Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

പ്രബോധനം ഇന്നലെ, ഇന്ന്‌

ടി.കെ ഉബൈദ്‌

1940-കളില്‍ മുസ്‌ലിം സമുദായത്തിലെ യഥാസ്ഥിതിക വിഭാഗവും ഉല്‍പതിഷ്ണു വിഭാഗവും തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങളാല്‍ ബഹളമുഖരിതമായ അന്തരീക്ഷത്തിലാണ്, ഇസ്‌ലാമിനെ സമ്പൂര്‍ണ ജീവിതദര്‍ശനവും പ്രത്യയശാസ്ത്രവുമായി അവതരിപ്പിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മൗദൂദി സാഹിബിന്റെ ഏതാനും കൃതികളുടെ മലയാള തര്‍ജമയും പിന്നെ മര്‍ഹൂം വി.പി മുഹമ്മദലി സാഹിബിന്റെയും വിരലിലെണ്ണാവുന്ന സഹപ്രവര്‍ത്തകരുടെയും പ്രസംഗ പരിപാടികളും മാത്രമായിരുന്നു അന്ന് ആദര്‍ശ പ്രചാരണത്തിനുള്ള ഉപാധികള്‍. മലയാളി സമൂഹത്തില്‍ വിപുലമായ ആദര്‍ശപ്രചാരണത്തിന് പര്യാപ്തമായ ഒരു പ്രസിദ്ധീകരണത്തിന്റെ, നാടിന്റെ മുക്കുമൂലകളില്‍നിന്ന് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്ന ഒറ്റപ്പെട്ട വ്യക്തികള്‍ക്കും ചെറിയ കൂട്ടായ്മകള്‍ക്കും ആദര്‍ശ ശിക്ഷണം നല്‍കുകയും അവരെ പരസ്പരം കൂട്ടിയിണക്കുകയും വിവിധ വിഷയങ്ങളില്‍ പ്രസ്ഥാനം സ്വീകരിക്കുന്ന നയനിലപാടുകളും പ്രവര്‍ത്തന പരിപാടികളും അപ്പപ്പോള്‍ അവരെ അറിയിക്കുകയും ചെയ്യുന്ന ഒരു മാധ്യമത്തിന്റെ അനിവാര്യത അവര്‍ക്ക് മുന്നില്‍ ഉയര്‍ന്നുവന്നു.
യാഥാസ്ഥിതിക വിഭാഗത്തില്‍നിന്നും ഉല്‍പതിഷ്ണു വിഭാഗത്തില്‍ നിന്നുമുള്ള അഭ്യസ്തവിദ്യരെയും ചിന്താശീലരെയുമാണ് ജമാഅത്തെ ഇസ്‌ലാമി കാര്യമായി ആകര്‍ഷിച്ചത്. ഇത് ഇരു വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ജമാഅത്തിനോട് എതിര്‍പ്പ് വളര്‍ത്തി. അവര്‍ പ്രസ്ഥാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുതുടങ്ങി. ഈ വിമര്‍ശനങ്ങള്‍ക്ക് പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് യുക്തമായ മറുപടികള്‍ വേണമായിരുന്നു. അങ്ങിങ്ങായി വല്ലപ്പോഴും പരിമിതമായ സദസ്സുകളില്‍ നടത്തപ്പെടുന്ന പ്രഭാഷണങ്ങള്‍ക്ക് സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ആക്ഷേപ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനാകുമായിരുന്നില്ല. ആ സാഹചര്യവും പ്രസ്ഥാനത്തിന് ഒരു പത്രത്തിന്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു. വിഭവ ദൗര്‍ലഭ്യവും സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തതയും ഈ വശത്തിനു മുമ്പില്‍ കനത്ത മതില്‍കെട്ടായി ഉയര്‍ന്നുനിന്നു.
ആയിടക്ക് 1949-ന്റെ മധ്യത്തില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത വാണിമേല്‍ ഗ്രാമത്തില്‍ കേരളത്തിലെ ജമാഅത്ത് പ്രവര്‍ത്തകര്‍ ഒരു സമ്മേളനം ചേരാന്‍ തീരുമാനിച്ചു. സ്റ്റേറ്റ് തല സമ്മേളനമായിരുന്നുവെങ്കിലും കേവലം 63 പേരാണ് അതിലേക്ക് ക്ഷണിക്കപ്പെട്ടത്. പല ദിക്കുകളില്‍നിന്നായി തീവണ്ടി മാര്‍ഗം വടകരയിലെത്തിയ പ്രതിനിധികള്‍ നാദാപുരം പള്ളിയിലെത്തി. അതൊരു വെള്ളിയാഴ്ചയായിരുന്നു. ജുമുഅക്ക് ശേഷം വാണിമേല്‍ക്കു പോകാനായിരുന്നു അവരുടെ പരിപാടി. ഇതിനിടെ സമ്മേളനത്തെക്കുറിച്ച് അറിഞ്ഞ സ്ഥലത്തെ ചില യാഥാസ്ഥിതിക മുസ്‌ലിം പ്രമാണിമാര്‍ പോലീസിനെ സ്വാധീനിച്ച് സമ്മേളനത്തിന് നിരോധമേര്‍പ്പെടുത്തി. കടുത്ത മനഃക്ലേശത്തോടെ തിരിച്ചുപോരാന്‍ ജമാഅത്തുകാര്‍ നിര്‍ബന്ധിതരായി. തങ്ങള്‍ തെരഞ്ഞെടുത്ത സരണിയില്‍ ഇത്തരം പ്രതിബന്ധങ്ങള്‍ പ്രതീക്ഷിതമായിരുന്നതിനാല്‍ അതൊന്നും അവരെ തളര്‍ത്തിയില്ല. വാഹനമില്ലാത്തതിനാല്‍ ഇരുപതോളം നാഴിക നടന്നാണവര്‍ വടകരയിലെത്തിയത്. ആ നടത്തത്തിന്റെ ഓരോ ചുവടുവെപ്പിലും അവരുടെ ആദര്‍ശമനസ്സ് കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയായിരുന്നു. തീവണ്ടി മാര്‍ഗം കോഴിക്കോട്ടെത്തിയ ആ സംഘം പിറ്റേന്ന് ഫ്രാന്‍സിസ് റോഡിലുള്ള ജമാഅത്ത് ഓഫീസില്‍ യോഗം ചേര്‍ന്നു. യോഗത്തെ അഭിസംബോധന ചെയ്ത മര്‍ഹൂം വി.പി മുഹമ്മദലി സാഹിബ് പ്രസ്ഥാനത്തിന്റെ അന്നത്തെ സ്ഥിതിഗതികളും പ്രവര്‍ത്തകരുടെ കടമകളും വിശദീകരിച്ചുകൊണ്ട് പറഞ്ഞു: ''ഒരു പത്രം, പ്രസ്, പ്രസിദ്ധീകരണാലയം, കേന്ദ്ര ഓഫീസ് എന്നിവയാണിന്നത്തെ നമ്മുടെ പ്രാഥമികാവശ്യങ്ങള്‍. ഇവയോരോന്നായി നമുക്ക് നേടിയെടുക്കണം. സാമ്പത്തികവും വൈജ്ഞാനികവും കലാപരവും മറ്റുമായ വലിയ വലിയ കഴിവുകള്‍ അത്യാവശ്യമുള്ള വമ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനച്ചുമതലയാണ് നമ്മില്‍ അര്‍പ്പിതമായിട്ടുള്ളത്. നാം കഴിവില്ലാത്തവരാണെങ്കിലും അല്ലാഹു കഴിവുറ്റവനാണ്. അവന്‍ നമ്മെ സഹായിക്കും. അല്ലാഹുവിനെ മുന്‍നിര്‍ത്തി നാം പ്രതിജ്ഞയെടുക്കുക.''
അദ്ദേഹത്തിന്റെ മുന്നിലിരുന്ന കൊച്ചു സംഘം ആ പ്രതിജ്ഞ ഏറ്റു പറഞ്ഞു. അല്ലാഹുവിന്റെ സഹായത്തിലുള്ള ദൃഢവിശ്വാസവും പ്രതിബന്ധങ്ങള്‍ തട്ടിമാറ്റി മുന്നോട്ടു പോകാനുള്ള അചഞ്ചലമായ ഇഛാശക്തിയും മാത്രമായിരുന്നു അപ്പോഴവരുടെ കൈവശമുണ്ടായിരുന്ന മൂലധനം. അങ്ങനെ നടക്കാതെ പോയ വാണിമേല്‍ സമ്മേളനവും തുടര്‍ന്ന് കോഴിക്കോട്ട് ചേര്‍ന്ന യോഗവും, ഇസ്‌ലാമിക പ്രസ്ഥാനത്തിന് സ്വന്തമായ ഒരു പത്രം എന്ന ചിരകാല സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് പിറന്നു വീഴുന്ന ഈറ്റുനോവിന്റെ തുടക്കമായിത്തീര്‍ന്നു.
പ്രബോധനം
പിന്നെ കാര്യങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു. ജമാഅത്തുകാര്‍ക്ക് സ്വാധീനമുള്ള കാസര്‍കോട് മദ്‌റസാ ആലിയയിലെ വിദ്യാര്‍ഥികള്‍ അക്കാലത്ത് പ്രബോധകന്‍ എന്ന പേരില്‍ ഒരു കൈയെഴുത്ത് മാസിക നടത്തിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി തുടങ്ങാനുദ്ദേശിക്കുന്ന പത്രത്തിന്റെ ദൗത്യം സൂചിപ്പിക്കുന്ന പേരായി സമ്മേളനം അതിനെ കണ്ടു. അത് പ്രബോധനം എന്ന് ഭേദപ്പെടുത്താനും തീരുമാനിച്ചു. വാഴക്കാട്ടു ഭാഗത്തുനിന്നുള്ള ചില പ്രതിനിധികള്‍ ഈ പേര് നിര്‍ദേശിച്ചതായും പ്രസ്താവമുണ്ട്. ഹാജി സാഹിബ് പത്രാധിപരും പ്രിന്ററും പബ്ലിഷറുമായി പ്രബോധനത്തിന് ഡിക്ലറേഷന്‍ സമര്‍പ്പിക്കപ്പെട്ടു. അച്ചടിക്ക് കണ്ടെത്തിയത് തിരൂരിലെ ജമാലിയാ പ്രസ്സായിരുന്നു. മലയാള ലിപിയില്‍തന്നെ അച്ചടിക്കണമെന്നും തീരുമാനിച്ചു.
