ഇവരുന്ദായിരുന്നതുകൊണ്ട് ഞാനുണ്ട്

ഞാനെഴുതുന്നത് ഇസ്ലാമിക അനുഭവമാണോ എന്നെനിക്കറിയില്ല. ഇതൊരു പ്രകോപനമാവുമോ എന്നുപോലും എനിക്കറിയില്ല. 'പ്രബോധനം' എന്നതിന്റെ സാരം 'പ്രകോപനം' എന്നായി മാറുന്ന ഒരു ചരിത്ര രാഷ്ട്രീയ കാലാവസ്ഥയിലാണ് നമ്മള് ജീവിക്കുന്നത്. മതങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സ്ഥാപനവത്കരണം അതിന്റെ മാനവികതയെ ചോര്‍ത്തിക്കളയാനുള്ള ശ്രമത്തിലാണ് പലപ്പോഴും ഏര്‍പ്പെട്ടിരിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതൊരു വെറും തോന്നലാണോ? ആവാനിടയില്ല.
ഞാന്‍ അനുഭവിച്ചറിഞ്ഞ ഇസ്ലാമിനെക്കുറിച്ച് ഞാനൊരുപാട് തവണ എഴുതിയിട്ടുണ്ട്. മതങ്ങളുടെ കള്ളിയില്‍ ആണിയടിച്ചു ഉറപ്പിച്ച് നിര്‍ത്തിയിട്ടല്ല ഞാനതിനെക്കുറിച്ചൊക്കെ ഇതുവരെ എഴുതിയത്. മനുഷ്യനെക്കുറിച്ചും ലോകത്തെക്കുറിച്ചും എഴുതലാണ് എന്റെ ദൗത്യം എന്നറിഞ്ഞുകൊണ്ട് കടന്നുവന്ന വഴികളിലെ മനുഷ്യ മാതൃകകളെക്കുറിച്ചാണ് എഴുതിയത്. അവരെ സ്നേഹിക്കുകയും അവരുടെ സ്നേഹങ്ങളിലേക്ക് എന്നെ ചേര്ത്തുവെക്കുകയുമാണ് ഞാന്‍ എന്നും ചെയ്തിട്ടുള്ളത്.
മതത്തെക്കുറിച്ച് വല്ലാതെ വേവലാതിപ്പെടുകയും വികാരം കൊള്ളുകയും വിലപിക്കുകയും ക്ഷുബ്ധമാവുകയും ചെയ്യുന്ന ഒരു കുടുംബാന്തരീക്ഷത്തിലും സാമൂഹികാന്തരീക്ഷത്തിലും അല്ല ഞാന്‍ വളര്‍ന്നതും ഇന്നത്തെ ഞാനായിത്തീര്ന്നതും. മതം ഒരു ചര്‍ച്ചാവിഷയമായി ചെറുപ്പത്തിലും കൗമാരത്തിലും എന്റെ ജീവിതത്തില്‍ വന്നിട്ടില്ല. അത്തരമൊരു സാമൂഹികാന്തരീക്ഷത്തെക്കുറിച്ചും മാനസിക നിലപാടുകളെക്കുറിച്ചും നമുക്കിപ്പോള്‍ ആലോചിക്കാനാവുന്നില്ലെന്നതാണ് നമ്മുടെ കാലത്തിന്റെ സത്യവും ദുരന്തവും.
ഞാന്‍ അറിഞ്ഞ ഇസ്ലാം, എന്റെ അനുഭവത്തിലെ മുസ്ലിം സമൂഹം- ഇതൊന്നും പുറത്തുനിന്ന് ഞാന്‍ കണ്ടതും അനുഭവിച്ചതും അല്ല. അന്യനോ അന്യമനസ്കനോ ആയി ഞാനുള്‍ക്കൊണ്ട അനുഭവങ്ങളുമല്ല. അതുകൊണ്ടുതന്നെ ഞാനറിഞ്ഞ ഇസ്ലാം എന്ന നിലയില്‍ എനിക്കതിനെ സമീപിക്കാനേ പറ്റില്ല. അതെന്റെ തന്നെ ഭാഗമായിരുന്നു, എന്റെ സ്വത്വത്തിന്റെ ഭാഗമാണ്. ഞാനതില്‍ ഒരാളാണ്. മതചിന്ത ഒട്ടുമില്ലാതിരുന്ന ഒരു ഗൃഹാന്തരീക്ഷത്തിലും ഗ്രാമ-നഗരാന്തരീക്ഷത്തിലും വളര്‍ന്നതിനാല്‍, മാനവികതയാണ് മതം എന്ന് കരുതിയിരുന്നതിനാല്‍, മതങ്ങളുടെ അനുഷ്ഠാനതൃഷ്ണകളോട് ഒരു കാലത്തും മനസ്സ് രമ്യപ്പെടാതിരുന്നതിനാല്, എന്നില്‍നിന്നന്യമായ ഒന്നായി ഒരു മതത്തെയും മതക്കാരെയും കാണാനെനിക്കാവില്ല. മതനിരപേക്ഷത എന്ന വികാരശൂന്യവും അനര്‍ഥം നിറഞ്ഞതുമായ ഒരു 'പരന്ന' അനുഭവമായി, ആശയമായി എനിക്കെന്റെ മാനസിക വ്യാപാരത്തെ ലോപിപ്പിക്കാനും ആവില്ല. മനുഷ്യന് എന്ന നിലയില്‍ മാത്രമാണ് ഞാന്‍ ഈ അനുഭവങ്ങളെ സമീപിക്കുന്നത്.
എന്റെ പ്രവാസിയുടെ കുറിപ്പുകള്‍ വായിച്ചവര്‍ക്ക് എന്റെ സാദിനെ അറിയാം. 'നീയൊരു മുസ്ലിമാണെ'ന്ന് സാദ് പറഞ്ഞപ്പോള്‍ ഞാനതിന് നല്കിയ മറുപടിയും അറിയാം. എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുന്നതും എന്നാല്‍ സ്വീകരിക്കാന്‍ പറ്റാത്തതുമായ നന്മയാണത്. സ്നേഹിച്ചതെല്ലാം സ്വീകരിച്ചാല്‍ ഈ ജീവിതം മറ്റെന്തോ ആവും. എനിക്ക് പ്രതിഷേധിക്കാന്‍ എന്റേതായ ഒരിടം വേണം. അതുകൊണ്ട് ഒരു മതത്തിന്റെയും സംഘടനയുടെയും ചട്ടവട്ടങ്ങളില്‍ ഒരിടപെടല്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍തന്നെ ആവശ്യത്തിലേറെ നിബന്ധനകളിലും ശാസനകളിലും ബന്ധിതമായ ഈ ജീവിതത്തെ ഇനിയും കൂടുതല്‍ ബന്ധനങ്ങളിലേക്ക് ഞാനെന്തിനെത്തിക്കണം? ഇതൊരു നിഷ്പക്ഷ നിലപാടല്ല, ശരിയും പക്ഷംപിടിച്ചുമുള്ള നിലപാടാണ്. ഇതില്‍ കൂടുതല്‍ എനിക്കെന്നെ മാറ്റിയെടുക്കാന്‍ പറ്റില്ല. ഖലീല്‍ ജിബ്രാനെ അറിയുന്നവരോട് ഇതില്‍ കൂടുതല്‍ എന്താണ് പറയാനുള്ളത്- ഖലീല്‍ ജിബ്രാന് മുഹമ്മദിലും ക്രിസ്തുവിലും ബുദ്ധനിലും മാര്‍ക്സിലും വഴിതേടി അലഞ്ഞു. ഒടുവില്‍ ഇതൊന്നുമല്ല തന്റെ വഴിയെന്ന് തിരിച്ചറിയുന്നു, സ്വയം ഒരു പ്രവാചകനാകുന്നു.
