Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ഹദീസ് പരിജ്ഞാനം

ഇ.എന്‍ ഇബ്‌റാഹീം

വിജ്ഞാന സമ്പാദനത്തിലും അപഗ്രഥനത്തിലുമൊക്കെ ഇമാം ഗസാലിക്ക് വ്യതിരിക്തമായ ഒരു രീതിയുണ്ടായിരുന്നു. എടുത്തു ചാടി അഭിപ്രായം പറയുക അദ്ദേഹത്തിന്റെ രീതിയായിരുന്നില്ല. കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കും, അവധാനപൂര്‍വം മനനം ചെയ്യും. ഗൌരവപൂര്‍വം നിരീക്ഷിക്കും. നെല്ലും കല്ലും വേര്‍തിരിക്കും. അടച്ചാക്ഷേപിക്കുകയോ തീര്‍ത്തും അകറ്റിക്കളയുകയോ ചെയ്യുക അദ്ദേഹത്തിന്റെ സമീപനമായിരുന്നില്ല. വിയോജിക്കാനുള്ള സ്വാതന്ത്യ്രം മറ്റുള്ളവര്‍ക്ക് വകവെച്ചു കൊടുത്തു എന്നത് മാത്രമല്ല, ആ അവകാശത്തിനുവേണ്ടി ശക്തമായി വാദിക്കുക കൂടി ചെയ്ത ആളാണ് ഇമാം ഗസാലി.
വിവിധ ചിന്താധാരകളെ താന്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നത് 'അല്‍ മുന്‍ഖിദു മിനദ്ദലാല്‍' (മാര്‍ഗഭ്രംശത്തില്‍ നിന്ന് മുക്തി) എന്ന കൃതിയുടെ ആമുഖത്തില്‍ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്:
"മത-മാര്‍ഗങ്ങളില്‍ മനുഷ്യര്‍ക്കിടയിലെ ഭിന്നിപ്പ്, പിന്നെ വഴികളുടെ വൈവിധ്യം, വിഭാഗങ്ങളുടെ വര്‍ധനവുകളോടൊപ്പം തന്നെ കര്‍മസരണികളില്‍ ഈ സമുദായത്തിന്റെ ഭിന്നത.. അതൊരു അഗാധ സമുദ്രമാണ്. ധാരാളം ആളുകള്‍ അതില്‍ മുങ്ങിത്താണു പോയിട്ടുണ്ട്. രക്ഷപ്പെട്ടവര്‍ ന്യൂനപക്ഷം മാത്രം. ഓരോ വിഭാഗവും വാദിക്കുന്നത് തങ്ങളാണ് രക്ഷപ്പെട്ട വിഭാഗം എന്നാണ്. ഓരോ കക്ഷിയും തങ്ങളുടെ കൈയിലുള്ളതില്‍ അത്യാഹ്ളാദമുള്ളവരാണ്. പ്രവാചക ശ്രേഷ്ഠന്‍, നമ്മോട് മുന്നറിയിപ്പ് നല്‍കിയതും അത് സംബന്ധിച്ചാണ്. അവിടുന്ന് സത്യവാനാണ്. സത്യപ്പെടുത്തേണ്ടവനുമാണ്. അവിടുന്ന് പറഞ്ഞുവല്ലോ: 'എന്റെ സമുദായം എഴുപത്തിമൂന്നായി ചേരിതിരിയും. അതില്‍ രക്ഷപ്പെടുന്നത് ഒരു സംഘം മാത്രം.' അവിടുന്ന് നല്‍കിയ മുന്നറിയിപ്പ് പുലരുകയാണ്. പ്രായപൂര്‍ത്തി വന്നത് മുതല്‍, യുവത്വത്തിന്റെ തുടക്കത്തില്‍, ഇരുപത് വയസ്സിലെത്തുന്നതിന് മുമ്പ് മുതല്‍ ഇന്ന് വരെ ഈ അമ്പതാം വയസ്സിലും