Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

എഴുത്തുമലയാളത്തിന്റെ മുസ്‌ലിം വിസ്താരങ്ങള്‍

അനീസുദ്ദീന്‍ അഹ്മദ്‌

ഞാന്‍ മലയാളം പഠിക്കുന്ന കാലത്ത് മലഞ്ചാളം, ആരിയനെയിത്ത് എന്നൊക്കെ വേണമായിരുന്നു പറയേണ്ടിയിരുന്നത്. മലയാള ഭാഷയെ എങ്ങനെയെല്ലാം വികൃതമാക്കാമോ അങ്ങനെയെല്ലാം വികൃതമാക്കിയിരുന്നു. വയി, കുയി, പൊയ, പായ, കോയി, മയ, ഒല്‍പ, പാരിത്തം, ആഹാജം, നഷ്‌കീത്രോം- ഇതൊക്കെയായിരുന്നു സാലിഹായ പയങ്ങള്‍. ആകാശം, നക്ഷത്രം എന്നെങ്ങാനും പറഞ്ഞാല്‍ കാഫിറായി നരകത്തില്‍ 'ഒയില്‍' എന്ന ചരുവിലാണ് കിടന്ന് വെന്തുപൊരിയുന്നത്. 'ഖൊജരാജാവായ തമ്പ്‌രാനെ, ചെരിയായ മലയാളത്തില്‍ പയക്കം പറയേണ അഹ്‌ലുകാരുടെ കൂട്ടത്തി ഞങ്ങളെ പെടുത്തല്ലായീ!' എന്ന് അല്ലാഹുവിനോട് അഞ്ചുനേരവും ദുആ ഇരക്കുന്ന മുസ്‌ല്യാക്കന്മാരും തങ്ങന്മാരും ശൈഖന്മാരും ഉണ്ടെന്ന് ശ്രീ. പി.എ സെയ്തുമുഹമ്മദ് എന്നോട് പറഞ്ഞിട്ടുണ്ട്.
- വൈക്കം മുഹമ്മദ് ബഷീര്‍
അതുലിത സൗഭാഗ്യത്തികവാല്‍ നല്‍
പുകളൊളിപൂരം തൂകിവിളങ്ങും
അനിതര സദ്ഗുണശാലിനി മാമക
കേരളറാണീ ജയ ജയ ജനനീ
അഭിനവഭാരത ഭൂഷണമാകിന
സുമധുരവാണീ
ജനിതസമൈക്യക്ഷേമ സമൃദ്ധികള്‍
മതിവരുവോളം തനുജരിലേകി
ജനനി ചയാദരമൊട് വിജയിപ്പൂ
മമ മലയാളം
- ടി. ഉബൈദ്
കോളനീകരണത്തിന്റെ ഏറ്റവും ശക്തമായ ഉപകരണങ്ങളായിരുന്നല്ലോ ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷ് വിദ്യാഭ്യാസവും. ഇതിനോട് ചേര്‍ന്ന് ആധുനികമായ കേരളീയതയുടെ രൂപീകരണത്തിന് സാംസ്‌കാരിക ഭൂപടമൊരുക്കിയത് മലയാള ഭാഷക്കകത്തു നടന്ന മാനകീകരണ പ്രക്രിയയാണ് (Standardization). കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ എഴുത്തു വ്യവഹാരങ്ങള്‍ ഈ മാനകീകരണത്തെ അഭിമുഖീകരിച്ചതിനെപ്പറ്റി ചരിത്രാത്മകമായി വിസ്തരിക്കുകയാണിവിടെ.1
തീര്‍ച്ചയായും ആധുനികതയും നവോത്ഥാനവുമൊക്കെ സാധ്യമായത് ഒട്ടേറെ ജ്ഞാനപാരമ്പര്യങ്ങളെ ദമനം ചെയ്താണ്. ആധുനികാനന്തര കാലം ഇത്തരം തിരിച്ചറിവുകള്‍ ധാരാളമായി വിനിമയം ചെയ്യപ്പെടുന്നുമുണ്ട്. എങ്കില്‍പോലും നവോത്ഥാനത്തെയും അതിന്റെ മാനകയുക്തിയെയും വിധ്യാത്മകമായി സമീപിക്കുന്നതിന് ഈ തിരിച്ചറിവുകള്‍ തടസ്സമാകുന്നില്ല.
അച്ചടിയിലുറച്ച
അറബിമലയാളം
അച്ചടി, വര്‍ത്തമാനപത്രം, നിഘണ്ടു-വ്യാകരണ നിര്‍മാണങ്ങള്‍, ആധുനിക വിദ്യാഭ്യാസം എന്നിവയൊക്കെയാണ് കേരളത്തിന്റെ ആധുനീകരണ പ്രക്രിയയെ മുന്നോട്ടുകൊണ്ടുപോയത്. കേരള മുസ്‌ലിംകളുടെ വ്യവഹാര മണ്ഡലത്തില്‍ അറബിമലയാളത്തെ ഉറപ്പിച്ചുനിര്‍ത്തിയതും അച്ചടിയെന്ന ആധുനിക മാധ്യമമാണ്. 1845-ലാണല്ലോ ക്രൈസ്തവ മിഷണറി സംഘമായ ബാസല്‍ മിഷന്‍ ട്രസ്റ്റുകാര്‍ തലശ്ശേരിക്കടുത്ത ഇല്ലിക്കുന്നില്‍ 'തലശ്ശേരി മിഷന്‍ പ്രസ്സ്' സ്ഥാപിക്കുന്നത്. ഈ അച്ചടിശാലയില്‍നിന്ന് മുദ്രണവിദ്യ അഭ്യസിച്ച തീപ്പൂത്തില്‍ കുഞ്ഞഹമ്മദ് ആണ് കേരളത്തിലെ ആദ്യത്തെ അറബിമലയാള അച്ചടിശാല തലശ്ശേരി നഗരത്തില്‍ സ്ഥാപിക്കുന്നത്. ആ അച്ചുകൂടത്തില്‍നിന്ന് മുദ്രണവിദ്യ അഭ്യസിച്ചവരില്‍ ചിലര്‍ പില്‍ക്കാലത്ത് തലശ്ശേരിയില്‍തന്നെ പല അച്ചുകൂടങ്ങള്‍ സ്ഥാപിക്കുകയും മറ്റുചിലര്‍ പൊന്നാനി, തിരൂരങ്ങാടി, വളപട്ടണം തുടങ്ങിയ സ്ഥലങ്ങളിലേക്കു നീങ്ങി അവിടങ്ങളില്‍ പല അച്ചടിശാലകള്‍ സ്ഥാപിക്കുകയും ചെയ്തു. (അബു; 1970: 126). അതേസമയം അറബിമലയാളത്തിലെ അച്ചടിക്കപ്പെട്ട ആദ്യകൃതിയായി വിശേഷിപ്പിക്കപ്പെടുന്ന - കോഴിക്കോട്ടുകാരനായ അഹമ്മദ് കോയ മുസ്‌ലിയാര്‍ തര്‍ജമ ചെയ്ത - 'തിബ്ബുന്നബിയ്യ്'2 1840-ല്‍ തന്നെ ബോംബെയില്‍ അച്ചടിച്ചിട്ടുണ്ട്. അക്കാലത്തിവിടെ അറബിമലയാള അച്ചുകൂടങ്ങളില്ലായിരുന്നു. 1850-കള്‍ തൊട്ട് ഒരു നൂറ്റാണ്ടോളം കാലം അറബിമലയാള ഗദ്യത്തിന്റെ പുഷ്‌കലകാലമാണ്. ചരിത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ഭാഷാവിജ്ഞാനം തുടങ്ങി ഒരു ജനതയുടെ ഉയിര്‍പ്പിനാവശ്യമായ എല്ലാ വിജ്ഞാന മേഖലകളെയും മാപ്പിളഗദ്യം അഭിസംബോധന ചെയ്തിരുന്നു (റഹ്മാന്‍; 2009:35).
ദാര്‍ശനികമെന്നു പറയാവുന്നതുള്‍പ്പെടെ ഒട്ടേറെ ഗൗരവപ്പെട്ട ആഖ്യാനങ്ങള്‍ക്കു ലിഖിതപാഠം നല്‍കിയ അറബിമലയാളം മുസ്‌ലിംകള്‍ക്കിടയിലെ ജനകീയ/ജനപ്രിയ സാഹിത്യാവിഷ്‌കാരത്തിന്റെ മാധ്യമം കൂടിയായിരുന്നു. 19-ാം നൂറ്റാണ്ടവസാനമാകുമ്പോഴേക്കും മാപ്പിള മലയാളത്തില്‍നിന്ന് മാനക മലയാളത്തിലേക്കുള്ള സംക്രമണമാരംഭിക്കുന്നുണ്ട്; അപ്പോഴും നവോത്ഥാന സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കിയവര്‍ക്കുള്‍പ്പെടെ അറബിമലയാളത്തെ കൈയൊഴിയാന്‍ കഴിയാതിരുന്നത് ഇപ്പറഞ്ഞ ജനകീയത കൊണ്ടാണ്. ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം, പൊതുവെ മാപ്പിള/അറബി മലയാളവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നവോത്ഥാന, പരിഷ്‌കരണ വാദങ്ങളാണ് അതിനെ നിഷ്‌കാസനം ചെയ്തത് എന്ന തരത്തിലുള്ള വാദമുയരാറുണ്ട്. ശുദ്ധ മലയാളത്തിന്റെ ഒരു സുവര്‍ണ ഭൂതകാലം ഉണ്ടായിരുന്നെന്നു സങ്കല്‍പിക്കുന്ന പോലെ നിരാസ്പദമാണ് ഈ വാദവും.3
1884-ല്‍ മലയാള ലിപിയില്‍ അച്ചടിക്കപ്പെട്ട ആദ്യമലയാള കൃതിയായ 'കഠോരകുഠാരം' രചിച്ച സനാഉല്ല മക്തി തങ്ങളാണ് 1894-ല്‍ 'തുഹ്ഫത്തുല്‍ അഖ്‌യാര്‍ വ ഹിദായത്തുല്‍ അശ്‌റാര്‍' എന്ന അറബിമലയാള പത്രം ആരംഭിക്കുന്നത് (1987:101). 1918-ല്‍ 'അല്‍ ഇസ്‌ലാം' എന്ന മാസിക തുടങ്ങിയ വക്കം എം. അബ്ദുല്‍ഖാദര്‍ മൗലവി 'കീമിയാഉസ്സആദഃ'യുടെ ഒരു ഭാഗം തര്‍ജമയായും 'ഗൗളുസ്സബാഹ്' എന്ന ഗ്രന്ഥവും അറബിമലയാളത്തിലെഴുതി (അബു: 134). സെയ്താലിക്കുട്ടി മാസ്റ്ററുടെ 'സലാഹുല്‍ ഇഖ്‌വാനും' ഇ. മൊയ്തു മൗലവിയുടെ 'അല്‍ ഇസ്‌ലാഹും' കെ.എം മൗലവിയുടെ 'അല്‍ ഇര്‍ശാദു'മൊക്കെ അറബിമലയാളത്തില്‍ തന്നെയാണ് ലിപ്യങ്കനം ചെയ്യപ്പെട്ടത്. മുസ്‌ലിം നവോത്ഥാന/പരിഷ്‌കരണ യത്‌നങ്ങള്‍ക്കു നേതൃത്വം കൊടുത്തവരായിരുന്നു മേല്‍പ്പറഞ്ഞവര്‍. മുസ്‌ലിം ബഹുജന സാക്ഷരത ഈ സങ്കര ഭാഷാലിപിയായതുകൊണ്ട് അവരോട് സംവദിക്കണമെങ്കില്‍ ഇതാവശ്യവുമായിരുന്നു.
