Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

ഒരുപാട് സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്ന വസന്തം

ഹാമിദ് ദബാശി / കെ.ടി ഹാഫിസ്

പോസ്റ്റ് കൊളോണിയല്‍ ലോകത്ത് ജീവിക്കുന്ന ഒരു മുസ്്‌ലിം ബുദ്ധിജീവിയാണ് ഞാന്‍. ഒരേ സമയം സാമൂഹിക ശാസ്ത്രത്തിന്റെയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെയും പാരമ്പര്യത്തില്‍ വേരുകളുള്ള, അവയുടെ സ്വാധീനത്താല്‍ ലോകത്തെ കാണാന്‍ ശ്രമിക്കുന്ന ഒരു മുസ്്‌ലിം ബുദ്ധിജീവി. ഈ രണ്ട് പാരമ്പര്യങ്ങളിലും ഊന്നിനിന്നുകൊണ്ടാണ് ഞാന്‍ ജീവിക്കുന്ന പോസ്റ്റ് കൊളോണിയല്‍ ലോകത്തെ കാണാന്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി എന്റെ കാഴ്ചയുടെ കണ്ണടകളും ലെന്‍സുകളും എനിക്ക് പല കോണുകളില്‍ വെക്കേണ്ടിവരുന്നു. ഞാന്‍ അത് ആഫ്രിക്കയിലും തുനീഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും വെക്കുന്നു. അതിലൂടെ കാണാന്‍ ശ്രമിക്കുന്നു. പിന്നീട് ഞാന്‍ തിരിച്ചറിയുന്നു, ഈ കാഴ്ചകള്‍ക്ക് ആ ലെന്‍സുകള്‍ മതിയാവുകയില്ല എന്ന്. അറബ് ലോകത്തെ പുതിയ സംഭവ വികാസങ്ങള്‍ നാം ഇതുവരെ ശീലിച്ച മുഴുവന്‍ ലെന്‍സുകളെയും ക്യാമറകളെയും അപ്രസക്തമാക്കുന്നുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നാം പുതിയ ലെന്‍സുകള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. സോഷ്യല്‍ സയന്‍സിന്റെയോ പാരമ്പര്യത്തിന്റെയോ പരിമിതികള്‍ അവിടെ നമ്മെ അസ്വസ്ഥപ്പെടുത്താന്‍ പാടില്ല. ഒരു സിദ്ധാന്തവുമായും സംവദിക്കാന്‍ നാം അറച്ചുനില്‍ക്കുകയുമരുത്.

അറബ് ലോകം; വസന്തത്തിനു മുമ്പ്
അറബ് വസന്തത്തിനു മുമ്പത്തെ മേഖലയുടെ വിശദാംശങ്ങളെല്ലാം അവയുടെ പ്രതിരോധ രൂപകം എങ്ങനെ നിലനിന്നു എന്നതാണ് നമ്മെ സംബന്ധിച്ച് പ്രസക്തം. യൂറോപ്യന്‍ കൊളോണിയലിസവുമായുള്ള ചരിത്രപരമായ ഏറ്റുമുട്ടലില്‍ മുഹമ്മദ് അബ്ദു, റശീദ് റിദാ മുതല്‍ മൗലാനാ മൗദൂദി, അലി ശരീഅത്തി. മുര്‍ത്തസാ മുത്തഹരി വരെയുള്ള മുസ്‌ലിം ബുദ്ധിജീവികള്‍ വിശ്വാസത്തെയും മതത്തെയും കൊളോണിയലിസത്തോടുള്ള പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രത്തിലേക്ക് മാറ്റിയെടുക്കുകയുണ്ടായി.
ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന് (Ideology) കൊളോണിയല്‍ പ്രതിരോധത്തിന്റെ തനതായ ഒരു വഴിയുണ്ട്. ആ ഐഡിയോളജിയുടെ അവസാനത്തെ പ്രായോഗിക രൂപമാണ് ഇറാന്‍ ഇസ്്‌ലാമിക് റിപ്പബ്ലിക്. ഇതില്‍നിന്ന് മുന്നോട്ടുപോയി, ആദര്‍ശപരമായി പ്രതിരോധിക്കേണ്ട രൂപത്തില്‍ കൊളോണിയലിസം ഇന്ന് നിലനില്‍ക്കുന്നില്ല. അതിന്റെ അടിത്തറയിലുള്ള ജ്ഞാന രൂപീകരണക്രമവും അവസാനിച്ചിരിക്കുന്നു. അറബ് വസന്തത്തെക്കുറിച്ച് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് അതാണ്.

