ഗസാലി കൃതികള്‍

ഇസ്ലാമിക ലോകത്ത് പ്രതിഭാധനരായ ധാരാളം പണ്ഡിതന്മാര് ഉണ്ടായിട്ടുണ്ടെങ്കിലും അവരില്‍ ചുരുക്കം പേരുടെ കൃതികള്‍ മാത്രമേ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളൂ - ഇതില്‍ പ്രഥമ സ്ഥാനത്തുള്ള വ്യക്തിത്വമാണ് ഇമാം ഗസാലി(റ).
ഗസാലി കൃതികള്‍ ആദ്യമായി മലയാളത്തിലേക്ക് മൊഴിമാറ്റിയത് കേരള മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്ന വക്കം മൌലവി(1873-1932)യായിരുന്നു. ഗസാലി കൃതികളില്‍ പ്രസിദ്ധമായ കീമിയാസആദ(ആനന്ദത്തിന്റെ രാസവിദ്യ) എന്ന കൃതി പേര്‍ഷ്യന്‍ ഭാഷയില്‍ നിന്ന് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത് അറബി മലയാള ലിപിയില്‍ പ്രസിദ്ധീകരിച്ചു.
പിന്നീട്, ഇഹ്യാ ഉലൂമിദ്ദീന്‍ എന്ന കൃതിയിലെ അജാഇബുല്‍ ഖുലൂബ് എന്ന ഭാഗം 'ഹൃദയത്തിന്റെ അത്ഭുതങ്ങള്‍' എന്ന പേരില്‍ വക്കം മൌലവിയുടെ ശിഷ്യനായ പി. മുഹമ്മദ് മൈതീന്‍(1899-1967) പരിഭാഷപ്പെടുത്തി 1947 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ചു. 2007ല്‍ ഈ ഗ്രന്ഥം പുനഃപ്രസിദ്ധീകരിച്ചു.
അദ്ദേഹത്തിന്റെ മറ്റു കൃതികളായ 'മിന്‍ഹാജുല്‍ ആബിദീന്‍', 'അയ്യുഹല്‍ വലദ്' എന്നിവ അല്‍ ഹകീം ഉമര്‍ വൈദ്യര് (പട്ടാണിത്തെരുവ്, പാലക്കാട്) ശുദ്ധമായ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് 1931 നവംബറില്‍ അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ചു.
1961ല്‍ കീമിയാസആദയുടെ ആമുഖം ഹഖീഖതുല്‍ ഇന്സാന് (മനുഷ്യന്റെ യാഥാര്‍ഥ്യം) എന്ന പേരിലും 1962ല്‍ പ്രസ്തുത കൃതിയുടെ ഒന്നാംഭാഗം ഇബാദത് (ഇസ്ലാമിലെ ആരാധനാ ക്രമങ്ങള്‍) എന്ന പേരിലും ബയാനിയ്യാ ബുക്സ്റാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് രണ്ടു ഭാഗങ്ങളും വിവര്‍ത്തനം ചെയ്തത് കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം(കൊണ്ടോട്ടി). 1964ല്‍ അതിന്റെ രണ്ടാം ഭാഗം മുആമലാത്ത് (ഇസ്ലാമിലെ നടപടി ക്രമങ്ങള്‍) എന്ന പേരില്‍ വി.എസ്.എ തങ്ങള്‍ വിവര്‍ത്തനം ചെയ്ത് ബയാനിയ്യ ബുക്സ്റാള്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് എല്ലാ ഭാഗങ്ങളും ഒറ്റ വാല്യത്തില്‍ പ്രസിദ്ധീകരിച്ചു.
ഖുര്‍ആനിലെ പ്രകാശ സൂക്തത്തിന്റെ വിശദീകരണത്തില്‍ തുടങ്ങി അതിന്റെ പശ്ചാത്തലം വിശദീകരിച്ച് ക്രമേണ ഉന്നതമായ ആശയങ്ങളിലേക്ക് വായനക്കാരെ ഉയര്‍ത്തിക്കൊണ്ടുപോകുന്ന ഇമാമിന്റെ മിശ്കാതുല്‍ അന്വാര്(പ്രകാശങ്ങളുടെ ദിവ്യമാളം) 1970കളില്‍ മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി മൌലവി പരിഭാഷപ്പെടുത്തി മര്‍ഹൂം ടി.പി കുട്ട്യാമു സാഹിബിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ചിരുന്നു. 2010ല്‍ ഈ കൃതി വിചാരം ബുക്സ് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.
അല്‍ഹിക്മതു ഫീ മഖ്ലൂഖാതില്ലാഹ് എന്ന ഗ്രന്ഥം ദൈവാസ്തിക്യത്തിന്റെ ഭൌതിക ദൃഷ്ടാന്തങ്ങള്‍ എന്ന പേരില്‍ മുഹമ്മദ് ശമീം ഉമരി പരിഭാഷപ്പെടുത്തി 1990ല്‍ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ചു. അല്‍ മഖ്സദുല് അസ്ന ഫീ ശറഹി അസ്മാഇല്ലാഹില്‍ ഹുസ്ന എന്ന ഗ്രന്ഥം ദിവ്യനാമങ്ങള്‍ എന്ന പേരില്‍ 1993ലും അയ്യുഹല്‍ വലദ് 'ഹേ വത്സ' എന്ന പേരില്‍ 1994ലും ശമീം ഉമരി വിവര്‍ത്തനം ചെയ്ത് ഗസ്സാലിബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അല്‍ കശ്ഫു വത്തബ്യീന്‍ എന്ന ലഘുഗ്രന്ഥം സ്വാലിഹ് പുതുപൊന്നാനി വിവര്‍ത്തനം ചെയ്ത് 2001ല്‍ പ്രസിദ്ധീകരിച്ചു.