പിന്നീട്, സംഘടിത നവോത്ഥാന സംഘങ്ങളായ കേരള നദ്‌വത്തുല്‍ മുജാഹിദീന്നും ജമാഅത്തെ ഇസ്‌ലാമിക്കും അറബി മലയാളത്തില്‍ രചനകളുണ്ടായി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, അമാനി മൗലവി, ഇ.കെ മൗലവി, അബുസ്സ്വലാഹ് മൗലവി തുടങ്ങിയ പരിഷ്‌കരണാശയക്കാര്‍ 1950-കളില്‍ നദ്‌വത്തുല്‍ മുജാഹിദീന്റെ മദ്‌റസാ പാഠപുസ്തകങ്ങള്‍ - അഖ്‌ലാഖ്, നമ്മുടെ നബി, ഇസ്‌ലാമിലെ ചരിത്രകഥകള്‍, ദുറൂസു ലിസാനുല്‍ അറബി, കിത്താബുസ്സ്വര്‍ഫ് തുടങ്ങിയവ - തയാറാക്കിയത് മലയാളത്തിലാണ്. പ്രബോധനം പത്രാധിപരായിരുന്ന ടി. മുഹമ്മദ് ആണ് പ്രാഥമിക പാഠപുസ്തകങ്ങള്‍ അറബിമലയാളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മദ്‌റസകള്‍ക്കു വേണ്ടി തയാറാക്കിയത്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിഖ്യാതമായ 'ഖുത്വ്ബാതി'ന്റെ ആദ്യഭാഗങ്ങള്‍ അറബിമലയാളത്തിലിറങ്ങിയിട്ടുണ്ട്. ഇസ്‌ലാമിന്റെ ബൃഹദ് പാരമ്പര്യത്തെ അതിന്റെ ജ്ഞാനസ്രോതസ്സുകളില്‍ നിന്നുള്‍ക്കൊള്ളവെത്തന്നെ അതിന്റെ ലഘു പാരമ്പര്യങ്ങളെ (Little tradition) അഭിമുഖീകരിക്കാന്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സാധിച്ചു എന്നാണ് ഇതൊക്കെയും സൂചിപ്പിക്കുന്നത്.
എഴുത്തധികാരം
അറബിമലയാളത്തില്‍ മുദ്രണം ചെയ്യപ്പെട്ട കൃതികള്‍ മുസ്‌ലിം ജനസാമാന്യത്തില്‍ വ്യാപിച്ചു തുടങ്ങുമ്പോള്‍ തന്നെ കേരള സമൂഹത്തില്‍ രണ്ടുതരം ഗദ്യരീതികള്‍ ലിഖിതപാഠം എന്ന നിലയില്‍ പ്രചരിക്കന്നുണ്ട്. സംസ്‌കൃത വാക്യരീതിയുടെ സ്വാധീനം പ്രകടമാവുന്ന, ഹൈന്ദവമെന്നോ സവര്‍ണമെന്നോ പറയാവുന്ന ലോകബോധത്തോട് ആശയതലത്തില്‍ പൊരുത്തമുള്ള ആഖ്യാന മാതൃകകളാണ് അവയിലൊന്ന്. മറ്റൊന്ന് ക്രൈസ്തവമായ മിഷനറി മലയാളം. സുറിയാനി, ഹീബ്രു പദങ്ങളുടെ ആധിക്യവും ഒരുതരം കൃത്രിമത്വവുമായിരുന്നു ഇതിന്റെ പ്രത്യേകത. ഭാഷാപരമായ അധിനിവേശ ശ്രമത്തിന്റെ - അത് ഭരണപരമോ മതാത്മകമോ ആവട്ടെ - രണ്ടുതരം ആവിഷ്‌കാര പ്രരൂപങ്ങളായിരുന്നു ഈ ഗദ്യരൂപങ്ങള്‍. 'സാധാരണ ജനങ്ങളെ - അപണ്ഡിതന്മാരെ- മുന്നില്‍ കണ്ടുള്ളതായിരുന്നു മിഷനറി ഗദ്യം. ജനകീയഗദ്യമെഴുതുക മിഷനറിമാരുടെ ആവശ്യമായിരുന്നു. സാധാരണ ജനങ്ങളുടെ ഇടയിലാണല്ലോ അവര്‍ക്ക് ക്രിസ്തുമതം പ്രചരിപ്പിക്കേണ്ടത്, പണ്ഡിതന്മാരുടെ ഇടയിലല്ല. അതുകൊണ്ട് പാമര ജനഭാഷയിലെഴുതി' എന്ന് ഗുപ്തന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു (2001:18).
ഇങ്ങനെ മതപ്രചാരണപരമായ ഒരുന്നം അറബി മലയാള കര്‍ത്താക്കള്‍ക്കില്ലായിരുന്നു. മാപ്പിള ഭാഷണ സമൂഹത്തിന്റെ (speech community) പരിമിത വൃത്തത്തില്‍ അതൊങ്ങിനിന്നു. അതുകൊണ്ടാവാം മിഷനറി ഗദ്യത്തിലെ പല കൃതികളും ''തുറന്ന സമൂഹത്തെ ലക്ഷ്യമാക്കി രചിച്ചവയാണ്; മാപ്പിള മലയാള രചനകളുടെ ലക്ഷ്യം 'അടഞ്ഞ' സമൂഹമായിരുന്നു'' എന്ന് പ്രഭാകര വാര്യര്‍ നിരീക്ഷിച്ചത് (2004; 130). കൊളോണിയല്‍ അധിനിവേശവും മതപ്രചാരണവും ലക്ഷ്യമാക്കിയ മിഷനറിമാര്‍ ശാസ്ത്രഗ്രന്ഥങ്ങളും നിഘണ്ടുക്കളും വ്യാകരണകൃതികളും നിര്‍മിച്ചെടുത്തു. അര്‍പ്പണബുദ്ധിയും ആത്മാര്‍ഥതയും ശാസ്ത്രീയ സമീപനവും ഇത്തരം യത്‌നങ്ങളില്‍ നിഴലിച്ചു കാണാം. മലയാളം-ഇംഗ്ലീഷ് നിഘണ്ടു, മലയാള ഭാഷാ വ്യാകരണം, കേരളപ്പഴമ തുടങ്ങി ശ്രദ്ധേയങ്ങളായ രചനകള്‍ നടത്തിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ (1814-1896) പോലുള്ള ബഹുഭാഷാ പണ്ഡിതരും ഭാഷാ ശാസ്ത്രജ്ഞരും അക്കൂട്ടത്തിലുണ്ടായത് മലയാള ഗദ്യഭാഷാ വളര്‍ച്ചക്ക് വലിയ അളവില്‍ മുതല്‍കൂട്ടായി.
കൊളോണിയല്‍ സാമ്രാജ്യത്വത്തോടും അതിന്റെ സകല വ്യവഹാരങ്ങളോടും എതിരു നില്‍ക്കേണ്ടിവന്ന മാപ്പിള ജനസമൂഹം കാലങ്ങളായി സാമൂഹികമായും സാമ്പത്തികമായും പതിതാവസ്ഥയിലായിരുന്നു. ആയതിനാല്‍ പൊതുവായ ഭാഷാപരിപോഷണശ്രമങ്ങള്‍ അറബിമലയാളത്തിന്റെ പ്രയോക്താക്കളില്‍നിന്നുണ്ടായില്ല. ഭാഷാ-സാഹിത്യശാസ്ത്രം പോലുള്ള ആഡംബര വസ്തുക്കള്‍ നിലനില്‍ക്കുന്നത് സമൃദ്ധമായ ഒരു നാഗരികതയിലായിരിക്കുമെന്ന് ഇബ്‌നു ഖല്‍ദൂന്‍ കുറിച്ചത് ഇവിടെ ഓര്‍ക്കാം (1984:949). മലയാള ഭാഷക്കു ചുറ്റും തളംകെട്ടിനിന്ന സവര്‍ണ ഭാവുകത്വത്തെക്കുറിച്ചു കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.
ലിപി രൂപപ്പെടലിന്റെ ചരിത്രം മുതല്‍ ഭാഷാഭ്യസനത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിലടക്കം മലയാള ഭാഷയില്‍ വൈദിക ബ്രാഹ്മണ്യത്തിന്റെയോ നായര്‍ മേധാവിത്വത്തിന്റെയോ സ്വാധീനം കാണാന്‍ കഴിയും. എ.ഡി മൂന്നാം ശതകത്തോടെ ദക്ഷിണേന്ത്യയിലെത്തിയ ബ്രാഹ്മി ലിപിയില്‍നിന്ന് പരിണമിച്ചുണ്ടായ വെട്ടെഴുത്ത് അഥവാ വട്ടെഴുത്താണ് മലയാള ലിപികളുടെ ആദ്യരൂപം. വെട്ടി അടയാളപ്പെടുത്തുക അല്ലെങ്കില്‍ ചൂഴ്ന്ന് അടയാളപ്പെടുത്തുക എന്നര്‍ഥമുള്ള 'എഴു' അല്ലെങ്കില്‍ 'അഴു' എന്ന ധാതുവില്‍നിന്നാണ് 'എഴുത്ത്' എന്ന വാക്കുണ്ടായിട്ടുള്ളതെന്ന് ലിപി വിദഗ്ധനായ ഡോ. എല്‍.എ രവിവര്‍മ പ്രസ്താവിച്ചിട്ടുണ്ട്. വട്ടെഴുത്തിന്റെ മറ്റൊരു പേരാണ് നാനം മോനം. ഹരിശ്രീ ഗണപതയ നമഃയിലെ ഹരിശ്രീക്കു പകരം 'നമോ നാരായണായ' എന്നായിരുന്നു പഴയ പ്രയോഗം. അതിലെ ആദ്യാക്ഷരങ്ങളായ 'ന'യും 'മ'യും ചേര്‍ത്ത് ഭാഷക്ക് നാനം മോനം എന്നു പേരിട്ടു. പില്‍ക്കാലത്ത് കേരള ഭാഷയും സംസ്‌കൃതവും കൂടിക്കലര്‍ന്ന് മണിപ്രവാളം ഉണ്ടായപ്പോള്‍ 'ആര്യഎഴുത്ത്' എന്നു പേരുള്ള ഗ്രന്ഥലിപി ഉപയോഗിച്ചു തുടങ്ങി (2004:4). ഇതാണ് മലയാള ലിപി രൂപീകരണത്തിന്റെ നിലനില്‍ക്കുന്ന ചരിത്രപാഠം.
