Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി കര്‍മശാസ്ത്രത്തിന് നല്‍കിയത്‌

മുഹമ്മദ് കാടേരി

ഇസ്‌ലാമിക നിയമസംഹിതയുടെ അന്യൂനവും അഭംഗുരവുമായ നിലനില്‍പ് അല്ലാഹുവിന്റെ അലംഘനീയ തീരുമാനമാണ്. ''തീര്‍ച്ചയായും നാമാണ് ഈ ഉദ്‌ബോധനം അവതരിപ്പിച്ചത്. നിസ്സംശയം നാം അതിനെ സംരക്ഷിക്കുന്നവരുമാകുന്നു'' (ഖുര്‍ആന്‍ 15:9). ഇസ്‌ലാമിക ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ രംഗപ്രവേശം ചെയ്ത പ്രതിഭാധനരായ പണ്ഡിതന്മാരിലും അവരുടെ ബൃഹത്തായ ജ്ഞാനസേവയിലുമാണ് ഈ ദൈവിക നിശ്ചയത്തിന്റെ പ്രാവര്‍ത്തിക രൂപം നമുക്ക് ദര്‍ശിക്കാനാകുന്നത്. 'പണ്ഡിതന്മാര്‍ പ്രവാചകരുടെ അനന്തരാവകാശികളാണ് എന്ന' നബിവചനം അവര്‍ അന്വര്‍ഥമാക്കി. പ്രവാചകമാതൃകയിലുള്ള ഖിലാഫത്തിനെ പുനഃസ്ഥാപിച്ച ഉമറുബ്‌നു അബ്ദില്‍ അസീസ്, കര്‍മശാസ്ത്ര വിശാരദന്മാരായ മുഹമ്മദുല്‍ ബാഖിര്‍, ഖാസിമുബ്‌നു മുഹമ്മദ്, സാലിമുബ്‌നു അബ്ദില്ലാ, ഹസനുല്‍ ബസ്വ്‌രി, ഇബ്‌നു സീരീന്‍, ഖുര്‍ആന്‍ പാരായണ ശാസ്ത്ര വിദഗ്ധനായ ഇബ്‌നു കസീര്‍, ഹദീസ് വിജ്ഞനായ സുഹ്‌രി തുടങ്ങിയവര്‍ ആദ്യ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നിയുക്തരായ നവോത്ഥാന നായകരായിരുന്നു. പിന്നീട് അബൂഹനീഫ, മാലിക്, ശാഫിഈ, അഹ്മദ്, ബുഖാരി, മുസ്‌ലിം തുടങ്ങിയ മഹാരഥന്മാരിലൂടെ തുടര്‍ന്നുവന്ന പണ്ഡിത ശൃംഖലയിലെ ബലിഷ്ഠമായ കണ്ണിയാണ് ഇമാം ഗസാലി.
പുനരുദ്ധാരക ശ്രേണിയിലെ ഏതൊരു ഇമാമിനെയും അനുസ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞ വിജ്ഞാനശാഖ നമ്മുടെ മനസ്സില്‍ തെളിഞ്ഞുവരും. എന്നാല്‍ ഇമാം ഗസ്സാലിയെ ഓര്‍ക്കുമ്പോള്‍ ഒന്നല്ല, ഒരു കൂട്ടം വിജ്ഞാനീയങ്ങളാണ് മനോദര്‍പ്പണത്തില്‍ പ്രതിബിംബിക്കുന്നത്. ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, സംവാദം, കര്‍മശാസ്ത്രം, നിദാനശാസ്ത്രം, ആധ്യാത്മിക ജ്ഞാനം തുടങ്ങി വൈവിധ്യമാര്‍ന്ന വിജ്ഞാനീയങ്ങള്‍. ഇവയില്‍ കര്‍മശാസ്ത്രമാണ് ഗസാലി ഏറെ പ്രാമുഖ്യം നല്‍കിയ വിജ്ഞാനശാഖ. പ്രമാണവും ബുദ്ധിയും സമന്വയിച്ചിട്ടുള്ള വിജ്ഞാനമാണ് ഏറ്റവും ശ്രേഷ്ഠമെന്നും ഫിഖ്ഹും (കര്‍മശാസ്ത്രം), ഉസ്വൂലുല്‍ ഫിഖ്ഹും (കര്‍മശാസ്ത്രനിദാന തത്ത്വങ്ങള്‍) ഈ വിഭാഗത്തിലുള്‍പെടുന്നുവെന്നും മുസ്തസ്വ്ഫാ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ ശോഭന ഘട്ടം അധികവും വിനിയോഗിച്ചത് ഫിഖ്ഹിന്റെ പഠനത്തിലും അധ്യാപനത്തിലുമാണെന്നും വ്യക്തമാക്കിയിരിക്കുന്നു.
സാത്വികനായ പിതാവിന്റെ പ്രാര്‍ഥനയും അനിതര സാധാരണമായ ബുദ്ധിശക്തിയും പ്രഗത്ഭരായ ഗുരുവര്യന്മാരുടെ ശിക്ഷണവുമാണ് കര്‍മശാസ്ത്രത്തിന്റെ ഉന്നതശിഖരങ്ങള്‍ കീഴടക്കുന്നതിന് ഗസാലിയെ സഹായിച്ച മുഖ്യഘടകങ്ങള്‍. സ്വദേശമായ ത്വൂസില്‍ അഹ്മദുബ്‌നു മുഹമ്മദിര്‍റാദകാനിയുടെ കീഴിലാണ് കര്‍മശാസ്ത്ര പഠനത്തിന് തുടക്കം കുറിച്ചത്. പിന്നീട് ജുര്‍ജാനില്‍ അബൂ നസ്വ്‌റില്‍ ഇസ്മാഈലിയുടെ കീഴില്‍ പഠനം തുടര്‍ന്നു. തനിക്കു ലഭിച്ചുകൊണ്ടിരുന്ന പുതിയ അറിവുകളും നിരീക്ഷണങ്ങളും രേഖപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു ഗസാലി. ഈ പഠനക്കുറിപ്പുകള്‍ തഅ്‌ലീഖ എന്നറിയപ്പെടുന്നു.
ഇമാമുല്‍ ഹറമൈന്‍ എന്ന പേരില്‍ പ്രശസ്തനായ പ്രമുഖ ശാഫിഈ പണ്ഡിതന്‍ അബ്ദുല്‍ മലികില്‍ ജുവൈനിയുടെ കീഴിലായിരുന്നു ഉപരിപഠനം. പ്രമുഖ പണ്ഡിതന്മാരായ ഇല്‍കിയാ അല്‍ ഹര്‍റാസി, ഖവാഫി തുടങ്ങിയവര്‍ സഹപാഠികളായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഗസ്സാലി ഏതാനും വര്‍ഷങ്ങളിലെ കഠിനപ്രയത്‌നത്തിലൂടെ ശാഫിഈ മദ്ഹബില്‍ പ്രാവീണ്യം നേടി. ഇല്‍മുല്‍ കലാം (ദൈവശാസ്ത്രം), ഉസ്വൂലുല്‍ ഫിഖ്ഹ് (കര്‍മശാസ്ത്ര നിദാന തത്ത്വങ്ങള്‍), മന്‍ത്വിഖ്  (തര്‍ക്കശാസ്ത്രം), ഫല്‍സഫ (തത്ത്വശാസ്ത്രം) തുടങ്ങിയ വിജ്ഞാനീയങ്ങളിലും മികവുറ്റ പാണ്ഡിത്യത്തിനുടമയായി. പണ്ഡിതന്മാരുടെ അഭിപ്രായാന്തരങ്ങളിലും (ഇല്‍മുല്‍ ഖിലാഫ്) സംവാദ കല(ജിദാല്‍)യിലും വ്യുല്‍പത്തി നേടി. അന്ന് 28 വയസ്സായിരുന്നു ഗസാലിയുടെ പ്രായം. ഇക്കാലത്ത് തന്നെ ആദര്‍ശരംഗത്തെ പ്രതിയോഗികളുമായി സംവാദങ്ങള്‍ക്കും ഗ്രന്ഥരചനക്കും തുടക്കം കുറിച്ചിരുന്നു. അദ്ദേഹത്തിന്റെ  ജ്ഞാന മികവും ധിഷണാ വൈഭവവും ഗുരുവര്യനായ ഇമാമുല്‍ ഹറമൈന്‍ തുടക്കം മുതലേ മനസ്സിലാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പാഠങ്ങള്‍ ആവര്‍ത്തിച്ചുകൊടുക്കാനും തന്റെ അഭാവത്തില്‍ അധ്യാപനം നിര്‍വഹിക്കാനും ഗസാലിയെ അദ്ദേഹം ചുമതലപ്പെടുത്തി. തന്റെ പ്രഗത്ഭരായ ശിഷ്യന്മാരെ യുക്തമായ വിശേഷണം നല്കി ആദരിക്കുക ഇമാമുല്‍ ഹറമൈന്റെ സമ്പ്രദായമായിരുന്നു. ജ്ഞാനത്തിന്റെ നിറസാഗരം (ബഹ്‌റുന്‍ മുഗ്ദിഖ്) എന്നാണ് ഗസാലിക്ക് നല്‍കിയ വിശേഷണം. ഗസാലിയുടെ വൈജ്ഞാനികൗന്നത്യം ഇതില്‍ നിന്ന് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ.
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് (മതപുനരുദ്ധാരകന്‍) ആയാണ് പണ്ഡിത ലോകം അദ്ദേഹത്തെ വിലയിരുത്തുന്നത്. ഇമാം സുയൂത്വിയുടെ പദ്യകൃതിയിലെ ഒരു ഈരടി ഇപ്രകാരമാണ്:
വല്‍ഖാമിസുല്‍ ഹബ്‌റു
ഹുവല്‍ ഗസാലി
വഅദ്ദുഹു മാഫീഹി മിന്‍ ജിദാലി
(മഹാ പണ്ഡിതനായ അഞ്ചാമന്‍ ഗസാലിയാകുന്നു. അദ്ദേഹത്തെ അവ്വിധം പരിഗണിക്കുന്നത് തര്‍ക്കമറ്റ കാര്യമാണ്). ആധുനിക പണ്ഡിതനായ ശൈഖ് അബൂ സഹ്‌റ എഴുതുന്നു: ''ഇമാം ശാഫിഈയുടെ ജനന ശേഷം മൂന്ന് ശതകങ്ങള്‍ പിന്നിടുമ്പോഴാണ് ഇമാം ഗസാലിയുടെ ആഗമനം. കര്‍മശാസ്ത്ര നിദാന തത്ത്വങ്ങളുടെ (ഉസ്വൂലുല്‍ ഫിഖ്ഹ്) ഉപജ്ഞാതാവാണ് ഇമാം ശാഫിഈയെങ്കില്‍, അദ്ദേഹത്തിന്റെ നിദാനതത്ത്വങ്ങളെ ആധാരമാക്കി കര്‍മശാസ്ത്രത്തിന്റെ പുനരുദ്ധാരണം നിര്‍വഹിച്ച ത്രിമൂര്‍ത്തികളില്‍ ഒരാളാണ് ഗസാലി.'' ഇമാം ഗസാലിയുടെ ശിഷ്യനും പ്രമുഖ പണ്ഡിതനുമായ മുഹമ്മദുബ്‌നു യഹ്‌യാ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ശാഫിഈ രണ്ടാമന്‍' എന്നാണ്.