'പ്രബോധനം' എന്ന മലയാള നാമവും മലയാള ലിപിയിലുള്ള അച്ചടിയും തുടക്കത്തിലേ പ്രബോധനം കൈക്കൊണ്ട വിപ്ലവകരമായ നടപടിയായിരുന്നു. അന്നുണ്ടായിരുന്ന ദീനീ പ്രസിദ്ധീകരണങ്ങളുടെയെല്ലാം പേരുകള്‍ അറബിഭാഷയിലായിരുന്നു. അല്‍ബയാന്‍, അല്‍ ഫുര്‍ഖാന്‍, അല്‍ മുര്‍ശിദ് എന്നിങ്ങനെ. അവയിലേറെയും അച്ചടിക്കപ്പെട്ടിരുന്നത് അറബിമലയാള ലിപിയിലുമായിരുന്നു. മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ക്കു മാത്രമേ അവ വായിക്കാന്‍ കഴിയൂ. പത്രം സഹോദര സമുദായങ്ങള്‍ക്കു കൂടി സംവേദനക്ഷമമായിരിക്കുക എന്നതാണ് പേരും ഉള്ളടക്കവും മലയാളീകരിച്ചതിന്റെ ലക്ഷ്യം. വളരെക്കാലമായി മുസ്‌ലിം സമുദായം അവഗണിച്ചുകളഞ്ഞ, അമുസ്‌ലിം സഹോദരങ്ങള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുക, അവരുമായി സൗഹാര്‍ദവും സഹകരണവും സ്ഥാപിക്കുക എന്ന കര്‍ത്തവ്യത്തിലേക്കുള്ള ശ്രദ്ധക്ഷണിക്കല്‍ കൂടിയായിരുന്നു അത്. പ്രബോധനത്തിന് ഈ ലക്ഷ്യം വലിയൊരളവോളം നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പില്‍ക്കാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പത്രലോകവുമായി ഉറ്റ സമ്പര്‍ക്കമുള്ളവരൊന്നും അക്കാലത്ത് ജമാഅത്തിലുണ്ടായിരുന്നില്ല. പുറമെ നിന്ന് പരിചയസമ്പന്നരെ തേടിപ്പിടിച്ച് ഉപയോഗപ്പെടുത്താനുള്ള വിഭവശഷിയുമില്ല. പ്രബോധനത്തിന്റെ ആദ്യ ലക്കത്തിലേക്കുള്ള മാറ്റര്‍ തയാറാക്കാന്‍ ഹാജി സാഹിബും സഹപ്രവര്‍ത്തകനായ കെ.സി അബ്ദുല്ല മൗലവിയും എടയൂരില്‍ ഹാജി സാഹിബിന്റെ വീടിനടുത്തുള്ള, അന്ന് പുല്ലംപറമ്പില്‍ നമസ്‌കാരപ്പള്ളി എന്നറിയപ്പെട്ടിരുന്ന (ഇന്നത്തെ മസ്ജിദുല്‍ ഇലാഹി) കൊച്ചു പള്ളിയുടെ മുകള്‍ത്തട്ടില്‍ ഒത്തുകൂടി. ഇരുവരും പേനയും കടലാസുമായി മുഖാമുഖം നോക്കി ഇരുന്നു. എങ്ങനെ തുടങ്ങണമെന്ന് ഇരുവര്‍ക്കും അറിഞ്ഞുകൂടാ. കുറേ നേരം ഇരുന്ന ശേഷം കെ.സി: 'നിങ്ങള്‍ പറയൂ, ഞാന്‍ എഴുതാം.' ഹാജി സാഹിബ് പറഞ്ഞു തുടങ്ങി: 'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍...' പത്രത്തിന്റെ ആവശ്യകതയും നയനിലപാടുകളും നടത്തിപ്പുകാര്‍ അഭിമുഖീകരിക്കുന്ന പ്രതികൂല സാഹചര്യവും അതോടൊപ്പം അവരുടെ നിശ്ചയദാര്‍ഢ്യവും കര്‍മധീരതയുമെല്ലാം വിളിച്ചോതുന്നതാണ് ഒന്നാം ലക്കത്തിലെ മുഖക്കുറിപ്പ്.
1949 ആഗസ്റ്റ് ഒന്നാം തീയതി പ്രബോധനത്തിന്റെ പ്രഥമ ലക്കം പുറത്തിറങ്ങി. തുടക്കം മുതല്‍ പ്രതിപക്ഷ പത്രത്തിന് ഡിക്ലറേഷന്‍ ലഭിച്ചിരുന്നുവെങ്കിലും ആദ്യ ലക്കങ്ങള്‍ മാസത്തില്‍ ഒന്ന് എന്ന തോതില്‍ പ്രസിദ്ധീകരിക്കാനേ സാധിച്ചുള്ളൂ. 1954 മുതലാണ് പക്ഷം തോറും കൃത്യമായി ഇറങ്ങിത്തുടങ്ങിയത്. ആദ്യ ലക്കം 1500 കോപ്പി അച്ചടിച്ചു. അതും ഒരു ചരിത്ര സംഭവമായിരുന്നു. അന്നുണ്ടായിരുന്ന ദീനീ പ്രസിദ്ധീകരണങ്ങളുടെയെല്ലാം സര്‍ക്കുലേഷന്‍ ആയിരത്തില്‍ താഴെയായിരുന്നു. മൗനം കൊണ്ടും അവഗണന കൊണ്ടും ജമാഅത്തെ ഇസ്‌ലാമിയുടെ കഥ കഴിക്കാമെന്ന് കരുതിയ സംഘങ്ങളെയും ഉന്നതന്മാരെയും പ്രബോധനത്തിന്റെ രാജകീയമായ തിരുപ്പുറപ്പാട് അമ്പരപ്പിക്കുകതന്നെ ചെയ്തു. അക്കാലത്തെ ദീനീപത്രങ്ങളുടെ പൊതു സ്വഭാവത്തില്‍നിന്ന് മാറി മലയാള ലിപിയില്‍ പ്രസിദ്ധീകരിക്കുന്ന പ്രബോധനം അക്കാരണത്താല്‍ തന്നെ താമസിയാതെ അസ്തമിച്ചുകൊള്ളുമെന്ന് മനപ്പായസമുണ്ടവരുമുണ്ടായിരുന്നു.
സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങളിലധിഷ്ഠിതമായ എതിര്‍പ്പുകള്‍ക്കും അതീതരായ ചിന്താശീലരെയും അന്വേഷണകുതുകികളെയും എല്ലാ വിഭാഗങ്ങളില്‍നിന്നും ആകര്‍ഷിക്കാന്‍ പ്രബോധനത്തിന്റെ പുതുമയുള്ളതും വ്യതിരിക്തവും സുതാര്യവുമായ ഉള്ളടക്കത്തിനു കഴിഞ്ഞു. മുസ്‌ലിം സമുദായത്തിനു പുറത്തുനിന്നും അത്തരത്തില്‍പെട്ട ചിലരെ തുടക്കം മുതലേ പ്രബോധനം ആകര്‍ഷിച്ചിരുന്നു. ഇന്നും സാഹോദര സമുദായങ്ങളില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണം പ്രബോധനംതന്നെ.
എഡിറ്റിംഗ് മുതല്‍
പോസ്റ്റിംഗ് വരെ
ആദ്യകാലത്ത് പ്രബോധനത്തിന്റെ എല്ലാ ജോലികളും നിര്‍വഹിച്ചിരുന്നത് ഹാജി സാഹിബും കെ.സി അബ്ദുല്ല മൗലവിയും തന്നെയായിരുന്നു. തിരൂരില്‍ അച്ചടിച്ച പത്രം വളാഞ്ചേരിയിലേക്ക് കൊണ്ടുവന്നിരുന്നതും അവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് അയക്കേണ്ട കെട്ടുകള്‍ കുറ്റിപ്പുറത്തേക്ക് കൊണ്ടുപോയിരുന്നതും അവര്‍ തന്നെ. പത്രക്കെട്ടുകളും ചുമന്ന് കുടയും ചൂടി വളാഞ്ചേരിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് നടന്നു പോകുന്ന ഹാജി സാഹിബിന്റെയും കെ.സിയുടെയും ചിത്രങ്ങള്‍ മനസ്സില്‍ മായാതെ സൂക്ഷിക്കുന്ന ചില വയോധികര്‍ ഇപ്പോഴും ആ പ്രദേശത്തുണ്ട്. പ്രബോധനം അച്ചടിച്ചെത്തുന്ന ദിവസം രാത്രി തദ്ദേശത്തെ പ്രസ്ഥാന പ്രവര്‍ത്തകര്‍ ജമാഅത്ത് ഓഫീസില്‍ ഒത്തുകൂടുന്നു. ഒരാള്‍ വരിക്കാരുടെ വിലാസം വായിക്കുന്നു. കെ.സി അത് റാപ്പറുകളില്‍ എഴുതുന്നു. ചിലര്‍ പത്രം മടക്കുന്നു. വേറെ ചിലര്‍ റാപ്പറുകളില്‍ പശ തേച്ച് ഒട്ടിക്കുന്നു. ഇനിയും ചിലര്‍ കെട്ടുകളാക്കി പാക്ക് ചെയ്യുന്നു. പലപ്പോഴും ഈ സന്നദ്ധ സേവനം പുലരുന്നതുവരെ നീണ്ടുപോകും.
പ്രചാരണം
പ്രബോധനത്തിന്റെ പ്രചാരണം പ്രസ്ഥാന പ്രവര്‍ത്തകര്‍ ആരംഭം മുതലേ നിര്‍ബന്ധ ബാധ്യതായി ഏറ്റെടുത്തിരുന്നു. അവര്‍ തീവണ്ടിയിലും ബസ് സ്റ്റാന്റിലുമെല്ലാം പ്രബോധനവുമായി ചുറ്റിക്കറങ്ങി. ചില പ്രവര്‍ത്തകര്‍ പത്രം തപാല്‍വഴി എത്തിച്ചേരുന്നതുവരെ കാത്തിരിക്കാതെ അച്ചടി കഴിയുന്ന ദിവസം തന്നെ എടയൂരിലെത്തി തങ്ങളുടെ കോപ്പികള്‍ കൊണ്ടുപോകും. ഇങ്ങനെ കുറ്റിയാടിയില്‍നിന്ന് എടയൂരില്‍ വന്ന് പ്രബോധനം കൊണ്ടുപോയിരുന്ന ഒരാളാണ് ടി.കെ അബ്ദുല്ല മൗലവിയുടെ ജ്യേഷ്ഠ സഹോദരന്‍ ടി.കെ കുഞ്ഞഹമ്മദ് സാഹിബ്. ഇദ്ദേഹം ചിലപ്പോള്‍ വളപട്ടണം വരെ സഞ്ചരിച്ചാണ് അത് വിതരണം ചെയ്തിരുന്നത്. സ്വന്തം മാതാവിന്റെ കൈയില്‍ കിടന്ന സ്വര്‍ണവളയും തൊഴുത്തിലുണ്ടായിരുന്ന കറവപ്പശുവും അന്യാധീനപ്പെട്ടതാണ് ഈ 'ബിസിനസ്സി'ല്‍ അദ്ദേഹത്തിനുണ്ടായ സാമ്പത്തിക 'നേട്ടം.' ടി.കെ കുഞ്ഞഹമ്മദ് സാഹിബ് ഒറ്റപ്പെട്ട ഉദാഹരണമല്ല. അദ്ദേഹത്തെപ്പോലെ വേറെയും അനേകരുണ്ട്. പ്രബോധനത്തിന്റെ പ്രചാരണാര്‍ഥം എടയൂര്‍ മുതല്‍ കാസര്‍കോട് വരെ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന എടപ്പാള്‍ സ്വദേശി താജുദ്ദീന്‍ സാഹിബും ദക്ഷിണ മലബാറിന്റെ മുക്കുമൂലകളില്‍ നിരന്തരം സൈക്കിള്‍ സവാരി നടത്തിയിരുന്ന പുലാമന്തോളിലെ കുഞ്ഞിരായിന്‍ സാഹിബും അക്കൂട്ടത്തില്‍ അവിസ്മരണീയരാണ്.
ആദ്യകാല സ്റ്റാഫ്
ആരംഭത്തില്‍ പ്രത്യേക സ്റ്റാഫൊന്നുമുണ്ടായിരുന്നില്ല. ജമാഅത്ത് ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്ന് പ്രബോധനത്തിന്റെ കാര്യങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പ്രബോധനം തുടങ്ങുന്നതിനു മുമ്പേ ഓഫീസിലെ ക്ലറിക്കല്‍ ജോലികളില്‍ ഹാജി സാഹിബിനെ സഹായിക്കാന്‍ കോഴിക്കോട്ടുകാരനായ മര്‍ഹൂം സി.പി.എം അബ്ദുല്‍ ഖാദിര്‍ സാഹിബ് എടയൂരിലെത്തിയിരുന്നു. അദ്ദേഹം ഹാജി സാഹിബിനോടും കെ.സിയോടുമൊപ്പം പ്രബോധനത്തിന്റെ ജോലികളിലും ഭാഗഭാക്കായി. ഏതാനും മാസങ്ങള്‍ക്കു ശേഷം കെ.സിക്ക് സ്വന്തം ബിസിനസ് കാര്യങ്ങളുമായി എടയൂര്‍ വിടേണ്ടിവന്നു. രോഗബാധിതനായ സി.പി.എമ്മും കോഴിക്കോട്ടേക്ക് മടങ്ങി. ഈ ഘട്ടത്തില്‍ (1950) ആലിയയില്‍ വിദ്യാര്‍ഥിയായിരുന്ന ടി.കെ അബ്ദുല്ല സാഹിബിനെ ഹാജി സാഹിബ് എടയൂരിലേക്ക് വിളിച്ചുവരുത്തി.