അറബ് വസന്തം; ഗ്രീന്‍ മൂവ്‌മെന്റ്,
യുവത, നവമീഡിയ
2009-ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇറാനില്‍ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ സ്വാധീനമുള്ളവിധം പുതിയൊരു പ്രക്ഷോഭം ഉടലെടുക്കുന്നത്. അവരതിനെ 'ഗ്രീന്‍ മൂവ്‌മെന്റ്' എന്ന് വിളിച്ചു. ഇറാന്‍ ഗവണ്‍മെന്റ് പ്രചരിപ്പിച്ച വൈദേശിക ഇടപെടല്‍ എന്ന നിരര്‍ഥകമായ ആരോപണത്തിലുപരി വലിയൊരളവില്‍ ജനസ്വാധീനമുള്ള, തെരുവുകളിലും ഗ്രാമങ്ങളിലും വേരുകളുള്ള ജനകീയ പ്രസ്ഥാനമായാണ് ഗ്രീന്‍ മൂവ്‌മെന്റ് വളര്‍ന്നത്. അവരുടെ ജനകീയ സ്വാധീനത്തെ ഇല്ലായ്മചെയ്യാന്‍ സാധിച്ചില്ലെങ്കിലും തെരുവുകളിലെ പ്രക്ഷോഭങ്ങളെ അമര്‍ച്ചചെയ്യാന്‍ ഭരണകൂടത്തിന് സാധിക്കുകയുണ്ടായി. ഈ പ്രക്ഷോഭങ്ങള്‍ക്കും അറബ് വസന്തത്തിനുമെല്ലാം അടിസ്ഥാന കാരണം ഈ മേഖലയിലെ യുവതയാണ്. അവര്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് ഭാവി കണ്ടെത്താനായിരുന്നില്ല. അവര്‍ക്ക് ഒരു ആഗോള സമൂഹത്തിന്റെ ഭാഗമാകാനോ അതില്‍ ഇടപെടാനോ സാധിച്ചിരുന്നില്ല. അതുപോലെത്തന്നെ, യൂറോപ്പിലേക്കോ നോര്‍ത്ത് അമേരിക്കയിലേക്കോ കുടിയേറി, വംശീയ പീഡനങ്ങളുടെ ഇരയാവാനോ അവര്‍ തയാറില്ല. അവര്‍ക്ക് അവരുടെ സമൂഹത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ത്തന്നെ, 2009-ല്‍ ഇറാനില്‍ നടന്നത് 2011-ല്‍ അറബ് ലോകത്തുടനീളം നടന്നതിനെ സ്വാധീനിച്ചു എന്നതിലുപരി അവയെല്ലാം ഒരേ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പരിതസ്ഥിതിയുടെ സൃഷ്ടിയാണ് എന്നുവേണം മനസ്സിലാക്കാന്‍. ഇറാനില്‍ നടന്നത് ലോകം മുഴുവന്‍ വീക്ഷിച്ചത് പോലെത്തന്നെ അറബ് യുവതയും വീക്ഷിച്ചിട്ടുണ്ട്. അറബ് യുവാക്കള്‍ക്കും യുവതികള്‍ക്കും അവ സ്വാധീനം എന്നതിലുപരി ഒരു പ്രചോദനമായാണ് വര്‍ത്തിച്ചത്.
അറബ് ജനത അവരുടെ ജീവിതത്തിലെ ഏറ്റവും ദുസ്സഹമായ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ പ്രിന്റ്-ടെലിവിഷന്‍ മീഡിയ ഒരളവിലും മേഖലയിലെ ജനങ്ങളെ പ്രതിനിധീകരിച്ചിരുന്നില്ല. എന്നാല്‍, ബ്ലോഗുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവ മീഡിയയിലൂടെ വിദ്യാര്‍ഥികളും വനിതകളും തൊഴിലാളികളുമടങ്ങുന്ന ജനങ്ങള്‍ക്ക് സ്വയം പ്രതിനിധീകരിക്കാനും തങ്ങളുടെ ശബ്ദങ്ങള്‍ ഉയര്‍ത്താനും പങ്കുവെക്കാനും സാധിച്ചു. ഇറാന്‍ വിപ്ലവത്തിന്റെയും ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെയും ചിത്രങ്ങളെല്ലാം നമുക്ക് മുന്നിലെത്തിച്ച പ്രമുഖ ഫോട്ടോഗ്രാഫര്‍ 'ബഹ്്മാന്‍ ജലാലി' ഇനിയെങ്ങനെയാണ് വിപ്ലവങ്ങളുടെ ചിത്രങ്ങളെടുക്കുകയെന്ന് അറിയില്ല എന്ന് പറയുകയുണ്ടായി. കാരണം ജനങ്ങള്‍ സ്വയം തന്നെ അത് ചെയ്തുതുടങ്ങിയിരിക്കുന്നു. മുദ്രാവാക്യം വിളിക്കുന്ന കൈകള്‍ തന്നെ ചിത്രങ്ങളുമെടുത്ത് പ്രസിദ്ധീകരിച്ചുതുടങ്ങിയിരിക്കുന്നു.