കര്‍മശാസ്ത്ര നിലപാട്
ഖുര്‍ആനും ഹദീസും ഉള്‍പ്പെടെയുള്ള ഉദ്ധൃത പ്രമാണ(നഖ്ല്‍)ങ്ങളാണ് കര്‍മശാസ്ത്ര നിയമങ്ങളുടെ മുഖ്യാധാരം. അതോടൊപ്പം ബുദ്ധിപരമായ ഇടപെടലുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അര്‍ഹമായ സ്ഥാനവും അത് നല്‍കുന്നു. അതിനാല്‍ പ്രമാണങ്ങളുടെയും ധിഷണാശക്തിയുടെയും സമന്വയത്തില്‍ നിന്ന് ഉറവെടുത്തവയാണ് ഗസാലിയുടെ കര്‍മശാസ്ത്ര നിരീക്ഷണങ്ങള്‍. പ്രഥമമായി പ്രമാണങ്ങളെയും രണ്ടാമതായി ധിഷണയെയും അദ്ദേഹം അവലംബിച്ചു. തെളിവുകളുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ പ്രബലമെന്ന് മനസ്സിലാക്കിയതിനെ അദ്ദേഹം പിന്തുണച്ചു. 'പ്രമാണങ്ങളുടെ (നസ്സ്വ്) അഭാവത്തില്‍ എങ്ങനെയാണ് വിധി കല്‍പിക്കുക? ഇജ്തിഹാദിനെ അവലംബിക്കുകയോ? അത് അഭിപ്രായാന്തരങ്ങള്‍ക്ക് നിമിത്തമാവില്ലേ?' എന്ന ചോദ്യത്തിന് ഗസാലിയുടെ മറുപടി ഇപ്രകാരമാണ്: ''നബി(സ) മുആദിനെ യമനിലേക്ക് നിയോഗിച്ചപ്പോള്‍ അദ്ദേഹം ചെയ്തതുതന്നെ നാമും അനുവര്‍ത്തിക്കും. അതായത് പ്രമാണമുള്ള വിഷയങ്ങളില്‍അതവലംബിക്കും. ഇല്ലെങ്കില്‍ ഇജ്തിഹാദ് ചെയ്യും.'' അനുകര്‍ത്താവ് (മുഖല്ലിദ്)പിന്തുടരേണ്ടത് ആരെയാണ്? അബൂഹനീഫയെയാണോ? അതോ ശാഫിഈയെയോ? അതല്ലെങ്കില്‍ മറ്റു വല്ലവരെയുമാണോ? എന്നു ചോദിക്കുന്നവരോട് അദ്ദേഹം മറുചോദ്യം ഉന്നയിക്കുന്നു: ''ഖിബ്‌ല അവ്യക്തമായിത്തീര്‍ന്ന ഒരുവന്റെ മുമ്പില്‍, തദ്‌സംബന്ധമായി നിരീക്ഷണം നടത്തിയവര്‍ വിവിധ അഭിപ്രായങ്ങള്‍അവതരിപ്പിച്ചാല്‍ അയാള്‍ എന്താണ് ചെയ്യേണ്ടത്?'' തുടര്‍ന്നദ്ദേഹം പറയുന്നു: തെളിവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തവും യുക്തവുമായത് സ്വീകരിക്കണമെന്നാണ് മറുപടിയെങ്കില്‍ മദ്ഹബുകളുടെ കാര്യത്തിലും അതുതന്നെയാണ് കരണീയം'' (അല്‍ മുന്‍ഖിദു മിനദ്ദലാല്‍).
സ്വന്തം ഇജ്തിഹാദാണ് മൗലികമെന്നും മദ്ഹബുകളിലും അഭിപ്രായാന്തരങ്ങളിലും പ്രബലമേതെന്ന് നിര്‍ണയിക്കാന്‍ സ്വയം ഇജ്തിഹാദ് ചെയ്‌തേ പറ്റൂ എന്നുമാണ് ഇതിലൂടെ ഇമാം ഗസാലി സൂചിപ്പിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ഇമാം ഗസാലി സ്വയം ഒരു മുജ്തഹിദായിരുന്നു. എന്നാല്‍ മദ്ഹബിന്റെ വൃത്തപരിധിക്കുള്ളില്‍ നിലകൊണ്ട (മുജ്തഹിദ് മുഖയ്യദ്) മുജ്തഹിദാണ് അദ്ദേഹം. കേവലം ഒരു അനുകര്‍ത്താവ് (മുഖല്ലിദ്) ആയല്ല മദ്ഹബിനെ അദ്ദേഹം അനുധാവനം ചെയ്തത്. പ്രമാണങ്ങളുടെയും ഇജ്തിഹാദിന്റെയും അടിസ്ഥാനത്തില്‍ ശരിയും അനുകരണീയവുമെന്ന് ബോധ്യപ്പെട്ടതിനാല്‍ അദ്ദേഹം ശാഫിഈ മദ്ഹബ് തെരഞ്ഞെടുക്കുകയായിരുന്നു.
സംഭാവനകള്‍
അധ്യാപനം, സത്യദീനിന്റെ സംരക്ഷണാര്‍ഥമുള്ള സംവാദം, ഗ്രന്ഥരചന, ഇജ്തിഹാദ്, ഫത്‌വാ, സദുപദേശം, ശാഫിഈ മദ്ഹബിന്റെ സംശോധന തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നു ഗസാലിയുടെ സേവനങ്ങള്‍.
