Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

ഹമാദി അല്‍ജബാലി

അശ്‌റഫ് കീഴുപറമ്പ്‌

അറബ് വസന്ത പ്രക്ഷോഭങ്ങള്‍ മുഖ്യധാരയുടെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന പ്രഗത്ഭനായ ഇസ്ലാമിസ്റാണ് സ്വതന്ത്ര തുനീഷ്യയുടെ ആദ്യ പ്രധാനമന്ത്രിയായി അധികാരമേറ്റ ഹമാദി അല്‍ജബാലി. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും താന്‍ ജീവനു തുല്യം സ്നേഹിക്കുന്ന അന്നഹ്ദ പ്രസ്ഥാനത്തോടൊപ്പം നില്‍ക്കാനും നേതാക്കള്‍ കൂട്ടത്തോടെ പ്രവാസ ജീവിതത്തിന് നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുമുള്ള ജബാലിയുടെ ആര്‍ജവം അദ്ദേഹത്തെ പൊതുസ്വീകാര്യനാക്കി. പ്രസ്ഥാന-പൊതുപ്രവര്‍ത്തനത്തെയും തൊഴില്‍ ജീവിതത്തെയും രണ്ടിനും ഇടിവ് തട്ടിക്കാതെ മുന്നോട്ട് കൊണ്ട്പോയി എന്നതും ആ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്.
തുനീഷ്യയിലെ തീരദേശ നഗരമായ സൂസയില്‍ 1949ലാണ് ഹമാദി അല്‍ജബാലിയുടെ ജനനം. തുനീഷ്യന്‍ യൂനിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് പഠനത്തിനുശേഷം പാരീസില്‍ പോയി സൌരോര്‍ജ എഞ്ചിനീയറിംഗില്‍ സവിശേഷ പഠനം നടത്തി. ഇസ്ലാമിക പ്രസ്ഥാനവേദികളായ 'അല്‍ മുഅ്തമര്‍', 'മജ്ലിസുശ്ശൂറാ' എന്നിവയില്‍ എണ്‍പതുകളില്‍ തന്നെ സാന്നിധ്യമറിയിച്ചു. 1981ല്‍ 'ഇസ്ലാമിക് ടെന്‍ഡന്‍സി മൂവ്മെന്റ്' എന്ന പേരില്‍ അറിയപ്പെട്ട ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതാക്കളെ പിടികൂടി വിചാരണ ആരംഭിച്ചപ്പോള്‍ അടുത്ത വര്‍ഷം പ്രസ്ഥാനത്തിന്റെ സാരഥ്യം അദ്ദേഹത്തില്‍ അര്‍പ്പിക്കപ്പെട്ടു. ഇപ്പോഴത്തെ തുനീഷ്യന്‍ ആഭ്യന്തര മന്ത്രി എഞ്ചിനീയര്‍ അലി അരീദുമായി ചേര്‍ന്ന് 1984 വരെ അദ്ദേഹം പ്രസ്ഥാനത്തെ നയിച്ചു.
1984 മുതല്‍ '87 വരെ തുനീഷ്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കുറെയൊക്കെ സ്വാതന്ത്യ്രം ലഭിച്ച കാലമായിരുന്നു. 1984-ല്‍ അന്നത്തെ പ്രസിഡന്റ് ബൂറഖീബ റൊട്ടിക്ക് വിലവര്‍ധിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ ജനരോഷം തണുപ്പിക്കാനുള്ള ഒരടവ് മാത്രമായിരുന്നു ഈ സ്വാതന്ത്യ്രം. ജയിലിലടക്കപ്പെട്ട പ്രസ്ഥാനത്തിന്റെ നേതാക്കള്‍ തിരിച്ചുവന്നു. അപ്പോഴും പ്രസ്ഥാനത്തിന്റെ കേന്ദ്രസമിതികളില്‍ ജബാലി ഉണ്ടായിരുന്നു. ബൂറഖീബയുടെ അടവുനയം മൂന്ന് കൊല്ലമേ നീണ്ടുനിന്നുള്ളൂ. ഇസ്ലാമിക പ്രസ്ഥാനത്തെ ഉന്മൂലനംചെയ്യുക എന്ന ലക്ഷ്യത്തോടെ ബൂറഖീബ കരുക്കള്‍ നീക്കിയപ്പോള്‍ പ്രസ്ഥാന നേതാക്കളില്‍ ചിലര്‍ക്ക് തൂക്കുമരത്തെ അഭിമുഖീകരിക്കേണ്ടിവന്നു. ആ ഘട്ടത്തിലും നേതൃനിരക്ക് ശക്തി പകരാന്‍ ഹമാദി രംഗത്തുണ്ടായിരുന്നു.
1990കളില്‍ ബിന്‍അലിയുടെ ഏകാധിപത്യ വാഴ്ചയായിരുന്നു (1989ല്‍ ഇസ്ലാമിക പ്രസ്ഥാനം അന്നഹ്ദ എന്ന് പേരുമാറ്റുകയുണ്ടായി). മറ്റു നേതാക്കളോടൊപ്പം വിചാരണ നേരിട്ട ഹമാദിക്ക് ലഭിച്ചത് 16 വര്‍ഷത്തെ തടവുശിക്ഷ. ഇതില്‍ പത്തുവര്‍ഷവും ഏകാന്ത തടവായിരുന്നു. പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2006ല്‍ ആണ് അദ്ദേഹം ജയില്‍ മോചിതനായത്.

