Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

ഇസ്ലാമിക നവോത്ഥാനം പത്രപ്രവര്‍ത്തനത്തിന്റെ ആദ്യ കാല പെരുമകള്‍

പി.കെ ജമാല്‍

ഇന്ന് ഇസ്‌ലാമിക പ്രബോധനരംഗത്ത് ലോകമെങ്ങും പുത്തനുണര്‍വിന്റെ തിരയിളക്കം ദൃശ്യമാണ്. ആശയപ്രചാരണത്തിന് സഹായകമായ പുതിയ മാധ്യമങ്ങള്‍ തേടിപ്പിടിക്കാനും നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്താനും മത്സരമാണെവിടെയും. ഈ കാലഘട്ടത്തിലെ ഇസ്‌ലാമിക നവജാഗരണത്തിന് പരിസരമൊരുക്കുന്നതില്‍ പത്രപ്രവര്‍ത്തനം വഹിച്ച പങ്ക് ചെറുതല്ല. നവോത്ഥാന നായകരായി ലോകം അംഗീകരിക്കുന്ന പ്രതിഭാധനന്മാര്‍ ഇസ്‌ലാമിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനും കൊളോണിയല്‍ മേധാവിത്വത്തിനെതിരായ മനോഭാവം വളര്‍ത്തി ജനലക്ഷങ്ങളെ സ്വാതന്ത്രേ്യഛുക്കളാക്കി മാറ്റുന്നതിനും നടത്തിയ നിരന്തരവും നിസ്തന്ദ്രവുമായ ബഹുമുഖ സമരങ്ങളില്‍ ഒന്നായിരുന്നു പത്രപ്രവര്‍ത്തനവും. തൂലിക പടവാളാക്കി ആശയലോകത്ത് വിജയം വരിക്കുകയും ജനമനസ്സുകളെ ഇന്നും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ആ മഹാരഥന്മാരുടെ ബൃഹത്തായ സംഭാവനകള്‍ അവഗണിച്ച് ഇസ്‌ലാമിക നവോത്ഥാന ചരിത്രം രേഖപ്പെടുത്താനാവില്ല.
ദൃശ്യ-ശ്രാവ്യ മാധ്യമമേഖലകളില്‍ കൈവന്ന വിസ്മയാവഹമായ നേട്ടങ്ങള്‍ക്ക് നടുവിലും ആശയപ്രകാശനത്തിനും വിവരവിന്യാസത്തിനും അച്ചടി മാധ്യമങ്ങള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. കണ്ണിലൂടെ മിന്നിമറയുന്ന ദൃശ്യബിംബങ്ങള്‍, ഹൃദയത്തില്‍ കൊത്തിവെച്ച അക്ഷരങ്ങളുടെ വെളിച്ചമാണ് വിപ്ലവങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ലോക മുസ്‌ലിം സമൂഹത്തെ പൊതുവിലും അറബ് ലോകത്തെ വിശേഷിച്ചും സ്വാധീനിച്ച ചില പ്രമുഖ പത്ര-പ്രസിദ്ധീകരണങ്ങളെയും അവയുടെ നായകരെയും ഓര്‍ക്കാനുള്ള എളിയ ശ്രമമാണിത്.
ഹിജ്‌റ പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ് ഇസ്‌ലാമിക പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം. ക്രി.വ 1884-ല്‍ ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് അബ്ദുവും തുടങ്ങിവെച്ച അല്‍ഉര്‍വതുല്‍ വുസ്ഖായാണ് കന്നി പ്രസിദ്ധീകരണം. തുടര്‍ന്ന് കിഴക്കും പടിഞ്ഞാറും നിരവധി പ്രസിദ്ധീകരണങ്ങള്‍ ഉദയംകൊണ്ടു. 1898-ല്‍ സയ്യിദ് റശീദ് രിദായുടെ പത്രാധിപത്യത്തില്‍ ഈജിപ്തില്‍ ആരംഭിച്ച അല്‍മനാര്‍ ആണ് ഇതില്‍ മുഖ്യം. 1925-ല്‍ അബ്ദുല്‍ ഹമീദ് ഇബ്‌നുബാദീസ് അള്‍ജീരിയയില്‍ അല്‍ മുന്‍തഖിദ് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും അത് ദീര്‍ഘകാലം നിലനിന്നില്ല. ബിന്‍ബാദീസ് തുടര്‍ന്ന് തുടങ്ങിയതാണ് അശ്ശിഹാബ് 1939-ല്‍ രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന് അത് അടച്ചുപൂട്ടി.
അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ മേല്‍നോട്ടത്തില്‍ 1924-ല്‍ അല്‍ മുഅ്തമറുല്‍ ഇസ്‌ലാമി എന്ന പേരില്‍ ഒരു മാസിക ആരംഭിച്ചെങ്കിലും അഞ്ച് ലക്കങ്ങളുടെ ആയുസ്സേ അതിനുണ്ടായുള്ളു. അതിന് പകരമായാണ് 1930-ല്‍ നൂറുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു പത്രിക പുറത്തിറങ്ങിയത്. വിശ്രുത പണ്ഡിതനായ മുഹമ്മദുല്‍ ഖുള്ര്‍ ഹുസൈനായിരുന്നു അതിന്റെ പത്രാധിപര്‍. അക്കാലത്തെ പ്രമുഖ അസ്ഹര്‍ പണ്ഡിതന്മാരായിരുന്നു അതിലെ എഴുത്തുകാരില്‍ ഏറെയും. 1935-ല്‍ അല്‍ അസ്ഹര്‍ എന്ന പേരിലാണ് പിന്നീട് പ്രസിദ്ധീകരണം തുടര്‍ന്നത്.