ഗസാലിയുടെ കര്‍മശാസ്ത്ര സംബന്ധിയായ രചനകള്‍ മൂന്ന് ശീര്‍ഷകങ്ങളിലായി തരംതിരിക്കാം. കര്‍മശാസ്ത്രം, കര്‍മശാസ്ത്ര നിദാന തത്ത്വങ്ങള്‍, കര്‍മശാസ്ത്രത്തിലെ ഭിന്ന വീക്ഷണങ്ങള്‍ എന്നിവയാണവ. ഉസ്വൂലുല്‍ ഫിഖ്ഹില്‍ അദ്ദേഹം നാല് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അല്‍ മന്‍ഖൂലു മിന്‍തഅ്‌ലീഖില്‍ ഉസ്വൂല്‍, ശിഫാഉല്‍ ഗലീല്‍, തഹ്ദീബുല്‍ ഉസ്വൂല്‍, അല്‍ മുസ്തസ്വ്ഫാ മിന്‍ ഇല്‍മില്‍ ഉസ്വൂല്‍ എന്നീ നാല് ഗ്രന്ഥങ്ങള്‍. ഇവയില്‍ അല്‍ മന്‍ഖൂല്‍ എന്ന ഗ്രന്ഥം ഗുരുനാഥന്‍ ഇമാമുല്‍ ഹറമൈന്റെ നിരീക്ഷണങ്ങളുടെയും ടിപ്പണികളുടെയും സമാഹാരമാണ്.ഈ ഗ്രന്ഥത്തില്‍ അവസാനഭാഗത്ത് താന്‍ ഇമാം ശാഫിഈയുടെ മദ്ഹബ് തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടുണ്ട്. ഉസ്താദ് മുഹമ്മദ് ഹസന്‍ ഹീത്തു ഈ ഗ്രന്ഥം സംശോധന ചെയ്ത് ദമസ്‌കസില്‍ പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ ഗ്രന്ഥമായ ശീഫാഉല്‍ ഗലീലിന്റെ പൂര്‍ണനാമം ശിഫാഉല്‍ ഗലീലി ഫീ ബയാനി ശ്ശുബഹി വല്‍ മഖീലി വമശാകിലിത്തഅ്‌ലീല്‍ എന്നാണ്. ഡോ. ഹമദ് അല്‍ കബീസി സംശോധന നിര്‍വഹിച്ച ഈ ഗ്രന്ഥം ഇറാഖിലാണ് അച്ചടിച്ചിട്ടുള്ളത്. ഖിയാസു(ന്യായാധികരണം)മായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഉള്ളടക്കം. മൂന്നാമത്തെ ഗ്രന്ഥമായ തഹ്ദീബുല്‍ ഉസ്വൂലിനെ സംബന്ധിച്ച പരമാര്‍ശം അല്‍ മുസ്തസ്വ്ഫായുടെ ആമുഖത്തില്‍ കാണാം. ഉസ്വൂലുല്‍ ഫിഖ്ഹുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും സമഗ്രമായും സവിസ്തരമായും ചര്‍ച്ച ചെയ്യുന്നു ഈ ഗ്രന്ഥം. എന്നാല്‍ ഇതിന്റെ പകര്‍പ്പ് ഇന്ന് എവിടെയും ലഭ്യമല്ല. നാലാമത്തെ ഗ്രന്ഥമായ അല്‍ മുസ്തസ്വ്ഫാ കര്‍മശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഏറെ സുപരിചിതമാണ്. കര്‍മശാസ്ത്ര നിദാന തത്ത്വങ്ങള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥമായി ഇന്നും വ്യാപകമായി അതുപയോഗിക്കപ്പെടുന്നു. ഒട്ടേറെ പണ്ഡിതന്മാര്‍ അതിന് വ്യാഖ്യാനം, ടിപ്പണികള്‍,സംഗ്രഹം എന്നിവ രചിച്ചിട്ടുണ്ട്. വിവിധ പതിപ്പുകളായി ഈ കൃതി പലതവണ പ്രസിദ്ധീകൃതമായിട്ടുണ്ട്.
കര്‍മശാസ്ത്രത്തില്‍ ഇമാം ഗസാലിക്ക് പ്രസിദ്ധമായ നാല് ഗ്രന്ഥങ്ങള്‍ ഉണ്ട്. ബസീത്വ്, വസീത്വ്, വജീസ്, ഖുലാസ്വ എന്നിവയാണവ. ഈ ഗ്രന്ഥനാമങ്ങളെ യഥാക്രമം വിപുലം, മധ്യമം, സംക്ഷിപ്തം, സാരാംശം എന്നിങ്ങനെ തര്‍ജമ ചെയ്യാം. അവയുടെ ഉള്ളടക്കത്തിന്റെ വികാസ സങ്കോചങ്ങളെ സൂചിപ്പിക്കുന്നു പ്രസ്തുത നാമങ്ങള്‍.
മദ്ഹബിന്റെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ വിശദമായി തെളിവുകളുടെ അകമ്പടിയോടെ പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥമാണ് ബസീത്വ്. അബൂഹനീഫ, മാലിക്, അഹ്മദ് എന്നീ ഇമാമുകളുടെ വീക്ഷണങ്ങളും സന്ദര്‍ഭോചിതം വിവരിക്കുന്നു. ഇമാമുല്‍ ഹറൈമന്റെ വിഖ്യാത ഗ്രന്ഥമായ നിഹായത്തുല്‍ മത്വ്‌ലബിന്റെ സംഗ്രഹമാണിത്. ഗ്രന്ഥകാരന്റെ വക കൂട്ടിച്ചേര്‍ക്കലുകളുമുണ്ട്. നിഹായ ഈയിടെ അച്ചടിക്കപ്പെട്ടെങ്കിലും ബസീത്വ് പ്രസിദ്ധീകൃതമല്ല. വിവിധ ലൈബ്രറികളില്‍ കൈയെഴുത്ത് പ്രതികളായി സൂക്ഷിച്ചിരിക്കുന്നു. ബസീത്വിന്റെ സംഗ്രഹമാണ് വസീത്വ് എന്ന ഗ്രന്ഥം. ബസീത്വില്‍ ഇല്ലാത്ത പല വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. അല്‍ വസീത്വു ഫില്‍ മദ്ഹബ് എന്നാണ് മുഴുവന്‍ പേര്. ശാഫിഈ മദ്ഹബിന്റെ സമഗ്രവും എന്നാല്‍ സംക്ഷിപ്തവുമായ സമാഹാരമാണിതെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇമാം ഗസാലിയെയും ഗ്രന്ഥത്തെയും പരിചയപ്പെടുത്തുന്ന പ്രൗഢമായ ആമുഖത്തോടെ ശൈഖ് അലി മുഹ്‌യിദ്ദീന്‍ ഖറദാഗി ഈ ഗ്രന്ഥം സംശോധന ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വസീത്വിന്റെ സംഗ്രഹമായ വജീസ് കര്‍മശാസ്ത്ര വിശാരദന്മാരെ ഏറെ ആകര്‍ഷിച്ച ഗ്രന്ഥമാണ്. ഒട്ടേറെ പണ്ഡിതന്മാര്‍ അതിനു വ്യാഖ്യാനമോ അടിക്കുറിപ്പുകളോ തയാറാക്കിയിട്ടുണ്ട്. ഇമാം റാഫിഇയുടെ ഫത്ഹുല്‍ അസീസാണ് ഏറെ പ്രശസ്തമായ വ്യാഖ്യാനം. ഫിഖ്ഹില്‍ ഇമാം ഗസാലി രചിച്ച ഏറ്റവും ചെറിയ ഗ്രന്ഥമാണ് ഖുലാസ്വ. ഖുലാസ്വതുല്‍ മുഖ്തസ്വര്‍ വനുഖാവതുല്‍ മുഖ്തസ്വര്‍ എന്നാണതിന്റെ മുഴുവന്‍ പേര്. മുഅ്തസ്വറുല്‍ മുസനിയുടെ സംഗ്രഹമാണത്. ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീന്‍, ജവാഹിറുല്‍ ഖുര്‍ആന്‍ എന്നീ ഗ്രന്ഥങ്ങളില്‍ ഖുലാസ്വയെ സംബന്ധിച്ച് പരാമര്‍ശമുണ്ട്. അച്ചടിക്കപ്പെട്ടിട്ടില്ലെങ്കിലും ഇതിന്റെ കൈയെഴുത്ത് പ്രതികള്‍ വിവിധ ലൈബ്രറികളില്‍ ലഭ്യമാണ്.
