Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

നാള്‍വഴികളിലെ വെയിലും നിലാവും

വി.എ കബീര്‍

അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയത് മുതല്‍ക്കേ കാണുന്നതാണ് പ്രബോധനം. പാക്ഷികമായി ഇറങ്ങുന്ന കാലത്തേ വീട്ടില്‍ സാന്നിധ്യം ഉറപ്പിച്ച പ്രസിദ്ധീകരണം. ആ പ്രായത്തിന്റെ പ്രത്യേകതയില്‍ കഥകളിലും ചരിത്രത്തിലും മറ്റുമായിരുന്നു കൂടുതല്‍ താല്‍പര്യം. അക്കാലത്തും വേറിട്ട വ്യക്തിത്വം പുലര്‍ത്തുന്നതായിരുന്നു പ്രബോധനത്തിന്റെ ഉള്ളടക്കം. വിനോദ വായനയില്‍നിന്ന് വ്യത്യസ്തമായി ജീവിതത്തിന്റെ രസതന്ത്രമായി മാറുന്ന ഗൗരവ വായനയുടെ പ്രതിനിധാനമായിരുന്നു തുടക്കത്തിലേ ഈ പ്രസിദ്ധീകരണം. കഥകളും കവിതകളും അതില്‍ പതിവിനങ്ങളായിരുന്നില്ല. ലഘു വായനയുടെ അത്തരം വിഭവങ്ങളൊക്കെ ജമാഅത്തെ ഇസ്‌ലാമിയോട് അനുഭാവം പുലര്‍ത്തിയിരുന്ന അല്‍ഫാറൂഖിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. പത്രാധിപരായ സാദിഖ് മൗലവി ജമാഅത്ത് നയത്തില്‍നിന്ന് വ്യതിചലിച്ചതോടെ ആ പ്രസിദ്ധീകരണം നിലക്കുകയായിരുന്നു. 'പ്രധാനം' എന്ന പേരില്‍ എഴുപതുകളില്‍ മറ്റൊരു പ്രസിദ്ധീകരണം അദ്ദേഹം തുടങ്ങിയെങ്കിലും ഏറെക്കാലം അതിനും പിടിച്ചുനില്‍ക്കാനായില്ല. എങ്കിലും പാകിസ്താനീ എഴുത്തുകാരനും കഥാകൃത്തുമായ ജീലാനിയുടെ 'സമര്‍ഖന്ദിലെ പ്രഭാതം' പോലുള്ള രസനിഷ്യന്ദികളായ രചനകള്‍ പാക്ഷികമായിരുന്ന കാലത്ത് പ്രബോധനത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.
അബോധപൂര്‍വമായ ഒരു ജൈവബന്ധം പ്രബോധനവുമായി ബാല്യത്തിലേ ഉണ്ടായിരുന്നെങ്കിലും അതില്‍ ജോലി ചെയ്യാനുള്ള നിയോഗം സങ്കല്‍പാതീതമായിരുന്നു. പിന്നീട് സാഹചര്യവശാല്‍ അവിടെനിന്ന് രാജിവെച്ചിറങ്ങിയ ശേഷവും മാനസികമായി അതിന്റെ തടവുകാരനായാണ് ഇപ്പോഴും കഴിയുന്നത്. ഒരുപക്ഷേ, ജീവിതം അരിച്ചെടുക്കുമ്പോള്‍ അവശേഷിക്കുന്ന സൗഭാഗ്യത്തിന്റെ ശുഭ്രതരികള്‍ 115 രൂപ ശമ്പളത്തില്‍ തുടങ്ങി 1400 രൂപ സ്‌കെയിലില്‍ അവസാനിച്ച ആ കാലഘട്ടത്തിലേതായിരിക്കും.
നിശ്ശബ്ദ സാക്ഷി
എടയൂരില്‍നിന്ന് ജമാഅത്ത് ഓഫീസും പ്രബോധനവും മേരിക്കുന്നിലേക്ക് മാറ്റാനുള്ള സജ്ജീകരണങ്ങള്‍ നടക്കുമ്പോഴും അതിനൊക്കെ നിശ്ശബ്ദ സാക്ഷിയായി എന്റെ ബാല്യവുമുണ്ടായിരുന്നു. കോഴിക്കോട്ടെ പാരീസ് ലോഡ്ജിലെ ഒരു മുറിയില്‍ തദ്‌സംബന്ധമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ 'സുന്നത്ത്' കഴിച്ച് അവിടെ ഒരു കട്ടിലില്‍ കിടക്കുന്ന ഞാന്‍ അതൊക്കെ കേള്‍ക്കുന്നുണ്ടായിരുന്നു. തടിക്കച്ചവടക്കാരായ കുറ്റിയാടിയിലെ ബാവാച്ചി ഹാജിയും എലങ്കമലെ ഇ.കെ അഹ്മദ് കുട്ടി ഹാജിയും തങ്ങളുടെ വ്യാപാരാവശ്യത്തിന് വാടകക്കെടുത്തതായിരുന്നു ആ മുറി. അന്ന് അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവിയാണ് എന്റെ വിശ്രമത്തിന് അവിടെ ഏര്‍പ്പാടാക്കിയത്. ഭൗതിക സൗകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത് അത്യാവശ്യം ചര്‍ച്ചകള്‍ക്ക് ജമാഅത്ത് അനുഭാവികളായ ആ ഉദാരമതികളുടെ സൗജന്യവും കെ.സി ഉപയോഗപ്പെടുത്തുകയായിരുന്നു (പാര്‍ട്ടി അംഗമല്ലാതിരുന്ന ബാവാച്ചി ഹാജി ജമാഅത്തിനു വേണ്ടി കോഴിക്കോട് ഒരു സ്ഥലവും വഖ്ഫ് ചെയ്തിട്ടുണ്ടായിരുന്നു). മേരിക്കുന്നില്‍ വിലയ്‌ക്കെടുത്ത സ്ഥലത്ത് കെട്ടിടം പണിയാനുള്ള പ്ലാനുകളുമായി കോഴിക്കോട്ടെ ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനായ സി.പി.എം അബ്ദുല്‍ ഖാദിര്‍ സാഹിബ് കെ.സിയുമായി ആ മുറിയില്‍ വെച്ച് ചര്‍ച്ച ചെയ്തിരുന്നത് ഓര്‍ക്കുന്നു. പിന്നീട് മൂഴിക്കലില്‍ ജമാഅത്തിന്റെ സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ മുതിര്‍ന്നവരോടൊപ്പം മേരിക്കുന്നിലെ ജമാഅത്ത് ആസ്ഥാനം സന്ദര്‍ശിക്കാനും അവസരമുണ്ടായി. അന്ന് ചേന്ദമംഗല്ലൂരില്‍ വിദ്യാര്‍ഥിയായിരുന്നു ഈ ലേഖകന്‍. കോളേജും ഹോസ്റ്റലുകളുമൊന്നും വികസിച്ചിട്ടുണ്ടായിരുന്നില്ല. ഗതാഗത സൗകര്യം പരിമിതമായിരുന്ന അക്കാലത്ത് മണാശ്ശേരി വരെ നടന്നുവേണം യാത്രചെയ്യാന്‍. ബസ്സില്‍ സാമാന്യം നല്ല തിരക്കായതിനാല്‍ മണാശ്ശേരിയില്‍നിന്ന് പിന്നെയും ചെത്തംകടവ് വരെ നടക്കേണ്ടിവന്നു. ആ ചെറുപ്രായത്തില്‍ ഇത്രക്കൊക്കെയുള്ള ആവേശത്തിന്റെ പ്രചോദനം ഇന്നാലോചിക്കുമ്പോള്‍ വിസ്മയം തോന്നും. ഒരു കൂട്ടായ്മയുടെ സവിശേഷാന്തരീക്ഷം സൃഷ്ടിക്കുന്ന ഊര്‍ജകണികകളായിരുന്നിരിക്കാം അതിന്റെ കാരണം. മൂഴിക്കലിലെ സമ്മേളനപ്പന്തലില്‍ പരിപാടികള്‍ ഒഴിഞ്ഞ നേരങ്ങളില്‍ പ്രവര്‍ത്തകര്‍ വലിയ ആവേശത്തോടെയും ആഹ്ലാദത്തോടെയുമായിരുന്നു പുതിയ പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിക്കൊണ്ടിരുന്നത്. അന്നും പ്രബോധനം പുറത്തിറങ്ങിക്കൊണ്ടിരുന്നത് പാക്ഷികമായി തന്നെയായിരുന്നു. ഇന്ന് പള്ളി നില്‍ക്കുന്നിടത്തുള്ള ചെറിയൊരു കെട്ടിടമേ അന്നവിടെ ഉണ്ടായിരുന്നുള്ളൂ. അവിടെയൊക്കെ ചുറ്റിനടക്കുമ്പോള്‍ പില്‍ക്കാലത്ത് യൗവനത്തിനായി ഒരു ഇരിപ്പിടം അവിടെ കാത്തിരിക്കുന്നുണ്ടെന്ന് വിദൂരമായ കിനാവില്‍ പോലുമുണ്ടായിരുന്നില്ല.