1926-ല്‍ അല്‍ ഫത്ഹ് എന്ന പേരില്‍ ശൈഖ് അബ്ദുല്‍ ബാഖി സുറൂറിന്റെ പത്രാധിപത്യത്തില്‍ ഈജിപ്തില്‍ ഒരു പ്രസിദ്ധീകരണം വീണ്ടും വെളിച്ചം കണ്ടു. പ്രഖ്യാത പണ്ഡിതന്‍ ശൈഖ് മുഹ്‌യിദ്ദീന്‍ അല്‍ഖതീബായിരുന്നു പിന്നീട് അതിന്റെ പത്രാധിപര്‍. 1948-ല്‍ അതും അസ്തമിച്ചു. 1933-ല്‍ ഈജിപ്തില്‍ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മുഹിബ്ബുദ്ദിന്‍ ഖതീബ് അതിന്റെ പത്രാധിപരായി ചുമതലയേറ്റു. ഗള്‍ഫ് മേഖലയില്‍ 1928-ല്‍ ശൈഖ് അബ്ദുല്‍ അസീസ് അല്‍റാശിദ് കുവൈത്ത് ആസ്ഥാനമാക്കി അല്‍കുവൈത്ത് എന്ന പേരില്‍ പ്രസിദ്ധീകരിച്ച മാസികയാണ് ഗള്‍ഫ് മേഖലയിലെ ആദ്യ പ്രസിദ്ധീകരണം. രണ്ടുവര്‍ഷമേ അതിനും ആയുസ്സുണ്ടായുള്ളു. കുവൈത്തില്‍ ജംഇയ്യത്തുല്‍ ഇസ്‌ലാഹില്‍ ഇജ്തിമാഇയുടെ ആഭിമുഖ്യത്തില്‍ അബ്ദുല്ല അലി അല്‍ മുതവ്വ (അബൂബദ്ര്‍)യുടെ പത്രാധിപത്യത്തില്‍ 1971-ല്‍ ആരംഭിച്ച അല്‍ മുജ്തമഅ് വാരിക കെട്ടിലും മട്ടിലും പ്രചാരത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണമാണ്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിന്റെ ജിഹ്വയായി ചില കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്ന അല്‍ മുജ്തമഅ് 120 രാജ്യങ്ങളില്‍ വിതരണം ചെയ്യപ്പെടുന്നു.
*** **** **** ****
മുഹമ്മദ് റശീദ് രിദായും അദ്ദേഹം സ്ഥാപിച്ച അല്‍മനാറും ഇസ്‌ലാമിക പത്രപ്രവര്‍ത്തനത്തിന്റെ ദിശ നിര്‍ണയിച്ചതില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു. പ്രബോധന രംഗത്ത് പത്രപ്രവര്‍ത്തനം മുഖ്യപങ്ക് വഹിക്കുന്ന ഇക്കാലത്ത് റശീദ് രിദാ നടത്തിയ ശ്രമങ്ങള്‍ നിറഞ്ഞ കടപ്പാടുകളോടെ മാത്രമേ ഓര്‍ക്കാനാവൂ. ഇസ്‌ലാമിക ലോകത്തിന്റെ വ്യഥകളും വേദനകളും വികാരങ്ങളും ഉള്ളിലേറ്റി ജീവിച്ച ആ മഹാനുഭാവന്‍, അഗ്നിയായി കത്തിപ്പടരുന്ന അക്ഷരങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞു. അറബ്-മുസ്‌ലിം ലോകത്ത് മുപ്പത്തേഴ് വര്‍ഷം സജീവ സാന്നിധ്യമറിയിച്ച അല്‍മനാര്‍ മാറ്റത്തിന്റെ ചാലകശക്തിയും ഒരു കാലഘട്ടത്തിന്റെ ശ്രദ്ധാ ബിന്ദുമായിരുന്നു.
1865-ല്‍ ശാമിലെ (സിറിയ) ഖലമൂന്‍ ഗ്രാമത്തില്‍ ജനിച്ച റശീദ് രിദാ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ജന്മഗ്രാമത്തില്‍ തന്നെയാണ്. സൂഫി ചിന്താഗതിക്കാരനായ മതപ്രബോധകനായി കഴിഞ്ഞു ആദ്യം. അല്‍ ഉര്‍വതുല്‍ വുസ്ഖായുടെ ചില ലക്കങ്ങള്‍ വായിക്കാനിടയായ റശീദ് രിദാ, ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും ചിന്താധാരയില്‍ ആകൃഷ്ടനാവുകയും ഈജിപ്തിലേക്ക് യാത്രതിരിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവുമായുള്ള കൂടിക്കാഴ്ചയില്‍ മുസ്‌ലിംകളുടെ ശോച്യാവസ്ഥ മാറ്റിയെടുക്കാന്‍ ഒരു പത്രപ്രസിദ്ധീകരണത്തിന്റെ ആവശ്യകത റശീദ് രിദാ ശക്തിയായി സമര്‍ഥിച്ചെങ്കിലും അല്‍ അഹ്‌റാം ഉള്‍പ്പെടെയുള്ള മറ്റ് പത്രങ്ങളുമായി മത്സരിക്കാന്‍ ഒരു പുതിയ പത്രത്തിനാവില്ലെന്ന അഭിപ്രായമായിരുന്നു മുഹമ്മദ് അബ്ദുവിന്. പക്ഷേ റശീദ് രിദാ തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു. 1898 മാര്‍ച്ച് 15-ന് അല്‍മനാര്‍ എന്ന പേരില്‍ റശീദ് രിദായുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കം പുറത്തിറങ്ങി. തുടക്കത്തില്‍ 8 പേജുള്ള വാരികയായി പുറത്തിറങ്ങിയ അല്‍മനാറിന്റെ വരിക്കാരും വായനക്കാരും അഭ്യസ്തവിദ്യരായ യുവജനങ്ങള്‍, ന്യായാധിപന്മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍ എന്നിവരായിരുന്നു. പിന്നീട്, ദൈ്വവാരികയായി. പിന്നെ പിന്നെ ഇടക്കിടെ മുടങ്ങി പ്രസിദ്ധീകരിക്കുന്ന മാസികയായി. തുടക്കത്തില്‍ മുന്നൂറ് കോപ്പിയായിരുന്നു പ്രചാരം. ഉസ്മാനിയാ ഭരണകൂടത്തിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന പ്രസിദ്ധീകരണമായതിനാല്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക് അവര്‍ പത്രത്തിന് പ്രവേശനം അനുവദിച്ചില്ല. പക്ഷേ അല്‍മനാറിനെ കുറിച്ച് കേട്ടറിഞ്ഞവരുടെ ആവശ്യവും താല്‍പര്യവും മുന്‍നിര്‍ത്തി പഴയ ലക്കങ്ങള്‍ പുനഃപ്രസിദ്ധീകരിക്കാന്‍ റശീദ് രിദാ നിര്‍ബന്ധിതനായി. നാലിരട്ടി വിലയ്ക്കാണ് അവ വിറ്റുപോയത്. ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വരെ എത്തിയ അല്‍ മനാറിന് മുസ്‌ലിം സമൂഹത്തില്‍ പരിഷ്‌കരണ ചിന്തയുടെ വിത്ത്പാകാന്‍ കഴിഞ്ഞു. അല്‍മനാര്‍ ആ കാലഘട്ടത്തിലെ ചിന്തകളിലും മണ്ഡലങ്ങളിലും സൃഷ്ടിച്ച കലാപം ഓറിയന്റലിസ്റ്റ് ഹാമില്‍ട്ടണ്‍ ഗിബ്ബ് രേഖപ്പെടുത്തിയിട്ടുണ്ട്. മാസികയില്‍ ലേഖനമെഴുതുന്നതും പ്രൂഫ് വായിക്കുന്നതും പാക്ക് ചെയ്ത് വരിക്കാര്‍ക്ക് എത്തിക്കുന്നതുമെല്ലാം റശീദ് രിദാ തന്നെ. സലഫീ ചിന്താരീതിയോടായിരുന്നു റശീദ് രിദാക്കും അല്‍മനാറിനും കൂടുതല്‍ ആഭിമുഖ്യം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ അല്‍മനാര്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യക്കും മുഹമ്മദുബ്‌നു അബ്ദില്‍ വഹാബിനുമെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ ശക്തിമായി നേരിട്ടു. മദ്ഹബ് പക്ഷപാതിത്വത്തിനെതിരെ നിലകൊണ്ട പത്രം ഇജ്തിഹാദിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി. മഹ്മൂദ് ശുക്‌രി ആലൂസി, ജമാലുദ്ദീന്‍ അല്‍ഖാസിമി, ശൈഖ് അബ്ദുര്‍റഹ്മാന്‍ അസ്സഅദി എന്നിവര്‍ സ്ഥിരം എഴുത്തുകാരായിരുന്നു. ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീനെ വിമര്‍ശനാത്മകമായി വിലയിരുത്തി റശീദ് രിദാ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ച അല്‍മനാറിന്റെ ഒരു ലക്കം യാദൃഛികമായി കൈയില്‍ കിട്ടി വായിക്കാന്‍ ഇടവന്നതിനെ തുടര്‍ന്നാണ് ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി ഹദീസ് ഗവേഷണ-പഠന രംഗത്ത് കാല്‍വെച്ചത്. തസ്വവ്വുഫ്, തവസ്സുല്‍, ശഫാഅത്ത്, ഇജ്തിഹാദ് എന്നീ വിഷയങ്ങളില്‍ റശീദ് രിദായുടെ കാഴ്ചപ്പാടിനെ നിശിതമായി വിമര്‍ശിക്കുന്ന അല്‍ അസ്ഹര്‍ പ്രസിദ്ധീകരണത്തിനെതിരെ പോര്‍വിളികളുമായി രംഗത്തുവന്ന അല്‍മനാറിനെ ഇംഗ്ലീഷുകാരുടെ പിന്തുണയോടെ കോപ്റ്റിക് ക്രിസ്ത്യാനികളും ശക്തിയായെതിര്‍ത്തു. ഇംഗ്ലീഷുകാരുടെ സാംസ്‌കാരികാധിനിവേശത്തിനെതിരെ അല്‍മനാറിലൂടെ യുദ്ധം നയിച്ച റശീദ് രിദായുടെ കരുത്തുറ്റ രചനകള്‍ ആ കാലഘട്ടത്തില്‍ യൂറോപ്യന്‍ സംസ്‌കാരവ്യാപനത്തെ ചെറുക്കുന്ന മതില്‍കെട്ടുകള്‍ പണിതു. ഈജിപ്തിനെയും ഇസ്‌ലാമിക സംസ്‌കാരത്തെയും തകര്‍ക്കാന്‍ മദ്യം, ചൂതാട്ടം, പലിശ, വ്യഭിചാരം, കച്ചവടം എന്നീ അഞ്ച് സൈനിക ബറ്റാലിയനുകളെയാണ് യൂറോപ്പ് വിന്യസിച്ചിട്ടുള്ളതെന്ന് റശീദ് രിദാ തുറന്നടിച്ചു. ഇതിനു പുറമെയായിരുന്നു അറബി ഭാഷയെ തകര്‍ക്കാനുള്ള ഇംഗ്ലീഷുകാരുടെ ആസൂത്രിത ശ്രമം. സ്ഫുടമായ സാഹിത്യ ഭാഷക്ക് പകരം സാധാരണ ജനങ്ങളുടെ സംസാരഭാഷ ലാറ്റിന്‍ ലിപികളിലൂടെ പ്രചരിപ്പിച്ച് അറബിഭാഷയെയും ഖുര്‍ആനുമായുള്ള ബന്ധത്തെയും തകര്‍ക്കാനുള്ള കുത്സിത ശ്രമങ്ങള്‍ ശ്രദ്ധയില്‍പെട്ട റശീദ് രിദാ അറബി ഭാഷയുടെ സംരക്ഷണം ബാധ്യതയായി ഏറ്റെടുത്തു. 1935-ല്‍ റശീദ് രിദാ നിര്യാതനാവുമ്പോള്‍ അല്‍മനാറിന് മുപ്പത്തിയേഴ് വയസ്സായിരുന്നു. റശീദ് രിദായുടെ മരണശേഷം രണ്ടുവര്‍ഷം മുടങ്ങിയ അല്‍മനാര്‍ ഇമാം ഹസനുല്‍ ബന്നായുടെ പത്രാധിപത്യത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസിദ്ധീകരിച്ചെങ്കിലും ആറ് ലക്കങ്ങളേ പുറത്തിറങ്ങിയുള്ളൂ.