ഞാന്‍ ഈ അഗാധസാഗരത്തില്‍ മുങ്ങിത്തുടിക്കുകയാണ്. ധീരനെപ്പോലെ ഞാനതില്‍ പ്രവേശിക്കുന്നു. ജാഗ്രതയുള്ള ഭീരുവിനെപ്പോലെ ഞാനതില്‍ പ്രവേശിക്കുന്നു. ജാഗ്രതയുള്ള ഭീരുവിനെപ്പോലെയല്ല. ഓരോ ഇരുണ്ട പ്രദേശങ്ങളിലും ഞാന്‍ കടന്നു ചെല്ലുന്നു. മുഴുവന്‍ വിഷമപ്രശ്നങ്ങളും ഞാന്‍ നേരിടുന്നു. മുഴുവന്‍ അപകടമേഖലയിലും ഞാന്‍ കടന്ന് കയറുന്നു. ഓരോ വിഭാഗത്തിന്റെയും ആദര്‍ശം ഞാന്‍ കൂലങ്കശമായി പരിശോധിക്കുന്നു. ഓരോ സംഘത്തിന്റെയും കാഴ്ചപ്പാടിലെ രഹസ്യം ചികഞ്ഞന്വേഷിക്കുന്നു. സത്യവാനും മിഥ്യാവാദിയും ആരെന്നറിയാന്‍. സുന്നത്ത് പിന്തുടരുന്നവനെയും ദുരാചാരിയെയും വേര്‍തിരിച്ചറിയാന്‍. ബാത്വിനീ ചിന്താഗതിക്കാരനുമായി അയാളുടെ ബാത്വിനീ വിശ്വാസം വ്യക്തമായി അറിഞ്ഞല്ലാതെ, ളാഹിരിയുമായി അയാളുടെ ളഹാറത്തിന്റെ ആകത്തുക അറിയാതെയും ദാര്‍ശനികനുമായി അയാളുടെ ദര്‍ശനത്തിന്റെ യാഥാര്‍ഥ്യമറിയാതെയും വചനശാസ്ത്രകാരനുമായി അയാളുടെ വചനശാസ്ത്ര ലക്ഷ്യവും വാദഗതിയും അറിയാതെയും സൂഫിയുമായി അയാളുടെ തസവ്വുഫിന്റെ ആന്തരാര്‍ഥം ഗ്രഹിക്കാതെയും ആരാധനയില്‍ മുഴുകിക്കഴിയുന്നവനുമായി അയാളുടെ ആരാധനയുടെ രത്നച്ചുരുക്കം അറിയാതെയും അല്ലാഹുവിന്റെ ഗുണങ്ങളെ തള്ളിപ്പറയുന്ന നിഷേധിയുമായി അയാളുടെ നിഷേധത്തിന്റെ പ്രേരകങ്ങള്‍ എന്തെല്ലാമെന്ന് അറിയാതെയും ധൃതിപ്പെട്ട് ഏറ്റുമുട്ടുമായിരുന്നില്ല. സംഗതികളുടെ നിജസ്ഥിതി അറിയാനുള്ള ദാഹം ജിവിതാരംഭം മുതലേ എന്റെ രീതിയായിരുന്നു. (പേജ് 3,4).
അഭിപ്രായാന്തരങ്ങളെ എന്തുമാത്രം വിശാല ഹൃദയത്തോടെയാണ് ഇമാം ഗസാലി വീക്ഷിച്ചിരുന്നതെന്നതിന് അദ്ദേഹത്തിന്റെ ഫൈസ്വലുത്തഫ്രിഖത്തി ബൈനല്‍ ഇസ്ലാമി വസ്സന്‍ദഖ' എന്ന കൊച്ചുകൃതി ഏറ്റവും നല്ല നിദര്‍ശനമാണ്. വാസ്തവം അംഗീകരിക്കാനും അവാസ്തവം നിരാകരിക്കാനുമുള്ള മാനദണ്ഡം പൂര്‍വികര്‍ പറഞ്ഞു എന്നതല്ല എന്ന് അദ്ദേഹം അറുത്തുമുറിച്ച് പറയുന്നുണ്ട്. കുഫ്ര്‍, ദലാല്‍ എന്നീ പദങ്ങള്‍ ആര്‍ക്കും ആരെക്കുറിച്ചും ഇഷ്ടംപോലെ എടുത്തുപയോഗിക്കാവുന്ന ഒന്നല്ല എന്ന് ശങ്കാലേശമന്യേ വ്യക്തമാക്കുന്നുണ്ട് അദ്ദേഹം.