ഇനി ഭാഷാഭ്യസനത്തിന്റെ രീതി നോക്കാം. നാട്ടെഴുത്തഛന്‍മാര്‍ - കുടിയാശാന്മാര്‍- ഉപയോഗിച്ചു പോന്നിരുന്ന രീതിയെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. എഴുത്തു പഠിക്കാന്‍ ചെല്ലുന്ന വിദ്യാര്‍ഥിയുടെ പക്കല്‍ ഹരിശ്രീഗണപതയ നമഃ അവിഘ്‌നമസ്തു എന്നെഴുതിയ താളിയോല കൊടുത്ത് അത് വായിപ്പിക്കുകയും ആശാന്‍ശിഷ്യന്റെ വിരലില്‍ പിടിച്ച് ആദ്യം അരിയിലും പിന്നെ മണലിലും മേല്‍പ്രകാരം എഴുതിക്കുകയും ചെയ്യുന്ന ചടങ്ങു കഴിഞ്ഞാല്‍ പിന്നെ അക്ഷരമാലയിലെ ക്രമമനുസരിച്ച് അക്ഷരങ്ങള്‍ താളിയോലയില്‍ ആശാന്‍ എഴുതിക്കൊടുക്കുന്നു. സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, പെരുക്കങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ ചൊല്ലിയും എഴുതിയും പഠിക്കുന്നു. പിന്നെ കൂട്ടിവായന. രാമന്‍ നല്ലവന്‍, രാവിലെ ഉണരും ഇത്യാദി വാക്കുകളാണ് അതിനുപയോഗിക്കുന്നത്. പിന്നെ അമരേശം(കോശം), സിദ്ധരൂപം, നീതിസാരം, ഇരുപത്തിനാലു വൃത്തം മുതലായവയില്‍ കൂടി ശാസ്ത്രങ്ങളിലേക്കുമാണ് പഠനത്തിന്റെ പോക്ക് (1943:15). ജീവല്‍ ഭാഷകളോടു കിടിപിടിക്കത്തക്ക വമ്പും കാമ്പും ഉള്ള മലയാള ഭാഷ നായന്മാരായ മലയാളികളുടെ സ്വന്തമാകുന്നു എന്ന് മാല്‍സര്യബുദ്ധികൂടാതെ നല്ലവണ്ണം ആലോചിക്കുന്നവര്‍ക്ക് അറിയാവുന്നതാണ് എന്നിങ്ങനെ 1926-ല്‍ അച്ചടിച്ചിറക്കിയ 'ഭാഷ ചരിത്ര'ത്തില്‍ വെള്ളായ്ക്കല്‍ നാരായണമേനോന്‍ പറയുന്നത് (1982:197) ഇതോടു ചേര്‍ത്തു വായിക്കുക.
മേല്‍ സൂചിപ്പിച്ച ലിപി സംജ്ഞകളും ഭാഷാഭ്യസനത്തിന്റെ നാട്ടുരീതിയും 'ചരിത്രപാഠ'വും ഉള്‍വഹിക്കുന്ന സവര്‍ണ ആഖ്യാനത്തിന്റെ ആന്തരഘടനക്കകത്താണ് മലയാളം ഒരു ഭാഷ എന്ന നിലയില്‍ വികാസം കൊള്ളുന്നത്. വിശ്വാസത്തിന്റെയും ചരിത്ര പാരമ്പര്യത്തിന്റെയും മറ്റൊരാഖ്യാന ഘടനയ്ക്കകത്തുള്ള മുസ്‌ലിം ജനസമൂഹത്തിന് / മാപ്പിളമാര്‍ക്ക് കൊളോണിയല്‍ ആധിപത്യത്തിന്റെ ഇംഗ്ലീഷിനോടെന്ന പോലെ ഈ 'ആര്യ എഴുത്തി'നോടും 'മാറുകാട്ടേണ്ടി' വന്നു. അറബിമലയാള ഭാഷയിലഭിരമിച്ചതിനു കാരണം അതുകൂടിയാണ്.
ദലിതുകള്‍ തുടങ്ങിയ അടിയാള വിഭാഗങ്ങളുടെ വാമൊഴി വഴക്കങ്ങളെ തകര്‍ത്തുകൊണ്ടു കൂടിയാണ് 'ആര്യ എഴുത്ത്' പ്രാബല്യം നേടുന്നത്. പറഭാഷ പോലുള്ള ദലിത് ഭാഷകളില്‍നിന്ന് നാമ്പെടുത്തതാണ് മലയാള ഭാഷ എന്നും വാമൊഴിയായ ദലിത് ഭാഷകളെ പിന്തള്ളി ആദ്യം ചെന്തമിഴും പിന്നെ സംസ്‌കൃതവും കീഴാളരിലേക്കും അരിച്ചിറങ്ങുകയായിരുന്നെന്നും 'ദലിത് ഭാഷ'യില്‍ കവിയൂര്‍ മുരളി സൂചിപ്പിക്കുന്നുണ്ട്.
വിവിധ ജാതിവിഭാഗങ്ങളിലേക്കുള്ള ആര്യ സംസ്‌കൃതിയുടെ ഈ അരിച്ചിറങ്ങലിലൂടെയാണ് മലയാളത്തിന് ജാതിപരമായ ഭാഷാഭേദങ്ങളെ നിരപ്പാക്കുന്ന 'ഹിന്ദുഛായ' കൈവന്നത്. സ്വാഭാവികമായും അറബിമലയാള ലിഖിത പാരമ്പര്യവും മാപ്പിളതയുടെ വാമൊഴിപ്പാരമ്പര്യവും കൊണ്ടുനടന്ന മുസ്‌ലിംകള്‍ വേറിട്ട സ്വത്വമായിത്തന്നെ ഭാഷാമണ്ഡലത്തില്‍ നിലകൊണ്ടു. നേരത്തെപ്പറഞ്ഞ ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ഇതിന്നടിപ്പടവായി നിന്നു.
എന്നാല്‍ വളരെക്കാലം മുമ്പുമുതലേ കേരളത്തിലെ മതസമൂഹങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പരസ്പരാശ്രിതത്വപരമായ സാംസ്‌കാരികാവസ്ഥ (cultural symbiosis) കാരണം വ്യത്യസ്ത ഭാഷ/ഭാഷണ സമൂഹങ്ങളായി വേറിട്ടോപോവാന്‍ ഇതിനിട വരുത്തിയില്ല. എന്നുതന്നെയല്ല; ഗ്രീക്ക്, ലാറ്റിന്‍, അറബി, പേര്‍ഷ്യന്‍, സുറിയാനി, ഹിന്ദി, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളോട് ധാരാളമായി കൊണ്ടും കൊടുത്തുമാണ് മലയാളം അതിന്റെ വികാസ പരിണാമത്തിലൂടെ മുന്നോട്ടു പോയത്. ഭാഷാ സങ്കലനത്തിലൂടെയും (Language interference) പദാദാന - അനുകൂലന പ്രക്രിയയിലൂടെയും (word borrowing and adaptation) ഭാഷയ്ക്ക് സജീവത മാത്രമല്ല ലഭിച്ചത്; മതനിരപേക്ഷമായ വര്‍ണം കൂടിയാണ്.4
മാനകീകരണത്തിന്റെ വഴി
അനുദിന ജീവിതത്തിലെ ഇടകലര്‍പ്പിനിടയിലും വരമൊഴിവഴിയിലെ മാപ്പിളമാരുടെ വേറിട്ടുനടപ്പ് മൂലം സാധ്യമാവാതെ പോയത് ഇതര സമൂഹങ്ങളുമായുള്ള ഗൗരവമാര്‍ന്ന വിനിമയങ്ങളാണ്. കേരളീയാധുനികീകരണത്തോടൊപ്പം മുസ്‌ലിം നവോത്ഥാന വ്യവഹാരങ്ങള്‍ ഒന്നിച്ചൊന്നായ് പോയതോടെ ഈ മറ ഒടുവില്‍ ഭേദിക്കപ്പെട്ടു. പരസ്പരവിനിമയത്തിന്റെയും സംവാദത്തിന്റെയും തുറസ്സുകള്‍ സൃഷ്ടിച്ച് ഭാഷാ മാനകീകരണത്തെ അഭിമുഖീകരിക്കുകയാണ് സനാഉല്ലാ മക്തി തങ്ങള്‍ (1847-1912) തൊട്ടുള്ള സമുദായ നേതാക്കള്‍ ചെയ്തത്. ഇംഗ്ലീഷ് ഭാഷാഭ്യാസവും സ്വന്തഭാഷയായ മലയാള പഠനവും അത്യാവശ്യമെന്നും ഈ ഭാഷയില്‍ പഠിക്കുന്നതില്‍ വേദവിരോധമുണ്ടെന്നു പറയുന്നവര്‍ ഉള്‍ക്കണ്ണില്ലാത്ത അന്ധരാണെന്നും പറഞ്ഞ മക്തി തങ്ങള്‍ (2006:695) മതസമൂഹങ്ങള്‍ സമാഭാവനയോടെ പുലരുന്ന കേരള ദേശീയതയെക്കുറിച്ച സങ്കല്‍പം മുന്നോട്ടുവെക്കുകയുണ്ടായി. ദേശീയ ഭാഷ എന്ന നിലയില്‍ വികാസം കൊണ്ടുവന്നിരുന്ന മലയാളത്തോട് ഒത്തിണങ്ങിപ്പോകാനും ക്രൈസ്തവ മിഷനറിമാരുടെ ഇസ്‌ലാം ഭൂഷണത്തെ ഭാഷ ആയുധമാക്കി നേര്‍ക്കുനേര്‍ പ്രതിരോധിക്കാനും തങ്ങള്‍ ശ്രമിച്ചു.5
മലയാളത്തിന്റെ പദ്യഭാഷ എഴുത്തഛനോടുകൂടി മാനകീകരിക്കപ്പെട്ടുവെന്ന് ഭാഷാ-സാഹിത്യ ചരിത്രങ്ങള്‍ പറയുന്നുണ്ട്. ദ്രാവിഡമായ പാട്ടു പ്രസ്ഥാനവും ദ്രാവിഡവും സംസ്‌കൃതവും കൂടിക്കലര്‍ന്ന മണിപ്രവാളവുമെന്ന് മുഖ്യമായ രണ്ടു കൈവഴികളായി നീങ്ങിയ സാഹിത്യാവിഷ്‌കാരങ്ങളെ 16-ാം നൂറ്റാണ്ടോടുകൂടി എഴുത്തഛന്‍ 'നിലവാരപ്പെടുത്തി' പില്‍ക്കാലത്തെ ഭാഷാവ്യവഹാരങ്ങള്‍ക്ക് അടിത്തറയിട്ടു. 19-ാം നൂറ്റാണ്ടൊടുവിലാണ് ഗദ്യഭാഷ മാനകീകരിക്കപ്പെടുന്നത്. ആധുനികതയോടൊപ്പം ഇംഗ്ലീഷുകാര്‍ ഇക്കാലയളവില്‍ കൊണ്ടുവന്ന പാശ്ചാത്യ കേന്ദ്രിതമായ മാനക/മാനവിക യുക്തി ഇതിനെ ത്വരിപ്പിച്ച പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ടുതന്നെ 19-ാം നൂറ്റാണ്ടിലെ പാശ്ചാത്യ മിഷനറി പ്രവര്‍ത്തനം മലയാള ഭാഷയിലെ മാനകരൂപങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണം കൂടിയായി മാറുന്നു (രവീന്ദ്രന്‍; 2007:331). 1867-ല്‍ 22-ാം വയസ്സില്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ (1845-1914) തിരൂവിതാംകൂറിലെ പാഠപുസ്തകക്കമ്മിറ്റി അംഗമാവുകയും തൊട്ടടുത്ത വര്‍ഷം അതിന്റെ അധ്യക്ഷനാവുകയും ചെയ്തു. മലയാള ഭാഷാ പരിപോഷണത്തിനും പരിഷ്‌കരണത്തിനും വ്യവസ്ഥാപിതത്വമുണ്ടാകുന്നത് ഇതോടുകൂടിയാണ്. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി പാഠപുസ്തകങ്ങള്‍ നിര്‍മിച്ചും വിജ്ഞാനഗ്രന്ഥങ്ങള്‍ രചിച്ചുമാണ് ഇതു പ്രയോഗത്തില്‍ വരുത്തിയത്.
