Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

മാപ്പിളസാഹിത്യം ഇടപെടലിന്റെ താത്വികമാനങ്ങള്‍

ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌

മാപ്പിള ജീവിതത്തില്‍ എല്ലാ കാലത്തും സാഹിത്യം ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ഈ ഇടപെടലിന്റെ സ്വഭാവം ഏകശിലാത്മകമായിരുന്നിട്ടുമില്ല. സാമൂഹിക ചാലകതയില്‍ തിരശ്ചീനമായൊരവസ്ഥ അനുഭവപ്പെടുമ്പോള്‍ അതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ഒരെഴുത്തുകാരന്‍ തന്റെ സര്‍ഗാത്മകത പുറത്തെടുക്കുന്നത്. തീര്‍ച്ചയായും അതൊരു വൈകാരികാനുഭവത്തിന്റെ പ്രസാരണമാണ്. എന്നാല്‍ ക്രിയാപരതയില്‍ അതിനൊരു ഉദാത്തീകരണത്തിന്റെ സ്വഭാവമാണുള്ളത്. മനുഷ്യന്റെ അവബോധനിരപ്പില്‍നിന്ന് സ്വതന്ത്രവും ബാഹ്യവുമായി വര്‍ത്തിക്കുന്നൊരു വാസ്തവികതയില്‍നിന്നാണ് ഉദാത്തതയെന്ന കാല്‍പനിക വിഭാവനം ഉരുത്തിരിയുന്നത്. 'നിശ്ചിതമായ ചില ബന്ധങ്ങളുടെ പ്രതിഫലനവും താദാത്മ്യവല്‍ക്കരണവുമെന്ന നിലയിലാണ് ഈ ഉദാത്തത രൂപം കൊള്ളുന്നതെന്നും അതിന്റെ വസ്തുനിഷ്ഠമായ അടിത്തറ സാമൂഹിക ജൈവചാലകതയുടെ സ്വഭാവമാണെന്നും' വിലയിരുത്തപ്പെടുന്നു. അതുകൊണ്ട് ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകള്‍ സംബന്ധിച്ചും മാപ്പിള സാമൂഹികതയുടെ വികസ്വരവിതാനത്തെ സംബന്ധിച്ചും അതത് എഴുത്തുകാരനുണ്ടായിരുന്ന അവബോധനിരപ്പിന്റെ തോതനുസരിച്ചാണ് മാപ്പിളസാഹിത്യപരികല്‍പനയിലെ സാമൂഹിക ഇടപെടലിന്റെ സ്വഭാവമെന്ന് തിരിച്ചറിയേണ്ടിവരുന്നു.1
അവകാശവാദങ്ങളും അഭ്യൂഹങ്ങളും എന്തായിരുന്നാലും മാപ്പിള സാഹിത്യത്തിന്റെ പ്രഭവകാലം ക്രി. പതിനാറാം നൂറ്റാണ്ടിനു മുമ്പായിരിക്കാന്‍ ഇടയില്ല. ക്രി. പതിനാറാം ശതകത്തിന്റെ ആരംഭംതൊട്ടുതന്നെ മാപ്പിള ജൈവമണ്ഡലത്തില്‍ അസ്വസ്ഥതയുടെയും അനിശ്ചിതത്വത്തിന്റെയും ചൂടും പുകയും വ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. തീരദേശ വ്യാപാര മണ്ഡലത്തിലേക്ക് പോര്‍ച്ചുഗീസ് വാണിജ്യശക്തി, പ്രാദേശികമായ അറബ് വ്യാപാര സ്വാധീനത്തെയെന്നപോലെ മാപ്പിള സാമൂഹികതയെയും ഉന്മൂലനം ചെയ്യാനാണ് തിടുക്കം കൂട്ടിയത്. നൂറ്റാണ്ടുകളായി അറബ് വ്യാപാരത്തിന്റെ കണ്ണികളും സഹായികളുമെന്ന നിലയില്‍ ഉരുവപ്പെടുത്തിയെടുത്ത ഉപജീവനോപാധികളില്‍നിന്നും, പ്രാദേശിക നാടുവാഴിത്തങ്ങള്‍ക്ക് കീഴില്‍ ലഭ്യമായിരുന്ന സാമൂഹിക സുരക്ഷിതത്വത്തില്‍നിന്നും തുരത്തിയോടിപ്പിക്കപ്പെട്ട മാപ്പിള സാമൂഹികതക്ക് വംശീയോന്മൂലനത്തിന്റെയും അതിജീവനാഭിനിവേശത്തിന്റെയും ദ്വിമാന പ്രതിസന്ധികളെയാണ് നേരിടേണ്ടിയിരുന്നത്. സാമൂഹിക വിചാരധാരയിലിടപെടാനുള്ള മാപ്പിള എഴുത്തിന് തുടക്കം കുറിക്കുന്നത് ഈ സാഹചര്യത്തിലാണ്. 