Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

ഇസ്‌ലാമിന്റെ മലയാള പ്രതിനിധാനം

ടി. മുഹമ്മദ് വേളം

''മലയാളം പഠിക്കാതെ മതം ശുദ്ധമാകുന്നതും പ്രകാശിക്കുന്നതും അല്ല. മലയാള ഭാഷ മാതൃഭാഷയായാലും അത് ഈമാന്‍ എന്ന വിശ്വാസസംഗതികളെ ധരിപ്പിക്കുന്ന ഗുരുവായും, മരണംവരെയും മരണാനന്തരം താനും ദൈവത്തോട് അപേക്ഷിപ്പാന്‍ തുണയായും ഇരിക്കുന്ന അവസ്ഥക്കു ആദ്യം പഠിച്ചുണരേണ്ടതായ ഈ ഭാഷയെ നിരസിച്ചും നിന്ദിച്ചും അഭ്യസിക്കാതിരിക്കുന്നത് പടുമൂഢന്മാര്‍ക്ക് അലങ്കാരമായിരിക്കും....''
മക്തി തങ്ങള്‍
* * *
ഒരിക്കല്‍ ഹാജിസാഹിബ് ഒരു സ്ഥലത്ത് പ്രസംഗിച്ചുകൊണ്ടിരിക്കെ യോഗം നടക്കുന്നതിന്റെ അടുത്ത് ഒരാള്‍ മരിച്ചിട്ടുണ്ടെന്ന വിവരം ആരോ വന്നു പറഞ്ഞു: ''ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍... അല്ലാഹു അദ്ദേഹത്തിന് നിത്യശാന്തി നല്‍കട്ടെ...'' ഇത് കേള്‍ക്കേണ്ട താമസം ജനം ആര്‍ത്തുവിളിച്ചു. ''ശാന്തി അമ്പലത്തിലാണ്.'' (ഇസ്‌ലാമിക പ്രസ്ഥാനം മുന്നില്‍ നടന്നവര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്).
* * *
ഒരു പ്രവാചകനെയും അവരുടെ ജനതയുടെ ഭാഷയിലല്ലാതെ നിയോഗിച്ചിട്ടില്ലെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. (ഇബ്‌റാഹിം 4) ഭാഷ പരിവര്‍ത്തനത്തിന്റെ ഉപകരണവും പ്രതലവുമാണ്. 'കേരളം മലയാളികളുടെ മാതൃഭൂമി' എന്നത് ഇ.എം.എസിന്റെ പ്രസിദ്ധമായ പുസ്തക ശീര്‍ഷകവും പ്രസ്താവനയുമാണ്. കേരളീയ പൗരന്റെ സ്വത്വരൂപീകരണത്തിന്റെ പ്രധാന മൂലകമാണ് മലയാള ഭാഷ. പ്രത്യേകിച്ച് അതിന്റെ മാനക ഭാഷ. അഥവാ അച്ചടിഭാഷ. ഈ മാനക മലയാളത്തോടുള്ള ചരിത്രപ്രാധാന്യമുള്ള ഇസ്‌ലാമിക പ്രതികരണമായിരുന്നു പ്രബോധനം. മക്തി തങ്ങളുടെ 'കഠോരകുഠാര'ത്തിലൂടെ ആരംഭിച്ച് വക്കം മൗലവിയുടെ ദീപികയിലൂടെ സഞ്ചരിച്ചാണ് ഇസ്‌ലാമിന്റെ മലയാള പ്രകാശനം പ്രബോധനം എന്ന പ്രസിദ്ധീകരണ പ്രസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നത്.
അറബി മലയാളം അതിജീവനത്തിന്റെ അക്ഷരക്കൂട്ടായിരുന്നു. അക്ഷരം മാറ്റിവെച്ചാല്‍ അറബി മലയാളം മലയാളം തന്നെയായിരുന്നു. പി. ഗോവിന്ദപ്പിള്ള ചൂണ്ടിക്കാട്ടിയ പോലെ മലയാളവും സംസ്‌കൃതവും ചേര്‍ന്ന മണിപ്രവാളവും മലയാളവും തമിഴും ചേര്‍ന്ന പാട്ടും മലയാളമായി അംഗീകരിക്കുന്ന നമ്മുടെ ഭാഷാ പാരമ്പര്യത്തിന് മലയാളവും അറബിയും ചേര്‍ന്ന അറബി മലയാളത്തെയും മലയാളമായി അംഗീകരിക്കാവുന്നതേ ഉള്ളൂ. പക്ഷേ അച്ചടി സൃഷ്ടിച്ച അധുനിക ദശയില്‍ ഭാഷയുടെ ബാഹ്യ ശരീരമായ അക്ഷരം ഏറെ പ്രധാനമായിരുന്നു. അതേപോലെ ഒരു മുസ്‌ലിം മലയാളത്തെക്കാള്‍ ഒരു പൊതുമലയാളം ഏറെ ആവശ്യമായിരുന്നു. ഇസ്‌ലാമിനെക്കൂടി ഉള്‍ച്ചേര്‍ത്ത് മുഖ്യധാരാ മലയാളത്തെത്തന്നെ വികസിപ്പിക്കേണ്ടതുണ്ടായിരുന്നു. അറബി മലയാളത്തില്‍ പ്രതിരോധവും നിസ്സഹായതയുമുണ്ടായിരുന്നു. മുഖ്യധാരാ മലയാളത്തെക്കുറിച്ച് മലയാളി മുസ്‌ലിമിന്റെ ആത്മവിശ്വാസക്കുറവുമുണ്ടായിരുന്നു. ഉള്‍വലിയുക എന്നത് ചില സമൂഹങ്ങളെ സംബന്ധിച്ചേടത്തോളം ചില ചരിത്രഘട്ടങ്ങളില്‍ വലിയ പ്രതിരോധം തന്നെയാണ്.
പക്ഷെ അത് അതിജീവനത്തിന്റെ, ആത്മപ്രകാശനത്തിന്റെ നിത്യസത്യരൂപമല്ല. ആര്യനെഴുത്തിനെ നിരാകരിച്ച ആദര്‍ശ സമൂഹത്തിന്റെ താവഴിയില്‍ നിന്നുതന്നെ മലയാളം പഠിച്ചാലേ വിശ്വാസം പൂര്‍ണമാവൂ എന്ന പ്രഖ്യാപനവും ഉണ്ടാവുകയാണ്. ആര്യമലയാളത്തെ നിഷിദ്ധമെന്ന് പ്രഖ്യാപിച്ചവരും മക്തി തങ്ങളും ചരിത്രത്തിലെ വിപരീതങ്ങളല്ല, ഒരേ ആദര്‍ശത്തിന്റെ വ്യത്യസ്ത ചരിത്ര ഘട്ടങ്ങളിലെ പ്രതികരണങ്ങളാണ്. ഈ ഘട്ടങ്ങളെ വ്യത്യസ്തമാക്കുന്നതില്‍ പ്രവര്‍ത്തിക്കുന്നത് ബാഹ്യഘടകങ്ങള്‍ മാത്രമല്ല, ആഭ്യന്തര ഘടകങ്ങള്‍ കൂടിയാണ്. നവോത്ഥാനത്തിന്റെ ഈ രസതന്ത്രമറിയാത്തതുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനം അനിസ്‌ലാമിക വ്യവസ്ഥയോട് ഒരു കാലത്ത് നിഷേധാത്മകവും പില്‍ക്കാലത്ത് ധനാത്മകവുമായ നിലപാട് സ്വീകരിച്ചതിനെ ചിലര്‍ ഒരു പൊരുത്തവുമില്ലാത്ത വൈരുധ്യമായി വിമര്‍ശിക്കുന്നത്.