ഇങ്ങനെ പല വിതാനങ്ങളില്‍ നടക്കുന്ന നിലവാരപ്പെടുത്തല്‍ യത്‌നങ്ങളോട് പൊരുത്തപ്പെട്ടുപോകുന്ന സമീപനം നവോത്ഥാന നേതൃത്വം സ്വീകരിക്കുന്നുണ്ട്. 1875-നടുത്ത് രചിക്കപ്പെട്ട വൈക്കത്ത് പാച്ചുമൂത്തതിന്റെ 'ബാലഭൂഷണ'ത്തിന്റെയും സി.പി അച്യുതമേനോന്റെ 'വിദ്യാവിനോദിനി' (1895), വലിയ കോയിത്തമ്പുരാന്റെ കൂടി സഹകരണത്തോടെ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള സ്ഥാപിച്ച മലയാള മനോരമ (1890) എന്നിവയുടെ ആദ്യപതിപ്പുകളുടെയും ഗദ്യാഖ്യാന രീതിയും ഭാഷാപ്രയോഗ വിശേഷങ്ങളും മക്തി തങ്ങളുടെ 'കഠോരകുഠാര'ത്തിലെയോ പിന്നീടിറങ്ങിയ കൃതികളിലെയോ ഗദ്യാഖ്യാനവുമായി താരതമ്യം ചെയ്താല്‍ ഈ പൊരുത്തം ബോധ്യപ്പെടും. മറുവശത്ത് മാനകീകരിക്കപ്പെട്ട ഗദ്യഭാഷക്കനുരൂപമായി അറബിമലയാളത്തെ പരിഷ്‌കരിച്ചെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
പാരമ്പര്യത്തിന്റെ
പരിഷ്‌കരണം
മമ്പുറം സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ഫദല്‍ പൂക്കോയതങ്ങള്‍, വെളിയങ്കോട് ഉമര്‍ഖാദി എന്നിവര്‍ നേരത്തേ തന്നെ അറബിമലയാളത്തില്‍ ചില പരിഷ്‌കരണ ശ്രമങ്ങള്‍ നടത്തിയിരുന്നു. സമുദായത്തിന്റെ 'മലയാള ഭാഷാഭ്യാസ ദോഷ'ത്തെക്കുറിച്ച് നിരന്തരം ആവലാതി കൊണ്ട മക്തി തങ്ങള്‍ പിന്നീട് ഈ വഴിയില്‍ തീവ്രയത്‌നം നടത്തി.6 'മുഅല്ലിമുല്‍ ഇഖ്‌വാന്‍' ഇതിന്റെ സൃഷ്ടിയാണ് (1891).
''അറബു യെശുത്തില്‍ മലയാള ഒച്ച കൊടുക്കുന്ന ഹുറൂഫ് ഇല്ലാതിരിക്കയാല്‍ ബേണ്ടതിനെ ഉണ്ടാക്കിയും തര്‍കീബു കൊടുത്തും ശരിപ്പെടുത്തേണ്ട അവകാശം നമ്മളില്‍ ഇരിക്കയാല്‍ ആ വക സകല ആവശ്യങ്ങളെ നിവര്‍ത്തിക്കുന്ന 'കിതാബാ'യിട്ടാണ്'' 'മുഅല്ലിമുല്‍ ഇഖ്‌വാന്‍' വരുന്നത്.7
പറവൂര്‍ കോടംപള്ളി അഴികത്തു കുഞ്ഞാലിഹസന്‍ അബ്ദുല്‍ ഖാദര്‍ വൈദ്യര്‍ അറബിമലയാളത്തില്‍ 'ഖവ്വാസുല്‍ മുസ്‌ലിമീന എന്ന ലക്കണ നഹ്‌വ് നികണ്‍ടു' 1899-ല്‍ അച്ചടിച്ചിറക്കുന്നുണ്ട്. മലയാള ഭാഷയുടെ ആധുനിക ലിപിക്കനുസരിച്ച് പരിഷ്‌കരിക്കാനുള്ള ശ്രമം പിന്നീട് 1912-ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (1858-1919)യാണ് നടത്തുന്നത്. അറബി മലയാള അക്ഷരമാല മലയാള വ്യാകരണ സൂചനയോടുകൂടി പ്രസിദ്ധീകരിക്കുകയായിരുന്നു. തുടര്‍ന്ന് വക്കം അബ്ദുല്‍ഖാദര്‍ മൗലവിയും ലിപി പരിഷ്‌കരണത്തിനു ശ്രമിച്ചു. ഭാഷാസൂത്രണപരമായ ഇത്തരം നീക്കങ്ങള്‍ ക്രമേണ ദേശീയ/മാനക ഭാഷ എന്ന നിലക്കുള്ള മലയാളത്തിന്റെ ക്രമിക വികാസത്തെ ഒടുവില്‍ സ്വംശീകരിക്കുന്നുണ്ട്. ഈ ദേശീയതാഭിമുഖ്യമാണ് - പാരമ്പര്യത്തില്‍നിന്നു കുതറിമുന്നേറാനുള്ള തിടുക്കമാണ് - ചാക്കീരി മൊയ്തീന്‍ കുട്ടിയുടെ 'ഭാഷാ സാഹിത്യ രത്‌നച്ചുരുക്ക'ത്തില്‍ വായിക്കാന്‍ കഴിയുന്നത്.8
''..... ഇപ്പോള്‍ കുറച്ചുകാലമായിട്ട് മലയാള പദ്യങ്ങളില്‍ പല പരിഷ്‌കാരങ്ങളും വന്നുകൊണ്ടിരിക്കുന്നതിനാല്‍ പൂര്‍വ സങ്കേതങ്ങള്‍ക്ക് ഇളക്കം തട്ടിക്കാണുന്നു. മുമ്പ് എഴുത്തുകുത്തുകളും മറ്റും നടന്നുവന്നിരുന്നുവെങ്കിലും യഥാര്‍ഥമായ ഗദ്യസാഹിത്യം ഉണ്ടായിരുന്നില്ല. ഗദ്യസാഹിത്യനിര്‍മാണം ഉണ്ടായത് അടുത്ത കാലത്താണ്. ഭാഷാഭിമാനികളായ വിദ്വാന്മാരുടെ പരിശ്രമത്താല്‍ ഗദ്യവും പൂര്‍വാധികം നല്ല സ്ഥിതിയില്‍ അഭിവൃദ്ധി പ്രാപിച്ചു വരുന്നു. എങ്കിലും ഭാഷയെ നശിപ്പിക്കുന്ന പലതരം ഗദ്യപദ്യങ്ങല്‍ ഇപ്പോഴും നടപ്പുള്ളതിനാല്‍ ഭാഷയുടെ സാഹിത്യചമല്‍ക്കാരങ്ങള്‍ക്ക് നാശം വരുന്നു. വിശേഷിച്ച് അറബിമലയാളത്തില്‍ മുസല്‍മാന്മാരുടെ ഇടയില്‍ നടന്നുവരുന്ന കവിതകളും തര്‍ജമകളും മുസല്‍മാന്മാരുടെ മലയാളത്തെ വഷളാക്കുന്നതിന് ഏറ്റവും ഉതകുന്നതാകുന്നു.'' മൂന്നായി കിടന്നിരുന്ന കേരളത്തെ ഒന്നായി കണ്ടുകൊണ്ടുള്ള ദേശീയ യുക്തിക്കകത്തു നിന്നുകൊണ്ടാണ് ഇവിടെ ചാക്കീരി മുസല്‍ന്മാമാരുടെ 'വഷളന്‍ മലയാള'ത്തെ വിമര്‍ശിക്കുന്നത്.
മാപ്പിളമലയാളത്തില്‍നിന്നും മാനകമലയാളത്തിലേക്ക് ലിഖിതവ്യവഹാരങ്ങല്‍ പരിണമിക്കുമ്പോള്‍ 1930-കളോടെ അതിന് സാമുദായിക പൊതുമണ്ഡലത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. 1878-ല്‍ ഖാദിര്‍ശാഹ് ഹാജി ബാപ്പുവിന്റെ ഉടമസ്ഥതയില്‍ ആദ്യത്തെ മുസ്‌ലിം ആനുകാലികമെന്നു വിശേഷിപ്പിക്കാവുന്ന 'കേരള ദീപകം' കൊച്ചിയില്‍നിന്നാരംഭിച്ച ശേഷം 1924-ല്‍ 'അല്‍ അമീനി'ലേക്കെത്തുമ്പോഴേക്ക് പൊതുസമൂഹത്തിന് പ്രാപ്യമാകുന്ന തരത്തില്‍ ഗദ്യപദ്യങ്ങള്‍ ആവിഷ്‌കൃതമായിക്കഴിഞ്ഞു. വെളിയങ്കോട് ടി.കെ മുഹമ്മദ്, പുന്നയൂര്‍കുളം വി. ബാപ്പു, വക്കം അബ്ദുല്‍ഖാദര്‍, ടി. ഉബൈദ്, ടി. മുഹമ്മദ് യൂസുഫ് തുടങ്ങിയ എഴുത്തുകാര്‍ ഇസ്‌ലാമിക ധാര്‍മികതയും ചരിത്രാംശങ്ങളും ഇടകലര്‍ത്തി ധാരാളം ഗദ്യ-പദ്യങ്ങള്‍ ഭാഷയില്‍ വിരചിച്ചു. മലയാള ഭാഷക്ക് അപരിചിതമായിരുന്ന ഇസ്‌ലാമിന്റെ ആശയലോകങ്ങളെ അനാവരണം ചെയ്യാന്‍ ശ്രമങ്ങള്‍ നടന്നു. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ ദീപികയിലേക്കെത്തുമ്പോള്‍ ആഴത്തിലും പരപ്പിലും ഇത് വിസ്തൃതമായിക്കഴിഞ്ഞിരുന്നു.
