Prabodhanm Weekly

Pages

Search

2011 ജൂണ്‍ 11

തെരഞ്ഞു തെരഞ്ഞു മടുത്തു മാഷേ

ജമീല്‍ അഹ്മദ്

ഉച്ചയൂണിന് പുറത്തിറങ്ങാനൊരുമ്പോഴാണ് ഉറക്കെ സലാം പറഞ്ഞുകൊണ്ട് അദ്ദേഹം, മലയാളം ഡിപ്പാര്‍ട്ടുമെന്റിലേക്ക് കയറിവന്നത്. ആള്‍ നാട്ടില്‍ സ്വീകാര്യന്‍,  പ്രൈമറി സ്‌കൂള്‍ അധ്യപകനായി വിരമിച്ച് അഞ്ചാറു വര്‍ഷങ്ങളായി. സഹൃദയന്‍. അര്‍ഹിക്കുന്ന ആദരവോടെ ഞാന്‍ സ്വീകരിച്ചു. ബന്ധുക്കളുടെ സര്‍ട്ടിഫിക്കറ്റിനോ മറ്റോ ആയിരിക്കുമെന്ന് ഊഹിച്ച് വേണ്ട സഹായം ആവശ്യപ്പെട്ടു. അതൊന്നുമല്ല, കാര്യം പെണ്ണുകാണലാണ്. മകനുവേണ്ടിയാണ്. രണ്ടാണ്‍മക്കളില്‍ ഒരാളുടെ കല്യാണം ഉറപ്പിച്ചുകഴിഞ്ഞു. അടുത്തയാള്‍ക്കുവേണ്ടി യുദ്ധകാലാടിസ്ഥാനത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്നു. എണ്‍പതു ശതമാനത്തിലധികം പെണ്‍കുട്ടികളുള്ള ഈ സര്‍ക്കാര്‍ കലാലയത്തില്‍ സെലക്ഷന്‍ മോശമാവില്ലല്ലോ. എന്റെ ഉള്ളൊന്നു കറുത്തു. പിന്നെയാണറിഞ്ഞത്, ഈയിടെ ജോയിന്‍ചെയ്ത ഗസ്റ്റ് ലക്ചറര്‍ പെണ്‍കുട്ടിയാണ് ഇരയെന്ന്.
''മകന്‍ വന്നില്ലേ?''
''ഇല്ല, ഞാന്‍ കണ്ടിട്ട് ഓകെയായിട്ടു മതിയല്ലോ അവന്റെ കാണല്‍''
''എന്നിട്ട് ഓകെയാണോ?''
''അത് വേണ്ടത്ര പോര'' നിരാശയുടെ ഭാരം കനത്ത മറുപടി. എന്നും രാവിലെ പ്രസരിപ്പോടെ കോണികയറിപ്പോകുന്ന ആ പുതുടീച്ചറുടെ ശാലീനമായ മുഖം പെട്ടെന്ന് ഓര്‍മവന്നു.
ഞാന്‍ പതുക്കെ മൂപ്പരെയും കൊണ്ട് പുറത്തിറങ്ങി. മകനു പെണ്ണു തെരയുന്ന ഒരു വാപ്പയുടെ ആശങ്കകളുടെ ഒരു വലിയ കെട്ട് അദ്ദേഹം എന്റെ മുമ്പില്‍ അഴിച്ചുനിരത്തി. ഈ കുറിപ്പില്‍ ഇനി നല്‍കുന്നതു മുഴുവന്‍ അതില്‍നിന്ന് തെരഞ്ഞെടുത്ത ചില ആശങ്കകളാണ്. ഇടക്കിടക്ക് ബ്രാക്കറ്റില്‍ വരുന്നതുമാത്രം ഞാന്‍.