1570-കളില്‍ പൊന്നാനി മഖ്ദൂം ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്റെ(1531-1583) തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്രരചന മാപ്പിള സാമൂഹികതയുടെ പ്രതിരോധോര്‍ജത്തിന്റെ ആദ്യത്തെ കണ്ടെത്തലായിരുന്നു. ഗ്രന്ഥനിര്‍മിതിയുടെ സാഹചര്യത്തെക്കുറിച്ച് മഹത്തായ മാപ്പിള സാഹിത്യചരിത്രകാരന്മാര്‍ കണ്ടെത്തുന്നതിങ്ങനെ: ''പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍മൂലം മലബാറിലെ മുസ്‌ലിംകള്‍ക്ക് നേരിട്ട ദുരവസ്ഥയില്‍നിന്ന് അവരെ രക്ഷിക്കാന്‍ ആരും മുമ്പോട്ടുവന്നില്ല. ഈ സന്ദര്‍ഭത്തിലാണ്, കുരിശാരാധകര്‍ക്കെതിരെ യുദ്ധത്തിന് സത്യവിശ്വാസികളെ പ്രേരിപ്പിക്കാന്‍ വേണ്ടിയാണ് ഈ ഗ്രന്ഥം എഴുതിയത്.'' ഇസ്‌ലാമിലെ ജിഹാദ് അനുശാസനത്തിലെ താത്ത്വിക വിചാര2 നിരപ്പില്‍നിന്നുകൊണ്ടാണ് ഗ്രന്ഥരചനയും അതിലെ സമരാഹ്വാനവുമെങ്കിലും ഗ്രന്ഥഭാഷ അറബിയായിരുന്നതുകൊണ്ടായിരിക്കാം മാപ്പിള സാഹിത്യ പരിപ്രേക്ഷ്യത്തില്‍ ഈ രചന വളരെയൊന്നും ചര്‍ച്ചചെയ്യപ്പെടാതെ പോയത്. ഭാഷാ നിരപ്പിലെ ഇതേ വൈതരണിയാണ് ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീന്‍ എന്ന രചനയെയും മാപ്പിള സാഹിത്യവിചാരത്തിന്റെ പരിസരത്തുനിന്നും അകറ്റിനിര്‍ത്തിയത്. ചാലിയത്ത് പോര്‍ത്തുഗീസുകാര്‍ നിര്‍മിച്ചിരുന്ന കോട്ട സാമൂതിരിയുടെ നായര്‍ പടയുടെയും മാപ്പിളമാരിലെ നാവികപടയുടെയും സംയുക്താക്രമണത്തില്‍ 1571-ല്‍ തകര്‍ത്ത് മാറ്റിയ ചരിത്രവിജയം, മതമൈത്രിയുടെയും പോരാട്ട വീറിന്റെയും ധീരമായ അടയാളപ്പെടുത്തലായിരുന്നിട്ടും പ്രാദേശിക ജനതയുടെ പ്രതിരോധനിരപ്പിന്റെ ആദ്യസമവാക്യമായിരുന്നിട്ടും മാപ്പിള സാഹിത്യ വിചാരത്തിന്റെ ചുറ്റുവട്ടത്തില്‍ അത് ശ്രദ്ധിക്കപ്പെടാതെ പോയതും ഗ്രന്ഥഭാഷ അറബിയാണെന്നതുകൊണ്ടായിരിക്കണം. ഡോ. കെ.കെ.എന്‍ കുറുപ്പും ഡോ. എം. ഗംഗാധരനും ഈ കാവ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് എന്നത് വാസ്തവം. എന്നാല്‍ ചരിത്രവാസ്തവികതക്കപ്പുറത്ത്, സാഹിതീയമായൊരു ഭാവോന്മീലനത്തിന്റെ വൈകാരികമായൊരിടപെടല്‍ എന്ന നിലയില്‍ മാപ്പിള സാഹിത്യവിചാരത്തിന്റെ ചുറ്റുവട്ടത്തിലേക്ക് അവരൊന്നും അതിനെ മാറ്റി പ്രതിഷ്ഠിക്കാന്‍ താല്‍പര്യപ്പെടുന്നുമില്ല.
ക്രി. പതിനേഴാം നൂറ്റാണ്ടിന്റെ അറബിമലയാളമെന്ന സങ്കരഭാഷ സാഹിത്യരചനയുടെ മാധ്യമമായി വളരുന്നതോടെ മാപ്പിള സാഹിത്യത്തിന് ജനകീയമായൊരു പരിവേഷം ലഭിക്കുന്നു. എന്നാല്‍ ഈ ജനകീയത പ്രാദേശിക സാമൂഹികതയിലെ വ്യതിരിക്തമായൊരു വംശീയാസ്തിത്വത്തെയാണ് അടയാളമിടുന്നത്. ക്രി. 1607-ല്‍ ഖാദി മുഹമ്മദിന്റെ മുഹ്‌യിദ്ദീന്‍മാല പുറത്തുവന്നത് ഈ സങ്കരഭാഷയിലാണല്ലോ. ഫത്ഹുല്‍ മുബീനും മുഹ്‌യിദ്ദീന്‍ മാലയും ഒരേ രചയിതാവിന്റെ സര്‍ഗക്രിയയിലെ രണ്ട് ഭാഷാ മാധ്യമങ്ങളിലൂടെ സാമൂഹിക ജൈവികത കണ്ടെത്തുന്നു. ആദ്യത്തേത് വരേണ്യമാനത്തിന്റെയും രണ്ടാമത്തേത് ജനകീയമാനത്തിന്റെയും അടയാളങ്ങളാകുന്നു. മലബാര്‍ പ്രദേശത്ത് പ്രാദേശിക മുസ്‌ലിം വൈകാരികതയുടെ സാഹിത്യഭാഷ അറബിമലയാളമായിരിക്കെ തന്നെ തിരുവിതാംകൂറില്‍ ഇത് അറബിതമിഴായിരുന്നുവെന്നത് ശ്രദ്ധേയമാണ്. കായല്‍പട്ടണം സ്വദേശി ശൈഖ് ശിഹാബുദ്ദീന്റെ(1635-1705) തൊളുകൈമാലൈ, മീരാന്‍മാലൈ, നസീഹത്ത്മാലൈ തുടങ്ങിയ രചനകള്‍ പതിനേഴാം ശതകത്തിന്റെ ഉത്തരാര്‍ധം തൊട്ടുതന്നെ തിരുവിതാംകൂറില്‍ വ്യാപകമായ പ്രചാരം നേടിയിരുന്നതായി കാണാം. പ്രാദേശിക ഭാഷാ ഭേദങ്ങളുടെ പരിമിതികള്‍ക്ക് അപ്പുറത്ത് മുഹ്‌യിദ്ദീന്‍മാല