Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

പ്രബോധനവും ഞാനും

വി.എസ് സലീം

പ്രബോധനത്തെക്കാള്‍ രണ്ടുമൂന്നു വര്‍ഷത്തെ പ്രായക്കുറവു മാത്രമുള്ള എനിക്ക് അതുമായി ഏതാണ്ട് അത്രയും നീണ്ടകാലത്തെ ബന്ധം തന്നെയുണ്ട്. ഉപ്പ (വി.പി സെയ്തുമുഹമ്മദ്) പ്രബോധനത്തിന്റെ ആദ്യകാല ഏജന്റുമാരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഒരവയവം പോലെയും എന്റെ വീട്ടിലെ ഒരു നിത്യസാന്നിധ്യമായും എന്നും പ്രബോധനമുണ്ടായിരുന്നു. ഒരുപക്ഷേ, ഞാന്‍ ഈ ഭൂമിയിലേക്കു പിറന്നുവീണ കട്ടിലിന്നരികില്‍പോലും. വി.പി സെയ്തുമുഹമ്മദ്, നാസിം, ജമാഅത്തെ ഇസ്‌ലാമി ഹംദര്‍ദ് ഹല്‍ഖ, പി.ഒ മാടവന, എറിയാട് എന്ന വിലാസമൊട്ടിച്ച, തവിട്ടു കടലാസുടുത്ത പ്രബോധനക്കെട്ട് വീട്ടില്‍ മുടങ്ങാതെയെത്തുന്ന വിശിഷ്ടാതിഥിയാണ്. വിലാസത്തില്‍ ചെറിയൊരു മാറ്റത്തോടെ ഇന്നും അത് തുടരുന്നു. മാസികയെന്നും പാക്ഷികമെന്നും വാരികയെന്നുമൊക്കെ തലക്കുറി മാറുന്നതിനനുസരിച്ച് ക്രമീകരിക്കപ്പെട്ടതായിരുന്നു ആ അതിഥിയുടെ വരവെന്നു മാത്രം!
അന്ന് പ്രബോധനം പൊതിഞ്ഞുവന്നിരുന്ന തവിട്ടു കടലാസിനുപോലും ചില ധര്‍മങ്ങളുണ്ടായിരുന്നു. പശയൊട്ടിച്ച ഭാഗം ഒന്നു നനച്ച് പതുക്കെ കീറാതെ എടുത്തശേഷം അതില്‍ നീളത്തില്‍ വരയിട്ട് വരിക്കാരുടെ കുടിശ്ശികകണക്കും വീട്ടിലെ നിത്യനിദാനച്ചെലവുകളുടെ വിവരങ്ങളും മഹല്ല് പള്ളിയിലെ അംഗങ്ങളുടെ വരിസംഖ്യാവിവരവും മറ്റും രേഖപ്പെടുത്താന്‍ ആ റാപ്പറാണ് ഉപ്പ ഉപയോഗിച്ചിരുന്നത്; കടലാസിനും ക്ഷാമമുണ്ടായിരുന്നു അക്കാലത്ത്.
പ്രബോധനവുമായുള്ള ബാല്യകാലബന്ധം അവിടംകൊണ്ടൊന്നും തീരുന്നില്ല. 'പത്രക്കെട്ട്' (അങ്ങനെയാണ് ഉപ്പ പറയുക) പൊട്ടിച്ച് ചൂടാറുംമുമ്പേ വായനക്കാരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കേണ്ട ചുമതല പലപ്പോഴും എനിക്കായിരുന്നു. രണ്ടുമൂന്നു കിലോമീറ്റര്‍ അകലെയുള്ള എറിയാട്, യു. ബസാര്‍, എടവിലങ്ങ്, ചന്തപ്പുര, പേബസാര്‍ തുടങ്ങിയ വിദൂര ദേശങ്ങളിലൊക്കെ സൈക്കിള്‍ ചവിട്ടിപ്പോകാനുള്ള ഒരു സുവര്‍ണാവസരം എന്ന നിലയില്‍ ആ ജോലി ഞാന്‍ സന്തോഷപൂര്‍വം ഏറ്റെടുത്തുപോന്നു. പുതിയ പത്രം എത്തിക്കുന്നതോടൊപ്പം പഴയതിന്റെ കുടിശ്ശിക പിരിക്കുന്ന പണിയും അല്‍പം മുതിര്‍ന്നപ്പോള്‍ എനിക്കുണ്ടായിരുന്നു.