സംഘടനാ പ്രവര്‍ത്തനവുമായി നിരന്തര യാത്രയിലായിരുന്ന ഹാജി സാഹിബ് ഇടയ്ക്ക് എടയൂരിലെത്തി പ്രബോധനത്തിലേക്കുള്ള ലേഖനങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. ഉര്‍ദുവില്‍നിന്നുള്ള ലേഖനങ്ങളുടെ തര്‍ജമ പറയുന്നു. പിന്നെ അദ്ദേഹം യാത്ര തുടരുകയായി. ഹാജി സാഹിബ് പ്രസംഗ രൂപത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കുറിച്ചെടുത്ത് ലേഖന രൂപത്തിലാക്കുക, തര്‍ജമകള്‍ പറഞ്ഞത് പകര്‍ത്തുക, സ്വതന്ത്ര ലേഖനങ്ങളും തര്‍ജമകളും തയാറാക്കുക തുടങ്ങിയവയ്ക്കു പുറമെ അച്ചടി കാര്യങ്ങള്‍ നോക്കുക, വരിക്കാരുടെയും ഏജന്റുമാരുടെയും കണക്കുകള്‍ സൂക്ഷിക്കുക, അവര്‍ക്ക് കൃത്യമായി പത്രം അയച്ചുകൊടുക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും ടി.കെയുടെ ചുമലിലായിരുന്നു.
1951-ല്‍ കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍ എടയൂരിലെത്തി. അന്ന് പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന തങ്ങളെയും ഹാജി സാഹിബ് എടയൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രബോധനത്തിന്റെ നോണ്‍ ജേര്‍ണല്‍ വര്‍ക്കുകള്‍ ടി.കെയില്‍നിന്ന് തങ്ങള്‍ ഏറ്റെടുത്തു. ടി.കെ ഉള്ളടക്കത്തിന്റെ കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നായി.
വേതനം
അപേക്ഷകള്‍ ക്ഷണിച്ച് കൃത്യമായ വേതനം നിശ്ചയിച്ച് ജീവനക്കാരെ നിയമിക്കുന്ന സമ്പ്രദായം ജമാഅത്ത് ഓഫീസിലോ പ്രബോധനത്തിലോ ഉണ്ടായിരുന്നില്ല. ഭേദപ്പെട്ട വേതനം നല്‍കാനുള്ള വിഭവശേഷി പ്രസ്ഥാനത്തിനുണ്ടായിരുന്നുമില്ല. ഓരോ ആവശ്യങ്ങള്‍ നേരിടുമ്പോള്‍ അനുയോജ്യരെന്നു കാണുന്നവരെ ഹാജി സാഹിബ് വിളിച്ച് അതിനു നിയോഗിക്കുകയായിരുന്നു. നിയോഗം സ്വീകരിക്കുന്നവര്‍ ഒരു തൊഴില്‍ എന്നതിലുപരി സന്നദ്ധ സേവനം എന്ന നിലക്കാണ് അതിനെ കണ്ടിരുന്നത്. ഹാജി സാഹിബിന് കേരള അമീര്‍ എന്ന നിലക്ക് കേന്ദ്ര ജമാഅത്ത് നൂറു രൂപ ശമ്പളം നിശ്ചയിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് അതിനോടടുത്ത വേതനം നല്‍കാനുള്ള വിഭവശേഷി കേരള ഘടകത്തിനില്ലായിരുന്നു. ഓരോരുത്തര്‍ക്കും അവരുടെ ആവശ്യവും പ്രസ്ഥാനത്തിന്റെ സൗകര്യവുമനുസരിച്ച് വല്ലതുമൊക്കെ ലഭിച്ചുകൊണ്ടിരുന്നു. കുടുംബബാധ്യതയുള്ള കെ.സിക്കും സി.പി.എമ്മിനും 50 ക, ചെറുപ്പക്കാരനും അവിവാഹിതനുമായ ടി.കെക്ക് പത്തു രൂപ. അതുതന്നെ കൃത്യമായി കൊടുക്കാന്‍ സ്ഥാപനത്തിന് കഴിയാറില്ല. ജമാഅത്ത് ഓഫീസ് നിര്‍മിക്കപ്പെടുന്നതുവരെ എല്ലാവരുടെയും ജോലി സ്ഥലവും താമസ സ്ഥലവും പുല്ലംപറമ്പില്‍ നമസ്‌കാരപ്പള്ളിതന്നെ. തൊട്ടടുത്തുള്ള ഹാജി സാഹിബിന്റെ വസതിയില്‍ നിന്ന് ഭക്ഷണവും. സ്വന്തമായി ഓഫീസ് നിര്‍മിക്കാനുള്ള സ്ഥലമോ പണമോ സംഘടനയുടെ കൈവശമുണ്ടായിരുന്നില്ല.
1950-ല്‍ ഹാജി സാഹിബ് സ്വന്തം ഭൂമിയില്‍ ഒരു ചെറിയ കെട്ടിടം നിര്‍മിച്ചു. പണി പൂര്‍ത്തിയായപ്പോള്‍ പ്രബോധനം ഓഫീസ് നമസ്‌കാരപ്പള്ളിയില്‍നിന്ന് അതിന്റെ മുകളിലേക്ക് മാറ്റി. താഴ്ഭാഗം പീടിക മുറികളാക്കി വാടകക്കു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാജിസാഹിബ് തന്റെ കടബാധ്യത തീര്‍ക്കുന്നതിനായി ഈ കെട്ടിടം ജമാഅത്തിന് വില്‍ക്കുകയായിരുന്നു. ജമാഅത്ത് കേന്ദ്രവും പ്രബോധനവും കോഴിക്കോട്ടേക്കു മാറിയപ്പോള്‍ ഈ കെട്ടിടം എടയൂരിലെ ഒരു വ്യക്തിക്ക് കൈമാറി.
സാമ്പത്തിക പ്രയാസം മൂലമാണ് ആദ്യഘട്ടത്തില്‍ കുറേക്കാലം 'പ്രതിപക്ഷ പത്രം' മാസത്തില്‍ ഒന്നു മാത്രം ഇറക്കേണ്ടിവന്നത്. ഓരോ ലക്കവും അച്ചടിച്ചു കഴിയുമ്പോള്‍ പ്രസ്സിലെ ബില്ലു കൊടുക്കുക വലിയ പ്രശ്‌നമായിരുന്നു. ഹാജി സാഹിബ് എവിടെയെങ്കിലും പോയി പണം സംഘടിപ്പിച്ചുകൊണ്ടുവരികയായിരുന്നു പലപ്പോഴും ചെയ്തിരുന്നത്. ഉദ്ദേശിച്ച പോലെ പണം കിട്ടാത്തതിനാല്‍ അച്ചടിച്ച പത്രം ഡെലിവറി ചെയ്യാന്‍ ആഴ്ചകളോളം വൈകിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
സ്വന്തം പ്രസ്
ഈ സാഹചര്യത്തില്‍ പ്രബോധനത്തിന് സ്വന്തം പ്രസ് എന്ന സ്വപ്നം ഏറെക്കാലം സ്വപ്നമായിത്തന്നെ അവശേഷിച്ചു. കുറ്റിയാടിയിലെ സമ്പന്നനായ ബാവാച്ചി ഹാജിയുടെയും മറ്റും സഹായത്തോടെ ആദ്യം വാങ്ങിയത് വടകരയില്‍നിന്ന് ഒരു പഴയ പ്രസ്സാണ്. പക്ഷേ അത് ഉപയോഗപ്രദമായില്ല. പിന്നീട് ഒരു ഹാന്റ് പ്രസ് സമ്പാദിച്ചു. അതും പ്രബോധനത്തിന്റെ അച്ചടിക്ക് അപര്യാപ്തമായിരുന്നു. 1953-ല്‍, ജമാഅത്തുകാര്‍ക്കിടയില്‍ പള്ളുരുത്തി ഹാജി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മര്‍ഹൂം കെ.ഇ അഹ്മദ് കുട്ടി ഹാജി സ്വന്തം ചെലവില്‍ സാമാന്യം നല്ലൊരു സിലിണ്ടര്‍ പ്രസ്സ് പ്രബോധനത്തിന് വാങ്ങിക്കൊടുത്തു. ക്രൗണ്‍ 1/4 സൈസിലുള്ള ഈ പ്രിന്റിംഗ് പ്രസ് മോട്ടറൈസ്ഡ് ആയിരുന്നില്ല. അന്ന് എടയൂരില്‍ ഇലക്ട്രിസിറ്റി എത്തിയിട്ടില്ലാതിരുന്നതിനാല്‍ മാന്‍പവര്‍ കൊണ്ടായിരുന്നു ആദ്യത്തെ പ്രസ് പ്രവര്‍ത്തിച്ചിരുന്നത്.
ഇതിനകം രോഗമുക്തനായ സി.പി.എം അബ്ദുല്‍ഖാദിര്‍ സാഹിബ് എടയൂരില്‍ തിരിച്ചെത്തി. പില്‍ക്കാലത്ത് കേരള ജമാഅത്തിന്റെ സെക്രട്ടറിയും ഓഡിറ്ററുമൊക്കെയായിത്തീര്‍ന്ന അബ്ദുര്‍റഹ്മാന്‍ അസ്ഗറലി സാഹിബും എത്തിച്ചേര്‍ന്നു. ഇരുവരും ആദ്യം കമ്പോസിറ്റര്‍മാരായിരുന്നു. കമ്പോസിംഗ് പഠിച്ചത് രണ്ടു പേരും പ്രബോധനത്തില്‍നിന്നുതന്നെ. പ്രസ്സില്‍ പരിചയസമ്പന്നനായ ഏക ജീവനക്കാരനുണ്ടായിരുന്നത് കോഴിക്കോട് മൂഴിക്കല്‍ സ്വദേശി പരേതനായ സി. അഹ്മദ് കോയയായിരുന്നു. പൂക്കോയ തങ്ങള്‍, കെ. മുഹമ്മദലി, വി.പി മുഹമ്മദലി തുടങ്ങിയവരും അക്കാലത്ത് പ്രബോധനത്തില്‍ വന്ന് ജോലി പഠിച്ച് കമ്പോസിറ്റര്‍മാരായവരാണ്. പ്രസ്സില്‍ തുടക്കം മുതലേ മലയാളത്തിനു പുറമെ അറബി, ഇംഗ്ലീഷ് ടൈപ്പുകളും സജ്ജീകരിച്ചിരുന്നു. സി.എന്‍ അഹ്മദ് മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ ഒന്നാം വാള്യം അച്ചടിച്ചത് ഈ പ്രസ്സിലാണ്. 1959-ല്‍ വി.പി അബ്ദുല്ല സാഹിബ് ആരംഭിച്ച മെസ്സേജ് എന്ന ഇംഗ്ലീഷ് മാസികയും അച്ചടിച്ചിരുന്നത് പ്രബോധനം പ്രസ്സിലാണ്. പ്രബോധനം ഓഫീസ് തന്നെയായിരുന്നു മെസ്സേജിന്റെയും ഓഫീസ്. എടയൂര്‍ക്കാരന്‍ കെ. ബാവയാണ് പ്രസ് കൈകൊണ്ട് കറക്കിയിരുന്നത്. 30 കൊല്ലത്തോളം പ്രബോധനത്തില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം പിന്നീട് ഖത്തറിലേക്ക് പോയി. അടുത്തകാലത്ത് ബാവക്ക ഈ ലോകത്തോട് വിടപറഞ്ഞു. പില്‍ക്കാലത്ത് പ്രബോധനം പ്രസ്സിന്റെ മാനേജരായിത്തീര്‍ന്ന ടി. അബ്ദുല്‍ കരീമും ബാല്യകാലത്ത് പ്രബോധനത്തില്‍ വന്ന് പ്രസ് ജോലികള്‍ പഠിക്കുകയുണ്ടായി. കരീം സാഹിബ് ഇപ്പോള്‍ മാധ്യമം പ്രസ്സിന്റെ മാനേജരാണ്. ജമാഅത്തിന്റെ അക്കൗണ്ടന്റും സെക്രട്ടറിയും പ്രബോധനത്തിന്റെ മാനേജരും ആയിരുന്നു അബ്ദുല്‍ അഹ്ദ് തങ്ങള്‍. ചിലപ്പോള്‍ പ്രസ്സില്‍ പ്രിന്ററായും പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ട്.
1953-ല്‍ ടി. മുഹമ്മദ് സാഹിബും എടയൂരിലെത്തി. കേരള ജമാഅത്തിന്റെ ഖയ്യിം ആയി നിയമിതനായ അദ്ദേഹം പ്രബോധനത്തിന്റെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു. പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ ടി.എമ്മിന്റെ സംഭാവനകള്‍ പ്രബോധനത്തെ അക്കാദമിക തലത്തില്‍ കൂടുതല്‍ ശ്രദ്ധേയമാക്കി. 1959 ഒക്‌ടോബര്‍ 2-ന് അതുവരെ പ്രസ്ഥാനത്തിന്റെയും പത്രത്തിന്റെയും അമരക്കാരനായിരുന്ന വി.പി മുഹമ്മദലി സാഹിബ് നിര്യാതനായി. അന്നദ്ദേഹത്തിന് 45 വയസ്സേ ആയിരുന്നുള്ളൂ.
