Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

വായനയിലെ വിപ്ലവം

പി. സൂപ്പി കുറ്റിയാടി

വായനയുടെ വേദന
വായിച്ചതിന്റെ പേരില്‍ അടികിട്ടുകയും തെറി കേള്‍ക്കേണ്ടിവരികയുമൊക്കെ ചെയ്ത ആളാണ് ഞാന്‍. പന്ത്രണ്ടാം വയസ്സിലാണെന്നാണോര്‍മ, കോഴിക്കോട്ടുനിന്ന് പൗരശക്തി എന്ന പേരില്‍ ദിനപത്രമിറങ്ങിയിരുന്നു. കുറ്റിയാടി താഴെഇല്ലത്ത് കുഞ്ഞബ്ദുല്ല എന്നയാളായിരുന്നു അതിന്റെ ഏജന്റ്. മുസ്‌ലിം പത്രാധിപരൊക്കെയുള്ള നല്ല പത്രമായിരുന്നു അത്. അന്ന് നമ്മുടെ നാട്ടില്‍ മുസ്‌ലിംകള്‍ക്കിടയില്‍ മലയാളവും ഇംഗ്ലീഷുമൊക്കെ പഠിക്കുന്നതും പത്രപ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളുമൊക്കെ വായിക്കുന്നതും നിഷിദ്ധമായിരുന്നു. ഞാന്‍ പത്രം വാങ്ങി. ഇന്നത്തെ 5 പൈസയാണ് വില. പത്രം വാങ്ങിപ്പോരുമ്പോള്‍ അടുത്തുള്ള ഒരു കടക്കാരന്‍ ഏജന്റിനോട് വിളിച്ചു ചോദിച്ചു: 'ആ ചെറിയോന്‍(കുട്ടി) എന്ത്ന്നാ വാങ്ങിക്കൊണ്ടുപോയത്?' പൗരശക്തി ദിനപത്രമാണെന്ന് ഏജന്റ് മറുപടിയും പറഞ്ഞു. 'കുട്ടികളെല്ലാം ഒതിയാര്‍ക്കം ഇല്ലാതെയാണോ വളരുന്നത്?' എന്നായിരുന്നു അയാളുടെ പ്രതികരണം. ഞാനെന്തോ മഹാ പാപം ചെയ്തതുപോലെ. ഈ കാര്യം എങ്ങനെയോ എന്റെ ബാപ്പയറിഞ്ഞു. ഞാന്‍ തറവാട്ടില്‍ തേനാംപഴം പറിക്കാന്‍ മരത്തില്‍ കയറിയതായിരുന്നു. ഉപ്പ വീട്ടില്‍ വന്ന ഉടനെ എന്നെ അന്വേഷിച്ചു. 'സൂപ്പി ഏടപ്പോയെടീ, സൂപ്പി ഏടപ്പോയെടീ' എന്നു ചോദിച്ച് ഉപ്പ വരുന്നത് കണ്ടപ്പോ എന്തെങ്കിലും പലഹാരവും കൊണ്ടുവന്നതാണെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ വേഗം മരത്തില്‍നിന്നിറങ്ങി ഓടി ഉപ്പാന്റടുത്തു ചെന്നു. '... മോനേ എന്നെ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിച്ചില്ലേ?' എന്നു പറഞ്ഞ് കരണത്ത് രണ്ടടി കിട്ടി. ഞാന്‍ അന്തം വിട്ടുപോയി. കണ്ണു നിറഞ്ഞു. വായിച്ചു എന്ന 'മഹാകുറ്റ'ത്തിനുള്ള ശിക്ഷ!