ശാഫിഈ മദ്ഹബിന്റെ ആധാരശിലകളായി പരിഗണിക്കപ്പെട്ട അഞ്ചു ഗ്രന്ഥങ്ങളില്‍ രണ്ടെണ്ണം ഇമാം ഗസാലിയുടേതാണ്. മുഖ്തസ്വറുല്‍ മുസനി, മുഹദ്ദബ്, തന്‍ബീഹ്, വസീത്വ്, വജീസ് എന്നിവയാണ് അഞ്ചു ഗ്രന്ഥങ്ങള്‍. ഇമാം ശാഫിഈയുടെ ശിഷ്യന്മാരിലൊരുവനായ മുസനിയുടെ രചനയാണ് മുഖ്തസ്വറുല്‍ മുസനി. മുഹദ്ദബും തന്‍ബീഹും അബൂഇസ്ഹാഖ് ശീറാസിയുടേതാണ്. വസീത്വും വജീസും ഗസാലിയുടേതും. ഈ ഗ്രന്ഥങ്ങളിലൊന്നിനെ അവലംബിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാത്ത ഒരു ഗ്രന്ഥം പിന്നീട് ശാഫിഈ മദ്ഹബില്‍ വിരചിതമായിട്ടില്ലെന്നു പറയാം. പ്രസ്തുത പഞ്ചഗ്രന്ഥങ്ങളില്‍ വെച്ച് മുഹദ്ദബിനെയും വസീത്വിനെയുമാണ് പഠിതാക്കളും ഗവേഷകരും ഗ്രന്ഥകാരന്മാരും ഏറെ ഉപജീവിച്ചിട്ടുള്ളത്. അവ രണ്ടും മനഃപാഠമാക്കുക കര്‍മശാസ്ത്ര വിദ്യാര്‍ഥികളുടെ പതിവായിരുന്നു. ഇമാം റാഫിഇയുടെയും നവവിയുടെയും ഗ്രന്ഥങ്ങളാണ് ഇന്ന് ശാഫിഈ മദ്ഹബിന്റെ മുഖ്യാവലംബം. റാഫിഇയും നവവിയും ഏകോപിച്ചു പറഞ്ഞിട്ടുള്ളതാണ് മദ്ഹബിന്റെ ആധികാരിക വീക്ഷണം. അവര്‍ക്കിടയില്‍ ഭിന്നതയുണ്ടാകുമ്പോള്‍ ഇമാം നവവി പ്രബലപ്പെടുത്തിയതിനാണ് ആധികാരികത. എന്നാല്‍, ഇമാം റാഫിഇയുടെയും നവവിയുടെയും ഗ്രന്ഥങ്ങള്‍ വലിയൊരളവോളം വസീത്വിനെയും വജീസിനെയും ഉപജീവിച്ചുള്ള രചനകളാണ്. ഉദാഹരണമായി റാഫിഈയുടെ ഗ്രന്ഥമായ ഫത്ഹുല്‍ അസീസ്, ഗസാലിയുടെ വജീസിന്റെ വ്യാഖ്യാനമാണ്. ഈ വ്യാഖ്യാനം ശര്‍ഹുല്‍ കബീര്‍ എന്നും അറിയപ്പെടുന്നു. വജീസിന് റാഫിഇയുടെ തന്നെ മറ്റൊരു വ്യാഖ്യാനവും ഉണ്ട്. ശര്‍ഹുസ്സഗീര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. വസീത്വിന്റെ സംഗ്രഹമാണ് വജീസ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. റാഫിഇയുടെ മുഹര്‍റര്‍ എന്ന ഗ്രന്ഥം വജീസിന്റെയും മറ്റും സംക്ഷേപമെന്നോണം രചിച്ചിട്ടുള്ളതാണ്. നവവിയുടെ റൗദ, വജീസിന്റെ വ്യാഖ്യാനമായ ഫത്ഹുല്‍ അസീസിന്റെ സംഗ്രഹമാണ്. മുഹര്‍ററിന്റെ സംഗ്രമാണ് നവവിയുടെ മിന്‍ഹാജ്. മിന്‍ഹാജിന് ശൈഖ് സകരിയ്യല്‍ അന്‍സാരി ഒരു സംഗ്രഹം രചിച്ചിട്ടുണ്ട്. മന്‍ഹജ് എന്നാണ് അതിന്റെ പേര്. നവവിയുടെ റൗദ എന്ന ഗ്രന്ഥത്തിന് റൗദ് എന്ന പേരില്‍ രണ്ടു സംഗ്രഹങ്ങള്‍ ഉണ്ട്. ഒന്ന് യമനി പണ്ഡിതനായ ഇബ്‌നുല്‍ മുഖ്‌രിയുടേതും മറ്റേത് ഈജിപ്ഷ്യന്‍ പണ്ഡിതനായ സകരിയ്യല്‍ അന്‍സാരിയുടേതുമാണ്. ഇന്ന് ശാഫിഈ വൃത്തങ്ങളില്‍ ഏറെ പ്രചുരവും അവലംബനീയവുമായ ഗ്രന്ഥങ്ങളാണ് ഇബ്‌നു ഹജറിന്റെ തുഹ്ഫതുല്‍ മുഹ്താജ്, ഖത്വീബുശ്ശര്‍ബീനിയുടെ മുഗ്‌നില്‍ മുഹ്താജ്, റംലിയുടെ നിഹായതുല്‍ മുഹ്താജ്, മഹല്ലിയുടെ കന്‍സുര്‍റാഗിബീന്‍ എന്നിവ. ഇവയൊക്കെ ഇമാം നവവിയുടെ മിന്‍ഹാജിന്റെ വ്യാഖ്യാനങ്ങളാണ്. ചുരുക്കത്തില്‍ ശാഫിഈ മദ്ഹബിലെ പില്‍ക്കാല രചനകള്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇമാം ഗസാലിയുടെ ഗ്രന്ഥങ്ങളോട് കടപ്പെട്ടിരിക്കുന്നു.
