട്ര ടെലികോം യൂനിയന്‍ പറയുന്നത് ഇന്ന് അറബ് ലോകത്ത് നൂറില്‍ 29 പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ്. അതനുസരിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന അറബ് ദേശക്കാരുടെ എണ്ണം 10 കോടി 40 ലക്ഷം കവിഞ്ഞിരിക്കുന്നു. ഇവരില്‍ മഹാഭൂരിപക്ഷം 15-29 വയസ്സുകാരാണെന്ന് അറബ് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ട്. ഈജിപ്ത്, മൊറോക്കോ, സുഊദി അറേബ്യ, ജോര്‍ദാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളുടെ പകുതിയിലേറെയും 25 തികയാത്തവരാണ്. ഈ മഹാജനസഞ്ചയം സൈബര്‍ ലോകത്ത് സക്രിയരായി ആശയങ്ങള്‍ കൈമാറുമ്പോള്‍ ഔദ്യോഗിക മാധ്യമങ്ങള്‍ അപ്രസക്തമാകുന്നു. വാഇല്‍ ഗുനൈം എന്ന ഈജിപ്ഷ്യന്‍ സൈബര്‍ ആക്ടിവിസ്റ്റിനു മാത്രം 2012 മാര്‍ച്ചില്‍ 3.62 ലക്ഷം ട്വിറ്റര്‍ ഫോളൊവേഴ്‌സുണ്ട്.
വിപ്ലവങ്ങളുടെ വാര്‍ഷികങ്ങള്‍ 2012 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ആഘോഷിക്കുന്ന വേളയില്‍ പല മാധ്യമങ്ങളുടെയും ട്വിറ്റര്‍ അനുഗാമികളുടെ എണ്ണം ദശലക്ഷക്കണക്കിന് വര്‍ധിച്ചു. വിപ്ലവാനന്തരം ഈജിപ്തിലെ ഔദ്യോഗിക പത്രമായ അല്‍ അഹ്‌റാമിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സ്വകാര്യ പത്രങ്ങളായ അല്‍ മസ്‌രില്‍യൗം, അല്‍യൗമുസ്സാബിഅ് എന്നിവയുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്കാള്‍ അനുഗാമികള്‍ ഉണ്ടായി. മുമ്പേ സര്‍ക്കുലേഷനില്‍ മുന്‍നിരയിലുള്ള അല്‍ അഹ്‌റാമിലടക്കം വായനക്കാര്‍ ഓണ്‍ലൈന്‍ പതിപ്പുകളിലേക്ക് മാറുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, പുതുതലമുറക്കാരായ ചെറുപ്പക്കാര്‍ നേരെ തന്നെ ഓണ്‍ലൈന്‍ പത്രങ്ങളിലാണ് ചേക്കേറുന്നത്. മുബാറകിന്റെ രാജിയില്‍ അവസാനിച്ച 18-ദിന പ്രതിഷേധങ്ങളുടെ കാലത്ത്, തഹ്‌രീര്‍ എന്ന പുതിയ ഓണ്‍ലൈന്‍ പത്രം യുവജനങ്ങളുടെ ഹരമായി. 2012 മാര്‍ച്ചില്‍ അതിന് 2,65,000 ഫേസ്ബുക് ''ലൈക്കു''കളും 3,00,108 ട്വിറ്റര്‍ അനുഗാമികളുമുണ്ടായിരുന്നു. ടിവി ചാനലുകള്‍ ഇന്ന് കൂട്ടായ്മ മാധ്യമങ്ങളെ പിന്തുടര്‍ന്നു തുടങ്ങിയിരിക്കുന്നു. ടി.വി 25 എന്ന ചാനലിലെ #Hash Tag എന്ന പരിപാടി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളെ ഉപജീവിച്ചുള്ളതാണ്. സാമ്പ്രദായിക പ്രേക്ഷകരും ശ്രോതാക്കളുമൊക്കെ സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം അനുഭവിച്ചു തുടങ്ങി എന്നര്‍ഥം.