ഒന്ന്
കൗമാരം കഴിയുന്നതിനു മുമ്പ് ഒരുപാടിടങ്ങളില്‍ കഴിയേണ്ടിവന്നതിനാല് സഞ്ചാരത്തോട് വല്ലാത്ത അഭിനിവേശം എനിക്കിപ്പോഴും ഉണ്ട്. എത്ര ദൂരം സഞ്ചരിച്ചു എന്നതല്ല കാര്യം, വീട്ടില്നിന്നിറങ്ങിയോ എന്നതാണെന്ന് ജിബ്രാന് എവിടെയോ പറഞ്ഞിട്ടുണ്ട്; വാസത്തില്നിന്നിറങ്ങുന്നവരെല്ലാം പ്രവാസികളാണെന്നും. ജീവിതത്തില്‍ ഇത്രയേറെ നടന്നുകഴിഞ്ഞിട്ടും സഞ്ചാരം ഇന്നും ഒരു ഉന്മാദമാണ്. സഞ്ചാരിയുടെ ഒരു ശക്തിയോ ദൗര്‍ബല്യമോ അയാളെ ഒരിടത്തും തളച്ചിടാനാവില്ലെന്നതാണ്, അല്ലെങ്കില്‍ അയാള്‍ക്കെവിടെയും ഏതെങ്കിലും വഴിയമ്പലങ്ങള്‍ കാണുമെന്നുമുള്ളതുമാണ്. ഈ വഴിയാത്രകളില്‍ ഏതെങ്കിലും വഴിയമ്പലങ്ങളില്‍ ഞാനൊരു മാത്ര കണ്ട് ഇഷ്ടം കൂടിയവരെക്കുറിച്ചാണീ കുറിപ്പ്. അതിലെ ഇസ്ലാമികത നിരൂപിക്കാനുള്ള അവകാശം ഞാന്‍ വായനക്കാര്‍ക്ക് വിടുന്നു. ഈ ''സഞ്ചാരീഭാവം'' ഏറക്കുറെ ഇസ്ലാമികമാണെന്ന് എന്റെ മനസ്സ് പറയുന്നു. 'സഞ്ചാരഭാവം' എന്ന വാക്കിന്റെ അര്‍ഥം ഇതൊന്നുമല്ല, വേറെന്തോ ആണെന്നും എനിക്കറിയാം. മുസ്ലിംകളാണ് ഏറ്റവും കൂടുതല്‍ ലോകം കണ്ടും കേട്ടും നടന്നവര്‍. അവര്‍ നടന്നെത്താത്ത നാടുകളില്ല, ആഴികളില്ല, ആരണ്യങ്ങളില്ല, മലകളില്ല, ഒന്നുമില്ല. ദര്‍ശനങ്ങളും ചരിത്രവും ശാസ്ത്രവും നീതിബോധവും നിയമവും വ്യാപാരവും വിനിമയവുമെല്ലാം ലോകത്തിന്റെ എല്ലാ കോണിലും എത്തിച്ചവര്‍ അവരാണ്. അവര്‍ മരുഭൂമിയില്‍ നിലാവുള്ള രാത്രികളില്‍ ഉഴന്നു നടന്നപ്പോള്‍ മനസ്സുകൊണ്ട് നക്ഷത്രങ്ങളിലേക്കും അതീത ഗ്രഹങ്ങളിലേക്കും സഞ്ചരിച്ചു, ഗോളശാസ്ത്രവും ഖഗോളശാസ്ത്രവും അവരുണ്ടാക്കി. അവരാണ് മെസപ്പൊട്ടോമിയയില്നിന്ന് കാര്‍ഷികവൃത്തി ലോകമൊട്ടുക്കും എത്തിച്ചവര്‍. 'പൂജ്യം' ലോകത്തെ പഠിപ്പിച്ചവര്‍ അവരാണ്. അന്ന് ഇസ്ലാം അവതീര്ണമായിരുന്നില്ലെന്നത് ഒരു വെറും സാങ്കേതിക പ്രശ്നമാണ്. മലയാളിയെ മറുനാട് കാണിച്ചതും ഇസ്ലാമാണ്. അവരെ പിന്തുടര്ന്നാണ് മറ്റുള്ളവര്‍ യാത്രയായത്.
തോട്ടടയിലെ ചിമ്മിനിയന്‍ വളവില്‍ ഞങ്ങള്‍ അഛനും മക്കളും കുറേക്കാലം വസിച്ചിരുന്നു. ചുറ്റുമുള്ള വസതികളില്‍ പകുതിയിലേറെയും മുസ്ലിംകളായിരുന്നു. കുറുമ്പ്രനാട്ടിലെ നന്തിയില്‍ അഛന് പുതുതായി ഉണ്ടാക്കിയ വീടും പറമ്പും സിംഗപ്പൂരിലോ ബര്‍മയിലോ പോയി കുറച്ചു പണവുമായി വന്ന ഒരു മുസ്ലിം കാരണവര്‍ക്ക് വിറ്റിട്ടാണ് ഞങ്ങള്‍ ചിമ്മിനിയന്‍ വളവിലെത്തുന്നത്. ആ മുസ്ലിം കാരണവരാണ് എനിക്ക് ആദ്യമായി കോളാമ്പിയുടെ ഗ്രാമഫോണ്‍ പെട്ടി കാണിച്ചുതന്നത്. റെയിലിനടുത്ത് ഒരു ചെറിയ കുടിലിലാണയാള് താമസിച്ചിരുന്നത്. റെയില്‍പ്പാളത്തിന് തൊട്ടടുത്ത് പടര്‍ന്നുപന്തലിച്ചു കിടന്നിരുന്ന ഒരു മാഞ്ചോട്ടില്‍ ഒരു സ്കൂളില്‍ ഈ കോളാമ്പിപ്പെട്ടി വെച്ച് ഒരു ചാരുകസേരയില്‍ പാട്ടുകേട്ട് കിടക്കുന്ന അയാളുടെ രൂപം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ആ സ്ഥലത്തിന്റെ പേര് കടലൂര്‍ വളവ് എന്നായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. സ്ഥലങ്ങളുടെ ഈ വളവുകള്‍ ജീവിതത്തില്‍ ഇടക്കിടെ ആവര്ത്തിക്കുന്നുണ്ടല്ലോ? കടലൂര്‍ വളവ് ഒരു തീവണ്ടിപ്പാതയുടെ വളവാണ്, ചിമ്മിനിയന്‍ വളവ് നിരത്തിന്റെ വളവാണ്. സ്ഥലങ്ങളുടെ ഈ വളവുകള്‍ എന്റെ ജീവിതത്തെയും കാലത്തെയും രീതികളെയും വല്ലാതെ സ്വാധീനിച്ചിരിക്കണം. വളവുകളുടെ ഈ വര്ണനകളില്നിന്നാവണം ജീവിതത്തിന്റെ വളയലും തിരിയലുമൊക്കെ രൂപപ്പെട്ടത്. അതെന്തായാലും ഈ കുറിപ്പിന് അതൊന്നും വിഷയമല്ലാത്തതുകൊണ്ട് ഇവിടെ നിര്‍ത്താം.
