Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി പൗരോഹിത്യത്തിനെതിരെ

ടി.കെ.യൂസുഫ്‌

പൌരോഹിത്യം എന്ന പദം പ്രത്യയശാസ്ത്രപരമായി ഇസ്ലാമിന് അന്യമാണെങ്കിലും മുസ്ലിം സമൂഹത്തിലെ അല്പ ജ്ഞാനികളായ ചില പണ്ഡിതര്‍, സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പുരോഹിത വേഷം കെട്ടാറുണ്ട്. ഉത്തമ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈ പ്രവണത വളര്‍ന്ന് വരാന്‍ തുടങ്ങിയത്. ദൈവ വചനമായ ഖുര്‍ആനും പ്രവാചക വചനങ്ങളായ ഹദീസുകളുമാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായി പരിഗണിക്കപ്പെടുന്നത്. പണ്ഡിതരും നേതാക്കളും അവര്‍ എത്ര ഉന്നതരായാലും പ്രമാണങ്ങളുടെ പിന്‍ബലമില്ലെങ്കില്‍ അവരുടെ വാക്കുകള്‍ അനുസരിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നില്ല. മുസ്ലിം ഉമ്മത്ത് പൂര്‍വ്വ സമുദായങ്ങളെ അപ്പടി അനുകരിക്കും എന്ന നബിയുടെ പ്രവചനങ്ങളെ അന്വര്‍ത്ഥമാക്കി കൊണ്ട് മുസ്ലിംകളിലെ ഒരു വിഭാഗം പണ്ഡിതരും ജൂത ക്രൈസ്തവ പാതിരിമാരെ പിന്‍പറ്റുന്നുണ്ട്.  ഇസ്ലാമിക പ്രബോധനം സാധ്യമാകണമെങ്കില്‍ പൌരോഹിത്യത്തിന്റെ മുള്‍പടര്‍പ്പുകള്‍ വകഞ്ഞു മാറ്റണമെന്ന ഉത്തമ വിശ്വാസമുണ്ടായിരുന്ന ഇമാം ഗസാലിക്ക് പുരോഹിതരുമായി പല രംഗത്തും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്.
ഇമാം ഗസാലിയുടെ സുപ്രസിദ്ധ ഗ്രന്ഥമായ ഇഹ്യാ ഉലൂമിദ്ദീന്‍ നിരോധിക്കുകയും കരിച്ചു കളയുകയും ചെയ്യണമെന്നാണ് പുരോഹിതന്മാര്‍ പറഞ്ഞത്. കാരണം പ്രസ്തുത ഗ്രന്ഥത്തിലൂടെ ഗസാലി ഭൌതിക നേട്ടങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ ദീന്‍ പഠിക്കുന്ന പുരോഹിതര്‍ക്ക് ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായ താക്കീത് നല്‍കുന്നുണ്ട്. 'ഇഹ്യാ' വായിക്കാത്തവന്‍ ജീവിച്ചിരിക്കുന്നില്ല എന്നാണ് ഇമാം ഗസാലിയുടെ മാസ്റര്‍ പീസിനെ പ്രംശംസിച്ച് ചിലര്‍ പറഞ്ഞിട്ടുളളത്. എന്നാല്‍ അത് കരിച്ചു കളയണമെന്ന് പറയാനുളള 'ചങ്കൂറ്റം' പണ്ഡിത വേഷധാരികളായ പുരോഹിതര്‍ മാത്രമേ കാണിച്ചിട്ടുള്ളൂ.
'മതവിജ്ഞാനങ്ങളുടെ പുനരുദ്ധാരണം' എന്ന അര്‍ത്ഥത്തിലുളള ഇഹ്യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തിലെ 'ചീത്ത പണ്ഡിതര്‍' എന്ന ശീര്‍ഷകത്തില്‍ ഇമാം ഗസാലി പുരോഹിത വര്‍ഗത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഖുര്‍ആനും, ഹദീസും, തത്വചിന്തയും, സൂഫിസവും എല്ലാം സമഞ്ജസമായി സമ്മേളിച്ച ഈ കൃതി വായനക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനിടയുണ്ട് എന്നാണ് ഒരുപറ്റം പണ്ഡിതര്‍ ഉന്നയിക്കുന്ന വിമര്‍ശനം.