ബിന്‍ബാദീസും
അശ്ശിഹാബും
അള്‍ജീരിയയില്‍നിന്ന് പ്രസിദ്ധീകരിച്ച അശ്ശിഹാബ് വാരികയും അതിന്റെ സ്ഥാപകനായ അബ്ദുല്‍ഹമീദുബ്‌നു ബാദീസും ഇസ്‌ലാമിക പരിഷ്‌കരണ നവോത്ഥാന സംരംഭങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ മുന്‍നിരയില്‍ തെളിഞ്ഞുവരുന്ന നാമധേയങ്ങളാണ്. മുഹമ്മദുബ്‌നു അബ്ദില്‍ വഹാബിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ബിന്‍ബാദീസ് ഫ്രഞ്ച് കോളനിയായിരുന്ന അള്‍ജീരിയയില്‍ സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ അണിനിരത്തി പടനയിച്ച പ്രതിഭാധനനായിരുന്നു. ബിന്‍ബാദീസും അദ്ദേഹം രൂപംകൊടുത്ത ജംഇയ്യത്തുല്‍ ഉലമായും, ഇസ്‌ലാമിന്റെ മൗലികാടിസ്ഥാനങ്ങളില്‍ നിലയുറപ്പിച്ച് ജനങ്ങളില്‍ സ്വാതന്ത്ര്യാഭിവാഞ്ഛ അങ്കുരിപ്പിക്കുകയും ഫ്രഞ്ചാധിപത്യത്തിനെതിരെ ബഹുജന മുന്നേറ്റത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. 1834-ല്‍ തുടങ്ങിയ ഫ്രഞ്ച് അധിനിവേശം അള്‍ജീരിയയെ ക്രമേണ സാംസ്‌കാരികമായി കീഴ്‌പ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. തങ്ങളുടെ സാംസ്‌കാരികാസ്തിത്വം അടിയറവെച്ച് പരാജിത മനസ്സോടെ ഫ്രാന്‍സിന് വിടുവേലചെയ്യുന്ന ബുദ്ധിജീവി വിഭാഗത്തെയും മതത്തെ കേവലമായ ആത്മീയാനുഭൂതിയുടെ തലങ്ങളില്‍ തളച്ചിട്ട് തസ്വവ്വുഫിന്റെ മേഖലകളില്‍ അഭിരമിക്കുന്ന പണ്ഡിത നേതൃത്വത്തെയും ഫ്രഞ്ച് ഭരണാധികാരികള്‍ക്ക് നന്നേ ബോധിച്ചു. അള്‍ജീരിയയെ സാമ്പത്തികമായും സാംസ്‌കാരികമായും നശിപ്പിച്ച് ഒരു മുസ്‌ലിം രാഷ്ട്രസ്വരൂപമെന്ന പരികല്‍പന പോലും ജനഹൃദയങ്ങളില്‍നിന്ന് തുടച്ചുമാറ്റാനുള്ള തങ്ങളുടെ യത്‌നങ്ങള്‍ വിജയം കാണുന്നതില്‍ ഫ്രാന്‍സ് പുളകം കൊണ്ടു.
അധിനിവിഷ്ട അള്‍ജീരിയയുടെ മണ്ണില്‍ 1889-ല്‍ ഭൂജാതനായ അബ്ദുല്‍ഹമീദുബ്‌നു മുഹമ്മദുബ്‌നു മുസ്ത്വഫാ ഇബ്‌നു മക്കിബ്‌നു ബാദീസിനാണ് അടിമത്തത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കാനുള്ള മഹാഭാഗ്യമുണ്ടായത്. വിദ്യാസമ്പന്നമായ ആഭിജാത കുടുംബത്തില്‍ പിറന്ന ബിന്‍ബാദീസ് ചെറുപ്പന്നേ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും ജന്മദേശത്ത് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തുനീഷ്യയിലേക്ക് പോവുകയും സൈതൂന യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നേടുകയും ചെയ്തു. 1913-ല്‍ ഹജ്ജ് കര്‍മത്തിനിടെ ഹിജാസിലെ പണ്ഡിതരുമായി സ്ഥാപിച്ച ബന്ധം ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാവുകയും ചെയ്തു. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും വ്യതിചലിച്ചതും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വാരിപ്പുണര്‍ന്നതുമാണ് അള്‍ജീരിയന്‍ ജനതയുടെ പരാജയകാരണമെന്ന് ബിന്‍ബാദിസിന് ബോധ്യപ്പെട്ടു. അള്‍ജീരിയന്‍ ജനതയുടെ മതപരമായ പാപ്പരത്തം നിമിത്തമാണ് ഫ്രാന്‍സിന്റെ ആധിപത്യത്തിനും കോളനിവാഴ്ചക്കും തന്റെ രാജ്യം വളക്കൂറുള്ള മണ്ണായി മാറിയതെന്ന സത്യം തിരിച്ചറിഞ്ഞ അദ്ദേഹത്തിന് അടങ്ങിയിരിക്കാനാവുമായിരുന്നില്ല.
