Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ

അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ചരിത്രമെഴുത്തിന് വഴങ്ങാത്ത മഹാ പ്രതിഭകള്‍ ലോകത്തിന് ലഭിക്കുന്ന ദൈവിക വരദാനമാണ്. ഇമാം അബൂഹാമിദില്‍ ഗസാലിയുടെ വൈജ്ഞാനിക വ്യക്തിത്വത്തെ രേഖപ്പെടുത്തുന്നതില്‍ ഇസ്ലാമിക ചരിത്രകാരന്മാര്‍ ഈ പ്രതിസന്ധി അനുഭവിച്ചിട്ടുണ്ട്. ഇമാം ഗസാലി അത്തരം വ്യക്തിത്വങ്ങളിലൊരാളാണ്.
ഹുജ്ജത്തുല്‍ ഇസ്ലാം ഗസാലിയുടെ ഫിഖ്ഹ് നിദാന ശാസ്ത്രത്തിലെ രചനകള്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും വിശദീകരിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുവെന്നത് തന്നെ അവയുടെ വൈജ്ഞാനിക മൂല്യത്തെയാണ് കുറിക്കുന്നത്. ഉസ്വൂലിലെ തന്റെ പ്രസിദ്ധമായ അല്‍ മന്‍ഖൂല്‍ ഫീ ഉസ്വൂലില്‍ ഫിഖ്ഹ് രചിച്ചപ്പോള്‍ ഗുരുവായ ശൈഖ് ഇമാം ജുവൈനി (ഇമാമുല്‍ ഹറമൈനി) പ്രശംസയോടെ പറഞ്ഞുവത്രെ. താങ്കള്‍ എന്നെ ജീവനോടെ കുഴിച്ച് മൂടിയിരിക്കുന്നു. ഞാന്‍ മരിക്കുന്നത് വരെ കാത്തിരിക്കാമായിരുന്നു. താങ്കളുടെ ഗ്രന്ഥം എന്റെ ഗ്രന്ഥത്തെ അപ്രസക്തമാക്കിക്കളഞ്ഞു.
നിദാനശാസ്ത്ര രചനകള്‍
ഉസ്വൂലുല്‍ ഫിഖ്ഹില്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും അവയില്‍ പലതും ഇക്കാലത്ത് ലഭ്യമല്ല. തഹ്ദീബുല്‍ ഉസ്വൂല്‍, അല്‍ മക്നൂന്‍ ഫില്‍ ഉസ്വൂല്‍ തുടങ്ങിയവ ഉദാഹരണം. ഇവയില്‍ ആദ്യത്തേത് ഉസ്വൂലിലെ ബൃഹത്തായ ഗ്രന്ഥമാണ്. അല്‍ മുസ്വ്ത്വസ്വ്ഫായില്‍ അദ്ദേഹം പ്രസ്തുത രചനയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. (ഭാ-1 പേ-4, ഭാ-1 പേ-175,187, ഭാ-2 പേ-318). ഇമാം ഗസാലിയുടെ ഗ്രന്ഥങ്ങളില്‍ നഷ്ടപ്പെട്ടുപോയതെന്ന് അധികംപേരും ധരിച്ച രചനയാണ് അസാസുല്‍ ഖിയാസ്. ഖിയാസിന്റെ അടിസ്ഥാനങ്ങള്‍, മേഖലകള്‍ എന്നിവയെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന പ്രസ്തുത രചനയുടെ പതിപ്പ് അപൂര്‍വമായെങ്കിലും ലഭ്യമാണ്. പ്രസ്തുത കൃതിയില്‍ ഖിയാസിനെ ഭാഷാപരമായും, ബുദ്ധിപരമായും പ്രമാണികമായും അദ്ദേഹം വിശദീകരിക്കുന്നു. പ്രതിയോഗികളുടെ വാദങ്ങള്‍ ഓരോന്നായി ഉദ്ധരിച്ച് ഒടുവില്‍ അവക്ക് വ്യക്തമായ മറുപടി നല്‍കുന്ന രീതിയാണ് അദ്ദേഹം ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ഒരു പക്ഷേ, അദ്ദേഹം ഖിയാസിനെ എതിര്‍ക്കുന്നവരുടെ ഗണത്തിലാണെന്ന് തോന്നിക്കുകയും പിന്നീട് തന്റെ നിലപാട് തെളിവ് സഹിതം സ്ഥാപിക്കുകയും ചെയ്യുന്നു.