മുഖ്യധാരാ മലയാളത്തെ സമരോത്സുകമായി നിഷേധിച്ച ഒരു സമൂഹത്തില്‍ അതിനെതിരായ അന്ധവൈകാരികതയുണ്ടാവുക സ്വാഭാവികമാണ്. ഹാജിസാഹിബ് മരിച്ചയാള്‍ക്ക് നിത്യശാന്തി നേര്‍ന്നപ്പോള്‍ സമുദായത്തില്‍ നിന്നുണ്ടായ പ്രതികരണം അതിന്റെ സാക്ഷ്യമാണ്. പിന്നിട്ട ഒരു ചരിത്രഘട്ടത്തിലെ അത്യുജ്ജലമായ ഒരു സമരത്തിന്റെ വൈകാരിക ശേഷിപ്പാണത്. കേരളീയ ഇസ്‌ലാമിനെ മറ്റൊരു ചരിത്രഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള സംഘടിതമായ ശ്രമമായിരുന്നു ഹാജിസാഹിബ് നടത്തിയത്. സമൂഹങ്ങള്‍ പുതിയ ചരിത്രസന്ധികളിലേക്ക് പ്രവേശിക്കുന്നത് ഏതോ കൊല്ലത്തിന്റെ മാറ്റം കൊണ്ടല്ല. ഇന്നലെ അന്യമായി കരുതിയ ഒന്നിനെ സ്വന്തമായി കരുതി, സ്വന്തമായ ശൈലിയില്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിലൂടെയാണ്. ഇന്നലെ ഉപയോഗിക്കാത്ത സങ്കേതങ്ങള്‍ ഇന്ന് ഉപയോഗിക്കുന്നതിലൂടെയാണ്.
ഇസ്‌ലാമിനെ എങ്ങനെ അതിന്റെ തനിമയില്‍ സംരക്ഷിക്കാം എന്നതല്ല ഇസ്‌ലാമിനെ എങ്ങനെ അതിന്റെ ശക്തിയില്‍ പൊതുസമൂഹത്തിന് വിനിമയം ചെയ്യാം എന്നതായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചിന്താവിഷയം. വിനിമയം തന്നെയാണ് സംരക്ഷണം എന്നത് മനസ്സിലാക്കി. ഒഴുക്കാണ് ഏറ്റവും നല്ല ശുദ്ധീകരണമെന്ന്, നല്ല പ്രതിരോധമെന്ന്. ജമാഅത്തെ ഇസ്‌ലാമി ഒരു പ്രബോധക സംഘമായിരുന്നു. അതിന്റെ ഓരോ ഉച്ഛ്വാസ നിശ്വാസങ്ങളും മിഷനറി സമൂഹത്തിന്റേതായിരുന്നു. ഇസ്‌ലാം മനുഷ്യനുള്ളതാണ് എന്നതായിരുന്നു അതിന്റെ ഒന്നാമത്തെ പ്രകടനപത്രിക.
ശുദ്ധമലയാളം അറിയാതെ തന്നെ അതില്‍ സംസാരിക്കാന്‍, പ്രസിദ്ധീകരണമാരംഭിക്കാന്‍ ഹാജിസാഹിബും സഹപ്രവര്‍ത്തകരും തീരുമാനിക്കുകയായിരുന്നു. കാരണം അതൊരു നിലപാടായിരുന്നു. ചരിത്രത്തെ മാറ്റിമറിച്ച നിലപാട്. പുതിയ ചരിത്രഘട്ടത്തിനു തിരിയും വെളിച്ചവും പകര്‍ന്ന നിലപാട്. പ്രബോധനത്തിന്റെ പ്രഥമ പത്രാധിപരായിരുന്ന ഹാജിസാഹിബിനും സുഹൃത്തുക്കള്‍ക്കും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിനേക്കാള്‍ എത്രയോ മികവിലും മിഴിവിലും അതിനെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇതിന്റെ പില്‍ക്കാലക്കാര്‍ക്കായിട്ടുണ്ട്. പക്ഷെ അന്ന് തങ്ങളുടെ എല്ലാ പരാധീനതകള്‍ക്കുമകത്തുവെച്ചു തന്നെ അത്തരമൊരു നിലപാടു സ്വീകരിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് ഹാജിസാഹിബ് എന്ന മതപണ്ഡിതന്‍ ചരിത്ര പുരുഷനാവുന്നത്, പ്രബോധനം ചരിത്രപരമായ വമ്പിച്ച പ്രാധാന്യമുള്ള ഒരു പ്രസിദ്ധീകരണ പ്രസ്ഥാനമാവുന്നത്. ഭാഷാപരമായി ഏറെ മികവു പുലര്‍ത്തിയിരിക്കാവുന്ന അതിന്റെ പില്‍ക്കാലത്തേക്കാള്‍ ചരിത്രമൂല്യമുള്ളത് ഭാഷാപരമായി അത്രയൊന്നും മികവു പുലര്‍ത്തിയിരിക്കാനിടയില്ലാത്ത, പുലര്‍ത്തിയിട്ടില്ലാത്ത അതിന്റെ ആരംഭകാലത്തിനാണ്. കാരണം അത് ചരിത്രത്തിന്റെ ഒരു പാരഡൈം ഷിഫ്റ്റായിരുന്നു. ജമാഅത്തെ ഇസ്‌ലാമി നടത്തിയ പള്ളിക്കൂടങ്ങളിലും കലാലയങ്ങളിലും മലയാളം ഒരു വിഷയമായി പഠിപ്പിച്ചിരുന്നു. ഒരു സര്‍ക്കാര്‍ പരീക്ഷക്കും കുട്ടികളെ ഇരുത്താതിരിക്കുമ്പോഴും ഇത്തരം കലാലയങ്ങള്‍ വിദ്യാര്‍ഥികളെ മലയാള ഭാഷയും ഇംഗ്ലീഷ് ഭാഷയും അറബി ഉര്‍ദു ഭാഷകള്‍ക്കൊപ്പം പഠിപ്പിക്കുന്നുണ്ടായിരുന്നു. നല്ല മലയാളിയായിക്കൊണ്ടേ നല്ല മുസ്‌ലിമാവാനാവൂ എന്നു അവര്‍ തിരിച്ചറിയുകയായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രം പൊതുസമൂഹ സമ്പര്‍ക്കത്തിന്റെ ചരിത്രം കൂടിയാണ്. മുസ്‌ലിം സമ്മേളനങ്ങളില്‍ അമുസ്‌ലിം പ്രതിനിധികളും പ്രഭാഷകരുമൊക്കെ പങ്കെടുത്തു തുടങ്ങുന്നത് ജമാഅത്ത് സമ്മേളനങ്ങളിലൂടെയാണ്. അവരെ അതിന് പ്രാപ്തരാക്കിയത് മലായാള ഭാഷയോട് അവര്‍ കാണിച്ച താല്‍പര്യമാണ്. നേരെ തിരിച്ച് ഈ അവശ്യസാക്ഷാത്കാരത്തിനുവേണ്ടി അവര്‍ മാതൃഭാഷയില്‍ താല്‍പര്യമുള്ളവരായിതീരുകയായിരുന്നു. ഇത് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഒരു വസ്വിയ്യതിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു. ഇന്ത്യാവിഭജന സമയത്ത് സ്വതന്ത്ര ഇന്ത്യയിലെ ജമാഅത്തിന് അദ്ദേഹം നല്‍കിയ വസ്വിയ്യതുകളിലൊന്ന് പ്രാദേശിക ഭാഷകള്‍ പഠിക്കണമെന്നും അതില്‍ ഖുര്‍ആന്‍ പരിഭാഷകളും മറ്റു ഇസ്‌ലാമിക സാഹിത്യങ്ങളും പ്രസിദ്ധീകരിക്കണവുമെന്നായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ ആസ്ഥാനത്തെ പൂമുഖത്ത് ചില്ലിട്ടുവെച്ചിരിക്കുന്ന, അഭിമാനത്തോടെ അവതരിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്. അത് എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന ഘടകങ്ങള്‍ പുറത്തിറക്കിയ ഖുര്‍ആന്‍ പരിഭാഷകളാണ്. മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ഒരേസമയം അഭിസംബോധന ചെയ്യുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണം എന്നതാണ് പ്രബോധനത്തിന്റെ സവിശേഷ മുദ്ര.
