Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ഒരു വിവര്‍ത്തകന്റെ ശ്ലഥചിന്തകള്‍

മുഹമ്മദ് ശമീം ഉമരി

'എനിക്ക് ഇമാം ഗസാലിയെക്കുറിച്ച് അറിയാന്‍ വളരെ താല്‍പര്യമുണ്ട്. അദ്ദേഹത്തെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയ എല്ലാ പുസ്തകങ്ങളും വേണം, അദ്ദേഹത്തിന്റെ കൃതികളുടെ മലയാള പരിഭാഷകളും. ഇക്കാര്യത്തില്‍ എന്നെ സഹായിക്കണം, വേണ്ട നിര്‍ദേശങ്ങളും തരണം; കത്തിനു മറുപടി എഴുതാതിരിക്കരുത്.' കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ളീഷ് മീഡിയം ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ളസ് വണിന് പഠിക്കുന്ന അജ്മല്‍ മുബശ്ശിര്‍ അയച്ച കത്താണിത്. എന്റെ കൈയില്‍ ഉള്ളതും ബുക്സ്റാളില്‍നിന്ന് വാങ്ങിയതുമായ കുറെ പുസ്തകങ്ങള്‍ അയച്ചു കൊടുത്തു. ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്(ഐ.പി.എച്ച്) പ്രസിദ്ധീകരിച്ച ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ഗസാലിയെക്കുറിച്ച് വന്ന ഭാഗം വായിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതൊക്കെ ചെയ്തിട്ടും അജ്മലിന്റെ വിജ്ഞാനദാഹം ശമിച്ചിട്ടില്ല. ഇനിയും ഗസാലി കൃതികള്‍ വേണമെന്ന് പറയുന്നു.
ഡോക്ടറേറ്റിന് പ്രബന്ധം തയാറാക്കുന്ന ഗവേഷകനടക്കം പലരും ഇമാം ഗസാലിയെയും അദ്ദേഹത്തിന്റെ രചനകളെയും കുറിച്ച് അറിയാന്‍ സമീപിക്കാറുണ്ട്. എന്നാല്‍, ആരെയും തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ല എന്നതാണ് ദുഃഖകരം. കാരണം, മഹാപ്രതിഭയായ ഇമാം ഗസാലിയെക്കുറിച്ച് മലയാളത്തില്‍ വേണ്ടത്ര പഠനം നടന്നിട്ടില്ല; അദ്ദേഹത്തിന്റെ പ്രധാന കൃതികളില്‍ പലതും മൊഴിമാറ്റം നടത്തിയിട്ടില്ല.
അമ്പത്തഞ്ചുവര്‍ഷം(ഹി. 450-505) വര്‍ഷം മാത്രമേ ഗസാലി ജീവിച്ചിട്ടുള്ളൂ. അതില്‍ തന്നെ നല്ലൊരുഭാഗം വിദ്യാഭ്യാസത്തിന് ചെലവഴിച്ചു. പത്തുപതിനൊന്ന് വര്‍ഷം എഴുത്തിലും സൃഷ്ടിപരമായ മറ്റു കാര്യങ്ങളിലുമൊന്നും കൂടുതല്‍ ശ്രദ്ധിക്കാതെ സ്വൂഫീ ജീവിതം നയിച്ചു. അവശേഷിച്ച കാലത്താണ് രചനയില്‍ ഏര്‍പ്പെട്ടതും അധ്യാപനം നടത്തി ആയിരത്തില്‍പരം ശിഷ്യന്മാരെ സമ്പാദിച്ചതും മറ്റും. ഇത്രയും ചുരുങ്ങിയ കാലംകൊണ്ട് ആ മഹാന്‍ ലോകത്തിന് നല്‍കിയ സംഭാവനകള്‍ എത്ര വിപുലമാണ്. എന്തുമാത്രം മഹത്തരമാണ്! അദ്ഭുതം തോന്നുന്നു. വലിയൊരു സംഘം കൂട്ടായിരുന്ന് ശ്രമിച്ചാല്‍ പോലും ക്ഷിപ്രസാധ്യമല്ലാത്ത  മഹത്തും ബൃഹത്തുമായ സംഭാവനകളാണ് ഗസാലിയില്‍നിന്ന് ലഭിച്ചിട്ടുള്ളത്.