ആദ്യകാലം
ഹാജി സാഹിബ്, കെ.സി അബ്ദുല്ല മൗലവി, ടി. മുഹമ്മദ് സാഹിബ്, ടി.കെ അബ്ദുല്ല സാഹിബ്, കെ.എം അബ്ദുര്‍റഹീം സാഹിബ് എന്നിവരൊക്കെയായിരുന്നു ഹാജി സാഹിബ് സ്ഥാപിച്ച പ്രബോധനത്തിന്റെ ആദ്യകാല സാരഥികള്‍. അല്‍പകാലം കെ.ടി.സി ബീരാന്‍ സാഹിബും(ചേന്ദമംഗല്ലൂര്‍) ഉണ്ടായിരുന്നു. ഒ. അബ്ദുര്‍റഹ്മാനും ആദ്യം ചേര്‍ന്നത് പാക്ഷികത്തില്‍തന്നെ. പിന്നീട് വാരികയും മാസികയുമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയശേഷം വി.കെ ഹംസ, കെ. അബ്ദുല്‍ ജബ്ബാര്‍, ടി.കെ ഇബ്‌റാഹീം തുടങ്ങിവര്‍ മാസികയുടെ സ്റ്റാഫിലെത്തി. ടാബ്ലോയിഡ് രൂപത്തില്‍ 1964-ല്‍ വാരിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ ടി.കെക്ക് പുറമെ ഒ. അബ്ദുര്‍റഹ്മാന്‍, അബൂബക്കര്‍ നദ്‌വി എന്നിവര്‍ മാത്രമേ സ്റ്റാഫിലുണ്ടായിരുന്നുള്ളൂ. പിന്നീട് മാസങ്ങള്‍ക്കകം ഒ. അബ്ദുല്ല വന്നു; ഒരു വര്‍ഷത്തിനുശേഷം സി.ടി അബ്ദുര്‍റഹീമും വി.പി അഹ്മദ് കുട്ടി മാസികയിലും വന്നു. ഇടക്ക് പലരും കൊഴിഞ്ഞും മാറിയും വരുന്നതിനിടയിലും ഏറെക്കാലം വാരികയുടെ പത്രാധിപര്‍ ടി.കെ അബ്ദുല്ല സാഹിബും മാസികയുടെ പ്രതാധിപര്‍ ടി. മുഹമ്മദ് സാഹിബുമായിരുന്നു; തുടക്കത്തില്‍ രണ്ടിന്റെയും പത്രാധിപ സ്ഥാനം വഹിച്ചിരുന്നത് ടി. മുഹമ്മദ് സാഹിബായിരുന്നെങ്കിലും. അതോടെ പത്രത്തിന്റെ ഉള്ളടക്കത്തിലും രൂപഭാവങ്ങളിലും മാറ്റങ്ങളുമുണ്ടായി. വാരിക ആനുകാലിക സംഭവങ്ങളുടെ വിശകലനങ്ങളിലും രാഷ്ട്രീയ നിരീക്ഷണങ്ങളിലും ഊന്നിയപ്പോള്‍ ഖുര്‍ആന്‍ വ്യാഖ്യാനം, അനുഷ്ഠാന കര്‍മങ്ങള്‍ തുടങ്ങിയ പംക്തികളും ഇതര വൈജ്ഞാനിക ലേഖനങ്ങളും മാസികയിലേക്ക് മാറി. തുടക്കത്തില്‍ അബൂബക്കര്‍ നദ്‌വിയും മാസികയില്‍ മുഖലേഖനങ്ങള്‍ എഴുതിയിരുന്നു. ഭാഷാ സൗന്ദര്യത്താലും പ്രമേയ ഗൗരവത്താലും ശ്രദ്ധേയങ്ങളായിരുന്നു ആ മുഖലേഖനങ്ങള്‍. ഈജിപ്ഷ്യന്‍ പണ്ഡിതനായ സയ്യിദ് സാബിഖിന്റെ ഇസ്‌ലാമിക അനുഷ്ഠാനമീമാംസാ സംബന്ധിയായ 'ഫിഖ്ഹുസ്സുന്ന' പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതിന്റെ പിന്നില്‍ ഒരു കഥയുണ്ട്. 'സുന്നത്തിലെ ഫിഖ്ഹ്' എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കുന്നതിനെ സംബന്ധിച്ച് യഥാര്‍ഥ ഗ്രന്ഥകാരന്റെ പേര് സൂചിപ്പിക്കാതെ മറ്റൊരു മുസ്‌ലിം പ്രസിദ്ധീകരണത്തില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സ്ഥാപകനായ ഹസനുല്‍ ബന്നായുടെ പ്രേരണയാല്‍ രചിക്കപ്പെട്ട 'ഫിഖ്ഹുസ്സുന്ന'യാണ് ആ പരമ്പരക്ക് ആധാരമെന്ന് വ്യക്തം. അടുത്ത ലക്കം പ്രബോധനത്തില്‍ മൂലകൃതിയുടെ പരിഭാഷ യഥാര്‍ഥ രചയിതാവിന്റെ പേരില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ അപര പ്രസിദ്ധീകരണത്തിലെ പരസ്യം പാഴായിപ്പോയി!
ഈ ലേഖകന്റെ പേര് ആദ്യമായി അച്ചടിമഷി പുരളുന്നതും ടാബ്ലോയിഡ് രൂപത്തില്‍ പുറത്തിറങ്ങി തുടങ്ങിയ പ്രബോധനത്തിലാണ്. സെക്കന്ററി വിദ്യാര്‍ഥിയായിരിക്കെ 'ഹമാരി കിതാബ്' എന്ന ഉര്‍ദു പാഠപുസ്തകത്തില്‍ വന്ന ഒരു ചരിത്രകഥ മൊഴിമാറ്റുകയായിരുന്നു. 'ഖാഇദേ ഖൗം ഖാദിമെ ഖൗം' എന്നായിരുന്നുവെന്ന് തോന്നുന്നു ഉര്‍ദു ശീര്‍ഷകം. 'ജനനായകന്‍ ജനസേവകന്‍' എന്ന് അത് മലയാളത്തിലാക്കിയപ്പോള്‍ കൊള്ളാമെന്ന് തോന്നി. ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് ചേന്ദമംഗല്ലൂരില്‍ എന്റെ അധ്യാപകനായിരുന്നു. ആ പരിചയം കൊണ്ടോ എന്തോ എന്റെ ബാലകൗതുകം സഫലമായി. അതിന്റെ ബലത്തില്‍ പിന്നെയും ചിലതൊക്കെ കുത്തിക്കുറിച്ചയക്കാന്‍ ധൃഷ്ടനായി; സ്വാതിതിരുന്നാളിനെക്കുറിച്ച് എസ്. ഗുപ്തന്‍ നായര്‍ എഴുതിയ ഒരു ഫീച്ചര്‍ അനുകരിച്ചുകൊണ്ടുള്ള ചില ചരിത്രകഥകള്‍. പക്ഷേ, ആ ചക്കകളൊന്നും മുയലിന്റെ മേല്‍ വീണില്ല.
പിന്നീട് ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിക്കുന്ന കാലത്താണ് പ്രബോധനവുമായുള്ള എഴുത്ത് ബന്ധം പുനരാരംഭിക്കുന്നത്. അക്കാലത്ത് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ദീന്‍ തങ്ങളുമായി മാസങ്ങളോളം നീണ്ടുനിന്ന വിവാദ ലേഖനങ്ങളിലൂടെ ഏതാണ്ട് എഴുത്തിന്റെ പ്രകാശവലയത്തിലെത്തിക്കഴിഞ്ഞിരുന്നു. പ്രബോധനം മാസികയില്‍ സൂഫിസത്തെക്കുറിച്ച് എഴുതിയ ഒരു പഠനലേഖനം ശ്രദ്ധേയമായിരുന്നുവെന്ന് ടി.കെ അഭിപ്രായപ്പെട്ടത് പിന്നീടാണറിഞ്ഞത്.
ആത്മവിദ്യാലയം
ശാന്തപുരത്തെ പഠനം കഴിഞ്ഞപ്പോള്‍ ഉപജീവനം ഒരു പ്രശ്‌നമായി. അധ്യാപനത്തിന്റെ കവാടമല്ലാതെ മറ്റൊന്നും അക്കാലത്ത് അവിടെ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്നവരുടെ മുമ്പില്‍ തുറന്നുകിട്ടാറില്ല. ഇവനെ പോലുള്ളവര്‍ അധ്യാപകനായാല്‍ കുട്ടികള്‍ക്ക് അതിനേക്കാള്‍ വലിയ ശിക്ഷ വേറെയുണ്ടാവില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. ആ വഴി ഉപേക്ഷിച്ചതിനാല്‍ ബാലശാപം കൂടാതെ കഴിഞ്ഞു. പിന്നെന്ത് വഴി? ഒരു വിദൂര കിനാവ് പോലെ മനസ്സില്‍ തെളിഞ്ഞത് പ്രബോധനം മാത്രം. പക്ഷേ, അതിന് മാത്രം കോപ്പ് കൈയിലില്ലാത്തതിനാല്‍ എങ്ങനെ ആ വാതില്‍ മുട്ടുമെന്ന് മനസ്സിനെ കുഴക്കി. മുതിര്‍ന്ന നേതാക്കളുമായൊന്നും വ്യക്തിപരിചയം ഒട്ടുമില്ല. 'ഒ ബ്രദേഴ്‌സു' മാത്രമാണ് തെല്ലെങ്കിലും പരിചയമുള്ളവര്‍. കൂട്ടത്തില്‍ കൂടുതല്‍ സ്വതന്ത്രമായ സൗഹൃദം പുലര്‍ത്തിയിരുന്നത് ഒ. അബ്ദുല്ല സാഹിബുമായിട്ടായിരുന്നു. ആ ചിന്ത അദ്ദേഹവുമായി പങ്കിട്ടു. അങ്ങനെയാണ് പ്രബോധനത്തില്‍ എത്തിച്ചേരുന്നത്. എന്റെ ശ്രദ്ധേയമായ ചില ലേഖനങ്ങള്‍ എഴുതുന്നതിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധമുണ്ടായിരുന്നു. അറുപതുകളുടെ അവസാനം ചേന്ദമംഗല്ലൂരില്‍ നടന്ന വിദ്യാര്‍ഥികളുടെ ഒരു സമ്മര്‍ ക്യാമ്പിനെക്കുറിച്ചുള്ള അവലോകനമാണ് പ്രാതഃസ്മരണീയം. ക്യാമ്പ് കഴിഞ്ഞ് മടക്കത്തില്‍ പ്രബോധനത്തിലാണ് അന്തിയുറങ്ങിയത്. അന്ന് രാത്രി ഒരു മുറിയില്‍ അടച്ചിട്ട് എഴുതിച്ചതാണ് 'ഗ്രീഷ്മകനികള്‍.' ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അത് അച്ചടിച്ചുവന്നപ്പോള്‍ അതിന്റെ അവതരണശൈലിയെ കുറിച്ച് പലരും എടുത്ത് പറയുകയുണ്ടായി. പിന്നീട് ദേശീയോദ്ഗ്രന്ഥനവും മുസ്‌ലിംകളുമായി ബന്ധപ്പെട്ട് തായാട്ട് ശങ്കരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനമെഴുതിയപ്പോള്‍ പ്രബോധനത്തില്‍ അതിനൊരു മറുപടി എഴുതിച്ചതും അബ്ദുല്ലയായിരുന്നു. അതിന്റെ വികസിത രൂപം ചന്ദ്രിക ആഴ്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ചു. തായാട്ട് ശങ്കരന്‍ തന്റെ ലേഖനം ഉള്‍പ്പെട്ട 'ഭാരതീയ നവോത്ഥാനത്തിനൊരു രൂപരേഖ' പ്രസിദ്ധീകരിച്ചപ്പോള്‍ ആ പ്രതികരണം പ്രത്യാഖ്യാന സഹിതം അതില്‍ എടുത്തു ചേര്‍ക്കുകയുണ്ടായി. അബ്ദുല്ല സാഹിബുമായി ഇണങ്ങിയും പിണങ്ങിയുമുള്ള പ്രബോധനത്തിലെ ജീവിതം രസകരമായിരുന്നു. അദ്ദേഹം എന്നെ 'സാധു'വെന്നാണ് വിളിക്കുക. എന്നുവെച്ചാല്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്നര്‍ഥം. എന്നാലും നേരിട്ടും പിന്നീട് കത്തെഴുതുമ്പോഴുമുള്ള 'സാധു'വെന്ന അഭിസംബോധന സ്വാരസ്യത്തോടെ ഞാന്‍ സ്വീകരിച്ചുപോന്നു.