യുവവനിതകളാണ് അറബ് വസന്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യമറിയിച്ച മറ്റൊരു ശക്തമായ വിഭാഗം. കൂര്‍ട്‌നി റാഷ് (Courtney Radsch) തയാറാക്കിയ പഠനത്തില്‍ ''യുവട്വിറ്ററാറ്റി''കളെ പരിചയപ്പെടുത്തുന്നുണ്ട്. ഈജിപ്തിലെ ഇസ്‌റാ അബ്ദുല്‍ ഫത്താഹ് ('ഫേസ്ബുക് വനിത'), ലിബിയക്കാരി ദാനിയ ബഷീര്‍, ബഹ്‌റൈനിലെ സൈനബു മര്‍യം അല്‍ ഖ്വാജ, തുനീഷ്യയിലെ ലിനാ ബിന്‍ത് മഹന്നി എന്നിവര്‍ പ്രശസ്തരാണ്. പൊതുരാഷ്ട്രീയ ഇടങ്ങളുടെ പ്രതീകങ്ങളായ തഹ്‌രീര്‍ സ്‌ക്വയര്‍ (ഈജിപ്ത്), ബിന്‍ഗാസി (ലിബിയ), തഗ്‌യീര്‍ സ്‌ക്വയര്‍ (യമന്‍), പേള്‍ റൗണ്ടബൗട്ട് (ബഹ്‌റൈന്‍) എന്നിവിടങ്ങളിലെന്നപോലെ വിവിധ നവമാധ്യമ ഇടങ്ങളിലും വനിതകള്‍ അവകാശം പിടിച്ചു വാങ്ങുന്നു. തുറന്നുപറച്ചിലിനുള്ള വേദിയെന്ന നിലയില്‍ പെണ്‍ സൈബര്‍ ആക്ടിവിസ്റ്റുകള്‍ ഇന്റര്‍നെറ്റിനെ ഉപയോഗപ്പെടുത്തുന്നു.

ആക്ടിവിസം സൈബര്‍ ലോകത്തും
അഴിമതി, അനീതി, തൊഴിലില്ലായ്മ എന്നിവയില്‍ സഹികെട്ട് മുഹമ്മദ്ബൂ അസീസി ആത്മാഹുതി ചെയ്തതു മുതല്‍ തുനീഷ്യയില്‍ ഇന്റര്‍നെറ്റ് കലാപം തുടങ്ങി. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട് പോസ്റ്റുകള്‍ നിറഞ്ഞു. ഈജിപ്തില്‍ കൈറോ, അലക്‌സാണ്‍ഡ്രിയ തുടങ്ങിയ നഗരങ്ങളില്‍ പ്രക്ഷോഭകര്‍ സംഘടിച്ചതിന്റെ വീഡിയോ ചിത്രങ്ങള്‍ ഫേസ്ബുക്, ടിറ്റ്പിക്, യൂട്യൂബ് തുടങ്ങിയവയിലൂടെ പ്രചരിച്ചുകൊണ്ടിരുന്നു. എവിടെയൊക്കെ ഒത്തുചേരണം, എങ്ങനെ പോലീസിനെ വെട്ടിക്കാം തുടങ്ങിയ നിര്‍ദേശങ്ങളുമായി അനുനിമിഷം ട്വീറ്റുകള്‍ പ്രസരിച്ചു. സര്‍ക്കാര്‍ ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തി; മൊബൈല്‍ ഫോണുകള്‍ക്കും നിയന്ത്രണം വന്നു. പക്ഷേ അപ്പോള്‍ പ്രക്ഷോഭകര്‍ നേരിട്ട് സന്ദേശങ്ങള്‍ വിളിച്ചു പറഞ്ഞ് വിവിധ ഭാഗങ്ങളില്‍ ചുറ്റിയടിക്കാന്‍ തുടങ്ങി.