രാഷ്ട്രീയപ്രവര്‍ത്തനം
2006-ല്‍ വിമോചിതനായതിനു ശേഷം സംഘടനയുടെ വിദേശകാര്യങ്ങളിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മിതനിലപാടുകള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം യൂറോപ്പില്‍ നടന്ന ഒട്ടേറെ സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കുകൊണ്ടു. 2011-ന്റെ തുടക്കത്തില്‍ സ്വേഛാധിപതി ബിന്‍അലി കടപുഴകി വീണതോടെ, പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിലമര്‍ന്ന് ഏറക്കുറെ തകര്‍ന്നുകഴിഞ്ഞ അന്നഹ്ദയുടെ സംഘടനാ ചട്ടക്കൂട് പുനഃസ്ഥാപിക്കുക എന്നതായിരുന്നു ജബാലി ഏറ്റെടുത്ത ഭാരിച്ചതും അടിയന്തരവുമായ ദൌത്യം. ആദ്യം നിയമാനുസൃത രാഷ്ട്രീയ സംഘടന എന്ന അംഗീകാരം നേടിയെടുത്തു. സംഘടനയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തുകൊണ്ട് വരാന്‍പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ അതിനെ പ്രാപ്തമാക്കുക എന്ന ശ്രമകരമായ ജോലിയായിരുന്നു പിന്നീട്. മാസങ്ങള്‍കൊണ്ട് സംഘടന മുമ്പത്തെക്കാളും ശക്തമായ നിലയിലെത്തി. തെരഞ്ഞെടുപ്പില്‍ 41 ശതമാനം വോട്ടുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അന്നഹ്ദ മാറിയതില്‍നിന്നുതന്നെ ഇക്കാലയളവില്‍ നടന്ന ഫീല്‍ഡ് വര്‍ക്കുകളുടെ വൈപുല്യവും വേഗതയും ഊഹിക്കാം. തെരഞ്ഞെടുപ്പിനുശേഷം സെക്യുലര്‍ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിലും അദ്ദേഹം വിജയിച്ചു. ജനാധിപത്യത്തെയും പൌരാവകാശങ്ങളെയും അട്ടിമറിക്കുന്ന യാതൊന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം പലതവണ ആവര്‍ത്തിക്കുകയുണ്ടായി.
നീണ്ട പ്രവാസത്തിനുശേഷം തുനീഷ്യയില്‍ തിരിച്ചെത്തിയ ഇസ്ലാമിക പ്രസ്ഥാന നായകന്‍ റാശിദുല്‍ ഗനൂശി ഔദ്യോഗിക പദവികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ജബാലി നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നത്. പ്രസ്ഥാനത്തിന്റെ ഇസ്ലാമികവും ധൈഷണികവുമായ പിന്‍ബലമായി ഗനൂശി നിലകൊള്ളുമ്പോള്‍, അതിന്റെ പ്രായോഗികാവിഷ്കാരത്തിന് നേതൃത്വം നല്‍കുകയാണ് ജബാലിയുടെ ടീം. പ്രബോധന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള ഈ ശൈലി മൊറോക്കോയിലും വിജയകരമായി പരീക്ഷിച്ചുവരുന്നു. രാഷ്ട്ര പുനര്‍നിര്‍മാണത്തിന് എല്ലാ ദേശീയ ശക്തികളുടെയും ഐക്യം എന്നത് 1981 മുതല്‍ തന്നെ അന്നഹ്ദ ഉയര്‍ത്തിപ്പിടിക്കുന്ന ആശയമാണ്. രണ്ട് പ്രബല ഇടതുപക്ഷ ഗ്രൂപ്പുകളെ ഒപ്പം നിര്‍ത്തിയാണ് ജബാലിയും സംഘവും അതിന് പ്രായോഗികാവിഷ്കാരം നല്‍കിയിരിക്കുന്നത്. ഈ കക്ഷികളെ പിടിച്ചുനിര്‍ത്തുക എന്നതും കൂടുതല്‍ കക്ഷികളെ ആകര്‍ഷിക്കുക എന്നതുമായിരിക്കും ജബാലിക്ക് നിര്‍വഹിക്കാനുള്ള ഒരു പ്രധാന ദൌത്യം. സലഫി ഗ്രൂപ്പുകള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെയും നിസ്സാരമായിക്കാണാന്‍ കഴിയില്ല. ഉടനടി ശരീഅത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും മുമ്പില്‍ അവര്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് വളരുന്നതിന് മുമ്പ് സംയമനത്തിന്റെ പാതയിലേക്ക് ആ ഗ്രൂപ്പുകളെ കൊണ്ടുവരിക എന്നതും വെല്ലുവിളിയാണ്. സാമ്പത്തിക രംഗത്തുനിന്നാണ് മറ്റൊരു കടുത്ത വെല്ലുവിളി. തൊഴിലില്ലായ്മയുടെ പേരില്‍ യുവാക്കള്‍ പ്രതിഷേധവുമായി തെരുവുകളിലിറങ്ങുന്നു. സാമ്പത്തിക മേഖല തകരുകയാണെന്ന ഭീതിയില്‍ വിദേശ നിക്ഷേപങ്ങള്‍ വന്‍തോതില്‍ തുനീഷ്യയില്‍നിന്ന് പിന്‍വലിക്കപ്പെടുന്നു (ഇത് ആസൂത്രിത ഗൂഢാലോചനയാണെന്നും അഭിപ്രായമുണ്ട്). ഈ വെല്ലുവിളികളെ അതിജീവിക്കാനായെങ്കില്‍ മാത്രമേ ജബാലിക്കും സംഘത്തിനും പിടിച്ചുനില്‍ക്കാനാവൂ.
ashk.k65@gmail.com

Comments

Other Post