വാരികയിലായിരുന്നു എന്റെ ജോലി. വാരികയിലെ ഒന്നാം പേജിലെ രാഷ്ട്രീയ നിരീക്ഷണം ഒ. അബ്ദുര്‍റഹ്മാന്‍ കൈകാര്യം ചെയ്തപ്പോള്‍ മുഖപ്രസംഗമെഴുതിയിരുന്നത് ഒ. അബ്ദുല്ലയായിരുന്നു. 'നിരീക്ഷകന്‍' എന്ന തൂലികാനാമത്തില്‍ ഒ. അബ്ദുര്‍റഹ്മാന്‍ എഴുതിയിരുന്ന ഒന്നാം പേജിലെ രാഷ്ട്രീയ നിരീക്ഷണം വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരുടെയെല്ലാം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആ കോളം വായിക്കാന്‍ മാത്രം വാരിക വാങ്ങുന്നവരുണ്ടായിരുന്നു. രാഷ്ട്രീയ ചായ്‌വുകളില്ലാത്ത കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണങ്ങള്‍ പൊതുസമൂഹത്തില്‍ അതിനെ ശ്രദ്ധേയമാക്കി. ആനുകാലിക സംഭവങ്ങളെ നിരന്തരമായി പിന്തുടര്‍ന്നതിലൂടെ നേടിയെടുത്ത ധാരണകള്‍ ആ നിരീക്ഷണങ്ങള്‍ക്ക് പ്രവചന ശക്തി പകര്‍ന്നുനല്‍കി. യാഥാര്‍ഥ്യബോധം ഇടറിപ്പോകുന്ന വൈകാരിക സന്ദര്‍ഭങ്ങളില്‍ പോലും സന്തുലനം പാലിക്കാന്‍ കഴിഞ്ഞുവെന്നതായിരുന്നു പ്രസ്തുത കോളത്തിന്റെ എടുത്തോതത്തക്ക സവിശേഷത. 1970-ല്‍ പാകിസ്താനില്‍ ആദ്യമായി പ്രായപൂര്‍ത്തി വോട്ടെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ 'ലിങ്ക്' പോലുള്ള ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളില്‍ ആശങ്കയോടെയാണെങ്കിലും പാക് ജമാഅത്തെ ഇസ്‌ലാമിയുടെ വിജയസാധ്യതകളെ കുറിച്ച് പൊലിപ്പിച്ച ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അപ്പോഴും അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നിഗമനം മറിച്ചായിരുന്നു. അത്താഴമേശയിലെ പതിവ് വെടിവട്ടത്തില്‍ ജമാഅത്തിന് മൂന്ന് സീറ്റിലധികം കിട്ടില്ലെന്നാണ് എ.ആര്‍ പറഞ്ഞത്. ഫ്യൂഡല്‍ പ്രഭുക്കള്‍ നിയന്ത്രിക്കുന്ന പാക് രാഷ്ട്രീയത്തില്‍ വലിയ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നെങ്കിലും അതൊരു തമാശ പറച്ചിലായേ കണക്കിലെടുത്തിരുന്നുള്ളൂ. '70 ഡിസംബര്‍ 7ന് നടന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കെ പിറ്റേന്ന് ഇറങ്ങാനിരിക്കുന്ന വാരികയിലേക്ക് അവലോകനം തയാറാക്കാന്‍ ബി.ബി.സി ഉര്‍ദു ന്യൂസ് സര്‍വീസ് പ്രക്ഷേപണത്തിനു മുമ്പില്‍ എ.ആര്‍ മുഷിഞ്ഞ് കുത്തിയിരുന്നു. ഇന്ത്യാ-പാക് യുദ്ധാനന്തരം പാകിസ്താനില്‍നിന്ന് തപാല്‍ വഴിക്കുള്ള പത്രപ്രസിദ്ധീകരണങ്ങളൊക്കെ മുടങ്ങിയ കാലമായിരുന്നു. ബി.ബി.സി മാത്രമായിരുന്നു വിവരങ്ങള്‍ക്കുള്ള ഏക ആശ്രയം. ബി.ബി.സിയിലൂടെ അന്തിമ ഫലം പുറത്തുവന്നപ്പോള്‍ ജമാഅത്തിന് ലഭിച്ചത് ആകെ മൂന്ന് സീറ്റ് മാത്രം. എ.ആര്‍ പ്രവചിച്ച കൃത്യം സീറ്റുതന്നെ.
വാരികയില്‍ 'മുജീബി'ന്റെ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തിരുന്നതും എ.ആര്‍ ആയിരുന്നു. എ.ആറിന്റെ സ്വതഃസിദ്ധമായ നര്‍മബോധം പ്രസ്തുത പംക്തിയെ ഏറെ ജനപ്രിയമാക്കി. ഇന്നും പ്രസ്തുത പംക്തി എ.ആര്‍ തന്നെയാണ് എഴുതിവരുന്നത്. എ.ആര്‍ ഖത്തറിലേക്ക് ചേക്കേറിയ ഇടക്കാലത്ത് കുറേ വര്‍ഷങ്ങളോളം നിരീക്ഷകന്റെയും മുജീബിന്റെയും കോളങ്ങള്‍ ഈ ലേഖകന്റെ ചുമതലയിലായി. ആ പംക്തിയുടെ നര്‍മരസം നഷ്ടപ്പെടുന്നതിനെ കുറിച്ചായി അപ്പോള്‍ എന്റെ ആധി. ടി.കെയെ ആശ്രയിക്കുകയായിരുന്നു അതിനൊരു പോംവഴി. അത്തരം ചോദ്യങ്ങള്‍ ടി.കെക്ക് നീക്കിവെക്കും. പക്ഷേ, അധികകാലം അത് നീണ്ടുനിന്നില്ല. ടി.കെയുടെ സമയവും കാലവും ഒത്തുകിട്ടാന്‍ വലിയ പാടായിരുന്നു. പംക്തിയുടെ സ്വഭാവം വൈജ്ഞാനികമാക്കി മാറ്റി പിന്നീടത് നേരിട്ടുതന്നെ കൈകാര്യം ചെയ്യുകയായിരുന്നു.
ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഏതു വിഷയം ഉയര്‍ന്നുവന്നാലും കേരളത്തിലെ മുസ്‌ലിം ബഹുജനവും പൊതുസമൂഹവും പ്രബോധനത്തിന്റെ നിലപാടിനെയായിരുന്നു ഉറ്റുനോക്കിയിരുന്നത്. അവകാശപ്പെടാതെതന്നെ ഇസ്‌ലാമിന്റെ ആധികാരിക സ്വരം എന്നൊരു പൊതു സമ്മതി അതിനോടകം പത്രം നേടിക്കഴിഞ്ഞിരുന്നു. യുക്തിവാദി പത്രാധിപര്‍ എം.സി ജോസഫ് നിരീശ്വരവാദിയായിരുന്നെങ്കിലും അന്ധവിശ്വാസം ഏറ്റവും കുറഞ്ഞ മതം ഇസ്‌ലാം ആണെന്ന നിലപാടുകാരനായിരുന്നു. ഇസ്‌ലാമിനെക്കുറിച്ച് ഏതെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ വിമര്‍ശം വന്നാല്‍ മറുപടി എഴുതാനായി അതിന്റെ കോപ്പി പ്രബോധനത്തിനയച്ചുതരും. ഒരു ക്രൈസ്തവ പ്രസിദ്ധീകരണത്തില്‍ വന്ന പരാമര്‍ശമായിരുന്നു ഒരിക്കല്‍ അയച്ചത്. അതിന്റെ മറുപടി പ്രബോധനത്തില്‍ അച്ചടിച്ചുവന്നപ്പോള്‍ അതിലെ കുലീനമായ ശൈലിയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം കത്തെഴുതുകയുണ്ടായി. ഗാന്ധിയനും കഞ്ഞിപ്പാടത്തെ അയല്‍ക്കൂട്ട പ്രസ്ഥാനത്തിന്റെ ശില്‍പിയുമായിരുന്ന പങ്കജാക്ഷക്കുറുപ്പ്, ശ്രീനാരായണ ഗുരുകുലത്തിന്റെ മുഖപത്രമായ ഗുരുകുലം തുടങ്ങി പല സ്ഥാപനങ്ങളും വ്യക്തികളും നല്ല മതിപ്പോടെയായിരുന്നു പ്രബോധനത്തെ കണ്ടിരുന്നത്. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിനെ വിമര്‍ശിക്കുമ്പോഴും സ്വാതന്ത്ര്യ സമരസേനാനി ഇ. മൊയ്തു മൗലവിയും കെ.പി.സി.സി പ്രസിഡന്റായിരുന്ന ടി.ഒ ബാവ സാഹിബും എറണാകുളത്തെ കെ.എം മേത്തറും ബാവ മൂപ്പനും മറ്റും പ്രബോധനത്തെ സ്‌നേഹിച്ചു. ജമാഅത്തിനെതിരെ എ.ഐ.സി.സിയില്‍ പരാമര്‍ശമുണ്ടാകുമ്പോഴൊക്കെ ഇ. മൊയ്തു മൗലവിയും ടി.ഒ ബാവയും അതിനെതിരെ കോണ്‍ഗ്രസ് നേതാവായ പട്ടാഭി സീതാരാമയ്യയെയും മറ്റും ഉദ്ധരിച്ച പത്രപ്രസ്താവനകളുമായി രംഗത്തുവരും. ജമാഅത്തിന്റെ അഖിലേന്ത്യാ-സംസ്ഥാന സമ്മേളനങ്ങളിലൊക്കെ പങ്കെടുക്കാന്‍ ബാവ സാഹിബ് താല്‍പര്യം കാണിച്ചിരുന്നു. '60-കളുടെ അവസാനം ഹൈദറാബാദിലെ 'വാദിഹുദാ'യില്‍ അഖിലേന്ത്യാ സമ്മേളനം നടന്നപ്പോള്‍ ബാവ സാഹിബും അതില്‍ പങ്കെടുക്കുകയുണ്ടായി. മലയാളിയായ അലക്‌സാണ്ടര്‍ പറമ്പിത്തറയായിരുന്നു അന്ന് ആന്ധ്ര ഗവര്‍ണര്‍. ബാവ സാഹിബ് ഗവര്‍ണറെ കണ്ട് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ തന്റെ വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി.