സ്‌കൂളില്‍ പഠിക്കുന്നകാലത്ത് എന്റെ സ്‌കൂളില്‍ ആകെ മൂന്ന് മുസ്‌ലിം പെണ്‍കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. 1921-ല്‍ ഖിലാഫത്ത് സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബ്രിട്ടീഷ് പട്ടാളക്കാരെ ഭയന്ന് വളപട്ടണം വഴി കുറ്റിയാടിയിലെത്തിയ അബ്ദുല്ലകുട്ടി മൗലവിയുടെ രണ്ട് പെണ്‍മക്കളും കായക്കൊടിയിലെ ധനാഢ്യനും പൗരപ്രമുഖനുമായിരുന്ന കരുവളത്തില്‍ പൊന്നേരി മൊയ്തീന്‍ സാഹിബിന്റെ മകളും. കുറ്റിയാടിയിലെ ആദ്യ വിജ്ഞാന ദീപമായ ഇന്നത്തെ എം.ഐ.യു.പി സ്‌കൂളും അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയും സ്ഥാപിക്കാന്‍ കാരണമായത് യമനില്‍നിന്ന് പൊന്നാനിയില്‍ ഇസ്‌ലാമിക സന്ദേശവുമായി വന്ന സൈനുദ്ദീന്‍ മഖ്ദൂം കുടുംബത്തിലെ കണ്ണിയായ അബ്ദുല്ലകുട്ടി മൗലവിയാണ്. മറ്റൊരാള്‍ ധനാഢ്യനും പൗരപ്രമുഖനും. അതുകൊണ്ടുതന്നെ ഇവരുടെ മക്കള്‍ സ്‌കൂളില്‍ പോകുന്നത് തടയാന്‍ ആരും മെനെക്കട്ടിരുന്നില്ല. ഇന്ന് സമുദായം പറ്റെ മാറിയിരിക്കുന്നു. അതുപോലെ, ഒരിക്കല്‍ ദേശാഭിമാനി വായിച്ചതിന് ഒരു പോലീസുകാരന്‍ എന്നെ വിളിച്ച് 'എടാ നീ ദേശാഭിമാനി വായിക്കുന്നതൊക്കെ ഞങ്ങളറിയുന്നുണ്ട്. നിന്നെ ചവിട്ടിപ്പൊട്ടിച്ചുകളയും' എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തെറി പറയുകയും ചെയ്തിട്ടുണ്ട്.
പ്രബോധനത്തിന്റെ സ്വാധീനം
കുറ്റിയാടി എം.ഐ.യു.പി സ്‌കൂളില്‍ ഇ.എസ്.എല്‍.സി പരീക്ഷയില്‍ തോറ്റതിന് ശേഷം ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ എം. മൂസ്സ മാസ്റ്ററാണ് എന്നെയും സഹപാഠി ടി.കെ ഇബ്‌റാഹീം മൗലവിയെയും അദ്ദേഹത്തിന്റെ മരുമകനായ സ്വാലിഹ് മൗലവിയെയും ടി.പി അഹ്മദിനെയും കാസര്‍കോട് ആലിയാ അറബിക് കോളേജില്‍ കൊണ്ടുപോയിച്ചേര്‍ത്തത്. വടകരയില്‍ നിന്ന് ഒരാള്‍ക്ക് 228 അണയുടെ (ഇന്നത്തെ 2.50 രൂപ) ടിക്കറ്റുമെടുത്ത് ട്രെയിന്‍ വഴിയാണ് കാസര്‍കോട്ടേക്ക് പോയത്. അവിടെ വെച്ചാണ് പ്രബോധനം വായിക്കാന്‍ തുടങ്ങിയത്.
അന്ന് എടയൂരില്‍നിന്ന് പ്രബോധനം കൊണ്ടുവന്നിരുന്ന ടി.കെ അബ്ദുല്ല മൗലവിയുടെ ജ്യേഷ്ഠ സഹോദരന്‍ ടി.കെ കുഞ്ഞമ്മദ് സാഹിബ്, ആയഞ്ചേരിയില്‍നിന്നും ഏകദേശം 12-ഓളം കിലോമീറ്റര്‍ ദൂരെയുള്ള കുറ്റിയാടി വരെ കാല്‍നടയായി വന്നാണ് പ്രബോധനം എത്തിച്ചിരുന്നത്. പി.സി.എസ് തങ്ങളായിരുന്നു കുറ്റിയാടിയിലും പരിസര പ്രദേശങ്ങളിലും പ്രബോധനം വിതരണം ചെയ്തിരുന്നത്. ഒരുപാട് പള്ളി ഇമാമുമാരും നാട്ടുപ്രമാണിമാരുമൊക്കെ അദ്ദേഹത്തിലൂടെ പ്രബോധനത്തിന്റെ വായനക്കാരായിട്ടുണ്ട്. ഇന്ന് എല്ലാ വിഭാഗക്കാരും മതക്കാരും പ്രബോധനത്തിന്റെ സജീവ വായനക്കാരായുണ്ട്. ഈ മാറ്റം അന്നത്തെ അവസ്ഥയില്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. പ്രവര്‍ത്തകരും ഏജന്റുമാരും പൂര്‍വികരില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് പ്രവര്‍ത്തനമേഖലയില്‍ സജീവമാവുകയാണെങ്കില്‍ ഇനിയും ധാരാളം വായനക്കാരെ ഉണ്ടാക്കാന്‍ സാധിക്കും. അത് നമ്മുടെ ദൗത്യം കൂടിയാണ്.