ഇതെല്ലാം സൂചിപ്പിക്കുന്നത് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ വിപ്ലവങ്ങള്‍ക്ക് ഉപകരണങ്ങളായി എന്നു മാത്രമല്ല; അവയെ സമര്‍ഥമായി ഉപയോഗിച്ച ജനങ്ങള്‍ അവയെ മാത്രം ആശ്രയിച്ചില്ല എന്നുകൂടിയാണ്. ചിലര്‍ ഊന്നിപ്പറയുന്നപോലെ ഇതൊരു ട്വിറ്റര്‍/ഫേസ്ബുക് വിപ്ലവമേ അല്ല, തെരുവുകളില്‍ നിന്നുയര്‍ന്നുവന്ന വിപ്ലവമാണ്. മാധ്യമങ്ങളെ അവര്‍ ഉപയോഗിച്ചു എന്നു മാത്രം. സാങ്കേതിക വിദ്യയല്ല, ജനായത്ത ബോധമുള്ള മനുഷ്യരാണ് അതിന്റെ രാസത്വരകം. ദുര്‍ഭരണവും അതിനെതിരായ പ്രക്ഷോഭവും മാധ്യമങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു. പക്ഷേ, വിപ്ലവം തുടങ്ങിയത് മനുഷ്യരിലാണ്. മുമ്പ് ചായക്കടകളിലെ ചര്‍ച്ചകളില്‍ വിപ്ലവം ജനിച്ചിട്ടുണ്ട്; എന്നുവെച്ച് ചായക്കടകള്‍ വിപ്ലവം സൃഷ്ടിച്ചെന്നു പറയാനാവില്ലല്ലോ. അത് ക്ഷുബ്ധ മനുഷ്യരാണ് സൃഷ്ടിച്ചത്. അതേപോലെ, സോഷ്യല്‍ മീഡിയ വിപ്ലവം ജനിച്ച ഇടമായിരിക്കാം-അതിന്റെ കാരണമല്ല. കാരണം മനുഷ്യരിലെ ഇച്ഛാശക്തി തന്നെയാണ്.
അതേസമയം, ആ ഇച്ഛാശക്തിയോട് ശരിയായി പ്രതികരിക്കാന്‍ സോഷ്യല്‍ മീഡിയ ഉണ്ടായി എന്നത് വിധിനിയോഗം തന്നെയാവണം. കാരണം, വിമത രാഷ്ട്രീയ നേതാക്കള്‍ക്കും സാമ്പ്രദായിക സ്ഥാപനങ്ങള്‍ക്കുമപ്പുറം, സാധാരണ പൗരന് പറയാനുള്ളത് പറയാനായി. സാധാരണക്കാരനെ അത്രകണ്ട് നവമാധ്യമങ്ങള്‍ ശാക്തീകരിച്ചു. ഈ സാധാരണക്കാരാകട്ടെ അസാമാന്യമായ സാമര്‍ഥ്യത്തോടെ പ്രക്ഷോഭങ്ങള്‍ ആസൂത്രണംചെയത് നടപ്പിലാക്കി. ജനങ്ങളില്‍ ആഴത്തിലൂന്നിയ ജനാധിപത്യ വാഞ്ഛയുടെയും അച്ചടക്കത്തിന്റെയും സംഘബോധത്തിന്റെയും പ്രതിഫലനമാണത്. ഏതോ ആദര്‍ശത്തിന്റെ ബലിഷ്ഠമായ ചരട് അവരെ ലക്ഷ്യവേദിയായി പരസ്പരം കോര്‍ത്തുകഴിഞ്ഞ ശേഷമാണ് നവമാധ്യമങ്ങള്‍ അവര്‍ക്കു മുമ്പാകെ ചെങ്കടല്‍ പകുത്ത മോചനപാതപോലെ തുറന്നത്. അഥവാ ഉറച്ച വിശ്വാസത്തിന്റെ തേട്ടമെന്നോണം സോഷ്യല്‍ മീഡിയ എന്ന അത്ഭുതപാത അവര്‍ക്കു മുമ്പാകെ ദൈവം തുറന്നിട്ടുകൊടുത്തു. അപ്പോഴും വിപ്ലവത്തിന്റെ ശില്‍പി ആ പാതയല്ല; അതിലെ നടന്ന പാദങ്ങളും അവയെ നയിച്ച വിശ്വാസവുമാണ്.