ആത്മീയതയുടെ അനിവാര്യതയെക്കുറിച്ചും, ഭൌതിക ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചും, മാനുഷിക മൂല്യങ്ങളെക്കുറിച്ചും മതത്തിലും തത്വചിന്തകളിലും ചില സമാനതകള്‍ കാണാന്‍ സാധിക്കും. സൂഫീവര്യന്മാരുടെ ഗ്രന്ഥങ്ങളുടെ ആകെത്തുക ഭൌതിക പ്രമത്തതയില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിച്ച് ആത്മീയതയുടെ ആലയത്തിലേക്ക് അവരെ തെളിക്കുകയാണ്. തത്വചിന്തയുടെയും സൂഫിസത്തിന്റെയും മേച്ചില്‍ പുറങ്ങളില്‍ അലഞ്ഞ് നടന്ന് അത്തരം വിജ്ഞാനങ്ങള്‍ ആവോളം അകത്താക്കിയ ഗസാലിയുടെ രചനകളില്‍ അത്തരം അഭൌതിക ദര്‍ശനങ്ങള്‍ തികട്ടിവരിക സ്വാഭാവികമാണ്. ഇഹ്യാ വായിക്കുന്ന വകതിരിവുളള വായനക്കാരന് ഓരോന്നിന്റെയും സ്രോതസ്സുകള്‍ കണ്ടെത്താന്‍ കഴിയും. ഗസാലി ആര്‍ജ്ജിച്ച വിജ്ഞാനങ്ങളെക്കുറിച്ച് അല്പം പോലും അറിയാത്ത സാധാരണക്കാര്‍ ഈ ഗ്രന്ഥത്തിലെ മുഴുവന്‍ ഉളളടക്കവും മത വിജ്ഞാനങ്ങളുടെ അടിസ്ഥാന സ്രോതസ്സായ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും എടുത്തതാണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്.
ഇഹ്യാ ഉലൂമുദ്ദീനിലെ ചീത്ത പണ്ഡിതര്‍ എന്ന അധ്യായത്തില്‍ പരാമര്‍ശിച്ച ഹദീസുകളില്‍ പലതും ദുര്‍ബലമാണ്. ഹദീസിന്റെ പരമ്പരപോലും പരിശോധിക്കാതെയാണ് ഇമാം ഗസാലി പൌരോഹിത്യത്തിനെതിരെ പടവാളോങ്ങിയത്.  പൌരോഹിത്യത്തിനെതിരെ പ്രസ്തുത ഗ്രന്ഥത്തിലെ പരാമര്‍ശങ്ങളാണ് ഇവിടെ ഉദ്ധരിക്കുന്നത്.
ഇമാം ഗസാലി പണ്ഡിതരെ രണ്ടായി തരം തിരിക്കുന്നു. അവരില്‍ ഒരു വിഭാഗം ഈ ലോകത്ത് ഭൌതിക താത്പര്യങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ ദീന്‍ പഠിക്കുന്നവരാണ്. രണ്ടാമത്തെ വിഭാഗം പരലോകത്ത് സ്വര്‍ഗ്ഗം ലഭിക്കുന്നതിന് വേണ്ടി മത വിജ്ഞാനം നേടുന്നവരാണ്. പുരോഹിതരില്‍ പലരും ആദ്യ വിഭാഗത്തിലാണ് ഉള്‍പെടുന്നത്.
നബി (സ) പറഞ്ഞു: പണ്ഡിതരുടെ മുന്നില്‍ പെരുമ നടിക്കുന്നതിനും, പാമരന്മാരോട് തര്‍ക്കിക്കുന്നതിനും, ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതിനും വേണ്ടി നിങ്ങള്‍ അറിവ് പഠിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവന്‍ നരകത്തിലായിരിക്കും (ഇബ്നു മാജ).
നബി (സ) പറഞ്ഞു: അവസാന കാലത്ത് അറിവില്ലാത്ത ദാസന്മാരും തെമ്മാടികളായ പണ്ഡിതന്മാരുമുണ്ടാകും (മുസ്തദ്റക്) . നബി (സ) പറഞ്ഞു:  അറിവ് രണ്ട് തരമാണ്. ഒന്ന് നാവിലുളളത്. സൃഷ്ടികള്‍ക്ക് എതിരില്‍ അല്ലാഹുവിന്റെ അടുക്കല്‍ അത് തെളിവാകും. രണ്ടാമത്തെത് ഹൃദയത്തിലുളളത്. അതാണ് പ്രയോജനകരം. (സുനനുദ്ദാരിമി).
നബി (സ) പറഞ്ഞു: ആരെങ്കിലും അറിവ് മറച്ചു വെച്ചാല്‍ അല്ലാഹു അവന് അഗ്നിയുടെ കടിഞ്ഞാണിടും. (അബൂദാവൂദ്)
നബി (സ) പറഞ്ഞു: ദജ്ജാലിനെക്കാള്‍ ഞാന്‍ നിങ്ങളുടെ മേല്‍ ഭയപ്പെടുന്നത് വഴികേടിലാക്കുന്ന പണ്ഡിതരെയാണ്. (ഇബ്നു ഹിബ്ബാന്‍). നബി (സ) പറഞ്ഞു: ആര്‍ക്കെങ്കിലും അറിവ് വര്‍ധിച്ചു, സന്മാര്‍ഗ്ഗം വര്‍ധിച്ചില്ലെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്ന് അവന് അകല്‍ച്ചയല്ലാതെ മറ്റൊന്നും വര്‍ധിക്കുകയില്ല (ജവാഹിറുല്‍ ഇല്‍മ്)