തന്റെ ജനതയെ വീണ്ടെടുക്കാനുള്ള ദൃഢനിശ്ചയവുമായി തിരിച്ചെത്തിയ ബിന്‍ബാദീസ്, താനുള്‍ക്കൊണ്ട ആശയം പ്രചരിപ്പിക്കാനുള്ള മാര്‍ഗം പത്രപ്രവര്‍ത്തനമാണെന്ന് മനസ്സിലാക്കി. പിന്നെ അതിലായി മുഴുശ്രദ്ധയും. 1919-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച അന്നജാഹ് ദിനപത്രത്തില്‍ പല തൂലികാനാമങ്ങളിലും ബിന്‍ബാദിസ് ലേഖനങ്ങളെഴുതിക്കൊണ്ടിരുന്നു. തന്റെ പ്രതീക്ഷക്കൊത്ത് നീങ്ങുന്നതല്ല ഈ പത്രമെന്ന് മനസ്സിലാക്കിയ ബിന്‍ബാദീസ് അല്‍മുന്‍തഖിദ് എന്ന പേരില്‍ ഒരു പുതിയ പ്രസിദ്ധീകരണം ആരംഭിച്ചു. ഫ്രഞ്ച് കോളനിവാഴ്ചക്കെതിരില്‍ പടപൊരുതാന്‍ തുടങ്ങിയതോടെ, പത്രത്തിന്റെ വിപ്ലവ ലൈന്‍ മനസ്സിലാക്കിയ അധികൃതര്‍ പതിനെട്ടാമത്തെ ലക്കത്തോടെ അല്‍മുന്‍തഖിദ് നിരോധിച്ചു. പത്രപ്രവര്‍ത്തനരംഗത്ത് ഇതിനകം നേടിയ പരിചയസമ്പത്ത് മൂലധനമാക്കി അശ്ശിഹാബ് എന്ന പേരില്‍ പുതിയ പത്രത്തിന് അടിത്തറ പാകി. 1926-ല്‍ 'അശ്ശിഹാബി'ന്റെ പ്രഥമലക്കം പുറത്തിറങ്ങി. 1939-ല്‍ രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന് ഫ്രഞ്ച് അധികൃതര്‍ അടച്ചുപൂട്ടുന്നതുവരെ പത്രം വിജയകരമായി പ്രസിദ്ധീകരണം തുടര്‍ന്നു. ആദര്‍ശ ബോധവല്‍ക്കരണത്തിലും വിദ്യാഭ്യാസയത്‌നങ്ങളിലും ഊന്നല്‍ നല്‍കിയ പത്രം അള്‍ജീരിയയില്‍ ഉടനീളം പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരാനും സ്ത്രീ വിദ്യാഭ്യാസത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനും നിമിത്തമായി.
അതോടൊപ്പം ലോകമുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാനും വിമോചനത്തിന്റെ ചിന്തകള്‍ ബഹുജനമനസ്സുകളില്‍ ഊട്ടിയുറപ്പിക്കാനും അശ്ശിഹാബിന് കഴിഞ്ഞു. ബിന്‍ബാദീസിന്റെ വിപ്ലവ ചിന്തകള്‍ ജനലക്ഷങ്ങളെ ഇളക്കിമറിച്ചു. പുരോഹിതവൃന്ദം ഇളകിവശായി. ഫ്രഞ്ച് ഭരണകൂടത്തിന്റെ പിന്തുണയോടെ ബിന്‍ബാദിസിനെ വധിക്കാന്‍ ആ സൂഫിവിഭാഗം ശ്രമിച്ചെങ്കിലും തലനാരിഴക്ക് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. അള്‍ജീരിയന്‍ പണ്ഡിതനായ മാലിക് ബിന്നബി, ബിന്‍ബാദീസിനെ അനുസ്മരിച്ചതിങ്ങനെ: ''ബിന്‍ബാദീസിന്റെ അക്ഷരങ്ങളില്‍നിന്ന് നവോത്ഥാനത്തിന്റെ വിസ്മയങ്ങള്‍ പിറവിയെടുത്തു. അതൊരു തിരിച്ചറിവിന്റെയും ഉണര്‍വിന്റെയും മുഹൂര്‍ത്തമായിരുന്നു. മയങ്ങിക്കിടന്ന അള്‍ജീരിയന്‍ ജനത ഞെട്ടിയുണര്‍ന്നു. ജീവന്റെ തുടിപ്പുകള്‍ അവരില്‍ ദൃശ്യമായി. എന്തൊരു അനുഗൃഹീതവും ചോതോഹരവുമായ ഉണര്‍വായിരുന്നു അത്!''
ബിന്‍ബാദീസിനെയും അശ്ശിഹാബ് പത്രത്തെയും നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായാണ് ചരിത്രകാരന്മാര്‍ കാണുന്നത്. പാശ്ചാത്യ സംസ്‌കാരത്തിനും നാഗരികതക്കുമെതിരെ ഇസ്‌ലാമിന്റെ മഹിതാശയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബിന്‍ബാദീസ് പ്രദര്‍ശിപ്പിച്ച ആര്‍ജവത്തിന്റെ നിദര്‍ശനമായിരുന്നു അശ്ശിഹാബിന്റെ ഓരോ ലക്കവും.