അടുത്ത കാലത്തായി കൂടുതലും അന്താരാഷ്ട്ര കാര്യങ്ങളാണ് ലേഖനങ്ങളിലും ചര്‍ച്ചകളിലുമൊക്കെ കാണുന്നത്. ഇത് സാധാരണക്കാരുടെ ഇടയിലേക്ക് കടന്നുചെല്ലുന്നതിന് തടസ്സമാവും. ഇസ്‌ലാമിക ജീവിതം, ആത്മീയ ബോധം, തഖ്‌വ, ഇസ്‌ലാമിക ചരിത്ര സംഭവങ്ങള്‍, അനാചാരങ്ങള്‍ക്കെതിരെയുള്ള പംക്തികള്‍ തുടങ്ങിയവക്ക് താളുകള്‍ ഇനിയും നീക്കിവെക്കുന്നത് നല്ലതായിരിക്കും. ഈയിടെ പ്രസിദ്ധീകരിച്ച എം.ഡി നാലപ്പാട്ടിന്റെ അഭിമുഖം (20.6.2009) നല്ല അനുഭവമായിരുന്നു.
യഥാര്‍ഥത്തില്‍ വായനാരംഗത്ത് ഒരു വിപ്ലവം തന്നെയാണ് പ്രബോധനം നടത്തിയത്. ഇന്നുവരെ ആരെയെങ്കിലും തേജോവധം ചെയ്യാനോ പരിഹസിക്കാനോ പ്രബോധനം താളുകള്‍ നീക്കിവെച്ചതായി കാണാന്‍ കഴിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ എന്നെപ്പോലുള്ള ജാഹിലീങ്ങള്‍ക്ക് ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ സാധിച്ചത് പ്രബോധനത്തിലൂടെയാണ്. പ്രബോധനം പള്ളിയില്‍ കയറ്റരുതെന്നും കയറ്റിയാല്‍ കാല് തല്ലിയൊടിക്കുമെന്നും പറഞ്ഞവര്‍ പോലും പിന്നീട് പ്രസ്ഥാനത്തിന്റെ പ്രചാരകരായി മാറിയിട്ടുണ്ട്. പ്രബോധനം നിരോധിച്ചപ്പോള്‍ പകച്ചുനില്‍ക്കാതെ 'പ്ര' എന്ന അക്ഷരം എടുത്തുകളഞ്ഞ് 'ബോധനം' എന്ന പേരില്‍ വാരിക ഇറക്കിയതും നിരോധം പിന്‍വലിച്ചതിനു ശേഷം ഇന്നും ദൈ്വമാസികയായി ബോധനം തുടരുന്നതും വലിയ വിപ്ലവം തന്നെയാണ്. മറ്റേതെങ്കിലും വിഭാഗമായിരുന്നെങ്കില്‍ ഓഫീസും പൂട്ടി അവരവരുടെ കാര്യവും നോക്കി പോകുകയേയുള്ളൂ. യഥാര്‍ഥ ആദര്‍ശമാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ പ്രേരണ നല്‍കുന്നത്. അതാണ് ഈ പ്രസ്ഥാനത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രത്യേകതയും. ഞാന്‍ ഇപ്പോഴും പ്രബോധനവും ബോധനവും വായിക്കാറുണ്ട്. സമൂഹത്തെയും സമുദായത്തെയും