അല്‍ മന്‍ഖൂല്‍ മിന്‍ തഅ്ലീഖില്‍ ഉസ്വൂല്‍, ശിഫാഉല്‍ ഗലീല്‍ ഫീ ബയാനി ശ്ശബഹി വല്‍ മുഖയ്യല് വ മസാലികി ത്തഅ്ലീല്‍, അല്‍ മുസ്വ്ത്വസ്വ്ഫാ, അല്‍ വസ്വീത്വ് ഫീ ഫിഖ്ഹില്‍ ഇമാം ശാഫിഈ, അല്‍ വജീസ് ഫി ഫിഖ്ഹില്‍ ഇമാം ശാഫിഈ തുടങ്ങിയവയാണ് ഫിഖ്ഹ് നിദാന ശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ ലഭ്യമായ രചനകള്‍. അല്‍ മന്‍ഖൂല്‍ അദ്ദേഹത്തിന്റെ ഗുരു ഇമാം ജുവൈനിയുടെ അഭിപ്രായങ്ങളുടെ ക്രോഡീകരണമാണെന്നും പറയപ്പെടുന്നു. ദൈവശാസ്ത്ര(ഇല്‍മുല്‍ കലാം) ചര്‍ച്ചകള്‍ക്ക് കൂടി ഇടമുള്ള രചനാരീതിയാണ് ഇവയില്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. പൊതുവെ ശാഫിഈ മദ്ഹബുകാരനായി അറിയപ്പെടുന്ന അദ്ദേഹം പ്രസ്തുത രീതി തെരഞ്ഞെടുത്തതില്‍ അസാംഗത്യമൊന്നുമില്ല താനും. അല്‍ മന്‍ഖൂല്‍ ഇമാം ഗസാലിയുടെ പ്രസ്തുത വിഷയത്തിലെ ആദ്യരചനകളിലൊന്നാണെങ്കില്‍ അല്‍ മുസ്വത്വസ്വ്ഫാ അവസാനത്തേതാണ്. അത് കൊണ്ടാണ് തന്റെ ശൈഖ് ഇമാം ജുവൈനിയുടെ അഭിപ്രായങ്ങള്‍ പിന്‍പറ്റുന്ന ഒരു വിദ്യാര്‍ഥിയായി അല്‍ മന്‍ഖൂലില്‍ പ്രത്യക്ഷപ്പെടുന്ന അദ്ദേഹം, സ്വതന്ത്ര വീക്ഷണങ്ങളുള്ള ഇമാം ആയി മുസ്വ്ത്വസ്വ്ഫായില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മാത്രമല്ല തന്റെ ആദ്യ ഗ്രന്ഥത്തില്‍ ശാഫിഈ മദ്ഹബിനെ പിന്താങ്ങിയും, ഹനഫീ മദ്ഹബിനെ എതിര്‍ത്തും എഴുതിയ അദ്ദേഹം മുസ്വ്ത്വസ്വ്ഫായില്‍ പ്രസ്തുതശൈലിയില്‍ നിന്നും മാറി സന്തുലിതമായ നിലപാട് സ്വീകരിച്ചതായും കാണാവുന്നതാണ്.
ഖിയാസിനെയും തഅ്ലീലി(ഹുക്മിന്റെ കാരണങ്ങള്‍ പരിശോധിക്കുക)നെയും സംവാദാത്മക ശൈലിയിലൂടെ സ്ഥാപിക്കുന്ന രചനയാണ് ശിഫാഉല്‍ ഗലില്‍. പ്രവാചകനും അനുയായികളും പ്രശ്നങ്ങളുടെ മര്‍മവും കാരണവും പരിശോധിച്ച് വിധി കല്‍പിച്ചതും, പ്രസ്തുത വിധികള്‍ മറ്റൊരു സാഹചര്യത്തില്‍ മാറ്റിവെച്ചതും ധാരാളം ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം സമര്‍ഥിക്കുന്നു. ഫിഖ്ഹ് നിദാനശാസ്ത്രത്തിലെ മറ്റ് ഗ്രന്ഥങ്ങളില്‍ ലഭ്യമല്ലാത്ത അപൂര്‍വമായ സംഭവങ്ങളും ചരിത്രങ്ങളും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ കാലവും കാരണവും പരിശോധിച്ച് സൂക്ഷ്മതയോടെ നടപ്പിലാക്കപ്പെടേണ്ട തത്വങ്ങളാണെന്ന് പ്രസ്തുത ഗ്രന്ഥം അടിവരയിടുന്നു. എന്നല്ല, ഇവ പരിഗണിക്കുന്നതിനുള്ള മാര്‍ഗങ്ങളും രീതികളും അദ്ദേഹം സവിസ്തരം വിശദീകരിക്കുന്നുണ്ട്. ബഗ്ദാദിലാണ് ഇതിന്റെ പ്രഥമ പതിപ്പ് പുറത്തിറങ്ങിയത്. അഞ്ച് ഭാഗങ്ങളായാണ് ഈ ഗ്രന്ഥം വിഷയത്തെ കൈകാര്യം ചെയ്യുന്നത്. ഖിയാസ്, ഇല്ലത്ത്(കാരണം), തെളിവ്(ദലാലത്ത്) തുടങ്ങിയവയുടെ അര്‍ഥം അവ തമ്മിലുള്ള വ്യത്യാസം എന്നിവയില്‍ തുടങ്ങുന്ന അദ്ദേഹം, പ്രമാണത്തിലെ കാരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ഇജ്മാഅ്, മസാലിഹ് മുര്‍സല, അവയില്‍ പണ്ഡിതരുടെ വിവിധ അഭിപ്രായങ്ങള്‍ എന്നിവ ഉദ്ധരിക്കുന്നു. രണ്ടാം ഭാഗത്തില്‍ ഇല്ലത്തി(കാരണം)നെയും അതിനനുയോജ്യമായ ഗുണങ്ങളെയും ഒരു നിയമത്തില്‍ രണ്ട് കാരണങ്ങളെ യോജിപ്പിക്കുന്നതിനെയും വിശദീകരിക്കുന്നു. അടിസ്ഥാന നിയമത്തിന്റെ വിധി, അത് മുഖേന സ്ഥാപിക്കാവുന്ന ഖിയാസ് തുടങ്ങിയവ മൂന്നാം ഭാഗത്തും ശേഷം നാലാമതായി അടിസ്ഥാന നിയമവും, ഖിയാസ് ചെയ്യപ്പെടാന്‍ അതിനുണ്ടായിരിക്കേണ്ട നിബന്ധനകളും വിവരിക്കുന്നു. അഞ്ചാമതായി ശാഖ(ഫര്‍ഉ)കളും അവയുടെ നിബന്ധനകളും വിശദീകരിക്കുന്നു. തഅ്ലീലിനെ(കാരണങ്ങള്‍ പരിഗണിച്ച് നിയമനിര്‍ധാരണം) പ്രവാചക കാലം മുതല്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തിന്റെ യുഗം വരെയുള്ള ഉദാഹരണങ്ങള്‍ സഹിതമുള്ള വിശദീകരണം ആകര്‍ഷകമാണ്.
ദൈവശാസ്ത്ര രചനാരീതിയിലെ മുതല്‍കൂട്ടായാണ് ഇമാം ഗസാലിയുടെ ഉസ്വൂലിലെ അവസാന രചനയായ മുസ്വ്ത്വസ്ഫാ. തന്റെ മറ്റ് ഗ്രന്ഥങ്ങളുടെ ആകത്തുക ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് ഇത് രചിക്കപ്പെട്ടത്. ധാരാളമായി പുറത്ത് വന്ന അതിന്റെ ശറഹുകളും സംഗ്രഹങ്ങളും പ്രസ്തുത ഗ്രന്ഥത്തിന് പിന്‍തലമുറകള്‍ നല്‍കിയ വലിയ പരിഗണന വിളിച്ചോതുന്നു. ഇബ്നു ഖുദാമ, ഇബ്നു റുഷ്ദ്, ഇബ്നു റഷീക്, ഇബ്നുല്‍ ഹാജ്, സഹ്ലു ബ്നു മുഹമ്മദ് തുടങ്ങിയവര്‍ ഇവ നിര്‍വഹിച്ചവരില്‍ പ്രമുഖരാണ്. ഈ ഗ്രന്ഥത്തിലും അതിന് മുമ്പ് രചിക്കപ്പെട്ട ഇമാം ജുവൈനിയുടെ ബുര്‍ഹാനിനും മാലികി മദ്ഹബുകാര്‍ അങ്ങേയറ്റത്തെ പരിഗണനയാണ് നല്‍കിയത്. ഒരു വിദ്യാര്‍ഥിക്ക് പോലും മനസ്സിലാക്കാന്‍ സാധിക്കുന്ന ആകര്‍ഷകവും ലളിതവുമായ ഭാഷയിലാണ് അദ്ദേഹം തന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം പ്രയോഗിക്കുന്ന സാങ്കേതിക പ്രയോഗങ്ങള്‍ പോലും വ്യത്യസ്തമാണ്. ഹുകം(ഫലം), പ്രമാണം(ഫലം നല്‍കുന്നവ), തെളിവെടുക്കുന്ന രീതി(ഫലപ്രയോജനമാര്‍ഗം), മുജ്തഹിദ് (ഫലമെടുക്കുന്നവന്‍) തുടങ്ങിയവ അദ്ദേഹത്തിന്റെ സാങ്കേതികത്വങ്ങളാണ്. ചുരുക്കത്തില്‍ ഫിഖ്ഹ് നിദാനശാസ്ത്രത്തിലെ രചനകള്‍ ഗസാലിക്ക് മുമ്പ് ഒരു ശൈലിയിലും, ശേഷം മറ്റൊരു ശൈലിയിലുമാണ് രംഗത്ത് വന്നതെങ്കില്‍, ഗസാലിയുടെ രചനകള്‍ ഇവയില്‍നിന്ന് ഭിന്നമായി സ്വതന്ത്ര ആവിഷ്കാരങ്ങളും രീതികളും കൊണ്ട് വ്യതിരിക്തമാവുകയാണുണ്ടായത്. ഇസ്തിഹ്സാനിന്റെ വിഷയത്തില്‍ ഇമാം ഗസാലി തന്റെ അഭിപ്രായങ്ങള്‍ കുറച്ച മയത്തോടെ അവതരിപ്പിക്കുമ്പോള്‍ ഇമാം ശാഫിഈ ഇസ്തിഹ്സാന്‍ ഉപയോഗിച്ചവന്‍ ശരീഅത്ത് ഉണ്ടാക്കിയിരിക്കുന്നു എന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
അല്‍ മുസ്വ്ത്വസ്ഫായില്‍ വളരെ വിശാലമായ സമീപനമാണ് മദ്ഹബുകളുടെ വിഷയത്തില്‍ അദ്ദേഹം പുലര്‍ത്തിയത്. കര്‍മശാസ്ത്ര അഭിപ്രായങ്ങളിലും തെളിവെടുക്കുന്ന രീതികളിലും തനിക്ക് അനുയോജ്യമെന്ന് ബോധ്യപ്പെട്ടത് തെരഞ്ഞെടുക്കാനും അവയില്‍ കാര്‍ക്കശ്യം ഒഴിവാക്കാനും അദ്ദേഹം ശ്രമിച്ചു. പല അവസരങ്ങളിലും ശാഫിഈ മദ്ഹബിന് വിരുദ്ധമായി വീക്ഷണങ്ങള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണമായി മഫ്ഹൂം മുഖാലഫ ശാഫിഈ മദ്ഹബില്‍ പ്രമാണമായി കണക്കാക്കുമ്പോള്‍ ഇമാം ഗസാലി അതിനെ തള്ളുകയാണ് ചെയ്യുന്നത്. ഇജ്തിഹാദിന്റെ വിഷയത്തിലും ഇപ്രകാരം അഭിപ്രായ ഭിന്നത കാണാവുന്നതാണ്. ഇജ്തിഹാദിന്റെ മേഖലയെ വിഭജിക്കുന്നതിനോട് ഇമാം ശാഫിഈ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. മുജ്തഹിദിന് എല്ലാ ശര്‍ഈ വിഷയങ്ങളിലും അഗാധമായ ജ്ഞാനമുണ്ടായിരിക്കണം എന്ന് ശാഫിഈ മദ്ഹബ് നിബന്ധന വെക്കുമ്പോള്‍ ഇമാം ഗസാലി തന്റെ നിലപാട് ഇപ്രകാരം വ്യക്തമാക്കുന്നു; ഇജ്തിഹാദ് വിഭജന യോഗ്യമല്ലാത്ത മേഖലയായി ഞാന്‍ മനസ്സിലാക്കുന്നില്ല. ചില വിഷയങ്ങളില്‍ മാത്രം ഇജ്തിഹാദ് നടത്താന്‍ യോഗ്യതയുള്ള പണ്ഡിതന്‍ എന്ന പ്രയോഗിക്കാവുന്നതാണ്. ഖിയാസിന്റെ രീതികള്‍ അറിയുന്ന ഒരാള്‍ ആ വിഷയത്തില്‍ ഫത്വ്വ നല്‍കാവുന്നതാണ്. ഹദീസ് മേഖലയില്‍ അദ്ദേഹം നിപുണന്‍ അല്ലെങ്കില്‍ പോലും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണമെന്നത് മുഫ്തിയുടെ ശര്‍ത്വില്‍ പെട്ടതല്ല. നാല്‍പതോളം ചോദ്യങ്ങള്‍ നേരിട്ട ഇമാം മാലിക് അവയില്‍ മുപ്പത്തിആറിനും എനിക്കറിയില്ല എന്ന മറുപടി ആണ് നല്‍കിയത്. (പേ-1)
