സംവാദത്തിന്റെ സര്‍ഗാത്മകത

സംവാദത്തിന്റെ സര്‍ഗാത്മകതയും ശത്രുവിനോടുപോലും സഹിഷ്ണുതയും ആഹ്വാനം ചെയ്ത വേദഗ്രന്ഥത്തിന്റെ ആശയങ്ങളുയര്‍ത്തിപ്പിടിച്ച് 60 വര്‍ഷമായി മുന്നേറുന്ന മലയാളത്തിന്റെ ഇസ്ലാമിക വാരികക്കൊപ്പം 50 വര്‍ഷത്തിലേറെയായി സഹകരിക്കുന്ന എന്നെ അതിലേക്ക് ഏറെ ആകര്‍ഷിച്ച ഘടകവും ഈ സഹിഷ്ണുതാ സമീപനം തന്നെയാണ്.
ലോകം കണ്ട ഏറ്റവും വലിയ അക്രമിയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ഫിര്ഔനെയാണ്. മഹാനായ പ്രവാചകന്മാരില് ഒരാളായി മൂസാ നബിയെയും ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. ഫിര്‍ഔനെ നേരിടാനായി ഹാറൂനെയും കൂട്ടി മൂസാനബിയെ അല്ലാഹു അയക്കുമ്പോള്‍ നല്കുന്ന പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് 'അവനോട് നല്ല നിലയില്‍ സംസാരിക്കുക' എന്നതാണ്. ഒപ്പം, ഒരു പക്ഷേ അവന് നേര്മാര്ഗത്തിലേക്കുവന്നേക്കും എന്ന പ്രതീക്ഷയും നല്കുന്നു.
ഒരിക്കലും നന്നാവില്ലെന്ന് ഉറപ്പുള്ള കടുത്ത ശത്രുവിനോട് പോലും സഹിഷ്ണുതയോടെ സമീപിക്കുകയും ആക്ഷേപത്തിന്റെ സ്വരം വെടിഞ്ഞ് വിമര്‍ശിക്കുമ്പോള്‍ പോലും മാന്യത വെടിയാതെ സൂക്ഷിക്കുകയും ചെയ്യുക. ഇതാണ് പ്രബോധനം വാരികയില്‍ തന്നെ ആകര്‍ഷിച്ച പ്രധാന ഘടകം.
ഫിര്‍ഔനോട് മൂസാനബിയുടെ സമീപനം എങ്ങനെയുള്ളതായിരിക്കണമെന്നാണോ അല്ലാഹു ആഗ്രഹിച്ചത് അതേ സമീപനമാണ് ജമാഅത്തെ ഇസ്ലാമിക്ക് പുറത്തുള്ള സമൂഹത്തോട് പ്രബോധനം പുലര്‍ത്തിയത്. ഇതര മുസ്ലിം സംഘടനകളോടാണെങ്കിലും ഇസ്ലാമിന്റെ ശത്രുക്കളോടാണെങ്കിലും അത് അങ്ങനെ തന്നെയാണ് എപ്പോഴും നിലപാട് എടുത്തിട്ടുള്ളത്.
കേരളത്തിലെ മുസ്ലിം സമൂഹത്തിന് ഇസ്ലാമിനെ കുറിച്ച് യഥാര്‍ഥ ധാരണ പകര്‍ന്നുനല്‍കിയ പ്രസിദ്ധീകരണങ്ങളില്‍ പ്രഥമ സ്ഥാനം പ്രബോധനത്തിന് തന്നെയാണ് അവകാശപ്പെടാനാവുക.
മനുഷ്യ ഹൃദയങ്ങളോടത് സംവദിച്ചപ്പോള്‍ ഇസ്ലാം സമഗ്ര ജീവിത പദ്ധതിയാണെന്നും ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണെന്നും വ്യക്തമാക്കപ്പെടുകയായിരുന്നു. പരമ്പരാഗത മുസ്ലിം ഭാഷയില്‍നിന്ന് വ്യത്യസ്തമായ ഒരു വായനാനുഭവമാണ് അത് പകര്‍ന്നുതരുന്നത്.
1958-ല്‍ തന്റെ 15-ാം വയസ്സിലാണ് പ്രബോധനം വായന തുടങ്ങിയത്. സഹോദരീ ഭര്‍ത്താവ് നീര്‍ക്കുന്നം അബ്ദുല്‍ അസീസ് സാഹിബും പിതാവ് പി.എം. അബ്ദുല്ല കുഞ്ഞ് മുസ്ലിയാരുടെ സുഹൃത്ത് ഹസന് ബാവ മാസ്റ്ററുമാണ് എന്നെ പ്രബോധനത്തിന്റെ വായനക്കാരനാക്കിയത്. 1958-ന് മുമ്പുള്ള പഴയ കോപ്പികളാണ് ആദ്യം ലഭിച്ചത്. പുത്തന്‍ വായനാനുഭവം പകര്‍ന്നു കിട്ടിയതോടെ സ്ഥിരം വരിക്കാരനായി. തുടര്‍ന്നിങ്ങോട്ട് ഒരു കോപ്പിപോലും മുടങ്ങിയിട്ടില്ല. ഇപ്പോഴും വാരികയുടെ 70 ശതമാനം പേജുകളും വായിക്കാറുണ്ട്. ആദ്യം നോക്കുന്നത് ചോദ്യോത്തര പംക്തിയാണ്. '50-'65 കാലഘട്ടത്തില്‍ മറ്റൊരു ഇസ്ലാമിക പ്രസിദ്ധീകരണവും തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല.