ഇമാം ഗസാലി തന്റെ പ്രകൃത ഗ്രന്ഥങ്ങളിലൂടെ ശാഫിഈ മദ്ഹബിലെ കര്‍മശാസ്ത്ര വീക്ഷണങ്ങളെ സമഗ്രമായി സമാഹരിച്ചു. ഇമാം ശാഫിഈയുടെ വീക്ഷണങ്ങള്‍ക്കു പുറമെ അദ്ദേഹം ആവിഷ്‌കരിച്ച നിദാന തത്വങ്ങളെ ആധാരമാക്കി ശിഷ്യന്മാരും പിന്മുറക്കാരും അവതരിപ്പിച്ച അഭിപ്രായങ്ങളും ചര്‍ച്ചകളും അടങ്ങുന്നതാണ് ശാഫിഈ മദ്ഹബ്. ഈ അഭിപ്രായങ്ങളും ചര്‍ച്ചകളും സസൂക്ഷ്മം വിലയിരുത്തിയ ഗസാലി അവയുടെ ബലാബലം നിര്‍ണയിക്കുകയും തീരെ ദുര്‍ബലവും അപ്രാമാണികവുമായവ നിരാകരിക്കുകയും ചെയ്തു. മുന്‍കാല പണ്ഡിതന്മാര്‍ അഭിമുഖീകരിക്കാത്തതും പില്‍കാലത്ത് ഉയര്‍ന്നുവന്നതുമായ പുതിയ പ്രശ്‌നങ്ങളുടെ വിധി സ്വന്തം ഇജ്തിഹാദിലൂടെ കണ്ടെത്തി. മദ്ഹബിലെ നിദാന തത്വങ്ങളുടെ വെളിച്ചത്തില്‍ ഇമാം ഗസാലി പുതുതായി നിര്‍ധാരണം ചെയ്തതോ മദ്ഹബിലെ ഭിന്ന വീക്ഷണങ്ങളില്‍നിന്ന് അദ്ദേഹം മുന്‍ഗണന കല്‍പിച്ചതോ ആയ അഭിപ്രായങ്ങളുടെ ഒരു പ്രവാഹം തന്നെ പില്‍ക്കാല ശാഫിഈ ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാനാകും. ഇമാം നവവിയെപോലുള്ള പണ്ഡിതന്മാര്‍ പല വിഷയങ്ങളിലും ഗസാലിയുടെ അഭിപ്രായങ്ങള്‍ക്ക് പ്രാമാണികത കല്‍പിക്കുന്നതായും കാണാം. ഉദാഹരണമായി ദൃഷ്ടിഗോചരമല്ലാത്ത മാലിന്യത്തിന്റെ വിധിയെ സംബന്ധിച്ച് നവവി തന്റെ റൗദയില്‍ എഴുതുന്നു: ''ദൃഷ്ടിഗോചരമല്ലാത്ത മാലിന്യം മൂലം വെള്ളവും വസ്ത്രവും മലിനമാകുമോ? അഥവാ അതില്‍ ഇളവ് അനുവദിക്കപ്പെടുമോ? ഈ വിഷയത്തില്‍ ഏഴു വീക്ഷണങ്ങളുണ്ട്. ഇളവുണ്ടെന്ന പക്ഷത്തിനാണ് ഗസാലി മുന്‍ഗണന നല്‍കിയിട്ടുള്ളത്. എന്നാല്‍ മദ്ഹബിലെ ഭൂരിപക്ഷം ഇതിനെതിരാണ്. എങ്കിലും സൂക്ഷ്മജ്ഞാനികളായ ഒരു സംഘം പണ്ഡിതന്മാര്‍ പ്രാമുഖ്യം കല്‍പിച്ചത് ഗസാലിയുടെ അഭിപ്രായത്തിനാണ്. കൂടുതല്‍ പ്രബലവും അതുതന്നെ.'' കര്‍മശാസ്ത്രത്തെ സംബന്ധിച്ചേടത്തോളം വിശിഷ്യാ ശാഫിഈ മദ്ഹബിനെ സംബന്ധിച്ചേടത്തോളം വിലമതിക്കാനാകാത്ത സംഭാവനകളാണ് ഉപരിസൂചിത സേവനങ്ങളിലൂടെ ഗസാലി സമര്‍പ്പിച്ചത്. ഈ സംഭാവനകളാണ് 'ശാഫിഈ രണ്ടാമന്‍' എന്ന വിശേഷണത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. ഈ സംഭാവനകളെ വാഴ്ത്തിക്കൊണ്ട് അബൂഹഫ്‌സ് ഉമറുബ്‌നു അബ്ദില്‍ അസീസ് ത്വറാബുലുസി എന്ന പണ്ഡിതന്‍ ഇപ്രകാരം പാടി:
ഹദ്ദബല്‍ മദ്ഹബ ഹബ്‌റുന്‍
അഹ്‌സനല്ലാഹു ഖലാസ്വഹ്
ബീ ബസീത്വിന്‍ വ വസീത്വിന്‍
വ വജീസിന്‍ വഖുലാസ്വ
(ബസീത്വ്, വസീത്വ്, വജീസ്, ഖുലാസ്വ എന്നീ ഗ്രന്ഥങ്ങള്‍ മുഖേന ഒരു മഹാ പണ്ഡിതന്‍ മദ്ഹബിനെ സംശോധന ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ സുരക്ഷ ഭംഗിയാക്കട്ടെ).