തൊട്ട് നസീഹത്ത് മാലവരെയുള്ള രചനകളില്‍ ഒരേ വൈകാരിക ഭാവത്തിന്റെ (ഭക്തിയുടെ) തിരയിളക്കമാണ് നാം കണ്ടെത്തുന്നത്. എന്നാല്‍ ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ കര്‍ക്കശമായ അതിരളവുകളില്‍നിന്നുകൊണ്ട് ഈ ഭക്തി രചനകളെ വിലയിരുത്താനാവില്ല. അതുകൊണ്ടാണ് വിഗ്രഹാരാധനയുടെയും ആലങ്കാരികതയുടെയും മതാത്മകത നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രത്തിന് ഇണങ്ങാത്തവിധം അതീവ ലളിതവും സരളവുമായിരുന്നതുകൊണ്ട്, ഇസ്‌ലാമികതയുടെ ഇന്ത്യന്‍ വിതാനത്തില്‍ നവീനവല്‍ക്കരണത്തിന്റെ അതിവിപുലമായ കൂട്ടിച്ചേര്‍ക്കലുകളും അടിഞ്ഞുകൂടലുകളും സംഭവിച്ചിരുന്നതായി ഗാര്‍സിന്‍ ദെ തസ്സി ചൂണ്ടിക്കാട്ടുന്നത്.3 അപ്പോള്‍ വൈരുധ്യാത്മക വിശാലവല്‍ക്കരണത്തിലെ അന്തര്‍മുഖതയുടെയും ബഹിര്‍മുഖതയുടെയും രണ്ടു ചാലകശക്തികള്‍ മാപ്പിള സാഹിതീയ പരിപ്രേക്ഷ്യത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി അനുമാനിക്കേണ്ടിവരുന്നു. അതുകൊണ്ട് പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ സര്‍ഗക്രിയാപരത മാപ്പിള സാമൂഹിക വിചാര നിരപ്പില്‍ ഇടപെട്ടത് രണ്ടു വിധത്തിലായിരുന്നുവെന്ന് കാണേണ്ടതുണ്ട്. ഒന്ന്, അതിക്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പിന് ആക്കം കൂട്ടാവുന്നവിധം വംശസാമൂഹികതയില്‍ ധീരോദാത്തമായൊരു പോരാട്ടവീറിന് തിരികൊളുത്തുക. രണ്ട്, എരിഞ്ഞടങ്ങുന്നതെങ്കിലും സാമൂഹിക ദുരന്തങ്ങളുടെ പരിസരം വിസ്മരിച്ച് തന്നിലേക്ക് തന്നെ മുഖം തിരിക്കാവുന്നവിധം ആത്മീയാന്വേഷണത്തില്‍ ഭക്തിമാര്‍ഗത്തിന്റെ പരിവൃത്തം വളര്‍ത്തിയെടുക്കുക. തുഹ്ഫത്തുല്‍ മുജാഹിദീന്‍ തൊട്ട് ഫത്ഹുല്‍ മുബീന്‍ വരെയുള്ള രചനകള്‍ ഒന്നാമത്തേതിനും മുഹ്‌യിദ്ദീന്‍ മാല തൊട്ട് മീരാന്‍മാൈല, തൊളുകൈമാലൈ, നസീഹത്ത് മാലൈ വരെയുള്ള രചനകള്‍ രണ്ടാമത്തേതിനും ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ക്രി. പതിനെട്ടാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധംവരെ സാമൂഹിക വൈകാരികതയിലെ പ്രതിരോധചിന്തകള്‍ക്ക് മതവംശീയതയുടെ അന്തര്‍മുഖതയില്‍നിന്ന് മോചനമുണ്ടായതായി കാണപ്പെടുന്നില്ല. അതുകൊണ്ട് ഭക്തി എന്ന വികാരം സാഹിത്യകാല്‍പനികതയില്‍ സ്ഥാപനവല്‍കൃതമാവുകയായിരുന്നു. ഈ സ്ഥാപനവല്‍ക്കരണത്തിന്റെ മുരടിപ്പില്‍ സാമൂഹിക വൈകാരികതയെ ചലനാത്മകമാക്കിയ ഒരേയൊരു വസ്തുത ത്വരീഖത്ത് മത്സരങ്ങളിലെ വീറും വാശിയും മാത്രമായിരുന്നു. തീര്‍ച്ചയായും അവക്ക് താത്ത്വിക ധൈഷണികതയുടെ പിന്‍ബലം അവകാശപ്പെടാനുണ്ടായിരുന്നില്ല. എങ്കിലും അതത് ത്വരീഖത്തുകളുടെ പ്രചാരകന്മാരായ പണ്ഡിതന്മാരുടെ കാല്‍പനിക പ്രഭാവം അവയ്ക്ക് അലൗകികമായൊരു ചുറ്റുവട്ടം നിര്‍മിക്കാന്‍ ശ്രമപ്പെടുകയുണ്ടായി. സാമാന്യ വിശ്വാസിയുടെ ചിന്താപരമായ ദൗര്‍ബല്യത്തിലാണ് ഉലമാക്കളുടെ കാല്‍പനികത, സ്വയം ആധികാരികത കൈവരിച്ചത്. അതുകൊണ്ടാണല്ലോ കുഞ്ഞായിന്‍ മുസ്‌ലിയാര്‍,
ഉണ്ടോ നീയേതാനും ഓര്‍ത്തിട്ടു പൊട്ടാ-
ഉന്‍മിശികെട്ട കുരുടായ പൊട്ടാ
...........................................................