ഇസ്ലാമും മറ്റു പ്രത്യയ ശാസ്ത്രങ്ങളുമായുള്ള താരതമ്യ പഠനം, ഇസ്ലാമിക ലോകത്തെ ചലനങ്ങള്‍, മുസ്ലിം രാജ്യങ്ങളിലെ ഇസ്ലാമിക മുന്നേറ്റങ്ങള്‍, പശ്ചിമേഷ്യന്‍ പ്രശ്നങ്ങള്‍, സുന്നത്തിന്റെ പ്രാമാണികത, ഹദീസ് നിഷേധികള്‍ക്കുള്ള മറുപടി, ഖാദിയാനി ആശയങ്ങളെ ഖണ്ഡിക്കുന്ന ലേഖനങ്ങള്‍, ഖുര്‍ആന്‍ പഠനം..... തുടങ്ങി സമഗ്രമായ വിവരങ്ങളാണ് പ്രബോധനം പകര്‍ന്നുതന്നത്.
അമുസ്ലിം സമൂഹങ്ങളില്‍ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റുധാരണകള്‍ അകറ്റാന്‍ ഒരു പരിധിവരെ പ്രബോധനം വഹിച്ച പങ്ക് ശ്ലാഘനീയമാണ്. വിശ്വാസം എന്നത് മുഴുവന്‍ ജീവിതത്തെയും ദൈവത്തിലേക്കുള്ള അര്പ്പണത്തിലേക്കാണ് നയിക്കേണ്ടതെന്നും ഈ സമര്‍പ്പണം സ്വാതന്ത്ര്യവും ശുദ്ധിയും ശക്തിയുമാണ് പകര്ന്നുനല്കുന്നതെന്നും വിശ്വാസമെന്നത് സമൂഹത്തെ വെട്ടിപ്പിളര്ത്താനോ സംഘര്‍ഷത്തിലേക്ക് നയിക്കാനോ ഉള്ള ഉപാധിയല്ലെന്നും മുസ്ലിം സമൂഹത്തെ പഠിപ്പിച്ചതില്‍ ഈ പ്രസിദ്ധീകരണത്തിനുള്ള പങ്ക് വളരെ വലുതാണ്.
സാഹിത്യ-സാംസ്കാരിക മേഖലകളില്‍ മുസ്ലിം സമൂഹത്തില്‍നിന്നുള്ള പ്രസിദ്ധീകരണങ്ങള്‍ ഏറെയും ശ്രദ്ധിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമായി അവശേഷിക്കുകയാണ്. മാധ്യമം ആഴ്ചപ്പതിപ്പു പോലുള്ള ചില പ്രസിദ്ധീകരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പൊതു വിഷയങ്ങള്‍ വളരെ കുറച്ചുമാത്രം കൈകാര്യം ചെയ്യപ്പെടുന്നതുകൊണ്ടാണ് മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ക്ക് ഈ അവസ്ഥ വന്നുചേര്‍ന്നത്. എന്നതുകൊണ്ട് പ്രബോധനം പോലുള്ള പ്രസിദ്ധീകരണങ്ങള്‍ അങ്ങനെ ആകാനും പാടില്ല. സാഹിത്യ-സാംസ്കാരിക മേഖലകള്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ പറ്റുന്ന ചട്ടക്കൂടല്ല പ്രബോധനത്തിന്േറത്.
പൊതു വായനാ സമൂഹത്തെ ആകര്‍ഷിക്കാന്‍ മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിയാതെ പോകുന്നതിന്റെ പ്രധാന കാരണം ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരില്‍ ലോക മീഡിയയുടേതായ ഒരു ഉപജാപകവൃന്ദം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. ഇസ്ലാമിനെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ പോലും ശത്രുപ്രസിദ്ധീകരണങ്ങളാണ് ആശ്രയിക്കുന്നത്. പൊതുധാരയിലുള്ള മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ പോലും വായിക്കുന്നതിനെ സയണിസ്റ്റ് ലോബി തന്ത്രപൂര്‍വം നിരുത്സാഹപ്പെടുത്തുന്നുണ്ട്.