സാമൂഹിക പരിവര്‍ത്തനത്തിന് ശ്രമിക്കുന്നവര്‍ ആദ്യം കണ്ണുവെക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഭാഷ. ഭാഷ വിപ്ലവത്തിന്റെ ഉപകരണം മാത്രമല്ല പ്രതലം കൂടിയാണ്. കാരണം നിലനില്‍ക്കുന്ന കോയ്മകളുടെ പ്രതീകാത്മകമായ പ്രകാശന സ്ഥലമാണ് ഭാഷ. ഭാഷയെ അപനിര്‍മിച്ചുകൊണ്ടേ സമൂഹത്തെ പുനര്‍നിര്‍മിക്കാന്‍ കഴിയൂ. മലയാള ഭാഷയില്‍ പ്രബോധനം വരുത്തിയ പരിവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഇനിയും പഠിക്കപ്പെടേണ്ടതാണ്.
ഭാഷ വിനിമയ മാധ്യമം മാത്രമല്ല. ഭാഷ സ്വയം തന്നെ സന്ദേശമാണ്. പ്രത്യയശാസ്ത്രമാണ്. ഇത് ഏറ്റവും തീക്ഷ്ണതയില്‍ തിരിച്ചറിഞ്ഞത് മലബാറിലെ മുസ്‌ലിംകളാണ്. അങ്ങനെയാണവര്‍ സ്വന്തം ലിപിയും സ്വന്തം ഉപഭാഷയും സൃഷ്ടിച്ചത്. എന്നാല്‍ ഭാഷയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞും എന്നാല്‍ അതിനകത്തുതന്നെ നിലയുറപ്പിച്ചും പ്രവര്‍ത്തിക്കുന്നവര്‍ക്കേ പൊതു ചരിത്രത്തില്‍ ഇടപെടാന്‍ കഴിയൂ. പ്രബോധനം ഭാഷയെ കേവല ഉപകരണമായി ഉപയോഗിക്കുകയായിരുന്നില്ല. പുതിയ പദങ്ങളും ശൈലികളും സൃഷ്ടിച്ച് പഴയതിനെ പലതും നിരാകരിച്ച് ഭാഷയില്‍ ഇടപെടുകയായിരുന്നു. പല ഇസ്‌ലാമിക പദങ്ങള്‍ക്കും കാവ്യമനോഹരമായ മലയാളപദങ്ങള്‍ അത് സൃഷ്ടിച്ചു. ഇസ്‌ലാമിനെ ഹൃദ്യഗംഭീര മലയാളത്തില്‍ അവതരിപ്പിക്കുക എന്നതായിരുന്നല്ലോ പ്രബോധനം ഏറ്റെടുത്ത ചരിത്ര ദൗത്യം.
പ്രബോധനം എന്ന പ്രസിദ്ധീകരണ നാമം തന്നെ ഒരു പുതിയ പ്രയോഗമായിരുന്നു, ഉപയോഗമായിരുന്നു. മതപ്രതിനിധാനം, പ്രചാരണം എന്ന അര്‍ഥത്തില്‍, എന്ന ആവശ്യത്തിന് അത് മുമ്പ് ഏറെയൊന്നും ഉപയോഗിച്ചിട്ടില്ല.
കേരളീയ പൊതുമണ്ഡല രൂപീകരണത്തിന്റെ ഏറ്റവും വലിയ ഒരു അടിത്തറ ആധുനിക മലയാള ഭാഷയാണ്. മലയാളത്തിന്റെയും ആധുനിക കേരളത്തിന്റെയും വളര്‍ച്ചക്ക് ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനവും നല്‍കിയ ചരിത്ര സംഭാവനയാണ് പ്രബോധനം. അതുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമിയോടു മാത്രമല്ല ഇസ്‌ലാമിനോടുപോലും വിയോജിപ്പുള്ളവരും പ്രബോധനം എന്ന പ്രവാഹത്തില്‍ പങ്കുവഹിച്ചത്.
കേരളത്തിലെ മുസ്‌ലിം സമൂഹത്തില്‍ ജമാഅത്തെ ഇസ്‌ലാമി പുലര്‍ത്തിയ മേല്‍ക്കൈയുടെ അടിസ്ഥാനം മലയാള ഭാഷയില്‍ അത് നേടിയെടുത്ത മേല്‍ക്കൈയാണ്. പ്രബോധനത്തിന്റെ ഭാഷ ദുര്‍ഗ്രഹമാണെന്ന് എല്ലാ കാലത്തും പരാതികള്‍ ഉയരാറുണ്ട്. സമൂഹത്തെ നിലനില്‍ക്കുന്നതില്‍നിന്നു വ്യത്യസ്തമായ പുതിയ ആശയങ്ങളിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പ്രബോധനം പുതിയ ഭാഷ എക്കാലത്തും പ്രയോഗിച്ചു പോന്നിട്ടുണ്ട്.
''ഒരു തൊഴിലാളിക്ക് നൂറുവാക്കുകള്‍ അറിയാമെങ്കില്‍ മുതലാളിക്ക് ആയിരം വാക്കുകള്‍ അറിയാമായിരിക്കും. അതുകൊണ്ടാണ് അയാള്‍ മുതലാളി ആയത്...'' ദാരിയോ ഫോ.