'പവിത്രതാ നഷ്ട ഭീതി'
സമുദായത്തില്‍ വലിയൊരു വിഭാഗത്തെ പൊതുഭാഷയിലേക്കുള്ള ഈ മാറ്റത്തോട് വിമുഖമാക്കിയത് മതത്തെയും ഭാഷയെയും സംബന്ധിച്ച ശുദ്ധാശുദ്ധവിചാരത്തില്‍നിന്നുടലെടുത്ത അതിരുകവിഞ്ഞ വേവലാതിയാണ്. മതപാഠശാലകളിലെ മലയാള പഠനവുമായി ബന്ധപ്പെട്ടും ഖുര്‍ആന്‍ ഭാഷാന്തരവുമായി ചേര്‍ത്തും ചില തര്‍ക്കങ്ങള്‍ നേരത്തേ പറഞ്ഞ ഭാഷാപരിഷ്‌കരണ ശ്രമങ്ങള്‍ക്ക് സമാന്തരമായി നടന്നത് ഓര്‍ക്കുക. മിഷനറിമാര്‍ സ്ഥാപിച്ച ഇംഗ്ലീഷ് സ്‌കൂളുകളിലും നാട്ടുഭാഷാ വിദ്യാലയങ്ങളിലും മലയാളം ഒരു പഠന വിഷയമായി മാറിക്കഴിഞ്ഞ കാലത്താണ് 1908-ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട്ടെ പള്ളിയില്‍ ദര്‍സ് തുടങ്ങുന്നത്. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ (1845-1914) ഗദ്യ പാഠപുസ്തകങ്ങളുടെയും എ.ആര്‍ രാജരാജവര്‍മയുടെ (1863-1918) കേരളപാണിനീയം, മധ്യമ വ്യാകരണം പോലുള്ള വ്യാകരണ കൃതികളുടെയും അനുശീലനം ചാലിലകത്തിന്റെ പാഠ്യപദ്ധതി ആസൂത്രണത്തെ സ്വാധീനിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. പുല്ലിംഗം, സ്ത്രീലിംഗം, ഏകവചനം, ബഹുവചനം, നാമം, ക്രിയ, അവ്യയം, പ്രഥമപുരുഷന്‍, മധ്യമപുരുഷന്‍, ഉത്തമപുരുഷന്‍, ഭൂതകാലക്രിയ, ഭാവികാലക്രിയ, കല്‍പനക്രിയ, നിരോധക്രിയ മുതലായ മലയാള വ്യാകരണ ശാസ്ത്രത്തിലെ സാങ്കേതിക വാക്കുകള്‍ക്ക് പരിഭാഷ കൊടുത്തപ്പോള്‍ അന്നത്തെ വിദ്യാര്‍ഥികളില്‍ അതുണ്ടാക്കിയ കൗതുകം 'ഓര്‍മക്കുറിപ്പുകളി'ല്‍ കെ. മൊയ്തുമൗലവി സ്മരിക്കുന്നുണ്ട് (1992:46).
ദര്‍സില്‍ പഠിക്കുന്ന മലയാള അക്ഷരാഭ്യാസമില്ലാത്ത ബഹുഭൂരിപക്ഷം പേര്‍ക്കും വേണ്ടി വൈകുന്നേരം ഒരു ക്ലാസ്സിന് അമുസ്‌ലിം അധ്യാപകനെയായിരുന്നു ഏര്‍പ്പാടാക്കിയത്. 'ഇല്‍മിന്റെ (അറിവിന്റെ) സ്ഥാപനത്തില്‍ ഒരമുസ്‌ലിമിനെ കയറ്റി അശുദ്ധമാക്കുകയും അതിന്റെ ഹുറുമത്ത് (പവിത്രത) കെടുത്തുകയും ചെയ്തു' എന്നായിരുന്നു പാരമ്പര്യ പണ്ഡിതനായ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ഇതേക്കുറിച്ച് പറഞ്ഞത് (ടി. 46). മതപാഠശാലയില്‍ മുസ്‌ലിമല്ലാത്ത ആളെ വെക്കുന്നിടത്തുള്ള മസ്അലത്തര്‍ക്കങ്ങള്‍ക്കപ്പുറം മുസ്‌ലിം പൊതുയോഗങ്ങളില്‍ വരെ അമുസ്‌ലിംകളെ പങ്കെടുപ്പിക്കരുതെന്ന ഫത്‌വയിറങ്ങുന്നതാണ് തുടര്‍ ചരിത്രം.
'മുസ്‌ലിമീങ്ങളുടെ മതപരമായ പൊതുയോഗങ്ങളില്‍ അമുസ്‌ലിംകള്‍ പ്രസംഗിക്കുന്നതു നിമിത്തം മുസ്‌ലിം പൊതുജനങ്ങളുടെ മൗലികവിശ്വാസാചാരങ്ങള്‍ക്കു ഹാനി സംഭവിക്കാറുള്ളതുകൊണ്ട് അതിന്നിടവരുത്താതിരിപ്പാന്‍ എല്ലാ മുസ്‌ലിംകളോടും ഈ യോഗം ഉപദേശിക്കുന്നു' എന്ന് 1951-ലാണ് പ്രമേയം പാസ്സാക്കപ്പെടുന്നത്.9 മുസ്‌ലിം സമൂഹത്തിലെ ഒരു വിഭാഗം പണ്ഡിതന്മാരെ ബാധിച്ചിരുന്ന 'പവിത്രതാനഷ്ടഭീതി'ക്ക് ദൃഷ്ടാന്തമാണീ പ്രമേയം. ഇതെല്ലാം പക്ഷേ, തുറക്കാതിരിക്കാന്‍ ശ്രമിച്ചത് പൊതുവിനിമയങ്ങളുടെ വാതായനങ്ങളാണ്. കൊളോണിയല്‍ ഇംഗ്ലീഷിനോടും 'നായര്‍ മലയാള'ത്തോടും കാലം തെറ്റിയും തുടര്‍ന്ന വിസമ്മതം മാനകീകരണത്തിലൂടെ സാധ്യമാവാനിടയുള്ള ഭാഷയുടെ ജനാധിപത്യവല്‍ക്കരണത്തെ പ്രയോജനപ്പെടുത്തുന്നതില്‍ ദീര്‍ഘകാലം സമുദായത്തെ പിന്നാക്കം തള്ളി.
ഇസ്‌ലാമിന്റെ ജ്ഞാനസ്രോതസ്സുകളില്‍നിന്നും നവോത്ഥാന പ്രവര്‍ത്തനങ്ങളായി അറിയപ്പെട്ട അതിന്റെ പ്രചാരണത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവര്‍ ഭാഷാ-സാഹിത്യ വ്യവഹാരങ്ങളിലൂടെ മേല്‍പറഞ്ഞ വിചാരഗതിയെ പ്രയോഗതലത്തില്‍ മറികടക്കാന്‍ ശ്രമിച്ചു. 1921-ലും അതുവെരെയും മലബാറിലുണ്ടായ സാമ്രാജ്യത്വ/ജന്മിത്തവിരുദ്ധമായ പോരാട്ടങ്ങള്‍ക്കു പിന്നില്‍ ബ്രിട്ടീഷധികാരികള്‍ കണ്ടെത്തിയ കാരണങ്ങളിലൊന്ന് വിദ്യാഭ്യാസത്തിന്റെ കുറവായിരുന്നു; അല്ലെങ്കില്‍ നിരക്ഷരത. ഇതു പരിഹരിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് മുസ്‌ലിം മതവിദ്യാകേന്ദ്രങ്ങളായിരുന്ന ഓത്തുപള്ളികള്‍ 'മാപ്പിള സ്‌കൂളാ'വുന്നത്. 'മൊല്ലാക്ക'മാരുടെ അധികാരത്തിലുള്ള ഇത്തരം വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റു തന്നെ ചുരുങ്ങിയ പ്രതിഫലത്തിന് അധ്യാപകരെ നിശ്ചയിച്ചിരുന്നു. കുരിക്കന്മാര്‍ എന്നാണിവരെ വിളിച്ചിരുന്നത് (1992:3). ഇത്തരം മാപ്പിള സ്‌കൂളുകളില്‍ മലയാള പഠനത്തിനു നിശ്ചയിക്കപ്പെട്ട ഒരു പുസ്തകം സ്‌കൂള്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറായിരുന്ന സയ്യിദ് അബ്ദുല്‍ഗഫൂര്‍ ഷാ സാഹിബിന്റെ 'നബിചരിതം മണിപ്രവാള'മാണ്.
ഭക്തനായ നബിതങ്ങള്‍ തന്നുടെ
നിത്യകൃത്യപരിശീലനങ്ങളെ
വിസ്തരിച്ചു പറയുന്നതിന്നഹൊ
നാസ്തി മാനുഷതിക്കു പാടവം
എങ്കിലും മനസീവാച്ച കൗതുകാല്‍
ശങ്കമിട്ടു പറയുന്നു നാനിഹ
സങ്കടം സപദി നീക്കിയന്വഹം
ശം കരോതു കരുണാകരന്‍ പരന്‍
എന്നിങ്ങനെ വിരചിച്ചു പോവുന്ന ഈ കാവ്യം(1934) നബിചരിത്രത്തെ സംസ്‌കൃത മലയാളത്തില്‍ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ്. വള്ളത്തോള്‍ നാരായണ മേനോന്റെ മംഗളാശംസയോടെയാണ് 1924-ല്‍ 'അല്‍അമീന്റെ' ആദ്യപ്രതി പുറത്തുവന്നത്. മാപ്പിള സ്‌കൂളുകളിലെ മാനേജര്‍മാരെയെല്ലാം നിര്‍ബന്ധവരിക്കാരാക്കി പ്രസിദ്ധീകരിച്ച വിജ്ഞാനമാസികയായ 'മാപ്പിള റിവ്യൂ'വിന് (1941-1946) ദീര്‍ഘിച്ച ഒരാശംസാ കുറിപ്പുതന്നെ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ എഴുതുന്നുണ്ട്. 'ദിവ്യപുഷ്പം' എന്ന പേരില്‍ മുഹമ്മദ് നബിയെക്കുറിച്ച് ജി. ശങ്കരക്കുറുപ്പ് എഴുതിയ മനോഹര കാവ്യം എ.എം ഖാദര്‍ എഡിറ്ററായ മുസല്‍മാന്‍ ഹജ്ജ് വിശേഷാല്‍ പ്രതിയിലാണ് വരുന്നത് (1949). ജി.യും വക്കം അബ്ദുല്‍ഖാദറും (1912-1976) നടത്തിയ കത്തിടപാടുകള്‍ ഒരു കവി വ്യക്തിത്വത്തിന്റെയും ധൈഷണിക വ്യക്തിത്വത്തിന്റെയും പ്രതിഭയുടെ പ്രകാശനങ്ങളാണ്.10 വക്കം ഖാദറിന്റെ പിതാവുകൂടിയായ വക്കം അബ്ദുല്‍ഖാദര്‍ മൗലവി കേരളീയ നവോത്ഥാനത്തിന്റെ ആള്‍രൂപമായി അവതരിപ്പെടാറുള്ള ശ്രീനാരായണ ഗുരുവിന്റെ (1854:1928) സുഹൃത്തായിരുന്നു. ഇസ്‌ലാമിനെക്കുറിച്ചു പഠിക്കാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ നാരായണഗുരു വന്നിരുന്നതും (1993:194) എടുത്തു പറയേണ്ടതാണ്. ഈ സൂചനകളൊക്കെയും വ്യക്തമാക്കുന്നത് മാനകീകരണത്തോട് ഒത്തിണങ്ങിപ്പോയ നവോത്ഥാനാഭിമുഖ്യമുള്ളവരുടെ ഭാഷാ-സാഹിത്യവ്യവഹാരങ്ങള്‍ സര്‍ഗാത്മക മേഖലയില്‍ ഊഷ്മള ബന്ധത്തിന്റെ പൊതുസ്ഥലങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്നാണ്.11 കേരളീയ മായ പൗരസമൂഹത്തിന്റെ രൂപീകരണത്തിന്റെയും പ്രബോധക സമൂഹമെന്ന മതാത്മക സ്വത്വത്തെയും ഒരേപോലെ അക്കാലത്ത് മുസ്‌ലിം സമൂഹം അഭിമുഖീകരിച്ചിരുന്നു എന്നതാണ് ഇതിന്റെ മറ്റൊരു തലം. സാമുദായിക ഭാഷയുടെ ഇത്തിരിവട്ടത്തില്‍ മതത്തിന്റെ ശാഖാപരമായ തര്‍ക്കങ്ങള്‍ സംവേദനം ചെയ്ത എഴുത്തു വ്യവഹാരങ്ങള്‍ക്ക് ജനസാമാന്യത്തില്‍ സ്വാധീനമുണ്ടായിരുന്നു എന്നതാണ് ഇതിന്റെ മറ്റൊരു തലം. സാമുദായിക ഭാഷയുടെ ഇത്തിരിവട്ടത്തില്‍ മതത്തിന്റെ ശാഖാപരമായ തര്‍ക്കങ്ങള്‍ സംവേദനം ചെയ്ത എഴുത്തു വ്യവഹാരങ്ങള്‍ക്ക് ജനസാമാന്യത്തില്‍ സ്വാധീനമുണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. അതേസമയം മാനകീകരിക്കപ്പെട്ടിട്ടും മലയാളത്തിനു ചുറ്റും നിലനിന്ന സവര്‍ണ പരിവേഷമോ ഫ്യൂഡല്‍ ഭാവുകത്വവലയമോ കാരണമാകാം, ടി. ഉബൈദ് (1908-1972), പുന്നയൂര്‍കുളം വി. ബാപ്പു (മ. 1974) പോലുള്ള പലകവി പ്രതിഭകളും മുഖ്യധാരാ കാവ്യസരണിയില്‍ ഇടം നേടാതിരുന്നത്. ഭാഷാ സമൂഹങ്ങളുടെ ശ്രേണീബന്ധത്തിലെ മേല്‍ക്കൈ എന്നതുപോലെ സാമുദായിക മേല്‍ക്കൈയും ഇതിനെയൊക്കെ നിര്‍ണയിച്ച ഘടകങ്ങളാവാം.