ചിമ്മിനിയന്‍ വളവില്നിന്നല്ല ഞാനീ കുറിപ്പ് ആരംഭിക്കേണ്ടത്. കടലൂര്‍ വളവില്നിന്നുതന്നെയാണ്. കുറുമ്പ്രനാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാക്കുന്നതില്‍ എന്റെ അഛന് ഒരു മുഖ്യ പങ്കുണ്ട്. അക്കാലങ്ങളില്‍ ഒരു മൗലവി സാധാരണ വീട്ടില്‍ വരാറുണ്ട്. പല ദിവസങ്ങളിലും അയാള്‍ വീട്ടില്‍തന്നെയാണ് രാപ്പാര്ക്കാറ്. ആളൊരു ചുകപ്പന്‍ മൗലവിയായിരുന്നു. പേരെനിക്കോര്മയില്ല. സത്യത്തില്‍ പേര് അന്നും എനിക്കറിയില്ല. എല്ലാവരും മൗലവിയെന്ന് വിളിച്ചതുകൊണ്ട് അതുതന്നെ പേരെന്ന് ഞാന്‍ കരുതി. അഛനൊത്ത് ഖുര്‍ആന്‍ ഓതാനും വ്യാഖ്യാനിക്കാനുമാണ് അയാള്‍ വന്നിരുന്നത്. അഛന് നന്നായി ഖുര്‍ആന്‍ ഓതുമായിരുന്നു. അഛന് നേരത്തേ മരിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു ഖുര്‍ആന്‍ പണ്ഡിതനാവുമായിരുന്നു. അന്നൊന്ന് ശ്രമിച്ചുകൂടായിരുന്നോ എന്ന് ചോദിച്ചുനോക്കാം. 'ക,ഖ,ഗ,ഘ' തന്നെ പഠിക്കാന്‍ ഞാന്‍ പെട്ടപാട്!
അഛന് എങ്ങനെ ഖുര്‍ആന്‍ പഠിച്ചുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. നാല്പതുകളില് ഒളിവില്‍ കഴിഞ്ഞ കാലത്ത് അഛന്റെ താവളം മലബാറിലെവിടെയോ ഒരു മുസ്ലിം പണ്ഡിതന്റെ വീടായിരുന്നുവെന്ന് അമ്മ പറഞ്ഞറിയാം. അയാളായിരിക്കണം ഖുര്‍ആന്‍ ഓതാന്‍ അഛനെ പഠിപ്പിച്ചത്. പില്ക്കാല രാഷ്ട്രീയ ജീവിതത്തില്‍ അഛന് ഖുര്‍ആന്‍ നന്നായി ഉപയോഗിച്ചിരുന്നു. കുറുമ്പ്രനാട്ടിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അഛനായിരുന്നു അന്ന് മുഖ്യ പ്രസംഗകന്. ഖുര്‍ആന്‍ ഓതി അര്‍ഥം വിശദീകരിച്ചിട്ടാണ് അഛന് രാഷ്ട്രീയം പറഞ്ഞിരുന്നത്. കുറുമ്പ്രനാട്ടെ വെറ്റിലകൃഷിക്കാരുടെ സമരത്തെക്കുറിച്ച് അങ്ങേലക്കടവിലെ പാര്‍ട്ടി നേതാവായിരുന്ന സഖാവ് കുഞ്ചോയി പില്ക്കാലത്ത് എന്നോട് പറഞ്ഞിരുന്നു. അന്ന് വെറ്റില കൃഷിക്കാര്‍ ഹിന്ദുക്കളും കച്ചവടക്കാര്‍ മുസ്ലിംകളുമായിരുന്നു. അവര്‍ തമ്മിലുള്ള സ്പര്‍ധ ഒരു ക്രമസമാധാന പ്രശ്നമായി വളര്‍ന്നു. അകലാപ്പുഴയിലൂടെ ഒരു തോണിയില്‍ മെഗാഫോണില്‍ ഖുര്‍ആന്‍ വചനങ്ങളോതി അഛന് മുസ്ലിം കച്ചവടക്കാരെ മാനസാന്തരപ്പെടുത്തിയ കഥയാണത്. ഖുര്‍ആന്‍ ഒരു ആധ്യാത്മിക ഗ്രന്ഥം മാത്രമല്ല, അതൊരു ജീവിതവ്യവസ്ഥ കൂടിയാണെന്നാണ് ഈ പ്രായോഗിക ജീവിതസമരത്തിലൂടെ അഛന് പ്രയോഗിച്ചത്. എന്റെ കലാപങ്ങള്‍ക്കൊരു ഗൃഹപാഠത്തില്‍ ഈ സംഭവം ഉണ്ട്. ചരിത്രത്തില്‍നിന്ന് അഛന് ബഹിഷ്കൃതനായെങ്കിലും അന്ന് അഛനോടൊപ്പം കൂടിയ മുസ്ലിംജനസാമാന്യം പില്ക്കാലത്ത് കുറുമ്പ്രനാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജനകീയാടിത്തറ നല്കി.
അഹ്മദ് മാസ്റ്റര്‍ അതിലെ ഒരു കണ്ണിയായിരുന്നു. അഹ്മദ് മാസ്റ്ററെ ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കാറുണ്ടോ? രക്തസാക്ഷിദിനം ആരെങ്കിലും കൊണ്ടാടാറുണ്ടോ? അറിയില്ല. പയ്യോളി കടപ്പുറത്തുവെച്ച് ആര്.എസ്.എസ്സുകാര്‍ കുത്തിക്കൊന്ന സഖാവ് അഹ്മദ് മാസ്റ്റര്‍. ആ ധീരമരണം സംഭവിച്ചിട്ട് നാല്പതു വര്‍ഷമെങ്കിലും ആയിക്കാണണം. നാല്പതു വര്‍ഷം ചരിത്രത്തിന്റെ ഒരു ചെറിയ അളവാണ്. എന്നാല്‍ ഓര്മകള്ക്കത് ഒരു ദീര്‍ഘകാലമാണ്. നന്തിയില്‍, കടലൂര്‍ വളവില്‍ കഴിയുന്ന കാലത്ത് അഹ്മദ് മാസ്റ്റര്‍ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍ പഴയ മോഡലിലുള്ള ഒരു കാമറ ഉണ്ടായിരുന്നു. അന്നത് പുതിയ മോഡലായിരിക്കണം. ആ കാമറയും കൊണ്ടാണ് മാഷ് വീട്ടില്‍ വരാറ്. ആ കാമറ കൊണ്ട് മാഷ് പടമെടുക്കുന്നത് ഒരിക്കല്‍ പോലും കണ്ടതായി ഓര്‍ക്കുന്നില്ല. അതൊരു അലങ്കാരമായി മാഷ്ടെ കൈയില്‍ ഉണ്ടാവും എന്നു മാത്രം. കാമറ വളരെ അപൂര്‍വമായിരുന്ന കാലം, ആയിരത്തിത്തൊള്ളായിരത്തി അമ്പതുകള്‍.