വരിക്കാരില്‍ പലരെയും നിര്‍ബന്ധിച്ച് പിടിപ്പിക്കുന്നതാകയാല്‍ കുടിശ്ശിക പിരിക്കുന്ന പണി അത്ര എളുപ്പമായിരുന്നില്ല. അത്യാവശ്യം ധനസ്ഥിതിയും ഉദാരശീലവുമുള്ള ചിലര്‍ മാത്രമേ കൃത്യമായി 'വരിക്കാശ്' (ഇതും ഉപ്പയുടെ പ്രയോഗം) തന്നിരുന്നുള്ളൂ. എന്നാല്‍, പ്രബോധനത്തിലേക്ക് കൃത്യമായി കാശയക്കുന്നതില്‍ ഉപ്പ മുടക്കം വരുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ലക്കം പ്രബോധനം വരുന്നത് മുടങ്ങിയതായും ഓര്‍ക്കുന്നില്ല. ഒരു മദ്‌റസാധ്യാപകനായ ഏജന്റ് തനിക്കു കിട്ടുന്ന തുഛമായ ശമ്പളത്തില്‍നിന്നെടുത്ത് പ്രബോധനത്തിന്റെ കാശയക്കുന്നതിലുള്ള പരിഭവം ഇടക്കിടെ പ്രകടിപ്പിച്ചിരുന്ന ഉമ്മയുടെ ചിത്രം ഇപ്പോഴും കണ്‍മുന്നിലുണ്ട്.
മൂത്തമകനായ എന്നെക്കുറിച്ച് ഉപ്പക്ക് സ്വാഭാവികമായും ചില സ്വപ്നങ്ങളും സങ്കല്‍പങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് പത്താംക്ലാസ് കഴിഞ്ഞയുടനെ വളരെ ദൂരെയുള്ള ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി. പ്രാഥമികമായ അറബി പരിജ്ഞാനം പോലും ഇല്ലെന്നുപറഞ്ഞ് അക്കൊല്ലം അവിടെനിന്ന് മടക്കി. തിരൂര്‍ക്കാട്ടും ശ്രമിച്ചുനോക്കിയെങ്കിലും അവിടെയും കിട്ടിയില്ല. ഉപ്പയുടെ മുഖം മ്ലാനമായിരുന്നെങ്കിലും ഞാന്‍ ആഹ്ലാദത്തോടെ നാട്ടിലേക്കു മടങ്ങി.
പക്ഷേ, ആ സന്തോഷം അധികം നീണ്ടുനിന്നില്ല. ഉപ്പ എന്നെ മാളയില്‍കൊണ്ടുപോയി പള്ളിദര്‍സില്‍ ചേര്‍ത്തു. ഒരുകൊല്ലംകൊണ്ട് അറബി പഠിപ്പിച്ച് മിടുക്കനായി അടുത്തകൊല്ലം ശാന്തപുരത്ത് ചേരാനുള്ള എന്‍ട്രന്‍സ് കോച്ചിംഗ്! പിന്നീട് ശാന്തപുരത്തെത്തി; 1970-ല്‍.
ശാന്തപുരത്ത് പഠിക്കുന്ന കാലത്തുതന്നെ പ്രബോധനത്തില്‍ ലേഖനമെഴുതിയിരുന്ന ചില പ്രതിഭാശാലികളൊക്കെയുണ്ടായിരുന്നെങ്കിലും ഞാന്‍ അതിനുധൈര്യപ്പെട്ടിട്ടില്ല. പെരിന്തല്‍മണ്ണയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗത്തിലും അടിയന്തരാവസ്ഥക്കാലത്തു ജനിച്ച ബോധനത്തിലുമൊക്കെ അരക്കൈ നോക്കിയിരുന്നുവെങ്കിലും.
ശാന്തപുരത്തുനിന്ന് പഠിച്ചിറങ്ങുന്നവരെ അവരുടെ കഴിവും താല്‍പര്യങ്ങളുമനുസരിച്ച് ദീനീപ്രവര്‍ത്തനത്തിന്റെ വ്യത്യസ്ത മേഖലകളിലേക്കയച്ചിരുന്നത് ജമാഅത്ത് നേതൃത്വമായിരുന്നു. 'എഴുതാന്‍' കഴിവുള്ളവരെ പ്രബോധനത്തിലേക്കയക്കും. ചിലര്‍ക്ക് പഠിച്ച കോളേജില്‍ തന്നെ അധ്യാപകരായി നിയമനം ലഭിക്കും. വേറെ ചിലരെ ജമാഅത്തിനു നിയന്ത്രണമുള്ള പള്ളി-മദ്‌റസകളിലേക്കോ ഇതര സ്ഥാപനങ്ങളിലേക്കോ അയക്കും.