ഡോ. അബ്ദുര്‍റഹ്മാന്‍ ബദവി 'മുഅല്ലഫാതുല്‍ ഗസാലി' (ഗസാലിയുടെ രചനകള്‍) എന്ന പുസ്തകത്തില്‍ 457 ഗ്രന്ഥങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത് കാണുന്നു. പേര്‍ഷ്യനിലും അറബിയിലുമായി ഗസാലി രചിച്ച ചെറുതും വലുതുമായ മുഴുവന്‍ കൃതികളും ഇതില്‍ പെടുന്നു. എല്ലാം വളരെ വിലപ്പെട്ട രചനകള്‍. പലതും ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. മതം, തത്ത്വശാസ്ത്രം, സ്വൂഫിസം, ചരിത്രം തുടങ്ങി പല വിജ്ഞാനശാഖകളിലും ഗസാലി എഴുതിയിട്ടുണ്ട്. വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ രചനയാരംഭിച്ചു.
ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഗസാലികൃതികള്‍ പ്രയോജനപ്പെട്ടതുപോലെ മറ്റേതെങ്കിലും പണ്ഡിതന്റേത് പ്രയോജനപ്പെട്ടോ എന്ന കാര്യം സംശയമാണ്. മുസ്ലിംകള്‍ എന്നപോലെ ക്രിസ്ത്യാനികളും ജൂതരും ഗസാലീ രചനകള്‍ ഏറെ പ്രയോജനകരമെന്ന് സമ്മതിക്കുന്നു. ഇതുപോലെ മറ്റൊരു ഗ്രന്ഥകാരന്റെയും കൃതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. അവക്ക് യൂറോപ്പില്‍ ലഭിച്ചത്ര താല്‍പര്യം മുസ്ലിം നാടുകളില്‍ ലഭിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. യൂറോപ്യര്‍ അവ പഠന വിധേയമാക്കി; വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു. അവയുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തി. ഗസാലിയെ വിമര്‍ശിച്ചും അവര്‍ ഗ്രന്ഥങ്ങളെഴുതി.
ക്രി. 1111 ലാണ് ഗസ്സാലി അന്തരിച്ചത്. 1150 ആകുമ്പോഴേക്കും അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും ലാറ്റിന്‍ പരിഭാഷ പുറത്തിറങ്ങുകയുണ്ടായി. 1146ല്‍ സ്പാനിഷ് പണ്ഡിതനായ ഡൊമിനിക് 'മഖാസ്വിദുല്‍ ഫലാസിഫ' ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തി. പ്രസിദ്ധരായ ആല്‍ബര്‍ട്ട് ദ ഗ്രേറ്റ് (1280), തോമസ് അക്വിനാസ്(1274), റോജര്‍ ബേക്കണ്‍(1294) മുതലായവര്‍ തങ്ങളുടെ കൃതികളില്‍ പലയിടങ്ങളിലും ഈ ഗ്രന്ഥത്തെക്കുറിച്ച് വളരെ പ്രാധാന്യത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. യൂറോപ്പിലെ മതതത്ത്വശാസ്ത്ര രംഗങ്ങളില്‍ ഗസാലി രചനകള്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പ്രസിദ്ധ ഓറിയന്റലിസ്റ് വെന്‍സിന്‍ക് ഘമ ജലിലെല റല ഏവമ്വ്വമഹശ എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
ഈ കുറിപ്പുകാരന്റെ ചിരകാലാഭിലാഷമായിരുന്നു ഇഹ്യാ ഉലൂമിദ്ദീന് മലയാളത്തില്‍ ഒരു സംഗ്രഹം വേണമെന്നത്. അറബിയില്‍ ധാരാളം സംഗ്രഹങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഉര്‍ദുവിലുമുണ്ട്. ഇതുപോലുള്ളൊരു ബൃഹദ് ഗ്രന്ഥത്തെ മര്‍മങ്ങള്‍ വിട്ടുപോകാതെ ചെറുതായി സംഗ്രഹിക്കുക പ്രയാസകരമായ ജോലിയാണെന്നറിഞ്ഞിട്ടും അല്ലാഹുവിന്റെ സഹായത്തോടെ അതിന്നൊരുങ്ങി. അറബിയിലും ഉര്‍ദുവിലുമുള്ള സംഗ്രഹങ്ങള്‍ വളരെ സഹായകമായി. അങ്ങനെ ഏറെക്കാലത്തെ പ്രയത്നഫലമായി മലയാള സംഗ്രഹം തയാറായി. ഇതില്‍ ദുര്‍ബല ഹദീസുകള്‍ തീരെ ഒഴിവാക്കി. നേരത്തേ സൂചിപ്പിച്ച പോലെ ഇഹ്യായില്‍ കര്‍മശാസ്ത്ര നിയമങ്ങളും ഇബാദത്തുകളുടെ അന്തസ്സത്തയെക്കുറിച്ച വിവരണവുമുണ്ട്. കര്‍മശാസ്ത്ര സംബന്ധമായി മലയാളത്തില്‍ ഒരുപാട് ഗ്രന്ഥങ്ങളുള്ളതുകൊണ്ട് അന്തസ്സത്തക്കാണ് പ്രാധാന്യം നല്‍കിയത്. കര്‍മശാസ്ത്രം മിക്കവാറും ഒഴിവാക്കി.