വൈക്കം മുഹമ്മദ് ബഷീറും പ്രബോധനവും തമ്മിലുള്ള ബന്ധം സുവിദിതമാണ്. ഭാഷയെ പരിചരിക്കുന്ന ഒരു മുസ്‌ലിം പ്രസിദ്ധീകരണം എന്നതായിരുന്നു ആ ബന്ധത്തിന്റെ അടിസ്ഥാനം. ഒരു ഇസ്‌ലാമിക പ്രസിദ്ധീകരണത്തിനുണ്ടായിരിക്കേണ്ട ഭാഷയുടെ രാഷ്ട്രീയ ബോധത്തെക്കുറിച്ച് ബഷീര്‍ എന്നും പ്രബോധനത്തിന്റെ ശില്‍പികളെ ജാഗ്രതപ്പെടുത്തിയിരുന്നു. മലയാള ഭാഷയില്‍ സാര്‍വത്രികമായ ബഹുദൈവത്വവുമായി ബന്ധപ്പെട്ട പദങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കരുതെന്ന് ബഷീര്‍ സൂക്ഷ്മതപ്പെടുത്താറുണ്ടായിരുന്നു. ബഷീറിന്റെ നൂറു രൂപാ നോട്ട് എന്ന കഥ 1972ലെ പ്രബോധനത്തിന്റെ വാര്‍ഷിക പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്.
ജമാഅത്തെ ഇസ്‌ലാമിയുമായി ആശയപരമായി കഠിനഭിന്നതകള്‍ ഉണ്ടായിരുന്ന പ്രസിദ്ധ മലയാള സാഹിത്യകാരന്‍ എന്‍.പി മുഹമ്മദ് സംഘടനയെക്കുറിച്ച് 'മുസ്‌ലിം സമൂഹത്തിലെ സര്‍ഗാത്മക ന്യൂനപക്ഷം' എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതാന്‍ കാരണമായതും സംഘടനയും അതിന്റെ പുസ്തകങ്ങളും പ്രസിദ്ധീകരണവും ഭാഷക്കു നല്‍കിയ, ആശയത്തിനു നല്‍കിയ ഈ പരിഗണന തന്നെയായിരിക്കണം. ആശയത്തില്‍നിന്നു ഭാഷ ഒരനിവാര്യതയായി ജനിക്കുകയാണല്ലോ ചെയ്യുന്നത്. പുതിയത് പറയാനുള്ളവന്‍ അതിനുള്ള സങ്കേതം കണ്ടെത്തുകയാണ്.
ആനുകാലികത
നമുക്കെന്തിനാണ് എല്ലാ രണ്ടാഴ്ചയും പുറത്തിറങ്ങുന്ന ഒരു പ്രസിദ്ധീകരണം, നമുക്കെന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍ പത്രം പ്രസിദ്ധീകരിച്ചാല്‍ പോരേ എന്ന് ജമാഅത്തെ ഇസ്‌ലാമിയില്‍ തന്നെ ചിലര്‍ ചോദിച്ചിരുന്നവത്രെ. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ഒരു പ്രതിപക്ഷ പത്രം പുറത്തിറക്കാനാണ് തീരുമാനിച്ചത്. ഒരാനുകാലികം പുറത്തിറക്കാന്‍ ബോധപൂര്‍വം തീരുമാനിക്കുന്നതിന് ഒരുപാട് അര്‍ഥ തലങ്ങള്‍ ഉണ്ട്. അങ്ങേയറ്റം ചലനാത്മകമായ, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, അനുദിനം പുതിയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കാലത്തില്‍ ഇടപെടാനുള്ള, അതിനോട് പ്രതികരിക്കാനുള്ള തീരുമാനത്തിന്റെ ഫലമാണ് ഒരു ആനുകാലികം. പല മുസ്‌ലിം പ്രസിദ്ധീകരണങ്ങളും ആഴ്ചയിലോ മാസത്തിലോ പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ മാത്രമായിരുന്നു. കാലഗണനയില്‍ അവ ആനുകാലികമായിരുന്നെങ്കിലും ഉള്ളടക്കത്തില്‍ അവ ആനുകാലികങ്ങളായിരുന്നില്ല. പ്രബോധനം അതിന്റെ തുടക്കം മുതലേ ഉള്ളടക്കത്തിലും ഒരാനുകാലികമായിരുന്നു. കാരണം ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനമായിരുന്നു അത് ഏറ്റെടുത്ത ദൗത്യം.
എല്ലാ പ്രവാചകന്മാരും അവരുടെ കാലത്തോടും അതിലെ സവിശേഷ പ്രശ്‌നങ്ങളോടും പ്രതികരിച്ചു കൊണ്ടാണ് ഇസ്‌ലാമിനെ പ്രകാശിപ്പിച്ചത്. ആധുനിക കേരളത്തിലെ ഇസ്‌ലാമിന്റെ പ്രതിനിധാനമായിരുന്നു പ്രബോധനം. വളരെ കാലികമായ ഒരുപാട് പ്രശ്‌നങ്ങളോട് ദൈവികമായി പ്രതികരിച്ചുകൊണ്ടാണ് ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആന്‍ കാലിക പ്രശ്‌നത്തോട് നടത്തിയ പ്രതികരണത്തിന് ശാശ്വതികതയുടെ രുചിയും ഗന്ധവുമുണ്ടായിരുന്നു. മനുഷ്യരുടെ പ്രതികരണത്തിന് എല്ലായിപ്പോഴും അത് ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷെ, കാലിക സംഭവങ്ങളോട് ഇസ്‌ലാമിന്റെ പക്ഷത്തുനിന്നുകൊണ്ട് പ്രതികരിക്കുക എന്നത് പരമപ്രധാനമാണ്. റോം, പേര്‍ഷ്യ എന്നീ രണ്ട് ഇസ്‌ലാം ഇതര സാമ്രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ ഇടപെട്ട് ഖുര്‍ആന്‍ നിലപാട് വ്യക്തമാക്കുന്നത് കാണാന്‍ കഴിയും. അക്കാലത്തെ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ സാമൂഹിക പ്രശ്‌നങ്ങളോടും ഖുര്‍ആന്‍ പ്രതകരിക്കുന്നുണ്ട്. കുഴിച്ചു മൂടപ്പെടുന്ന പെണ്‍കുട്ടി, ആട്ടിയകറ്റപ്പെടുന്ന അനാഥ, അന്നം നിഷേധിക്കപ്പെടുന്ന അഗതി, സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങള്‍, പണപ്രമത്തത, അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടാത്ത ബന്ധികള്‍, യുദ്ധങ്ങള്‍, സന്ധികള്‍, വിജയങ്ങള്‍, പരാജയങ്ങള്‍.... ഈ 'ഖുര്‍ആനിക' പാരമ്പര്യത്തിന് കേരളീയവും സമകാലികവുമായ പതിപ്പ് സൃഷ്ടിക്കാനാണ് പ്രബോധനം ശ്രമിച്ചത്. ഈ പാരമ്പര്യം ഖുര്‍ആനിന്റെ അവതരണത്തോടെ അവസാനിക്കേണ്ടതായിരുന്നില്ല. ഖുര്‍ആനിനെയും പ്രവാചകജീവിതത്തെയും മാതൃകയാക്കി കാലങ്ങളിലൂടെ പുനരാവര്‍ത്തിക്കപ്പെടേണ്ട ഒന്നായിരുന്നു.