വിമര്‍ശനത്തിന്റെ
കുലീനശൈലി
വ്യക്തി വിമര്‍ശമായാലും പാര്‍ട്ടി വിമര്‍ശമായാലും അത് വികാരവിരേചനമാവാതെ വസ്തുനിഷ്ഠവും വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നു. സാമുദായികമോ വര്‍ഗീയമോ ആയ പ ക്ഷപാതിത്വങ്ങള്‍ വിമര്‍ശനങ്ങളെ മലിനപ്പെടുത്തിയില്ല. അതിനാല്‍ അത്തരം വിമര്‍ശങ്ങളെ കോണ്‍ഗ്രസ്സ് അടക്കമുള്ള മിക്ക പാര്‍ട്ടികളും കേവല രാഷ്ട്രീയാപഗ്രഥനത്തിനപ്പുറം ശത്രുതയായി കണ്ടിരുന്നില്ല. ദൗര്‍ഭാഗ്യവശാല്‍ ഭിന്നമായിരുന്നു മുസ്‌ലിം ലീഗിന്റെ രണ്ടാംനിര എഴുത്തുകാരുടെ നിലപാട്. സൗഹാര്‍ദ വിമര്‍ശത്തിലെ പോലും ഗുണകാംക്ഷ തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. വിയോജിപ്പുകളെ ശത്രുതയായി കണ്ടുകൊണ്ട് കടന്നാക്രമണമായിരുന്നു ഫലം. ഇടക്കുണ്ടാകുന്ന ഈ സംഘര്‍ഷത്തില്‍ പിന്നീട് ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററായി വന്ന ടി.പി കുട്ട്യാമു സാഹിബിനെ പോലുള്ളവര്‍ അസ്വസ്ഥരായിരുന്നു. ജമാഅത്ത് നേതൃത്വവുമായി ഈ വിഷയം അദ്ദേഹം ചര്‍ച്ചചെയ്യുകയുണ്ടായി. നേതൃത്വം പ്രബോധനം സ്റ്റാഫില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ ലീഗ് വിമര്‍ശമെന്ന ആരോപണത്തിന് വിധേയമായ ലേഖനങ്ങളൊന്നും വിമര്‍ശിക്കാന്‍ വേണ്ടിയുള്ള വിമര്‍ശങ്ങളായിരുന്നില്ല. ലീഗിനോട് അനുഭാവം പുലര്‍ത്തുന്ന ജമാഅത്ത് വിരോധികളായ ചില മത സംഘടനകളില്‍ പെട്ടവര്‍ നിരന്തരം ലീഗ് പത്രത്തിന്റെ പേജുകള്‍ ദുരുപയോഗപ്പെടുത്തുമ്പോഴുള്ള പ്രതികരണങ്ങളായിരുന്നു അവയില്‍ മിക്കതും; മറ്റു ചിലത് പൊതുവായ രാഷ്ട്രീയ വിശകലനത്തിന്റെ ഭാഗമായിവരുന്നതും ലീഗിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ലാത്തതുമായിരുന്നു. കുട്ട്യാമു സാഹിബിനെ ബോധ്യപ്പെടുത്താന്‍ പശ്ചാത്തല വിവരണത്തോടെ അത്തരം ലേഖനങ്ങളുടെ ഒരു പട്ടികതന്നെ നല്‍കുകയുണ്ടായി. 1972-ല്‍ ഹിന്ദുത്വശക്തികള്‍ തലശ്ശേരിയില്‍ നടത്തിയ വര്‍ഗീയകലാപം കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ക്രമസമാധാനപാലകരെ നോക്കുകുത്തികളാക്കി വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ നടത്തിയ ആദ്യത്തെ ഉന്മൂലന പരീക്ഷണമായിരുന്നു അത്. പോലീസിനെ നോക്കുകുത്തികളാക്കി ന്യൂനപക്ഷ വിഭാഗത്തെ വ്യാപകമായി കൊള്ളയടിക്കുന്നതില്‍ ലീഗിന്റെ ശക്തികേന്ദ്രമായിട്ടും തലശ്ശേരിയില്‍ വര്‍ഗീയഭ്രാന്തന്മാര്‍ വിജയിച്ചു. ഭരണത്തില്‍ പങ്കാളിയായിട്ടും ലീഗിന് ഫലപ്രദമായി അതിലൊന്നും ചെയ്യാന്‍ സാധിക്കാതെ പോയി. ഭരണകൂടത്തിന്റെ വീഴ്ചയാണതില്‍ പ്രകടമായത്. കലാപത്തെ ചെറുക്കുകയും ന്യൂനപക്ഷത്തിന് സംരക്ഷണം നല്‍കുകയും ചെയ്യുന്നതില്‍ എന്തെങ്കിലും ഫലപ്രദമായ പങ്കു വഹിച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയുള്ള പക്ഷം ചേരാത്ത വിശകലനത്തിലെ മുഖ്യ ഊന്നല്‍ സര്‍ക്കാറിന്റെ വീഴ്ചയായിരുന്നു. പക്ഷേ, ആ സ്പിരിറ്റിലെടുക്കുന്നതിനു പകരം, 'ജമാഅത്തെ ഇസ്‌ലാമി മാര്‍ക്‌സിസ്റ്റ് പാളയത്തിലേക്ക്' എന്നാണ് ലീഗ് പത്രം അതിനോട് പ്രതികരിച്ചത്. 1967-ലെ കമ്യൂണിസ്റ്റ് ഭരണമുന്നണയിലുണ്ടായിരുന്ന ലീഗ് പങ്കാളിത്തം സൂചിപ്പിച്ചുകൊണ്ട് 'നിങ്ങളശുദ്ധമാക്കിയ പാളയത്തിലേക്ക് ഞങ്ങളില്ല' എന്ന ശീര്‍ഷകത്തില്‍ അതിന് എ.ആര്‍ വായടപ്പന്‍ മറുപടി എഴുതി ('72 ജനു 22). കലാപകാലത്ത്, അതിന്റെ ഭീകരാവസ്ഥ അനാവരണം ചെയ്യാന്‍ ലീഗിന്റെ വളണ്ടിയര്‍ ക്യാപ്റ്റന്‍ കോഴിക്കൂടിലൊളിച്ച വാര്‍ത്ത ചന്ദ്രികയില്‍ വന്നത് ബോക്‌സില്‍ പുനഃപ്രസിദ്ധീകരിച്ചത് ലീഗ് മുഖപത്രത്തിന് മറ്റൊരു തിരിച്ചടിയുമായി.
എം.ഇ.എസും (മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി) ലീഗും ഉടക്കിയപ്പോഴും പ്രബോധനം ബലിയാടാക്കപ്പെടുകയുണ്ടായി. തങ്ങളുടെ കര്‍മമണ്ഡലത്തിനു പുറത്ത് മതപരമായ ചില വിഷയങ്ങളില്‍ എം.ഇ.എസ് ഇടപെടുന്നതായ തോന്നലാണ് ലീഗ് നേതാവായ ബാഫഖി തങ്ങള്‍ ആ സംഘടനക്കെതിരെ നിലപാടെടുക്കാന്‍ കാരണമായത്. യാഥാസ്ഥിതിക സംഘടനയായ 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'യുടെ പ്രേരണക്ക് ബാഫഖി തങ്ങള്‍ വശംവദനാവുകയായിരുന്നു. യഥാര്‍ഥത്തില്‍ എം.ഇ.എസ്സിനകത്ത് ചിലര്‍ ഇസ്‌ലാമിനെ ആധുനീകരിക്കാന്‍ നടത്തുന്ന നീക്കങ്ങളും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും അഡ്മിഷന്നും 'സംഭാവനകള്‍' വാങ്ങുന്നതും പ്രബോധനത്തില്‍ വിമര്‍ശിക്കപ്പെടാതെയല്ല. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ് എം.ഇ.എസ് ജേര്‍ണലില്‍ പത്രാധിപര്‍ ടി. അബ്ദുല്‍ അസീസ് ശരീഅത്തിനെ കുറിച്ച് എഴുതിയ ലേഖനം. 'ഈ പിടിച്ചുവലി എങ്ങോട്ട്'എന്ന ശീര്‍ഷകത്തില്‍ ഒ. അബ്ദുല്ല ശക്തമായി അതിനോട് പ്രതികരിച്ചിരുന്നു (പ്രബോധനം '70 മെയ് 9). ഈ പശ്ചാത്തലത്തില്‍ എം.ഇ.എസ്സിനെതിരെ ജമാഅത്ത് തങ്ങളോടൊപ്പം നില്‍ക്കുമെന്ന ഒരു പ്രതീക്ഷ എങ്ങനെയോ ലീഗിനുണ്ടായി കാണണം. എന്നാല്‍ ലീഗെന്ന പോലെതന്നെ എം.ഇ.എസ്സിനെയും ഇല്ലാതാക്കണമെന്ന ഒരു അജണ്ട പ്രബോധനത്തിനോ ജമാഅത്തിനോ ഉണ്ടായിരുന്നില്ല. എം.ഇ.എസ്സിനെ സൃഷ്ടിപരമായി സ്വാധീനിക്കാനും വ്യതിയാനങ്ങള്‍ തടുത്തു നിര്‍ത്താനും ആ സംഘടനയെ ശത്രുപാളയത്തിലാക്കാതിരിക്കുകയാണ് നല്ലതെന്ന കാഴ്ചപ്പാടാണ് അക്കാലത്ത് പ്രബോധനത്തില്‍ വന്ന വിശകലനങ്ങളില്‍ സ്വീകരിച്ചിരുന്നത്. പക്ഷേ, എം.ഇ.എസ്സിനോടൊപ്പം പ്രബോധനത്തെയും കൂട്ടിക്കെട്ടി പ്രഹരിക്കുകയാണ് ദൗര്‍ഭാഗ്യവശാല്‍ അക്കാലത്ത് ലീഗ് മുഖപത്രം ചെയ്തത്.