വേട്ടാളന്‍ കാതില് കൂടിട്ടോ പൊട്ടാ-
വേദികള്‍ നാവുതളര്‍ന്നല്ലോ പൊട്ടാ-
പാട്ടില്‍ പറഞ്ഞാ കുശഞ്ഞല്ലോ പൊട്ടാ എന്ന് പരിഭവിക്കുന്നതും, അന്ത്യനാളിനെക്കുറിച്ച്
പദവി മുഹമ്മദും നന്മ പേശും അന്നാള്‍
കൈവിട്ടുലമാക്കള്‍ കണ്‍വീടും അന്നാള്‍
ഖാളിമാര്‍ മണ്ടപൊടിപ്പെടും അന്നാള്‍
എന്ന് പ്രത്യാശിക്കുന്നതും. മതാഭിനിവേശത്തിലെ അന്തഃസംഘര്‍ഷങ്ങളിലിടപെടുന്ന സാഹിത്യ വിചാരനിരപ്പാണ് ഇവിടെ കണ്ടെത്താനാകുന്നത്.
സാഹിതീയ വിതാനത്തില്‍ പരിഗണിക്കപ്പെട്ടാലുമില്ലെങ്കിലും സാമൂഹികതയുടെ വൈജ്ഞാനികരംഗത്തിന് മുതല്‍ക്കൂട്ടായി കര്‍മശാസ്ത്രപരമായും അനുഷ്ഠാനപരമായും നൈതിക- ധൈഷണികപരമായും ഒട്ടേറെ രചനകള്‍ ഇക്കാലത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി. എന്നാല്‍ ഗ്രന്ഥഭാഷ അറബിയായിരുന്നതിനാലും, പാണ്ഡിത്യഗരിമയില്‍നിന്ന് പുറത്തുകടക്കാനാവാത്തവിധം സൈദ്ധാന്തിക പരിവൃത്തം സൂക്ഷിച്ചിരുന്നതിനാലും സാമാന്യവിശ്വാസിയുടെ വൈകാരിക നിരപ്പില്‍ അവക്ക് ഏറെയൊന്നും ഇടപെടാനാവുകയുണ്ടായില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭംതൊട്ടുതന്നെ, മാപ്പിള സാഹിത്യവിതാനത്തില്‍ ബഹുസ്വരതയുടെ കടന്നുകയറ്റവും ആരംഭിക്കുന്നതായി കാണാം. മതവംശീയതയുടെ ആഭിജാത്യനിരപ്പുമായി ബന്ധപ്പെടുന്ന പ്രപഞ്ചവീക്ഷണത്തിന്റെ നുറുങ്ങുവെട്ടം അവയില്‍ പലതിനും അവകാശപ്പെടാനുണ്ടായിരുന്നു. എന്നാല്‍ വ്യതിരിക്തമായൊരു സാമൂഹികാസ്തിത്വ നിരപ്പുമായി ബന്ധപ്പെടുത്താവുന്ന ഏറെയൊന്നും അവക്കുണ്ടായിരുന്നില്ല. സാമൂഹിക ആഘോഷവേളകളെ നിറം പിടിപ്പിച്ച കല്യാണപ്പാട്ടുകളും കെസ്സുകളും മറ്റനേകം വിനോദരചനകളും കത്തുപാട്ടുകളുമൊക്കെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
ഇവയില്‍നിന്ന് തികച്ചും വ്യത്യസ്തമായൊരു നിരപ്പിലാണ് കിസ്സപ്പാട്ടുകള്‍ കാണപ്പെടുന്നത്. ദാനിയേല്‍ നബികിസ്സ, ഈസാനബി കിസ്സ, ഇബ്‌റാഹീം നബികിസ്സ, അഹമ്മദുല്‍ കബീര്‍ രിഫാഈ കിസ്സ, മാലികുബ്‌നു ദീനാര്‍ കിസ്സ തുടങ്ങിയവയൊക്കെ മതവംശപൂര്‍വികതയുമായി ബന്ധപ്പെട്ട ഉദാത്തീകരണത്തിന്റെ ആഖ്യാനങ്ങളാകുന്നു. ചരിത്രവസ്തുതകളും കാവ്യകാല്‍പനികതകളും പരസ്പരപൂരകമായി വിളക്കിച്ചേര്‍ത്തവയെങ്കിലും പ്രസ്തുത രചനകള്‍ ഗതകാല മുസ്‌ലിം പാരമ്പര്യത്തിലെ മാതൃകാ പുരുഷന്മാരെക്കുറിച്ചുള്ള അനുസ്മരണങ്ങളെന്ന നിലയില്‍ വംശാഭിമാനത്തിന്റെ വ്യതിരിക്തമായ ഒരസ്തിത്വം സൂക്ഷിക്കുന്നു. പ്രാദേശിക പൊതുസാമൂഹികതയുടെ വിശാലവല്‍ക്കരണത്തിനിടയിലും വംശീയാസ്തിത്വത്തിന്റെ വ്യതിരിക്ത തലം തിരിച്ചറിയാനുള്ള സാഹിത്യത്തിന്റെ ഇടപെടല്‍ എന്ന നിലയില്‍ ഇവ ശ്രദ്ധേയമായിരിക്കുന്നു.