ഇസ്‌ലാമിക പ്രസ്ഥാനം എന്ന ആശയത്തിന്റെ തന്നെ അര്‍ഥം ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനം എന്നതാണ്. റോമും പേര്‍ഷ്യയും തമ്മിലുള്ള യുദ്ധത്തെക്കുറിച്ചു മാത്രമല്ല അമേരിക്കയും വിയറ്റ്‌നാമും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും റഷ്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള യുദ്ധത്തെക്കുറിച്ചും ഇസ്‌ലാമിന് നിലപാടുകളുണ്ട്. കുഴിച്ചുമൂടപ്പെടുന്ന പെണ്‍കുട്ടികളെക്കുറിച്ചു മാത്രമല്ല അവകാശം നിഷേധിക്കപ്പെടുന്ന എക്കാലത്തെയും എല്ലാ പെണ്ണുങ്ങളെക്കുറിച്ചും അത് സംസാരിച്ചുകൊണ്ടിരിക്കും. അവരുടെ വിമോചനത്തിനു വേണ്ടി നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല എന്നു ചോദിച്ചുകൊണ്ടിരിക്കും. ഇപ്പോള്‍ സര്‍ക്കസില്‍മാത്രം കാണുന്ന ഒട്ടകത്തിന്റെ സകാത്തിനെക്കുറിച്ചുതന്നെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനു പകരം സകാത്തിനെ അത് സമകാലിക ജീവിതത്തിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടേയിരിക്കും. അവിടെയാണ് ഇസ്‌ലാമിക പ്രസ്ഥാനം അക്ഷരത്തേക്കാള്‍ആത്മാവിനു പ്രാധാന്യം നല്‍കുന്ന ഇസ്‌ലാമിക പ്രതിനിധാനമാവുന്നത്. ഇസ്‌ലാമിന്റെ സമകാലികതയുടെ ചടുല മുഖമായിരുന്നു പ്രബോധനം. മറ്റു സംഘടനകളിലുള്ള പ്രഭാഷകരെയും വായനക്കാരെയും പ്രബോധനത്തിലേക്ക് ആകര്‍ഷിച്ചിരുന്ന സവിശേഷത ഇതായിരുന്നു. ഈയ്യിടെ യാഥാസ്ഥിതിക വിഭാഗത്തിലെ ഏറ്റവും മദ്ഹബ് പ്യൂരിറ്റന്‍ഗ്രൂപ്പായ ഒരു വിഭാഗത്തിന്റെ സംസ്ഥാന നേതാവ് ജമാഅത്ത് വിമര്‍ശനാര്‍ഥം സംഘടിപ്പിച്ച പരിപാടിയില്‍ പരിതപിക്കുകയുണ്ടായി: ...''എന്ത് ചെയ്യാനാണ് നമ്മള്‍ സുന്നികള്‍ക്ക് പോലും ഖുതുബ പറയണമെങ്കില്‍, വഅ്‌ള് നടത്തണമെങ്കില്‍, പുതിയ വിവരം ലഭിക്കണമെങ്കില്‍, ഇസ്‌ലാമിനെക്കുറിച്ച് പുതിയ ശൈലിയിലെ കാര്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഇസ്‌ലാം വിരുദ്ധര്‍ക്കുള്ള മറുപടി ലഭിക്കണമെങ്കില്‍ ആഗോള വാര്‍ത്ത ലഭിക്കണമെങ്കില്‍ പ്രബോധനം വായിക്കണം. എന്നാല്‍ അവര്‍ മുസ്‌ലിംകളെ സുന്നത്ത് ജമാഅത്തില്‍നിന്ന് വഴിപിഴപ്പിക്കുകയാണ്.''
സമകാലികത പ്രബോധനത്തിന്റെ പൊതു സവിശേഷതയായിരുന്നെങ്കിലും 1964ല്‍ ആരംഭിച്ച പ്രബോധനം വാരിക ഇതിന്റെ കുറേകൂടി ഘനീഭവിച്ച രൂപമായിരുന്നു. യഥാര്‍ഥത്തില്‍ പ്രബോധനം വാരിക മാധ്യമം ദിനപത്രത്തിന്റെ പ്രാഗ്‌രൂപമാണ്. പ്രബോധനം വാരിക നടത്തിയ പാരമ്പര്യമുണ്ടായിരുന്നത് കൊണ്ടാണ് മറ്റെല്ലാ പരാധീനതകളുമുണ്ടായിരുന്നിട്ടും വിജയകരമായ ഒരു പത്രം നടത്താന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സാധിച്ചത്. കാരണം അതിന് മറ്റെന്തിന്റെ ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും നിലപാടുകളുടെ ദാരിദ്ര്യം ഉണ്ടായിരുന്നില്ല. സമകാലിക സംഭവ വികാസങ്ങളോട് നിലപാടുകള്‍ സ്വീകരിക്കുന്ന മെക്കാനിസം പ്രബോധനത്തിലൂടെ അത് വളര്‍ത്തിയെടുത്ത് കഴിഞ്ഞിരുന്നു. അത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആത്മാവില്‍ അന്തര്‍ഹിതമായ ഒന്നായിരുന്നു. മാധ്യമത്തിനുശേഷം വന്ന ചില മുസ്‌ലിം ദിനപത്രങ്ങളെങ്കിലും ദയനീയ പരാജയമായി മാറാന്‍ കാരണം പത്രത്തിന്റെ ഒന്നാമത്തെ മൂലധനം നിലപാടാണ് എന്നു തിരിച്ചറിയാന്‍ കഴിയാതെ പോയതാണ്. നിലപാടുകള്‍ തെറ്റാം അത് തിരുത്താം. പക്ഷെ നിലപാടുകള്‍ ഉണ്ടായിരിക്കണം. നിലപാടുകളെ പകര്‍ന്നു തരുന്ന ഒന്നായി, നിലപാടുകള്‍ രൂപപ്പെടുത്താന്‍ കഴിയുന്ന ഉപാധിയായി ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ സാധിക്കണം. ഇസ്‌ലാം കാലങ്ങളിലൂടെ പ്രതിനിധാനം ചെയ്യപ്പെടേണ്ട ഒന്നാണ്. നിരന്തരമായി സമകാലികവല്‍കരിക്കപ്പെടേണ്ട ഒരാദര്‍ശമാണ്. അതിനുള്ള ക്ഷമത ഇസ്‌ലാമിനകത്തുണ്ട്. ഇവിടെയാണ് ഇസ്‌ലാമിക പ്രസ്ഥാനം എന്ന ആവിഷ്‌കാരം പോലും പ്രസക്തകമാകുന്നത്. ഇസ്‌ലാം കേവലം ഒരാത്മീയ വ്യവസ്ഥയല്ല. ആത്മീയതയിലൂന്നിയ സാമൂഹിക വിശകലനരീതിയാണ്.