ഹാജി സാഹിബിനു ശേഷം
ഹാജി സാഹിബിന്റെ നിര്യാണത്തെത്തുടര്‍ന്ന് പ്രബോധനത്തിന്റെ പത്രാധിപത്യം ടി. മുഹമ്മദ് സാഹിബ് ഏറ്റെടുത്തു. ടി.കെക്കു പുറമെ കെ.എം അബ്ദുര്‍റശീദും(മാഹി) കെ.ടി.സി ബീരാനും കുറച്ചുകാലം പ്രബോധനത്തില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. പ്രിന്ററുടെയും പബ്ലിഷറുടെയും മാനേജരുടെയും ചുമതല കെ.എം അബ്ദുല്‍ അഹദ് തങ്ങളില്‍ നിക്ഷിപ്തമായി. 1962-ല്‍ അദ്ദേഹം ശാന്തപുരം ഇസ്‌ലാമിയാ കോളേജിലേക്ക് പോയപ്പോള്‍ സി.എം സൂപ്പി മാസ്റ്റര്‍ പ്രബോധനം മാനേജരായി നിയമിതനായി. 1964-ല്‍ തങ്ങള്‍ പ്രബോധനത്തില്‍ തിരിച്ചെത്തി വീണ്ടും മാനേജരുടെ ചുമതല ഏറ്റെടുത്തു. കോഴിക്കോട്ട് കാലുറപ്പിച്ചതോടെ നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടി വലിപ്പമുള്ള ഒരു സിലിണ്ടര്‍ പ്രസ്സ് കൂടി പ്രബോധനം സ്വന്തമാക്കി. പുതിയൊരു ടഡില്‍ പ്രസ്സ് കൂടി വാങ്ങുകയും എല്ലാം വൈദ്യുതീകരിക്കുകയും ചെയ്തു.
വാരികയും മാസികയും
1964 ജൂണില്‍ ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് പ്രബോധനം പത്രാധിപസമിതിയില്‍ വന്നുചേര്‍ന്നു. ദൈ്വവാരികയായി പ്രസിദ്ധീകരിക്കുന്ന പ്രബോധനം വാരികയാക്കി മാറ്റണമെന്ന ആവശ്യം അക്കാലത്ത് പ്രസ്ഥാന പ്രവര്‍ത്തകരില്‍ നിന്ന് ശക്തിയായി ഉയര്‍ന്നിരുന്നു. അതിന്റെ ആവശ്യകത ജമാഅത്ത് നേതൃത്വത്തിനു ബോധ്യപ്പെട്ടിരുന്നുവെങ്കിലും സൗകര്യങ്ങളുടെ അപര്യാപ്തത അവരെ പിന്തിരിപ്പിക്കുകയായിരുന്നു. യോഗ്യരായ പത്രപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യമായിരുന്നുഏറ്റവും വലിയ പ്രശ്‌നം. വിലയും വിതരണവും ഒന്നും എളുപ്പമാവില്ല എന്നും അവര്‍ക്ക് തോന്നി. എന്നാല്‍ ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ഉത്സാഹവും ആസൂത്രണ വൈഭവവും വാരിക എന്ന സ്വപ്നത്തെ അതിവേഗം പൂവണിയിച്ചു. 1964 ഡിസംബര്‍ 3-ന് പ്രബോധനം വാരികയായി പുറത്തിറങ്ങിയത് പ്രസ്ഥാനത്തിന്റെയും പത്രത്തിന്റെയും വളര്‍ച്ചയില്‍ അവിസ്മരണീയമായ നാഴികക്കല്ലായിരുന്നു. ടി.കെ അബ്ദുല്ല സാഹിബായിരുന്നു വാരികയുടെ പ്രഥമ പത്രാധിപര്‍. ഒ. അബ്ദുര്‍റഹ്മാന്‍, അബൂബക്കര്‍ നദ്‌വി എന്നിവര്‍ സഹപത്രാധിപന്മാരും.
എട്ട് പേജുള്ള ടാബ്ലോയ്ഡ് ആയിരുന്നു ആദ്യ വാരിക. മുഖപ്രസംഗം ടി.കെയും നദ്‌വിയും എഴുതി. ഒന്നാം പേജിലെ രാഷ്ട്രീയാവലോകനം ഒ. അബ്ദുര്‍റഹ്മാന്‍. പിന്നീട് നദ്‌വി സ്ഥലം വിടുകയും ഒ. അബ്ദുല്ലയും സി.ടി അബ്ദുര്‍റഹീമും പത്രാധിപസമിതിയില്‍ ചേരുകയും ചെയ്തു. പേജുകളുടെ എണ്ണം 12 ആയി വര്‍ധിപ്പിച്ചു. 7500 കോപ്പികളോടെ ആരംഭിച്ച വാരികയുടെ സര്‍ക്കുലേഷന്‍ 1965-ലെ ഇന്ത്യാ -പാക് യുദ്ധകാലത്ത് കുതിച്ചുയര്‍ന്നു. യുദ്ധത്തിന് നിമിത്തമായ കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് പലരും പറയാന്‍ മടിച്ചിരുന്ന സത്യങ്ങള്‍ പ്രബോധനം തുറന്നെഴുതിയതാണ് കാരണം.
ദൈ്വവാരിക, വാരികയാക്കി മാറ്റുന്നതോടൊപ്പം ടി. മുഹമ്മദ് സാഹിബിന്റെ പത്രാധിപത്യത്തില്‍ താത്ത്വിക പ്രസിദ്ധീകരണമായി പ്രബോധനം മാസിക തുടങ്ങാനും ജമാഅത്ത് ശൂറ തീരുമാനിച്ചിരുന്നു. അതനുസരിച്ച് 1965 ജനുവരിയില്‍ പ്രബോധനം മാസികയുടെ പ്രഥമ ലക്കം പുറത്തിറങ്ങി. മാസിക അവതരിപ്പിച്ചുകൊണ്ടിരുന്ന ധൈഷണികവും ഗവേഷണപരവുമായ പഠനങ്ങള്‍ മതപണ്ഡിതന്മാരിലും മതേതര പണ്ഡിതന്മാരിലും ഒരുപോലെ താല്‍പര്യമുണര്‍ത്തിയിരുന്നു. ആരോഗ്യപരവും മറ്റുമായ കാരണങ്ങളാല്‍ ടി.എമ്മിന് മാസികയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നപ്പോള്‍, ടി.കെ ഇബ്‌റാഹീമും വി.പി അഹ്മദ് കുട്ടിയുമായിരുന്നു സഹായികള്‍. രണ്ടു പേരും ഇപ്പോള്‍ കനഡയില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
1975 വരെ പ്രബോധനം മാസികയും വാരികയും അനുസ്യൂതം വളര്‍ന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ എഡിറ്റോറിയല്‍ സ്റ്റാഫില്‍ പല മാറ്റങ്ങളുമുണ്ടായി. ടി.കെ ഇബ്‌റാഹീമും വി.പി അഹ്മദ് കുട്ടിയും വിദേശത്തേക്ക് പോയി. 1970-ല്‍ മാസികയുടെ പത്രാധിപത്യം കെ. അബ്ദുല്ല ഹസന്‍ ഏറ്റെടുത്തു.വി. അബ്ദുല്‍ കബീര്‍ വാരികയില്‍ സഹപത്രാധിപരായി ചേര്‍ന്നു. 1972-ല്‍ ഒ. അബ്ദുര്‍റഹ്മാനും ഒ. അബ്ദുല്ലയും സി.ടി അബ്ദുര്‍റഹീമും ഖത്തറിലേക്ക് പോയി. വി.കെ അലി, എ.ഹൈദറലി തുടങ്ങിയവര്‍ പുതുതായി വന്നു. വി.കെ ഹംസ (ഇപ്പോള്‍ ഗള്‍ഫ് മാധ്യമം എഡിറ്റര്‍), കെ. അബ്ദുല്‍ ജബ്ബാര്‍, വി. കുഞ്ഞബ്ദുല്ല, കെ. ജമാല്‍ (മലപ്പുറം), പി. കോയ (കലീം) തുടങ്ങിയവരും പല സന്ദര്‍ഭങ്ങളിലായി പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മര്‍ഹൂം ഇ.വി അബ്ദു സാഹിബും കെ.എ സിദ്ദീഖ് ഹസന്‍ സാഹിബും കുറച്ചു കാലം താല്‍ക്കാലികമായി സഹപത്രാധിപരായി പ്രബോധനം വാരികയിലുണ്ടായിരുന്നു. 1974-ല്‍ ഈ ലേഖകന്‍ പ്രബോധനത്തില്‍ വരുമ്പോള്‍ വി.എ കബീര്‍, വി.കെ ജലീല്‍, എന്‍.കെ അഹ്മദ് എന്നിവരായിരുന്നു സഹപ്രവര്‍ത്തകര്‍. മാസികയുടെ എഡിറ്ററായി കെ. അബ്ദുല്ല ഹസനും ഉണ്ടായിരുന്നു.
മാനേജറായ തങ്ങളുടെ കീഴില്‍ കെ.എസ് മൊയ്തുവും (കുറ്റിയാടി) കുഞ്ഞബ്ദുല്ല (ആയഞ്ചേരി)യും പ്രവര്‍ത്തിച്ചിരുന്നു. പ്രബോധനത്തിലെ പ്രഥമ ടൈപ്പിസ്റ്റ് കൊയിലാണ്ടിക്കാരന്‍ അബ്ദുല്‍ ജബ്ബാറായിരുന്നു. പിന്നീട് മുവാറ്റുപുഴക്കാരന്‍ കൊച്ചു മുഹമ്മദ് വന്നു. അതിനു ശേഷം 1974 വരെ പരേതനായ ഇബ്‌റാഹീം (വെള്ളിമാടുകുന്ന്) ആയിരുന്നു ടൈപ്പിസ്റ്റ്.
നിരോധനം
1975 ജൂലൈയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിലുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പ്രസിദ്ധീകരണങ്ങളും നിരോധിക്കപ്പെട്ടു. പ്രബോധനം ഓഫീസും പ്രസ്സും പോലീസ് കസ്റ്റഡിയിലായി. ജമാഅത്ത് അമീര്‍ ടി.കെ അബ്ദുല്ല സാഹിബിന്റെയും സെക്രട്ടറി എ. ഹൈദറലി സാഹിബിന്റെയും കൂടെ പ്രബോധനം മാസികയുടെ എഡിറ്റര്‍ അബ്ദുല്ല ഹസനെയും വാരികയുടെ ചീഫ് സബ് എഡിറ്റര്‍ അബ്ദുല്‍ കബീറിനെയും അറസ്റ്റ് ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത്, അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കള്‍ ജയില്‍ മോചിതരായ ശേഷം അബ്ദുല്‍ അഹദ് തങ്ങള്‍ ബോധനം എന്ന പേരില്‍ ഒരു മാസിക ആരംഭിച്ചു. വി. അബ്ദുല്‍ കബീറാണ് ഇതിന്റെ എഡിറ്റോറിയല്‍ ജോലികള്‍ നടത്തിയത്. പ്രബോധനം വാരികയുടെയും മാസികയുടെയും ദൗത്യം തന്നെയാണ് പരിമിതമായ തോതിലെങ്കിലും ബോധനവും നിര്‍വഹിച്ചിരുന്നത്.
1977 മാര്‍ച്ചിലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടു. ജമാഅത്ത് ഉള്‍പ്പെടെയുള്ള നിരോധിത സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം തിരിച്ചുകിട്ടി. 1977 ഏപ്രില്‍ മാസത്തില്‍തന്നെ പ്രബോധനം വാരിക പുനരാരംഭിച്ചു. കബീറും ഉബൈദും ജലീലുമായിരുന്നു എഡിറ്റോറിയല്‍ സ്റ്റാഫ്. ഒന്നാം പേജും ചോദ്യോത്തരവും ഉള്ളടക്കത്തിന്റെ മൊത്തം എഡിറ്റിംഗും കബീര്‍ നിര്‍വഹിച്ചു. മുഖപ്രസംഗവും മറ്റു ലേഖനങ്ങളും, ഉബൈദും ജലീലും മാറി മാറി കൈകാര്യം ചെയ്തു. അബ്ദുല്ല ഹസന്‍ വിദേശത്തേക്ക് പോയിരുന്നതിനാല്‍ മാസിക പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ആ വര്‍ഷം വി.എസ് സലീമും പി.എം.എ ഖാദറും പിന്നീട് കെ.സി സലീമും എഡിറ്റോറിയല്‍ സ്റ്റാഫില്‍ വന്നു. തുടര്‍ന്ന് മാസികയുടെ ചുമതല ഉബൈദ് ഏറ്റെടുത്തു. 1977 ജൂലൈയില്‍ മാസിക പുനരാരംഭിക്കുകയും ചെയ്തു.