പത്രങ്ങളുടെ
ബഹുമുഖദൗത്യം
അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ 1924-ല്‍ പ്രസിദ്ധീകരിച്ച അല്‍മുഅ്തമറുല്‍ ഇസ്‌ലാമിയും അതിന്റെ തിരോധാനത്തിനു ശേഷം രംഗത്തു വന്ന നൂറുല്‍ ഇസ്‌ലാം പത്രികയും നവോത്ഥാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി. നിര്‍മതരും സെക്യുലരിസ്റ്റുകളും പത്ര-മാധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരുന്ന ഇസ്‌ലാംവിരുദ്ധ ലേഖനങ്ങള്‍ക്ക് മറുപടിയും ഇസ്‌ലാമിനെ അതിന്റെ ആദിമ വിശുദ്ധിയോടെ അവതരിപ്പിച്ച് ശരീഅത്തിനെ തനിമയോടെ സംരക്ഷിക്കുന്ന രചനകളുമായിരുന്നു നൂറുല്‍ ഇസ്‌ലാമിന്റെ പ്രത്യേകത.
മുഹമ്മദ് സ്വാദിഖ് അര്‍ജൂന്‍, ശൈഖ് മുഹമ്മദുല്‍ ഖുള്ര്‍ ഹുസൈന്‍, ശൈഖ് മുഹമ്മദ് അറഫ, മുഹമ്മദുല്‍ ബഹി, ശൈഖ് മഹ്മൂദ് ശല്‍ത്തൂത്ത്, മുഹമ്മദ് അഹ്മദല്‍ ഗംറാവി, അബ്ദുല്‍ അസീസ് ആലിബി തുടങ്ങിയ ആ കാലഘട്ടത്തിലെ പ്രതിഭാധനരായ പണ്ഡിതന്മാര്‍ തങ്ങളുടെ ഈടുറ്റ സൃഷ്ടികളുമായി നൂറുല്‍ ഇസ്‌ലാമില്‍ അണിനിരന്നു. ഗവേഷണ-ചിന്താരംഗങ്ങളില്‍ മുസ്‌ലിം ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ചലനങ്ങളിലേക്ക് ഒരു കിളിവാതില്‍ നൂറുല്‍ ഇസ്‌ലാം തുറന്നിട്ടു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ഈജിപ്ത് വിപല്‍ക്കരമായ പല ചിന്താ പ്രവണതകളുടെയും ഈറ്റില്ലമായി. സാംസ്‌കാരിക രംഗത്തെ ആംഗലേയ കടന്നാക്രമണത്തിന്റെ പ്രതിഫലനമായിരുന്നു അത്. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും അസ്തിത്വം പോലും ചോദ്യം ചെയ്യുന്ന ത്വാഹാ ഹുസൈന്റെ അശ്ശിഅ്‌റുല്‍ ജാഹിലി പ്രസിദ്ധീകരിക്കപ്പെട്ട സന്ദര്‍ഭം. മറുവശത്ത് ശൈഖ് അലി അബ്ദുര്‍റസ്സാഖിന്റെ വിഷലിപ്തമായ 'അല്‍ ഇസ്‌ലാമു വ ഉസ്വൂലുല്‍ ഹുകും' എന്ന പേരില്‍ പുറത്തിറങ്ങിയ കൃതി ജനഹൃദയങ്ങളില്‍ സൃഷ്ടിച്ചുവിട്ട സംശയങ്ങളും തെറ്റുധാരണകളും. ഇസ്‌ലാമില്‍ ഒരു രാഷ്ട്രീയ വ്യവസ്ഥയുണ്ടെന്ന യാഥാര്‍ഥ്യം തന്നെ നിഷേധിക്കുന്ന ആ കൃതി ഇസ്‌ലാം, ക്രൈസ്തവത പോലെ കേവലം ആത്മീയ ദര്‍ശനമാണെന്നും രാഷ്ട്ര-രാഷ്ട്രീയ സങ്കല്‍പങ്ങള്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടിന് പുറത്താണെന്നും വാദിച്ചു. മുസ്ത്വഫാ കമാല്‍പാഷ തുര്‍ക്കിയില്‍ ഇസ്‌ലാമിക ഖിലാഫത്തിനെ ഇല്ലായ്മ ചെയ്ത് തുര്‍ക്കിയെ മതേതര രാഷ്ട്രമാക്കി മാറ്റിയ ദുരന്തത്തെ സിദ്ധാന്തവല്‍ക്കരിച്ച് ന്യയീകരണങ്ങള്‍ നിരത്തുകയായിരുന്നു അലി അബ്ദുര്‍റസ്സാഖ്. ഈ ദുരവസ്ഥയില്‍ മനംനൊന്ത ചിലര്‍ കയ്‌റോവില്‍ ഒത്തുകൂടി. മുഹിബ്ബുദ്ദീന്‍ ഖതീബ്, അഹ്മദ് തൈമൂര്‍ ബാഷ, അബൂബക്കര്‍ യഹ്‌യാ ബാഷ, അലി ജലാലുല്‍ ഹുസൈനി, മുഹമ്മദ് ഖിള്ര്‍ ഹുസൈന്‍ തുടങ്ങിയ ചിന്തകര്‍ ഒരു വേദിക്ക് രൂപം നല്‍കുകയും ഒരു പ്രസിദ്ധീകരണം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 1926 ജൂണ്‍ 1-ന് അല്‍ഫത്ഹ് എന്ന പേരില്‍ മാസിക പുറത്തിറങ്ങി. പാശ്ചാത്യ ചിന്താധാരകളുടെ കടന്നാക്രമണത്തെ ചെറുക്കാനും ലോകമുസ്‌ലിം സമൂഹത്തിലെ നവോത്ഥാന ചലനങ്ങള്‍ക്ക് പ്രചാരണം നല്‍കാനും സാംസ്‌കാരികാധിനിവേശത്തിന്റെ നുകത്തില്‍നിന്ന് മുസ്‌ലിം സമൂഹത്തെ മോചിപ്പിക്കാനും പ്രതിജ്ഞാബദ്ധമായ അല്‍ഫത്ഹില്‍ ആ കാലഘട്ടത്തിലെ പ്രമുഖ എഴുത്തുകാരും ബുദ്ധിജീവികളും