പഠിക്കുന്ന കാലത്തുതന്നെ അല്‍പസ്വല്‍പം സാഹിത്യതാല്‍പര്യവും കോളേജ് വിദ്യാര്‍ഥികളുടെ കൈയെഴുത്തുമാസികകളുടെ പത്രാധിപസ്ഥാനം വഹിച്ചുള്ള 'അനുഭവസമ്പത്തു'മൊക്കെ കൈമുതലായുള്ളതിനാല്‍ പ്രബോധനത്തില്‍ ജോലികിട്ടുക എന്നതായിരുന്നു എന്റെ മഹോവും സ്വപ്നവും. പക്ഷേ, അതുകിട്ടിയത് ഞങ്ങളുടെ ബാച്ചിലെ എന്നേക്കാള്‍ ഏറെ കഴിവും പ്രതിഭയുമുള്ള പി.എം.എ ഖാദറിനായിരുന്നു. (അദ്ദേഹത്തിന്റെ കഴിവും പ്രതിഭയുമൊക്കെ ഗള്‍ഫ് ജീവിതം നമുക്ക് നഷ്ടപ്പെടുത്തി എന്നത് മറ്റൊരുകഥ). എനിക്കു ശാന്തപപുരത്ത് തന്നെ അധ്യാപകനായി ജോലികിട്ടി. അധ്യാപന ജോലിയില്‍ ഒട്ടും താല്‍പര്യമില്ലായിരുന്നെങ്കിലും കോഴിക്കോട്ടുനിന്ന് എപ്പോഴെങ്കിലും വിളിവരുമെന്ന പ്രതീക്ഷയില്‍ അവിടത്തന്നെ കൂടി.
പ്രതീക്ഷ വെറുതെയായില്ല. ജമാഅത്ത് അമീറിന്റെ ക്ഷണം വന്നു. അങ്ങനെ 1978 ജനുവരി ഒന്നാം തീയതി പ്രബോധനത്തിലെത്തി. ഒരു പത്രമോഫീസിലെ ജോലിയെക്കുറിച്ചുണ്ടായിരുന്ന പലധാരണകളും തെറ്റായിരുന്നുവെന്ന് അവിടെ ചെന്നപ്പോള്‍ ബോധ്യമായി. പത്രാധിപര്‍ എന്നാല്‍ പത്രത്തിലേക്കു വരുന്ന സൃഷ്ടികള്‍ തെരഞ്ഞെടുത്ത് എഡിറ്റു ചെയ്ത് പ്രസിദ്ധീകരണത്തിനു കൊടുക്കുന്ന ആള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. പ്രബോധനത്തില്‍ ഓരോ ലക്കത്തിലും എഴുതി നിറക്കേണ്ട ബാധ്യതയായിരുന്നു എഡിറ്റര്‍ക്കും സബ് എഡിറ്റര്‍മാര്‍ക്കും.
പരിമിതമായ വിഭവങ്ങള്‍ മാത്രം കൈവശമുണ്ടായിരുന്ന എന്നെ സംബന്ധിച്ചേടത്തോളം ഇത് വളരെ പ്രയാസകരമായിരുന്നു. വാരിക അന്ന് ടാബ്ലോയ്ഡ് രൂപത്തിലായിരുന്നു. അതിനാല്‍ ഉള്ളടക്കത്തിനും വിഷയങ്ങള്‍ക്കും ഏറെ പരിമിതികളുണ്ടായിരുന്നു. മതപരവും പ്രാസ്ഥാനികവുമായ ലേഖനങ്ങളുമായി 'മാസിക' ടി.കെ ഉബൈദ് സാഹിബിന്റെ ചുമതലയില്‍ ഇറങ്ങുന്നുമുണ്ട്. സമകാലിക രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചോ, മുസ്‌ലിം സാമുദായിക പരിസരത്തെക്കുറിച്ചോ വലിയ പിടിപാടൊന്നുമില്ലാതിരുന്ന എനിക്ക് 'വാരിക'യില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ ആഴത്തില്‍ പരിജ്ഞാനമില്ലാത്തതുകൊണ്ട് വിവര്‍ത്തനങ്ങളും സാധ്യമായിരുന്നില്ല. എങ്കിലും പ്രൂഫ്‌വായന, പ്രാദേശിക വാര്‍ത്തകളുടെ എഡിറ്റിംഗ്, അല്ലറ ചില്ലറ വിവര്‍ത്തനങ്ങള്‍ ഇതൊക്കെയായി പ്രബോധന ജീവിതകാലം ഒരുവിധം ഭംഗിയായിത്തന്നെ മുന്നോട്ടുനീങ്ങി. എന്റെ പില്‍ക്കാല തൂലികാ ജീവിതത്തിന് അത് നല്ലൊരു അഭ്യാസക്കളരിയായി ഭവിക്കുകയും ചെയ്തു.
കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് ഒരു അഭ്യര്‍ഥനയുമായി ഞങ്ങളുടെ മുന്നില്‍ അവതരിക്കുന്നത് ഈ ഘട്ടത്തിലാണ്. കൊടുങ്ങല്ലൂരിലെ മൂവ്‌മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റ്റ് കുട്ടികള്‍ക്കായി ഒരു മാസിക തുടങ്ങാന്‍ പോകുന്നു. മലര്‍വാടി എന്ന പേരില്‍ ഡിക്ലറേഷന്‍ കിട്ടിയിട്ടുണ്ട്. മാസിക എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കും. ഉള്ളടക്കം തയാറാക്കി അതിന്റെ ആദ്യലക്കങ്ങള്‍ പുറത്തിറക്കാന്‍ പ്രബോധനം സ്റ്റാഫ് സഹായിക്കണം. പത്രാധിപരുടെ ചുമതല വഹിക്കാമെന്ന് ഇ.വി അബ്ദുസാഹിബ് ഏറ്റിട്ടുണ്ട്.
പ്രബോധനത്തിന് ആരാമത്തില്‍ പിറന്ന കുഞ്ഞാണ് മലര്‍വാടി എന്ന് പില്‍ക്കാലത്ത് ഒരു സരസന്‍ പറഞ്ഞത് ആലങ്കാരികമായി ശരിയാണെങ്കിലും വസ്തുതാപരമായി അല്ല. കാരണം, തള്ളയായ ആരാമം, പിള്ള പിറന്നതിനുശേഷമാണ് പ്രബോധനം കുടുംബത്തിലേക്കു വലതുകാല്‍വെച്ച് കയറിവന്നത്. വിധിവശാല്‍ ഇപ്പോള്‍ തള്ളയും പിള്ളയുമെല്ലാം ഒരുവീട്ടില്‍ സസുഖം വാഴുന്നു എന്നത് സന്തോഷകരമായ മറ്റൊരു കാര്യം. പ്രബോധനത്തിന്റെ അഭാവത്തില്‍ അടിയന്തരാവസ്ഥ കാലത്തു പിറന്ന ബോധനം സഹോദരനും!
നമുക്കു കഥയവസാനിപ്പിക്കാം: അങ്ങനെ, ഇ.വി അബ്ദുസാഹിബ് എല്ലാ ആഴ്ചയും കുറ്റിയാടിയില്‍നിന്ന് കോഴിക്കോട്ടുവന്ന് സ്വന്തം ചെലവില്‍ മുറിയെടുക്കും. ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തെത്തും. മലര്‍വാടിയിലേക്കുള്ള വിഭവങ്ങളൊക്കെ തയാറാക്കും. ആദ്യലക്കങ്ങളില്‍ കഥയും കവിതയും ചിത്രകഥയുമൊക്കെ ഞങ്ങളെല്ലാവരും കൂടിയാണ് ചെയ്തത് (മര്‍ഹൂം ടി. മുഹമ്മദ് സാഹിബ് വരെ അതില്‍ കഥയെഴുതി). അത്യാവശ്യം ചിത്രം വരെയൊക്കെ കൈവശമുണ്ടായിരുന്ന എനിക്ക് ആ ജോലികൂടിയുണ്ടായിരുന്നു. തയാറാക്കിയ മാറ്ററുകള്‍ കമ്പോസിംഗും ലേഔട്ടുമൊക്കെ ചെയ്ത് എറണാകുളത്തെ പ്രസ്സിലെത്തിക്കേണ്ട ചുമതലയും.
ഇതിനിടക്ക് എറണാകുളത്ത്‌നിന്ന് ഞാന്‍ വിവാഹം കഴിച്ചു. പ്രബോധനം വിടാനുള്ള നിമിത്തവും അതോടെ വന്നുചേര്‍ന്നു. അങ്ങനെ മലര്‍വാടിയുടെ മുഴുവന്‍ സമയ പത്രാധിപരുടെ ജോലി ജമാഅത്തിനോട് ചോദിച്ചുവാങ്ങി, 1982 ജനുവരി ഒന്നാം തീയതി, പ്രബോധനത്തില്‍ കൃത്യം നാലുവര്‍ഷം പൂര്‍ത്തിയാക്കി വെള്ളിമാടുകുന്നിനോട് വിടപറഞ്ഞു.
salimvs@gmail.com

Comments

Other Post