ഈജിപ്ത് കാണിച്ചുതന്നതും അതുതന്നെ. ഭരണകൂടം ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ ശൃംഖലകളും അടച്ചിട്ടുനോക്കി. എന്നിട്ടും, വിപ്ലവം ഒട്ടും ക്ഷയിക്കാതെ മുന്നോട്ടു തന്നെ. എങ്ങനെയെന്നല്ലേ? സമൂഹം സ്വയം തന്നെ മാധ്യമമായി. അവര്‍ നേരിട്ടു തന്നെ വിവരങ്ങള്‍ കൈമാറി-ഓരോരുത്തരും വിപ്ലവത്തെ ഏറ്റെടുക്കുകയായിരുന്നല്ലോ. അയല്‍ക്കാര്‍ തമ്മില്‍, ജോലിക്കാര്‍ തമ്മില്‍, കുടുംബങ്ങള്‍ക്കിടയില്‍, മസ്ജിദുകളിലൂടെയും ചര്‍ച്ചുകളിലൂടെയും, കാഴ്ചക്കാരും യാത്രികരുമെല്ലാം ചേര്‍ന്ന്, വിവരമെന്ന ആയുധം കൈമാറി ക്കൈമാറി മൂര്‍ച്ചകൂട്ടിക്കൊണ്ടിരുന്നു. അങ്ങനെ ഒടുവില്‍ മുബാറകിനെ പുറത്തിട്ട് ജനറല്‍മാര്‍ അധികാരം പിടിച്ചു. അവര്‍ ആദ്യം ചെയ്തത്, ഫേസ്ബുക്കില്‍ സ്വന്തം പേജ് തുടങ്ങുകയായിരുന്നു-പന്ത്രണ്ടു ലക്ഷം ''ലൈക്കു''കളോടെ അത് ആഴ്ചകള്‍ക്കകം മുന്നേറി. ജനങ്ങളിലേക്ക് മടങ്ങിയെത്തിയ നവമാധ്യമങ്ങളെ ജനം വീണ്ടും ഏറ്റെടുക്കുകയും ചെയ്തു.
വാസ്തവത്തില്‍ 2011 ജനുവരി 25ന് പ്രക്ഷോഭം തുടങ്ങുമ്പോഴേ സൈബര്‍ വിപ്ലവകാരികള്‍ ആഗോള-പ്രാദേശിക മാധ്യമങ്ങളുമായി സോഷ്യല്‍ മീഡിയയെ ബന്ധിപ്പിച്ചു കഴിഞ്ഞിരുന്നു. 27ന് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. ഈ ഘട്ടത്തിലാണ് വ്യക്തികളും ചെറുസംഘങ്ങളും സ്വയം സാമൂഹികമാധ്യമങ്ങളായി മാറിയത്. ഉപഗ്രഹം വഴി സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍-പ്രത്യേകിച്ച് അല്‍ജസീറ-വലിയ പിന്‍ബലമാണ് ഈ സമയത്ത് നല്‍കിയത്. 28ന് ജനങ്ങള്‍ പൊതുസ്ഥലങ്ങള്‍ പിടിച്ചെടുത്തുതുടങ്ങി. തഹ്‌രീര്‍ സ്‌ക്വയര്‍ ജീവന്‍ തുടിക്കുന്ന വിപ്ലവത്തിന്റെ ഹൃദയമായി മാറി. ആളുകള്‍ കൂടിക്കൂടി വന്നു. ആവേശത്തോടെ കുട്ടികളെയടക്കം കൂട്ടിക്കൊണ്ടുവന്ന് അവരവിടെ സ്വാതന്ത്ര്യം ആഘോഷിച്ചു. മടങ്ങിപ്പോയവര്‍ അയല്‍ക്കാരോടും മറ്റും വിശേഷങ്ങളറിയിച്ചു. അതുവരെ സര്‍ക്കാര്‍ പത്രങ്ങളും ചാനലുകളും പറഞ്ഞുവന്നതൊക്കെ കള്ളമായിരുന്നെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. അങ്ങനെയങ്ങനെ, ഇത്തരം ബദല്‍ മാധ്യമങ്ങള്‍ നിജസ്ഥിതി ബോധ്യപ്പെടുത്തിയതോടെ തൊഴിലിടങ്ങളില്‍ സമരമുഖങ്ങള്‍ തുറന്നു.