'അത്യാവശ്യം വിദ്യാഭ്യാസവും കാണാന്‍ സൗന്ദര്യവും സാമാന്യം വകകളുമുള്ള ഒരു പെണ്‍കുട്ടിയെ വേണം. മകന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഈയിടെ കയറി. അതിനു യോജിച്ച നിലവാരം വേണ്ടേ. പി.ജിയൊക്കെ കഴിഞ്ഞ കുട്ടികളില്‍ കാണാന്‍ ഇത്തിരി ചൊറുക്കുള്ള ഒന്നുപോലും ഇല്ലാത്തതിന്റെ കഷ്ടപ്പാട് ചില്ലറയല്ല. പ്ലസ്റ്റൂ വരെ പഠിച്ച കുറേ കുട്ടികളുണ്ട്. നല്ല സൗന്ദര്യമുള്ള കുട്ടികള്‍. അപ്പോ വിദ്യാഭ്യാസം വേണ്ടെന്നുവെക്കണം (സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് ബോധവാന്മാരായ നാമെങ്ങനെ ആ കടുംകൈ ചെയ്യും). വിദ്യാഭ്യാസം നിര്‍ബന്ധമാണെങ്കില്‍ സൗന്ദര്യം വേണ്ടെന്നു വെക്കണം. പിന്നെ ഉണ്ട്, എം.ബി.ബി.എസ്സിനും എഞ്ചിനീയറിംഗിനും ഒക്കെ വലിയ നിലയില്‍ പഠിക്കുന്ന സുന്ദരിക്കുട്ടികള്‍. പക്ഷേ അതൊക്കെ നമ്മള്‍ക്ക് പറ്റുമോ (മകന്റെ തൊഴില്‍ഗ്രേഡ് അല്‍പം താഴെയല്ലേ. ഡോക്ടറെ കെട്ടിയാല്‍ അവളങ്ങുകേറി അവനെ ഭരിച്ചു കളഞ്ഞാലോ. പിന്നെ 'ഓനെ കാണാന്‍ ഞമ്മളൊക്കെ മാതിരിത്തന്നെ'യാണുതാനും). അത്യാവശ്യം പി.ജിയും ബി.എഡും മതി. സാമ്പത്തികം പിന്നെം അഡ്ജസ്റ്റു ചെയ്യാം. (സ്ത്രീധനം ശമ്പളമായി മാസ്സാമ്മാസം വീട്ടിലെത്തുമല്ലോ. ഒന്നു നിറുത്തി അദ്ദേഹം എന്റെ ശമ്പളക്കാര്യങ്ങള്‍ അന്വേഷിച്ചു. അതിനെ ഗസ്റ്റ് ലക്ചറുടെ വരുമാനവുമായി ഒന്നു താരതമ്യം ചെയ്തു).
'കുറേ അന്വേഷിച്ചു. പറഞ്ഞിട്ടെന്താ, വിദ്യാഭ്യാസമുള്ള ധാരാളം കുട്ടികളുണ്ട് പക്ഷേ ഒക്കെ 'തെരവാ' (ഇതൊരു മാപ്പിളവാക്കാണ്. എല്ലാ സെലക്ഷനും കഴിഞ്ഞ് ബാക്കിയായത് എന്നര്‍ഥം. നാല്‍പത്തഞ്ചിലധികം വീട്ടില്‍ പോയി സര്‍ബത്ത് കുടിച്ച് അവസാനം ആദ്യം കണ്ട പെണ്ണിനെക്കാള്‍ 'മാറ്റ്' കുറഞ്ഞ കുട്ടിയെ പൊരുത്തപ്പെട്ട  സുഹൃത്തും എനിക്കുണ്ട്).
തുടര്‍ന്നദ്ദേഹം പറഞ്ഞ ഒരുപമ എന്നെ ഞെട്ടിച്ചുകളഞ്ഞു.