നമുക്കൊരിക്കലും ഇനി ബി.ബി.സിയുടെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും കാരുണ്യം കാത്ത് കഴിയേണ്ടതില്ല. ഇത് വിക്കിലീക്‌സിന്റെ കാലമാണ്. ജനാധിപത്യ ലോകത്ത് വ്യക്തിയുടെ ജീവിതം സ്വകാര്യവും ഭരണകൂടം സുതാര്യവുമാവണം. എന്നാല്‍, കുറെകാലം ഇത് നേരേ തിരിച്ചായിരുന്നു. വ്യക്തി ജീവിതം സൂക്ഷ്മനിരീക്ഷണത്തിലും ഭരണകൂടം കൂടുതല്‍ രഹസ്യവുമായിരുന്നു. നവമീഡിയയിലൂടെ അതാണ് തകരുന്നത്. ഇനി ഭരണകൂടത്തിന് അത്രമേല്‍ രഹസ്യമാവാന്‍ കഴിയില്ല. നവമീഡിയ പുതിയൊരു ജനാധിപത്യം സൃഷ്ടിക്കുകയും പുതിയൊരു യുവത അതിലൂടെ ജനാധിപത്യത്തെ പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നു. അതാണ് നാം അറബ് ലോകത്ത് കണ്ടത്.

അറബ് വസന്തം; ലക്ഷ്യം,
അപകടങ്ങള്‍
അറബ് വസന്തത്തെ ഞാന്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നത് വൈകിയ പ്രതിരോധം (Delayed Defiance) എന്നാണ്. മൊറോക്കോ മുതല്‍ സിറിയ വരെ വ്യാപിച്ചുകിടക്കുന്നത് ഒരു പോസ്റ്റ് കൊളോണിയല്‍ സമൂഹമാണ്. യൂറോപ്യന്‍ കോളനീകരണത്തിനുശേഷം രൂപംകൊണ്ട ഒരുതരം ആഭ്യന്തര രാജവാഴ്ചയാണ് ഇവിടങ്ങളില്‍ നിലനിന്നിരുന്നത്. അവ തീര്‍ത്തും വ്യാജമായ നിര്‍മിതിയാണ്. മുബാറക്കും ഖദ്ദാഫിയും അതിന്റെ മികച്ച ഉദാഹരണങ്ങളായിരുന്നു. കൊളോണിയല്‍ വിരുദ്ധ ശക്തികളായാണ് ഇവര്‍ ഉയര്‍ന്നുവന്നത്. എന്നാല്‍, കഴിഞ്ഞ പതിറ്റാണ്ടുകളില്‍ യാതൊരു ജനാധിപത്യപരമായ നീക്കങ്ങളും നടത്താതെ ഇവര്‍ രാജ്യം കൊള്ളയടിക്കുകയായിരുന്നു.
ഇപ്പോള്‍ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റത് ഈ അവസ്ഥക്ക് തുടക്കം കുറിച്ച കൊളോണിയലിസത്തിനോ അതിനെ പിന്തുടര്‍ന്നുവന്ന ഈ ആഭ്യന്തര രാജവാഴ്ചക്കോ എതിരെ മാത്രമല്ല; ലോകത്തെ സൂക്ഷ്മമായി നിയന്ത്രിക്കാനുള്ള നവസാമ്രാജ്യത്വ അജണ്ടക്ക് എതിരെ കൂടിയാണ്.
ഈ ജനാധിപത്യവത്കരണത്തിലൂടെ ആര്‍ക്കൊക്കെ നഷ്ടം പറ്റുമോ അവരെല്ലാം അറബ് വസന്തത്തിന് അപകടം സൃഷ്ടിക്കുന്നവരാണ്. അമേരിക്കയും യൂറോപ്പും ഇസ്രയേലും അറബ് ഏകാധിപത്യ രാജ്യങ്ങളുമാണ് അറബ് വസന്തത്തിന്റെ ഏറ്റവും വലിയ എതിരാളികളും അപകടങ്ങളും. അത്രതന്നെ പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ട ഒന്നാണ് അറബ് വസന്തത്താല്‍ വലിയ നഷ്്ടം സംഭവിക്കാവുന്ന രാജ്യങ്ങളില്‍ ഒന്നായിരിക്കും ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്. ഉപരിതലത്തില്‍ ഇറാന്‍ അമേരിക്കയുടെയും യൂറോപ്യന്‍ സഖ്യത്തിന്റെയും എതിരാളികള്‍ ആണെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ ഉയര്‍ത്തുന്ന അതേ ദേശ രാഷ്്ട്രീയത്തിന്റെയും രാഷ്്ട്രീയ പദാവലികളുടെയും ഭാഗം തന്നെയാണ് ഇറാനും. അമേരിക്കന്‍ സഖ്യത്തിന്റെ മേഖലയിലെ സാമ്രാജ്യത്വ ഇടപെടലിന്റെ ഭാഗമായാണ് ഇറാന്‍ ഒരു ശക്തിയായി മാറുന്നതു തന്നെ.