പോരാട്ട മാധ്യമങ്ങള്‍
ഫെബ്രുവരി 8-നുശേഷം അടിച്ചുവീശിയ സമരക്കൊടുങ്കാറ്റ് ഫേസ്ബുക്കിലെ തരംഗങ്ങളായും യൂട്യൂബ് വീഡിയോകളായും പടര്‍ന്നു. ഔദ്യോഗിക മാധ്യമങ്ങള്‍ പ്രക്ഷോഭകര്‍ക്കെതിരെ പ്രചാരണമഴിച്ചുവിട്ടു-ഇതാ വിദേശചാരന്മാര്‍ എന്ന്. അല്‍ജസീറ ബ്യൂറോ സാധാരണ ജനങ്ങളുമായി സംവദിച്ച് സത്യം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. തഹ്‌രീറില്‍ അവര്‍ മീഡിയാ ക്യാമ്പ് തുറന്നു. അവിടെ ജനങ്ങള്‍ നിരന്തരമെത്തി; അവര്‍ മൊബൈലില്‍ പിടിച്ച സമരചിത്രങ്ങള്‍ ചാനലിലൂടെ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു-സാക്ഷാല്‍ സിറ്റിസണ്‍ ജേണലിസം. സാങ്കേതിക മേന്മയില്ലാത്ത, ഇളകിക്കൊണ്ടിരിക്കുന്ന ആ ചിത്രങ്ങള്‍ ജനഹൃദയങ്ങളെ കീഴടക്കി. ഫേസ്ബുക്കിലെ 'ഓഫീസേഴ്‌സ് ഫോര്‍ ദ റവല്യൂഷന്‍' എന്ന പേജ് ജനങ്ങള്‍ക്കും ഡിജിറ്റല്‍ മീഡിയക്കുമിടയിലെ കണ്ണിയായി വര്‍ത്തിച്ചു. വിയോജിപ്പിന്റെ ഇത്തരം ഇടങ്ങള്‍ വേറെയുമുണ്ടായി. എല്ലാം ജനങ്ങളെ ശാക്തീകരിച്ചു; സംഘടിപ്പിച്ചു. ഗില്‍ സ്‌കോട്ട്-ഹെറണ്‍ പറഞ്ഞപോലെ, ''വിപ്ലവങ്ങളുടെ വിധി നിര്‍ണയിക്കുന്നത് അവയുടെ മാധ്യമ ആവിഷ്‌കാരങ്ങളല്ല; വിപ്ലവങ്ങള്‍ എല്ലായ്‌പോഴും 'തല്‍ക്ഷണ'മാണ്.'' ഈജിപ്ത് ഇക്കാര്യം സ്ഥിരീകരിക്കുന്നു-മറ്റ് അറബ് നാടുകളും.