കടലൂര്‍ വളവില്‍നിന്ന് ഞങ്ങള്‍ താവളം ചിമ്മിനിയന്‍ വളവിലേക്ക് മാറ്റുമ്പോള്‍ നാട്ടുകാര്‍ അഛനൊരു യാത്രയയപ്പ് നല്കി, കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. കൊയ്ത്തു കഴിഞ്ഞ പാടത്ത് ഒരു വൈകുന്നേരം ബെഞ്ചും കസേരകളുമൊക്കെയിട്ട് ആള്‍ക്കാരെ ഇരുത്തിയും നിര്‍ത്തിയും ഒക്കെയാണ് ഗ്രൂപ്പ് ഫോട്ടോ എടുത്തത്. ഗ്രൂപ്പ് ഫോട്ടോയില്‍ കാമറ ഭംഗിയായി പ്രദര്‍ശിപ്പിച്ചു നില്ക്കുന്ന അഹ്മദ് മാസ്റ്ററെ കാണാം. അഛന്റെ പിന്നിലാണ് അഹ്മദ് മാസ്റ്റര്‍ നിന്നിരുന്നത്. ഫോട്ടോയിലെ ഫോക്കസ് മുഴുവന്‍ ആ കാമറയിലാണെന്ന് തോന്നുന്നു. മാസ്റ്ററുടെ അവശേഷിക്കുന്ന ഒരേയൊരു ഫോട്ടോ അതാണെന്ന് തോന്നുന്നു. യൗവനകാലം മുഴുവനും കാമറയുമായി നടന്ന അഹ്മദ് മാസ്റ്റര്‍ ഛായകളില്നിന്നെങ്ങനെ അകന്നുനിന്നുവെന്ന് ഞാനാലോചിക്കാറുണ്ട്. വീട്ടിലെ ഫോട്ടോ ഒരുപാട് കൊല്ലങ്ങള്‍ക്കു മുമ്പ് നഷ്ടമായി. അമ്പത് കൊല്ലത്തിനുശേഷം ആ ഫോട്ടോ ഞാന്‍ കാണുന്നത് നന്തി ഗെയ്റ്റിന്റെ വടക്കുഭാഗത്ത് റെയില്‍പാളത്തിന് തൊട്ട് ഒരു ചായക്കടയുടെ ചുമരിലാണ്. ചായക്കടയില്‍ വേറെ ഫോട്ടോകളൊന്നുമില്ല. അര നൂറ്റാണ്ടിന് മുമ്പത്തെ ആ ചിത്രം മാത്രം. ഒരു ദിവസം വി. വിശ്വന് (കൊയിലാണ്ടി എം.എല്‍.എ) ആ ഫോട്ടോ സംഘടിപ്പിച്ച് വീട്ടിലെത്തിച്ചു, ഒരു പുരാതന കൗതുകവസ്തുപോലെ. പഴയ എന്നെ കാണാനുള്ള കൗതുകത്തോടെ ഫോട്ടോയിലേക്ക് നോക്കിയപ്പോള്‍ കണ്ടത് അഹ്മദ് മാസ്റ്ററെയാണ്. രക്തസാക്ഷിദിനാചരണങ്ങള്‍ ഇല്ലാതെതന്നെ മാസ്റ്റര്‍ എന്റെ മനസ്സില്‍ എന്നുമുണ്ടാവും. ഞാനൊരു പ്രസ്ഥാന ചരിത്രമല്ല എഴുതുന്നത്, അതുകൊണ്ട് അതിന്റെ രാഷ്ട്രീയമാനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നില്ല.
പയ്യോളിയില്‍നിന്ന് മേപ്പയൂരിലേക്ക് പോകുന്ന നിരത്തിന്റെ അരികില്‍ പുഴയോട് ചേര്‍ന്നായിരുന്നു അഹ്മദ് മാസ്റ്ററുടെ വീട്. സ്ഥലത്തിന്റെ പേര് കൃത്യമായി ഞാനോര്‍ക്കുന്നില്ല. പത്തമ്പത് കൊല്ലം മുമ്പുള്ള കാര്യമാണല്ലോ. എന്റെ ഓര്‍മയില്‍ പുഴക്കന്ന് പാലമില്ല. പയ്യോളിയില്‍നിന്ന് കിഴക്കോട്ടു പോവുന്ന ബസ്സുകള്‍ അവിടെയായിരിക്കണം അവസാനിക്കുന്നത്. ഒഴിവു കാലങ്ങളില്‍ വീട്ടിലെത്തുന്ന മാസ്റ്റര്‍ക്കൊപ്പം ഞാന്‍ മേപ്പയൂര്ക്ക് പോവും. പിന്നെ ഒഴിവുകാലം അവിടെയായിരിക്കും. ഹിന്ദു-മുസ്ലിം ഭക്ഷണക്രമങ്ങളുടെ വൈവിധ്യങ്ങളിലേക്ക് ഞാനെത്തുന്നത് ആ വീടിന്റെ അടുക്കളയില്‍നിന്നാണ്. ഈ വ്യത്യാസം മാത്രമാണ് അന്നെന്റെ മനസ്സിനെ സ്പര്‍ശിച്ചത്. രുചികളുടെ വ്യത്യാസം ഇന്നേറെക്കുറെ ഇല്ലാതായിക്കഴിഞ്ഞു. ഒരു ആധുനിക കേരളീയ ഭക്ഷണരുചി ഇന്ന് നിലവില്‍ വന്നുകഴിഞ്ഞു. ദേശഭേദമന്യേ, മതഭേദമന്യേ രുചി മിശ്രണം നടന്നുകഴിഞ്ഞു. അതോടൊപ്പം സംഭവിച്ചത് സാമൂഹികവും ഭൗതികവും മാനസികവുമായ ജീവിതവ്യാപാരങ്ങളില്‍ സമുദായങ്ങള്‍ക്കിടയില്‍ സംഭവിച്ച അകല്‍ച്ചയാണ്. അതൊരു ബോധപൂര്‍വമായ പ്രതിപ്രവര്‍ത്തനം തന്നെയാണ്.