അറബ് വസന്തം; പുതിയ ആശയം, പുതിയ പുസ്തകം
1979ലെ ഇറാന്‍ വിപ്ലവം മുതല്‍ ഞാന്‍ വിപ്ലവങ്ങളെക്കുറിച്ച് ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. എന്റെ പുസ്തകം 'Authority in Islam' വിപ്ലവനേതൃത്വത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള എന്റെ ആദ്യ ശ്രമമായിരുന്നു. 'Theology of Discontent' ലൂടെ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തിയത്. ജനകീയ സാമൂഹിക സമരങ്ങളെക്കുറിച്ച ആലോചനകളുടെയും എഴുത്തിന്റെയും സംഗ്രഹമാണ് അറബ്് വസന്തത്തെ കുറിച്ച പുസ്തകം.
ഈ പുസ്തകത്തില്‍ ഞാന്‍ ചില ആശയങ്ങളുമായി സംവദിക്കുകയാണ്. വൈകിയ പ്രതിരോധം (Delayed Defiance), തുറന്ന വിപ്ലവങ്ങള്‍, പൊതു ഇടത്തിന്റെ രൂപീകരണം, സാമൂഹിക ശാസ്ത്രപരമായ വംശം, ലിംഗം, വര്‍ഗം എന്നിവയുമെല്ലാമായി ആഗോളീകരണ കാലത്തെ തൊഴില്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ സംവദിക്കുന്നു. ഹന്ന അറന്‍ത്തി(Hannah Arandt)ന്റെ വിപ്ലവ ചിന്തകളുടെ സ്വാധീനം ഇവയിലെല്ലാം കാണാം.
ഇത് എന്റെ 'Post Orientalism', 'The Green Movement' എന്നീ പുസ്തകങ്ങളുടെ തുടര്‍ച്ച തന്നെയാണ്. ആ രണ്ട് പുസ്തകങ്ങളും അവസാനിച്ചത് ഒരു തലത്തില്‍ അറബ്് വസന്തം പ്രവചിച്ചുകൊണ്ടാണ്.
അറബ് വസന്തം പ്രസക്തമാവുന്നത് ഇതിന്റെ അന്താരാഷ്്ട്ര സ്വഭാവം കൊണ്ടാണ്. അതിനാല്‍ത്തന്നെ, നമ്മുടെ ചിന്തകള്‍ ഇതിന്റെ ദൂരക്കാഴ്ചയുടെയും അടുത്തുനിന്നും അവക്കിടയിലുമുള്ള കാഴ്ചയുടെയും (Long, Short, Close up and Medium Shots) ഇടയില്‍ വെച്ച് ചിട്ടപ്പെടുത്തേണ്ടതുണ്ട്. ഈജിപ്തിനും സിറിയക്കും ലിബിയക്കുമൊക്കെ മുകളില്‍ വലിയൊരു ലേസര്‍ പ്രകാശം കടത്തി വിടാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്നിട്ട് ഞാന്‍ വിശാലമായ അതിന്റെ ദേശ രാഷ്്ട്രീയവും അനുരണനങ്ങളും മനസ്സിലാക്കുന്നു. ചരിത്രവും സിദ്ധാന്തങ്ങളും ഏറ്റുമുട്ടുന്ന അത്ഭുതകരമായ ഒരു ചെസ് കളിയാണ് ഇത്.