പീഡിതരായ ജനതകള്‍ സ്വയം മോചിതരാകാന്‍ ആഗ്രഹിക്കുന്നു; അപ്പോള്‍ പടിഞ്ഞാറന്‍ സാങ്കേതികവിദ്യയും മൂല്യങ്ങളും അവര്‍ക്ക് പ്രചോദനമാകുന്നു; അങ്ങനെ അറബ് വസന്തം വിടരുന്നു-ഇതാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്ന കഥ. യാഥാര്‍ഥ്യനിഷ്ഠമല്ല ഈ കഥയെന്ന് സമര്‍ഥിക്കുന്നു അല്‍ജസീറ ഇംഗ്ലീഷിന്റെ സീനിയര്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് മര്‍വാന്‍ ബിശാറ (The Invisible Arab, Nation Books Newyork: 2012). തുനീഷ്യയിലെ നവംബര്‍ 7 സ്‌ക്വയര്‍, ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയര്‍, ബഹ്‌റൈനിലെ പേള്‍ സ്‌ക്വയര്‍ തുടങ്ങിയവ ജനങ്ങള്‍ പിടിച്ചെടുത്ത സംഭവങ്ങള്‍, അവര്‍ നടത്തിയ അനേകം പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തുടര്‍ച്ചയായിരുന്നു. അല്‍ജസീറ പോലുള്ള മാധ്യമശൃംഖലകളും മറ്റും അതിലവരെ സഹായിച്ചിട്ടുണ്ടെന്നു മാത്രം. ഇത്രയും കാലം പാശ്ചാത്യമാധ്യമങ്ങള്‍ അറബ് വിമോചന പ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും മോശമായി ചിത്രീകരിച്ചുവരികയായിരുന്നു. പടിഞ്ഞാറന്‍ ആഖ്യാനങ്ങളില്‍ ഈ അറബ് ഉയിര്‍പ്പ് അദൃശ്യമായിരുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും അന്യമാണെന്ന് പ്രചരിപ്പിക്കപ്പെട്ടുവന്ന ജനസമൂഹങ്ങള്‍ ഈ രണ്ടിലും ലോകത്തിന് തന്നെ പാഠം നല്‍കുകയാണ്.
പാശ്ചാത്യ സാങ്കേതിക വിദ്യയും മാധ്യമ സംസ്‌കാരവും അവരെ കീഴ്‌പ്പെടുത്തിയതല്ല; ഇന്റര്‍നെറ്റും ഉപഗ്രഹവിദ്യയും ഉപയോഗിച്ച് അവര്‍ സ്വന്തം മാധ്യമങ്ങളെ രൂപപ്പെടുത്തുകയായിരുന്നു. വെറും പൈങ്കിളി വര്‍ത്തമാനങ്ങള്‍ക്കു മാത്രം ഫേസ്ബുക് ഉപയോഗിക്കുന്ന നമ്മുടെ യുവാക്കള്‍ക്ക് മാതൃക കൂടിയാണത്-ചെറുത്തുനില്‍പ്പിന്റെ ഡിജിറ്റല്‍ മാതൃക. ഉദാഹരണത്തിന് ഈജിപ്തില്‍ സുരക്ഷാ വിഭാഗം ഖാലിദ് സൈദിനെ കൊലപ്പെടുത്തിയതില്‍ പിന്നെ ഫേസ്ബുക്കില്‍ We are all Khaled Said എന്ന ഗ്രൂപ്പുണ്ടായി. അഴിമതിക്കും അടിച്ചമര്‍ത്തലിനുമെതിരെ ജനങ്ങള്‍ ഈ സൈബര്‍ ഇടത്തില്‍ തിങ്ങിനിറഞ്ഞു. 2011 തുടക്കത്തില്‍ ഫേസ്ബുക്കില്‍ 70 ലക്ഷം അറബികള്‍ എത്തിക്കഴിഞ്ഞിരുന്നു: ഇതില്‍ 60 ലക്ഷവും ഈജിപ്തുകാര്‍-ഈജിപ്ത് ജനതയുടെ അഞ്ചു ശതമാനം. ഏറെ വൈകാതെ ഇത് പിന്നെയും വര്‍ധിച്ചു. ഇന്ന് ആറു കോടിയിലധികം അറബികള്‍ ഓണ്‍ലൈനില്‍ സജീവമാണ്. അറബ് യുവാക്കളില്‍ അഞ്ചില്‍ നാലു പേര്‍ക്കും മൊബൈല്‍ ഫോണ്‍ ഉണ്ട്; ഇവയില്‍ 25 ശതമാനവും ഇന്റര്‍നെറ്റ് ശേഷി ഉള്ളവയാണ്. നഗരവാസികളില്‍ പകുതിയും പത്രങ്ങള്‍ വായിക്കുന്നുണ്ട്-അവരുടെ എണ്ണം കൂടുകയാണ്. യുവാക്കളില്‍ മൂന്നില്‍ രണ്ട് ഒഴിവു വേളകളില്‍ ടി.വി വാര്‍ത്തകളും മറ്റും ശ്രദ്ധിക്കുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും സജീവമായ ബ്ലോഗിങ്ങ് സമൂഹം അറബികളാണ്.