പത്തൊമ്പതാം ശതകം തൊട്ട് മാപ്പിള സാഹിത്യ വൈകാരികതയില്‍ ഇടം കണ്ടെത്തുന്ന മറ്റൊരു വിഭാഗം രചനകളാണ് പടപ്പാട്ടുകള്‍. മാലപ്പാട്ടുകള്‍ സാമൂഹിക വൈകാരികതയിലെ അന്തര്‍മുഖ പ്രവണതകളെ അടയാളപ്പെടുത്തുമ്പോള്‍, സാമൂഹിക വൈകാരികതകളുടെ ബഹിര്‍മുഖതയെ അടയാളപ്പെടുത്തുകയാണ് പടപ്പാട്ടുകള്‍. പ്രാദേശിക വാണിജ്യ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ പോര്‍ച്ചുഗീസ് പ്രാമാണികത്വം അവസാനിക്കുകയും അധികാര രാഷ്ട്രീയത്തിന്റെ അലകും പിടിയും ആംഗലശക്തിക്ക് അധീനമാവുകയും ചെയ്ത കാലം. ബ്രിട്ടീഷ് മേല്‍ക്കോയ്മക്കു കീഴില്‍ പ്രാദേശിക നാടുവാഴിത്തം, ജന്മിത്തമായി പുനരവതരിക്കപ്പെടുകയും, ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ജന്മിത്തത്തിന്റെ തേര്‍വാഴ്ചക്ക് അരങ്ങൊരുക്കുകയും ചെയ്തു. വ്യാപാര മേഖലയില്‍നിന്ന് കാര്‍ഷിക രംഗത്ത് ഉപജീവനം തേടിയിരുന്ന മാപ്പിള സാമൂഹികതക്ക് അസ്തിത്വ പ്രതിസന്ധിയുടെ മറ്റൊരു മുഖമാണ് നേരിടേണ്ടിവന്നത്. പ്രതിരോധത്തിനും അതിജീവനത്തിനും സാമൂഹികതക്കു മുമ്പിലുണ്ടായിരുന്ന ഒരേയൊരു ഊര്‍ജസ്രോതസ്സ് മതവംശീയതയുടെ ഗതകാല പാരമ്പര്യമായിരുന്നു. കരുത്തിന്റെ ഏകാവലംബം ചരിത്രസ്മരണയായിരുന്നു. യഗറോവ ചൂണ്ടിക്കാട്ടുന്നതുപോലെ 'സമകാലിക സാമൂഹികാവബോധത്തിന്റെ നിര്‍ണായകോപാധി ചരിത്രമാകുന്നു. ഭാസുരമായ ഭാവിയെ അഭിലഷിക്കുന്ന മനുഷ്യന്‍, പ്രതിസന്ധികളെ മറികടക്കാനുള്ള ആത്മവിശ്വാസത്തിനും മനക്കരുത്തിനുമായി ഭൂതകാലത്തിലേക്കാണ് പിന്തിരിഞ്ഞുനോക്കുന്നത്.''4 സാമൂഹിക വാസ്തവികതയുടെ ഈ അനിവാര്യതയില്‍ ഇടപെട്ടുകൊണ്ടാണ് പടപ്പാട്ടുകള്‍ രൂപംകൊള്ളുന്നത്. മാപ്പിളസാഹിത്യവിതാനത്തിലെ പടപ്പാട്ടുകളത്രയും മൂന്ന് ശീര്‍ഷകങ്ങളില്‍ അപഗ്രഥിക്കാം: ഒന്നാമത് വംശപൂര്‍വികതയുടെ ചരിത്രാവബോധത്തില്‍നിന്ന് പകര്‍ന്നുകിട്ടിയത്. ഉദാഹരണം ബദ്ര്‍ പടപ്പാട്ട്, ഉഹുദ് പടപ്പാട്ട്, മക്കം ഫത്ഹ്, ഫുതൂഹുശ്ശാം, ഫുതൂഹ് കിസ്‌റ വ ഖൈസറ്, ഹുനൈന്‍ പടപ്പാട്ട്, തബൂക് പടപ്പാട്ട്. രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പാട്ടുകള്‍ക്ക് ചരിത്ര പശ്ചാത്തലമില്ലെങ്കിലും ചരിത്രാരോപിതമായൊരു വൈകാരികതലമാണുള്ളത്. ഉദാഹരണം സഖൂം പടപ്പാട്ട്, സലീഖത്ത് പടപ്പാട്ട്. കേരളീയമുസ്‌ലിം ചരിത്ര പശ്ചാത്തലത്തില്‍ സംഭവിച്ച പോരാട്ട ഗാഥകളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. ഉദാഹരണം 'സാരസര്‍ഗുണ തിരുതരുളമാല' എന്ന ചേറൂര്‍ പടപ്പാട്ട് (1843-ല്‍ ഏഴ് മാപ്പിള കലാപകാരികളും ബ്രിട്ടീഷ് പട്ടാള റജിമെന്റിലെ 60-ല്‍പരം വരുന്ന സൈനികരും തമ്മില്‍ ചേറൂരില്‍ വെച്ച് ഏറ്റുമുട്ടിയ ചരിത്രസംഭവത്തിന്റെ ആഖ്യാനം), മലപ്പുറം പടപ്പാട്ട് (1734-ല്‍ മലപ്പുറത്തെ മുസ്‌ലിംകളും പാറനമ്പിയുടെ സൈന്യവും തമ്മില്‍ പൂളക്കമണ്ണില്‍ ഏറ്റുമുട്ടിയതിന്റെ പുനരാഖ്യാനം). പ്രതിപാദ്യ വസ്തുതകള്‍ വാസ്തവികമായാലും കാല്‍പനികമായാലും മതാത്മകമായൊരു പ്രത്യയശാസ്ത്രത്തിന്റെ വ്യാപ്തത്തിനകത്താണ് അവയത്രയും ഉള്ളടക്കം ചെയ്തിരിക്കുന്നത്. പ്രതിബന്ധങ്ങളെ നിസ്സാരവല്‍ക്കരിക്കുന്ന ധീരസാഹസികതകളുടെ കൂസലില്ലായ്മയാണ് അവയില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. ആ ധീര സാഹസികത നാടോടി ജൈവികതയുടെ സഹജസ്വഭാവാണ്. 'വംശാഭിമാനം, സ്വാതന്ത്ര്യാഭിവാഞ്ഛ, മാനവികത എന്നിവയാണ് നാടോടി നായക സങ്കല്‍പത്തിന്റെ അടിസ്ഥാനമെന്നും ധീരനും സാഹസികനും ജീവിതത്തിന്റെ ഇരയായിരിക്കാതെ അതിന്റെ അധീരതക്കിഛിക്കുന്നവനും, സാഹചര്യങ്ങള്‍ക്കോ ഉടയാളതക്കോ വഴങ്ങാതെ അതിനെ നേരിടുന്നവനുമായ വീരവിമോചകനോട് ജനതയ്ക്ക് എന്നും അനുഭാവമാണുണ്ടായിരുന്നതെന്നും എക്കാലത്തും അതങ്ങനെത്തന്നെയായിരിക്കുമെന്നും' മിഖാല്‍ക്കോവ് ചൂണ്ടിക്കാട്ടുന്നു.5 പില്‍ക്കാലത്ത് മലബാറിലെ മുസ്‌ലിം ജനതക്കിടയില്‍ വേരോടി വളര്‍ന്ന അധിനിവേശവിരുദ്ധ പോരാട്ടങ്ങളിലെ സമരോര്‍ജശൗര്യത്തിന്റെ ചോദകതലങ്ങളിലൊന്ന് ഈ പടപ്പാട്ടുകളായിരുന്നുവെന്ന് കണ്ടെത്താന്‍ പ്രയാസമില്ല.