"വത്സല സഹോദരാ, പക്ഷപാതിയായ സുഹൃത്തേ, ചില അസൂയാലു വിഭാഗങ്ങള്‍ എന്നെക്കുറിച്ചും ദീനിന്റെ അനുഷ്ഠാന രഹസ്യങ്ങള്‍ സംബന്ധിച്ച് നാം എഴുതിയ നമ്മുടെ ചില ഗ്രന്ഥങ്ങളെക്കുറിച്ചും ആക്ഷേപിക്കുകയാലും പൂര്‍വികരുടെയും വചന ശാസ്ത്ര വിശാരദന്മാരുടെയും അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ ചിലത് അതിലുണ്ടെന്നും അശ്അരിയുടെ അഭിപ്രായത്തില്‍ നിന്ന് ഒരു ചാണിടയെങ്കിലും അകലുന്നത് കുഫ്റാണെന്നും നിസ്സാര പ്രശ്നത്തിലായാലും അദ്ദേഹത്തോട് വിയോജിക്കുന്നത് മാര്‍ഗഭ്രംശവും സ്വയം നഷ്ടം വരുത്തിവെക്കലുമാണെന്നും വാദിച്ച് കേള്‍ക്കയാലും ശിഥില ചിന്തക്കടിപ്പെട്ടും മനംനിറയെ കലി നിറച്ചും കഴിയുന്നവനായി ഞാന്‍ താങ്കളെ കാണുന്നു.
അതിനാല്‍, വത്സലനും പക്ഷപാതിയുമായ സഹോദരാ, സ്വന്തം കാര്യത്തില്‍ പോലും താങ്കള്‍ അല്‍പം അവധാനത പുലര്‍ത്തണം. മനസ്സ് ഇടുങ്ങിയതാവാതെ സൂക്ഷിക്കുക. ഈര്‍ഷ്യ അല്‍പം ഉപേക്ഷിക്കുക. അവര്‍ പറയുന്നതില്‍ ക്ഷമിക്കുക. അസൂയക്കിരയാവാത്തവരെ, അധിക്ഷേപത്തിന് വിധേയരായിട്ടില്ലാത്തവരെ, നിസ്സാരരായി ഗണിക്കുക. കുഫ്റും ദലാലും ആരോപിച്ച് പരിചയപ്പെടുത്തപ്പെട്ടിട്ടില്ലാത്തവര്‍ കൊള്ളരുതാത്തവരെന്ന് മനസ്സിലാക്കുക. ദൂതന്മാര്‍ക്കൊക്കെയും നേതാവായിട്ടുള്ളവരെക്കാള്‍ തികവാര്‍ന്ന ബുദ്ധിയും ഗ്രാഹ്യശേഷിയുമുള്ള മറ്റാരാണുള്ളത്. എന്നിട്ടും അവര്‍ പറഞ്ഞുവല്ലോ: "അവന്‍ ഭ്രാന്തനാണ്.'' ലോകനാഥന്റെ ഭാഷണത്തെക്കാള്‍ ഉദാത്തവും സത്യസന്ധവുമായ ഭാഷണം ഏതുണ്ട്. എന്നിട്ടും അവര്‍ പറഞ്ഞുവല്ലോ: "അത് പൂര്‍വികരുടെ ഇതിഹാസമാണ്.''