ഫിഖ്ഹില്‍ അഭിപ്രായാന്തരങ്ങളെക്കുറിച്ച ജ്ഞാനത്തിന് വലിയ സ്ഥാനമുണ്ട്. കര്‍മശാസ്ത്ര വിശാരദന്മാര്‍ക്കും ഗവേഷകര്‍ക്കും പണ്ഡിതലോകത്ത് നിലനില്‍ക്കുന്ന വ്യത്യസ്ത വീക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഇല്‍മുല്‍ ഖിലാഫ് എന്നറിയപ്പെടുന്ന ഈ വിജ്ഞാനശാഖക്കും ഇമാം ഗസാലി മഹത്തായ സംഭാവന നല്‍കുകയുണ്ടായി. നാല് ഗ്രന്ഥങ്ങള്‍ ഈ വിഷയകമായി അദ്ദേഹം രചിച്ചു. മആഖിദുല്‍ ഖിലാഫ്, ലുബാബുന്നള്ര്‍, തഹ്‌സ്വീനുല്‍ മആഖിദ് ഫീ ഇല്‍മില്‍ ഖിലാഫ്, അല്‍ മബാദിഉ വല്‍ഗായാത് എന്നിവയാണവ. ഈ ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമല്ല. ഇവയെ സംബന്ധിച്ച സൂചനകള്‍ ഗസാലിയുടെ വിവിധ കൃതികളില്‍ കാണാം.
ഫിഖ്ഹിന്റെ നവീകരണം
കര്‍മശാസ്ത്രത്തിന്റെ നവീകരണമാണ് ഗസാലിയുടെ പ്രസ്താവ്യമായ മറ്റൊരു സംഭാവന. തന്റെ വിശ്രുത ഗ്രന്ഥമായ ഇഹ്‌യാ ഉലൂമിദ്ദീനിലൂടെയാണ് അദ്ദേഹം അത് നിര്‍വഹിച്ചത്. തന്റെ ഉപരിസൂചിത ഗ്രന്ഥങ്ങളിലെല്ലാം കര്‍മശാസ്ത്ര വിശകലനത്തിന്റെ പരമ്പരാഗത രീതിയാണ് ഗസാലി സ്വീകരിച്ചിട്ടുള്ളത്. അതില്‍ നിന്ന് തികച്ചും ഭിന്നവും പുതുമയാര്‍ന്നതുമായ ശൈലി ഇഹ്‌യാഇല്‍ അദ്ദേഹം അവലംബിച്ചിരിക്കുന്നു. ഫിഖ്ഹും തസ്വവ്വുഫും സമന്വയിപ്പിച്ചുകൊണ്ടാണ് അതിന്റെ രചന. ഒരേസമയം ഫിഖ്ഹും തസ്വവ്വുഫും അതില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം. ഇഹ്‌യാഇല്‍ നമസ്‌കാരമെന്നത് റുകൂഅ് സുജൂദ് തുടങ്ങിയ വെറും ശരീര ചേഷ്ഠകളുടെയും ബാഹ്യകര്‍മങ്ങളുടെയും നാമമല്ല. പ്രത്യുത, അല്ലാഹുവിന്റെ മുമ്പില്‍ മനസാ വാചായുള്ള വിധേയത്വ പ്രകടനവും ഭക്തിസാന്ദ്രമായ നില്‍പും കൂടിയാണ്. അതുപോലെ സാമ്പത്തിക ഇടപാടുകള്‍ എന്നാല്‍ ക്രിയവിക്രയങ്ങളിലൂടെ ധനപരമായി നേട്ടമുണ്ടാക്കല്‍ മാത്രമല്ല മറിച്ച്, ജനസമൂഹത്തോടുള്ള ഗുണകാംക്ഷയും അവരുടെ താല്‍പര്യപൂര്‍ത്തീകരണവും കൂടിയാണ്. ഈ വിധം കര്‍മശാസ്ത്രത്തിന്റെ നവ്യമായൊരു അവതരണമാണ് ഇഹ്‌യാഇല്‍ നാം കാണുന്നത്. ഒന്നു രണ്ട് ഉദാഹരണങ്ങളിലൂടെ ഈ അവതരണരീതിയെ നമുക്ക് പരിചയപ്പെടാം. ഇഹ്‌യാഇലെ അസ്‌റാറുത്ത്വഹാറ (ശുദ്ധീകരണത്തിന്റെ പൊരുള്‍) എന്ന ശീര്‍ഷകത്തില്‍ നമുക്ക് ഇപ്രകാരം വായിക്കാം. നബി അരുളി: ''നമസ്‌കാരത്തിന്റെ താക്കോല്‍ ശുചീകരണമാണ്''. അല്ലാഹു പ്രസ്താവിച്ചു: ''ആ മന്ദിരത്തില്‍ പരിശുദ്ധി നേടാനാഗ്രഹിക്കുന്ന ആളുകളുണ്ട്. വിശുദ്ധി കൈക്കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു'' (തൗബ 108). നബി അരുളി: ''ശുചീകരണം സത്യവിശ്വാസത്തിന്റെ പാതിയാകുന്നു.'' അല്ലാഹു പ്രസ്താവിച്ചു: ''നിങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. പ്രത്യുത, നിങ്ങളെ ശുദ്ധീകരിക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്'' (മാഇദ 6). ഈ വചനങ്ങളുടെ പ്രത്യക്ഷ സൂചനകളില്‍ നിന്ന് ആന്തരിക ശുദ്ധീകരണമാണ് പ്രധാനമെന്ന് ഉള്‍ക്കാഴ്ചയുള്ളവര്‍ മനസ്സിലാക്കുന്നു. ശുദ്ധീകരണം വിശ്വാസത്തിന്റെ പാതിയാണെന്ന നബി വചനത്തിന്റെ വിവക്ഷ, അകം മലിനമായിരിക്കെ പുറം ജലമുപയോഗിച്ച് വൃത്തിയാക്കലാണെന്ന് ഗ്രഹിക്കാന്‍ പ്രയാസമുണ്ട്. ശുചീകരണത്തിന് നാല് പടവുകളുണ്ട്:
1. അശുദ്ധാവസ്ഥയില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും ബാഹ്യവശം ശുദ്ധീകരിക്കുക.