നേരെയാക്കാന്‍ പ്രബോധനം കുറേ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്നത്തെപ്പോലെയല്ല. അറുപത് എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഇസ്‌ലാം തികച്ചും യാഥാസ്ഥിതികമായിരുന്നു. മന്ത്രിച്ചൂതല്‍, കുത്ത്‌റാത്തീബ്, മൗലിദ് റാത്തീബ്, ബദ്ര്‍ ബെയ്ത്ത്, ഹദ്ദാദ്, പിഞ്ഞാണമെഴുത്ത്, വെള്ളം മന്ത്രിച്ചൂതല്‍ തുടങ്ങിയവയൊക്കെയായിരുന്നു പ്രധാന മതകര്‍മങ്ങള്‍. ഇതില്‍നിന്നൊക്കെ ബന്ധപ്പെട്ടവര്‍ക്ക് നല്ല വരുമാനവും ലഭിച്ചിട്ടുണ്ട്. ഇങ്ങനെയുള്ളവര്‍ സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് ഹറാമാണെന്ന് വാദിക്കുമ്പോള്‍ തന്നെ നേര്‍ച്ച സ്ഥലങ്ങളിലും ദിക്ര്‍ ഹല്‍ഖാ-സ്വലാത്ത് നഗറുകളിലും സ്ത്രീകളെ യഥേഷ്ടം സഞ്ചരിക്കാന്‍ വിടുന്നു എന്നതാണ് രസകരം. പണ്ട് എന്റെ ചെറുപ്പത്തില്‍ എനിക്ക് പനിപിടിച്ചപ്പോള്‍ ഉമ്മ എന്നെ മമ്പുറത്ത് കൊണ്ടുപോയി ജാറം മൂടിയിട്ടുണ്ട്. അവിടെ ജാറത്തിലുണ്ടായിരുന്ന ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് പുകച്ചതും ഇന്നും ഓര്‍മയുണ്ട്. ഇത്തരത്തിലുള്ള അനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നതിലും പ്രബോധനം വഹിച്ച പങ്ക് വളരെ വലുതാണ്. പഴയതലമുറയില്‍ പെട്ട, മാതാപിതാക്കള്‍ കാണാതെ രഹസ്യമായി പ്രബോധനവും ആരാമവുമൊക്കെ വായിച്ച് സത്യത്തിന്റെ മുഖം കാണുന്ന ധാരാളം യുവതീ യുവാക്കളെ എനിക്കറിയാം. പക്ഷേ ഇതിനൊന്നും അവസരം ലഭിക്കാത്ത ഒരുപാട് പേരുണ്ട്. അതുകൊണ്ട് അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു റീഡേഴ്‌സ് ഫോറം രൂപീകരിക്കണം. പൊതുവെ ഇപ്പോള്‍ എല്ലാവര്‍ക്കും വായനാശീലം കുറവാണ്. എല്ലാവരും പ്രസിദ്ധീകരണങ്ങള്‍ വാങ്ങും. പക്ഷേ വായിക്കില്ല. പ്രസ്ഥാന പ്രവര്‍ത്തകരുടെയും സ്ഥിതി ഇതുതന്നെയാണ്.