"കുഫ്റിന്റെ അതിര്‍ത്തി നിര്‍ണയിച്ചു തരാന്‍ അയാളോടാവശ്യപ്പെടുക. അശ്അരിയുടെ കാഴ്ചപ്പാടിന്, അല്ലെങ്കില്‍ മുഅ്തസിലിയുടെ അഭിപ്രായത്തിന് അതുമല്ലെങ്കില്‍ ഹമ്പലിയുടെ അതുമല്ലെങ്കില്‍ മറ്റാരുടെയെങ്കിലും അഭിപ്രായത്തിന് വിരുദ്ധമാവലാണ് കുഫ്റിന്റെ അതിരെന്ന് അയാള്‍ വാദിച്ചുവെങ്കില്‍ അറിയുക, അയാള്‍ വഞ്ചകനും വിഡ്ഢിയുമാണ്. അനുകരണം അയാളെ വരിഞ്ഞുകെട്ടിയിരിക്കുന്നു. അയാളെ നന്നാക്കിക്കളയാമെന്ന് കരുതി സമയം പാഴാക്കാതിരിക്കുക. അയാളെ ഉത്തരം മുട്ടിക്കാന്‍ താങ്കള്‍ക്ക് ന്യായവാദമായി അയാളുടെ വാദം മാത്രം മതിയാവും. കാരണം, തനിക്കും തന്റെ എതിര്‍കക്ഷിയില്‍ പെട്ട അനുകര്‍ത്താക്കള്‍ക്കും തമ്മില്‍ എന്തെങ്കിലുമൊരു വ്യത്യാസമോ തീര്‍പ്പോ കണ്ടെത്താന്‍ അയാള്‍ക്കാവുകയില്ല.
അയാളുടെ എതിര്‍കക്ഷി ഒരു പക്ഷേ, ഇതര കാഴ്ചപ്പാടുകള്‍ വിട്ട് അശ്അരീ കാഴ്ചപ്പാടിനോട് ചായ്വ് പുലര്‍ത്തുന്നുണ്ടാവാം. വന്നതും പോയതുമായ ഏത് കാര്യത്തിലായാലും അതിന് വിരുദ്ധം പറയല്‍ തനി കുഫ്റാണെന്ന് അയാള്‍ വാദിക്കുന്നുമുണ്ടാവാം. താങ്കളെ അതില്‍ തന്നെ തളച്ചിടലാണ് സത്യമെന്ന് താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടി എന്ന് അയാളോട് ചോദിക്കുക. എങ്കിലല്ലേ അയാള്‍ക്ക് ബാഖില്ലാനിക്കെതിരില്‍ കുഫ്ര്‍ വിധിക്കാന്‍ പറ്റൂ. അല്ലാഹുവിന് ബഖാഅ്-നിത്യത- എന്ന വിശേഷണമുണ്ടെന്ന വാദത്തില്‍ അദ്ദേഹം അശ്അരിയുമായി വിയോജിക്കുന്നുണ്ട്. അത് അല്ലാഹുവിന്റെ സത്തയെക്കാള്‍ മുഴച്ചുനില്‍ക്കുന്ന വിശേഷണമല്ല എന്ന് അദ്ദേഹം വാദിച്ചിട്ടുമുണ്ട്. അശ്അരിയുടേതിന് ഭിന്നമായ ഒരഭിപ്രായം പറഞ്ഞുപോയതിന്റെ പേരില്‍, ബാഖില്ലാനിയുടേതിനെതിരില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അശ്അരിയെ ബാധിക്കാത്ത വിധം ബാഖില്ലാനിയെ മാത്രം എങ്ങനെയാണാവോ കുഫ്ര്‍ ബാധിക്കുന്നത്! രണ്ടുപേരില്‍ ഒരാള്‍ക്കില്ലാത്തവിധം എങ്ങനെയാണാവോ സത്യം മറ്റേ ആളില്‍മാത്രം നിക്ഷിപ്തമാവുന്നത്? കാലഗണനയുടെ കാര്യത്തില്‍ മുമ്പില്‍വന്നു എന്നതാവുമോ കാരണം? എങ്കില്‍ അശ്അരിക്ക് മുമ്പേ മുഅ്തസിലികള്‍ പലരും വന്നു പോയില്ലേ. അപ്പോള്‍ അയാളെക്കാള്‍ മുമ്പേ വന്നവരുടെ പക്ഷത്തല്ലേ സത്യം വേണ്ടത്! അതോ, അറിവിലും സ്ഥാനത്തിലുമുള്ള ഏറ്റക്കുറവുകളുടെ പേരിലായിരിക്കുമോ? എങ്കില്‍ ഏത് അളവുകോലും തൂക്കക്കട്ടിയുമനുസരിച്ചാവും ഈ സ്ഥാനവ്യത്യാസം നിശ്ചയിക്കുന്നത്? എങ്കിലല്ലേ താന്‍ പിന്തുടര്‍ന്ന, താന്‍ അനുസരിച്ച ആളെക്കാള്‍ ശ്രേഷ്ഠനായി ഉണ്‍മയില്‍ ആരുമില്ലെന്ന് ആര്‍ക്കെങ്കിലും തീര്‍പ്പ് കല്‍പിക്കാനാവൂ. എതിരു പറഞ്ഞിട്ടും ബാഖില്ലാനിയായതുകൊണ്ട് അദ്ദേഹത്തില്‍ ഇളവനുവദിച്ചതാണ് എന്നാണെങ്കില്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഈ ഇളവ് നിഷേധിക്കാന്‍ എന്താണാവോ കാരണം? ബാഖില്ലാനിയും കറാബീനിയും ഖലാനിസിയും തമ്മില്‍ എന്താണാവോ വ്യത്യാസം?.....''