തന്റെ സത്യാന്വേഷണയാത്രയില്‍ അനുഭവിച്ച അന്തഃസംഘര്‍ഷങ്ങളുടെ നേര്ച്ചിത്രങ്ങളായ ആത്മകഥാ പ്രധാനങ്ങളായ അല്‍ മുന്ഖിദു മിനദ്ദലാലിന് മലയാളത്തില്‍ രണ്ടു ഭാഷാന്തരങ്ങളുണ്ട്. ദുര്‍മാര്‍ഗ വിമോചനം എന്ന പേരില്‍ അഹ്മദ് ബിന്‍ മുഹമ്മദ് ചെമ്മാടും 'മാര്ഗഭ്രംശങ്ങളില് നിന്നുള്ള മോചനം' എന്ന നാമത്തില്‍ എ.കെ അബ്ദുല്‍ മജീദും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബിദായതുല്‍ ഹിദായ (സന്മാര്ഗപ്രവേശിക) അര്‍ബഈന്‍ (ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍) എന്നിവക്കും മലയാളത്തില്‍ മൊഴിമാറ്റങ്ങളുണ്ട്.
കീമിയായുടെ ഇംഗ്ളീഷ് വിവര്‍ത്തനത്തെ ആനന്ദത്തിന്റെ ആല്‍കെമി എന്ന പേരില്‍ എന്‍. മൂസക്കുട്ടി മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.
എ.കെ അബ്ദുല്‍ മജീദ് വിവര്‍ത്തനം ചെയ്ത് സരണി പ്രസിദ്ധീകരിച്ച ഇമാം ഗസാലിയുടെ കത്തുകള്‍ 'അഗ്നിസ്ഫുലിംഗങ്ങള്‍' എന്ന പേരില്‍ മലയാള വായനക്കാര്‍ക്ക് ലഭ്യമാണ്.
ഇമാം ഗസാലിയുടെ പ്രശസ്തമായ മറ്റൊരു ഗ്രന്ഥമാണ് ഫൈസലുത്തഫ്രിഖ ബൈനല്‍ ഇസ്ലാമി വസ്സന്ദഖഃ. ഇതിനുമുണ്ട് മലയാളത്തില്‍ രണ്ടു വിവര്‍ത്തനങ്ങള്‍. 'കക്ഷി വഴക്ക് ഇസ്ലാമിക കാഴ്ചപ്പാട്' എന്ന പേരില്‍ ഇ.എന്‍ ഇബ്റാഹീം മൌലവി(ചെറുവാടി) വിവര്‍ത്തനം ചെയ്ത് 2008ല്‍ പ്രസിദ്ധീകരിച്ചതാണൊന്ന്. ഇസ്ലാമും കുഫ്റും ബിദ്അത്തും തിരിച്ചറിയുക എന്ന പേരില്‍ അറബിമൂലത്തോടുകൂടി വി.കെ കുഞ്ഞിപ്പ വിവര്‍ത്തനം ചെയ്ത് 2011ല്‍ പ്രസിദ്ധീകരിച്ചതാണ് മറ്റൊന്ന്.
വിശ്വപ്രസിദ്ധമായ ഇഹ്യക്കു മലയാളത്തില്‍ പൂര്‍ണവും അപൂര്‍ണവും സംഗ്രഹീതവുമായ ധാരാളം പരിഭാഷകള്‍ നിലവിലുണ്ട്. 1976ല്‍ പി.കെ കുഞ്ഞുബാവും മൌലവി വിവര്‍ത്തനം ചെയ്ത് സ്വയം പ്രസിദ്ധീകരിച്ചു. ഒന്നാം ഭാഗത്തില്‍ മര്‍ഹൂം പ്രഫ. വി. മുഹമ്മദ് സാഹിബി(റിട്ട. പ്രിന്‍സിപ്പല്‍ ഫാറൂഖ് കോളേജ്)ന്റെ അവതാരികയുണ്ട്. മര്‍ഹൂം എം.വി കുഞ്ഞഹമ്മദ് മൌലവി വിവര്‍ത്തനം ചെയ്ത് ആമിന ബുക്സ്റാള്‍ പ്രസിദ്ധീകരിച്ചതാണ് മറ്റൊരു പരിഭാഷ. നാലുഭാഗങ്ങളുള്ള ഇഹ്യയുടെ ഒന്നാം ഭാഗം കെ.എ ഖാദര്‍ ഫൈസി വിവര്‍ത്തനം ചെയ്ത് അശ്റഫി ബുക്സ്റാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇഹ്യക്ക് അറബി ഭാഷയില്‍ ധാരാളം സംഗ്രഹ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ശൈഖ് ജമാലുദ്ദീന്‍ ഖാസിമി(ദിമിശ്ഖ്)യുടെ മൌഇദതുല് മുഅ്മിനീന്‍ മിന് ഇഹ്യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തെ അവലംബിച്ച് മുഹമ്മദ് ശമീം ഉമരി ഒരു സംഗ്രഹീതപ്പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഹമ്മദ് മുഹമ്മദ് അസ്സാഫി(ലബനാന്)ന്റെ സംഗ്രഹത്തെ അവലംബിച്ച് വി.എസ്.എ തങ്ങള്‍ വിവര്‍ത്തനം ചെയ്ത മറ്റൊരു സംഗ്രഹം ബയാനിയ്യാ ബുക്സ്റാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അബ്ദുര്‍റഹ്മാന്‍ മങ്ങാട്
Comments