മുസ്ലിംകളില് തന്നെ ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരില്‍ ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ സ്വാധീനം ചെലുത്താത്തതിന്റെ കാരണവും ഇതിന് സമാനമായ സംഗതികളാണ്. മുസ്ലിം ബുദ്ധിജീവികളില്‍ സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ ചുരുക്കമാണ്. ഉയര്‍ന്ന നിലയില്‍ ചിന്തിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും അവര്‍ക്ക് ആവശ്യം സങ്കുചിത ചിന്തയില്‍ അധിഷ്ഠിതമായ വിവരങ്ങളാണ്. ഗവേഷണം, പഠനം, എഴുത്ത്, വായന ഇവയൊക്കെയും അവര്‍ക്ക് തങ്ങളുടേതായ മേഖലയില്‍ ആവശ്യമുള്ള മെറ്റീരിയല്‍സിന് വേണ്ടിയുള്ള കേവല അന്വേഷണം മാത്രമാണ്. തങ്ങളുടെ സ്വന്തം പാണ്ഡിത്യം വെളിപ്പെടുത്തുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഇത്തരം ബുദ്ധിജീവി നാട്യക്കാരുടെ വായനകളില്‍ ഇല്ല. അതുകൊണ്ടുതന്നെ മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ ഇത്തരക്കാരെ തൃപ്തിപ്പെടുത്തുമെന്ന് കരുതുന്നത് മൗഢ്യമാണ്.
ഇസ്ലാമിനോട് പ്രതിബദ്ധത ഏറെയുള്ളത് സാമാന്യ ജനസമൂഹത്തിനാണ്. അവരിലെ ആത്മസംസ്കരണത്തിന് ആവശ്യമായ ഘടകങ്ങളാണ് പ്രബോധനം പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ കൂടുതലായി വേണ്ടത്.
അബുല്‍അഅ്ലാ മൗദൂദിയെ ഏറെ ഇഷ്ടപ്പെടുന്ന ഒരു സുന്നീ ആശയക്കാരനാണ് താന്‍. വധശിക്ഷക്ക് വിധിക്കപ്പെട്ടപ്പോള്‍ ദയാഹര്‍ജി കൊടുക്കാന്‍ തയാറാകാതിരുന്ന മൗദൂദിയുടെ വിശ്വാസദാര്‍ഢ്യം സുന്നീ മുസ്ലിയാരായ തന്റെ പിതാവ് പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു.
ശൈഖ് ജീലാനിയെ പോലുള്ള മഹാന്മാരെ പറ്റി കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും പ്രസിദ്ധീകരിക്കാന്‍ പ്രബോധനം തയാറാകേണ്ടതുണ്ട്. അതുപോലെത്തന്നെ മദ്ഹബ് ഇമാമുമാരെ കുറിച്ചും ഗവേഷണം നടത്തി പ്രത്യേക പതിപ്പുകള്‍ പ്രസിദ്ധീകരിക്കണം. ഇസ്ലാമിലെ രാഷ്ട്രീയ സിദ്ധാന്തം ജമാഅത്തെ ഇസ്ലാമിയോ മൗദൂദിയോ കൊണ്ടുവന്നതാണെന്ന് താന്‍ കരുതുന്നില്ല. ഇമാം ഗസ്സാലിയുടെ ഇഹ്യാ ഉലുമിദ്ദീന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരുപക്ഷേ, ഇതുസംബന്ധിച്ച് മറഞ്ഞിരുന്നത് വെളിച്ചത്തുകൊണ്ടുവന്നത് ജമാഅത്തെ ഇസ്ലാമിയും മൗദൂദിയുമായിരിക്കാം.
ഇതൊക്കെയാണെങ്കിലും മുസ്ലിംകളിലെ ആത്മസംസ്കരണത്തിനും വിശ്വാസദാര്‍ഢ്യം വളര്‍ത്താനും പ്രബോധനം ആദ്യകാലത്ത് നല്‍കിയിരുന്ന പ്രാധാന്യം ഇപ്പോള്‍ കുറഞ്ഞുപോയിട്ടുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. പൂര്‍ണമായും ഇല്ലാതായി എന്ന് പറയാനാവില്ലെങ്കിലും കുറച്ചുകൂടി പരിഗണന ഇക്കാര്യത്തില്‍ നല്‍കേണ്ടതുണ്ട്.
ഇസ്ലാമിനെ ഭൗതിക പ്രത്യയ ശാസ്ത്രങ്ങളെ അതിജയിക്കുന്ന ദര്‍ശനമായി പരിചയപ്പെടുത്തുന്നതിന് ഉപരിയായി, ആത്മസംസ്കരണത്തിന്റേതായ തലത്തില്‍ ഇസ്ലാമിനെ അവതരിപ്പിക്കാനും അതിലൂടെ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന മൂല്യച്യുതിയില്‍നിന്ന് സമൂഹത്തെ രക്ഷിച്ചെടുക്കാനുള്ള മഹത്തായ ദൗത്യത്തിന് ഊന്നല്‍ നല്കി രംഗത്തിറങ്ങാനും പ്രബോധനം തയാറാകണം.
അഡ്വ.എ. മുഹമ്മദ് 9447603094
തയാറാക്കിയത്
എം. ഷറഫുല്ലാ ഖാന്
Comments