സംഗ്രഹം പുറത്തിറങ്ങിയപ്പോള്‍ സഹൃദയരില്‍നിന്ന് നല്ല പ്രതികരണവും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. മാധ്യമം, പ്രബോധനം, ശബാബ്, സത്യധാര, പൂങ്കാവനം, ഉത്തരദേശം മുതലായ ആനുകാലികങ്ങള്‍ പ്രോത്സാഹജനകമായ അഭിപ്രായങ്ങള്‍ എഴുതി. മാതൃഭൂമി വരാന്തപ്പതിപ്പിലും മനോരമ ഞായറാഴ്ചപ്പതിപ്പിലും പുസ്തകത്തെക്കുറിച്ച് കുറിപ്പ് വന്നു. സംഗ്രഹത്തെയും കുറിപ്പുകാരന്റെ മറ്റു കൃതികളെയും പരിചയപ്പെടുത്തിക്കൊണ്ട് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ സുബൈദ(നീലേശ്വരം) എഴുതി. മുസ്ലിംലീഗ് നേതാവ് ടി. അഹ്മദ് കബീര്‍(എം.എല്‍.എ) ഗ്രന്ഥത്തിന്റെ കുറെ കോപ്പികള്‍ വാങ്ങി സമ്മാനദാനത്തിന് ഉപയോഗപ്പെടുത്തി. നാട്ടിലെയും ഗള്‍ഫ് മലയാളികളിലെയും ചില സഹൃദയര്‍ കുറെ കോപ്പികള്‍ വാങ്ങി ലൈബ്രറികള്‍ക്ക് സൌജന്യമായി നല്‍കി. ഐ.പി.എച്ചിലൂടെയാണ് ഈ പുസ്തകം കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. 'വളരെ നന്നായിട്ടുണ്ട്. ഇതുപോലെ ഇബ്നു ഹജറിന്റെ അല്‍ ഫതാവല്‍ ഹദീസക്ക് പരിഭാഷ തയാറാക്കണം' -സംഗ്രഹം വായിച്ച ഒരു പണ്ഡിതന്‍ എഴുതി.
ഇഹ്യയിലെ പ്രധാന അധ്യായമായ 'കിതാബുന്നികാഹി' (വൈവാഹിക ജീവിതം)ന് സമ്പൂര്‍ണ പരിഭാഷയും തയാറാക്കിയിട്ടുണ്ട്.
ഇമാം ഗസാലിയുടെ അപൂര്‍വ ഗ്രന്ഥങ്ങളില്‍ ഒന്നാണ് 'അല്‍ഹിക്മതു ഫീ മഖ്ലൂഖാത്തില്ലാഹി.' സുഊദി അറേബ്യയിലെ ഇമാം മുഹമ്മദ് ബ്നു സഈദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് ഈ പുസ്തകം കാണാനിടയായത്. അവിടെ ബുറൈദയിലെ ഒരു പുസ്തകമേളയില്‍വെച്ച് ഒറ്റനോട്ടത്തില്‍തന്നെ പുസ്തകം വല്ലാതെ ആകര്‍ഷിച്ചു. ഒരു കോപ്പി വാങ്ങി.
സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നൊരു ഗ്രന്ഥമാണെന്നും മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെടേണ്ടതാണെന്നും തോന്നി. മാസങ്ങളോളം ശ്രമിച്ച് പരിഭാഷ തയാറാക്കി. പുസ്തകം ഐ.പി.എച്ച് ഏറ്റെടുത്തപ്പോള്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അത്. പ്രബോധനം പത്രാധിപര്‍ ടി.കെ ഉബൈദിന്റെ പരിശോധനക്കു ശേഷമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അദ്ദേഹം പരിഭാഷയിലെ തെറ്റുകള്‍ തിരുത്തുകയും ഭാഷ മനോഹരമാക്കുകയും ചെയ്തു. ഒടുവില്‍ 'ദൈവാസ്തിക്യത്തിന്റെ ഭൌതിക ദൃഷ്ടാന്തങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
'ശറഹു അസ്മാഇല്ലാഹില്‍ ഹുസ്ന'യും ഇമാം ഗസാലിയുടെ മുഖ്യ കൃതികളില്‍പെടുന്നു.
ഈ അമൂല്യ ഗ്രന്ഥത്തിലെ ദിവ്യനാമങ്ങളെക്കുറിച്ച പ്രസക്തഭാഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ സാധിച്ചതും സൌഭാഗ്യമായി കരുതുന്നു. ഈ പുസ്തകം അമുസ്ലിംകളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നതില്‍ വളരെ സന്തോഷമുണ്ട്.