പുതിയ ശാഖകള്‍
1977-ല്‍ പുനരാരംഭിച്ച വാരികക്കും മാസികക്കും ആവേശകരമായ സ്വീകരണമാണ് സഹൃദയ ലോകം നല്‍കിയത്. സര്‍ക്കുലേഷന്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ഇത് പുതിയ ചില പ്രസിദ്ധീകരണങ്ങള്‍ തുടങ്ങാന്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കി. 1980-ല്‍ കുട്ടികള്‍ക്കായി മലര്‍വാടി മാസിക എറണാകുളത്തുനിന്ന് ആരംഭിച്ചു. 1983-ല്‍ തൃശൂരില്‍നിന്ന് ടിറ്റ് ഫോര്‍ ടാറ്റ് തുടങ്ങി. 1985-ല്‍ കോഴിക്കോട്ടു നിന്ന് ആരാമം വനിതാ മാസികയും '86-ല്‍ യുവജനങ്ങള്‍ക്കായി യുവസരണി മാസികയും 1987-ല്‍ മാധ്യമം ദിനപത്രവും പ്രസിദ്ധീകരിച്ചുതുടങ്ങി. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇസ്‌ലാമിക വായന പ്രാതിനിധ്യം നേടുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഈ പ്രസിദ്ധീകരണങ്ങളിലൂടെ പ്രസ്ഥാനത്തിന് കഴിഞ്ഞു.
മാസികയുടെ തിരോധാനം
1987-ല്‍ മാധ്യമം ആരംഭിച്ചപ്പോള്‍ പ്രബോധനം വാരികയുടെ വാര്‍ത്താപ്രധാനമായ ഉള്ളടക്കം കുറക്കുകയും പ്രാസ്ഥാനിക-വൈജ്ഞാനിക ഉള്ളടക്കത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തു. മാസിക നിര്‍ത്തിവെച്ച് അതിലെ ഉള്ളടക്കങ്ങള്‍ വാരികയില്‍ ഉള്‍പ്പെടുത്തിത്തുടങ്ങി. വാരികയുടെ ടാബ്ലോയ്ഡ് രൂപം പുസ്തകരൂപമായും മാറി. പഴയ വാരികയിലെ ചോദ്യോത്തരം പോലുള്ള, വായനക്കാരെ ഏറെ ആകര്‍ഷിച്ച പംക്തികള്‍ പുതിയ വാരികയിലും തുടര്‍ന്നു. മാസികയുടെ ചുമതല വഹിച്ചിരുന്ന ടി.കെ ഉബൈദ് വാരികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി നിയമിക്കപ്പെട്ടു. പി.ടി അബ്ദുര്‍റഹ്മാന്‍, ടി.കെ.എം ഇഖ്ബാല്‍ എന്നിവര്‍ക്കു പുറമെ കെ. മുഹമ്മദ് അശ്‌റഫും സഹപ്രവര്‍ത്തകരായിരുന്നു. ഇതിനകം വി.എസ് സലീം മലര്‍വാടിയുടെ പ്രവര്‍ത്തനാര്‍ഥം എറണാകുളത്തേക്കും പി.എം.എ ഖാദര്‍ വിദേശത്തേക്കും കെ.സി സലീം സര്‍ക്കാര്‍ സര്‍വീസിലേക്കും പോയിരുന്നു. ഇടക്കാലത്ത് ടി.കെ.എം ഇഖ്ബാല്‍ യുവസരണിയിലേക്കും പി.ടി അബ്ദുര്‍റഹ്മാന്‍ ആരാമത്തിലേക്കും മാറുകയുണ്ടായി. പിന്നീട് ഇരുവരും തിരിച്ചുവന്നു. പുതുതായി സി.എം ബശീറും എഡിറ്റോറിയല്‍ സ്റ്റാഫില്‍ ചേര്‍ന്നു. 1987-ല്‍ വി. അബ്ദുല്‍ കബീറും സി.എം ബശീറും പ്രബോധനം വിട്ടു. 1983-ല്‍ പ്രൂഫ് റീഡറായി പ്രബോധനത്തില്‍ നിയമിതനായ പി.പി അബ്ദുല്‍ ജബ്ബാര്‍ '92 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. വാരിക പുസ്തകരൂപത്തിലാക്കിയപ്പോള്‍ ലേ ഔട്ട് ആര്‍ട്ടിസ്റ്റായി ടി. അബ്ദുര്‍റഹ്മാനും, '90-ല്‍ അദ്ദേഹം പിരിഞ്ഞുപോയപ്പോള്‍ സി.പി മുസ്ത്വഫയും നിയമിതനായി.
മാനേജ്‌മെന്റ്
1977-ല്‍ പ്രബോധനം പുനരാരംഭിച്ചപ്പോള്‍ പത്രത്തിന്റെയും പ്രസ്സിന്റെയും മാനേജരായി പ്രവര്‍ത്തിച്ചത് എം.എ അഹ്മദ് കുട്ടി സാഹിബായിരുന്നു. '79-ല്‍ അദ്ദേഹം വിരമിച്ചു. തുടര്‍ന്ന് ഒ. മുഹമ്മദ് സാഹിബ് ചുമതലയേറ്റു. '85 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. മര്‍ഹൂം അസ്ഗറലി സാഹിബ്, ഒ. ബശീര്‍, സി. ഖാലിദ്, എം. കുഞ്ഞാലി, പി. അബൂബക്കര്‍, എം.സി ബീരാന്‍ കുട്ടി, ഒ. സ്വലാഹുദ്ദീന്‍, പി അബൂബക്കര്‍ കോയ എന്നിവര്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി അദ്ദേഹത്തിന്റെ കീഴില്‍ അക്കൗണ്ടന്റുകളും ടൈപ്പിസ്റ്റുകളും മറ്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1985 മുതല്‍ 96 വരെ കെ. അബൂബക്കര്‍ സാഹിബ് (വടക്കാങ്ങര) ആയിരുന്നു പ്രബോധനം മാനേജര്‍. സ്റ്റാഫില്‍നിന്ന് വിട്ടുപോയവര്‍ക്കു പകരം ടി.എം ശുഐബ്, എ.കെ റിയാസുദ്ദീന്‍, കെ.വി സാബിഖ് അലി എന്നിവര്‍ പുതുതായി വന്നുചേര്‍ന്നു. '96 മുതല്‍ 2001 വരെ എം. മുഹമ്മദ് കുഞ്ഞുണ്ണി സാഹിബ് (പൊന്നാനി) ആയിരുന്നു മാനേജര്‍. തുടര്‍ന്ന് കെ. ഹുസൈന്‍ സാഹിബ് (ചേന്ദമംഗല്ലൂര്‍) മാനേജരായി നിയമിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രബോധനം മാനേജ്‌മെന്റിന് കൂടുതല്‍ പ്രഫഷണല്‍ സ്വഭാവം കൈവരികയുണ്ടായി. അതുവഴി പത്രത്തിന്റെ ഉല്‍പാദനവും വിതരണവും കൂടുതല്‍ കാര്യക്ഷമമായിരിക്കുന്നു. ഇടക്കാലത്ത് പലപ്പോഴായി വിട്ടുപോയവര്‍ക്ക് പകരം കെ. ആബിദ് അലി, എം. റഫീഖ്, എ.പി ഷഹിന്‍ഷാ, എ.കെ മായിന്‍ കുട്ടി, മുഹമ്മദ് ലൈസ്, എം.പി അബ്ദുല്ല, അസ്ഹര്‍ നിയാസ്, കെ.കെ അഹ്മദ്, ഉമര്‍ കുട്ടി എന്നിവര്‍ മാനേജ്‌മെന്റ് സ്റ്റാഫില്‍ പുതുതായി വന്നുചേര്‍ന്നു. ഇക്കൂട്ടത്തില്‍ പലരും ഇതിനകം വിട്ടുപോയിരിക്കുന്നു. മാനേജര്‍ ഹുസൈന്‍ സാഹിബിനു പുറമെ എം.സി ബീരാന്‍ കുട്ടി, കെ. ആബിദ് അലി, ശുഐബ്, ഷഹിന്‍ഷ, എം.പി അബ്ദുല്ല, അസ്ഹര്‍ നിയാസ് എന്നിവരാണ് നിലവിലുള്ള മാനേജ്‌മെന്റ് സ്റ്റാഫ്.
പ്രബോധനം പ്രസ്സ്
തുടക്കം മുതല്‍ 1970 വരെ ചെറിയൊരു ഇടവേളയൊഴിച്ച് അബ്ദുല്‍ അഹദ് തങ്ങളായിരുന്നു പ്രസ്സിന്റെ മാനേജര്‍. '70-ല്‍ ടി. അബ്ദുല്‍ കരീം മാനേജരായി നിയമിക്കപ്പെട്ടു. അടിയന്തരാവസ്ഥയില്‍ പ്രസ് അടച്ചുപൂട്ടിയപ്പോള്‍ കരീം ഗള്‍ഫിലേക്ക് പോയി. '77-ല്‍ പ്രസ് വീണ്ടും തുറന്നപ്പോള്‍ എം.എ അഹ്മദ് കുട്ടി സാഹിബാണ് പ്രസ്സിന്റെയും മാനേജറായി പ്രവര്‍ത്തിച്ചത്. '78-ല്‍ മര്‍ഹൂം സി.പി.എം അബ്ദുല്‍ ഖാദിര്‍ സാഹിബ് മാനേജറായി വന്നു. '80-ല്‍ അദ്ദേഹം വിരമിച്ചു. തുടര്‍ന്ന് ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയ ടി. അബ്ദുല്‍ കരീം വീണ്ടും പ്രസ് മാനേജറായി. സി.പി.എമ്മിന്റെ കീഴില്‍ കെ.ടി അബ്ദുര്‍റശീദും കരീമിന്റെ കീഴില്‍ പി. ആലികുട്ടിയും അസിസ്റ്റന്റ് മാനേജര്‍മാരായി പ്രവര്‍ത്തിച്ചിരുന്നു. '87-ല്‍ പ്രബോധനത്തിന്റെ പ്രിന്റിംഗ് മാധ്യമം അച്ചടിക്കുന്ന രോഷ്‌നി പ്രസ്സിലേക്ക് മാറ്റിയപ്പോള്‍ പ്രബോധനം പ്രസ്സിലെ മുപ്പതോളം വരുന്ന തൊഴിലാളികളെ ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ചയച്ച ശേഷം യന്ത്രങ്ങള്‍ വിറ്റൊഴിവാക്കുകയായിരുന്നു. സി. ബീരാന്‍ കോയ, എം. ഹസന്‍, എം. ഉമര്‍, കെ.പി അബൂബക്കര്‍, സി.കെ കുട്ട്യാമു, വി.പി അബ്ദുര്‍റശീദ്, കെ.പി ഹസന്‍ കോയ, എം. മോഹനന്‍, പി. ജോസഫ്, കെ.പി ഉമ്മര്‍, കെ.ടി ഹുസൈന്‍ കുട്ടി, ടി. അബ്ദുല്‍ ഹകീം, പി. അബ്ദുര്‍റസ്സാഖ്, പി. രാധാകൃഷ്ണന്‍, പി.പി ഹുസൈന്‍, എ. മുഹമ്മദ് തുടങ്ങിയവര്‍ പ്രബോധനം പ്രസ്സില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചവരാണ്.