(പേജ് 31,32-39,40)
മൌലികമായി ഖുര്‍ആനും സുന്നത്തും അംഗീകരിക്കുമ്പോള്‍ തന്നെ വിശദാംശങ്ങളിലും വ്യാഖ്യാനങ്ങളിലും വ്യത്യസ്ത കാഴ്ചപ്പാട് സാധ്യമാണ്, ആരും ആരുടെയും കാഴ്ചപ്പാടുകള്‍ അന്ധമായി അനുകരിക്കാന്‍ ബാധ്യസ്ഥമല്ല, സ്വതന്ത്രമായും എന്നാല്‍ സത്യസന്ധമായും കാടുകയറാത്ത രീതിയിലും പരസ്പരം വിയോജിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട് എന്നുള്ള ഉദാത്ത നിലപാടുകാരനായിരുന്നു ഇമാം ഗസാലി എന്ന് മുകളിലെ ഉദ്ധരണി വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ നിലപാടും കാഴ്ചപ്പാടും കുറ്റമറ്റതായിരുന്നു എന്നും പറയാവതല്ല; ചില രംഗങ്ങളിലെങ്കിലും അദ്ദേഹം കാലിടറിയില്ല എന്ന് പറയുന്നത് സത്യസന്ധമല്ല. വിശേഷിച്ചും തസവ്വുഫിന്റെ കാര്യത്തില്‍. ഒരു ഘട്ടത്തില്‍ അദ്ദേഹം തസ്വവ്വുഫിന് അനര്‍ഹമായ പരിഗണന കൊടുത്തു കളഞ്ഞിട്ടുണ്ട് എന്നതാണ് ശരി. അതുകൊണ്ടാവണം ഇബ്നുല്‍ ജൌസി ഇപ്രകാരം എഴുതിയത്: "ഞാന്‍ പറയും: അബൂഹാമിദിനെ കര്‍മശാസ്ത്രത്തിന്റെ വൃത്തത്തില്‍നിന്ന് ഇഹ്യാ എന്ന ഗ്രന്ഥരചനയിലേക്ക് കൊണ്ടുപോയവന്‍ എത്ര പരിശുദ്ധന്‍; അദ്ദേഹം അനഭികാമ്യമായ ഇത്തരം കാര്യങ്ങള്‍ ഉദ്ധരിച്ചില്ലായിരുന്നെങ്കില്‍!'' (തല്‍ബീസുഇബ്ലീസ്: 429)
ഒരു വ്യക്തിയില്‍ ഉണ്ടാവണമെന്ന് ഇസ്ലാം താല്‍പര്യപ്പെടുന്ന മാന്യതയും അതിന്റെ സംരക്ഷണവും തകര്‍ത്തുകളയുംവിധം സൂഫികളെന്ന് പറയുന്ന ചിലരില്‍ നിന്നുണ്ടായ ചില ചെയ്തികളെ ഉദ്ധരിക്കുകയും അതിനെ മഹത്വവത്കരിക്കുകയും ചെയ്തതാണ് ഇബ്നുല്‍ ജൌസിയുടെ മേല്‍ പ്രസ്താവത്തിന് കാരണം.