ഉസ്വൂലുല്‍ ഫിഖ്ഹില്‍ അദ്ദേഹം നടത്തിയ തജ്ദീദി ശ്രമങ്ങള്‍ പ്രത്യേകം പ്രസ്താവ്യമാണ്. ഫിഖ്ഹ് നിദാന ശാസ്ത്രത്തിലെ രചനകള്‍ക്ക് ഗസാലിക്ക് മുമ്പ് പ്രത്യേക ക്രമമോ, ക്രോഡീകരണമോ ഇല്ലാതെ ചിതറിക്കിടക്കുകയായിരുന്നു. ഉദാഹരണമായി അബുല്‍ഹുസൈനിന്റെ 'അല്‍ മുഅ്തമദ്' എടുത്താല്‍ അതിന്റെ രചനയുടെ ഉദ്ദേശ്യം എന്ന തലക്കെട്ടിന് കീഴില്‍ ഫിഖ്ഹിന്റെയും ഉസ്വൂലിന്റെയും നിര്‍വചനങ്ങള്‍ കൈകാര്യം ചെയ്തതായി കാണാവുന്നതാണ്. അതുപോലെ തന്നെയാണ് ബുര്‍ഹാനും. മറ്റുള്ളവയില്‍നിന്നും അല്‍പം ഭേദമാണെന്നു മാത്രം. എന്നാല്‍ ഇമാം ഗസാലിക്ക് ഇവ്വിഷയകമായി കൃത്യമായ അവബോധം ഉണ്ടായിരുന്നു എന്നതിന് അദ്ദേഹത്തിന്റെ രചനകള്‍ തന്നെയാണ് സാക്ഷ്യം. അത്കൊണ്ട് തന്നെ ആമുദി, സുബുകി, ബൈളാവി, സര്‍കശി തുടങ്ങിയ പണ്ഡിതര്‍ പ്രസ്തുത ഘടനയില്‍ പൂര്‍ണമായല്ലെങ്കില്‍ പോലും അദ്ദേഹത്തെ അനുകരിച്ചതായി കാണാവുന്നതാണ്.
ഇമാം ഗസാലി തന്റെ അല്‍ മുസ്വ്ത്വസ്ഫായില്‍ മുന്‍ഗാമികള്‍ ഫിഖ്ഹ് നിദാനശാസ്ത്രത്തില്‍ നടത്തിയ ഒട്ടുമിക്ക ഗവേഷണങ്ങളെയും ചര്‍ച്ച ചെയ്യുകയും നിരൂപിക്കുകയും ചെയ്യുന്നത് കാണാം. ഖിയാസില്‍ അധിഷ്ഠിതമായ പാരമ്പര്യ തെളിവെടുപ്പ് രീതികളില്‍ നിന്നും പുറത്ത് കടന്ന് പുതിയ രീതികളും ശൈലികളും ആവിഷ്കരിക്കണമെന്ന ചിന്തയില്‍ നിന്നാണ് അദ്ദേഹം അരിസ്റോട്ടിലിയന്‍ തര്‍ക്കശാസ്ത്രം പഠിക്കാന്‍ തുടങ്ങിയത്. പ്രത്യേകിച്ചും മന്‍ത്വികിലെ വിഷയങ്ങള്‍ ദീനിനോട് അനുകൂലമായോ പ്രതികൂലമായോ ബന്ധപ്പെടാത്തതിനാല്‍ ഉസൂലുല്‍ ഫിഖ്ഹില്‍ അവയെ തെളിവെടുപ്പ് രീതിയായി ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം കണക്ക് കൂട്ടി (ഖിറാഅത്തുല്‍ ഫീ കുതുബില്‍ ഗസാലി അല്‍ ഉസൂലിയ്യ പേ. 132). ഇസ്ലാമിക പ്രമാണങ്ങള്‍ വായിച്ചെടുക്കുന്നതിനും അതിനോട് ക്രിയാത്മകമായി സംവദിക്കുന്നതിനും സഹായിക്കുന്ന സൂക്ഷ്മവും കൃത്യവുമായ മാര്‍ഗങ്ങള്‍ക്ക് വേണ്ടി പണ്ഡിതന്മാര്‍ അശ്രാന്തപരിശ്രമം നടത്തുന്ന കാലഘട്ടമായിരുന്നല്ലോ അദ്ദേഹം അഭിമുഖീകരിച്ചത്. സമകാലികനായിരുന്ന ഇമാം റാഗിബുല്‍ അസ്ഫഹാനിയുടെ അദ്ദരീഅ ഇലാ മകാരിമിശ്ശരീഅ എന്ന ഗ്രന്ഥം തദുദ്യമത്തില്‍ അദ്ദേഹത്തിന് വെളിച്ചം നല്‍കുകയുണ്ടായി. അക്കാലഘട്ടത്തിലെ പണ്ഡിതരെല്ലാം പാരമ്പര്യ തെളിവെടുപ്പ് രീതികളിലും മാര്‍ഗങ്ങളിലും അസംതൃപ്തരായിരുന്നുവെന്ന് മാത്രമല്ല, അവയില്‍ കാതലായ പരിഷ്കരണത്തിനായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. നിയമ നിര്‍ധാരണ രീതിയില്‍ ഭാഷാ അപഗ്രഥനത്തിന് സുപ്രധാനമായ സ്ഥാനമുണ്ടെന്നും അദ്ദേഹം സ്ഥാപിച്ചു. ഭാഷാപരമായ ചര്‍ച്ചകള്‍ക്കും, അവയുടെ സൂചനകള്‍ വിശദീകരിക്കുന്നതിനും അദ്ദേഹം ഒട്ടേറെ പേജുകള്‍ മാറ്റിവെച്ചു.
ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനമായി ഗസാലിക്ക് മുമ്പുള്ളവര്‍ ഗണിച്ചിരുന്നത് തഅബ്ബുദ് (ദൈവത്തെ കീഴ്പെടല്‍) ആയിരുന്നു. എന്നാല്‍ ഇതില്‍നിന്നും മാറി ഇസ്ലാമിക നിയമങ്ങളുടെ മസ്ലഹത്(ഉദ്ദേശ്യങ്ങള്‍) മുന്‍ നിര്‍ത്തിയാണ് ഇമാം ഗസാലി തന്റെ ചര്‍ച്ചകള്‍ ആരംഭിച്ചത്. കാരണം ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനം കേവലം തഅബ്ബുദ് ആയി പരിഗണിക്കുന്നേടത്തോളം കാലം അവയുടെ കാരണങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെടുന്നു. എന്നാല്‍ ഗസാലി പ്രസ്തുത നിയമങ്ങളുടെ കാരണങ്ങള്‍ അപഗ്രഥിക്കുകയും അവയെ വിവിധ വിഭാഗങ്ങളായി വേര്‍തിരിക്കുകയും ചെയ്തു.
തര്‍ക്കശാസ്ത്രം അഥവാ മന്‍ത്വിക് ഉസ്വൂലിലേക്ക് കലര്‍ത്തുക വഴി ഫിഖ്ഹ് നിദാനശാസ്ത്രത്തെ നശിപ്പിക്കുകയാണ് ഇമാം ഗസാലി ചെയ്തതെന്ന് ചിലര്‍ ആരോപണമുന്നയിക്കാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അല്‍ മുസ്വതസ്വ്ഫാ പരിശോധിച്ചാല്‍ തര്‍ക്കശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു സാങ്കേതിക പദപ്രയോഗം പോലും- മുഖവുരയില്‍ നല്‍കിയ വിശദീകരണങ്ങളൊഴികെ- കാണാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. അദ്ദേഹത്തിന് ശേഷം വന്ന ഉസ്വൂലീ പണ്ഡിതരെല്ലാം തങ്ങളുടെ ഗ്രന്ഥങ്ങളില്‍ തര്‍ക്കശാസ്ത്ര പദപ്രയോഗങ്ങള്‍ ധാരാളമായി ഉപയോഗിക്കുകയും അവയെ ഉസ്വൂലുല്‍ ഫിഖ്ഹിലെ മുഖ്യവിഷയമായി പരിഗണിക്കുകയും ചെയ്തുവെന്നത് മറ്റൊരു പരമാര്‍ഥം. കേരളത്തിലെ പാരമ്പര്യ മതപാഠശാലകളില്‍ ഇന്നും പഠിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ജംഉല്‍ ജവാമിഅ് അതിന് ഏറ്റവും പ്രബലമായ ഉദാഹരണമത്രെ. തര്‍ക്കശാസ്ത്രത്തില്‍ മുസ്ലിം ഉമ്മത്തിന് ക്രിയാത്മകമായി ഉപയോഗപ്പെടുത്താവുന്ന മേഖലകള്‍ പരിചയപ്പെടുത്തുകയാണ് ഇമാം ഗസാലി ചെയ്തത്. ഏകദേശം എല്ലാ വൈജ്ഞാനിക ശാഖകള്‍ക്കും പ്രത്യേകിച്ച്, ഫിഖ്ഹ് നിദാന ശാസ്ത്രത്തിനും ഒഴിച്ച് കൂടാനാവാത്ത മുതല്‍കൂട്ടാണ് ധൈഷണിക തെളിവെടുപ്പ് രീതികളും അവയുടെ മേഖലകളും.