നവോത്ഥാനത്തിന്റെ വിവര്‍ത്തനം
നവോത്ഥാനത്തോടു ചേര്‍ന്നു നീങ്ങിയ ഭാഷാപരമായ വികാസം ഇസ്‌ലാമിന്റെ ബൃഹദ്പാരമ്പര്യത്തിന്റെ ഭാഗമായും കണ്ടെടുക്കാന്‍ കഴിയും. എട്ടാം ശതകത്തിനും പത്താം ശതകത്തിനുമിടയില്‍ വിശിഷ്യാ അബ്ബാസിയാ കാലഘട്ടത്തില്‍ (750-1258) ശാസ്ത്ര-വൈജ്ഞാനിക മേഖലയില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കു സമാന്തരമായി നടന്നത് അറബിഭാഷയുടെ കൂടി വികാസമായിരുന്നു. വൈവിധ്യമാര്‍ന്ന ശാസ്ത്രപ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന തരത്തില്‍ ഗ്രീക്ക്, സുറിയാനി, സംസ്‌കൃതം, പഹല്‍വി തുടങ്ങിയ ഭാഷകളില്‍നിന്ന് ധാരാളം ശാസ്ത്രഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇസ്‌ലാമിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തോടൊപ്പം മുസ്‌ലിം ലോകത്തു നടന്ന സാംസ്‌കാരിക പരിവര്‍ത്തനത്തില്‍ മുഖ്യമായ ഒന്നായി അറബിഭാഷാ ശാസ്ത്രവിപ്ലവം മനസ്സിലാക്കപ്പെടുന്നു. ടോളമി, അരിസ്റ്റോട്ടില്‍, യൂക്ലിഡ്, ഗാലന്‍ തുടങ്ങിയവരുടെ കൃതികള്‍ അറബി ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ശേഷമാണല്ലോ പാശ്ചാത്യ ലോകത്ത് ഇവര്‍ പരിചിതരാകുന്നത്. വായനക്കും എഴുത്തിനും പരമപ്രാധാന്യം കല്‍പിച്ചും ഭാഷാവൈവിധ്യത്തെ ദൈവികദൃഷ്ടാന്തമായി വിശേഷിപ്പിച്ചുമുള്ള ഖുര്‍ആന്റെ അധ്യാപനങ്ങള്‍ ഇത്തരം വൈജ്ഞാനിക വിപ്ലവങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ടാകണം.
എഴുത്തു മനോഹരമാക്കുക; അത് സത്യത്തെ ശോഭയോടെ നിലനിര്‍ത്തും എന്ന് അലി(റ)യുടെ ഒരു മൊഴിയുണ്ട്. ഈജിപ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന് നേതൃത്വം നല്‍കിയ ഹസനുല്‍ബന്നാ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പത്ത് നിര്‍ദേശങ്ങളില്‍ ഒന്ന് ശുദ്ധമായ അറബി ഭാഷ സംസാരിക്കാന്‍ ശ്രമിക്കണമെന്നായിരുന്നു (2005:85). ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമിക്കു നേതൃത്വം നല്‍കിയ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നിലപാടുകളോട് യോജിക്കാത്തവര്‍ പോലും ശക്തമായ തെളിമയുറ്റ തൂലികയുടെ ഉടമയായി അദ്ദേഹത്തെ അംഗീകരിച്ചു. സാഹിത്യഭംഗി കലര്‍ന്ന ഉര്‍ദുവായിരുന്നു അദ്ദേഹത്തിന്റേത്. 1930-ല്‍ തന്നെ ആലപ്പുഴയില്‍നിന്ന് പി.എം അബ്ദുല്‍ഖാദറുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ 'ഇശാഅത്ത്' എന്ന മാസികയിലാണ്. ആദ്യമായി മലയാള ഭാഷയില്‍ സയ്യിദ് മൗദൂദിയുടെ ലേഖനം വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുന്നത് (1998:111).
കേരളത്തിലെ മുസ്‌ലിംകളുടെ എഴുത്തുഭാഷക്ക് വലിയ വിസ്താരമേകിയത് വിവര്‍ത്തനത്തിന്റേതായ നവോത്ഥാന സംസ്‌കാരമാണ്. അഭിജ്ഞ സമൂഹത്തെ അഭിമുഖീകരിക്കുന്ന 'ദഅ്‌വത്തി'ന്റെ ഭാഷ ഈ വിവര്‍ത്തന സംസ്‌കാരം രൂപപ്പെടുത്തി. വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ദീപിക (1930-31), സി.എസ് അബ്ദുല്‍അസീസിന്റെ യുവകേസരി (1946-1951) എന്നിവയുടെ വിവിധ ലക്കങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇതു ബോധ്യമാകും. മുഹമ്മദ് അസദും റശീദ് രിദായും മുഹമ്മദ് അബ്ദുവും പിക്താളും ജമാലുദ്ദീന്‍ അഫ്ഗാനിയും ശകീബ് അര്‍സലാനുമൊക്കെ ആധുനിക വിദ്യാഭ്യാസം നേടിയ മലയാളികളുടെ വായനാപരിസരത്തെത്തുന്നത് ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെയാണ്. ഈജിപ്തില്‍നിന്ന് റശീദ് രിദാ പ്രസിദ്ധീകരിച്ച അല്‍മനാറും ഇംഗ്ലണ്ടില്‍നിന് ഖാജാ കമാലുദ്ദീന്‍ പ്രസിദ്ധീകരിച്ച ഇസ്‌ലാമിക് റിവ്യൂവും12 കേരള മുസ്‌ലിം നവോത്ഥാന നേതൃത്വത്തെ സ്വാധീനിച്ചിരുന്നു (കബീര്‍; 1998:43).
മലയാള ഭാഷയുടെ പരിമിതിയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ബോധവാനായിരുന്ന വക്കം മൗലവി ഇസ്‌ലാമിയാ പബ്ലിഷിംഗ് ഹൗസ് എന്ന പ്രസാധനാലയത്തിലൂടെ 'മതാഭിമാനികളും ഉദ്ബുദ്ധ ബുദ്ധികളുമായ യുവജനങ്ങളെയും ഇതര മതസ്ഥരെയും ലക്ഷ്യം വെച്ച് തുടങ്ങിയ ദീപിക മലയാള ഭാഷയില്‍ ഖുര്‍ആന്‍ അര്‍ഥവ്യാഖ്യാനം ആരംഭിച്ച ആദ്യ വൈജ്ഞാനിക പ്രസിദ്ധീകരണമാണ്. ഖുര്‍ആന്‍ വ്യാഖ്യാനത്തിനു നല്‍കിയ പേര് 'ഖുര്‍ആന്‍ ഭാഷ്യം' എന്നാണ്. പാവപ്പെട്ട മലയാള ഭാഷക്ക് ശരിയായി ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവിധം ഖുര്‍ആന്റെ വൈപുല്യത്തെക്കുറിച്ച് അതിന്റെ ആമുഖത്തില്‍ മൗലവി ഓര്‍മിപ്പിക്കുന്നുണ്ട് (1992; 2,3).
മലയാള ഭാഷയുടെ പോഷണവുമായി ബന്ധപ്പെട്ട സൃഷ്ടിപരമായ നീക്കങ്ങളെ പ്രചോദിപ്പിക്കുന്ന സമീപനം മക്തി തങ്ങളെപ്പോലെ വക്കം മൗലവിയും പങ്കുവെക്കുന്നുണ്ട്. വിദ്വല്‍ സംഘത്തെക്കൊണ്ട് ഭാഷാനിഘണ്ടു, മലയാളത്തിലെ സാങ്കേതിക പദദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ ഇംഗ്ലീഷ്-മലയാള നിഘണ്ടു എന്നിവയുടെ കാര്യത്തില്‍ സാഹിത്യ പരിഷത്തിനെ ഉണര്‍ത്തുന്നത് ഇതിന്റെ ഭാഗമാണ് (ടി. 8). പുതിയ എഴുത്തുകാരുടെ രചനകളുടെ നിരൂപണങ്ങളില്‍ ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഗൗരവത്തില്‍ വിശകലനം ചെയ്യപ്പെട്ടു. അനാവശ്യമായ സംസ്‌കൃത ഭ്രമത്തെ വിമര്‍ശിച്ചു. പദതലത്തിലും രൂപതലത്തിലും വാക്യതലത്തിലും വരുന്ന പിഴവുകളും ദീപികയിലെ നിരൂപണങ്ങളില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇസ്‌ലാമിന്റെ
വിപുലാര്‍ഥങ്ങള്‍
20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അറബ് ലോകത്തും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും സജീവമായ കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ ബോധവും ഇസ്‌ലാമിക നവജാഗരണവും മലയാളത്തില്‍ പിന്നീട് ഇസ്‌ലാമിന്റെ രാഷ്ട്രീയഭാഷ വികസിക്കുന്നതിനിടയാക്കി. ഇസ്‌ലാമിന്റെ രാഷ്ട്രീയ വശത്തെയും അതിന്റെ പ്രയോഗവത്കരണത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന പഠനങ്ങള്‍ യുവകേസരിയിലും മറ്റും ധാരാളമായി വരുന്നുണ്ട്. 1920-കളില്‍ സയ്യിദ് മൗദൂദി ഉയര്‍ത്തിക്കൊണ്ടുവന്ന ഇസ്‌ലാമിന്റെ സമഗ്രതയെക്കുറിച്ച വിചാരങ്ങളും സമ്പൂര്‍ണ ജീവിത പദ്ധതി, ജീവിത വ്യവസ്ഥ തുടങ്ങിയ പദസംയുക്തങ്ങളും മലയാളികളുടെ, വിശിഷ്യാ മുസ്‌ലിം സമൂഹത്തിന്റെ നിത്യവായനാനുഭവത്തിലേക്ക് ഇറങ്ങിവരികയായിരുന്നു. 1945-ല്‍ പഠാന്‍കോട്ടില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി ഒന്നാം വാര്‍ഷിക സമ്മേളനം ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ മൗദൂദിയുടെ 'രിസാലെ ദീനിയ്യാത്ത്' 'ഇസ്‌ലാംമത'മായി. 'സലാമത്തീ കാ രാസ്ത' 'രക്ഷാസരണി'യായും 'അഖ്ല്‍ കാ ഫൈസലാ' 'ബുദ്ധിയുടെ വിധി' എന്ന പേരിലും മലയാളത്തിലിറങ്ങി. യുവകേസരിയില്‍ ലേഖനങ്ങളെഴുതിപ്പോന്ന ഇടവാ ടി.പി മഹ്മൂദിനെ സമീപിച്ചാണ് വി.പി മുഹമ്മദലി (ഹാജി സാഹിബ്) വിവര്‍ത്തനങ്ങളുടെ ഭാഷ പരിഷ്‌കരിക്കുന്നത്. ഇസ്‌ലാമിന്റെ സമഗ്രത സമര്‍പ്പിക്കാനുതകുന്ന പദകോശത്തിന്റെ വികാസമാണ് പിന്നീടങ്ങോട്ട് പത്ര-പുസ്തക പ്രസാധനത്തിലൂടെയും ആശയ പ്രചാരങ്ങളിലൂടെയും നടക്കുന്നത്.