ഈ പോരാട്ടവീറിന്റെ സവിശേഷതകളിലൊന്ന് സാമൂഹിക നൈതിക സദാചാരനിരപ്പിലെ ലിംഗപരമായ വേര്‍തിരിവിന്റെ അതിരളവുകള്‍ ഭേദിക്കാനുള്ള അഭിവാഞ്ഛയാകുന്നു. ഉഹുദ് രണാങ്കണത്തില്‍ ആണുങ്ങള്‍ക്കൊപ്പം പടക്കിറങ്ങിയ ഉത്ബത്തിന്റെ മകള്‍ ഹിന്ദ്, താരീഖിന്റെ മകള്‍ ഉമ്മുഹകീം, വലീദുബ്‌നു മുഗീറയുടെ മകള്‍ ഫാത്വിമ, മുനബ്ബിന്റെ മകള്‍ റബ്ത്വത്, അസാസീന്റെ മകള്‍ ഹിന്ദ്, ഹന്‍ളലത്തിന്റെ ഭാര്യ ബീവിജമീല, ഖുസാമയുടെ മകള്‍ ഹിന്ദ്, സൈദുബ്‌നുല്‍ ആസ്വിഖിന്റെ ഭാര്യ മസാനിയ്യ നുസൈബബീവി തുടങ്ങിയ വീരാംഗനകള്‍ രണധീരതയിലെ പെണ്‍കരുത്തിന്റെ അടയാളങ്ങളാണല്ലോ. ഉഹ്ദ് പടപ്പാട്ടിലെ ഈ കഥാപാത്രങ്ങളത്രയും ഇസ്‌ലാമിക ചരിത്ര വാസ്തവികതയുടെ പകര്‍പ്പുകള്‍ മാത്രമായതിനാല്‍ മാപ്പിള സാഹിത്യവിതാനത്തിലെ അതിന്റെ ബിംബവല്‍ക്കരണം വസ്തുസ്ഥിതി കഥനത്തിനപ്പുറത്തൊന്നുമല്ലെന്നും വേണമെങ്കില്‍ വാദിക്കാം. ഇവിടെ തിരിച്ചറിയപ്പെടേണ്ട മുഖ്യവസ്തുത ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും നിരപ്പുകള്‍ക്കിടയിലുള്ള അകലമാണ്. 'ഒരു ചരിത്രവാസ്തവികതയെന്നത്, ഒരു ജനത നിശ്ചിതമായ ഒരു കാലയളവില്‍ നിശ്ചിതമായൊരു ലക്ഷ്യസാധ്യതക്കായി നടത്തുന്ന വസ്തുതാപരമായ ക്രിയാംശമാണ്. എന്നാല്‍ അതിന്റെ സര്‍ഗാത്മകമായ ആവിഷ്‌കാരമെന്നത്, ആ ചരിത്രവാസ്തവികതയെ വ്യക്തിനിഷ്ഠവല്‍ക്കരിക്കുന്ന എഴുത്തുകാരന്റെ വിഭാവനമാണ്. അതുകൊണ്ട് ചരിത്രവാസ്തവികതകളുടെ മൂടുപടത്തിലൂടെ എഴുത്തുകാരന്‍ ചെയ്യുന്നത് തന്റേതായൊരു ആശയലോകത്തിലേക്ക് ഒളിഞ്ഞുനോക്കുകയാണ്'6 ഉഹുദിലെ സ്ത്രീസാന്നിധ്യത്തിന് ദുര്‍ബലമായൊരു ചരിത്ര പിന്‍ബലം അവകാശപ്പെടാമെങ്കിലും ഇതര രചനകളിലെ പെണ്‍പോരിശക്ക് അതും അന്യം. സലീഖത്ത് പടപ്പാട്ടിലെ വീരനായിക സലീഖത്ത് റാണി സമരമുഖത്തെ പെണ്‍കരുത്തിന്റെ നേര്‍ക്കാഴ്ച. പ്രണയ മധുരിമയുടെ തീപ്പന്തമായ ഹുസനുല്‍ ജമാല്‍, കാമവെറിയന്‍ ബഹ്ജ്ജ സുല്‍ത്താന്റെ വൈതാളികരെ ആയുധക്കരുത്തില്‍ നേരിടുക മാത്രമല്ല ഏതാനും പേരെ വെട്ടിക്കൊല്ലുകയും ചെയ്യുന്നു. അപ്പോള്‍ വിധേയവല്‍ക്കരിക്കപ്പെട്ട പെണ്‍പോരിശക്കു പകരം അങ്കം വെട്ടുന്ന നാരീമണികളുടെ ബിംബവല്‍ക്കരണം, സാമൂഹികതയുടെ നൈതിക സദാചാര നിരപ്പില്‍ പുതിയൊരവബോധത്തിന് തിരികൊളുത്താനുള്ള ധീരമായ ഒരിടപെടലിന്റെ അടയാളപ്പെടുത്തലുകളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. മാപ്പിള സാമൂഹികതയിലെ സ്ത്രീ ശാക്തീകരണത്തിന്റെ ഈ അവബോധപരതയില്‍നിന്നാണ് മാപ്പിള