ഇങ്ങനെ എവിടന്ന് കിട്ടുന്ന വടിയും ജമാഅത്തിനെതിരെ പ്രയോഗിക്കാനുള്ള ധൃതിയില്‍ ചില അമളികളും പറ്റാറുണ്ട്. ഒരു ദിവസം 'പുതിയൊരു ജമാഅത്തെ ഇസ്‌ലാമി' എന്ന വെണ്ടക്കയില്‍ ചന്ദ്രികയുടെ എഡിറ്റ് പേജില്‍ ഒരു ലേഖനം വന്നു. ദയൂബന്ദില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'തജല്ലി'യില്‍ വന്ന ലേഖനത്തിന്റെ വിവര്‍ത്തനമായിരുന്നു അത്. എം.സി വടകരയായിരുന്നു അതിന്റെ പിന്നിലെന്നാണ് ഓര്‍മ. ദയൂബന്ദിന്റെ പ്രൊഡക്റ്റാണെങ്കിലും 'തജല്ലി'യുടെ പത്രാധിപര്‍ മൗലാനാ ആമിര്‍ ഉസ്മാനി കടുത്ത മൗദൂദി പ്രേമിയാണ്; ജമാഅത്തുമായി സംഘടനാപരമായി ഒട്ടും ബന്ധമില്ലതാനും. എന്നാലോ മൗദൂദിയെ വിമര്‍ശിക്കുന്ന ആരെയും നിലംപരിശാക്കിയേ വിടൂ. കവിയും ഹാസസാഹിത്യകാരനുമായ അദ്ദേഹത്തിന് 'തജല്ലി'യില്‍ ഇബ്‌നു അറബി എന്ന തൂലികാനാമത്തില്‍ ഒരു കോളമുണ്ട്- 'മസ്ജിദ് സെ മേഖാനെ തക്'. പള്ളിയില്‍നിന്ന് കള്ളുഷാപ്പിലേക്ക് എന്നര്‍ഥം. മൗദൂദിവിരോധികളായ ദയൂബന്ദ് ഉലമാക്കളാണ് ഈ കോളത്തിലെ പ്രധാന ഇരകള്‍. മൗദൂദിയുടെ നിലപാടിനോട് വിയോജിപ്പ് പുലര്‍ത്തുന്നത് ജമാഅത്തുകാരാണെങ്കിലും ആമിര്‍ ഉസ്മാനിയുടെ വിമര്‍ശശരം ഏറ്റുവാങ്ങേണ്ടിവരും. കഅ്ബയുടെ കില്ല(ആവരണം)യുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര അമീറായിരുന്ന ശംസ് പീര്‍സാദ മൗദൂദിയുടെ നിലപാടിനെ വിമര്‍ശിച്ചപ്പോള്‍ ആമിര്‍ ഉസ്മാനിയുടെ പരിഹാസശരങ്ങള്‍ക്ക് പാത്രമായിരുന്നു. പരമ്പരാഗതമായി ഈജിപ്തില്‍നിന്ന് നെയ്തുകൊണ്ട് വന്നിരുന്ന കില്ല രാഷ്ട്രീയ കാരണങ്ങളാല്‍ അറുപതുകളുടെ അവസാനം മുടക്കിയ സുഊദി ഭരണകൂടം കില്ല നിര്‍മാണം മൗദൂദിയുടെ ഉത്തരവാദിത്വത്തിലേക്ക് മാറ്റുകയായിരുന്നു. പാകിസ്താനില്‍ നിര്‍മിച്ച കില്ലയുമായി അന്ന് ജമാഅത്ത് പ്രവര്‍ത്തകര്‍ പ്രദര്‍ശനാഘോഷം നടത്തിയപ്പോള്‍ സലഫിയായ പീര്‍സാദ അതിനെ വിമര്‍ശിക്കുകയുണ്ടായി. അതിനു മറുപടി എഴുതിയ തജല്ലി പത്രാധിപര്‍ മൗദൂദിയെ വിമര്‍ശിക്കുന്നതിനു മുമ്പ് ആദ്യം സ്വന്തം പേര്‍ മാറ്റാനാണ് പീര്‍സാദയോട് ആവശ്യപ്പെട്ടത്. സലഫികള്‍ രൂക്ഷമായി എതിര്‍ക്കാറുള്ള സൂഫികളുടെ പീര്‍ സങ്കല്‍പത്തിലേക്കായിരുന്നു ആമിര്‍ ഉസ്മാനിയുടെ സൂചന. ഇതുപോലെ വിഭജനപൂര്‍വ കാലഘട്ടത്തിലെ മൗദൂദിയുടെ ചിന്തകള്‍ ഒരു ഭാരമാകാതെ പുതിയ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ നയസമീപനങ്ങള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡോ. നജാത്തുല്ലാ സിദ്ദീഖിയും മറ്റും അക്കാലത്ത് എഴുതിയിരുന്നു. അതിനെ നിരൂപണം ചെയ്തുകൊണ്ട് തജല്ലി പത്രാധിപര്‍ എഴുതിയ ലേഖനമാണ് ജമാഅത്ത് പിളര്‍പ്പിന്റെ അഭിലാഷചിന്തയായി, വളച്ചൊടിച്ചുകൊണ്ട് ചന്ദ്രികയില്‍ പ്രത്യക്ഷപ്പെട്ടത്. ഞങ്ങളതിന് മറുപടി എഴുതിയില്ല. പകരം ലേഖനത്തിന്റെ യഥാര്‍ഥ പരിഭാഷയും ചന്ദ്രികയില്‍ വന്ന വികല പരിഭാഷയും രണ്ട് പേജുകളിലായി പ്രസിദ്ധീകരിച്ചു.
കുട്ട്യാമു സാഹിബുമായുള്ള സംവാദം
ലീഗ് സംവാദത്തില്‍ ടി.പി കുട്ട്യാമു സാഹിബ് എ.എസ് ('കുട്ട്യാമു'വിന്റെ അറബീകരണമായ അഹ്മദ് സഗീറിന്റെ ചുരുക്കരൂപം) എന്ന തൂലികാ നാമത്തില്‍ എഴുതിയ പരമ്പര സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു. വിദ്വേഷത്തിന്റെ ലാഞ്ഛന ഒട്ടുമില്ലാത്ത അന്തസ്സുറ്റ സംവാദത്തിന്റെ മാതൃകയായിരുന്നു ആ പരമ്പര. അതിന് മറുപടി എഴുതിയ എ.ആര്‍ ലീഗിന്റെ ബംഗ്ലൂര്‍ പ്രമേയത്തെപ്പറ്റി നടത്തിയ പരാമര്‍ശം കുട്ട്യാമു സാഹിബ് നിഷേധിച്ചതും അതിന്റെ ശരിപ്പകര്‍പ്പ് ചന്ദ്രിക ഓഫീസില്‍ ചെന്ന് കണ്ടെടുത്ത് പ്രസിദ്ധീകരിച്ചതും മുമ്പൊരിക്കല്‍ എഴുതിയതിനാല്‍ (പ്രബോധനം 2004 ആഗസ്റ്റ് 28) അതിവിടെ ആവര്‍ത്തിക്കുന്നില്ല. ഈ സംവാദം നടക്കുന്ന കാലത്ത് ടി.കെ പറയുമായിരുന്നു-''നിങ്ങള്‍ രണ്ടു കൂട്ടരുടെയും പക്ഷത്തല്ലാത്ത മൂന്നാമതൊരു കക്ഷി കൂടി എഴുതിയാലേ ഈ സംവാദത്തിനു പൂര്‍ണത കൈവരൂ.'' കുട്ട്യാമു സാഹിബ് അന്നും പിന്നീട് മരിക്കുന്നതുവരെയും ജമാഅത്തുമായുള്ള സുഹൃദ്ബന്ധം പോറലേല്‍ക്കാതെ നിലനിര്‍ത്തിപ്പോന്നിരുന്നു. അഖിലേന്ത്യാ തലത്തില്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ഇബ്‌റാഹീം സുലൈമാന്‍ സേട്ട് സാഹിബ് എന്നീ ലീഗ് നേതാക്കളും ജമാഅത്തുമായി ഊഷ്മള ബന്ധമുള്ളവരായിരുന്നു. വര്‍ത്തമാന കെടുകാലത്തിലെ മതേതര യുവതുര്‍ക്കി കോമരങ്ങളെ പോലെ വര്‍ഗീയാരോപണം നടത്തുന്ന രോഗാണുക്കള്‍ കേരളത്തിനകത്താകട്ടെ, പുറത്താകട്ടെ ഒരു നേതാവിനെയും ഗ്രസിച്ചിരുന്നില്ല. സമുദായം മൊത്തത്തില്‍ തന്നെ വര്‍ഗീയമാണെന്ന് സമ്മതിക്കുന്നതിനു തുല്യമായിരിക്കും അതിന്റെ ഫലമെന്ന് തിരിച്ചറിയാനുള്ള വിവേകം അവര്‍ക്കുണ്ടായിരുന്നു.
വിയോജിപ്പുകള്‍ക്കിടയിലും പൊതുപ്രശ്‌നങ്ങളില്‍ കൂട്ടായ നീക്കങ്ങളില്‍ സഹകരിക്കാനുള്ള സന്മനസ്സ് അന്ന് നിലനിന്നിരുന്നു. 1984-ല്‍ ഇ.എം.എസ് ശരീഅത്ത് വിവാദം ഉയര്‍ത്തിയപ്പോള്‍ മുഖ്യാധാരാ മാധ്യമങ്ങളില്‍ ശരീഅത്ത് വിരുദ്ധ ലേഖനങ്ങള്‍ നിറഞ്ഞുനിന്ന കാലത്ത് ഏകോപിതമായ മാധ്യമ കൂട്ടായ്മ രൂപപ്പെടുത്താനുള്ള കൂടിയാലോചനകളില്‍ മുസ്‌ലിം ലീഗും അവരുടെ മുഖപത്രവും സജീവ ഭാഗഭാഗിത്വം വഹിക്കുകയുണ്ടായി. വികലമായ ആചരണങ്ങളാലും ശത്രുക്കളുടെ കുപ്രചാരണങ്ങളാലും തെറ്റിദ്ധരിക്കപ്പെട്ട ശരീഅത്തിന്റെ യഥാര്‍ഥ മുഖം പ്രകാശിപ്പിക്കുന്നതില്‍ പ്രബോധനത്തിന്റെ സൃഷ്ടിപരമായ സംഭാവനകള്‍ എന്നും ഓര്‍ക്കപ്പെടും. ഇഷ്ടമുള്ളവരെ ഇഷ്ടമുള്ളപ്പോള്‍ വിവാഹം കഴിക്കുകയും ഇഷ്ടമില്ലാതെ വരുമ്പോള്‍ വിവാഹമോചനം നടത്തുകയും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള കമ്യൂണിസ്റ്റ് കുടുംബസങ്കല്‍പത്തെക്കുറിച്ച് ചിന്തയില്‍ ഇ.എം.എസ് മുമ്പ് എഴുതിയിരുന്നു. ആ ഭാഗം അന്ന് പ്രബോധനം പുനഃപ്രസിദ്ധീകരിച്ചത് കവലകള്‍ തോറും പോസ്റ്ററായി പ്രത്യക്ഷപ്പെട്ടത് സഖാക്കളെ നന്നായി ചൊടിപ്പിക്കുകയുണ്ടായി.
ഇടപെടലുകള്‍
അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ശരീഅത്ത് പതിപ്പും പൊതു ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു. എന്‍.പി മുഹമ്മദ് അതിലെ ഉള്ളടക്കത്തില്‍, വിശിഷ്യാ ശരീഅത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചും ഇസ്‌ലാമിക നിയമശാസ്ത്രമായ ഫിഖ്ഹി(Jurisprudence)നെയും ശരീഅത്തിനെയും വേര്‍തിരിച്ച് വിശകലനം ചെയ്യുന്ന സയ്യിദ് ഖുത്വ്ബിന്റെ ലേഖനത്തെക്കുറിച്ചും വലിയ മതിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. സയ്യിദ് ഖുത്വ്ബിന്റെ ഇതര കൃതികളുടെ ലഭ്യതയും അദ്ദേഹം ആരാഞ്ഞിരുന്നു. നമ്മുടെ നാട്ടിലെ സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ ഭീകരവാദത്തിന്റെ തലതൊട്ടപ്പനായി ചിത്രീകരിക്കുന്ന ചിന്തകനാണ് സയ്യിദ് ഖുത്വ്‌ബെന്നോര്‍ക്കണം. തന്റെ രചനകളെ നിരൂപണത്തിലൂടെ ആദ്യമായി പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതായി നോബല്‍ പുരസ്‌കാര ജേതാവ് നജീബ് മഹ്ഫൂസ് അനുസ്മരിക്കുന്ന സാഹിത്യകാരന്‍ കൂടിയായ സയ്യിദ് ഖുത്വ്ബിനെ ഭരണകൂടം തൂക്കിലേറ്റുകയായിരുന്നുവെന്ന യാഥാര്‍ഥ്യം ഇതിനിടയില്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നു.