1948-ല്‍ വളാഞ്ചേരിയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തിനു ശേഷം ചില പുതിയ പ്രയോഗങ്ങള്‍ മലയാളത്തില്‍ കടന്നുവന്നതിനെക്കുറിച്ചു മൊയ്തു മൗലവി പറയുന്നുണ്ട്.
ഇസ്‌ലാമിക പ്രസ്ഥാനം, ഇസ്‌ലാം ഒരു ജീവിത പദ്ധതി, ഇസ്‌ലാമിക വിപ്ലവം, ധാര്‍മികവിപ്ലവം, ഇസ്‌ലാമിന്റെ സംസ്ഥാപനം, സത്യവ്യവസ്ഥ, ഇസ്‌ലാമിക സാഹിത്യം ഇസ്‌ലാം സാര്‍വലൗകിക പ്രസ്ഥാനം, സമ്പൂര്‍ണ ജീവിത വ്യവസ്ഥ, ഇസ്‌ലാമും രാഷ്ട്രമീമാംസയും, ഇസ്‌ലാമും സാമ്പത്തിക സിദ്ധാന്തവും, ഇസ്‌ലാമും സാംസ്‌കാരിക വ്യവസ്ഥയും, ഇസ്‌ലാമും സാമൂഹിക ജീവിതവും എന്നിങ്ങനെ പലതും. പുതുതായി കടന്നുകൂടിയ ഇത്തരം പ്രയോഗങ്ങള്‍ മുസ്‌ലിം ബുദ്ധിജീവികളുടെ ഇടയില്‍ ചിന്താവിഷയമായി. ഉല്‍പതിഷ്ണുക്കളും പരിഷ്‌കര്‍ത്താക്കളുമായ പണ്ഡിതന്മാര്‍ പോലും ഇവയെപ്പറ്റി സംശയാലുക്കളായി (157). ആധുനിക ജ്ഞാനമണ്ഡലത്തില്‍ ഉരുവപ്പെട്ടുവന്ന പുതിയ അറിവുശീലങ്ങളോട് ഇസ്‌ലാമിനകത്തുനിന്നുകൊണ്ട് സംവദിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇവയില്‍ പലതും. 'ഭാഷകൊണ്ട് ലോകത്തെ നിര്‍മിക്കുന്നു' എന്നു പറയാറുണ്ടല്ലോ. കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം സാമ്പ്രദായിക മതസംഘടനകളില്‍നിന്നു വേറിട്ടുനിന്നത് ഇത്തരത്തില്‍ സവിശേഷമായ ഭാഷാ പ്രയോഗങ്ങളില്‍ കൂടിയായിരുന്നു. 1945-ല്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസും '49-ല്‍ പ്രബോധനവും പിറവിയെടുക്കുമ്പോള്‍ അതില്‍ നേരത്തേ പറഞ്ഞ നവോത്ഥാന ഭാഷാവ്യവഹാരങ്ങളുടെ ഒരു തുടര്‍ച്ചയും വളര്‍ച്ചയും കാണാന്‍ കഴിയും.
ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ഭാഷയായ ഉര്‍ദുവും ഇന്ത്യയിലെ മറ്റ് പ്രാദേശിക ഭാഷകളുമായുള്ള വിനിമയം സജീവമായത് ജമാഅത്തെ ഇസ്‌ലാമി മുന്‍കൈയെടുത്തു നടത്തിയ വിവര്‍ത്തന/പ്രസാധന സംരംഭങ്ങളിലൂടെയാണ്. മലയാളത്തിലും ഐ.പി.എച്ച് ഇറക്കിയ ഒട്ടുമുക്കാല്‍ കൃതികളും വിവര്‍ത്തന കൃതികളായിരുന്നു. ഇവയിലൂടെ ഇസ്‌ലാമിക ദര്‍ശനത്തിന്റെ കാമ്പും കാതലും പ്രമാണബദ്ധമായി കാണിച്ചുകൊടുക്കാനുള്ള ശ്രമം മാത്രമല്ല നടന്നത്; മലയാള ഭാഷക്കകത്ത് ഇസ്‌ലാമിക സംജ്ഞകളെ ഉറപ്പിച്ചെടുക്കുക കൂടിയാണ്. മുമ്പ് അറബിമലയാളത്തില്‍ ആധുനിക മലയാള ലിപിക്കനുസരിച്ച പരിഷ്‌കരണങ്ങള്‍ നടന്നതുപോലെ അറബിയില്‍നിന്നും തത്ഭവമായും തത്സമമായും കടന്നുവന്ന വാക്കുകളും ഇസ്‌ലാമിന്റെ സാങ്കേതിക സംജ്ഞകളും അവയുടെ ഉച്ചാരണത്തോട് നീതിപുലര്‍ത്തുന്ന കൂടുതല്‍ യോജ്യമായ ലിപികളില്‍ എഴുതുന്ന 'സംസ്‌കാരം' ഇതിലൂടെ സൃഷ്ടിക്കാന്‍ ശ്രമിച്ചു.13 മത, മതേതര രചനകളില്‍ അറിഞ്ഞോ അറിയാതെയോ വന്നുകൊണ്ടിരുന്ന ഇസ്‌ലാമുമായി ബന്ധപ്പെട്ട എഴുത്തുകളുടെ വിലക്ഷണമായ നടപ്പുരീതികളെ മാറ്റിയെടുക്കാന്‍ വലിയ അളവില്‍ കഴിഞ്ഞു എന്നത് നവോത്ഥാന എഴുത്തിന്റെ ഗുണഫലമാണ്.
ഇതിന്റെ മറുവശവും കാണാതിരുന്നു കൂടാ. സാമ്പ്രദായിക മതധാരണകളുടെ പ്രതിലോപരമായ പല സമീപനങ്ങളെയും പ്രതിരോധിക്കുന്നതിനിടയില്‍ അതിന്റെ മാധ്യമം കൂടിയായിരുന്ന അറബിമലയാളത്തെയും മാപ്പിള മൊഴികളെയും അപകൃഷ്ടമായി ഗണിക്കുന്ന പൊതുബോധം പ്രായേണ നവോത്ഥാനാശയങ്ങള്‍ ഉള്‍ക്കൊണ്ടവരിലുണ്ടായി. അറബിമലയാളം = യാഥാസ്ഥിതികത്വം, മാനകമലയാളം = ഉല്‍പതിഷ്ണുത്വം എന്നൊരു സമീകരണബോധം ഇതു സാമാന്യ ജനത്തില്‍ സൃഷ്ടിച്ചു. അറബിമലയാളത്തിലെ വമ്പിച്ച നാട്ടുഭാഷാ സമ്പത്ത് മലയാള ഭാഷക്ക് മുതല്‍ക്കൂട്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങളൊന്നുമുണ്ടായില്ലെന്നതാണ് ഇതിന്റെ ഫലം. എങ്കിലും ഇന്ന് മുസ്‌ലിം സമൂഹത്തിലെ ഏതാണ്ടെല്ലാ വിഭാഗങ്ങളുടെയും എഴുത്തുഭാഷ, കഴിഞ്ഞ അരനൂറ്റാണ്ടോളം കാലത്തിനിടക്ക് ക്രമികമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇന്നിപ്പോള്‍ ഇസ്‌ലാമിന്റെ ആശയാവലികള്‍ അവതരിപ്പിക്കാന്‍ മലയാളഭാഷയുടെ സാധ്യതകളെ അവ പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. അടുത്തകാലം വരെ മാപ്പിള ഭാഷണസമൂഹത്തെ മാത്രം അഭിമുഖീകരിച്ചിരുന്ന ആനുകാലികങ്ങള്‍ പലതും പൊതുസമൂഹത്തെ സംബോധന ചെയ്യുന്ന തരത്തിലേക്ക് മാറുകയും ചെയ്തു.
ആഗോളവല്‍ക്കരണത്തിന്റെയും സാംസ്‌കാരികാധീശത്വത്തിന്റെയും പടപാച്ചിലില്‍ മാതൃഭാഷകളും പ്രാദേശികതകളും ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ലോക ഭോഷകളില്‍ രണ്ടായിരത്തിലധികം ഭാഷകള്‍ മരിച്ചുകഴിഞ്ഞുവെന്നും 2005-ലെ കണക്കു പ്രകാരം ലോകത്താകെയുള്ള 6912 ഭാഷകളില്‍ പലതും മരണത്തിന്റെ വക്കിലാണെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. വിഭിന്ന ഭാഷക്കാര്‍ ഏറ്റവും കൂടുതല്‍ കുടിയേറി താമസിക്കുന്ന അമേരിക്കയിലെ 23 സംസ്ഥാനങ്ങളിലും ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ അടിച്ചേല്‍പിക്കുന്ന നിയമം 2007-ല്‍ കൊണ്ടുവന്നു. ഭാഷയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണല്ലോ. അതുകൊണ്ടുതന്നെ പാരമ്പര്യത്തെ അതിജീവനത്തിന്റെ ഊര്‍ജമായി സ്വീകരിക്കുന്ന സ്വത്വബോധം ഇന്ന് മിക്ക ഭാഷാ/ഭാഷണ സമൂഹങ്ങളിലും വ്യാപകമായിട്ടുണ്ട്. ആശയവിനിമയോപാധി എന്നതിനപ്പുറം ആശയത്തിന്റെ തന്നെ ഉപാധിയാണ് ഭാഷ എന്ന് സമകാലിക സംസ്‌കാര പഠന സന്ദര്‍ഭത്തില്‍ തിരിച്ചറിയപ്പെടുന്നുണ്ട്. ഓരോ ആശയവും ആ ഭാഷണസമൂഹത്തിന്റെ മുദ്രകളുള്ളതാണ് എന്നാണിതിനര്‍ഥം.