പേരിലെ വ്യതിരിക്തത
പ്രബോധനം എന്ന പേരു തന്നെ ഒരു വലിയ വ്യതിരിക്തതയാണല്ലോ. ഒരു ഇസ്‌ലാമിക പ്രസിദ്ധീകരണത്തിന് മലയാളത്തില്‍ പേരിട്ടതിന് എന്തൊക്കെ പുകിലായിരുന്നു നടന്നത്. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ പൊതുസമൂഹത്തെയും മുസ്‌ലിംസമുദായത്തെയും ഒരുമിച്ച് ഒരു വലിയ മാറ്റത്തിന് വിധേയമാക്കാന്‍ പ്രബോധനത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ ഇത്രയും കാലം പ്രൗഡിയോടെ നിലനിന്ന മറ്റൊരു ഇസ്‌ലാമിക പ്രസിദ്ധീകരണവും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. അതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഞാന്‍ മനസ്സിലാക്കുന്നത് നിഷ്പക്ഷ ചിന്താഗതിയാണ്. ആരെയെങ്കിലും ആവശ്യമില്ലാതെ വിമര്‍ശിക്കാന്‍ ഒരിക്കലും പ്രബോധനം തുനിഞ്ഞിട്ടില്ല. അറുപത് വയസ്സായ പ്രസിദ്ധീകരണം എന്ന നിലയില്‍ മറ്റുള്ളവക്ക് എന്തുകൊണ്ടും മാതൃകയാണ് പ്രബോധനം. എല്ലാവരോടും വളരെയധികം ആദരവും ബഹുമാനവും കാണിക്കുന്ന താളുകളാണ് പ്രബോധനത്തിന്റേത്. സുന്നി, മുജാഹിദ് വിഭാഗങ്ങളിലെ ഒരുപാട് പണ്ഡിതന്മാര്‍ വിട പറഞ്ഞപ്പോള്‍ അവരെ അനുസ്മരിക്കാന്‍ പ്രബോധനം മറന്നില്ല. ജമാഅത്തെ ഇസ്‌ലാമിയെപ്പോലെത്തന്നെ ഇസ്‌ലാമിന്റെ യഥാര്‍ഥ ചട്ടക്കൂട്ടിലാണ് പ്രബോധനവും മുന്നേറുന്നത്. സംശയമില്ല, ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രബോധനത്തിന്റെയുമൊക്കെ ഇത്തരം നിലപാടുകള്‍ തന്നെയാണ് പ്രസ്ഥാന പ്രവര്‍ത്തകരല്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് പ്രസ്ഥാനത്തോടും പ്രസിദ്ധീകരങ്ങളോടുമുള്ള ബന്ധത്തിന്റെ അടിസ്ഥാനം.
വിഷയ വൈവിധ്യം
തീര്‍ച്ചയായും ഇസ്‌ലാം ഒരു സാമൂഹിക മതമാണ്. സമൂഹത്തിന്റെ നാഡിമിടിപ്പുകള്‍ അറിഞ്ഞുകൊണ്ടുള്ള പ്രബോധനശൈലിയുടെ സ്രോതസ്സ് അതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വെറും മതകാര്യങ്ങള്‍ ചര്‍ച്ചചെയ്യുക എന്നതിലുപരി സമൂഹത്തിനു വേണ്ടി ശബ്ദിക്കാനും അവര്‍ക്കു വേണ്ടി നടക്കുന്ന പോരാട്ടങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ജനങ്ങള്‍ക്ക് നല്‍കാനും പ്രബോധനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും അവസാനം ചെങ്ങറ, മൂലമ്പിള്ളി, ലാല്‍ഗഢ് അധഃസ്ഥിത വിഭാഗത്തിന്റെ വേദന സമൂഹത്തിന് പകരാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മൊത്തം സമൂഹത്തില്‍ പേരിനെ അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രബോധനവും പ്രസ്ഥാനവും ചെയ്തിട്ടുള്ളത്. ഒരുപാട് അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ പഠിക്കാനും സാധിച്ചിട്ടുണ്ട്.