അണിനിരന്നു. അഹ്മദ് മുഹമ്മദ് ശാകിര്‍, മഹ്മൂദ് അഹ്മദ് ശാകിര്‍, ശകീബ് അര്‍സലാന്‍, മുസ്ത്വഫാ സ്വാദിഖുര്‍റാഫിഈ, ഉസ്മാനിയാ രാഷ്ട്രത്തിലെ ശൈഖുല്‍ ഇസ്‌ലാം മുസ്ത്വഫാ സ്വബ്‌രി, അലി ത്വന്‍ത്വാവി, തഖിയ്യുദ്ദീന്‍ ഹിലാലി തുടങ്ങിയ പ്രതിഭാധനന്മാര്‍ തങ്ങളുടെ രചനകളാല്‍ 'അല്‍ ഫതഹി'നെ ധന്യമാക്കി. ശിഅ്‌റുല്‍ ജാഹിലിയിലൂടെ ത്വാഹാ ഹുസൈന്‍ തൊടുത്തുവിട്ട ദുരാരോപണങ്ങള്‍ക്ക് മറുപടി പറയുന്ന ദൗത്യവും ഫത്ഹ് ഏറ്റെടുത്തു. ത്വാഹാ ഹുസൈന്റെ ജല്‍പനങ്ങളെ കോടതി കയറ്റാന്‍ ഒരുമ്പെട്ടിറങ്ങിയതും കേസ് വിസ്താരം പൂര്‍ണമായി പ്രസിദ്ധീകരിച്ചതും അല്‍ ഫത്ഹ് തന്നെ. അതോടൊപ്പം ഈജിപ്തിലെ പാശ്ചാത്യ ചിന്തയുടെ അപോസ്തലന്മാരായി അറിയപ്പെട്ട അഹ്മദ് ലുത്വ്ഫി സയ്യിദ്, സലാമ മൂസ, തൗഫീഖുല്‍ ഹകീം, ഹുസൈന്‍ ഫൗസി, മിഷേല്‍ അഫ്‌ലഖ് (ബഅ്‌സ് പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രം) എന്നിവരുടെ കടന്നാക്രമണങ്ങളെ ബുദ്ധിപരമായി നേരിട്ടതും അല്‍ഫത്ഹ് തന്നെ.
ഉസ്മാനിയാ ഖിലാഫത്തിന്റെ സ്വാധീന മേഖലകളായ - ഇസ്തംബൂള്‍, ദമസ്‌കസ്, കയ്‌റോ എന്നീ പ്രദേശങ്ങളില്‍നിന്നകലെ ഇസ്‌ലാമിക പരിഷ്‌കരണ-നവോത്ഥാന പ്രസ്ഥാനങ്ങളും പ്രബോധന സംരംഭങ്ങളും സജീവമായ സന്ദര്‍ഭമായിരുന്നു പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി. ഇസ്‌ലാമിനെ സമഗ്ര ജീവിതദര്‍ശനമായി അവതരിപ്പിക്കുകയും മുസ്‌ലിം സമൂഹത്തിന്റെ ബോധമണ്ഡലത്തില്‍ പുത്തനുണര്‍വിന്റെ സ്ഫുലിംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത നിരവധി ചിന്താപ്രസ്ഥാനങ്ങളുടെ പിറവിക്ക് ആ കാലഘട്ടം സാക്ഷിയായി. ഇന്ത്യയില്‍ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍(1762), യമനില്‍ ഇമാം ശൗകാനിയുടെ പ്രവര്‍ത്തനങ്ങള്‍(1823), ഇറാഖില്‍ ശിഹാബുദ്ദീന്‍ ആലൂസി(1854), മൊറോക്കോയില്‍ മുഹമ്മദുബ്‌നു അലി അസ്സനൂസി(1859), സുഡാനില്‍ മഹ്ദി പ്രസ്ഥാനം(1885) - ഇങ്ങനെ പ്രബോധന പരിഷ്‌കരണ ചിന്താ മേഖലകളില്‍ നവജാഗരണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു തുടങ്ങിയ അനുഗൃഹീത മുഹൂര്‍ത്തമായിരുന്നു ഈ കാലഘട്ടം. പരിഷ്‌കര്‍ത്താക്കള്‍ വെട്ടിത്തെളിച്ച പാതയിലൂടെ മുന്നേറിയവര്‍ ആ കാലത്ത് നിരവധിയാണ്. ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് അബ്ദുവും മുസ്‌ലിം ലോകത്തിന് നല്‍കിയ സംഭാവനകളെ വിലയിരുത്തേണ്ടത് ആ കാലഘട്ടത്തിന് ദിശാബോധം നല്‍കിയ നവോത്ഥാന നായകന്മാര്‍ എന്ന നിലക്കാണ്. പാരീസിലെ ഒരു കെട്ടിടത്തിലെ ഇടുങ്ങിയ കൊച്ചുമുറിയിലാണ് അല്‍ ഉര്‍വതുല്‍ വുസ്ഖായുടെ പിറവി. പത്രത്തിന്റെ ആസ്ഥാനവും അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും അനുയായികളുടെ സംഗമ കേന്ദ്രവും ആ കൊച്ചുമുറി തന്നെ. ബ്രിട്ടീഷുകാരെയും ഫ്രഞ്ചുകാരെയും അല്‍ ഉര്‍വതുല്‍ വുസ്ഖാ വിറളി പിടിപ്പിച്ചു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ബുദ്ധിപരമായി പടനയിച്ച പത്രം ജനങ്ങളില്‍ സ്വാതന്ത്ര്യ ചിന്തകള്‍ അങ്കുരിപ്പിക്കുന്നത് കൈകെട്ടി നോക്കിനില്‍ക്കാന്‍ ഫ്രാന്‍സും ബ്രിട്ടനും തയാറായിരുന്നില്ല. 8 മാസങ്ങളില്‍ 18 ലക്കം പുറത്തിറങ്ങാനേ ഉര്‍വതുല്‍ വുസ്ഖാക്ക് ഭാഗ്യമുണ്ടായുള്ളൂ. അധികൃതര്‍ പത്രം അടച്ചുപൂട്ടി.