ഫിഖ്ഹ് നിദാന ശാസ്ത്രം ഇമാം ഗസാലിയെ സംബന്ധിച്ചേടത്തോളം നിരൂപണത്തിന് അതീതമായ വൈജ്ഞാനിക മേഖലയായിരുന്നില്ല, മറിച്ച് പ്രസ്തുത ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇമാം ശാഫിഈ മാതൃക കാണിച്ച പോലെ പരിഷ്കരണത്തിനും പുനര്‍വിചിന്തനത്തിനും സാധ്യതയുള്ള ധൈഷണിക മണ്ഡലമാണ് അത്. കര്‍മശാസ്ത്ര നിയമനിര്‍മാണത്തിന് സഹായിക്കുന്ന അടിസ്ഥാനങ്ങള്‍ വായിച്ചെടുക്കുക എന്നാണ് ഈ ഉമ്മത്തിലെ പണ്ഡിതര്‍ അതിനെ വിശദീകരിക്കുന്നത് (ഉസ്വൂലുല്‍ ഫിഖ്ഹ് പേ-51). ഇമാം ഗസാലിയാവട്ടെ അതിനെ ഇപ്രകാരം വിശദീകരിക്കുന്നു: നിയമങ്ങളുടെ പ്രമാണങ്ങള്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിങ്ങനെ മൂന്നാണ്. ഈ അടിസ്ഥാനങ്ങള്‍ സ്ഥിരപ്പെടുന്ന മാര്‍ഗങ്ങള്‍, അവയുടെ സാധുതക്കുള്ള നിബന്ധനകള്‍, നിയമങ്ങളെ വിവരിക്കുന്ന ശൈലികള്‍ തുടങ്ങിയവയാണ് ഉസ്വൂലുല്‍ ഫിഖ്ഹ് അഥവാ കര്‍മ നിദാനശാസ്ത്രം എന്ന് അറിയപ്പെടുന്നത്. (അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം ഭാ-1 പേ-23).
ഇജ്തിഹാദ്, മുജ്തഹിദ് തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ സംബന്ധിച്ച് വിവരമുണ്ടായിരിക്കുക, തെറ്റുകളില്‍നിന്ന് അകന്ന് നില്‍ക്കുന്ന ഉന്നത സ്വഭാവ മര്യാദകള്‍ ഉണ്ടായിരിക്കുക എന്നീ രണ്ട് നിബന്ധനകളാണ് മുജ്തഹിദിന്റെ യോഗ്യതയായി അദ്ദേഹം വിവരിച്ചത്. ഇജ്തിഹാദ് വൈജ്ഞാനിക വരേണ്യ വര്‍ഗത്തിന് തീറെഴുതപ്പെടുകയും, സാധാരണ പണ്ഡിതന്മാര്‍ക്ക് അപ്രാപ്യമായ മരീചികയാവുകയും ചെയ്ത അക്കാലത്ത് ഉസ്വൂല്‍ ഗ്രന്ഥങ്ങളെല്ലാം മുജ്തഹിദിന്റെ നിബന്ധനകള്‍ വിവരിച്ചിരുന്നത് സുദീര്‍ഘമായ താളുകളിലായിരുന്നു. എന്നാല്‍ ഇമാം ഗസാലി അവയെ ലളിതമാക്കുകയും അതിന്റെ ഫലം മുസ്ലിം ഉമ്മത്തിന് അന്യായപ്പെട്ട് പോവാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇസ്ലാമിലെ നിയമനിര്‍ധാരണ സംവിധാനം ആര്‍ക്കും എങ്ങനെയും കൈകാര്യം ചെയ്യാം എന്നല്ല ഇതിന്റെ അര്‍ഥം. ലഭ്യമായ പ്രമാണങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കുന്നതില്‍ വീഴ്ച വന്നാല്‍ മുജ്തഹിദ് കുറ്റക്കാരനാകുമെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു.