ആദ്യമായി ഒരു ആടിന്റെ മുഴുവന്‍ തല വേവിച്ചെന്റെ മുമ്പിലെത്തുന്നത് ആ അടുക്കളയില്‍നിന്നാണ്. ഉച്ചക്ക് ഊണിന് ചോറിനും മീന്‍കറിക്കും ചീരക്കറിക്കുമൊപ്പം ആടിന്റെ ഒരു മുഴുവന്‍ തലയും സുപ്രയില്‍ ഒരു താലത്തില്‍ പ്രത്യക്ഷപ്പെട്ടു. 'സുപ്ര'യിട്ട് അതില്‍ ഭക്ഷ്യപേയകള് നിരത്തി നിലത്ത് ചമ്രംപടിഞ്ഞിരുന്നായിരുന്നു ഭക്ഷണം. വരാന്തയില്‍നിന്ന് അകത്തേക്ക് കടക്കുന്നിടത്ത് വാതിലിന്റെ ഇരു വശത്തുമായി കെട്ടിപ്പൊക്കിയ വിശാലമായ പടാപ്രം ഉണ്ടായിരുന്നു. അന്ന് ഇത്തിരി സൗകര്യമുള്ള മിക്ക മുസ്ലിം ഗൃഹങ്ങളിലും പടാപ്രം കാണും. അതൊക്കെ ഇപ്പോള്‍ എവിടെപ്പോയി? ഇന്ന് ചമ്രംപടിഞ്ഞിരിക്കാന്‍ നമുക്കാവില്ല, അറിയുകയുമില്ല. സ്ത്രീകളുടെ കാലുകളെ ബാധിക്കുന്ന ഞെരമ്പ് വീര്‍ക്കല്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് കാരണം നിന്നുകൊണ്ടുള്ള പാചകമാണെന്ന് ഈയിടെ ഒരു വൈദ്യശാസ്ത്രക്കുറിപ്പില് വായിക്കുകയുണ്ടായി. നിലത്ത് കുന്തിച്ചിരുന്നുള്ള ആ പഴയ രീതിയാണ് ആരോഗ്യത്തിന് നല്ലതെന്നും കണ്ടു. കുന്തിച്ചിരിക്കുകയും എഴുന്നേല്ക്കുകയും ചെയ്യുമ്പോള്‍ കാല്‍മുട്ടുകള്‍ക്ക് വ്യായാമം കിട്ടുമെന്നും കണ്ടു. അതിന്റെ ശാസ്ത്രീയത എനിക്കറിയില്ല. മുസ്ലിംകളുടെ അഞ്ചുനേരത്തെ നിസ്കാരം ഏറ്റവും ശാസ്ത്രീയമായ ഒരു ആരോഗ്യ നിഷ്ഠയാണെന്നും വായിച്ചിട്ടുണ്ട്. സൂര്യ നമസ്കാരം അതിപുരാതനകാലത്ത് ഉപേക്ഷിച്ച ഹിന്ദുക്കള്‍ക്ക് ഇതുപോലൊരു നിത്യാഭ്യാസമില്ല. ഇതൊരു വൈദ്യശാസ്ത്ര വിചാരം അല്ലാത്തതുകൊണ്ട് അതിലേക്കൊന്നും പോവുന്നില്ല.
കണ്ണുകള്‍ മിഴിച്ച് ചുണ്ടുകള്‍ മുറുക്കിയടച്ച് ഒരു നേര്‍ത്ത പരിഹാസച്ചിരിയോടെ എന്റെ നേരെ നോക്കിയിരിക്കുന്ന ആടിന്റെ തല ഇന്നുമെന്റെ ഓര്‍മയിലുണ്ട്. ആ പഴയ ആഫ്രിക്കന്‍ പഴഞ്ചൊല്ലുണ്ടല്ലോ-'തല അറ്റുവീഴുമ്പോഴാണ് ആട് ആകാശം കാണുന്നത്'- അന്നേരം ഞാന്‍ ഓര്‍ത്തില്ല. ഇസ്ലാമിന്റെ സല്‍ക്കാര പ്രിയം ജീവിതത്തില്‍ ഇതുപോലെയുള്ള നിരവധി സന്ദര്‍ഭങ്ങളിലൂടെയാണ് മനസ്സില്‍ പതിഞ്ഞത്.
അഹ്മദ് മാസ്റ്ററുടെ ഭാര്യ എനിക്ക് ഉമ്മയായിരുന്നു. മക്കള്‍ എന്റെ അനിയന്മാരും അനിയത്തിമാരുമായിരുന്നു. ജീവിതവും ചരിത്രവും നമ്മളെ അകലങ്ങളിലേക്ക് കൊണ്ടുപോകും. അതുകൊണ്ടുതന്നെ അവരിപ്പോള്‍ എവിടെയാണെന്നറിയില്ല.
അന്ന് മതമെന്താണെന്ന് എനിക്കറിയില്ലായിരുന്നു. ചിലരൊക്കെ എന്നോട് ചോദിച്ചിരുന്നു, 'എന്തിനാണീ മാപ്ലേടെ വീട്ടില്‍ കയറി നിരങ്ങുന്നത്?' അവര്‍ പറയുന്നതിന്റെ പൊരുളറിയാതെ ഞാന്‍ മിഴിച്ചുനോക്കും. എന്നെ ഇങ്ങനെ ചോദ്യം ചെയ്തവരും പാര്‍ട്ടിക്കാരായിരുന്നു. അപ്പോഴും കമ്യൂണിസ്റ്റുകാരില്‍ പല ജാതികളുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.
രണ്ട്
നമുക്ക് ചിമ്മിനിയന്‍ വളവിലേക്ക് തിരിച്ചുപോവാം. ഊര്ച്ചഴച്ചക്കാവ് സ്കൂളിലെ എന്റെ സഹപാഠികളില്‍ എനിക്കേറെയടുപ്പം 'മാപ്പിളകുട്ടി'കളോടായിരുന്നു. കാരണം എന്താണെന്ന് എനിക്കറിയില്ല. കൂട്ടുകൂടാനുള്ള സഹജവാസന അവര്‍ക്കായിരുന്നു കൂടുതല്‍. ഇന്ന്എന്റെ സുഹൃത്തുക്കളില്‍ ഏറിയകൂറും മുസ്ലിംകളാണ്. ചുറ്റുമുള്ള എല്ലാവരെയും സ്നേഹിക്കാനും അവരോടൊക്കെ കൂട്ടുകൂടാനും അവര്‍ക്കേറെ പ്രിയം ഉണ്ടായിരിക്കണം. ചിമ്മിനിയന്‍ വളവില്‍ അഛന് രണ്ടരയേക്കര്‍ വലിപ്പമുള്ള ഒരു പുരയിടത്തില്‍ ഒരു വീടുണ്ടാക്കി, ഞങ്ങളവിടെ പാര്‍പ്പുറപ്പിച്ചു. 'ഉറപ്പിച്ചു'വെന്നത് ഒരു താല്‍ക്കാലിക പ്രതിഭാസമാണ്. ഒരു ഇത്തിരി ആകാശത്തിനു കീഴില്‍ അഛന് ഇരുപ്പുറക്കാറില്ല. പുതിയ ജനപദങ്ങള്‍ തേടി അഛന് യാത്രയാവും. എന്റെ ആത്മകഥയുടെ അത്തരം സമസ്യകളിലേക്ക് ഞാന്‍ കടക്കുന്നില്ല.