മലയാളം ഇന്ന് പഴയ 'ആര്യനെഴുത്ത'ല്ല. ചരിത്രത്തിലൂടെ വിവിധ സാംസ്‌കാരിക സ്വത്വങ്ങളുടെ മുദ്രകളേറ്റുവാങ്ങിപ്പരിണമിച്ചു വന്ന മലയാളമാണ്. പുതിയ കാലത്ത് അത് പല പ്രകാരത്തില്‍ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിന്റെ അര്‍ഥവിസ്താരങ്ങള്‍ പലതും അതില്‍ അടയാളപ്പെട്ടുകഴിഞ്ഞു. ബഹുശാബ്ദികമായ ഒരു സാമൂഹികസ്ഥലമായി എഴുത്തിന്റെ മണ്ഡലവും മാറിക്കഴിഞ്ഞു.
അനീസുദ്ദീന്‍ അഹ്മദ് 9495019330
aneesudheenahamed@gmail.com
അടിക്കുറിപ്പുകള്‍
1. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയാണ് ഈ വിശകലനത്തിന്റെ മുഖ്യമായ കാലപരിധി.
2. 1831-ല്‍ രചിക്കപ്പെട്ട, 'ലഅ്‌നത്താക്കപ്പെട്ട ഇബ്‌ലീസ്....' എന്നു തുടങ്ങുന്ന തലക്കെട്ടോടുകൂടിയ ഗദ്യകൃതി കണ്ടെത്തിയതായി അറബിമലയാള ഗവേഷകനായ കെ.ടി അശ്‌റഫ് പറയുന്നു.
3. അന്ധവിശ്വാസജടിലമെന്നു പറഞ്ഞ് പല കൃതികളെയും നവോത്ഥാനാശയക്കാര്‍ വിമര്‍ശനവിധേയമാക്കി.
4. മൂവായിരത്തില്‍പരം അറബി പദങ്ങളെങ്കിലും മലയാളത്തിലുണ്ടെന്ന് ഗുണ്ടര്‍ട്ട് തന്റെ നിഘണ്ടുവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
5. ഒരു ജനസമൂഹത്തിന്റെ മാനസികമായ ഐക്യബോധത്തെ വളരെയധികം സഹായിക്കുന്നു എന്ന അര്‍ഥത്തിലുള്ള ഏകീകരണ ധര്‍മം, ഇതര ഭാഷ സംസാരിക്കുന്നവരില്‍നിന്നും ഒരു ഭാഷ സംസാരിക്കുന്നവരെ വ്യവഛേദിച്ചു കാണിക്കുന്നു എന്ന അര്‍ഥത്തില്‍ വ്യവഛേദക ധര്‍മം, മാന്യവല്‍ക്കരണ ധര്‍മം, ഭാഷ ഭേദപ്രയോഗങ്ങള്‍ക്ക് മാതൃകയായിത്തീരുന്ന തരത്തില്‍ മാതൃകാധര്‍മം എന്നിവ ഒരു ദേശീയ ഭാഷ രൂപപ്പെടുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഘടകങ്ങളാണ് (ഷണ്‍മുഖം; 2008:82).
6. 'മക്തി മനഃക്ലേശ'ത്തില്‍ ഇത് ദീര്‍ഘമായി വിശദീകരിക്കുന്നുണ്ട്.
7. കെ.പി, 'കേരള മുസ്‌ലിം നവോത്ഥാനം' പ്രബോധനം സ്‌പെഷ്യല്‍ പുറം. 47
8. 1925 മാര്‍ച്ച് 11-ാം തീയതി തിരൂരങ്ങാടി മുഈനുല്‍ ഇസ്‌ലാം പ്രസ്സില്‍ മാനേജര്‍ സി.കെ മുഹമ്മദ് മുദ്രണം ചെയ്ത 'ഗസ്‌വത്ത് ബദ്‌റുല്‍ കുബ്‌റാ'യുടെ അനുബന്ധം. 1986 (ജൂലൈ-ഡിസംബര്‍)ലെ 'മലയാള വിമര്‍ശം' ഇത് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട് (എം.എന്‍ കാരശ്ശേരി).
9. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 19-ാം വാര്‍ഷിക യോഗത്തില്‍ പാസ്സാക്കിയ പ്രമേയം (4-ാം നമ്പര്‍). 1951 മെയ് 1-ലെ 'ഹിദായത്തുല്‍ മുഅ്മിനീന്‍' ഇതു കൊടുത്തിട്ടുണ്ട് (പുറം 17).
10. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. വക്കം അബ്ദുല്‍ഖാദറിന് ജി.യുടെ കത്തുകള്‍- പഠനം സമ്പാദനം, മുത്താന താഹാ, 2007 ഒക്‌ടോബര്‍.
11. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും തമ്മിലുള്ള സൗഹൃദം ഓര്‍ക്കുക.
12. Introduction to the Study of the Holy Quran എന്ന ഖോജാ കമാലുദ്ദീന്റെ പുസ്തകം 'ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുര' എന്ന പേരില്‍ ഒ. ആബു 1967-ല്‍ പ്രസിദ്ധപ്പെടുത്തി. 1970-ല്‍ രണ്ടാം പതിപ്പ് മുതല്‍ തൃശൂര്‍ ആമിനാ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ചു.
13. അള്ളാഹു - അല്ലാഹു, ഇസ്‌ളാം/ഇസ്ലാം - ഇസ്‌ലാം തുടങ്ങിയവ ഉദാഹരണം. മുഹമ്മദീയ മതം, മതസ്ഥാപകന്‍ തുടങ്ങിയവ ദീപികയിലൊക്കെ കാണാമായിരുന്നു. ഇത്തരം പ്രയോഗങ്ങള്‍ ഇപ്പോള്‍ സമുദായ പ്രസിദ്ധീകരണങ്ങളില്‍ ഇല്ലാതായി എന്നു തന്നെ പറയാം.
ഗ്രന്ഥ-പ്രബന്ധ സൂചനകള്‍
അബു, ഒ 1970 അറബി മലയാള സാഹിത്യ ചരിത്രം, എസ്.പി.സി.എസ് കോട്ടയം
അബ്ദുല്‍ഖാദര്‍ മൗലവി, വക്കം 1992 ദീപിക (ഒറ്റവാള്യം) വക്കം മൗലവി ഫൗണ്ടേഷന്‍, തിരുവനന്തപുരം
അബ്ദുസ്സലാം, വാണിയമ്പലം 2005 അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഐ.പി.എച്ച് കോഴിക്കോട്
കബീര്‍, വി.എ 1998 മുസ്‌ലിം നോവത്ഥാനം: ചില പാര്‍ശ്വ ചിത്രങ്ങള്‍, പുറം: 41 പ്രബോധനം സ്‌പെഷ്യല്‍ 1998
കുര്യാക്കോസ്, കെ. തോട്ടുങ്കല്‍ 1943 പ്രാരംഭ ഭാഷാ ബോധനം പുറം: 15 മാപ്പിള റിവ്യൂ വാ.3, നം. 6
ഖല്‍ദൂന്‍, ഇബ്‌നു 1984 മുഖദ്ദിമ (വിവ. മുട്ടാണിശ്ശേരി എം. കോയക്കുട്ടി) മാതൃഭൂമി
ഗുപ്തന്‍ നായര്‍, എസ് 2001 ഗദ്യം പിന്നിട്ട വഴികള്‍, ഡി.സി ബുക്‌സ് കോട്ടയം
ജമാലുദ്ദീന്‍ കുഞ്ഞ്, എം. 1987 കേരളത്തിലെ മുസ്‌ലിം സമുദായം, പു: 92 മലയാള വിമര്‍ശനം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി
ദയാനന്ദന്‍, ഡി 2004 എ. മലയാള ലിപി; ഉദ്ഭവവും വളര്‍ച്ചയും, ജനപഥം നവംബര്‍: 2004
പ്രഭാകര വാര്യര്‍, കെ.എം 1982 പൂര്‍വകേരള ഭാഷ, യൂനിവേഴ്‌സിറ്റി ഓഫ് മദ്രാസ്
2004 ബി. മലയാളം മാറ്റവും വളര്‍ച്ചയും വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം
ബഷീര്‍, വൈക്കം മുഹമ്മദ് 2008 എന്റെ ചെറുപ്പകാലവും ചുറ്റുപാടും ധിഷണ സാഹിത്യ സാംസ്‌കാരിക മാസിക, പുസ്തകം: 1, ലക്കം: 9
മക്തി തങ്ങള്‍, സയ്യിദ് സനാഉല്ലാ 2006 മക്തി തങ്ങള്‍ സമ്പൂര്‍ണ കൃതികള്‍ സമ്പാ: കെ.കെ മുഹമ്മദ് അബ്ദുല്‍കരീം, വചനം ബുക്‌സ്
മുരളി, കവിയൂര്‍ ദലിത് ഭാഷ, കറന്റ് ബുക്‌സ് കോട്ടയം
മുഹമ്മദ് കുഞ്ഞി, പി.കെ 1993 മുസ്‌ലിമീങ്ങളും കേരള സംസ്‌കാരവും, കേരള സാഹിത്യ അക്കാദമി
മൊയ്തു മൗലവി, കെ. 1992 ഓര്‍മക്കുറിപ്പുകള്‍, ഐ.പി.എച്ച് കോഴിക്കോട്
രവീന്ദ്രന്‍, പി.പി 2007 ഭാഷ, സംസ്‌കാരം, അധിനിവേശം
പുറം: 329 സംസ്‌കാരപഠനം: ചരിത്രം, സിദ്ധാന്തം പ്രയോഗം - കറന്റ് ബുക്‌സ് കോട്ടയം
ഷണ്‍മുഖം, എസ്.വി 2008 മലയാള ഭാഷയുടെ രൂപീകരണവും വളര്‍ച്ചയും പുറം: 80-127 ദ്രാവിഡ പഠനങ്ങള്‍, ദ്രവീഡിയന്‍ യൂനിവേഴ്‌സിറ്റി, കുപ്പം
ഷാ സാഹിബ്, അബ്ദുല്‍ഗഫൂര്‍ 1934 നബി ചരിത്രം മണിപ്രവാളം (രണ്ടാം സര്‍ഗം) പി. മമ്മു ചേവായൂര്‍
റഹ്മാന്‍, എം.എ 2009 'മാപ്പിളമാരുടെ പ്രതിവ്യവഹാരങ്ങള്‍' പച്ചക്കുതിര ജൂണ്‍ 2009
(ചരിത്ര ഗവേഷകനായ അബ്ദുര്‍റഹ്മാന്‍ മങ്ങാട്, സുഹൃത്തുക്കളായ ഇ.എം സക്കീര്‍ ഹുസൈന്‍, രാജേന്ദ്രന്‍ എടത്തുംകര, ജമീല്‍ അഹ്മദ് എന്നിവരോട് കടപ്പാട്).

Comments

Other Post