നബി (സ) പറഞ്ഞു: അന്ത്യദിനത്തില്‍ ഏറ്റവും കഠിന ശിക്ഷ ലഭിക്കുന്നത് പണ്ഡിതനാണ് (ശുഅബില്‍ ഈമാന്‍). ഉമര്‍ (റ) പറഞ്ഞു: ഈ സമുദായത്തിന് ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് പണ്ഡിതനായ കപട വിശ്വാസിയെയാണ്. ജനങ്ങള്‍ ചോദിച്ചു. പണ്ഡിതന്‍ എങ്ങനെയാണ് കപടവിശ്വാസിയാകുക. അദ്ദേഹം പറഞ്ഞു: നാവില്‍ ജ്ഞാനിയായിരിക്കും. ഹൃദയത്തിലും പ്രവര്‍ത്തനങ്ങളിലും അജ്ഞാനിയായിരിക്കും.
ഖലീല്‍ ബിന്‍ അഹ്മദ് പറഞ്ഞു: ആളുകള്‍ നാല് തരമാണ്. ഒരാള്‍ക്ക് അറിവുണ്ട്, അറിവുണ്ടെന്ന് അവന് അറിയുകയും ചെയ്യാം. അതാണ് പണ്ഡിതന്‍. അവനെ നിങ്ങള്‍ പിന്‍പറ്റുക. മറ്റൊരാള്‍ക്ക് അറിയാം, പക്ഷെ അറിവുളള വിവരം അദ്ദേഹത്തിനറിയില്ല. അവന്‍ ഉറങ്ങുവനാണ്. അവനെ നിങ്ങള്‍ ഉണര്‍ത്തുക. ഇനിയുമൊരാള്‍ക്ക് അറിയില്ല, അറിയില്ലെന്ന് അവന് അറിയുകയും ചെയ്യാം, അവന് നിങ്ങള്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കുക. നാലമത് ഒരാള്‍ക്ക് അറിവില്ല, അറിവില്ലെന്ന് അവന് അറിയുകയുമില്ല, അവന്‍ വിഢ്ഡിയാണ്. അവനെ നിങ്ങള്‍ തിരസ്കരിക്കുക.
ഇബ്ന്‍ മുബാറക് പറഞ്ഞു: അറിവ് അന്വേഷിക്കുന്ന കാലത്തോളം ഒരാള്‍ പണ്ഡിതനാണ്. അറിയുമെന്ന് ധരിക്കുന്നതോട് കൂടി അവന്‍ വിഢ്ഢിയായിത്തീരും.
ഉസാമത് ബിന്‍ സൈദ് പറഞ്ഞു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. അന്ത്യദിനത്തില്‍ ഒരു പണ്ഡിതനെ കൊണ്ട് വരും. എന്നിട്ട് അവനെ നരകത്തിലിടും. അവന്റെ കുടലുകള്‍ പുറത്ത് വരും. കഴുത ആട്ടു ചക്കില്‍ കറങ്ങുന്നത് പോലെ അവന്‍ അതിന്മേല്‍ കറങ്ങിക്കൊണ്ടിരിക്കും. നരക വാസികള്‍ അവന് ചുറ്റും കൂടി ചോദിക്കും: നിനക്ക് എന്ത് പറ്റി? അവന്‍ പറയും: ഞാന്‍ നന്മ കല്‍പിച്ചിരുന്നു, അത് ചെയ്തിരുന്നില്ല. തിന്മ വിരോധിച്ചിരുന്നു. അത് ചെയ്തിരുന്നു. (ബുഖാരി)
ഈസാ നബി ( അ) പറഞ്ഞു: ചീത്ത പണ്ഡിതന്‍ പാറക്കല്ല് പോലെയാണ്. അത് ഒരു നദിയുടെ മുഖത്ത് പതിച്ചു. അത് വെളളം കുടിക്കുകയില്ല. വെളളം കൃഷിയിടത്തിലേക്ക് ഒഴുകാന്‍ അനുവദിക്കുകയുമില്ല. ചീത്ത പണ്ഡിതരുടെ ഉപമ ശവകുടീരങ്ങള്‍ പോലെയാണ്. അതിന്റെ ഉപരിഭാഗം കുമ്മായമിട്ടതാണ്. ഉള്‍ഭാഗമാകട്ടെ മരണപ്പെട്ടവരുടെ അസ്ഥികളും അവശിഷ്ടങ്ങളുമാണ്.
യഹ്യ ബിന്‍ മുആദ് പറഞ്ഞു: ഒരു പണ്ഡിതന്‍ ദുന്‍യാവിനോട് ആര്‍ത്തി കാണിക്കുന്നതോട് കൂടി അവന്റെ അറിവിന്റെ അന്തസ്സ് നഷ്ടപ്പെട്ടു.
ഉമര്‍ ബിന്‍ ഖത്താബ് പറഞ്ഞു: ഒരു പണ്ഡിതന്‍ ദുന്‍യാവിനോട് താത്പര്യം കാണിക്കുന്നത് കണ്ടാല്‍ നിങ്ങള്‍ അവനെ സംശയിക്കുക. കാരണം ഓരോരുത്തരും തന്റെ മനസിലുളളതിനോടാണ് താത്പര്യം കാണിക്കുക.

(പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് അധ്യാപകനാണ് ലേഖകന്‍)
tkyoosuf@gmail.com
www.muacollege.ac.in

Comments

Other Post