പോസ്റ്റ് കൊളോണിയലിസത്തിന്റെ അന്ത്യം
കോളനീകരണാനന്തര കാലത്തിന്റെ അവസാനത്തെക്കുറിച്ച് ഞാന്‍ മുന്നോട്ട്‌വെക്കുന്നത് വളരെ ലളിതമായ കാര്യമാണ്. അറബ് വസന്തത്തോടുകൂടി പോസ്റ്റ് കൊളോണിയലിസത്തോടൊപ്പം നാം കണ്ടിരുന്ന ആദര്‍ശരൂപീകരണവും (Ideological Formation) അവസാനിച്ചിരിക്കുന്നു. യൂറോപ്പിന്റെ കോളനീകരണം അവസാനിച്ചതോടൊപ്പം ഒരുപാട് വ്യത്യസ്ത രാഷ്ട്രീയ വ്യവസ്ഥകള്‍ അധികാരത്തില്‍ വരികയും യൂറോപ്യന്‍ ആധിപത്യം അവസാനിച്ചിരിക്കുന്നു എന്ന് നാം വിശ്വസിക്കുകയും ചെയ്തു. അതിനെ പോസ്റ്റ് കൊളോണിയല്‍ കാലം എന്ന് വിളിച്ചു കൊണ്ട് ദേശ-രാഷ്ട്രങ്ങള്‍ക്ക് പരമാധികാരമുള്ള പുതിയൊരു ലോകത്തേക്ക് നാം പ്രവേശിച്ചു. ഈ ഒരു കാലം പുതിയൊരു തലത്തിലുള്ള പ്രത്യയശാസ്ത്രത്തെയും ശേഷം ഏകാധിപതികളായ ഒരു കൂട്ടം ഭരണാധികാരികളെയും സൃഷ്ടിച്ചു. പോസ്റ്റ് കൊളോണിയലിസത്തിന്റെ ഈ ഒരു കാലം പ്രധാനമായും മൂന്നുതരം ഐഡിയോളജികളുടെ പിന്‍ബലത്തിലാണ് രൂപീകരിക്കപ്പെട്ടത്. ഒന്ന്, മൂന്നാം ലോക സോഷ്യലിസം. രണ്ട്, കൊളോണിയല്‍ വിരുദ്ധ ദേശീയത. മൂന്ന്, പ്രാദേശിക ഇസ്‌ലാമിസം. ഈജിപ്ത്യന്‍ വിപ്ലവത്തിനുശേഷം ഇതൊരു ഇസ്‌ലാമിക വിപ്ലവമാണ് എന്ന് പ്രഖ്യാപിക്കാന്‍ ഇറാന്‍ ആവശ്യപ്പെട്ടിട്ടും ഇത് ഈജിപ്ഷ്യന്‍ ജനങ്ങളുടെ വിപ്ലവമാണ് എന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് പ്രഖ്യാപിച്ചതിലൂടെ ഈ ഐഡിയോളജികള്‍ എല്ലാംതന്നെ സ്വയം ഇല്ലാതായിരിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇനി അധികാരത്തില്‍ വരുന്ന ഭരണഘടന ഈ ഐഡിയോളജികളുടെ വൈജ്ഞാനിക അധികാര ഘടന അനുഭവിക്കാതെയാണ് നിലനില്‍ക്കുക.
ഈ ഘട്ടത്തെയാണ് ആസിഫ് ബയ്യാത്ത് 'പോസ്റ്റ് ഇസ്്‌ലാമിസം' എന്ന പദത്തിലൂടെ കൃത്യമായി അടയാളപ്പെടുത്തുന്നത്. എന്നാല്‍, അതില്‍നിന്ന് മുന്നോട്ടുപോയി ഞാന്‍ മനസ്സിലാക്കുന്നത് ഇത് ഒരു 'പോസ്റ്റ് ഐഡിയോളജിക്കല്‍' (ആദര്‍ശാനന്തര) ഘട്ടമാണ് എന്നാണ്. കാരണം, ഇസ്‌ലാമിസം മാത്രമല്ല ഇല്ലാതാവുന്നത്. അതിനോടൊപ്പം മൂന്നാം ലോക സോഷ്യലിസവും കൊളോണിയല്‍ വിരുദ്ധ ദേശീയതയും അസ്തമിച്ചിരിക്കുന്നു. എന്നാല്‍, സോഷ്യലിസത്തിനോ, ദേശീയതക്കോ ഇസ്്‌ലാമിസത്തിനോ ഈ പോസ്റ്റ് ഐഡിയോളജിക്കല്‍ ലോകത്ത് ഒന്നും ചെയ്യാനില്ല എന്നല്ല ഞാന്‍ പറയുന്നത്. കോളനീകരണത്തിന്റെയും കോളനീകരണാനന്തര കാലത്തിന്റെയും ചരിത്രത്തില്‍ നാം പരിചയിച്ച പ്രകാരം അവക്കിനി അധികമൊന്നും നിര്‍വഹിക്കാനില്ല. ഈ പുതിയ സാഹചര്യം ജ്ഞാന ശാസ്ത്രപരമായി പുതിയ തുറവി സൃഷ്ടിക്കുന്നു.