കഴിഞ്ഞ ആറുപതിറ്റാണ്ടിനിടയിലെ പ്രധാനപ്പെട്ട അന്തര്‍ദേശീയ ദേശീയ പ്രാദേശിക പ്രശ്‌നങ്ങളോടും പ്രബോധനം അതിന്റെ നിലപാടുതറയില്‍ നിന്നുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി പൊതു പ്രശ്‌നങ്ങളില്‍ ഇടപെട്ടുതുടങ്ങിയത് ഇപ്പോഴടുത്താണ് എന്നു കരുതുന്നവരുണ്ട്. അത് അവരുടെ എന്തോ അടവുനയമാണെന്ന് വിശ്വസിക്കുന്ന സാധുക്കളുമുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആരംഭം മുതലേ സമകാലിക പ്രശ്‌നങ്ങളോട് പ്രതികരിച്ചു പോന്നിട്ടുണ്ടെന്നതിന് പ്രബോധനത്തിന്റെ കഴിഞ്ഞ അറുപതാണ്ടുകള്‍ തെളിവാണ്.
മറ്റു മുസ്‌ലിം സംഘടനകളും അവരുടെ പ്രസിദ്ധീകരണങ്ങളും ഏറെ താല്‍പര്യം കാണിക്കാത്ത അന്തര്‍ദേശീയ ഇസ്‌ലാമിക ചലനങ്ങള്‍ പ്രബോധനത്തിന്റെ പ്രത്യേകമായ ആകര്‍ഷണീയതയായിരുന്നു. മതപത്രപ്രവര്‍ത്തനത്തിന് കര്‍മശാസ്ത്രത്തിനും ദൈവശാസ്ത്രത്തിനുമപ്പുറമൊരു ചക്രവാളമുണ്ടെന്ന് പ്രബോധനം തെളിയിച്ചുകൊടുക്കുകയായിരുന്നു. ആധുനിക കേരള മുസ്‌ലിം സമൂഹത്തെ അന്തര്‍ദേശീയവത്കരിക്കുന്നതില്‍ പ്രബോധനത്തിന്റെ പങ്ക് ഏറെ ചെറുതല്ലാത്തതാണ്. ഇറാഖും അഫ്ഗാനും ഫലസ്ത്വീനും ഇന്ന് അവന്റെ/അവളുടെ ദൈനം ദിന ബോധനത്തിന്റെ ഭാഗമാണ്. ഈ അവസ്ഥ കൈവരിച്ചതില്‍ ഗള്‍ഫ് പ്രവാസവും ദൃശ്യ മാധ്യമങ്ങളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. പക്ഷെ അതൊന്നുമില്ലാത്ത കാലത്തും പ്രബോധനം ഈ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഇന്ത്യന്‍ മുസ്‌ലിംകള്‍ പ്രബോധനത്തിന്റെ സുപ്രധാന ഉള്ളടക്കമായിരുന്നു. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ മുസ്‌ലിം താല്‍പര്യങ്ങളെ അവഗണിച്ച് നിലപാടുകള്‍ സ്വീകരിക്കുമ്പോഴെല്ലാം പ്രബോധനം അവര്‍ക്ക് സൈ്വരക്കേടായി വര്‍ത്തിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് തുര്‍ക്കുമാന്‍ഗേറ്റ് ഇന്ത്യയിലല്ല തുര്‍ക്കിയിലാണെന്ന് പ്രമുഖ ലീഗ് നേതാവ് പറഞ്ഞിരുന്നുവത്രെ. മുസ്‌ലിം ലോകത്തെക്കുറിച്ചും മുസ്‌ലിം ഇന്ത്യയെക്കുറിച്ചും പ്രബോധനം പകര്‍ന്നുകൊടുക്കാന്‍ ശ്രമിച്ച സാക്ഷരത ഏറെ പ്രാധാന്യമുള്ളതാണ്.
1932ലാണ് നാദാപുരം വാദപ്രതിവാദം നടന്നത്. ഇതായിരുന്നു കേരള മുസ്‌ലിം ചരിത്രത്തിലെ ആദ്യത്തെ വാദപ്രതിവാദം. വിഷയം ഇസ്തിഗാസ അഥവാ വിളിച്ചു ചോദിക്കല്‍ അല്ലാഹുവിനോട് മാത്രമോ അല്ലേ? 1932ല്‍നിന്ന് രണ്ടായിരത്തിലെത്തുമ്പോള്‍ കേരള മുസ്‌ലിംകള്‍ക്കിടയിലെ സംവാദത്തിന്റെ ഭാഷക്കും വ്യാകരണത്തിനും ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അല്ലെങ്കില്‍ നാദാപുരം, കടവത്തൂര്‍, കോട്ടപ്പുറം സംവാദങ്ങള്‍ അതേസാന്ദ്രതയിലല്ലെങ്കിലും ഇന്നും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സമാന്തരമായി മറ്റൊരു സംവാദ ശൈലിയും മതരംഗത്ത് തളിരിടുന്നുണ്ട്. അത് മതസംവാദത്തിന് സാമൂഹ്യശാസ്ത്ര സങ്കേതങ്ങള്‍ സ്വീകരിക്കുക എന്നതാണ്. കേരളീയ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ച് സുന്നിസുഹൃത്തുക്കള്‍ ഉന്നയിച്ച പുതിയ വിമര്‍ശനങ്ങള്‍ ഈ സ്വഭാവമുള്ളതാണ്.
ഇതിനും ചില ചതിക്കുഴികളുണ്ട്. എങ്കിലും നാദാപുരം ഖണ്ഡനമണ്ഡനത്തെക്കാള്‍ ഇത് ഗുണപരമാണ്. ഈ മാറ്റം പ്രബോധനത്തിന്റെ സ്വാധീനഫലം മാത്രമാണെന്ന് പറയാനാവില്ല. പക്ഷെ വാദപ്രതിവാദങ്ങള്‍ സ്റ്റേജിലും പേജിലും കൊടുമ്പിരിക്കൊണ്ട കാലത്താണ് പ്രബോധനം മതവിജ്ഞാന വ്യവഹാരത്തിന് വേറിട്ടൊരു ശൈലി സ്വീകരിച്ചത്. പ്രബോധനം അന്ന് സ്വീകരിച്ച ശൈലി ഇന്ന് കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങളുടെ പൊതുശൈലിയാവുന്നു എന്നത് ശുഭോദര്‍ക്കമാണ്.