ഇബ്നുല്‍ ജൌസി മാത്രമല്ല, മറ്റുപല പ്രഗല്ഭരും ഇമാം ഗസാലിയെ, അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ 'ഇഹ്യാ ഉലൂമിദ്ദീന്‍' എന്ന കൃതിയെ വല്ലാതെ വിമര്‍ശിച്ചുകളഞ്ഞിട്ടുണ്ട്. ഇബ്നുസ്സലാഹ് അക്കൂട്ടത്തില്‍ ഒരാളാണ്. മൊറോക്കോക്കാരായ പല പണ്ഡിതന്മാരും ഇഹ്യാ ഉലൂമിദ്ദീന്റെ പേരില്‍ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. "ഗസാലിയുടെ ദീനിന്റെ വിജ്ഞാനീയങ്ങള്‍ ഉജ്ജീവിപ്പിക്കുന്ന ഗ്രന്ഥമാണിത്. എന്നാല്‍ നമ്മുടെ ദീന്‍, അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെയും അവന്റെ ദൂതരുടെ ചര്യയുടെയും പുനരുജ്ജീവനമാണ്.'' (അല്‍ബിദായ വന്നിഹായ: 12:2327)
ഇമാം ഗസാലിയും ഹദീസും
ഹദീസ് വിഷയത്തില്‍ ഇമാം ഗസാലിയുടെ സംഭാവന എന്താണ് എന്നുള്ള ചോദ്യത്തിന് തൃപ്തികരമായ മറുപടി സാധ്യമല്ല. പ്രതിഭാധനനായ ഒരു മഹാമനീഷി എന്തേ ഇസ്ലാമിന്റെ രണ്ടാം പ്രമാണത്തിന്റെ കാര്യത്തില്‍ ഇത്രമാത്രം പിന്നാക്കം പോയത് എന്നത് ഒരാശ്ചര്യമായി തന്നെ നിലനില്‍ക്കും. ഹദീസുമായുള്ള തന്റെ ബന്ധത്തെപ്പറ്റി ഇമാം ഗസാലിയുടെ തന്നെ വിലയിരുത്തല്‍ ഇബ്നു കസീര്‍ ഉദ്ധരിച്ചത് ഇങ്ങനെയാണ്:
"ഗസാലി പറയുമായിരുന്നു: ഹദീസ് വിഷയത്തില്‍ ഞാന്‍ എടുക്കാ ചരക്കാണ്.'' മുസ്ജാ ബിദാഅ എന്നാണ് പ്രയോഗം. യൂസുഫ്(അ) ന്റെ സഹോദരന്മാര്‍ ഭക്ഷണം തേടി ഈജിപ്തിലെത്തിയ മൂന്നാം യാത്രയില്‍ അവര്‍ പറയുന്നുണ്ടല്ലോ?
"പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുരിതം ബാധിച്ചിരിക്കുന്നു. എടുക്കാ ചരക്കുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.'' അവിടെ പ്രയോഗിച്ചിരിക്കുന്നത് ബിബിദാഅത്തിന്‍ മുസ്ജാതിന്‍ എന്നാണ്. ഗസാലി തന്നെപ്പറ്റി പ്രയോഗിച്ച അതേ പ്രയോഗം.
ആര്‍ജവമുള്ള ഒരു പ്രഖ്യാപനമായി വേണം ഇമാം ഗസാലിയുടെ ഈ പ്രസ്താവത്തെപ്പോലും കാണാന്‍. ഒരു വ്യക്തിയില്‍ ലീനമായി നില്‍ക്കുന്ന വിനയ വിവേക ഭാവമാണ് തന്റെ അറിവില്ലായ്മ സമ്മതിക്കുന്നതിലൂടെ പുറത്ത് വരുന്നത്. ആ പ്രസ്താവം വഴി ആള്‍ക്ക് മാറ്റ് കുറയുകയല്ല കൂടുകയേ ചെയ്യൂ. ഇമാം ഗസാലിയുടെ കാര്യത്തിലും അതുതന്നെയാണ് അവസ്ഥ.