കിഴക്ക്-പടിഞ്ഞാറ്, പാശ്ചാത്യം-പൗരസ്ത്യം, യൂറോപ്പ്-ഇസ്്‌ലാം എന്നീ ധ്രുവങ്ങള്‍ അവസാനിച്ചിരിക്കുന്നു. പടിഞ്ഞാറ് എന്ന ആശയം മാത്രമല്ല തകരുന്നത്. മറിച്ച,് അത് ഏതെല്ലാം വിധത്തില്‍ പ്രതിനിധീകരിക്കപ്പെട്ടുവോ അതെല്ലാം അവസാനിക്കുകയാണ്. പടിഞ്ഞാറ് എന്ന ആശയം തന്നെ മൂലധനം കേന്ദ്രീകരിക്കപ്പെട്ട ഒരു ഇടം ഉണ്ട് എന്ന തെറ്റായ നിര്‍മിതിയുടെ പിന്‍ബലത്തില്‍ രൂപപ്പെട്ടതാണ്. ആഗോളവല്‍കൃത മൂലധനത്തിന്റെയും തൊഴിലാളികളുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കൂട്ട കുടിയേറ്റത്തിന്റെയും ഫലമായി അച്ചടക്കരഹിതമായ ഒരു 'പടിഞ്ഞാറ്' അല്ലെങ്കില്‍ സാമ്രാജ്യത്വം രൂപപ്പെട്ടിരുന്നു. സോവിയറ്റ് യൂനിയന്റെ പതനവും ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയും യൂറോപ്യന്‍ യൂനിയന്റെ രൂപീകരണവും യൂറോപ്പും അമേരിക്കയും തമ്മിലുള്ള അകല്‍ച്ചയുമെല്ലാം തന്നെ വ്യത്യസ്ത അളവില്‍ പടിഞ്ഞാറിനെ ഇല്ലാതാക്കിയിട്ടുണ്ട്.
'പടിഞ്ഞാറ്' എന്ന ആശയം പൂര്‍ണമായും ഇല്ലാതാവുന്നത് നമ്മുടെ അടുത്ത കാലത്തെ ചരിത്രത്തിലെ ഏറ്റവും വിമോചനാത്മകമായ സന്ദര്‍ഭമാണ്. ഒരുപക്ഷേ, നെപ്പോളിയന്‍ അധിനിവേശത്തോടെ ആരംഭിച്ച പടിഞ്ഞാറ് ആണ് ഒരുപാട് സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്ന ഈജിപ്ത്-അറബ് വിപ്ലവത്തോടെ ഇല്ലാതാവുന്നത്. അതിനാല്‍, പോസ്റ്റ് കൊളോണിയലിസത്തിന്റെ അന്ത്യം എന്നതിലൂടെ പുതിയൊരു വിമോചനത്തിന്റെ ഭൂമിശാസ്ത്രം രൂപപ്പെട്ടിരിക്കുന്നു എന്നാണ് ഞാന്‍ അര്‍ഥമാക്കുന്നത്. മരിച്ചുകഴിഞ്ഞ 'പടിഞ്ഞാറ്' എന്ന മധ്യവര്‍ത്തി ഇല്ലാതെതന്നെ നമ്മുടെ ജനതക്ക് അവരുടെ സ്വന്തം ചരിത്രത്തെ നിര്‍ണയിക്കാനാകും. എന്നിരുന്നാലും, അമേരിക്കയും ഇസ്രായേലും സുഊദി അറേബ്യയും അവര്‍ക്കാവുംവിധം വിപ്ലവത്തെ സ്വാംശീകരിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിപ്ലവത്തിന്റെ ഒരുപാട് സാധ്യതകളിലേക്കുള്ള തുറവി (Open Ended) എന്ന സ്വഭാവമാണ് ഈ പ്രശ്‌നങ്ങളെയെല്ലാം അഭിമുഖീകരിക്കാന്‍ പോകുന്നത്. കേവല ജനാധിപത്യം എന്നത് പരിഹാരമല്ലെന്നതിന് ഇന്ത്യ തന്നെ മികച്ച ഉദാഹരണമാണ്. ആസാമിനെ കുറിച്ചും കാശ്മീരിനെ കുറിച്ചുമെല്ലാം ചോദ്യങ്ങളുയരുന്നത് ജനാധിപത്യത്തിന് തുല്യ പൗരത്വം പ്രദാനംചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന ആലോചനകളില്‍ നിന്നാണ്. അറബ് വസന്തം ഈ സാഹചര്യങ്ങളോട് പുതിയ സമീപനങ്ങള്‍ സൃഷ്ടിക്കും എന്നുതന്നെയാണ് നാം മനസ്സിലാക്കുന്നത്.