2. പാപവൃത്തികളില്‍ നിന്ന് ശരീരാവയവങ്ങളെ ശുദ്ധീകരിക്കുക.
3. ദുസ്സ്വഭാവങ്ങളില്‍ നിന്നും നികൃഷ്ട ഗുണങ്ങളില്‍നിന്നും ഹൃദയത്തെ ശുദ്ധീകരിക്കുക.
4. വിചാര വികാരങ്ങളെ ദൈവേതരന്മാരില്‍ നിന്ന് ശുദ്ധീകരിക്കുക.
നബിമാരുടെയും സ്വിദ്ദീഖുകളുടെയും ശുദ്ധീകരണമാണ് നാലാമത്തെ പടവിലുള്ളത്. ഇവയില്‍ ഓരോ പടവുകളിലും നിര്‍വഹിക്കാനുള്ളതിന്റെ അര്‍ധഭാഗമാണ് ശുചീകരണം.
''ഹൃദയത്തെ സംബന്ധിച്ചേടത്തോളം മനുഷ്യന് നിര്‍വഹിക്കാനുള്ളത് സത്യനിഷ്ഠമായ വിശ്വാസങ്ങളാലും ധാര്‍മിക ബോധത്താലും അതിനെ പരിപോഷിപ്പിക്കലാണ്. ഇത് സാധ്യമാകണമെങ്കില്‍ സത്യവിരുദ്ധമായ വിശ്വാസങ്ങളില്‍ നിന്നും അധാര്‍മിക ചിന്തകളില്‍നിന്നും അതിനെ മുക്തമാക്കേണ്ടതുണ്ട്. ഈ ശുദ്ധീകരണം ആദ്യം പറഞ്ഞതിന്റെ അനിവാര്യ ഉപാധിയാകുന്നു. അങ്ങനെശുചീകരണം വിശ്വാസത്തിന്റെ പാതിയായിത്തീരുന്നു. ശരീരാവയവങ്ങളുമായി ബന്ധപ്പെട്ട് നിര്‍വഹിക്കാനുള്ളത് അവയെ ദൈവേഛക്കു വിധേയമാക്കലും ദൈവാനുസരണത്തിനു ഉപയോഗിക്കലുമാണ്. ഇത് സാധ്യമാകാന്‍ നിഷിദ്ധവും അധാര്‍മികവുമായ ചെയ്തികളില്‍ നിന്ന് അവയെ ശുദ്ധീകരിച്ചിരിക്കണം. ഈ മേഖലയിലും മനുഷ്യന് നിര്‍വഹിക്കാനുള്ളതിന്റെ പാതി ശുദ്ധീകരണമാണെന്നര്‍ഥം.
''എന്നാല്‍ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് ശുദ്ധീകരണത്തിന്റെ ഉപരിസൂചിത പടവുകളില്‍ ആദ്യത്തേത് മാത്രമേ കാണാനാകുന്നുള്ളൂ. അതിനാല്‍ ബാഹ്യവശം വൃത്തിയാക്കുന്നതിനാണ് തങ്ങളുടെ സമയം അധികവും അവര്‍ ഉപയോഗിക്കുന്നത്. അജ്ഞതയും അഹന്തയും ഉള്‍നാട്യവും കൊണ്ട് അകം മലിനമായിരിക്കുന്നത് അവര്‍ക്ക് പ്രശ്‌നമാകുന്നില്ല. അവരെ സംബന്ധിച്ചേടത്തോളം ഇവ അരോചകമോ വര്‍ജ്യമോ അല്ല. എന്നാല്‍ കല്ലുപയോഗിച്ച് ശൗച്യം ചെയ്യുകയോ മുസ്വല്ലയിടാതെ തറയില്‍ നമസ്‌കരിക്കുകയോ ചെയ്യുന്നവരെ കണ്ടാല്‍ അവര്‍ രോഷാകുലരാകും.''
ഇഹ്‌യാഇല്‍ ഗസാലി സ്വീകരിച്ച ചില കര്‍മ ശാസ്ത്ര നിഗമനങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്തിയ പണ്ഡിതന്മാരുണ്ട്. കര്‍മശാസ്ത്ര തത്വങ്ങളെ ബലികഴിച്ചും സ്വൂഫീരീതിശാസ്ത്രം അവലംബിച്ചുമുള്ള രചനയാണ് ഇഹ്‌യാ എന്ന് അല്ലാമഃ ഇബ്‌നുല്‍ ജൗസി പ്രസ്താവിച്ചിരിക്കുന്നു. ഇഹ്‌യാഇല്‍ ഉദ്ധരിച്ചിട്ടുള്ള ഹദീസുകളില്‍ പലതും അടിസ്ഥാനരഹിതമോ വ്യാജമോ അതീവദുര്‍ബലമോ ആണെന്നതും ഒരു വസ്തുതയാണ്. എങ്കിലും മനുഷ്യന്റെ ബാഹ്യാന്തരങ്ങളെ സാകല്യേന വീക്ഷിച്ചുകൊണ്ടുള്ള കര്‍മശാസ്ത്ര വിശകലനം ഇഹ്‌യായെ ഇസ്‌ലാമിക ദര്‍ശനത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന ഗ്രന്ഥമാക്കിയിരിക്കുന്നുവെന്ന് നിസ്സംശയം പറയാം.

(ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്ററാണ് ലേഖകന്‍)

Comments

Other Post