ഗസാലിയുടെ വകയായി കുറെ കൊച്ചുകൃതികളുമുണ്ട്. ബൃഹദ് ഗ്രന്ഥങ്ങളെപ്പോലെത്തന്നെ അവയും വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണമായി 'അയ്യുഹല്‍വലദ്' (ഹേ വത്സ) എന്ന പുസ്തകം. ഏതാണ്ട് അമ്പതുപുറം മാത്രമേ ഉള്ളൂവെങ്കിലും ഉള്ളടക്കം ഏറെ ഗംഭീരമാണ്. അതുകൊണ്ടാണ് പേര്‍ഷ്യനില്‍ രചിച്ച ഈ കൃതി അറബി, ഫ്രഞ്ച്, ഇംഗ്ളീഷ്, ജര്‍മനി, തുര്‍ക്കി, കുര്‍ദി, ഉര്‍ദു തുടങ്ങിയ മിക്ക ലോകഭാഷകളിലും തര്‍ജമ ചെയ്യപ്പെട്ടതും പഠനഗവേഷണങ്ങള്‍ക്ക് വിധേയമാക്കിയതും. ഇതിന്റെ കൈയെഴുത്ത് പ്രതി കണ്ടുപിടിച്ച് വെളിച്ചത്ത് കൊണ്ടുവന്നത് ഒരു ഓറിയന്റലിസ്റാണ്. ജര്‍മന്‍ വംശജനായ ഖീലെ ഥീി ഒമാാല ജൌൃഴമെേഹഹ എന്നൊരാള്‍. 1838ല്‍ അദ്ദേഹം ഈ പുസ്തകം ജര്‍മന്‍ പരിഭാഷയോടെ വിയന്നയില്‍ പ്രസിദ്ധപ്പെടുത്തി. പിന്നീട് 1933-ല്‍ മറ്റൊരു ഓറിയന്റലിസ്റായ ഷേഫറും(ടഇഒഋഎഎഋഞ) ഇത് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ഇതിനുപുറമെ, മറ്റുപല പാശ്ചാത്യ പണ്ഡിതന്മാരും ഓറിയന്റലിസ്റുകളും ഈ കൊച്ചുകൃതി തര്‍ജമചെയ്യുകയും പഠനഗവേഷണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് വ്യാഖ്യാനം എഴുതിയ മുസ്ലിം പണ്ഡിതന്മാര്‍ അനവധിയാണ്. ഗസാലിയുടെ ബൃഹദ് ഗ്രന്ഥങ്ങള്‍ക്കെന്നപോലെ ചെറു രചനകള്‍ക്കും പ്രാധാന്യമുണ്ടെന്ന് കുറിക്കാനാണ് ഇത്രയും എഴുതിയത്.
ഗസാലിയുടെ ശിഷ്യത്വം സ്വീകരിച്ച് ഒത്തിരിവര്‍ഷം വിദ്യാഭ്യാസം ചെയ്ത് ഒരുപാട് വിജ്ഞാനങ്ങള്‍ നേടി പണ്ഡിതനായി പുറത്തിറങ്ങിയ ഒരാള്‍ക്ക് ഒടുവില്‍ എന്ത് ചെയ്യണമെന്നറിയുന്നില്ല. ഇതിനെക്കുറിച്ച് ഗസാലിയെ അറിയിച്ചപ്പോള്‍ അദ്ദേഹം എഴുതിയ മറുപടിക്കത്താണ്. 'അയ്യുഹല്‍ വലദ്.' ഇതില്‍ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്തെന്ന് വിവരിക്കുന്നു. യഥാര്‍ഥ സ്വൂഫി ആരാണെന്ന് മനസ്സിലാക്കിത്തരികയും വ്യാജ സ്വൂഫികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു.
ഈ പുസ്തകത്തിന്റെ അറബി പതിപ്പ് കേരളത്തില്‍ തന്നെ അച്ചടിച്ചു വിതരണം ചെയ്തുവരുന്നു. ഈ അമൂല്യകൃതി മലയാളത്തില്‍ തര്‍ജമ ചെയ്യാന്‍ സാധിച്ചതും സുകൃതമായി കരുതുന്നു.
ഇതുപോലെ മലയാളത്തില്‍ പലരും ഗസാലിയെക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്, അദ്ദേഹത്തിന്റെ കുറെ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ നല്ലത്. എന്നാല്‍, ഗസാലി ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ ചെയ്തതൊക്കെ വളരെ നിസ്സാരമാണ്.

(നിരവധി ഗസാലി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കാസര്‍കോട് സ്വദേശിയാണ് ലേഖകന്‍)

Comments

Other Post