സാഹിത്യത്തിലെ പെണ്ണെഴുത്തിന്റെ പരിസരം രൂപപ്പെടുന്നത്. സാമൂഹിക നൈതികതയിലെ ഈ തിരിച്ചറിവില്‍നിന്നാണ് മൊഴിചൊല്ലിയ ഭര്‍ത്താവിനെതിരെ ജീവനാംശത്തിന് വ്യവഹാരം നടത്താനും അതു നേടിയെടുക്കാനും ഒരേറനാടന്‍ മാപ്പിള സ്ത്രീക്ക് ഇരുപതാം നൂറ്റാണ്ടിനു മുമ്പുതന്നെ കരുത്തു ലഭിച്ചതെന്ന് കരുതേണ്ടതുണ്ട് (ഭര്‍ത്താവായിരുന്ന കൊണ്ടോട്ടി തങ്ങള്‍ക്കെതിരില്‍ കീടക്കാട്ട് പുത്തന്‍പീടികക്കല്‍ ബിയ്യാവുണ്ണി ഉമ്മ ബോധിപ്പിച്ച സിവില്‍ അന്യായത്തില്‍ മദിരാശി ഹൈക്കോടതിയില്‍നിന്ന് 1901-ല്‍ അനുകൂലമായി വിധിയുണ്ടായതായി കൊണ്ടോട്ടിയുടെ ചരിത്ര സ്മരണ).
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് മതവംശീയ വ്യതിരിക്തതയില്‍നിന്ന് മാപ്പിള സാമൂഹികത, ദേശീയ സാമൂഹികതയുടെ വിശാലതയിലേക്ക് ഗതിമാറ്റം ചെയ്യപ്പെടുന്നതായി കാണപ്പെടുന്നു. അതുകൊണ്ട് സാമൂഹിക സംവേദനത്തിന്റെ നിരപ്പ്, കാലിക രാഷ്ട്രീയത്തിലെ വര്‍ഗബന്ധങ്ങളിലേക്ക് സമരസപ്പെടുത്തേണ്ടിവരികയും ചെയ്യുന്നു. ആംഗല വിദ്യാഭ്യാസത്തിന്റെ ഫലമായി പുതിയ ജീവിതവീക്ഷണം ഉരുത്തിരിയുന്നുവെന്നു മാത്രമല്ല പഴമയെ തിരസ്‌കരിക്കാനുള്ള ജൈവാവേശമായി അത് രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു സങ്കീര്‍ണതയില്‍ സര്‍ഗക്രിയാപരത രണ്ടു വ്യത്യസ്ത രീതികളിലാണ് സാമൂഹികതയില്‍ ഇടപെടുന്നത്: ഒന്ന് അതിന്റെ രാഷ്ട്രീയ സമവാക്യസ്വഭാവത്തില്‍. രണ്ട്, അതിന്റെ മതവംശീയത സംബന്ധിച്ച വീക്ഷണ സ്വഭാവത്തില്‍. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് ദേശീയ രാഷ്ട്രീയത്തിന്റെ ചാലകശക്തിയായിരുന്നത് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സും അതിന്റെ സാരഥിയെന്ന നിലയില്‍ ഗാന്ധിജിയുമായിരുന്നുവല്ലോ. അതുകൊണ്ട് ദേശീയതക്കനുകൂലമായ മാപ്പിള സര്‍ഗവികാരം കോണ്‍ഗ്രസ്സിനും ഗാന്ധിജിക്കും അനുകൂലമായൊരു സമീപനവും ദേശീയതക്കെതിരായ സര്‍ഗവികാരം, കോണ്‍ഗ്രസ് വിരുദ്ധവും ഗാന്ധിവിരുദ്ധവുമായൊരു സമീപനവുമാണ് കൈക്കൊണ്ടത്. സി. നൈനാന്‍കുട്ടി മാസ്റ്റര്‍, എന്‍. കുഞ്ഞിക്കമ്മു മാസ്റ്റര്‍ തുടങ്ങിയവര്‍ ദേശീയതക്കനുകൂലമായും പുലിക്കോട്ടില്‍ ഹൈദര്‍ തുടങ്ങിയവര്‍ ദേശീയതക്കെതിരുമായി മാപ്പിള സാഹിത്യ നിരപ്പില്‍ സ്ഥാനം പിടിക്കുകയായിരുന്നു. പുലിക്കോട്ടിലിന്റെ കോണ്‍ഗ്രസ് വിരുദ്ധഗാനങ്ങളും കുഞ്ഞിക്കമ്മു മാസ്റ്ററുടെ കോണ്‍ഗ്രസ് അനുകൂല ഗാനങ്ങളും മാപ്പിള സാഹിത്യത്തിന്റെ രാഷ്ട്രീയ ഇടപെടലിനെ ഉദാഹരിക്കുന്നു.