ഇസ്‌ലാമിന്റെ അടിത്തറകളെക്കുറിച്ച ജനകീയ വിദ്യാഭ്യാസം പ്രബോധനത്തിന്റെ സുപ്രധാന ദൗത്യമായിരുന്നു. പ്രബോധനത്തില്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ പരമ്പര അവസാനിച്ചപ്പോള്‍ ഇസ്‌ലാമിക കലാലയത്തില്‍ പഠിക്കുന്ന ഒരു മകന്‍ സാധാരണ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ ബാപ്പയോട് ഖുര്‍ആന്‍ പംക്തിയില്ലാത്ത പ്രബോധനത്തെ സങ്കല്‍പിച്ച് സന്തോഷം കൂറിയപ്പോള്‍ ബാപ്പ പറഞ്ഞു. തഫ്ഹീം അവസാനിച്ചെങ്കിലും പ്രബോധനത്തില്‍ ഖുര്‍ആന്‍ പംക്തി വേണം. കാരണം ഖുര്‍ആന്‍ ജനങ്ങളിലെത്തിക്കാനാണ് പ്രബോധനം ആരംഭിച്ചത്.'' ഖുര്‍ആനിന്റെ ജനകീയ വിദ്യാഭ്യാസം ഇന്ന് കേരളത്തില്‍ വളര്‍ന്നു പന്തലിച്ചു കഴിഞ്ഞ ഒരു ഇസ്‌ലാമിക ഉന്മേഷമാണ്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ പൊതുവിലും ജമാഅത്തെ ഇസ്‌ലാമിയുടെ ഖുര്‍ആന്‍ ക്ലാസുകള്‍ വിശേഷിച്ചും ഈ ഉണര്‍വിനു പിന്നില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രബോധനത്തിലെ ഖുര്‍ആന്‍ പംക്തി ഖുര്‍ആന്‍ ക്ലാസുകളെ സമ്പന്നമാക്കിയ ഒരു കോളമായിരുന്നു.
പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന പലതരം കര്‍മശാസ്ത്ര പംക്തികളും ലേഖനങ്ങളും കേരളത്തില്‍ വ്യത്യസ്തമായ ഒരു കര്‍മശാസ്ത്ര ശൈലിയെ പ്രതിനിധീകരിക്കുന്നുണ്ട്. സുന്നത്തിന്റെയോ ഏതെങ്കിലും മദ്ഹബിന്റെയോ അക്ഷരത്തടവുകാരാവുന്നതിനു പകരം പ്രമാണങ്ങളുടെ സന്ദര്‍ഭവും നാം ജീവിക്കുന്ന സന്ദര്‍ഭവും ചേര്‍ത്തുവെച്ചുകൊണ്ടുള്ള കര്‍മശാസ്ത്ര വിശകലന സമീപനം പ്രബോധനം മുന്നോട്ടുവെച്ചു. എ.വൈ.ആര്‍ കൈകാര്യം ചെയ്തിരുന്ന പ്രശ്‌നവും വീക്ഷണവും എന്ന പംക്തി ഇതില്‍ എടുത്തുപറയേണ്ട ഉദാഹരണമാണ്. ന്യൂനപക്ഷ കര്‍മശാസ്ത്രം പോലുള്ള മുസ്‌ലിം ലോകത്തെ പുതിയ വൈജ്ഞാനിക പ്രവണതകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് പ്രബോധനമാണ്. ആരാധനാനുഷ്ഠാനങ്ങളിലെ വിശദാംശങ്ങളിലെ വിശാലത, അമുസ്‌ലിം സഹവര്‍ത്തിത്വത്തിലെ ഉദാരത, സകാത്തിന്റെ കാലിക പ്രയോഗരീതികള്‍, സ്ത്രീ അവകാശങ്ങള്‍ എന്നിവയൊക്കെ കഴിഞ്ഞ അറുപത് വര്‍ഷമായി പ്രബോധനം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കര്‍മശാസ്ത്ര വിഷയങ്ങളാണ്. ഫിഖ്ഹ് ഇസ്‌ലാമിന്റെ പ്രയോഗത്തിന്റെ കലയും ശാസ്ത്രവുമാണെന്നാണ് പ്രബോധനം പ്രസരിപ്പിക്കാന്‍ ശ്രമിച്ച സന്ദേശം. ഇന്ന് മുസ്‌ലിം മതമണ്ഡലത്തിനു മാത്രമല്ല, പൊതു സമൂഹത്തിനുവരെ സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന പലിശ രഹിത ബാങ്കിംഗ് എന്ന ഇസ്‌ലാമിക ഫിഖ്ഹിന്റെ സമകാലിക പ്രയോഗത്തെ മലയാളത്തില്‍ അവതരിപ്പിച്ച് അതിനെ നിരന്തരം പിന്തുടര്‍ന്നത് പ്രബോധനമാണ്.
അറുപതാണ്ട് പിന്നിട്ട പ്രബോധനത്തെക്കുറിച്ച ചര്‍ച്ച കേരളീയ സാംസ്‌കാരിക ജീവിതത്തിലെ വളരെ വലിയ സാന്നിധ്യമായ മുസ്‌ലിം ആനുകാലികങ്ങളെക്കുറിച്ച ഒരു വിശകലനത്തിലേക്ക് തീര്‍ച്ചയായും വികസിക്കേണ്ടതുണ്ട്. സമകാലിക കേരളീയ മുസ്‌ലിം ജീവിതത്തിന്റെ സര്‍ഗാത്മകതയെയും ഊര്‍ജസ്വലതയെയുമാണ് തീര്‍ച്ചയായും മുസ്‌ലിം ആനുകാലികങ്ങള്‍ പ്രതിനിധീകരിക്കുന്നത്. അവയില്‍ മിക്കവാറും കേവല മതമീമാംസാ പ്രസിദ്ധീകരണങ്ങളല്ല. അഥവാ ഇപ്പോള്‍ മലയാളത്തില്‍ ഒരു പ്രബോധനമല്ല ഒരുപാട് പ്രബോധനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. തീവ്രയാഥാസ്ഥിതികര്‍ വരെ മികച്ച പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നു.
മുസ്‌ലിം സാംസ്‌കാരിക മണ്ഡലം മുസ്‌ലിം മതനേതൃത്വത്തേക്കാളും രാഷ്ട്രീയ നേതൃത്വത്തെക്കാളും മുന്നിലാണ് സഞ്ചരിക്കുന്നത് എന്നതാണ് ഈ പ്രവണത വിളിച്ചു പറയുന്നത്. മിക്ക മുസ്‌ലിം സംഘടനാ പ്രസിദ്ധീകരണങ്ങളും പ്രസ്തുത സംഘടനകളെക്കാള്‍ ഉയരത്തിലാണ് സഞ്ചരിക്കുന്നത്. ഇവയെല്ലാം കൂടുതല്‍ സമ്പന്നമാക്കുക എന്നത് ഭാവി മുസ്‌ലിം കേരളത്തിനുള്ള ഏറ്റവും നല്ല നിക്ഷേപമായിരിക്കും. ആധുനിക മുസ്‌ലിം കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് നാന്ദികുറിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ചു എന്നതായിരിക്കും പ്രബോധനത്തിന്റെ ഏറ്റവും വലിയ ചരിത്ര പ്രസക്തി. ഇതില്‍ വലിയ പങ്കുവഹിച്ച മറ്റൊരു പ്രസിദ്ധീകരണം ഈയടുത്തു പ്രസിദ്ധീകരണം നിര്‍ത്തിവെച്ച ചന്ദ്രിക ആഴ്ചപ്പതിപ്പാണ്.