രണ്ടാം നിരോധം
1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് ഹിന്ദുത്വ ഭീകരര്‍ ഇടിച്ചുതകര്‍ത്തതിനെത്തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് വീണ്ടും ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രസിദ്ധീകരണങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഇക്കുറി പക്ഷേ, ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റിന്റെ പേരിലുള്ള ഓഫീസ് കെട്ടിടം അടച്ചുപൂട്ടിയിരുന്നില്ല. അറസ്റ്റു ചെയ്യപ്പെട്ടവര്‍ ഏറെ വൈകാതെ വിട്ടയക്കപ്പെടുകയും ചെയ്തു. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന സ്തംഭിച്ചെങ്കിലും പ്രസ്ഥാനം ചലനാത്മകമായി നിലനിന്നു. '92-ല്‍ തന്നെ പ്രബോധനത്തിനു പകരം ബോധനം വാരികയായി പുനര്‍ജനിച്ചു. അബ്ദുല്‍ അഹദ് തങ്ങളായിരുന്നു ബോധനത്തിന്റെ പ്രിന്ററും പബ്ലിഷറും. ഉബൈദ് ആയിരുന്നു പത്രാധിപരെങ്കിലും മാധ്യമം പത്രത്തിന്റെ കൊച്ചി എഡിഷനില്‍ റസിഡന്റ് എഡിറ്ററായി പോയിരുന്നതിനാല്‍, ചില കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്നതല്ലാതെ ബോധനത്തിന്റെ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. പി.ടി അബ്ദുര്‍റഹ്മാനും ടി.കെ.എം ഇഖ്ബാലും, അശ്‌റഫ് കീഴുപറമ്പും ചേര്‍ന്നായിരുന്നു പത്രം നടത്തിയിരുന്നത്. പ്രബോധനത്തിന്റെ മാനേജ്‌മെന്റ് തന്നെയായിരുന്നു ബോധനത്തിന്റെയും മാനേജ്‌മെന്റ്.
1994-ല്‍ ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും നിരോധനം നീക്കം ചെയ്യപ്പെട്ടു. ഉബൈദ് കോഴിക്കോട്ടേക്ക് തിരിച്ചുവന്നു. പഴയ സഹപ്രവര്‍ത്തകരോടൊപ്പം പ്രബോധനം പുനരാരംഭിച്ചു. പിന്നീട് അശ്‌റഫും ഇഖ്ബാലും ഗള്‍ഫിലേക്കും പി.ടി അബ്ദുര്‍റഹ്മാന്‍ ഐ.പി.എച്ചിന്റെ എഡിറ്റോറിയല്‍ വിംഗിലേക്കും മാറി. പ്രൂഫ് റീഡര്‍ പി.പി അബ്ദുല്‍ ജബ്ബാറും സ്ഥാപനം വിട്ടു.
പുതുതായി വി.എം ഇബ്‌റാഹീം, അബ്ദുസ്സലാം വാണിയമ്പലം, ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി, പി. കുഞ്ഞാലന്‍ കുട്ടി, കെ. അബ്ദുര്‍റസ്സാഖ് എന്നിവര്‍ എഡിറ്റോറിയല്‍ സ്റ്റാഫില്‍ വന്നുചേര്‍ന്നു. 2001-ല്‍ വി.എം ഇബ്‌റാഹീം മാധ്യമത്തിലേക്ക് മാറിയ ഒഴിവില്‍ ആര്‍. യൂസുഫ് വന്നു. 2003-ല്‍ ആര്‍. യൂസുഫിനു പകരം നേരത്തേ പിരിഞ്ഞുപോയ അശ്‌റഫ് കീഴുപറമ്പ് പ്രബോധനത്തിലേക്ക് തിരിച്ചുവന്നു.'97-ല്‍ അബ്ദുസ്സലാം വാണിയമ്പലം ദഅ്‌വാ കോളേജ് പ്രിന്‍സിപ്പലായി ചുമതലയേറ്റുകൊണ്ട് പ്രബോധനം വിട്ടു. '98-ല്‍ പി. കുഞ്ഞാലന്‍ കുട്ടി ഒഴിവായി. 2006-ല്‍ ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി വിരമിച്ചു. തല്‍സ്ഥാനത്ത് സദ്‌റുദ്ദീന്‍ വാഴക്കാട് നിയമിതനായി. 2007-ല്‍ കെ. അബ്ദുര്‍റസ്സാഖ് മാധ്യമം ദിനപത്രത്തിലേക്ക് മാറി. '99-ല്‍ പ്രൂഫ് റീഡറായി ചേര്‍ന്ന കെ. മുഹമ്മദ് ഫിന്‍സര്‍ 2007-ല്‍ വിദേശത്തേക്ക് പോയി. പകരം ടി. ഫൈസല്‍ (കൂറ്റമ്പാറ) നിയമിതനായി.
പ്രബോധനം സ്വന്തം ഡി.ടി.പി സിസ്റ്റം സ്ഥാപിച്ചശേഷം സ്ഥിരം ലേ ഔട്ട് ആര്‍ട്ടിസ്റ്റ് ഇല്ല. ഇടക്കിടെ താല്‍ക്കാലികമായി ചിലര്‍ ആര്‍ട്ടിസ്റ്റുകളായി സേവനം ചെയ്യാറുണ്ട്. ആ കൂട്ടത്തില്‍ താരതമ്യേന ദീര്‍ഘകാലം ആര്‍ട്ടിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ് മുനീര്‍ മങ്കടയും നാസര്‍ എരമംഗലവും. എ.എം. ഷാനവാസ്, എം.വി ജലീല്‍ (ഒതളൂര്‍), എന്‍. അന്‍ഷദ് (വണ്ടാനം), സി.പി മുനീര്‍ എന്നിവരാണ് ഡി.ടി.പി ഓപ്പറേറ്റര്‍മാരായി സേവനം ചെയ്തിട്ടുള്ളവര്‍. ഇവരില്‍ ജലീലും അന്‍ഷദും മാത്രമേ ഇപ്പോഴുള്ളൂ (എഡിറ്റോറിയല്‍ സ്റ്റാഫിലും മാനേജ്‌മെന്റ് സ്റ്റാഫിലും ദിവസങ്ങളോ മാസങ്ങളോ മാത്രം സേവനമനുഷ്ഠിച്ച പലരുമുണ്ട്. അവരെ പരാമര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല).
മാറിവന്ന പത്രാധിപന്മാര്‍
പ്രബോധനത്തിന്റെ പ്രഥമ പത്രാധിപര്‍ മര്‍ഹൂം ഹാജി സാഹിബും ദ്വിതീയ പത്രാധിപര്‍ ടി. മുഹമ്മദ് സാഹിബുമായിരുന്നുവെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. 1964 മുതല്‍ 1988 വരെ ടി.കെ അബ്ദുല്ല സാഹിബായിരുന്നു വാരികയുടെ ഔദ്യോഗിക പത്രാധിപര്‍. 1960-ല്‍ തന്നെ സംഘടനാപരവും മറ്റുമായ ജോലിത്തിരക്കുകളാല്‍ അദ്ദേഹം പ്രബോധനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒ. അബ്ദുര്‍റഹ്മാനും അതിനു ശേഷം വി. അബ്ദുല്‍ കബീറും അതിനു ശേഷം ടി.കെ ഉബൈദുമാണ് പത്രാധിപരുടെ ചുമതല നിര്‍വഹിച്ചിരുന്നത്. 1964-നു ശേഷം പ്രബോധനത്തിന്റെ ഗതിവിഗതികളില്‍ കൂടുതല്‍ പങ്കുവഹിച്ചിട്ടുള്ളതും ഈ മൂന്നു പേരാണ്. 1964 മുതല്‍ '72 വരെ സഹപത്രാധിപരായിരുന്ന അബ്ദുര്‍റഹ്മാന്‍ സാഹിബ് വിരമിച്ച ശേഷവും പത്രത്തിന് വിലപ്പെട്ട സേവനങ്ങള്‍ ചെയ്തുവരുന്നു. 1970 മുതല്‍ '87 വരെ പ്രവര്‍ത്തിച്ച കബീറും ആവശ്യമായ സഹകരണം ഇപ്പോഴും നല്‍കിവരുന്നുണ്ട്. 1974-ല്‍ പ്രബോധനത്തില്‍ ചേര്‍ന്ന ഉബൈദ് '77-ല്‍ മാസികയുടെ ചുമതല ഏറ്റെടുത്തു. '87-ല്‍ മാസിക നിര്‍ത്തിയ ശേഷം വീണ്ടും വാരികയില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചേര്‍ന്നു.
1988-ല്‍ ടി.കെ പത്രാധിപസ്ഥാനത്തുനിന്ന് വിരമിച്ചപ്പോള്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പത്രാധിപരായി. ഐ.പി.എച്ച് ഡയറക്ടറായിരുന്ന അദ്ദേഹവും പ്രബോധനത്തിന്റെ നടത്തിപ്പില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. '92-ല്‍ നിരോധിക്കപ്പെട്ട വാരിക '94-ല്‍ പുനരാരംഭിച്ചപ്പോള്‍ ഉബൈദ് പത്രാധിപരായി നിയമിക്കപ്പെട്ടു. ഓണററി ചീഫ് എഡിറ്ററായി ജമാഅത്ത് അമീര്‍ കെ.എ സിദ്ദീഖ് ഹസന്‍ സാഹിബും നിശ്ചയിക്കപ്പെട്ടു. ഈ നില ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ എഡിറ്ററെ കൂടാതെ അശ്‌റഫ് കീഴുപറമ്പും (എക്‌സിക്യൂട്ടീവ് എഡിറ്റര്‍) സദ്‌റുദ്ദീന്‍ വാഴക്കാടു(സബ് എഡിറ്റര്‍)മാണ് എഡിറ്റോറിയല്‍ സ്റ്റാഫ്.
പ്രബോധനത്തിന്റെ സ്വാധീനം
ഇസ്‌ലാമിക പത്രപ്രവര്‍ത്തനരംഗത്ത് ഒട്ടേറെ പുതിയ ചാലുകള്‍ വെട്ടിത്തെളിക്കാന്‍ ഇതിനകം പ്രബോധനത്തിനു കഴിഞ്ഞിരിക്കുന്നു. മലയാളത്തിലെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ സംഘടനാപരമായ തര്‍ക്കങ്ങളിലും പരസ്പരമുള്ള രൂക്ഷ ശകാരങ്ങളിലും പിന്നെ കാലഹരണപ്പെട്ട കര്‍മശാസ്ത്ര ചര്‍ച്ചകളിലും മാത്രം അഭിരമിച്ചിരുന്ന അന്തരീക്ഷത്തിലാണ് പ്രബോധനം പിറന്നുവീണത്. പത്രപ്രസിദ്ധീകരണമെന്നാല്‍ കക്ഷിവഴക്കുകളില്‍ ഉപയോഗിക്കാനുള്ള ഒരായുധമല്ലെന്നും ജനങ്ങളില്‍ സത്യവും ധര്‍മവും പ്രചരിപ്പിക്കാനും വിവരവും വിവേകവും വളര്‍ത്താനുമുള്ള മാധ്യമമാണെന്നുമായിരുന്നു ജനനം മുതലേ അതിന്റെ നിലപാട്. ആരോപണ പ്രത്യാരോപണങ്ങളില്‍നിന്നും ഭര്‍ത്സന ഗര്‍ജനങ്ങളില്‍നിന്നും അന്യമായ വൈജ്ഞാനിക മൂല്യമുള്ള ഒരു വായനാവൃത്തത്തെ മുസ്‌ലിം സമൂഹത്തില്‍ വാര്‍ത്തെടുത്തു എന്നതാണ് ഒരു പ്രസിദ്ധീകരണമെന്ന നിലയില്‍ പ്രബോധനത്തിന്റെ ഏറ്റം മഹത്തായ സംഭാവന.