ഇതിലേറെ ശക്തവും തീക്ഷ്ണവുമായ ഒരുടപെടലാണ് മതവംശീയ വിതാനത്തില്‍ സംഭവിച്ചത്. യാഥാസ്ഥിതികതയുടെയും പരിഷ്‌കരണ നവീകരണത്തിന്റെയും വിരുദ്ധ ശക്തികളാണ് സര്‍ഗക്രിയാ നിരപ്പില്‍ ഏറ്റുമുട്ടിയത്. കടമ്പോട്ട് അലവിക്കുട്ടി, നല്ലളം ബീരാന്‍ തുടങ്ങിയവര്‍ യഥാസ്ഥിതിക പക്ഷത്തും കോടഞ്ചേരി മരക്കാര്‍ മുസ്‌ലിയാര്‍, പുലിക്കോട്ടില്‍ ഹൈദര്‍ തുടങ്ങിയവര്‍ നവീകരണ പക്ഷത്തും നിലയുറപ്പിച്ചപ്പോള്‍ സാഹിത്യവിതാനത്തില്‍ സുന്നി-മുജാഹിദ് ആശയസംഘര്‍ഷങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. പരിഷ്‌കാര മാലയും പരിഷ്‌കാര ഖണ്ഡനവും ദുരാചാരമര്‍ദനവുമൊക്കെ ഈ ആശയസമരത്തിന്റെ കാവ്യാവിഷ്‌കാരങ്ങളായിട്ടാണ് പുറത്തുവന്നത്. തുടര്‍ന്നും സാഹിത്യ വിചാരപരതയില്‍ ഒ. ആബു സാഹിബ് യാഥാസ്ഥിതിക പക്ഷത്തിന്റെയും പുന്നയൂര്‍കുളം ബാപ്പു, ടി. ഉബൈദ് എന്നിവര്‍ പുരോഗമന പക്ഷത്തിന്റെയും തുടര്‍ച്ചക്കാരായി രംഗം കീഴടക്കി. എന്നാല്‍ ശ്രദ്ധേയമായ വസ്തുത, ഈ ആശയസംഘര്‍ഷമത്രയും നിലനിന്നത് മതവംശീയ പരിഛേദ്യതക്കകത്തു തന്നെയായിരുന്നു എന്നതാണ്. അതുകൊണ്ട് ഉബൈദിന്റെ 'തീപ്പിടിച്ച പള്ളി'യും മറ്റും വംശസാമൂഹികതയുടെ പരിസരത്തുനിന്നുകൊണ്ട് നോക്കിക്കാണേണ്ടിവരുന്നു. കേരളീയ സാമൂഹികതക്കകത്ത് വ്യതിരിക്തമായ ഒരുസ്തിത്വനിരപ്പില്‍നിന്നുകൊണ്ട് മാപ്പിള ജീവിതത്തിന്റെ കണ്ണീരും വേദനകളും മാത്രമല്ല പ്രത്യാശകളും കടപ്പാടുകളും ആനന്ദതൃഷ്ണയും ധര്‍മവ്യഗ്രതയുമൊക്കെ സാഹിത്യവൈകാരികതക്ക് വര്‍ണ പൊലിമ ചാര്‍ത്തിയത് പ്രാദേശിക സാമൂഹികതയുടെ മൊത്തം ജീവിത സമസ്യകളുടെ അനുബന്ധമോ അനുപൂരകമോ എന്ന നിലയിലല്ലെന്നും, മാപ്പിള സാമൂഹികതയുടേതുമാത്രമായ കാലികവും കാല്‍പനികവുമായ ഉള്‍ത്തുടിപ്പുകളെന്ന നിലയിലാണെന്നും തിരിച്ചറിയേണ്ടതുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ മുഹ്‌യിദ്ദീന്‍ മാല തൊട്ട് ഇരുപതാം നൂറ്റാണ്ടിലെ കത്തു പാട്ടുകള്‍ വരെയുള്ള മാപ്പിള സാഹിത്യ സാന്നിധ്യം പൊതു സാമൂഹികതയില്‍ ഇടപെട്ടത് ഈ വംശീയ വ്യതിരിക്തതയുടെ തലത്തിലാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാപ്പിള സാഹിത്യത്തിന്റെ മതവംശീയ ജൈവചാലകത, മതനിരപേക്ഷതയുടെ (അതോ മതനിരാസത്തിന്റെയോ) വിശാലത തേടുകയാണ്. അതുകൊണ്ട് നമുക്കിനി സാഹിത്യ പരികല്‍പനയിലെ മാപ്പിളയെന്ന സൂചകവിശേഷണം ഒഴിവാക്കാം. 'പൊതുമ' തേടുന്ന പുതുമയ്ക്ക് എളുപ്പത്തിനും ഇളപ്പത്തിനും അതാണല്ലോ അഭിലഷണീയം.
ബാലകൃഷ്ണന്‍ വള്ളിക്കുന്ന്
0494 2470281
കുറിപ്പുകള്‍
1. Mikhail Ovsynnikova- Theoretical Knowledge in Aesthetic education- Aesthetics, art, life- page 170
2. സി.എന്‍ അഹ്മദ് മൗലവിയും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമും ചേര്‍ന്നെഴുതിയ മഹത്തായ മാപ്പിള സാഹിത്യ ചരിത്രം, പേജ് 147
3. M. Garcinde Tassy- Memoire sur les particularits de le religion musalamane dans I' inde (paris 1831) English extract in Asiatic Journal (Culcatta) VI (1831 N.S) page 353
4. Valentina Yegorova- The Artistic Imagination in historical cognation-Aestheties, art, life- page 237
5. Boris Mikhalkov- The Aesthetic feelings of the victorious class- sofia- 1970
6. Valentina Yegorova- The Artistic Imagination in historical cognation- Aestheties, art, life- page 239

Comments

Other Post