പറമ്പിന് ചുറ്റും ഇടവഴികളാണ്. ഈ ഇടവഴികള്‍ മഴക്കാലത്ത് തോടുകളായി മാറും. കുന്നിന്ചെരുവില് ഒരു വലിയ കല്ലുവെട്ട് കുഴിയുണ്ടായിരുന്നു. അതൊരു വലിയ കുളം തന്നെയാണ്. നിറയെ മീനുകളുള്ള കുളം. എല്ലാ കാലത്തും വെള്ളം നിറഞ്ഞു കിടക്കുന്ന കുളം. മഴക്കാലത്ത് ഈ കുളം കവിഞ്ഞൊഴുകി ഇടവഴികള്‍ തോടുകളായി മാറും. കുളത്തിലെ മീനുകള്‍ ഈ ഇടവഴിയിലൂടെ വയലിന്റെ ഒരറ്റത്തുള്ള താമരക്കുളത്തിലെത്തും. ഈ മീനുകളെ വേട്ടയാടല്‍ മഴക്കാലത്ത് ഞങ്ങളുടെ പ്രധാന പരിപാടിയായിരുന്നു. ഇടവഴിയുടെ ചുറ്റും മുസ്ലിം വീടുകളാണ്. അതിലൊരു വലിയ വീട്ടിലായിരുന്നു പാത്തുമ്മ എന്ന വൃദ്ധ താമസിച്ചിരുന്നത്. അവരൊറ്റക്കായിരുന്നു. മക്കളെല്ലാം വിദേശത്തായിരിക്കണം. ആള്‍ക്കാര്‍ക്കൊക്കെ അവരെ പേടിയാണ്. ആരും ആ പറമ്പിലേക്ക് കടക്കില്ല. ആരെങ്കിലും ആ കോണി കയറിച്ചെന്നാല്‍ അവര്‍ ബഹളം കൂട്ടും. അവര്‍ക്ക് ഭ്രാന്താണെന്നാണ് ആള്ക്കാര് പറയാറ്. കടുത്ത ഏകാന്തതയും ലോകത്തോടുള്ള ഭയവും ആയിരിക്കണം അവരെ ഭ്രാന്തിയാക്കിയത്.
എപ്പോഴും എന്തെങ്കിലുമൊക്കെ രോഗങ്ങള്‍ അവരെ അലട്ടിക്കൊണ്ടിരുന്നു. രോഗിയായി കഴിഞ്ഞാല്‍ അവര്‍ രാത്രി മുഴുവനും കിടന്ന് ഓളിയിട്ടുകൊണ്ടിരിക്കും. അവരുടെ നിലവിളിയെ നാട്ടുകാര്‍ അങ്ങനെയാണ് വിളിക്കാറ്. അഛന് മാത്രമായിരിക്കണം ആ നിലവിളിയെ ഒരു മനുഷ്യാവകാശ പ്രഖ്യാപനമായി കണ്ടത്. മരുന്നു പെട്ടിയും സ്റ്റെതസ്കോപ്പും ഒക്കെയായി അര്‍ധരാത്രി അഛന് ഇടവഴിയിലെ വെള്ളം നീന്തിക്കയറി അങ്ങോട്ടു പോവും. ഞാന്‍ പിന്നാലെ പോവും. വിളിക്കാതെ വന്നുകയറുന്ന ഡോക്ടറായിരുന്നു അഛന്. അഛന് വിളിക്കാതെത്തന്നെയാണ് ഞാനും പോവുന്നത്. വിളിക്കാതെ വീടുകളിലെത്തി സ്നേഹം തേടുന്ന ആളായിരുന്നു ഞാനും.
ആ 'പിരാന്തി' വല്യുമ്മയെ എനിക്കിഷ്ടമായിരുന്നു. കുട്ടികള്‍ കൂട്ടം കൂടി ഇടവഴിയില്‍നിന്ന് ആ വീട്ടിലേക്ക് കല്ലെറിയുമ്പോള്‍ എതിര്‍ക്കുന്ന ആളായിരുന്നു ഞാന്‍. കല്ലെറിഞ്ഞ് ഓടിക്കേണ്ടവരാണ് ഭ്രാന്തന്മാര് എന്നൊരു ധാരണ അന്നുണ്ടായിരുന്നു. അതേറക്കുറെ ഇപ്പോഴുമുണ്ടെന്ന് തോന്നുന്നു. അഛന്റെ കൂടെയുള്ള ഈ നിശാസഞ്ചാരങ്ങളിലൂടെ ആ പറമ്പില്‍ ധൈര്യത്തോടെ കടന്നുകയറാനുള്ള അവകാശം എനിക്കായി. മക്കള്‍ മറുനാടുകളിലാണെങ്കിലും പാത്തുമ്മക്ക് വേണ്ട അരിയും അനാദിസാധനങ്ങളും എത്തിക്കാന്‍ രാമന് നമ്പ്യാരെന്ന ഒരു കാര്യസ്ഥന് ഉണ്ടായിരുന്നു. പറമ്പിലെ തേങ്ങ പറിക്കലും അയാളുടെ ജോലിതന്നെ. ഇതൊക്കെ പാത്തുമ്മ പാചകം ചെയ്യാറും കഴിക്കാറും ഉണ്ടോയെന്ന് അന്വേഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അപൂര്‍വമായി മാത്രമേ ആ വീട്ടില്‍നിന്ന് പുക ഉയരാറുണ്ടായിരുന്നുള്ളൂ. അരിയും പഞ്ചസാരയും ചായപ്പൊടിയും ഉപ്പും മുളകും മഞ്ഞളും പരിപ്പും വെളിച്ചെണ്ണയുമാണ് പാത്തുമ്മക്ക് മക്കള്‍ കനിഞ്ഞനുവദിച്ച റേഷന്‍. പാത്തുമ്മയോട് നാട്ടുകാര്‍ ഏതെങ്കിലും തരത്തില്‍ സഹഭാവം കാണിച്ചതായി ഞാനറിയില്ല. 'അവരൊരു പടകാളിച്ചിയാണെന്നും മക്കളെ അടുപ്പിക്കാറില്ലെന്നും' ഉള്ള നിന്ദാവചനങ്ങള്‍ മാത്രമാണ് കേട്ടിട്ടുള്ളത്. സത്യമിതാര്ക്കറിയാം. എന്നെ കൂട്ടായി കിട്ടിയതോടെ പാത്തുമ്മ സ്നേഹമയിയായി. വസ്ത്രങ്ങള്‍ നിറച്ച പെട്ടിക്കടിയില്നിന്നവര് എനിക്ക് കാശെടുത്തുതരും. മീന്‍ വാങ്ങാന്‍, ചിലപ്പോള്‍ ഇറച്ചിയും മസാലയും പച്ചമുളകും ഇഞ്ചിയും വേപ്പിലയും പുളിയുമൊക്കെ വാങ്ങാന്‍. ആദ്യം കരുതിയത് പാത്തുമ്മ ചോറും പരിപ്പും തിന്ന് ഗതികെട്ടിട്ടായിരിക്കണമെന്നാണ്. എന്നാല്‍ ഞാന്‍ വാങ്ങിക്കൊണ്ടുവരുന്നതെല്ലാം അവരെനിക്ക് മാത്രമായി വെച്ചുവിളമ്പി. നിലത്തൊരു 'കൊരണ്ടിപ്പലക'യിട്ട് അവരെന്നെ ഇരുത്തി ഓരോ വിഭവവും വാത്സല്യത്തോടെ വിളമ്പിത്തരും. ചട്ടികളൊക്കെ കാലിയായാലേ എഴുന്നേല്ക്കാന് അനുവദിക്കൂ. അവര്‍ക്ക് ഭ്രാന്തില്ലെന്ന് ഞാനറിയുന്നത് അപ്പോഴാണ്. കിട്ടാനും കൊടുക്കാനും കഴിയാത്ത സ്നേഹമായിരുന്നു അവരുടെ ഭ്രാന്ത്. ഇന്നും പാത്തുമ്മയുടെ കൈപ്പുണ്യമാണ് എന്റെ രുചികളുടെ അളവുകോല്‍. അഛന്റെ മരുന്നിനേക്കാള്‍ എന്റെ സാമീപ്യമാണ് ഇടക്കിടെ അലട്ടിയിരുന്ന ശരീരപീഡകളില്നിന്ന് അവരെ കരകയറ്റിയത്. 