'പണ്ടാരോ പറഞ്ഞതുപോലെ, വാഴക്കുലകൃഷി മാതിരിയാണ് ഇന്ന് പെണ്‍കുട്ടികള്‍. കുല പാകമായാല്‍ ആദ്യം ഒരു വെട്ടുവെട്ടും. ആ വെട്ടിന് നല്ല കുലകളൊക്കെ അങ്ങ് പോകും. അതിന് ധാരാളം ആവശ്യക്കാരുമുണ്ടാകും. (പത്താംതരം കഴിഞ്ഞാണ് ആ വിളവെടുപ്പ്. ഗള്‍ഫില്‍നിന്ന് ലീവിനുവന്ന ചെക്കന്മാര്‍ക്ക് വിദ്യാഭ്യാസം വേണ്ട. കൊണ്ടുനടക്കാനുള്ള 'വോള്‍ട്ടേജ്' മതി. ഗള്‍ഫില്‍ കല്യാണത്തിന്റെ വീഡിയോ സഹമുറിയന്മാരെ കാണിക്കുമ്പോള്‍ തന്റെ സെലക്ഷനെക്കുറിച്ച് കമന്റുകേള്‍ക്കരുതല്ലോ). ബാക്കിവരുന്ന കുട്ടികളെ പ്ലസ്റ്റുവിന് 'പഠിപ്പിക്കും'. അതുകഴിഞ്ഞാലും നടക്കും ഒരു വെട്ട്. അതിലും ബാക്കിയായവര്‍ കോളേജില്‍ കയറും. ഡിഗ്രി കഴിഞ്ഞാല്‍ വീണ്ടും തെരവ്. പി.ജിയും ബി.എഡും കഴിയുമ്പോഴേക്ക് വെട്ടിവെട്ടി ബാക്കിയായ കുറേ പടുകുലകളേ കാണൂ.'
'തെരഞ്ഞുതെരഞ്ഞു മടുത്തു മാഷേ.'
സാത്വികനും നിഷ്‌കളങ്കനുമായ ആ മനുഷ്യന്‍ ബസ്സുകയറിപ്പോയിട്ടും എന്റെ മനസ്സില്‍നിന്ന് ആ വാഴക്കുലകളുടെ ഉപമ വെട്ടിപ്പോയില്ല. ഇത്രകാലം വായിക്കുകയും പഠിക്കുകയും ചെയ്ത സാഹിത്യത്തില്‍നിന്ന് ഒരു ഉപമയും എന്നെ ഇത്രയധികം അസ്വസ്ഥനാക്കിയിട്ടില്ല.
ജീവിതത്തിന്റെ കണ്ണീര്‍ പാടത്ത് ഒടിഞ്ഞും വീണും കിടക്കുന്ന മോഹങ്ങള്‍ക്കിടയില്‍ വെട്ടിക്കൊണ്ടുപോകാന്‍ ആളില്ലാതെ ഭാരം തൂങ്ങിനില്‍ക്കുന്ന കുറെ പെണ്‍കുട്ടികള്‍... അല്ല, കുട്ടിപ്രായം വിട്ട സ്ത്രീകള്‍ എന്റെ മനസ്സിലൂടെ അലറിവിളിച്ച് നടന്നു. ഇത്രകാലം അമര്‍ത്തിയമര്‍ത്തി വെച്ച കുറേ പെണ്‍തേങ്ങലുകള്‍ ആ ഉപമയുടെ ആഘാതം സഹിക്കാന്‍ വയ്യാതെ ലോകം മുഴുവന്‍ മുഴങ്ങുന്നതായി തോന്നി.