പ്രബോധനത്തിന്റെ ലക്ഷ്യം ഇസ്‌ലാമിന്റെ പ്രബോധനമാണ്. 'ഇസ്‌ലാം' എന്നത് 'മുസ്‌ലിം' എന്നറിയപ്പെടുന്ന ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം മതമല്ല; ജാതിമത ഭേദമന്യേ മുഴുവന്‍ മനുഷ്യരാശിക്കായി ദൈവം അവതരിപ്പിച്ച ധര്‍മ വ്യവസ്ഥയാണ്. അത് എല്ലാ ജനവിഭാഗങ്ങള്‍ക്കും സുഗ്രാഹ്യമായ രീതിയില്‍ പ്രബോധനം ചെയ്യപ്പെടേണ്ടതുണ്ട്. അതിനുള്ള ഉപാധിയായിട്ടാണ് പ്രബോധനം പ്രതിപക്ഷ പത്രം ആരംഭിച്ചത്. അതുകൊണ്ടാണ് അത് മുദ്രണം ചെയ്യാന്‍ മലയാളി ലിപിയും ശുദ്ധ ഭാഷയും തെരഞ്ഞെടുത്തത്. സഹോദര സമുദായങ്ങളില്‍നിന്നുള്ള അന്വേഷണ കുതുകികളെയും ആകര്‍ഷിക്കാന്‍ തുടക്കം മുതലേ പത്രത്തിനു കഴിഞ്ഞു. സഹോദര മതസ്ഥരില്‍നിന്ന് മാത്രമല്ല, മതമില്ലാത്ത കമ്യൂണിസ്റ്റുകാരിലും യുക്തിവാദികളിലുമെല്ലാം കൂടുതല്‍ വായിക്കുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണം ഇന്നും പ്രബോധനമാണ്. ഇസ്‌ലാമികാദര്‍ശങ്ങള്‍ യഥാര്‍ഥ രൂപത്തില്‍ ഗ്രഹിക്കാനും തെറ്റുധാരണകള്‍ ദൂരീകരിക്കാനും പ്രബോധനം ഏറെ ഉപകരിക്കുന്നതായി ഈ വിഭാഗങ്ങളില്‍പെട്ടവര്‍ അറിയിക്കാറുണ്ട്.
മുസ്‌ലിംലോകത്ത് ഉളവായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെയും നൂതനമായ ചിന്താ പ്രസ്ഥാനങ്ങളെയും കേരളീയര്‍ക്ക് പരിചയപ്പെടുത്തിയതും പ്രബോധനമാണ്. ഇന്ന് മറ്റു ചില പ്രസിദ്ധീകരണങ്ങളും പങ്കുചേരുന്നുണ്ടെങ്കിലും ആദ്യകാലത്ത് ഈ ദൗത്യത്തില്‍ പ്രബോധനം ഒറ്റക്കായിരുന്നു. വിവിധ ഭാഷകളില്‍നിന്നുള്ള പഠനാര്‍ഹമായ രചനകള്‍ തര്‍ജമ ചെയ്തു പ്രസിദ്ധീകരിക്കുക പ്രബോധനം സ്ഥിരം സമ്പ്രദായമായി സ്വീകരിച്ചു. മണ്ണിന്റെ മണമില്ലാത്ത ഉള്ളടക്കം എന്ന് മറ്റു ചില ദീനീ പ്രസിദ്ധീകരണങ്ങള്‍ അതിനെ പുഛിച്ചുവെങ്കിലും പിന്നീട് അവരും ആ സമ്പ്രദായം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. പ്രബോധനം ഉന്നയിച്ച ഇസ്‌ലാമിന്റെ സമഗ്രത, സാര്‍വജനീനത, രാഷ്ട്രീയമാനം, സാമ്പത്തിക തത്വങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പണ്ട് പല മുസ്‌ലിം സംഘടനകള്‍ക്കും വളരെ അരോചകമായിരുന്നു. ഇസ്‌ലാം ജീവിതപദ്ധതിയാണ് എന്ന ആശയത്തെ എതിര്‍ത്ത് 'ഇസ്‌ലാം മരണ പദ്ധതിയാണ്' എന്ന് ഉദ്‌ഘോഷിച്ചവരും ഇന്ന് ജീവിതപദ്ധതിയുടെ വക്താക്കളായി മാറിയിരിക്കുന്നു. ദീനീ പ്രസിദ്ധീകരണത്തില്‍ രാഷ്ട്രീയ നിരീക്ഷണവും അവലോകനവും പ്രത്യക്ഷപ്പെടുന്നതിനെ പരിഹസിച്ചവരുടെ ജിഹ്വകളും ഇപ്പോള്‍ അതിനൊക്കെ സ്ഥലം കണ്ടുതുടങ്ങി. മറ്റുള്ളവര്‍ പ്രബോധനത്തെ അനുകരിക്കുന്നുവെന്ന് നിഗളിക്കുകയല്ല. പരിഷ്‌കൃതവും വികസ്വരവുമായ ഇസ്‌ലാമിക പ്രബോധന രീതികള്‍ കണ്ടെത്തുന്നതില്‍ പ്രബോധനത്തിന് തെറ്റുപറ്റിയിട്ടില്ലെന്ന് കാലം സാക്ഷ്യപ്പെടുത്തിയത് ചൂണ്ടിക്കാണിക്കുകയാണ്. ഒപ്പം പ്രബോധനത്തിന്റെ ദൗത്യത്തില്‍ മറ്റുള്ളവര്‍ പങ്കുചേരുന്നതില്‍ സന്തോഷം മാത്രമേ ഞങ്ങള്‍ക്കുള്ളൂ. പരസ്പരം കൊള്ളലും കൊടുക്കലും മുന്നോട്ടുള്ള പ്രയാണത്തിന്റെ അനിവാര്യതയാണ്. കൊണ്ടതില്‍ അപകര്‍ഷതക്കോ കൊടുത്തതില്‍ അഹന്തക്കോ അവകാശമില്ല. പരസ്പരം കൊള്ളുകയും കൊടുക്കുകയും ചെയ്തില്ലെങ്കില്‍ സംസ്‌കാരങ്ങളും സ്ഥാപനങ്ങളുമൊക്കെ മുരടിച്ചും മരവിച്ചും പോകും.
വിദ്യാഭ്യാസ മാധ്യമം
ആദര്‍ശപ്രചാരണ മാധ്യമമെന്നതിനു പുറമെ സാധാരണ വായനക്കാര്‍ക്ക് ഒരു മതവിദ്യാഭ്യാസ മാധ്യമവും ആയിരിക്കണം പ്രബോധനമെന്ന് തുടക്കം മുതലേ ശില്‍പികള്‍ ലക്ഷ്യമിട്ടിരുന്നു. ഖുര്‍ആന്‍, സുന്നത്ത്, കര്‍മശാസ്ത്രം, ഇസ്‌ലാമിക ചരിത്രം എന്നിവയുടെ ക്രമാനുഗതമായ പാഠാവലി കൂടിയാണ് പ്രബോധനം. മാസിക പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോള്‍ ഈ സ്ഥിരം പാഠങ്ങള്‍ മാസികയിലാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. വായനക്കാരുടെ കര്‍മശാസ്ത്രപരവും പ്രാസ്ഥാനികവുമായ സംശയങ്ങള്‍ക്ക് വ്യക്തവും ആധികാരികവുമായ നിവാരണം നല്‍കാന്‍ വാരികയില്‍ ചോദ്യോത്തര പംക്തിയും മാസികയില്‍ 'പ്രശ്‌നവും വീക്ഷണവും' എന്ന പംക്തിയും ഏര്‍പ്പെടുത്തിയതും ഈ കാഴ്ചപ്പാടിലാണ്. '87-ല്‍ മാസിക നിര്‍ത്തല്‍ ചെയ്തപ്പോള്‍ രണ്ടു പംക്തികളും വാരികയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി.
1957-ല്‍ പ്രബോധനം ദൈ്വവാരികയില്‍ (പുസ്തകം 11 ലക്കം 9) ആരംഭിച്ച തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ പഠന പംക്തി വിശുദ്ധ ഖുര്‍ആന്റെ പരിഭാഷയും വ്യാഖ്യാനവും സമ്പൂര്‍ണമായി പ്രസിദ്ധീകരിച്ചാണ് 1998 ഡിസംബര്‍ 19-ന് (പുസ്തകം 55, ലക്കം 27) അവസാനിച്ചത്.
അനന്തരം വായനക്കാരുടെ അഭ്യര്‍ഥന മാനിച്ച് ഖുര്‍ആന്‍ ബോധനം എന്ന പേരില്‍ മറ്റൊരു ഖുര്‍ആന്‍ പഠനപംക്തി ആരംഭിച്ചു. സൂറ അത്തൗബ വരെയുള്ള ഭാഗം ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഉര്‍ദുവില്‍ രചിച്ച ആറു വാള്യങ്ങളുള്ള തഫ്‌സീറാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചുകഴിയുന്ന മുറക്ക് ഈ വാള്യങ്ങളെല്ലാം മലയാളത്തില്‍ പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചു. അവയുടെ പല പതിപ്പുകള്‍ ഇതിനകം പുറത്തിറങ്ങിയിരിക്കുന്നു. 'ഖുര്‍ആന്‍ ബോധനം' എഴുതുന്നത് എ.വൈ.ആറാണ്. പ്രബോധനത്തില്‍ വന്നിടത്തോളം ഭാഗം ഇതിനകം നാലു വാള്യങ്ങളായി പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിരിക്കുന്നു. 1970 നവംബറിലും 2002-ലും പുറത്തിറക്കിയ പ്രബോധനത്തിന്റെ ഖുര്‍ആന്‍ സ്‌പെഷ്യല്‍ പതിപ്പുകളും ഖുര്‍ആന്‍ വിജ്ഞാന പ്രചാരണത്തില്‍ പ്രബോധനം അര്‍പ്പിച്ച മഹത്തായ സംഭാവനകളാണ്.
ആധികാരിക ഹദീസ് ഗ്രന്ഥങ്ങളില്‍നിന്നുള്ള നൂറുകണക്കില്‍ ഹദീസുകള്‍ പ്രബോധനത്തില്‍ തര്‍ജമ ചെയ്യപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയുമുണ്ടായി. ഹദീസ് ബോധനം, വഴിവെളിച്ചം തുടങ്ങിയ ഹദീസ് വിവര്‍ത്തന വിശദീകരണ സമാഹാരങ്ങള്‍ പ്രബോധനത്തില്‍നിന്ന് തെരഞ്ഞെടുത്ത് ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളാണ്.
1956 ഒക്‌ടോബര്‍ (പുസ്തകം 11 ലക്കം 3) മുതല്‍ 1996 ഫെബ്രുവരി 17 (പുസ്തകം 52, ലക്കം 37) വരെയുള്ള ലക്കങ്ങളിലായി ഉസ്താദ് സയ്യിദ് സാബിഖിന്റെ വിഖ്യാതമായ ബൃഹത് കര്‍മശാസ്ത്ര ഗ്രന്ഥമായ ഫിഖ്ഹുസ്സുന്നയുടെ പൂര്‍ണ പരിഭാഷയും പ്രബോധനത്തിലൂടെ മലയാളത്തിലേക്ക് വാര്‍ന്നുവീണു. ഇതും ഗ്രന്ഥരൂപത്തില്‍ അനേകം പതിപ്പുകള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരിക്കുന്നു.
ടി. മുഹമ്മദ് സാഹിബ് എഴുതിയ ഈടുറ്റ ചരിത്ര പഠനങ്ങളും സര്‍വത് സൗലത്ത് ഉര്‍ദുവില്‍ രചിച്ച ഇസ്‌ലാമിക ചരിത്ര ഗ്രന്ഥത്തിന്റെ വിവര്‍ത്തനവുമാണ് ചരിത്ര വിഷയത്തില്‍ പ്രബോധനത്തിന്റെ പ്രധാന സംഭാവനകള്‍. ഇവ രണ്ടും ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഒ. അബ്ദുര്‍റഹ്മാനാണ് ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഇടക്കാലത്ത് വി. അബ്ദുല്‍ കബീറും കൈകാര്യം ചെയ്യുകയുണ്ടായി. 'പ്രശ്‌നവും വീക്ഷണവും' കെ. അബ്ദുല്ല ഹസന്‍, ടി. ഇസ്ഹാഖലി മൗലവി, ടി.കെ ഉബൈദ്, കാടേരി മുഹമ്മദ് സാഹിബ് എന്നിവരാണ് കൈകാര്യം ചെയ്തിരുന്നത്. അബ്ദുര്‍റഹ്മാന്‍ എഴുതിയിരുന്ന ചോദ്യോത്തരങ്ങളില്‍നിന്നും, ടി. ഇസ്ഹാഖലി മൗലവിയും ഉബൈദും എഴുതിയിരുന്ന 'പ്രശ്‌നവും വീക്ഷണവും' എന്ന പംക്തിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
ബഹുദൈവത്വം, നാസ്തികത്വം, നിര്‍മതത്വം, ഭൗതികവാദം, കമ്യൂണിസം, മോഡേണിസം, ജനാധിപത്യം, ഫാഷിസം, നാസിസം, സയണിസം, മുതലാളിത്തം, സാമ്രാജ്യത്വം തുടങ്ങിയവയെ വസ്തുനിഷ്ഠമായി വിശകലനം ചെയ്ത് വായനക്കാരെ ബോധവത്കരിക്കുന്നതില്‍ പ്രബോധനം എന്നും മുന്‍പന്തിയിലാണ്. അന്ധവിശ്വാസങ്ങളുടെയും മിഥ്യാദര്‍ശനങ്ങളുടെയും അന്ധകാരങ്ങളില്‍നിന്ന് പ്രബോധനത്തിലൂടെ വെളിച്ചത്തിലെത്തിയവര്‍ ഏറെയാണ്. യാദൃഛികമായി പ്രബോധനവുമായി പരിചയപ്പെടാനിടയായ കടുത്ത മതവിരോധികള്‍ പിന്നീട് ഇസ്‌ലാമിക പ്രവര്‍ത്തകരായി മാറിയ കഥകളും നിരവധിയുണ്ട്. ഈ പ്രസിദ്ധീകരണത്തിലൂടെ ഒരു പുതിയ വെളിച്ചം ലഭിച്ചതായി, ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കണ്ടെത്തിയതായി കൃതജ്ഞതാപൂര്‍വം അറിയിക്കുന്ന എത്രയോ എഴുത്തുകള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. പ്രബോധനത്തിന്റെ പ്രവര്‍ത്തകര്‍ ഏറ്റവുമധികം കൃതാര്‍ഥരാവുന്നത് അത്തരം കത്തുകള്‍ വായിക്കുമ്പോഴാണ്.
എഴുത്തുകാര്‍ക്കും പ്രസംഗകര്‍ക്കും പ്രത്യേകിച്ചും ഖത്വീബുമാര്‍ക്ക് നല്ലൊരു റഫറന്‍സാണ് പ്രബോധനം. ആധുനിക ചിന്താധാരകളെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങളെക്കുറിച്ചുമുള്ള പ്രബോധനത്തിന്റെ വിശകലനങ്ങളും വിലയിരുത്തലുകളും അവര്‍ക്ക് ഏറെ സഹായകമാകുന്നു. പ്രബോധനത്തിന്റെ ലക്കങ്ങള്‍ ക്രമത്തില്‍ ബൈന്റ് ചെയ്തു സൂക്ഷിക്കുന്ന ധാരാളം പേരുണ്ട്.
മതസംഘടനകളാലും മതേതര സംഘടനകളാലും പ്രബോധനം നിരന്തരം വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും വിമര്‍ശനങ്ങളില്‍നിന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ന്നും കഴിയുന്നത്ര മാറിനില്‍ക്കുക എന്നതാണ് പ്രബോധനത്തിന്റെ നയം. എന്നാല്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും കുറിച്ച് തെറ്റുധാരണകള്‍ പരത്തുന്ന വിമര്‍ശനങ്ങളെ പ്രതിപക്ഷാദരവോടെ പ്രതിരോധിക്കാന്‍ പ്രബോധനം പ്രതിജ്ഞാബദ്ധമാകുന്നു. പരേതരായ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.എം.എസ് നമ്പൂതിരിപ്പാട്, എം.സി ജോസഫ്, സീതി സാഹിബ് തുടങ്ങി വിവിധ ആദര്‍ശക്കാരും വിശ്വാസക്കാരും പ്രസ്ഥാനക്കാരുമായ അനേകം നേതാക്കളുടെ വിമര്‍ശനങ്ങളെ പ്രബോധനത്തിന് പ്രതിരോധിക്കേണ്ടിവന്നിട്ടുണ്ട്. നേരിടേണ്ടതാവശ്യമായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇപ്പോഴും മടിക്കാറില്ല. നിരര്‍ഥകവുംഅന്തസ്സാരശൂന്യവുമായ വിമര്‍ശനങ്ങള്‍- അതാണ് അധികവും- അവഗണിക്കുകയാണ് പതിവ്.
വിവിധ ചിന്താഗതിക്കാര്‍ക്ക് ഉദാരമായി സ്ഥലമനുവദിച്ചുകൊണ്ടുള്ള സംവാദരീതി ദീനീ പ്രസിദ്ധീകരണങ്ങളില്‍ പ്രബോധനത്തിന്റെ സവിശേഷതയാണ്. ആനുകാലിക സംഭവങ്ങളെക്കുറിച്ചും വൈജ്ഞാനിക വിഷയങ്ങളെക്കുറിച്ചും പ്രബോധനത്തില്‍ ധാരാളം സംവാദങ്ങള്‍ നടന്നിട്ടുണ്ട്. മുസ്‌ലിം രാഷ്ട്രീയം, ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകള്‍, ന്യൂനപക്ഷ കര്‍മശാസ്ത്രം, കര്‍മശാസ്ത്ര നവീകരണം, ഇസ്‌ലാമിക് ബാങ്കിംഗ് തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ അക്കൂട്ടത്തില്‍ എടുത്തോതാവുന്നതാണ്. ഇത്തരം സംവാദങ്ങള്‍ വിഷയം കൂടുതല്‍ ആഴത്തില്‍ പഠിക്കാനും വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാനും സഹായമാകുമെന്ന് പ്രബോധനം കരുതുന്നു. സമുദായ ഐക്യവും സംഘടനകളുടെ സൗഹാര്‍ദപരമായ സഹവര്‍ത്തിത്വവും പ്രബോധനത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളില്‍ പെടുന്നു.
വിശേഷാല്‍ പതിപ്പുകള്‍
വര്‍ഷംതോറും വിശേഷാല്‍ പതിപ്പുകളിറക്കുന്ന പതിവ് പ്രബോധനത്തിനില്ല. ഇതുവരെ പത്തോളം സ്‌പെഷ്യല്‍ പതിപ്പുകളേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ഖുര്‍ആന്‍, സുന്നത്ത്, ശരീഅത്ത്, ചരിത്രം, ആധുനിക മുസ്‌ലിംലോകം തുടങ്ങിയ ഓരോ വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ് ഓരോ വിശേഷാല്‍ പതിപ്പും. അതത് വിഷയങ്ങളിലുള്ള ആധികാരി ഗ്രന്ഥമെന്നോണമാണ് സഹൃദയ ലോകം അവയെ സ്വീകരിച്ചത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ച സ്‌പെഷല്‍ പതിപ്പുകളുടെ കോപ്പികള്‍ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ കുതുകികള്‍ ഇപ്പോഴും ഓഫീസില്‍ വരാറുണ്ട്. കൂട്ടത്തില്‍ ഏറ്റം പ്രചാരം നേടിയത്. ഖുര്‍ആന്‍ സ്‌പെഷല്‍ പതിപ്പാണ്. വര്‍ധിച്ച വായനക്കാരെ തൃപ്തിപ്പെടുത്താന്‍ ഈ സ്‌പെഷല്‍ മൂന്നു തവണ അച്ചടിക്കേണ്ടിവന്നു.
സാമ്പത്തിക ലാഭം പ്രബോധനത്തിന്റെ ലക്ഷ്യമായിരുന്നിട്ടില്ല. സ്‌പെഷല്‍ പതിപ്പുകളുടെ ലക്ഷ്യവും സാമ്പത്തിക നേട്ടമായിരുന്നില്ല; അതതു കാലത്ത് സവിശേഷം ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയായിരുന്നു. പത്ര പ്രസിദ്ധീകരണങ്ങളുടെ മുഖ്യ വരുമാന മാര്‍ഗം പരസ്യമാണല്ലോ. പ്രബോധനത്തില്‍ പരസ്യങ്ങള്‍ കുറവാണ്. കിട്ടുന്ന പരസ്യങ്ങളെല്ലാം പ്രസിദ്ധീകരിക്കാറില്ല. പ്രബോധനത്തിലെ പരസ്യങ്ങള്‍ക്ക് വായനക്കാര്‍ പ്രത്യേക വിശ്വാസ്യത കല്‍പിക്കാറുണ്ട്. ന്യായമെന്നും വിശ്വസനീയമെന്നും ഞങ്ങള്‍ക്ക് ബോധ്യമായ പരസ്യങ്ങളേ സ്വീകരിക്കാറുള്ളൂ.
മുമ്പ് പലപ്പോഴും കനത്ത നഷ്ടം പേറേണ്ടിവന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ ലാഭകരമായിത്തന്നെ പോകുന്നുണ്ട്. ലാഭം വര്‍ധിപ്പിക്കാനായി വാരികയുടെ വില കൂട്ടാറില്ല. പത്രത്തിന്റെ സുഗമമായ നിലനില്‍പിനാവശ്യമുള്ളതിലേറെ വരുമാനമുണ്ടാകുമ്പോള്‍ അത് വായനക്കാരുമായി പങ്കുവെക്കുകയാണ് പ്രബോധനത്തിന്റെ രീതി. ഈ അടിസ്ഥാനത്തിലാണ് ന്യൂസ് പ്രിന്റിന്റെ വില ഗണ്യമായി കുറഞ്ഞപ്പോള്‍ പ്രബോധനം വിലയില്‍ വര്‍ധനവ് വരുത്താതെ പേജുകളുടെ എണ്ണം 25 ശതമാനം വര്‍ധിപ്പിച്ചത്.
പ്രബോധനത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ വായനക്കാരും പ്രചാരകരായ പ്രസ്ഥാന പ്രവര്‍ത്തകരുമാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവരാണ് ഈ പ്രസിദ്ധീകരണത്തെ ഇത്രയും കാലം നിലനിര്‍ത്തിയതും വളര്‍ത്തിയതും. അരി വാങ്ങിയില്ലെങ്കിലും പ്രബോധനം വാങ്ങണമെന്ന് നിര്‍ബന്ധമുള്ള ഒട്ടേറെ വായനക്കാര്‍ ഈ പത്രത്തിനുണ്ട്. സ്വന്തം കച്ചവട സ്ഥാപനം അടച്ചിട്ടും പ്രബോധനം വില്‍ക്കാനിറങ്ങുന്നവര്‍, പ്രബോധനത്തിനു തെറ്റുപറ്റുമ്പോള്‍ സ്വയം തെറ്റു ചെയ്തപോലെ ദുഃഖിക്കുന്നവര്‍, തെറ്റുകള്‍ തിരുത്താന്‍ വെമ്പല്‍ കൊള്ളുന്നവര്‍, പ്രബോധനത്തിന്റെ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളായി കരുതി ആഹ്ലാദിക്കുന്നവര്‍- അവരോടൊക്കെ പ്രബോധനത്തിനുള്ള കടപ്പാടും കൃതജ്ഞതയും നിസ്സീമമാണ്.
സമാപനം
പ്രബോധനം നൂറു ശതമാനവും എല്ലാം തികഞ്ഞ പത്രമാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. കുറ്റങ്ങളും കുറവുകളും ഇനിയും പലതുണ്ടായിരിക്കും. പിന്നിട്ടതിലും എത്രയോ കൂടുതല്‍ ദൂരം പിന്നിടാന്‍ ബാക്കിയുണ്ട്. പ്രബോധനം തെറ്റാവരമുള്ള പത്രവുമല്ല. തെറ്റ് ബോധ്യമാകുമ്പോഴൊക്കെ തിരുത്താന്‍ ജാഗ്രത പുലര്‍ത്താറുണ്ട്. പ്രബോധനത്തിന്റെ വരികള്‍ വല്ലവരെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിര്‍വ്യാജം ക്ഷമാപണം ചെയ്യാനും യാതൊരു മടിയുമില്ല. 1949 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒന്നാം ലക്കത്തിന്റെ മുഖപ്രസംഗത്തിലെ ഈ വരികള്‍ തന്നെയാണ് ഇപ്പോഴും ഞങ്ങളെ നയിക്കുന്നത്: ''മനുഷ്യരില്‍ ഞങ്ങള്‍ക്ക് ശത്രുക്കളായി ആരുംതന്നെയില്ല. എല്ലാ സമുദായക്കാരെയും വര്‍ഗക്കാരെയും സഹോദരങ്ങളായിട്ടാണ് ഞങ്ങള്‍ വീക്ഷിക്കുന്നത്. സത്യം, അതെവിടെയാണെങ്കിലും, ഏതു സമുദായത്തിന്റെയോ വര്‍ഗത്തിന്റെയോ കൈവശമാണെങ്കിലും ഞങ്ങളുടെ മിത്രമാണ്. അസത്യം, അതു ഞങ്ങളില്‍തന്നെയാണെങ്കിലും ഞങ്ങളുടെ ശത്രുവാണ്.''
ടി.കെ ഉബൈദ് 9633709603

Comments

Other Post