മഖാസ്വിദുശ്ശരീഅ
ഫിഖ്ഹുല്‍ മഖാസിദ്(ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍) ചര്‍ച്ചചെയ്യപ്പെടുന്ന സമകാലീന വേദികള്‍ സാധാരണയായി വിസ്മരിക്കപ്പെടുന്നു.  ഇമാം ഗസാലി തന്റെ ഏകദേശം എല്ലാ ഫിഖ്ഹി ഗ്രന്ഥങ്ങളിലും അതേക്കുറിച്ച് സൂചിപ്പിച്ചതായി കാണാം. ശിഫാഉല്‍ ഗലീലില്‍ നിയമങ്ങളുടെ കാരണങ്ങള്‍ പരിശോധിക്കല്‍(തഅ്ലീല്‍) ഫിഖ്ഹുല്‍ മഖാസിദിലേക്കുള്ള മുഖവുരയായി സമര്‍പ്പിച്ച അദ്ദേഹം, അല്‍ മുസ്വ്ത്വസ്വ്ഫായിലൂടെ അതിന്റെ പൂര്‍ണതയിലെത്തി. ശരീഅത്തിന്റെ താല്‍പര്യങ്ങളെ അനിവാര്യമായവ(ളറൂറിയ്യത്ത്), അവശ്യമായവ(ഹാജിയ്യാത്ത്), അലങ്കാരത്തിനുള്ളവ(തഹ്സീനിയ്യാത്ത്) എന്ന് കൃത്യമായി ഉദാഹരണങ്ങള്‍ സഹിതം വിഭജിച്ചത് ഇമാം ഗസാലി ആയിരുന്നു. അനിവാര്യമായവ(ളറൂറിയ്യത്ത്) യെ ദീന്‍, നഫ്സ്, നസ്ല്, അഖ്ല്, മാല്‍ എന്നും വേര്‍തിരിച്ചത് ഈ മഹാനുഭാവന്‍ തന്നെ. അദ്ദേഹം പറയുന്നു. ശരീഅത്തിന്റെ ഉദ്ദേശ്യങ്ങള്‍ അഞ്ച് ആണ്. സൃഷ്ടിയുടെ ദീനും, നഫ്സും, ബുദ്ധിയും, പാരമ്പര്യവും, ധനവും സംരക്ഷിക്കുകയെന്നതാണ് അവ. ഈ അടിസ്ഥാനങ്ങള്‍ സംരക്ഷിക്കാനുതകുന്ന കാര്യങ്ങളാണ് അതിന്റെ താല്‍പര്യം. (അല്‍ മുസ്വ്ത്വസ്ഫാ) ഇമാം ശാത്വബിയും അദ്ദേഹത്തിന് ശേഷം വന്നവരും അവ എടുത്തുദ്ധരിക്കുകയും വിശദീകരിക്കുകയുമാണ് ചെയ്തത്. ജീവിച്ച കാലങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസം തന്നെ ഉണ്ടെങ്കിലും ഇമാം ശാത്വബിയുടെ വളരെ പ്രധാനപ്പെട്ട ഗുരുവായാണ് ഇമാം ഗസാലി ഗണിക്കപ്പെടുന്നത്. ഇവ മാത്രമല്ല മഖാസിദുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിഭജനങ്ങളും പ്രയോഗങ്ങളും ആവിഷ്കരിച്ച് അതിനെ ഒരു പ്രധാനപ്പെട്ട വൈജ്ഞാനിക ശാഖയാക്കിയതിനുള്ള മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിന് തന്നെയാണ്. (ശിഫാഉല്‍ ഗലീല്‍ പേ-353, അസാസുല്‍ ഖിയാസ് 52, അല്‍ മുസ്വ്തസ്വ്ഫാ ഭാ-1 പേ-174)
ഇമാം ഗസാലിയുടെ ഫിഖ്ഹ് നിദാനശാസ്ത്രത്തിലെ ഗ്രന്ഥങ്ങള്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്. പ്രസ്തുത വൈജ്ഞാനിക ശാഖയുടെ പരിഷ്കരണ(തജ്ദീദ് ഉസ്വൂലില്‍ ഫിഖ്ഹ്)വുമായി ബന്ധപ്പെട്ട ചര്‍ച്ചകളും, സംവാദങ്ങളും ഇന്ന് ആധുനിക പണ്ഡിതന്മാര്‍ക്കിടയില്‍ സജീവമാണ്. മഖാസിദുശ്ശരീഅ (ശരീഅത്തിന്റെ താല്‍പര്യങ്ങള്‍)യും ഇജ്തിഹാദുല്‍ മഖാസിദു(ഉദ്ദേശ്യങ്ങള്‍ പരിഗണിച്ചുള്ള നിയമ നിര്‍ധാരണം) മെല്ലാം മുസ്ലിം ലോകത്തെ പണ്ഡിത വൃത്തത്തില്‍ മാത്രമല്ല, പൊതു സമൂഹത്തിലും ചര്‍ച്ചക്ക് വിഷയീഭവിക്കുമ്പോള്‍, ഇത്തരം പരിശ്രമങ്ങള്‍ക്ക് ബീജാവാപം നല്‍കിയ ഹുജ്ജത്തുല്‍ ഇസ്ലാം അബൂ ഹാമിദില്‍ ഗസാലിയുടെ ബൌദ്ധിക സംഭാവനകളുടെ പുനര്‍ വായന പ്രസക്തമത്രെ.


(മലേഷ്യന്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ലേഖകന്‍)
mail2vasy@gmail.com

Comments

Other Post