ഹദീസ് ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ പരിജ്ഞാനമില്ലായ്മ വേണ്ടത്ര പ്രകടമാവുന്ന ഒന്നാണ് അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥം, ഇഹ്യാ ഉലൂമിദ്ദീന്‍. ആ ഗ്രന്ഥത്തില്‍ ധാരാളം ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ പലതും പ്രബലമാണ്. പലതും ദുര്‍ബലമാണ്. പലതും വ്യാജ നിര്‍മിതമാണ്. അതില്‍തന്നെ ഉദ്ധരിച്ചതാരെന്ന് കണ്ടെത്താനാവാത്ത ചിലതും ഹദീസെന്ന പേരില്‍ നബി(സ) പറഞ്ഞെന്ന് സൂചിപ്പിച്ചുകൊണ്ട് ഉദ്ധരിച്ചതു കാണാം.
ഇപ്പറഞ്ഞതിന്റെ അര്‍ഥം ഇമാം ഗസാലി ഹദീസ് ഒട്ടും ശ്രദ്ധിച്ചിരുന്നില്ലെന്നല്ല. അങ്ങനെ പറയുന്നത് വലിയൊരബദ്ധമായിരിക്കും. ഹദീസ് വിഷയത്തില്‍ ഇതര ശാഖകളിലേതു പോലെ പ്രാവീണ്യം നേടാന്‍ ആയില്ല എന്ന് മാത്രമാണ് പറഞ്ഞതിന്റെ താല്‍പര്യം. ഇമാം ഗസാലിയുടെ അവസാനനാളുകളെക്കുറിച്ച ഇബ്നുല്‍ ജൌസി പറയുന്നുണ്ട്:
"ചില സചിവന്മാര്‍ നൈസാബൂരിലേക്ക് പോകാന്‍ അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി. അങ്ങനെ അവിടെ നിളാമിയ്യ മദ്റസയില്‍ അധ്യാപനം നിര്‍വഹിച്ചു. പിന്നെ സ്വന്തം പ്രദേശമായ ത്വൂസിലേക്ക് മടങ്ങി. അവിടെ സ്ഥിരതാമസമാക്കി. അവിടെ ഒരു സത്രം പണിതു. ഒരു നല്ല ഭവനം ഉണ്ടാക്കി. അവിടെ ചന്തമിയന്ന പൂന്തോപ്പ് നട്ടുപിടിപ്പിച്ചു. ഖുര്‍ആന്‍ പാരായണത്തിലും പ്രബല ഹദീസുകള്‍ ഹൃദിസ്ഥമാക്കുന്നതിലും മുഴുകി.'' (അല്‍ബിദായ വന്നിഹായ 12:232)
അന്ത്യനാളുകളില്‍ ഹദീസ് പഠനത്തിലാണ് ഇമാം ഗസാലി ശ്രദ്ധയൂന്നിയത് എന്നതിന് വേറെയും തെളിവുകളുണ്ട്. തന്റെ വസീത്തിന്റെ അവതാരികയില്‍ ഇങ്ങനെ കാണാം:
"തന്റെ അവസാനഘട്ടം ഹദീസ് പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇമാം ഗസാലി എന്ന് അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തിയവര്‍ പറയുന്നുണ്ട്. ഹദീസിന്റെ ആളുകളുമായി സദസ്സ് പങ്കിടുക, ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും സഹീഹുകള്‍ പുനഃപഠനം നടത്തുക എന്നിവയിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. ഇമാം ഗസാലിയുടെ സചിവനും സൂഫീ ചിന്തകനും വിശ്വസ്തനുമായ അബ്ദുല്‍ ഗാഫിര്‍ അല്‍ഫാരിസി പറഞ്ഞതായി ഇമാം ഇബ്നുസ്സുബുകി പറയുന്നു:
"അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ ആ വിജ്ഞാനശാഖയില്‍ അദ്ദേഹം എല്ലാവരെയും കടത്തിവെട്ടുമായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ അദ്ദേഹം ഹദീസ് കേട്ടിരുന്നു എന്നതിലും അവസാന നാളുകളില്‍ അത് കേള്‍ക്കുന്നതില്‍ വ്യാപൃതനായിരുന്നു എന്നതിലും തര്‍ക്കത്തിനവകാശമില്ല. നേരിട്ട് ഹദീസ് ഉദ്ധരിക്കാന്‍ അദ്ദേഹത്തിന് സാധ്യമായിട്ടില്ല എന്നേയുള്ളൂ. അബൂദാവൂദുസ്സിജ്സ്താനിയില്‍നിന്ന് ഹാകിം അബുല്‍ ഫത്ഹ് അല്‍ ഹാകിമി അത്തൂസിയെ ഉദ്ധരിച്ച് അദ്ദേഹം ഹദീസ് കേട്ടിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കര്‍മശാസ്ത്ര പണ്ഡിതന്മാരോടൊപ്പം യാദൃച്ഛികമായാണെങ്കിലും അദ്ദേഹം ചില ഹദീസുകള്‍ കേട്ടിട്ടുണ്ട്. ശൈഖുല്‍ഇമാം അബൂബക്ര്‍ മുഹമ്മദുബ്നുല്‍ ഹാരിസുല്‍ ഇസ്ബഹാനി, അബൂമുഹമ്മദ് അബ്ദുല്ലാഹിബ്നു മുഹമ്മദുബ്നു ജഅ്ഫറുബ്നു ഹയ്യാനില്‍നിന്ന് അദ്ദേഹം അബൂബക്ര്‍ അഹ്മദുബ്നു അംറുബ്നു അബില്‍ ആസിം അശ്ശൈബാനിയില്‍നിന്നുമായി, ശൈബാനി നബിയുടെ ജനനസമയ സംഭവങ്ങളെ അധികരിച്ചെഴുതിയ ഗ്രന്ഥവും അദ്ദേഹം കേട്ടിട്ടുണ്ടായിരുന്നു. ഇതേ ഗ്രന്ഥം ശൈഖ് അബ്ദില്ലാ മുഹമ്മദുബ്നു അഹ്മദുല്‍ ഖവാരിയില്‍ നിന്ന് ശൈഖിന്റെ രണ്ട് പുത്രന്മാരായ അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ ഹമീദ് എന്നിവരോടൊപ്പവും അദ്ദേഹം കേട്ടിട്ടുണ്ട്.
ഹാഫിദുബ്നു അസാക്കിര്‍ പറഞ്ഞു: "അബൂബസഹ്ല്‍ മുഹമ്മദുബ്നു അബ്ദില്ലാഹില്‍ ഹഫസിയില്‍നിന്ന് അദ്ദേഹം സഹീഹ് ബുഖാരിയും കേട്ടിട്ടുണ്ട്.'' (ത്വബഖാത്തുശ്ശാഫിഇയ്യ: 6/214)
ചുരുക്കത്തില്‍ ഇമാം ഗസാലി സ്വന്തത്തെപ്പറ്റി വിശേഷിപ്പിച്ചതുപോലെ ഹദീസില്‍ എടുക്കാച്ചരക്ക് എന്നു പറഞ്ഞതിന്റെ താല്‍പര്യം ഹദീസ് ഗ്രന്ഥങ്ങള്‍ പരതുക എന്നതിലപ്പുറം നിവേദക പരമ്പരയടക്കം ഹൃദിസ്ഥമാക്കുകയും ഗുരുമുഖത്തുനിന്ന് ഹദീസ് നേരില്‍ കേട്ട് അത് ഉദ്ധരിക്കാനുള്ള അനുമതി പത്രം സമ്പാദിക്കുകയും ചെയ്യുന്ന പാരമ്പര്യ രീതിയില്‍ താന്‍ ഹദീസ് പഠിച്ചിട്ടില്ല എന്ന് മാത്രമാണ്. ആ ഒരു ശ്രമത്തിലേര്‍പ്പെട്ടിരിക്കെയാണ് ആ മഹാപ്രതിഭാശാലി ജീവിതത്തോട് വിടപറഞ്ഞത്.

(ജമാഅത്തെ ഇസ്ലാമി സുന്നിവിമര്‍ശനങ്ങള്‍ക്ക് മറുപടി, ഇസ്തിഗാസ, സുന്നത്തും ബിദ്അത്തും തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ലേഖകന്‍)

Comments

Other Post