എന്റെ ഓര്‍മയില്‍ കുറേ സഹോദരിമാരുടെ പേരുകള്‍ കടന്നുപോയി. ആയിരക്കണക്കിന് സഹോദരിമാര്‍. ആരോ നിര്‍ണയിച്ചു കൊടുത്ത ആണ്‍കൊതികള്‍ക്കനുസരിച്ച തൊലിനിറവും മുഖസൗന്ദര്യവും ഇല്ലാത്തതിന്റെ പേരില്‍ മാത്രം അവര്‍ വെട്ടിപ്പോകാതെ ഈ ജീവിതത്തില്‍ ബാക്കിയായി. ആത്മഹത്യ ചെയ്യുന്നതും വ്യഭിചരിക്കുന്നതും കടുത്ത പാപമായി കണക്കാക്കുന്ന ഒരു മതത്തില്‍ ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടുമാത്രം ഭൂമിയില്‍ മാലാഖമാരെപ്പോലെ ജീവിക്കാന്‍ അവര്‍ ബാക്കിയായി. പല സ്ഥാപനങ്ങളുടെയും ഇടനാഴികളില്‍ ആ കാലൊച്ചകള്‍ ഒരു ജീവിതത്തിന്റെ ഒഴിയാഭാരം അമര്‍ത്തി വെച്ച്, വയസ്സത്തിമാരായിക്കൊണ്ടിരിക്കുന്നു. കറുപ്പിന്റെ സൗന്ദര്യത്തെക്കുറിച്ച് നാം ലേഖനമെഴുതിക്കൊണ്ടിരിക്കുമ്പോള്‍... കറുത്ത പെണ്‍കുട്ടികളെ ആറുദിവസം കൊണ്ട് ലോകസുന്ദരിയാക്കുന്ന ക്രീമുകള്‍ ചുരുങ്ങിയ വിലയ്ക്ക് കടകളില്‍ വാങ്ങാന്‍ കിട്ടുമ്പോള്‍... സ്ത്രീ വിദ്യാഭ്യാസത്തിന്റെ വിമോചനദൗത്യത്തെക്കുറിച്ച് കവലകളില്‍ ആരോ ഉറക്കെ പ്രസംഗിക്കുമ്പോള്‍.....
ആരും വെട്ടിക്കൊണ്ടുപോകാതെ ഉണങ്ങിച്ചുങ്ങിയ ഈ പെണ്‍കുലകളെ അവരുടെ ഏകാന്ത വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ പുതിയ യത്തീംഖാനകള്‍ തുടങ്ങാം. മുത്തുനബിയുടെ മുടി സംരക്ഷിക്കാന്‍ നിര്‍മിക്കുന്ന നാല്‍പതു കോടിയുടെ പള്ളിയോടനുബന്ധിച്ച് നരച്ചുപോയ ഈ മുടിനാരുകളെ സംരക്ഷിക്കാനും ഒരു നാലുനില കെട്ടിടം പണിയാം. അതിനുവേണ്ടി പണപ്പിരിവും ഉടനെയാവാം. പ്രോജക്ടുകള്‍ക്കുണ്ടോ ഈ സമുദായത്തില്‍ വല്ല പഞ്ഞവും.
പിന്‍കുറി - ബഹുഭാര്യാത്വം മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് ആദ്യം പ്രചരിപ്പിച്ചത് ഇസ്‌ലാമിന്റെ ശത്രുക്കളാണ്. പിന്നെ അത് ഓറിയന്റലിസ്റ്റുകള്‍ ഏറ്റെടുത്തു. ഇസ്‌ലാമിന്റെ വ്യാജചങ്ങാതിമാരും ഇസ്‌ലാമിക് ഫെമിനിസ്റ്റുകളും ആ വാദം ഏറ്റെടുത്തത് ഈയിടെയാണ്. ഇസ്‌ലാമിനു വേണ്ടി നിലക്കൊള്ളുന്ന ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഇന്ന് ആ വാദം ഏറ്റെടുത്തു മുന്നേറുന്നതു കാണുമ്പോള്‍ നമ്മുടെ അജണ്ടകള്‍ ആരാണ് നിശ്ചയിക്കുന്നത് എന്ന് പലപ്പോഴും സംശയം തോന്നാറുണ്ട്.
ഒന്നുകൂടി ഉറച്ച് ചിന്തിച്ചാല്‍, ബഹുഭാര്യത്വം ആണിന്റെ അല്‍പസുഖത്തിനുവേണ്ടിയാണോ പെണ്ണിന്റെ സംരക്ഷണത്തിനുവേണ്ടിയാണോ എന്ന ഒരു സംവാദം അനിവാര്യമാണെന്ന് തോന്നിപ്പോകുന്നു. എല്ലാ തോന്നലുകളും തെറ്റാകണമെന്നില്ലല്ലോ.
9895 437056
 jameelahmednk@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം