നവോത്ഥാനം ഭൂതത്തിനും വര്‍ത്തമാനത്തിനും അപ്പുറം

ആഞ്ഞുവീശുന്ന കൊടുങ്കാറ്റു പോലെ ചരിത്രത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ട് മാറ്റങ്ങളുടെ വിത്തെറിഞ്ഞ് പോവുന്ന നിശ്ചിത ദിശയിലുള്ള സാമൂഹിക ചലനമായി ഇസ്ലാമിക നവോത്ഥാനത്തെ വര്‍ത്തമാനകാലത്ത് അടയാളപ്പെടുത്താന്‍ സാധിക്കുകയില്ല. നവോത്ഥാനത്തിന്റെ ഉള്ളടക്കം ഏകശിലാത്മകമോ ദിശ ഏകമുഖമോ ആകണമെന്നില്ല എന്നര്‍ഥം. വ്യത്യസ്ത മുന്‍കൈ(initiative)കളുടെ ആകത്തുകയായി വേണം നവോത്ഥാനത്തെ ഇനിയുള്ള കാലങ്ങളില്‍ മനസ്സിലാക്കാന്‍. കേരളീയ മുസ്ലിം സമൂഹം സാക്ഷ്യം വഹിച്ച ചലനങ്ങള്‍ നിരീക്ഷിച്ചാലും ഇതു ശരിയാണെന്ന് കാണാം. ഏക ശിലാത്മകമായ ഒരു നവോത്ഥാന യത്നമല്ല, വിവിധ ദശകളിലുള്ള വ്യത്യസ്ത മുന്‍കൈകളാണ് ഇവിടെ സംഭവിച്ചതും സംഭവിക്കുന്നതും.
ഒമ്പതു മുതല്‍ പതിനഞ്ച് വരെയുള്ള നൂറ്റാണ്ടുകള്‍ക്കിടയിലാണ് കേരളത്തില്‍ ഇസ്ലാമിന്റെ സാന്നിധ്യം പ്രബലമാവുന്നത്. ഒരു രാജവംശം (അറക്കല്‍) പോലും മുസ്ലിംകളുടേതായി ഉണ്ടായി. പോര്‍ച്ചുഗീസ് അധിനിവേശത്തോടെയാണ് മുസ്ലിം പ്രതാപത്തിന്റെ കൊടി താഴുന്നത്. അധഃസ്ഥിതത്വത്തിന്റെ പേറ്റാഴങ്ങളില്നിന്ന് സ്വത്വാഭിമാനത്തിന്റെ ഗിരിശൃംഗത്തിലേക്ക് ഉയര്ത്തപ്പെട്ടവരായിരുന്നു കേരള മുസ്ലിംകള്. അവസരം വാതിലില്‍ മുട്ടിവിളിച്ചപ്പോഴൊക്കെ നാടുവാഴികള്ക്കെതിരെപോലും മുസ്ലിം സമൂഹം പടയങ്കി അണിഞ്ഞത് ഇസ്ലാം അവരുടെ സിരകളില്‍ പ്രവഹിപ്പിച്ച സ്വത്വോല്ക്കര്ഷ ബോധം നിമിത്തമാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്പുമുതല് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള 1921 ലെ മാപ്പിള ലഹള വരെ മുസ്ലിം സമൂഹം പ്രദര്‍ശിപ്പിച്ച വീര്യവും സ്വത്വബലവും അന്യാദൃശമായിരുന്നു.
സഹവര്‍ത്തനത്തിന്റെ സ്വാധീനതകള്‍
മുസ്ലിംകള് മാത്രമുള്ള ഒരു ദ്വീപല്ലല്ലോ കേരളം. മുസ്ലിംകളോടൊപ്പം വേറെ പല ജനവിഭാഗങ്ങളും ഒരു സ്ഥലകാലരാശിയില്‍ ചരിത്രം താങ്ങുന്നുണ്ട്. കാലം അതിന്റെ മുദ്രകള്‍ ഓരോ സമൂഹത്തിലും വ്യത്യസ്ത അളവുകളില്‍ പതിപ്പിക്കുന്നതു കാണാം. വന്‍ നഗരങ്ങളെയും ആദിവാസി സമൂഹങ്ങളെയും കാലം സ്വാധീനിക്കുന്നതിന്റെ തരംഗ വ്യത്യാസം ബോധ്യപ്പെടാന്‍ സൂക്ഷ്മ നിരീക്ഷണത്തിന്റെ ആവശ്യമില്ല. അലി ശരീഅത്തി ചൂണ്ടിക്കാണിച്ചതു പോലെ ചില സമൂഹങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്താണ്. ഒരേ കാലത്തു തന്നെ വ്യത്യസ്ത നൂറ്റാണ്ടുകളില്‍ ജീവിക്കുന്ന ജനവിഭാഗങ്ങള്‍ ഉണ്ട് എന്നാണ് ശരീഅത്തിയുടെ നിരീക്ഷണം. കാലത്തിന്റെ ചിറകുകളില്‍ സവാരി ചെയ്തെത്തുന്ന മാറ്റം ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും മാത്രം പരിമിതമല്ല. ജീവിത നിരീക്ഷണത്തെയും സംസ്കാരത്തെയും ഭാഷയെയും സാമൂഹിക സ്ഥാപനങ്ങളെയുമെല്ലാം അതു സാരമായി സ്പര്‍ശിക്കുന്നു. അതുകൊണ്ടാണ് പഴയ ലിപിയിലുള്ള ഒരു ശാസനം വായിച്ചെടുക്കാന്‍ വിദഗ്ധരുടെ സേവനം ആവശ്യമായി വരുന്നത്. ഏതാനും ദശകങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ജീവിച്ച മുസ്ലിം സ്ത്രീയെയോ പുരുഷനെയോ അടയാളപ്പെടുത്താന്‍ ഉപയോഗിച്ച ചിഹ്നങ്ങള്‍കൊണ്ട് ഇന്നത്തെ മുസ്ലിം സ്ത്രീയെയോ പുരുഷനെയോ അടയാളപ്പെടുത്താനാവില്ല. മുസ്ലിമിനു മാത്രമല്ല നമ്പൂതിരിക്കും പുലയനും ഇതു ബാധകമാണ്. മാറ്റത്തിന്റെ പൊതുവായ ഇടം ഇതാണ്. പറഞ്ഞുവരുന്നത് ഇതാണ്: കാലം ഒരു വിഭാഗത്തെ മാത്രം മാറ്റുന്നില്ല. മാറ്റത്തില്‍നിന്ന് ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി മാറി നില്ക്കാനുമാവില്ല.
19, 20 നൂറ്റാണ്ടുകളില്‍ കേരളത്തിലുണ്ടായ സാമൂഹിക ചലനങ്ങളെയും ഏതെല്ലാമോ വിധങ്ങളില്‍ അന്യോന്യം സ്വാധീനിക്കുന്നതായി കാണാം. നാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും സഹോദരന് അയ്യപ്പനും എന്നതുപോലെ മക്തി തങ്ങളും വക്കം മൗലവിയും വക്കം അബ്ദുല്‍ ഖാദറും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും ആശയങ്ങളുടെ വിത്തെറിഞ്ഞ് കടന്നുപോയത് ഒരേ മണ്ണിലൂടെയാണ്. അറിവിനു വേണ്ടിയുള്ള അവകാശ പ്രഖ്യാപനവും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ത്വരയും ആ പരിശ്രമങ്ങളുടെ പൊതുവായ ചൈതന്യമായിരുന്നു.
മിഷനറിമാരുടെ വരവും വിദ്യാഭ്യാസത്തിന്റെ ആധുനീകരണവും മുസ്ലിം മതപഠനത്തെ ഏറെ സ്വാധീനിച്ചു. ആശാന് കളരികളില്‍നിന്ന് സ്കൂളുകളിലേക്കും ഓത്തു പള്ളികളില്‍നിന്ന് മദ്റസകളിലേക്കുമുള്ള വളര്‍ച്ച ഏതാണ്ട് ഒരേ കാലത്താണ് സംഭവിക്കുന്നത്. എഴുത്തു പലക, സ്ലേറ്റ്, പുസ്തകം, പേന, ചോക്ക്, ബോര്‍ഡ് ഇവയൊക്കെ കാലം കൊണ്ടുവന്ന മാറ്റങ്ങളാണ്. ദര്‍സുകളും അറബിക്കോളേജുകളും ജാമിഅകളുമൊക്കെ ആധുനികതക്ക് സമാന്തരമായി സംഭവിച്ച രൂപ പരിണാമങ്ങളത്രെ. കേരളത്തില്‍ പര്‍ദയുടെ വ്യാപനം ഏറ്റവും സമകാലികമായ ഒരു ഉദാഹരണമാണ്. ടെലിവിഷന്റെ പ്രചാരത്തോടെ നടപ്പിലായ ചുരിദാറിനെ പിന്തുടര്ന്നാണ് പര്‍ദയുടെ വരവ്. മിനിസ്ക്രീന്‍ ആഗോള മുസ്ലിം വസ്ത്ര ഭാഷയെ നമ്മുടെ സ്വീകരണ മുറികളിലെത്തിച്ചു. ഗള്‍ഫ് സമ്പര്‍ക്കം ഇതിന് ആക്കം പകരുകയും ചെയ്തു. വ്യാപാര താല്പര്യം ഈ സന്ദര്‍ഭത്തെ സമര്‍ഥമായി ഉപയോഗിച്ചപ്പോള്‍ മാപ്പിളപ്പെണ്ണിന്റെ ഡ്രസ് കോഡില്‍ പെട്ടെന്നൊരു മാറ്റം ദൃശ്യമായി. ഈ മാറ്റത്തെ ബാബരി ധ്വംസനാനന്തര മതമൗലിക വാദ തരംഗവുമായി സമീകരിക്കാന്‍ ചിലര്‍ നടത്തുന്ന വൃഥാശ്രമം കഥയറിയാത്ത ആട്ടം കാണലാണ്. കാലാന്തരത്തില്‍ ഒരു സമൂഹത്തില്‍ സംഭവിക്കുന്ന സ്വാഭാവിക മാറ്റങ്ങളെ നവോത്ഥാനമായി എണ്ണണമോ എന്നതാണ് ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യം.
നവോത്ഥാനത്തിന്റെ
ഉള്ളടക്കം
അജ്ഞാനത്തിന്റെ തമസ്സ് പുതച്ച് ഉറങ്ങുകയായിരുന്ന യൂറോപ്പിനെ ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് വിളിച്ചുണര്‍ത്തിയ ധൈഷണിക പ്രവര്‍ത്തനങ്ങളുടെ പരമ്പരയാണ് യൂറോ ചരിത്രത്തില്‍ നവോത്ഥാനം എന്നറിയപ്പെടുന്നത്. വൈജ്ഞാനികമായ പ്രബുദ്ധതയായിരുന്നു അതിന്റെ ഉള്ളടക്കം. മധ്യകാലഘട്ടത്തില്‍ പ്രബലമായിരുന്ന ഇസ്ലാമിക വൈജ്ഞാനിക സംസ്കൃതിയുമായി പൊക്കിള്‍കൊടി ബന്ധമുള്ള പ്രതിഭാസമാണ് യൂറോപ്പിലെ നവോത്ഥാനം. സാന്റോയില്‍ ആരംഭിച്ച് ഗലീലിയോയില്‍ അവസാനിക്കുന്ന ശതകങ്ങള്‍ എന്നാണ് യൂറോപ്യന്‍ നവോത്ഥാനത്തെ കാലനിര്‍ണയം ചെയ്യുക പതിവ്. കല, സാഹിത്യം, ശാസ്ത്രം ഇവയുമായാണ് നവോത്ഥാനത്തിന്റെ ബന്ധം എന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. ഇസ്ലാമിക നാഗരികതകളുടെ പ്രതാപഘട്ടം കലയുടെയും സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും പ്രഫുല്ലകാലമായിരുന്നു എന്നോര്‍ക്കുക. വാസ്തു വിദ്യയിലും കൈയെഴുത്തി(കാലിഗ്രഫി)ലും പാത്ര നിര്‍മാണത്തിലും സംഗീതത്തിലും കവിതയിലും ഗണിതം മുതല്‍ വൈദ്യം വരെയുള്ള ശാസ്ത്രശാഖകളിലും തത്വചിന്തയിലും അഭൂതപൂര്‍വമായ ഉണര്‍വാണ് ഇസ്ലാം ഉണ്ടാക്കിയത്. അല്കിന്ദി മുതല്‍ മുല്ലാസദ്ര് വരെ നീണ്ടു കിടക്കുന്ന തത്വചിന്തയുടെ ആഴക്കടല്‍ ഈ ഉണര്‍വിന്റെ ഭാഗമാണ്.
ഇസ്ലാമിന്റെ വ്യാപന ചരിത്രം പരിശോധിക്കുമ്പോള്‍ ഇസ്ലാം കടന്നുചെന്ന ദേശങ്ങളെയെല്ലാം ഇസ്ലാം ആപാദചൂഡം സ്വാധീനിക്കുന്നതായി കാണാം. ഇന്ത്യയിലും ഇതു സംഭവിച്ചിട്ടുണ്ട്. ജാതീയതയുടെ കടുത്ത മതില്‍ക്കെട്ടുകളെ ഭേദിച്ചാണ് ഇസ്ലാമിന്റെ സമത്വ സന്ദേശം കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എത്തുന്നത്. വാസ്തുവിദ്യയിലും പെയിന്റിംഗിലും സംഗീതത്തിലും ഭക്ഷണത്തിലും വസ്ത്രബോധത്തിലും സാമൂഹിക മര്യാദകളിലുമെല്ലാം ഇസ്ലാം ശക്തമായ സ്വാധീനം ചെലുത്തിയതായി കാണാം. ഗുരുനാനാക്കിന്റെ മുതല്‍ ശ്രീനാരായണ ഗുരുവിന്റെ വരെ ആശയങ്ങളെ ഇസ്ലാം സ്വാധീനിച്ചു. ആദ്യകാലത്ത് കൂട്ടത്തോടെയാണ് ജനങ്ങള്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരായത്. പതിനായിരങ്ങള്‍ ഒരുമിച്ചാണ് ഖാജാ മുഈനുദ്ദീന് ഛിശ്തിയിലൂടെ ഇസ്ലാം സ്വീകരിക്കുന്നത്. കേരളത്തില്‍ സൈനുദ്ദീന്‍ മഖ്ദൂമിലും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളിലും ചില സാമ്യങ്ങള്‍ ദര്‍ശിക്കാം.
കേരളത്തില്‍ കലയിലും സംഗീതത്തിലും ഇസ്ലാമിന്റെ സ്വാധീനം പ്രകടമാവുന്നത് അറബിമലയാളത്തിന്റെ സുവര്‍ണ ദശയിലാണ്. ഒപ്പന, ദഫ്മുട്ട്, അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ആദ്യകാല മുസ്ലിം സമൂഹം പിറവി നല്കി. വൈജ്ഞാനിക മേഖലയിലും രാജ്യാന്തരഖ്യാതി നേടിയ സംഭാവനകള്‍ ആ കാലഘട്ടത്തിനുശേഷം ഉണ്ടായിട്ടില്ല. പള്ളി ദര്‍സുകളില്‍നിന്ന് ജ്യോതിശാസ്ത്രവും വൈദ്യവും പഠിച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. പില്ക്കാലത്തു വന്ന ഒരറബിക്കോളേജിലും 'ജാമിഅ'യിലും ശാസ്ത്രം പാഠ്യവിഷയമായതേയില്ല. ആദ്യകാല മുന്‍കൈകള്‍ക്ക് തുടര്‍ച്ച ഉണ്ടായില്ല എന്നതാണ് വാസ്തവം. കേരളത്തിന്റെ തനതു കലകളെയോ ജീവിത രീതികളെയോ ധൈഷണിക പ്രവര്‍ത്തനങ്ങളെയോ ശാസ്ത്രാന്വേഷണങ്ങളെയോ ഗുണപരമായി സ്വാധീനിക്കാന്‍ പില്ക്കാലത്ത് ഇസ്ലാമിനു സാധിക്കാതെ പോയത് എന്തുകൊണ്ടാവാം? ഒരു പക്ഷേ, കേരളത്തില്‍ പ്രബലമായി വന്ന വ്യത്യസ്ത ചിന്താധാരകളുമായി ആശയപരമായി മത്സരിക്കാനുള്ള ശേഷി മുസ്ലിം ധിഷണക്ക് കൈമോശം വരികയാണോ ഉണ്ടായത്? കക്ഷിവഴക്കുകള്‍ക്ക് ന്യായാന്യായങ്ങള്‍ ചമക്കുന്നതില്‍ പണ്ഡിതന്മാര് ശ്രദ്ധ കേന്ദ്രീകരിച്ചത് ഇതിനൊരു നിമിത്തമാവാം.
ഇരുപതാം നൂറ്റാണ്ടോടെ മാര്‍ക്സിസം ഉള്‍പ്പെടെയുള്ള പാശ്ചാത്യ സിദ്ധാന്തങ്ങള്‍ അരങ്ങു കീഴടക്കി. കര്‍ഷകരും തൊഴിലാളികളും രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ടതോടെ സാമൂഹിക പരിവര്‍ത്തനത്തിന്റെ ബലതന്ത്രത്തില്‍ മാറ്റങ്ങള്‍ വന്നു. മുസ്ലിംകള്‍ക്കിടയിലും സംഘടനകള്‍ പിറവിയെടുത്തു.
സംഘടനകളുടെ സംഘര്‍ഷം
കേരള മുസ്ലിം ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത് തുടങ്ങിയ സംഘടനകളാണ് പില്ക്കാലത്ത് കേരള മുസ്ലിംകളുടെ കുതിപ്പിനെയും കിതപ്പിനെയും സ്വാധീനിച്ചത്. പൊതുവെ മുസ്ലിംകളുടെ വിശ്വാസപരവും കര്‍മപരവുമായ മേഖലകളിലാണ് സംഘടനകള്‍ ജാഗ്രതയോടെ ഇടപെട്ടുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ പ്രചാരം നേടിയ ചില ആചാരങ്ങളുടെ സാധുതയെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ സംഘടനകളെ സജീവമാക്കുന്നു. വാസ്തവത്തില്‍ ഈ സംഘടനകളായിട്ട് ഉണ്ടാക്കിയവയല്ല ഈ തര്‍ക്കങ്ങള്‍. അറേബ്യന്‍ മുസ്ലിംകള്ക്കിടയില് നേരത്തേ നിലനിന്നിരുന്ന തര്‍ക്കങ്ങളെ കേരളത്തിലേക്ക് പറിച്ചുനടുകയായിരുന്നു പുതുസംഘടനകള്. ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങളില്‍ വലിയ കഴമ്പില്ല എന്നു സിദ്ധാന്തിച്ചവരും അറിഞ്ഞോ അറിയാതെയോ അതേ ചുഴിയില്‍ തന്നെ അകപ്പെട്ടു വട്ടം കറങ്ങി.
ഇസ്ലാമിന്റെ മുഖ്യധാരയുടെ ഭാഗമായി അംഗീകരിക്കപ്പെട്ട കര്‍മശാസ്ത്ര സരണികളും വിശ്വാസ ധാരകളും നേരത്തേതന്നെ ഒരുക്കിയ ബഹുസ്വരതയെ നിഷേധിക്കുന്ന അന്തരീക്ഷം ഇതുവഴി സൃഷ്ടിക്കപ്പെട്ടു. നവോത്ഥാനം എന്ന പേരില്‍ വ്യവഹരിക്കപ്പെട്ടുപോരുന്ന സംരംഭങ്ങള്‍ യഥാര്‍ഥത്തില്‍ നവോത്ഥാനത്തെ സഹായിക്കുകയല്ല, ശിഥിലമാക്കുകയാണ് ചെയ്തത്. നമസ്കാരത്തില്‍ കൈകെട്ടുക എന്നതുപോലും നിര്ബന്ധമല്ലാതിരിക്കെ കൈകെട്ടുന്ന സ്ഥാനം നെഞ്ചിന്റെ താഴെനിന്ന് മുകളിലേക്ക് ഉയര്‍ന്നാല്‍ നവോത്ഥാനമാവുമോ? നിര്‍ബന്ധമല്ലാത്ത തറാവീഹിന്റെ റക്അതുകളുടെ എണ്ണത്തെയാണോ നവോത്ഥാനം ആസ്പദമാക്കുന്നത്? ഇതിനേക്കാളൊക്കെ പതിന്മടങ്ങ് സങ്കീര്‍ണമായ അഭിപ്രായ ഭിന്നതകള്‍ മുസ്ലിം സമൂഹത്തില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്നുണ്ട്. ശീഈ ഉപവിഭാഗങ്ങള്‍ സുന്നീ മുഖ്യധാരയുമായി വിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും സാരമായ ഭിന്നതകള്‍ പുലര്‍ത്തുന്നു. ഈ വ്യത്യാസങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇസ്ലാമിക സമൂഹം വളര്‍ന്നതും വികസിച്ചതും ലോകത്തിന്റെ മുറിവുകള്‍ക്ക് സാന്ത്വനമരുളിയതും.
സംഘടനകളുടെ പങ്ക് തീര്‍ത്തും നിഷേധാത്മകമാണെന്നല്ല പറയുന്നത്. സംഘടനകള്‍ പല സംഭാവനകളും ചെയ്തിട്ടുണ്ട്. പള്ളികളും മദ്റസകളും കോളേജുകളും സ്ഥാപിച്ചു നടത്തുകയും പത്രമാസികകള്‍ പുറത്തിറക്കുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുവരികയും ചെയ്യുന്നു. ഈ സംഘടനകള്‍ മനസ്സിലാക്കുന്നതു പ്രകാരമുള്ള ഇസ്ലാമിനെ ഈ വേദികളിലെല്ലാം ഇവര്‍ പരിചയപ്പെടുത്തിവരുന്നുണ്ട്. എന്നാല്‍ സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷം അന്യോന്യം കലഹിക്കുന്ന ഒരു മതവിഭാഗം എന്ന ദുഷ്പേര് മുസ്ലിംകള്ക്ക് നേടിക്കൊടുത്തു. ഈ യുദ്ധമുന്നണികള്ക്ക് പുറത്ത് അറിവിന്റെയും ചിന്തകളുടെയും വലിയൊരു ലോകം വേറെയുണ്ടെന്ന് ഇസ്ലാമിന്റെ ഈ 'ധര്മഭടന്മാര്' അറിയുന്നില്ല.
വെവ്വേറെ റിപ്പബ്ലിക്കുകള്‍
കേരളീയ മുസ്ലിം ഭൂപടത്തിന്റെ വിഭക്തസ്വഭാവം സൂക്ഷ്മ വിശകലനം അര്‍ഹിക്കുന്നു. കാലപ്രവാഹത്തില്‍ വിവിധ മുസ്ലിം ജനസഞ്ചയങ്ങളില്‍ ആദര്‍ശപരമായ ദുഷിപ്പുകള്‍ ഉണ്ടായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. അന്യമതാശയങ്ങളുടെ സ്വാധീന ഫലമായി ഉടലെടുത്ത ഖബ്റാരാധനയും നേര്‍ച്ചകളും ഇസ്ലാമിന്റെ കേന്ദ്രാശയമായ തൗഹീദില്നിന്നുള്ള വ്യതിചലനമായി കാണണം. ഇത്തരം കലര്പ്പുകള്ക്കെതിരെ പണ്ഡിതന്മാര് കാലാകാലങ്ങളില്‍ ജാഗ്രത പാലിച്ചിട്ടുണ്ട്.
സംഘടനകളും പോഷക സംഘടനകളും പ്രസിദ്ധീകരണങ്ങളും സ്ഥാപനങ്ങളുമാവുമ്പോള് മുസ്ലിംകളുടെ പലപല റിപ്പബ്ലിക്കുകളാണ് രൂപപ്പെടുന്നത്. ഓരോ സംഘടനയും സ്വയം പര്യാപ്തമാണ്. ഒരു പാര്‍ട്ടി പ്രവര്ത്തകന് പാര്‍ട്ടിയുടെ പത്രം വായിച്ച് പാര്‍ട്ടിയുടെ സ്ഥാപനത്തില്‍ പഠിച്ച് പാര്‍ട്ടി സ്ഥാപനത്തില്‍ ജോലി ചെയ്ത് പാര്‍ട്ടി പള്ളിയില്‍ ആരാധിച്ച് പാര്‍ട്ടി ആശുപത്രിയിലെ ചികിത്സ സ്വീകരിച്ച് മറ്റൊരു ലോകത്തെക്കുറിച്ചും ആലോചിക്കാതെ സ്വസ്ഥമായി ജീവിച്ചു മരിക്കാം. ഒടുവില്‍ പാര്‍ട്ടി ഖബ്ര്സ്ഥാനില് അന്ത്യവിശ്രമവും കൊള്ളാം! ആനന്ദലബ്ധിക്കു മറ്റെന്തു വേണം?
മുസ്ലിം സമൂഹത്തിന്റെ പൊതുധാരയെ ഗുണപരമായി സ്വാധീനിക്കുന്നതിന് പകരം ഓരോരോ റിപ്പബ്ലിക്കുകള്‍/ദ്വീപുകള്‍/കമ്മ്യൂണുകള്‍ സൃഷ്ടിക്കുന്നതിലാണ് ഇവിടെ കൊണ്ടാടപ്പെടുന്ന 'നവോത്ഥാനം' വിജയിച്ചത്.
ഇസ്ലാം മുസ്ലിമിന്റെ സ്വകാര്യ നിധിയല്ല എന്നതിനാല്‍ വ്യത്യസ്ത തടയണകള്ക്കിടയില് അതിനെ ബന്ധിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. ഇസ്ലാമിന്റെ സാന്ത്വനം ഈ മണ്ണിലെ സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. മാലികുബ്നു ദീനാറും സംഘവും കേരളത്തില്‍ വന്നപ്പോള്‍ ഇവിടെയൊരു 'മുസ്ലിം റിപ്പബ്ലിക്' ഉണ്ടായിരുന്നില്ല. കേരളത്തിലെ രാജാക്കന്മാരും പ്രജകളും ഇസ്ലാമിനെ വരവേറ്റു. ആ ചരിത്രം വളര്‍ന്നാണ് ഇന്നത്തെ നിലയില്‍ മുസ്ലിം സമൂഹം എത്തിച്ചേരുന്നത്. ഇസ്ലാമിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള ധൃതി ഇസ്ലാമിന്റെ സാധ്യതകളെ വല്ലാതെ പരിമിതപ്പെടുത്തുന്നു. പൊതുമണ്ഡലത്തില്‍ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യാന്‍ ത്രാണിയുള്ള സംഘടനാനിരപേക്ഷരായ പണ്ഡിതന്മാരോ ബുദ്ധിജീവികളോ ഇല്ല. പാര്‍ട്ടി അണികളെ രോമാഞ്ചകഞ്ചുകമണിയിക്കാനല്ലാതെ ബഹുജന ഹൃദയത്തിലേക്ക് ചാലുകീറാന്‍ ഒരു പ്രഭാഷകനും ആവുന്നില്ല. ഛിശ്തിയും സൈനുദ്ദീന്‍ മഖ്ദൂമും ആകര്‍ഷിച്ചത് ജനഹൃദയങ്ങളെയാണ്, സ്വന്തം അണികളെ ആയിരുന്നില്ല. പാര്‍ട്ടി പന്തലുകളില്‍ ഒത്തുചേരുന്നവരെ ആവേശം കൊള്ളിക്കുന്ന കലാപരിപാടിയാണോ നവോത്ഥാനം? ഇസ്ലാമിന്റെ ശാന്തി തേടി ബഹുജനങ്ങള്‍ക്ക് സ്വതന്ത്രമായി - ദേഹ പരിശോധനകളെയും ഉപജാപക സംഘങ്ങളുടെ ചോദ്യം ചെയ്യലുകളെയും ഭയക്കാതെ - സമീപിക്കാന്‍ കഴിയുന്ന ആത്മീയ വ്യക്തിത്വങ്ങളുടെ തണലിടങ്ങളിലാണ് നവോത്ഥാനം തളിരിടുക.
ആത്മാവില്‍ ദരിദ്രമായ ആഘോഷങ്ങള്‍
ഓരോ സംഘടനയും തങ്ങളുടെ 'മഹത്തായ' നേട്ടങ്ങളായി അവകാശപ്പെടുന്ന സംഗതികള്‍ സൂക്ഷ്മാര്‍ഥത്തില്‍ ആത്മാവില്‍ ദരിദ്രമായ ബഹിര്ഭാവസ്ഥതകള് മാത്രമാണെന്നു കാണാം. ഐഹിക ജീവിതത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചതുപോലെ ദുരഭിമാനം നടിക്കലും (തഫാഖുര്) അണികളുടെ എണ്ണത്തിലും ആസ്തികളിലും 'വലിപ്പം കാണിക്കലു'(തകാസുര്‍)മായി സംഘടനാ പ്രവര്‍ത്തനം പരിണമിക്കുന്നു. ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആളെ കൂട്ടാനാവുക? ആര്‍ക്കാണ് ഏറ്റവും വലിയ പന്തല്‍ കെട്ടാനാവുക? ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ മദ്റസകളും പള്ളികളുമുള്ളത്? ജനങ്ങളെ അശ്രദ്ധരാക്കുന്ന ഈ പെരുമ നടിക്കല്‍ കല്പാന്ത കാലം വരെ തുടരുമെന്ന് (അല്‍ഹാകുമുത്തകാസുര്‍. ഹത്താ സുര്തുമുല് മഖാബിര്‍) ഖുര്‍ആന്റെ മുന്നറിയിപ്പ്.
മതസംഘടനകള്‍ മത്സരിച്ചു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതപരമായ ഉള്ളടക്കം മാറ്റിനിര്‍ത്തിയാല്‍ ശേഷിക്കുന്നത് പാശ്ചാത്യ ലോകവീക്ഷണ പ്രകാരം തയാറാക്കപ്പെട്ട സര്‍ക്കാര്‍/സര്‍വകലാശാല സിലബസ് തന്നെയാണെന്നു കാണാം. യൂറോപ്പിന്റെ ജ്ഞാനവ്യവസ്ഥയെ ധിഷണാപരമായി വെല്ലുവിളിക്കാന്‍ ഒരു മുസ്ലിം കാമ്പസിനും സാധിക്കുന്നില്ല. അങ്ങനെയൊന്ന് ആവശ്യമാണെന്ന് തിരിച്ചറിയാന്‍ പോലും മിക്കവര്‍ക്കും സാധിച്ചിട്ടില്ല എന്നതാവും നേര്. ആധുനിക വിജ്ഞാനീയങ്ങളെ ഇസ്ലാമിന്റെ മൂല്യവ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കാനോ പുനര്വ്യാഖ്യാനിക്കാനോ പ്രാപ്തമല്ല കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസം. ഇസ്ലാമിന്റെ ശാസ്ത്ര സമീപനമോ സൗന്ദര്യശാസ്ത്രമോ കലാദര്ശനമോ എവിടെയും പാഠ്യവിഷയവുമല്ല.
വിവിധ മതസംഘടനകള്‍ ഒരു വാശിക്കെന്ന പോലെ നടത്തുന്ന ആശുപത്രികള്‍ നാട്ടിലെ മറ്റ് ആശുപത്രികളില്‍നിന്ന് എന്തെങ്കിലും വ്യത്യാസം പുലര്‍ത്തുന്നുവോ? ആരോഗ്യപരിപാലനത്തെ കുറിച്ചുള്ള ഖുര്‍ആന്റെ തത്വങ്ങളോ പ്രവാചക വൈദ്യമോ ഒരു 'ഇസ്ലാമിക ആശുപത്രി(!)' യും ഉയര്‍ത്തിപ്പിടിക്കുന്നില്ല. പാശ്ചാത്യ വൈദ്യം തന്നെ എല്ലാവര്ക്കും പഥ്യം. അതില്‍ വിശ്വാസപരമോ കര്‍മശാസ്ത്രപരമോ ആയ അഭിപ്രായ ഭേദങ്ങളില്ല. ഖുര്‍ആന്‍ വ്യാഖ്യാനവും ഭാഷ്യവും ഒരേ നൈപുണിയോടെ നിര്‍വഹിച്ച പൂര്‍വ സൂരികളെ കുറിച്ചു അഭിമാനം കൊള്ളുമ്പോഴും ഇക്കാലത്ത് അതിനൊരു തുടര്‍ച്ച വേണമെന്ന് ആര്‍ക്കും തോന്നുന്നില്ല. 'നവോത്ഥാന'ത്തിന്റെ ആഘാതമേല്ക്കുന്നതിനു മുമ്പ് അറബിമലയാളത്തില്‍ ചികിത്സാ ഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്ന് ആനുഷംഗികമായി ഓര്‍ക്കുക. ദര്‍സുകളില്‍ ഗണിതവും ജ്യോതിശാസ്ത്രവും തത്വചിന്തയും പാഠ്യവിഷയവുമായിരുന്നു.
കേരളം മുഴുവന്‍ കോണ്‍ക്രീറ്റ് കാടുകള്‍ കൊണ്ടു നിറയ്ക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്ന മുസ്ലിം സംഘടനകള്‍ വാസ്തുവിദ്യയില്‍ പുതുതായൊന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. കലയുടെയും സംഗീതത്തിന്റെയും സമ്പന്നമായ പാരമ്പര്യം കേരള മുസ്ലിംകള്‍ക്കുണ്ട്. ഓക്കാനം വരുത്തുന്ന പൈങ്കിളി ടെലി സിനിമകള്‍കൊണ്ട് ഈ പാരമ്പര്യത്തെ മറികടക്കാനാണ് 'നവോത്ഥാനം' ഉത്സാഹിക്കുന്നത്! സിനിമയുടെ കാര്യത്തിലെങ്കിലും ഇറാനിലേക്ക് നോക്കാന്‍ നമ്മുടെ ദൃശ്യകലാബോധം വികസിച്ചിട്ടില്ല. അതിനാല്‍ സൂക്ഷിച്ചു വേണം നവോത്ഥാനത്തെ കുറിച്ചുള്ള അവകാശവാദങ്ങള്‍ പുറപ്പെടുവിക്കാന്‍.
മുസ്ലിം പ്രസാധനാലയങ്ങള്‍ പ്രസവിച്ചു കൂട്ടുന്ന പുസ്തകങ്ങളിലേക്കും സി.ഡി/ഡി.വി.ഡികളിലേക്കും വരിക. സംഘടനകള്‍ തമ്മിലുള്ള തീര്‍ത്താല്‍ തീരാത്ത തര്‍ക്കങ്ങളുടെ ബൃഹദാഖ്യാനങ്ങള്‍ എത്രയെത്ര! എന്തുതരം ഭാവുകത്വമാണ് ഓരോ സംഘടനയും തങ്ങളുടെ അണികളില്‍ ഉല്പാദിപ്പിക്കാന് ശ്രമിക്കുന്നത് എന്നാലോചിച്ചുനോക്കണം. മലയാളത്തില്‍ എവിടെ ഇസ്ലാമിന്റെ വെളിച്ചവും സുഗന്ധവും പരത്തുന്ന സര്‍ഗരചനകള്‍? ഇമാം ഗസ്സാലിക്കും ഇബ്നു ഖല്‍ദൂനും അയിത്തം കല്പിക്കുന്ന ഇസ്ലാമിക പ്രസിദ്ധീകരണാലയങ്ങള്ക്ക് നവോത്ഥാനത്തെ കുറിച്ച് എന്തവകാശവാദമാണ് ഉന്നയിക്കാനാവുക?
ആരാധനകളെയും മത്സരബുദ്ധി മലിനപ്പെടുത്തുന്നതായി സംശയിക്കണം. 'ജുമുഅ', 'തറാവീഹ്' ഇവയൊക്കെ സംഘടനയുടെ ആവശ്യമായിത്തീരുന്നില്ലേ ചിലപ്പോഴെങ്കിലും? ബഹളമയമായ പുതിയ പുതിയ ഭക്തകൃത്യങ്ങള് പിറവികൊള്ളുകയും ചെയ്യുന്നു.
മുസ്ലിംകള് നീതിക്കുവേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്യുന്നവരാകുകയും അവശരും മര്‍ദിതരും നിന്ദിതരും പീഡിതരുമായ ജനത നീതി തേടി മുസ്ലിംകളെ സമീപിക്കുകയും ചെയ്യുവോളം ഇസ്ലാമിക നവോത്ഥാനം അജഗളസ്തനമായി തുടരും. അത് പാല്ചുരത്തുകയില്ല. നീതിതേടി മുസ്ലിംകള് മറ്റുള്ളവരുടെ വാതിലുകള്‍ മുട്ടുന്ന ദീനകാലം എങ്ങനെ ഇസ്ലാമിന്റെ നവോത്ഥാന കാലമാവും? രാജകൊട്ടാരങ്ങള്ക്കോ മന്ത്രിമന്ദിരങ്ങള്ക്കോ മുമ്പില്‍ ഊഴം കാത്തുനിന്നവരായിരുന്നില്ലല്ലോ നവോത്ഥാനത്തിന്റെ ധ്വജവാഹകര്‍.
ഭൂതത്തിനും വര്ത്തമാനത്തിനുമപ്പുറം
ഭൂതകാലത്തിന്റെ പുനരാവിഷ്കരണമാവണം ഇന്നത്തെ ഇസ്ലാമിക നവോത്ഥാനം എന്നു ശഠിക്കുകയല്ല. ചരിത്രത്തെ ജീവിതത്തില്‍ ഒരിക്കല്‍കൂടി ആവിഷ്കരിക്കാനാവില്ല. പുതിയ കാലത്തെ സര്‍ഗാത്മകമായും ആര്‍ജവത്തോടെയും അഭിമുഖീകരിക്കാനുള്ള ആത്മബലമാണ് മുസ്ലിം നേതൃത്വം ആര്‍ജിക്കേണ്ടത്. അനേകം ശാഠ്യങ്ങള്‍ അതിനായി ത്യജിക്കേണ്ടിവരും. ഹൃദയ വാതായനങ്ങള്‍ നാനാദിക്കിലേക്കും തുറന്നിടേണ്ടി വരും. കേവലം സമുദായ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ കാരുണ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ടോ നവോത്ഥാനം സാക്ഷാത്കരിക്കപ്പെടുകയില്ല. കാലഘട്ടത്തിന്റെ ജീവിത രീതിയെയും സാമൂഹിക ബന്ധങ്ങളെയും ശാസ്ത്രത്തെയും വിദ്യാഭ്യാസത്തെയും കലയെയും വിനോദോപാധികളെയും വാണിജ്യത്തെയും തൊഴിലിനെയും വാര്‍ത്താമാധ്യമങ്ങളെയും വ്യവസായത്തെയും രാഷ്ട്രീയത്തെയും ധനമിടപാടുകളെയും ചികിത്സയെയും മറ്റെന്തെങ്കിലുമുണ്ടോ അവയെയും സ്പര്ശിച്ചുണര്ത്താന് ഇക്കാലത്ത് ഇസ്ലാമിനു സാധിക്കുമോ എന്നതാണു പ്രശ്നം. ഉള്ളുണരാതെ ശരീരം ഉണരുകയില്ല. പടിഞ്ഞാറിന്റെ സന്ദര്‍ഭത്തില്‍ താരിഖ് റമദാന് പറഞ്ഞത് ഇവിടെയും പ്രസക്തമാണ്:
''എപ്പോഴും ഭൂതകാലത്തെയോ വര്‍ത്തമാനത്തെയോ അനുകരിക്കാതെ ശരിയായ തെരഞ്ഞെടുപ്പുകള്‍ നടത്താനും ഉള്ളതിനെ പുതുക്കാനും പുതിയ സംഭാവനകള്‍ നല്‍കാനും സാധിക്കുന്ന വിമര്‍ശനാത്മകമായ ഒരു മനസ്സ് വളര്‍ത്തിയെടുക്കുക'' (താരിഖ് റമദാന്, വെസ്റ്റേണ്‍ മുസ്ലിംസ് ആന്റ് ദ ഫ്യൂച്ചര്‍ ഓഫ് ഇസ്ലാം).
ഇങ്ങനെയൊരു മനസ്സ് വളര്‍ന്നുവരിക ഏതെങ്കിലും ഒറ്റപ്പെട്ട സംരംഭത്തില്നിന്നാവണമെന്നില്ല. പല മുന്കൈകളില്നിന്ന് പല ഘട്ടങ്ങളിലായി വെളിച്ചത്തിന്റെ ചീളുകള്‍ പ്രവഹിക്കാം. ഈ സാധ്യതയില്‍നിന്ന് ആര്‍ക്കും ആരെയും ബഹിഷ്കരിക്കാനോ അവഗണിക്കാനോ ആവുകയില്ല. നന്മയുടെ ഉറവുകള്‍ തിരിച്ചറിയാനും അവയെ പോഷിപ്പിക്കാനും മുന്‍വിധികളില്ലാതെ മുന്നോട്ടു വരാന്‍ മനസ്സിനെ പാകമാക്കുക എന്നതാവാം വരുംകാല നവോത്ഥാനം നമ്മോടാവശ്യപ്പെടുന്നത്. നവോത്ഥാനം ഒറ്റയടിപ്പാതയാണെന്ന് നിര്‍ബന്ധം പിടിക്കാതിരുന്നാലേ മനസ്സിന് അങ്ങനെയൊരു തുറസ്സ് സാധ്യമാവൂ.
എ.കെ അബ്ദുല്‍ മജീദ് 9946033785
abdulmajeedak@gmail.com
Comments