ഈ ഒരു പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെടുന്ന പുതിയ ജ്ഞാനരൂപീകരണ ക്രമത്തിന്റെ സ്വഭാവം എന്താണ് എന്ന് നമുക്കിതുവരെ അറിയില്ല. യാഥാര്‍ഥ്യവും അതിനെ സിദ്ധാന്തവല്‍കരിക്കാനുള്ള നമ്മുടെ കൂട്ടായ ശ്രമങ്ങളും തമ്മിലുള്ള ജൈവികമായ ഒരു ബന്ധമാണ് അത് കൂടുതല്‍ വ്യക്തമാക്കുക. നമ്മുടെ ഭൂതകാലം ഇതിനെ അതിലേക്കുതന്നെ പിടിച്ചുചേര്‍ക്കാന്‍ ശ്രമിക്കും എന്നതാണ് ഈ ഘട്ടത്തില്‍ നാം അഭിമുഖീകരിക്കാന്‍ പോകുന്ന വലിയ അപകടം. അത് പ്രതിരോധിക്കാന്‍ നാം അറിഞ്ഞു തന്നെ അവയെ സൈദ്ധാന്തികവല്‍കരിക്കുകയും കൂടുതല്‍ തെളിമയോടെ മുന്നോട്ടു നയിക്കുകയും ചെയ്യേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഈ ജ്ഞാന രൂപീകരണ ക്രമത്തെ നമുക്ക് വികസിപ്പിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ.
എന്റെ പുസ്തകത്തില്‍ അറബ് വസന്തത്തെ കുറിച്ച് ചില ആശയങ്ങള്‍ മുന്നോട്ട് വെക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അടഞ്ഞ സമ്പൂര്‍ണ വിപ്ലവങ്ങള്‍ (Total Revolution) എന്നതിന് പകരം ഒരുപാട് സാധ്യതകളിലേക്ക് തുറക്കുന്ന (Open Ended) വിപ്ലവങ്ങള്‍, രേഖീയ ചരിത്രവായനക്കു പകരം രേഖീയമല്ലാത്ത ചരിത്രവായന, വ്യത്യസ്ത ധ്രുവങ്ങളില്ലാത്ത മറ്റൊരു ലോകം തുടങ്ങിയ ആശയങ്ങള്‍. വരുന്ന ഒരു തലമുറയാണ് അതില്‍ കൂടുതല്‍ ചിന്തിക്കേണ്ടത്. നിങ്ങളുടെ തലമുറയിലെ പണ്ഡിതരും ചിന്തകരും ആക്റ്റിവിസ്റ്റുകളും ഇതിനെ കുറിച്ച് ആലോചിക്കുകയും അവയെ ഏറ്റെടുക്കുകയോ തള്ളിക്കളയുകയോ ചെയ്യേണ്ടതുണ്ട്. ഞാന്‍ 2011-ല്‍ എഴുതിത്തുടങ്ങി 2012-ല്‍ പുറത്തുവന്ന ഈ പുസ്തകം 2060-ല്‍ പ്രസക്തമായിക്കൊള്ളണമെന്നേ ഇല്ല.

അറബ് വസന്തം, ഇറാന്‍
ഇസ്ലാമിക് റിപ്പബ്ലിക്
ഇറാന്‍ ഇസ്്‌ലാമിക വിപ്ലവത്തെ ഞാന്‍ മനസ്സിലാക്കുന്നത് ഇസ്്‌ലാമിക ഐഡിയോളജിയുടെ ഏറ്റവും അവസാനത്തെ പ്രായോഗിക രൂപമായിട്ടാണ്. എന്നാല്‍, അറബ് വസന്തം മറ്റൊരു മതകീയ ആശയമാണ് മുന്നോട്ടുവെക്കുന്നത്. ഇറാന്‍ ഇസ്‌ലാമിക വിപ്ലവത്തിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ സുഖകാലം അവസാനിച്ചിരിക്കുന്നു. ഇറാനില്‍ അത് പ്രത്യക്ഷമാണ്. ഇറാനിലും അറബ് ലോകത്തും മുസ്്‌ലിംകളും അമുസ്്‌ലിംകളും ഒന്നിച്ചാണ് തെരുവുകളിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാവി നിലനില്‍ക്കുന്ന 'ഇസ്്‌ലാമിക് റിപ്പബ്ലിക്' എന്ന ആശയത്തെത്തന്നെയാണ് ഇല്ലാതാക്കുന്നത്.