പക്ഷേ നേരത്തെ മതസാമൂഹിക നവോത്ഥാനത്തിന്റെ കൊടിപിടിച്ചവരില്‍ ചിലര്‍ എങ്ങനെ ജഡത്വം വരിക്കാം, പുറം തിരിഞ്ഞു നടക്കാം, സര്‍ഗാത്മകത കെടുത്താം എന്നതില്‍ ഗവേഷണം നടത്തുന്നതുപോലെ അനുഭവപ്പെടുന്നു. അറുപതാണ്ട് പിന്നിടുന്നതായി പ്രഖ്യാപിച്ച മറ്റൊരു നവോത്ഥാന പ്രസിദ്ധീകരണം അതിന്റെ മികവായി ഇന്ന് അവകാശപ്പെടുന്നത് സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇടപെടാതിരിക്കുന്നു, സര്‍ഗ സാഹിത്യത്തിന് പേജ് നീക്കിവെക്കാതിരിക്കുന്നു എന്നതൊക്കെയാണ്.
സമാപനം
മലയാളത്തില്‍ ഒരുപാടു പ്രബോധനങ്ങള്‍ പുറത്തിറങ്ങുന്ന കാലത്ത് പ്രബോധനം എവിടെ നില്‍ക്കുന്നു. ആധുനികതയോടുള്ള ആദര്‍ശതീവ്രവും സര്‍ഗാത്മകവുമായ പ്രതികരണമായിരുന്നു പ്രബോധനത്തിന്റെ ആരംഭം. ആധുനികതയില്‍നിന്നും ലോകത്തിനും ലോകത്തെ സാമൂഹിക പ്രവണതകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുണ്ടായ മാറ്റത്തെ പ്രബോധനത്തിന് എത്ര അളവില്‍ പ്രതിഫലിപ്പിക്കാനായിട്ടുണ്ട്. തീര്‍ച്ചയായും പരിസ്ഥിതി, സ്വത്വ രാഷ്ട്രീയം, സ്ത്രീ സ്വത്വം, ഇസ്‌ലാമിക ഫെമിനിസം, പുത്തന്‍ തലമുറ, ആത്മീയ സരണികള്‍, മഴവില്‍ കാലത്തെ ഇസ്‌ലാം എല്ലാം പ്രബോധനം ഉള്ളടക്കമാക്കാറുണ്ട്. എങ്കിലും ചില എടുത്തുചാട്ടങ്ങള്‍ കാലം ആവശ്യപ്പെടുന്നുണ്ടെന്ന് തോന്നുന്നു. നിരന്തരമായി ഇസ്‌ലാമിനെ ചരിത്രവല്‍ക്കരിക്കുക എന്ന ദൗത്യമാണ് ഇസ്‌ലാമിക പ്രസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. അത്തരം ചരിത്രവല്‍ക്കരണത്തെ പ്രത്യയശാസ്ത്രവല്‍ക്കരിക്കുക എന്ന ബാധ്യത പ്രബോധനത്തിനുണ്ട്. പ്രസ്ഥാനത്തിന്റെ പുതിയ ചുവടുവെപ്പുകളെ ആദര്‍ശപരമായി വിശദീകരിക്കാനുള്ള ശ്രമത്തിന് ശക്തി വര്‍ധിപ്പിക്കേണ്ടതുണ്ട്.
മാധ്യമം ദിനപത്രത്തിന്റെ ഗര്‍ഭപാത്രം കൂടിയായിരുന്നു പ്രബോധനം. മാധ്യമത്തിന്റെ പിറവിയോടെയാണ് വാരികയും മാസികയുമായി പ്രസിദ്ധീകരിച്ചുവന്നിരുന്ന പ്രബോധനം വാരിക മാത്രമായി പ്രസിദ്ധീകരിക്കാനാരംഭിച്ചത്. ഇതേക്കുറിച്ച് പ്രബോധനത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ വേളയില്‍ അബൂയാസിര്‍ എഴുതുന്നു. ''1987ല്‍ മാധ്യമം ആരംഭിച്ചതോടെ പ്രബോധനത്തിന്റെ വാര്‍ത്താ പ്രാധാന്യമായ ഉള്ളടക്കങ്ങള്‍ ഏറക്കുറെ മാധ്യമം കൈകാര്യം ചെയ്തുതുടങ്ങി. ഈ അവസ്ഥയില്‍ പത്രത്തിന്റെ വാര്‍ത്താ വാരിക എന്ന സ്വഭാവം തുടരേണ്ടതില്ലെന്നും ഇനി മുതല്‍ പ്രാസ്ഥാനികവും വൈജ്ഞാനികവുമായ ഉള്ളടക്കത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും തീരുമാനിക്കപ്പെട്ടു. അതുവരെ ഈ സ്വഭാവത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മാസിക നിര്‍ത്തിവെക്കുകയും അതിന്റെ ഉള്ളടക്കങ്ങള്‍ വാരികയിലേക്ക് മാറ്റുകയും ചെയ്തു'' (പ്രബോധനം ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പ്, പ്രബോധനത്തിന്റെ കഥ, അബൂയാസിര്‍). ചരിത്രപരമായ ഈ തീരുമാനത്തോട് പ്രബോധനത്തിന്റെ പില്‍ക്കാലത്തിന് എത്രമാത്രം നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. വിശകലനങ്ങളില്‍ മാധ്യമത്തിന്റെ കേവലാവര്‍ത്തനമാവാതിരിക്കാന്‍ എത്ര അളവില്‍ സാധിച്ചിട്ടുണ്ട് എന്നത് അറുപതാം വാര്‍ഷിക വേളയില്‍ വിലയിരുത്തേണ്ട ഒരു വിഷയമാണ്.
ചരിത്രത്തിലൊരിക്കലും പ്രബോധനം ഒരു കേവല സംഘടനാ പ്രസിദ്ധീകരണമായിരുന്നില്ല. സംഘടനയെത്തന്നെ എങ്ങനെ സംഘടനാതീതമാക്കാം എന്ന പ്രസ്ഥാന പരീക്ഷണത്തിന്റെ മികച്ച പ്രയോഗവേദിയായി പ്രബോധനം ഇനിയും മാറണം. കേരളത്തില്‍ എല്ലാ സംഘടനകളുടെയും അല്ലെങ്കില്‍ ഒന്നിലധികം സംഘടനാ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്ന ധാരാളം എഴുത്തുകാര്‍ ഇന്ന് ഉണ്ടാവുന്നുണ്ട്. ഒരു പൊതു മുസ്‌ലിം ബുദ്ധിജീവി സമൂഹം ഉയര്‍ന്നുവരുന്നു എന്നാണ് അതിന്റെ അര്‍ഥം.
കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ എത്ര എഴുത്തുകാരികളെ സൃഷ്ടിക്കാന്‍ പ്രബോധനത്തിനു സാധിച്ചു എന്ന ചോദ്യത്തെ പ്രബോധനത്തിന്റെ വരുംകാലം അഭിമുഖീകരിക്കും എന്നു പ്രത്യാശിക്കാന്‍ ഒരുപാടു ന്യായങ്ങളുണ്ട് എന്ന വികാരം പങ്കുവെച്ചുകൊണ്ട് ഈ വിശകലനം അവസാനിപ്പിക്കാമെന്ന് കരുതുന്നു.
ടി. മുഹമ്മദ് വേളം 9744944521

Comments

Other Post