ഒ. അബ്ദുല്ലയായിരുന്നു അക്കാലത്ത് പതിവായി മുഖപ്രസംഗം എഴുതിയിരുന്നത്. പെര്‍ഫെക്ഷന്റെ ആളാണ് അബ്ദുല്ല. എത്ര എഴുതിയാലും തൃപ്തിയാകില്ല. എഴുതുന്ന കടലാസൊക്കെ കുട്ടയിലേക്ക് ചീന്തിയെറിഞ്ഞ് പിന്നെയുമെഴുതും. ടി.കെയുടെ ശിക്ഷണമാണ് ഈ പെര്‍ഫെക്ഷന്‍ ഭ്രാന്തിനു കാരണമെന്നായിരിക്കും പറയുക. അബ്ദുല്ല സാഹിബിന്റെ ഭാഷയില്‍ റാഗിംഗ്. അതിന് വിധേയമാകാത്തതിന്റെ ദോഷം നിനക്കൊക്കെ ഉണ്ടെന്നും പറയും.
അബ്ദുല്ല സാഹിബും അബ്ദുര്‍റഹ്മാന്‍ സാഹിബും പിന്നീട് സ്‌കോളര്‍ഷിപ്പ് കിട്ടി ഗള്‍ഫിലേക്ക് പോയി. അതിനിടക്ക് തന്നെ ജമാല്‍ മലപ്പുറവും വി.കെ അലിയും സ്റ്റാഫിലെത്തിയിരുന്നു. ജമാലാണ് 'വായനക്കിടയില്‍', 'വാര്‍ത്തകള്‍ക്കു പിന്നില്‍' എന്നീ കോളങ്ങള്‍ തുടങ്ങിയത്. രണ്ടും നല്ല വായനക്ഷമതയുള്ള കോളങ്ങളായിരുന്നു. ഒ. അബ്ദുല്ലക്ക് പകരം മുഖപ്രസംഗമെഴുത്ത് വി.കെ അലിയുടെ ചുമതലയിലായി; എ.ആറിന്റെ കോളങ്ങള്‍ എന്റെ ചുമതലയിലും. പി.എം.എ ഖാദിര്‍, എ. ഹൈദറലി, എന്‍.കെ അഹ്മദ്, വി.കുഞ്ഞബ്ദുല്ല, പി. കോയ, കെ.സി സലീം, വി.കെ ജലീല്‍, ജബ്ബാര്‍ (പ്രൂഫ് റീഡര്‍), വി.എസ് സലീം, പി.ടി അബ്ദുര്‍റഹ്മാന്‍, ടി.കെ ഇഖ്ബാല്‍ തുടങ്ങി പലരും പല ഘട്ടങ്ങളിലായി വന്നും പോയുമിരുന്നപ്പോഴും ഒരു തടവുകാരനെപ്പോലെ ഇവന്‍ പ്രബോധനത്തില്‍ അവശേഷിച്ചു; '86 വരെ. ആദ്യകാലങ്ങളില്‍ എഴുത്തറിവിനു പുറമെ പ്രബോധനത്തിലെ പ്രവേശയോഗ്യത ശാന്തപുരം കോളേജിന്റെ ഉല്‍പന്നമാവുക എന്നതായിരുന്നു. കോയയുടെയും സലീമിന്റെയും വരവോടെയാണ് അതിനൊരു വ്യതിയാനമുണ്ടാകുന്നത്. കോയ പിന്നീട് കോളേജ് പ്രഫസറായി വിരമിക്കുകയും (ഇപ്പോള്‍ തേജസ് പത്രാധിപര്‍) സലീം പി.ആര്‍.ഡിയില്‍ ഡെ. ഡയറക്ടറാവുകയും ചെയ്തു. നന്നായി വായിച്ചിരുന്ന കോയ പല വിഷയങ്ങളിലും ഒരു റെഡി റഫറന്‍സായിരുന്നു. ദേവഗിരിയില്‍ ഷെപ്പേര്‍ഡ് മാഷിന്റെ ശിഷ്യനും കമ്യൂണിസ്റ്റ് ബുദ്ധിജീവി ടി.കെ രാമചന്ദ്രന്റെയും ചിന്ത രവിയുടെയും മറ്റും സഹപാഠിയുമായിരുന്ന കോയ പഠിക്കുന്ന കാലത്തേ 'ക്വിസ് കോയ' എന്നാണറിയപ്പെട്ടിരുന്നത്. കോയയുടെ സാന്നിധ്യം പുസ്തകങ്ങള്‍ പരതുന്നതിന്റെ സമയവ്യയം ഒഴിവാക്കാന്‍ ചില്ലറ സഹായമല്ല ചെയ്തത്.
ഇംഗ്ലീഷ്, അറബി, ഉര്‍ദു ഭാഷകളിലുള്ള നല്ലൊരു ഗ്രന്ഥശേഖരം, ഈ ഭാഷകളില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നുള്ള പത്രപ്രസിദ്ധീകരണങ്ങള്‍, മആരിഫ്, ഇസ്‌ലാമിക് റവ്യൂ, തര്‍ജുമാനുല്‍ ഖുര്‍ആന്‍ തുടങ്ങി ഭവന്‍സ് ജേര്‍ണല്‍, ബാബു റാവു പട്ടേലിന്റെ 'മദര്‍ ഇന്ത്യ', 'റീഡേഴ്‌സ് ഡൈജസ്റ്റ്' വരെയുള്ള ആനുകാലികങ്ങളുടെ വാള്യങ്ങള്‍ ഇവയാല്‍ സമ്പന്നമായിരുന്നു ഞങ്ങളുടെ ലൈബ്രറി. നവായെ വഖ്ത്, ജസാറത്ത്, ഉര്‍ദു ഡൈജസ്റ്റ്, സയ്യാറ ഡൈജസ്റ്റ് തുടങ്ങി പാകിസ്താനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളും സാംസ്‌കാരിക മാഗസിനുകളും മുതല്‍ പാലസ്റ്റൈന്‍ അഫയേഴ്‌സ്, ജെന്‍ഷ് റിവ്യൂ, ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ്, ഇംപാക്റ്റ്, ലിങ്ക്, ബ്ലിറ്റ്‌സ്, ഓര്‍ഗനൈസര്‍, നിദായെ മില്ലത്ത്, സിദ്‌ഖെ ജദീദ് വരെ വൈവിധ്യമാര്‍ന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍ വന്നുകൊണ്ടിരുന്നു. ഇതൊക്കെയായിരുന്നു പ്രബോധനത്തിന്റെ വിവര സ്രോതസ്സുകള്‍. അതിലൂടെയൊക്കെ ഒന്ന് കണ്ണോടിക്കുന്നതിന്റെ ഗുണം സ്വാഭാവികമായും പ്രബോധനത്തിന്റെ താളുകളിലും പ്രതിഫലിച്ചു.
1970-ല്‍ കേരളത്തില്‍ രൂപീകൃതമായ 'ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി' വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയുണ്ടായി. അവരുടെ വിതണ്ഡവാദങ്ങളുടെ ഖണ്ഡനത്തിനായി വായനാസമൂഹം, വിശിഷ്യാ മുസ്‌ലിം വായനക്കാര്‍ ഉറ്റുനോക്കിയിരുന്നത് പ്രബോധനത്തെയായിരുന്നു. 'മോഡേണിസത്തിന്റെ വേരുകള്‍' എന്ന പഠന ലേഖന പരമ്പരയും 'മോഡേണ്‍ ഏജിന്റെ മുച്ചീട്ടുകളി' എന്ന ശീര്‍ഷകത്തില്‍ ഇ.വി. അബ്ദു എഴുതിയ മര്‍മഭേദകമായ നര്‍മ ലേഖനവും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. അന്ന് മോഡേണ്‍ ഏജ് സൊസൈറ്റി അംഗങ്ങളടങ്ങുന്ന ഒരു സമിതി കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ശരീഅത്ത് ചര്‍ച്ചയില്‍ എ.ആറും ക്ഷണിക്കപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തിരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് കുറിപ്പടി തയാറാക്കാനിരിക്കെ പ്രയോജനകരമായ വിവരങ്ങള്‍ ശേഖരിച്ചുകൊടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ജാമിഅ മില്ലിയ്യയില്‍നിന്ന് പുറത്തിറങ്ങുന്ന 'ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജി'ല്‍ ബഹുഭാര്യാത്വം ഇതര സമുദായങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകളില്‍ കുറവാണെന്ന് സ്ഥാപിക്കുന്ന ഒരു സര്‍വേ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ വന്ന പ്രസക്തമായ സ്ഥിതിവിവരക്കണക്കുകളും മറ്റു ചില വിവരങ്ങളും കുറിച്ചുകൊടുത്തു. ശരീഅത്ത് വിരോധികളുടെ തുരുപ്പുശീട്ടുകളിലൊന്നാണല്ലോ ബഹുഭാര്യാത്വം. ഡോ. ഉസ്മാന്‍ കോയയായിരുന്നു പ്രബന്ധാവതാരകന്‍. തന്റെ ഊഴം വന്നപ്പോള്‍ എ.ആര്‍ സദസ്സിനെ മുഴുവന്‍ കൈയിലെടുത്തു. പ്രസംഗത്തിനിടക്ക് പലപ്പോഴും നിലക്കാത്ത കരഘോഷം മുഴങ്ങിക്കൊണ്ടിരുന്നു. അക്കൂട്ടത്തില്‍ മുന്‍നിരയില്‍തന്നെ ചന്ദ്രികയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി.കെ മുഹമ്മദ് സാഹിബി(മാനു)നെയും കാണാന്‍ കഴിഞ്ഞു. സംഘാടകര്‍ ഉദ്ദേശിച്ചതിന്റെ നേര്‍വിപരീതമായാണ് ചര്‍ച്ച കലാശിച്ചത്. ആ പ്രസംഗത്തിന്റെ കാസറ്റ് കുട്ട്യാമു സാഹിബ് മുഖേന ബാഫഖി തങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി.
യുക്തിവാദിയായിരുന്ന ഡോ. ഉസ്മാന്‍ കോയ പിന്നീട് യുക്തിവാദ ചിന്തകളില്‍നിന്ന് പിന്മാറി. ആര്‍.ഇ.സി പ്രിന്‍സിപ്പലായിരുന്ന പ്രഫ. ബഹാവുദ്ദീന്‍ സാഹിബായിരുന്നു 'മോഡേണ്‍ ഏജ് സൊസൈറ്റി'യുടെ രൂപീകരണത്തിന് മുന്‍കൈയെടുത്തിരുന്നത്. അക്കാദമികമായ ഒരു മുന്നേറ്റമേ അദ്ദേഹം ലക്ഷ്യമിട്ടിരുന്നുള്ളൂ. ജാമിഅ മില്ലിയ്യയില്‍ രൂപീകരിക്കപ്പെട്ട സൊസൈറ്റിയും അഫ്‌ലിയേഷന്‍ സ്വഭാവമുള്ള ബഹുജന പ്രസ്ഥാനമായിരുന്നില്ല. തീവ്ര സെക്യുലരിസ്റ്റുകളും ഡോ. ആബിദ് ഹുസൈന്‍, മൗലാനാ അബ്ദുസ്സലാം ഖിദ്വായി തുടങ്ങിയ മിതവാദികളുമെല്ലാം അടങ്ങിയ ബുദ്ധിജീവികളുടെ കൂട്ടായ്മയായിരുന്നു അതിന്റെ ചാലകശക്തി. വളരെ സന്തുലിതമായിരുന്നു ബഹാവുദ്ദീന്‍ സാഹിബിന്റെ ഉദ്ഘാടന പ്രസംഗം. സംഘടനയുടെ ലക്ഷ്യം മുസ്‌ലിംകളുടെ പാശ്ചാത്യവത്കരണമല്ലെന്ന് വ്യക്തമായി അദ്ദേഹം പറഞ്ഞു. പിന്നീട് നടന്ന പ്രസംഗങ്ങളാണ് അതിനെ അട്ടിമറിച്ചത്. സംരംഭം വിവാദമായപ്പോള്‍ ഉടനെ അദ്ദേഹം സംഘടനയില്‍നിന്ന് രാജിവെക്കുകയും ചെയ്തു. ആര്‍.ഇ.സിയില്‍നിന്ന് അലീഗഢ് പ്രോ വൈസ് ചാന്‍സലറായി പോകുമ്പോള്‍ അളകാപുരിയില്‍ കുട്ട്യാമു സാഹിബിന്റെ അധ്യക്ഷതയില്‍ ഫ്രൈഡേ ക്ലബ്ബ് നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കവെ ഇക്കാര്യങ്ങള്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. അത് അദ്ദേഹത്തെ ഇംപ്രസ്സ് ചെയ്തു. മറുപടി പ്രസംഗത്തില്‍ പ്രബോധനത്തിന്റെ പ്രതിനിധിയാണ് ആദ്യമായി ഈ സത്യം പറയുന്നതെന്നും അതിലെനിക്ക് സന്തോഷമുണ്ടെന്നും ബഹാവുദ്ദീന്‍ സാഹിബ് എടുത്തു പറഞ്ഞു.
പ്രബോധനത്തിലെ വിവരസ്രോതസ്സുകളെപ്പറ്റി പറയുമ്പോള്‍ അക്കാദമിക പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല, സാധാരണഗതിയില്‍ റാപ്പര്‍ പൊട്ടിക്കാതെ അവഗണിക്കാറുള്ള വിദേശ രാജ്യങ്ങളുടെ സൗജന്യ പി.ആര്‍ പ്രസിദ്ധീകരണങ്ങള്‍ വരെ ചിലപ്പോള്‍ പ്രയോജനപ്പെടാറുണ്ടെന്ന് കൂടി അനുസ്മരിക്കണം. പശ്ചിമ ജര്‍മനിയില്‍ ഖാദിയാനികളിലൂടെ വ്യാജ ഇസ്‌ലാമിലെത്തിയവര്‍ പിന്നീട് യഥാര്‍ഥ ഇസ്‌ലാമിന്റെ സന്ദേശമെത്തിയപ്പോള്‍ കൂട്ടത്തോടെ അതിലേക്ക് പരിവര്‍ത്തനം ചെയ്ത കഥ എടുത്ത് പ്രസിദ്ധീകരിച്ചത് ഇത്തരമൊരു പ്രസിദ്ധീകരണമായ 'ജര്‍മന്‍ ട്രിബ്യൂണലില്‍'നിന്നായിരുന്നു. ഏത് പ്രസിദ്ധീകരണവും ശീര്‍ഷകങ്ങള്‍ കണ്ണോടിക്കാതെ മാറ്റിവെക്കരുതെന്ന ഒരു നിഷ്‌കര്‍ഷ ഇത് മൂലം ഉണ്ടായിത്തീര്‍ന്നു.
മുമ്പേ നടന്ന മാധ്യമം
മുഖ്യധാരാ മലയാള മാധ്യമങ്ങളിലെത്തുന്നതിന് മുമ്പുതന്നെ പല സംഭവങ്ങളുടെയും പശ്ചാത്തല വിശകലനങ്ങളും ലേഖനങ്ങളും പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സോവിയറ്റ് യൂനിയന്റെ ചെക്കോസ്ലാവാക്യന്‍ അധിനിവേശത്തിനു തൊട്ടുമുമ്പാണ് പ്രാഗ് വസന്തത്തെയും ഡ്യൂബി ചെക്കിന്റെ പരിഷ്‌കരണങ്ങളെയും കുറിച്ച നിരീക്ഷണം എ.ആറിന്റെ മുഖലേഖന കോളത്തില്‍ വെളിച്ചം കണ്ടത്. പാകിസ്താനിലെ നവായെ വഖ്തിലെ ഒരു ലേഖനമായിരുന്നു അതിന് ആസ്പദം. മലയാളത്തില്‍ മറ്റൊരു പത്രത്തിലും ഈ വിവരങ്ങള്‍ അന്ന് അച്ചടിച്ചുവന്നിരുന്നില്ല.
ഇറാനില്‍ ഇസ്‌ലാമിക വിപ്ലവം നടക്കുന്നതിന്റെ എത്രയോ മുമ്പ് ആ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളുടെ റിപ്പോര്‍ട്ടുകളും അവലോകനങ്ങളും പ്രബോധനത്തില്‍ വന്നുകൊണ്ടിരുന്നു. പഹ്‌ലവി ഭരണകൂടത്തിന്റെ 2500-ാം വാര്‍ഷികാഘോഷത്തിനെതിരെ '71 ഒക്‌ടോബറില്‍ ഖുമൈനി നടത്തിയ ആഹ്വാനം പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. പശ്ചിമേഷ്യയില്‍ ഇസ്രയേലിന്റെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും മുഖ്യ ദല്ലാളായിരുന്നു റിസാ ഷാ പഹ്‌ലവി. ആ ഒരു നിലപാടിലൂടെയായിരുന്നു ഷാ വിരുദ്ധ നീക്കങ്ങളെയും ഇസ്‌ലാമിക വിപ്ലവത്തെയും പ്രബോധനം പിന്തുണച്ചത്. വിയറ്റ്‌നാമിനു ശേഷം അമേരിക്ക ആദ്യമായി മുട്ടുമടക്കേണ്ടിവന്ന ചരിത്രസംഭവമായിരുന്നു അത്. ഗള്‍ഫിലെ എണ്ണക്കിണറില്‍ പുണ്യസ്‌നാനം ചെയ്യുന്ന മുസ്‌ലിം സംഘടനകള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പ്രബോധനം ശീഈസം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു അവരുടെ ദുഷ്പ്രചാരണം. മറുവശത്ത് പാശ്ചാത്യ വാര്‍ത്താ ഏജന്‍സികളുടെ 'ഹിസ് മാസ്റ്റേര്‍സ് വോയ്‌സ്' ആയ മലയാള മാധ്യമങ്ങള്‍ സിനിമയും കലയും സംഗീതവും അസ്തമിക്കുന്ന പ്രാകൃതത്വത്തിലേക്കുള്ള തിരിച്ചുപോക്കായും വിപ്ലവത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇറാനില്‍നിന്ന് പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങളെ ഇതേ മാധ്യമങ്ങള്‍ തന്നെയാണ് ഇപ്പോള്‍ വാഴ്ത്തുന്നത്. സാമ്രാജ്യത്വവിരുദ്ധ നിലപാടിന്റെ ഗുണാത്മകവശം മുസ്‌ലിം സംഘടനകളും തിരിച്ചറിയുന്നുണ്ട്. അലി ശരീഅത്തി, ഡോ. മുത്വഹരി തുടങ്ങിയവരുടെ സര്‍ഗാത്മക ഇസ്‌ലാമിക ചിന്തകള്‍ മലയാളത്തിന് പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റും പ്രബോധനത്തിനുള്ളതാണ്.
മോറിസ് ബുക്കായ്, ഹുസൈന്‍ നസ്വ്ര്‍, മുറാദ് ഹോഫ്മന്‍, ടി.ബി ഇര്‍വിംഗ്, അലക്‌സ് ഹൈലി, എഡ്വേര്‍ഡ് സഈദ്, സിയാഉദ്ദീന്‍ സര്‍ദാര്‍ എന്നിങ്ങനെ ഒട്ടനേകം പാശ്ചാത്യ എഴുത്തുകാര്‍ പ്രബോധനത്തിലൂടെ ആദ്യമായി മലയാള വായനക്കാരിലേക്കെത്തി. അലക്‌സ് ഹൈലിയുടെ റൂട്ട്‌സ് (വേരുകള്‍) അമേരിക്കയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോള്‍തന്നെ ഇന്ത്യാനപോലിസില്‍നിന്ന് ടി.കെ ഇബ്‌റാഹീം തല്‍സംബന്ധമായി വിസ്തരിച്ചെഴുതുകയുണ്ടായി. 'ബുദ്ധിജീവികളെ കൊണ്ട് എന്തു പ്രയോജനം' എന്ന സക്കരിയയുടെ ലേഖനത്തിലൂടെയാണെന്ന് തോന്നുന്നു മലയാളത്തിലെ പൊതുവായനാ സമൂഹത്തില്‍ എഡ്വേര്‍ഡ് സഈദ് എന്ന ഫലസ്ത്വീനി ബുദ്ധിജീവി ഇടം പിടിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ 'ഓറിയന്റലിസം' പുറത്തിറങ്ങിയ ഉടന്‍ അതിന്റെ കോപ്പി പ്രബോധനത്തിലെത്തിയിരുന്നു. സഈദിന്റെ നിരീക്ഷണങ്ങളും സിയാഉദ്ദീന്‍ സര്‍ദാറിന്റെ ലേഖനങ്ങളും '70-'80-ലെ പ്രബോധനത്തില്‍ വെളിച്ചം കണ്ടിരുന്നു.