സൈബര്‍, മാധ്യമപോരാട്ടം എങ്ങനെയെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഈ ജനതകള്‍. വിക്കിലീക്‌സ് രേഖകള്‍ തുനീഷ്യന്‍ ജനത ആര്‍ത്തിയോടെ വായിച്ചു; ബിന്‍ അലിയുടെ അഴിമതിയും യു.എസ് നയതന്ത്രജ്ഞര്‍ കുറിച്ചുവെച്ച നിഷഠുരതയുടെ കഥകളും അവരറിഞ്ഞത് അങ്ങനെയാണ്. യു.എസും മറ്റും ഏകാധിപതികളെ തുണക്കുന്നതും അവരറിഞ്ഞു. തുനീഷ്യന്‍ ബ്ലോഗര്‍മാരെ ഭരണകൂടം വേട്ടയാടിയപ്പോള്‍ അവര്‍ക്ക് തുണയായെത്തിയത് 'അനോണിമസ്' എന്ന ഹാക്കര്‍ സംഘമാണ്.
സ്വതന്ത്രവും ഉത്തരവാദിത്തപൂര്‍ണവുമായ മാധ്യമ പ്രവര്‍ത്തനമെന്തെന്ന് അല്‍ജസീറ കാണിച്ചുകൊടുത്തപ്പോള്‍ പാശ്ചാത്യര്‍ അതിശയിച്ചു; അവര്‍ പറഞ്ഞ സത്യം തങ്ങള്‍ക്കെതിരാകുന്നുവെന്നു കണ്ടപ്പോള്‍ രോഷം പൂണ്ടു. പക്ഷേ, സത്യം പുറത്തുവരേണ്ടതുണ്ടായിരുന്നു; അതിന് അല്‍ജസീറ പോലുള്ളവ നിമിത്തമായി. സ്വതന്ത്ര മാധ്യമങ്ങള്‍ ജനങ്ങളെ ശാക്തീകരിക്കുമെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ഇന്റര്‍നെറ്റ് മാധ്യമങ്ങളുടെ ശക്തിയും ജനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രതിഫലനവും തുടര്‍ച്ചയുമാണെന്ന് അറബ് വിപ്ലവങ്ങള്‍ കാണിച്ചുതരുന്നു. ആശയങ്ങളാണ് വിപ്ലവങ്ങളുണ്ടാക്കുന്നത്. ആ ആശയങ്ങള്‍ക്ക് പ്രകാശിതമാകാനുള്ള ഇടങ്ങളായി ബദല്‍ മാധ്യമങ്ങള്‍. അവ ഒരിക്കലും ജനശക്തിക്ക് ബദലായിരുന്നില്ല-അതിന് വികസിക്കാനുള്ള ഇടവും പാതയുമായിരുന്നു; ആണ്.
yaseenashraf@gmail.com

Comments

Other Post