അറബ് വസന്തം ഭൂമിരാഷ്്ട്രീയപരമായും ഇറാന്‍ ഇസ്്‌ലാമിക് റിപ്പബ്ലിക്കിനെ അശക്തമാക്കുന്നുണ്ട്. ഈജിപ്ത്, തുനീഷ്യ, ജോര്‍ദാന്‍ പോലുള്ള ശത്രുക്കള്‍ അവര്‍ക്ക് നഷ്്ടമായിരിക്കുന്നു. സിറിയയെ പോലുള്ള മിത്രങ്ങളും നഷ്ടപ്പെടുന്നു. സിറിയയില്‍ ജനാധിപത്യം വിജയിക്കുമ്പോള്‍ ഹിസ്ബുല്ലയുമായി ഇറാനുള്ള ബന്ധം വേര്‍പെടും. ഫതഹ്-ഹമാസ് യോജിപ്പിലൂടെ ഹമാസുമായുള്ള ബന്ധത്തിന് ആദ്യമേ കോട്ടം തട്ടിയിരുന്നു. ഇസ്രയേലും അമേരിക്കയും രാഷ്ട്രീയമായി പരാജയപ്പെടുകയാണെങ്കിലും ഇറാന് അത് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കിക്കൊടുക്കുന്നില്ല. മൊത്തത്തില്‍ അറബ് വസന്തം ഈ ദേശ രാഷ്്ട്രീയത്തിന്റെ ജനിതക ഘടന (DNA) തന്നെ മാറ്റുന്നുണ്ട്.

ഫലസ്ത്വീന്‍;
അറബ് വസന്തത്തിന്റെ സമാപനം
ഫലസ്ത്വീന്‍ പ്രശ്‌നം അറബ് ലോകത്തെ കുറിച്ച് ഏതൊരു ചര്‍ച്ചയുടെയും മര്‍മസ്ഥാനം തന്നെയാണ്. അറബ് വസന്തം ആ ചര്‍ച്ചകള്‍ക്ക് പുതിയ പരിഹാരങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട്.
അറബ് വസന്തത്തിന് സമാനമായി അറബ് ലോകത്തെ പിന്തുണച്ചുകൊണ്ട് ഇസ്രായേലില്‍ നിരവധി ചലനങ്ങള്‍ നടക്കുകയുണ്ടായി. പല ഇസ്രായേലി ഗ്രൂപ്പുകളും അറബികളെ പിന്തുണക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ന് സയണിസം ശക്തമായി അവശേഷിക്കുന്നത് ഭരണകൂടത്തില്‍ മാത്രമാണ്. ഇസ്രായേലി ജനങ്ങളില്‍നിന്ന് അത് അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. അധികം വൈകാതെ തന്നെ ഇസ്രയേലി ജനത സയണിസ്റ്റ് ഐഡിയോളജിയുടെ മാനസിക ഭാരം ഇറക്കി വെച്ച് അവരുടെ അറബ് ലോകത്തെ സഹോദരി സഹോദരന്മാരോടൊപ്പം ഒത്തുചേരുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് മാത്രമാണ് ഫലസ്ത്വീന്‍ ഇസ്രായേല്‍ പ്രശ്‌നത്തിനുള്ള ജീവക്ഷമമായ ഏക പരിഹാരം. ഇസ്രായേലികള്‍ക്കും ഫലസ്ത്വീനികള്‍ക്കും, അറബികള്‍ക്കും ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും തുല്യ പൗരത്വമുള്ള ഏക രാഷ്ട്രം. ജനങ്ങളുടെ ഒരു പുതിയ രാഷ്്ട്രം.

അറബ് വസന്തം, പ്രതിവിപ്ലവം
ഈ വിപ്ലവങ്ങളെക്കുറിച്ച് ഞാന്‍ വളരെ ശുഭാപ്തി വിശ്വാസമുള്ളവനാണ്. അതോടൊപ്പം അവക്കെതിരെ ഉണ്ടായേക്കാവുന്ന പ്രതിവിപ്ലവങ്ങളെക്കുറിച്ചും ശ്രദ്ധാലുവാണ്. എന്നാല്‍, ഇടതുപക്ഷത്തു നിന്നുള്ള നിര്‍ഭാഗ്യകരമായ അശുഭാപ്തി വിശ്വാസികളില്‍നിന്ന് വ്യത്യസ്തമായി പഴയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ, പുതിയൊരു വ്യവസ്ഥയും ലോകവും തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രതിവിപ്ലവ ശ്രമങ്ങളും സൂക്ഷ്മതലത്തില്‍ വിപ്ലവത്തിന്റെ അനുരണനങ്ങളെ നിയന്ത്രിക്കാനും കൈപ്പിടിയിലൊതുക്കാനുള്ള നീക്കങ്ങളും അസാധ്യമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഇതൊരു മാരത്തോണ്‍ ആണ്, കേവലം നൂറു മീറ്റര്‍ ഓട്ടമല്ല. ആദ്യം കാണുന്ന ഈ തകര്‍ച്ചകളുടെ ഗുണഫലങ്ങള്‍ അനുഭവിക്കുക നമ്മുടെ ജനത തന്നെയായിരിക്കും.
kthafis@gmail.com

Comments

Other Post