നവോത്ഥാന സംരംഭങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിലും ഗതിവേഗം വര്‍ധിപ്പിക്കുന്നതിലും പത്രപ്രവര്‍ത്തനത്തിന്റെ സ്ഥാനം കണ്ടറിഞ്ഞ മുഹമ്മദ് അബ്ദു, തന്റെ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ ഉതകുമെന്നോര്‍ത്ത് ഈജിപ്ഷ്യന്‍ ഗസറ്റായ അല്‍വഖാഇഉല്‍ മിസ്‌രിയ്യയുടെ പത്രാധിപത്യം ഏറ്റെടുത്തു.
അസ്സഖാഫ വാരികയുടെ പത്രാധിപരായ അഹ്മദ് അമീന്‍ പത്രപ്രവര്‍ത്തനരംഗത്ത് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്. 14 വര്‍ഷം ആ പ്രസിദ്ധീകരണം നിലനിന്നു. അഹ്മദ് അമീന്‍ തന്റെ വാരികയില്‍ എഴുതിയ ലേഖന സമാഹാരമാണ് പത്ത് വാള്യങ്ങളിലായി പിന്നീട് പ്രസിദ്ധീകരിച്ച 'ഫൈദുല്‍ ഖാത്വിര്‍. 1908-ല്‍ ദമസ്‌കസ് കേന്ദ്രമാക്കി മുഹമ്മദ് കുര്‍ദ് അലി തുടങ്ങിയ അല്‍ മുഖ്തബസ് മത- സാഹിത്യ- സാംസ്‌കാരിക മേഖലകളില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല.
മുസ്‌ലിം ലോകത്തെ പത്രപ്രവര്‍ത്തന മേഖലക്ക് മറക്കാനാവാത്ത വ്യക്തിത്വമാണ് ഈജിപ്തിലെ സ്വാലിഹ് അശ്മാവി. ഇംഗ്ലീഷ് ആധിപത്യത്തിനെതിരെ ജനഹൃദയങ്ങളെ അണിനിരത്തിയ അശ്മാവിയുടെ രചനകള്‍ സാഹിത്യലോകത്തും മികച്ച സംഭാവനകളാണ്. 1938-ല്‍ പുറത്തിറങ്ങിയ ഇഖ്‌വാന്റെ മുഖപത്രമായ അന്നദീറിന്റെ പത്രാധിപരായി ഹസനുല്‍ ബന്നാ നിയമിച്ചത് അശ്മാവിയെയാണ്. 1940-ല്‍ ബന്നായുടെ നിര്‍ദേശപ്രകാരം അന്നദിര്‍ നിര്‍ത്തലാക്കുന്നതുവരെ ചുമതല അശ്മാവിക്ക് തന്നെ. 1942-ല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അല്‍ ഇഖ്‌വാന്‍ എന്ന പേരില്‍ ദൈ്വവാരിക പ്രസിദ്ധീകരിച്ചപ്പോള്‍ അശ്മാവി തന്നെയായിരുന്നു മുഖ്യപത്രാധിപര്‍. 1951-ല്‍ ഇഖ്‌വാന്‍ ആരംഭിച്ച അദ്ദഅ്‌വ 1953-ല്‍ പ്രസിദ്ധീകരണം നിലച്ചു. 1976-ല്‍ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങിയ അദ്ദഅ്‌വ മൂന്നാമതും 1981-ല്‍ നിരോധിക്കപ്പെട്ടു. ഇഖ്‌വാന്‍ നേതാക്കളോടൊപ്പം ജയിലിലായ അശ്മാവി സാദാത്തിന്റെ വധത്തിന് ശേഷമാണ് മോചിതനായത്.
ഹസനുല്‍ ബന്നാ ഓരോ നിരോധത്തെയും അതിജീവിച്ച് പ്രവര്‍ത്തനാനുമതി കിട്ടുമ്പോഴെല്ലാം പുതിയ പ്രസിദ്ധീകരണങ്ങളുമായി രംഗത്ത് വന്നു. അന്നദീറും അല്‍ ഇഖ്‌വാനും, ഇഖ്‌വാനുല്‍ മുസ്‌ലിമൂനും, അദ്ദഅ്‌വയുമെല്ലാം അടങ്ങാത്ത ആ പത്രപ്രവര്‍ത്തന വാഞ്ഛയുടെ ഉത്തമോദാഹരണങ്ങളാണ്.
p.jamal@knpc.com

Comments

Other Post