മുസ്‌ലിം ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ നിജഃസ്ഥിതി അറിയാന്‍ വായനക്കാര്‍ ആശ്രയിച്ചിരുന്നത് പ്രബോധനമായിരുന്നു. '79-ലെ ഹജ്ജ് സീസണില്‍ ഒരു സംഘം ആയുധധാരികള്‍ മസ്ജിദുല്‍ ഹറാം കൈയടക്കിയത് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഇറാനികളാണ് അതിന്റെ പിന്നിലെന്നായിരുന്നു തുടക്കത്തിലെ ശക്തമായ പ്രചാരണം. 'വിപ്ലവം കയറ്റുമതി ചെയ്യുക' എന്ന വിവേകരഹിതമായ മുദ്രാവാക്യത്തിലൂടെ ഇറാനികള്‍ തങ്ങളുടെ പ്രതിഛായ വേണ്ടത്ര മോശമാക്കിയതിനാല്‍ അത്തരം പ്രചാരണങ്ങള്‍ പെട്ടെന്ന് വിശ്വസനീയത നേടുക സ്വാഭാവികമാണ്. സുഊദിയിലെ അസംതൃപ്തരായ ഒരു സംഘം സലഫി യുവാക്കളാണ് അതിന്റെ പിന്നിലെ ശക്തികളെന്ന വസ്തുത പ്രബോധനത്തിലൂടെയാണ് വെളിച്ചം കാണുന്നത്. 'വ്യാജ മഹ്ദീ വാദികള്‍' എന്ന ഔദ്യോഗിക വിശദീകരണത്തിനപ്പുറം മറ്റൊരു വിവരവും അന്ന് സുഊദി ഭരണകൂടം പുറത്തുവിടുകയുണ്ടായില്ല. അടഞ്ഞ രാഷ്ട്രീയ വ്യവസ്ഥിതിയായിരുന്നതിനാല്‍ വിചാരണയും ശിക്ഷയുമൊന്നും ഒട്ടും സുതാര്യമായിരുന്നില്ല. അതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് നടന്നതെന്നത് ദുരൂഹമായിതന്നെ അവശേഷിച്ചു. അന്ന് ഹറം മസ്ജിദില്‍ ബന്ദികളായവരില്‍ ജമാഅത്ത് നേതാവായ അബുല്‍ജലാല്‍ മൗലവിയുമുണ്ടായിരുന്നു. ഒരു മലയാളി മുസ്‌ലിയാര്‍ക്ക് ആയുധധാരികളുമായി സംവദിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും കേട്ടിരുന്നു. പക്ഷേ അയാളെ കണ്ടെത്താന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 2004-ലാണ് ഡോ. രിഫ്അത്ത് സയ്യിദ് അഹ്മദ് ഇതു സംബന്ധമായി ശേഖരിച്ച രേഖകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചു കണ്ടത്. സുഊദി ഭരണകൂടത്തിന്റെ നടപടികളില്‍ അസംതൃപ്തരായ വിഘടിത സലഫി യുവ സംഘമായിരുന്നു ആ സംഭവത്തിന്റെ പിന്നിലെ ശക്തികള്‍. അവര്‍ക്ക് നേതൃത്വം നല്‍കിയ ജുഹൈമാന്‍ ഉതൈബിയുടെ ലേഖനങ്ങളും കത്തുകളും രിഫ്അത്തിന്റെ പുസ്തകത്തില്‍ വായിക്കാം. സുഊദിയിലെ സമാദരണീയ പണ്ഡിതനായിരുന്ന ശൈഖ് ഇബ്‌നു ബാസില്‍ ഈ സംഘത്തിനു വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ഭരണകൂടത്തെ ഉപദേശിക്കുന്നതില്‍ കവിഞ്ഞ് ശക്തമായ നീക്കങ്ങളൊന്നുമില്ലാത്തതില്‍ അദ്ദേഹത്തെക്കുറിച്ച് നിരാശരായിരുന്നു അവര്‍. ജുഹൈമാന്റെ എഴുത്തുകളില്‍ ശൈഖിനെ ബഹുമാനപുരസ്സരമാണ് പരാമര്‍ശിക്കുന്നതെങ്കിലും ഇഛാഭംഗത്തിന്റെ സ്വരം പ്രകടമാണ്. ബദവി അന്തരീക്ഷത്തില്‍ വളര്‍ന്ന യാഥാര്‍ഥ്യബോധമില്ലാത്ത മതാത്മക മനസ്സിന്റെ ചിന്തകളായിരുന്നു ജുഹൈമാന്റേത്.
ഹറം സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളും പ്രബോധനത്തില്‍ വന്നുകൊണ്ടിരുന്നപ്പോള്‍ എറണാകുളത്തുനിന്ന് ഒരു വായനക്കാരിയുടെ കത്ത് കിട്ടിയത് ഓര്‍ക്കുന്നു. സമാന സംഭവത്തെക്കുറിച്ച് മുമ്പൊരിക്കല്‍ പ്രബോധനത്തില്‍ വന്ന ലേഖനത്തെക്കുറിച്ച തീയതിയും ലക്കവും സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്. എ.എം മേത്തറുടെ പത്‌നിയായിരുന്നു പ്രസ്തുത കത്തുകാരിയെന്നാണ് ഓര്‍മ. അളവറ്റ ആഹ്ലാദവും ആത്മസംതൃപ്തിയുമാണ് ആ കത്ത് പകര്‍ന്നുതന്നത്. പ്രബോധനം ഭദ്രമായി സൂക്ഷിച്ചുവെക്കുകയും ഉള്ളടക്കം മനസ്സില്‍ കൃത്യമായി മുദ്രണം ചെയ്തുവെക്കുകയും ചെയ്യുന്ന ഇത്തരം വായനക്കാരായിരുന്നു പ്രബോധനത്തിന്റെ യഥാര്‍ഥ ശക്തി.
അടിയന്തരാവസ്ഥ
അടിയന്തരാവസ്ഥയുടെ ഹ്രസ്വകാലമൊഴികെ തുടക്കം മുതല്‍ മുടക്കം കൂടാതെ പ്രബോധനം പ്രസിദ്ധീകരിച്ചുപോന്നു. അടിയന്തരാവസ്ഥ നീക്കം ചെയ്ത് മുടങ്ങിയ പ്രബോധനം പുനഃപ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ ചെറിയൊരു പ്രതിസന്ധി ഉണ്ടായത് പ്രബോധനം മാസികയുടെ കാര്യത്തിലായിരുന്നു. ആ മാസത്തില്‍ തന്നെ മാസികയും പുറത്തിറങ്ങണമെന്ന ഒരു വാശിയുണ്ടായിരുന്നു. പക്ഷേ, പത്രാധിപര്‍ അബ്ദുല്ല ഹസന്‍ അപ്പോഴേക്ക് ഗള്‍ഫിലേക്ക് ചേക്കേറി കഴിഞ്ഞിരുന്നു. മാസത്തിലൊരിക്കല്‍ വാരികയുടെ പേജ് കൂട്ടി മാസികയുടെ വിടവ് നികത്താം എന്നായിരുന്നു ടി.കെയുടെ നിര്‍ദേശം. അതിന് വഴങ്ങിയാല്‍ അതുതന്നെ സ്ഥിരമായിത്തീരുകയായിരിക്കും ഫലമെന്നതില്‍ സംശയമില്ലായിരുന്നു. അതിനാല്‍ അബ്ദുല്ല ഹസന്റെ പകരക്കാരനായി ടി.കെ ഉബൈദിന്റെ പേര് നിര്‍ദേശിച്ചു. 'ആ അയഞ്ഞാന്‍ കൊയഞ്ഞയോ' എന്നായിരുന്നു ഞങ്ങള്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു ഗുരുനാഥന്റെ (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) നിഷ്‌കളങ്കമായ പ്രതികരണം. അത് കേട്ടപ്പോള്‍ ചിരിയും ഒപ്പം സങ്കടവുമുണ്ടായി. അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. യാതൊരു പ്രകടനഭാവവുമില്ലാത്ത ആ ചേലും കോലവും കണ്ടാല്‍ ആര്‍ക്കും അങ്ങനെയേ തോന്നൂ. ഉബൈദ് ഏറ്റെടുത്തപ്പോഴും മാസികയുടെ യശസ്സ് ഒട്ടും കുറഞ്ഞില്ലെന്ന് മാത്രമല്ല, കൂടുകയേ ചെയ്തുള്ളൂ. 'പ്രശ്‌നവും വീക്ഷണവും' പംക്തി ഉബൈദ് തൂലികാനാമത്തില്‍ കൈകാര്യം ചെയ്തപ്പോള്‍ മൗലിക ചിന്തകളുടെ ദര്‍പ്പണമായി മാറി. മുന്‍കാല പണ്ഡിതന്മാരുടെ കിതാബുകളില്‍നിന്നുള്ള പകര്‍ത്തെഴുത്താണ് സാധാരണ ഇത്തരം പംക്തികളുടെ പൊതുസ്വഭാവം. അതിന്നപവാദമായി ഈ പംക്തിയുടെ ഉബൈദ് കാലം.
1937-ല്‍ വാരിക ടാബ്ലോയ്ഡില്‍നിന്ന് രൂപാന്തരം ചെയ്തതോടെയാണ് മാസിക തിരോധാനം ചെയ്തത്. അക്കാദമിക സമൂഹത്തില്‍ സവിശേഷ ശ്രദ്ധ നേടിയതായിരുന്നു മാസികയിലെ പല ലേഖനങ്ങളും. ടി. മുഹമ്മദ് സാഹിബ് എഴുതിയ 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' എന്ന ലേഖന പരമ്പര അതില്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു. പിന്നീടത് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയപ്പോള്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. കരിമ്പുഴ രാമകൃഷ്ണന്‍, എന്‍.പി മുഹമ്മദ് എന്നിവരായിരുന്നു മുഖ്യ പ്രഭാഷകര്‍. കരിമ്പുഴയുടെ പ്രസംഗം പുസ്തകം വായിച്ച് പഠിച്ച് നടത്തിയ വിസ്തരിച്ചൊരു നിരൂപണംതന്നെയായിരുന്നു. ടൗണ്‍ ഹാള്‍ പരിപാടിക്ക് ശേഷം രണ്ട് നാള്‍ക്കകം എന്‍.പിയുടെ ഇംഗ്ലീഷിലെഴുതിയ ഒരു കാര്‍ഡ് കിട്ടി. പുസ്തകത്തിലെ എല്ലാ നിരീക്ഷണങ്ങളോടും യോജിപ്പില്ലെങ്കിലും വിജ്ഞേയമായ ഈ കൃതിയുടെ രണ്ടാം ഭാഗമിറങ്ങുമ്പോള്‍ ഒരു കോപ്പി അയച്ചുതരാന്‍ മറക്കരുതെന്നായിരുന്നു കത്തിന്റെ ചുരുക്കം. 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ 'ഓറിയന്റ് ലോംഗ് മാന്‍സി'ന്റെ മദ്രാസ് റീജ്യനല്‍ മാനേജറായിരുന്ന വി. അബ്ദുല്ല സാഹിബ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാം ഐ.പി.എച്ചിലൂടെ തന്നെ വേണമെന്ന ശാഠ്യം അത് പ്രാവര്‍ത്തികമാകുന്നതില്‍ വിലങ്ങായി. എത്രയോ വിപുലമായൊരു വായനാവൃത്തത്തെയാണ് ആ ശാഠ്യം പാഴാക്കിക്കളഞ്ഞത്.
വായനയിലൂടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കാനും ദിശാബോധമുള്ള എഴുത്തുശീല ഗുണം വളര്‍ത്തിയെടുക്കാനും പതിനഞ്ചാണ്ട് നീണ്ടുനിന്ന പ്രബോധനകാലം സഹായകമായി. ആ പഴയ നാള്‍വഴികളിലെ വെയിലും നിലാവും ഓര്‍ത്തെടുക്കുമ്പോള്‍ എന്തുസുഖമാണീ മനസ്സില്‍!
വി.എ കബീര്‍ 9895304908
vakabeer@hotmail.com

Comments

Other Post