'ഒറ്റക്കായാല്‍ ആരിക്കായാലും ബെരുത്തമാവും, മണ്ണിനും മനുഷ്യനും ചെടികള്‍ക്കും ജീവികള്‍ക്കുമൊക്കെ' എന്ന് എന്നെക്കൊണ്ട് കലാപങ്ങള്‍ക്കൊരു ഗൃഹപാഠത്തില്‍ എഴുതിച്ചത് ഈ അപൂര്‍വ സൗഹൃദമാണ്. നോവലില്‍ പാത്തുമ്മയും കഥാപാത്രമാണ്. ഞാന്‍ അവരെ ചിമ്മിനിയന്‍ വളവില്‍നിന്ന് കടലൂര്‍ വളവിലേക്ക് മാറ്റി പ്രതിഷ്ഠിച്ചുവെന്നു മാത്രം. ഞാനീ എഴുതിയത് ഒരു ഇസ്ലാമിക അനുഭവമാണോ? പാത്തുമ്മക്ക് പകരം അതൊരു കല്യാണിക്കുട്ടിയായാലും ഈ അനുഭവത്തില്‍ വ്യത്യാസം വരുമോ? എങ്കിലും എന്റെ കഥകളില്‍ മനുഷ്യസ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സംഘശക്തിയായി വളരുന്നത് മുസ്ലിം കഥാപാത്രങ്ങളാണ്. അതുകൊണ്ട് ചിലപ്പോള്‍ ഇതൊക്കെ എന്നെ ആഴത്തില്‍ സ്വാധീനിച്ച ഇസ്ലാമിക അനുഭവമായിരിക്കണം.
1957-ലെ തെരഞ്ഞെടുപ്പ്. സഖാവ് കെ.പി ഗോപാലനായിരുന്നു സ്ഥാനാര്‍ഥി. കെ.പി ഗോപാലന് ജയിച്ചു കേരളത്തിലെ ആദ്യത്തെ വ്യവസായ മന്ത്രിയായി. വോട്ടെണ്ണി ഫലമറിഞ്ഞ രാത്രിയില്‍ കോണ്ഗ്രസ്സുകാര് വീടുകയറി അഛനെ മര്‍ദിച്ചു. വിജയം ആഘോഷിക്കാന്‍ രാത്രി വീട്ടിലെത്തിയവരെല്ലാം ഓടി രക്ഷപ്പെട്ടു. കടലൂര്‍ വളവില്‍നിന്ന് അഛനെ കാണാന്‍ ചിമ്മിനിയന്‍ വളവിലെത്തിയ ഒരാളുണ്ടായിരുന്നു, രാത്രി വീട്ടില്‍. ബഹളത്തിനിടയില്‍ അയാള്‍ സ്ഥലം വിട്ടു. അയാളെ പിന്നീട് കണ്ടിട്ടില്ല. രാത്രി ഭക്ഷണത്തിനിടയില്‍ അയാള്‍ ഹിന്ദുക്കള്‍ ഒന്നിച്ചുനില്‍ക്കേണ്ട കാര്യത്തെക്കുറിച്ച് വാചാലനായതും ഞാനോര്‍ക്കുന്നു. അതിപ്പോഴും ഓര്‍ത്തിരിക്കാന്‍ ഒരു കാരണമുണ്ട്. ഇടവഴിക്കപ്പുറത്തെ മുസ്ലിം വീടുകളില്‍നിന്നും കുറേ മുസ്ലിം ചെറുപ്പക്കാര്‍ ഓടിയെത്തിയാണ് ഗുണ്ടകളെ തല്ലിയോടിച്ചത്. അവര്‍ കമ്യൂണിസ്റ്റുകാരായിരുന്നില്ല. അവര്ക്കഛനെ ഇഷ്ടമായിരുന്നു. ഇഷ്ടമല്ലെങ്കില്‍ പോലും അവരോടിയെത്തുമായിരുന്നെന്ന് എനിക്ക് തോന്നുന്നു.
എന്റെ ഏക പെങ്ങള് പില്ക്കാലത്ത് ഒരു മുസ്ലിമിനെ പ്രണയിച്ച് വിവാഹം കഴിച്ചപ്പോഴും ഇങ്ങനെ കുറേ ഹിന്ദു പുണ്യവാളന്മാര് ഞങ്ങളെ ഉപദേശിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. അത് മറ്റൊരു കഥയാണ്. അതിപ്പോള്‍ എഴുതുന്നില്ല.
മൂന്ന്
എന്റെ മുസ്ലിം സൗഹൃദങ്ങളെക്കുറിച്ച് ഞാനൊരുപാടൊരുപാട് എഴുതിയിട്ടുണ്ട്. എന്നാല്‍ മമ്മത്ക്കായെ കുറിച്ച് ഒരിക്കല്‍ കൂടി എഴുതാതെ വയ്യ. മമ്മത്ക്കാ എന്റെ പല കഥകളിലും മുഖം കാണിക്കുന്നുണ്ട്. ഒറ്റാലില് മമ്മത്ക്കായുണ്ട്. ഞങ്ങള്‍ ചേമഞ്ചേരിയിലെ പൂക്കാട്ട് താമസിക്കുമ്പോള്‍ മമ്മത്ക്കാ ആയിരുന്നു അഛന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അവിടത്തെ പാര്‍ട്ടി സെക്രട്ടറി കൂടിയായിരുന്നു മമ്മത്ക്കാ. അഛന് ദീര്‍ഘകാലം അസുഖമായി കിടക്കുമ്പോഴും മരിക്കുമ്പോഴുമൊക്കെ ഞങ്ങളുടെ കൂടെയുണ്ടായിരുന്നത് മമ്മത്ക്കാ ആയിരുന്നു. അഛന് മരിച്ചു കഴിഞ്ഞിട്ടും മമ്മത്ക്കാ എന്നും വീട്ടില്‍ വന്നു. പഴയതുപോലെ അരത്തിണ്ണയോടടുപ്പിച്ച് ഇട്ടിരുന്ന അഛന്റെ ഒഴിഞ്ഞ ചാരുകസേരക്കരികില്‍ മരത്തൂണില്‍ പതിവുപോലെ തലവെച്ച് കിടന്നുകൊണ്ട് മമ്മത്ക്കാ ഞങ്ങളെ സ്നേഹിച്ചു. ഞങ്ങളുടെ വിദ്യാഭ്യാസം, അഛന്റെ മക്കളുടെ വിവാഹങ്ങള്‍ ഇതിനൊക്കെ മമ്മത്ക്കാ കര്മസാക്ഷിയായിരുന്നു. എന്റെ ചേച്ചി ഒരു മുസ്ലിം യുവാവിനോടൊപ്പം കൂടിയപ്പോള്‍ മമ്മത്ക്കാ തന്നെയായിരുന്നു അതിന്റെ 'കുഴമന്ത്രം' അഴിക്കാന്‍ കൂടെ നിന്നത്. മമ്മത്ക്കാ ഇന്നില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കാപ്പാട് കടപ്പുറത്ത് വെച്ച് ഐസ്ക്രീം മുട്ടായിയും കടലയുമൊക്കെ ഒരുന്തുവണ്ടിയില്‍ വിറ്റു നടന്നിരുന്ന മമ്മത്ക്കായുടെ മകന് അബൂബക്കറിനെ ഞാന്‍ കണ്ടിരുന്നു.