ജമാഅത്തിന്റെ ശബ്ദം
ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന എന്താണെന്നും അത് പ്രതിനിധീകരിക്കുന്ന ആദര്‍ശാശയങ്ങള്‍ എന്തൊക്കെയാണെന്നുമുള്ള അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ ജമാഅത്തിന്റെ എല്ലാ നാഡിമിടിപ്പുകളും ചുവടുവെപ്പുകളും സമൂഹത്തില്‍ എത്തിച്ചത് പ്രബോധനമാണ്. സമഗ്രമായ ഇസ്‌ലാമാണല്ലോ പ്രബോധനത്തിന്റെ അജണ്ട. വാരിക സംഭവങ്ങളെ നോക്കിക്കണ്ടതും ഇടപെട്ടതും അങ്ങനെത്തന്നെയായിരുന്നു. മൗലിദും റാത്തീബും ആണ്ടുനേര്‍ച്ചകളും മാത്രമാണ് ഇസ്‌ലാമെന്നു കരുതുകയും യാഥാസ്ഥിതിക പണ്ഡിതന്മാരുടെ വിക്രിയകളില്‍ പെട്ടുപോവുകയും ചെയ്ത സമൂഹത്തെ ഉണര്‍ത്താനുള്ള പ്രസ്ഥാനത്തിന്റെ ഓരോ ചുവടുവെപ്പുകളിലും പ്രധാന പങ്ക് പ്രബോധനത്തിന്റേതായിരുന്നു. പണ്ട് ഹാജി സാഹിബൊക്കെ കുറ്റിയാടിയിലുണ്ടായിരുന്ന സമയത്ത് നടന്ന ഒരു സംഭവം ഞാന്‍ കേട്ടിട്ടുണ്ട്. ഹാജി സാഹിബ് കുറ്റിയാടിയില്‍ മതപ്രസംഗം നടത്താന്‍ വന്നതും കുറ്റിയാടി ടൗണ്‍ പള്ളിയില്‍ രണ്ട് ദിവസം മതപ്രസംഗം നടത്തിയതും പിന്നീട് ചിലരുടെ ഇടപെടലുകള്‍ കാരണം മറ്റൊരു പള്ളിയില്‍ പോയി പ്രസംഗം നടത്തേണ്ടിവന്നതുമൊക്കെ. അന്ന് ജില്ലയില്‍ തന്നെ നാട്ടുരാജാവായും മലരാജാവായുമൊക്കെ അറിയപ്പെടുന്ന ഒരു പ്രമുഖന്റെ മകന്‍. ഇയാളെ കണ്ടാല്‍ ജനങ്ങള്‍ എഴുന്നേറ്റു നിന്ന് ബഹുമാനിക്കാറുണ്ട്. ആരും ഒരക്ഷരം മിണ്ടില്ല. അങ്ങനെയുള്ള ഒരാള്‍. ഹാജി സാഹിബ് ഒരിക്കല്‍ റോഡിലൂടെ നടക്കുമ്പോള്‍ അദ്ദേഹത്തെ പരിചയപ്പെട്ടു. 'താങ്കളുടെ അഭിപ്രായത്തില്‍ ഞാന്‍ മുസ്‌ലിമാണോ?'- അയാള്‍ ചോദിച്ചു. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നുണ്ട്. ഉടനെ ഹാജി സാഹിബ് പറഞ്ഞു: 'അല്ലാഹുവിന്റെ നിര്‍ദേശങ്ങളും നബി(സ)യുടെ മാതൃകയും നിങ്ങളുടെ ജീവിതത്തില്‍ രഹസ്യമായും പരസ്യമായും പാലിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മുസ്‌ലിമാണ്. അല്ലെങ്കില്‍ മുസ്‌ലിമല്ല.' ഇത് കേട്ടപ്പോള്‍ ജനങ്ങളാകെ ഒന്നു ഞെട്ടി. ഉടനെ ആ ധനാഢ്യന്‍, ഹാജി സാഹിബിന്റെ തോളത്തു തട്ടി പറഞ്ഞത് ഇയാളാണ് യഥാര്‍ഥ പണ്ഡിതന്‍ എന്നാണ്.
ഒരു ജമാഅത്തുകാരനോ സുന്നിയോ മുജാഹിദോ അല്ലാത്ത ഞാന്‍ ഒരു മതസംഘടനയുടെയും ദീനീ സംഘടനയുടെയും വിമര്‍ശകനല്ല. എല്ലാ സംഘടനകളോടും ആദരവും ബഹുമാനവും നല്ല കാര്യങ്ങളില്‍ പിന്തുണയുമുണ്ട്. ഒരു ജമാഅത്തുകാരനാല്ലാഞ്ഞിട്ടും എനിക്ക് ഇതൊക്കെ പറയാന്‍ കഴിഞ്ഞത് പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനായതുകൊണ്ടു മാത്രമാണെന്ന് നല്ല വിശ്വാസമുണ്ട്.
പി. സൂപ്പി 0496 2228110
തയാറാക്കിയത്
യു. റാശിദ് വടകര

Comments

Other Post