മമ്മത്ക്കായുടെ ഉമ്മയെക്കുറിച്ച് ഞാനൊരു കഥ എഴുതിയിരുന്നു. കഥയുടെ പേര് കലത്തപ്പം. ഉമ്മ ഇപ്പോഴില്ല. അവരുടെ പേരും പാത്തുമ്മ എന്നു തന്നെയായിരുന്നു. ഇതിനിടയില്‍ ചരിത്രത്തില്‍നിന്ന് മാറി മറ്റൊരു രസം പറയാം: ഞാന്‍ ജി.എസ്. പ്രദീപിനൊപ്പം ശ്രീലങ്കന്‍ ചാനലില്‍ ഒരു ബൗദ്ധിക പരിപാടി അവതരിപ്പിക്കുന്നുണ്ട്- ഗ്രാന്റ് മാസ്റ്റര്‍. കഴിഞ്ഞ ഷെഡ്യൂളില്‍ കൊളംബോയില്‍ മത്സരിക്കാനായി ഒരു സ്കൂളില്‍നിന്നെത്തിയ പത്തൊമ്പത് പെണ്‍കുട്ടികളില്‍ പതിനെട്ട് പേരുടെയും പേര് 'ഫാത്തിമ' എന്നായിരുന്നു. ഒരു 'ഫാത്തിമാ' ബറ്റാലിയന്.
കലത്തപ്പം ഒരു കഥയല്ല. ഓര്‍മയിലെ രക്തം കിനിയുന്ന ഒരേടാണ്. അഛന് അസുഖം ബാധിച്ച് ഒരുപാട് കാലം കിടന്ന കഥ പറഞ്ഞല്ലോ. മരണത്തോടടുത്തെത്തിയപ്പോള് അഛനൊരു ആഗ്രഹം, കലത്തപ്പം തിന്നണം. കോഴിക്കോട് നാട്ടിന്‍പുറങ്ങളിലെ ചെറിയ ഹോട്ടലുകളിലൊക്കെ അന്ന് കലത്തപ്പം കിട്ടും. ഇന്ന് ഗ്രീന്‍പീസും പൊറോട്ടയും മാത്രമേ കിട്ടൂ. അഛന് ചായപ്പീടികയിലെ കലത്തപ്പം വേണ്ട. മമ്മത്ക്കായുടെ ഉമ്മ ഉണ്ടാക്കിയ കലത്തപ്പം മതി. അഛന് കട്ടിയുള്ള ആഹാരങ്ങള്‍ ഒന്നും കഴിക്കാന്‍ പറ്റാത്ത സമയമാണ്. കൊണ്ടുവന്നാലും അഛനത് കഴിക്കാന്‍ പറ്റില്ലെന്നറിയാം. എങ്കിലും ദൂതുമായി ഞാന്‍ പാത്തുമ്മയുടെ വീട്ടിലെത്തി. അഛനു വേണ്ടി പാത്തുമ്മ കലത്തപ്പം ഉണ്ടാക്കി. ആ കലത്തപ്പവുമായി ഉമ്മ വീട്ടിലെത്തുന്നതിനു മുമ്പ് അഛന് കലത്തപ്പമില്ലാത്ത ലോകത്തേക്ക് യാത്രയായി. എന്റെ ജീവിതത്തിലെ ഏറ്റവും തീവ്രമായ ഇസ്ലാമിക അനുഭവം ഇതായിരിക്കണം. മമ്മത്ക്കായെക്കുറിച്ച് പറയാനൊരുപാടുണ്ട്. എന്റെ കണ്മുന്നില് വെച്ച് പിടഞ്ഞുവീണ് ശ്വാസം മുട്ടി മരിച്ച മമ്മത്ക്കായുടെ മകളെക്കുറിച്ച് പറയേണ്ടിവരും. ഞാനവളുടെ 'പുയ്യാപ്ല'യാണെന്നാണ് ഉമ്മ പറയാറ്. നികാഹിനു മുമ്പേ പരലോകം പൂകിയ ആ 'പുയ്യെണ്ണ്' എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്.
നാല്
എഴുതിയാല്‍ എവിടെയും നില്‍ക്കില്ല. എത്രയെത്ര സൗഹൃദങ്ങള്‍. എത്രയെത്ര രാപ്പാര്‍ക്കലുകള്‍. പൊന്നാനിയിലെ കുഞ്ഞുമുഹമ്മദും മാഹിയിലും പാലക്കാട്ടുമായി കറങ്ങിനടക്കുന്ന ശക്കീലും തൃശൂരിലെ ഹസ്സനിക്കായും കൊടുങ്ങല്ലൂരിലെ ഗഫൂറും പാട്ടുകാരന് ശഹ്ബാസ് അമനും പ്രവാസലോകത്തിന്റെ റഫീഖ് റാവുത്തറും എന്നെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച പാനൂര്‍ മുഹമ്മദും-ഈ സൗഹൃദങ്ങളുടെ നിര എത്ര നീണ്ടതാണ്! പിന്നെ പി.ടി കുഞ്ഞുമുഹമ്മദ്. ഞങ്ങളിപ്പോള്‍ കാണാറില്ലെങ്കിലും ആ സ്നേഹം എനിക്കറിയാം. ആഴ്ചയില്‍ രണ്ടു ദിവസം ഡയാലിസിസിന് വിധേയനായിക്കഴിയുന്ന ഹസ്സനിക്ക പരിചയക്കാരോട് പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്: 'ബാബു സാമ്പത്തികമായി വല്ലാത്തൊരവസ്ഥയിലാണെന്ന് തോന്നുന്നു. നമുക്കവനെ സഹായിക്കണ്ടേ?'
ഹസ്സനിക്കയെ ഓര്‍ത്ത് എനിക്ക് കരയാതിരിക്കാന്‍ വയ്യ. ക്ഷീണിതമായ ആ ഹൃദയം എനിക്കുവേണ്ടി ഇപ്പോഴും എന്തിനാണ് വ്യാകുലപ്പെടുന്നത്? അതൊരു ഇസ്ലാമിക ഹൃദയം ആയതുകൊണ്ടാണോ?
ബാബു ഭരദ്വാജ് 9447440155 babubharadwajm@gmail.com
Comments