Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

മാധ്യമങ്ങളിലെ സംഘ്പരിവാര്‍ സ്വാധീനം

എം.സി.എ നാസര്‍

അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഇന്ത്യയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ പുലര്‍ത്തിയ കുറ്റകരമായ നിസ്സംഗതയുടെ ആധികാരിക രേഖയാണ് ദേബശിഷ് ചക്രവര്‍ത്തിയുടെ 'why the dog does Not bark'(എന്തുകൊണ്ട് നായ കുരക്കുന്നില്ല) എന്ന പുസ്തകം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മാധ്യമ ലോകം നേരിട്ട കൊടിയ പരീക്ഷണ ഘട്ടത്തിലും എച്ചില്‍പട്ടികളെ പോലെ ഭരണകൂടം നല്‍കുന്ന ദാക്ഷിണ്യങ്ങളില്‍ അഭിരമിക്കാനായിരുന്നു മുഖ്യധാരാ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് താല്‍പര്യം. നഗരങ്ങളിലെ വരേണ്യ വര്‍ഗത്തിന്റെയും മധ്യവര്‍ഗത്തിന്റെയും ശീലങ്ങളോട് ചേര്‍ന്നുനില്‍ക്കാന്‍ വെമ്പുന്ന ഇംഗ്ലീഷ് പത്രങ്ങളുടെ സമീപനത്തിന് അടിയന്തരാവസ്ഥ പ്രത്യക്ഷമായ വിപണിമൂല്യം പ്രദാനം ചെയ്യുകയായിരുന്നു. അഴിമതിരഹിതവും അച്ചടക്കപൂര്‍ണവും വ്യവസ്ഥാപിതവുമായ സാമൂഹിക രീതികള്‍ കൈവരുന്നു എന്ന മികവിന്റെ പുറത്ത് മുഴുവന്‍ പൗരാവകാശങ്ങള്‍ക്കും കഫന്‍ പുടവ ധരിപ്പിക്കാനായിരുന്നു ഭൂരിഭാഗം പത്രമാധ്യമങ്ങളുടെയും ശ്രമം. ജനാധിപത്യത്തിന്റെ ഭാഗമായി അനുവദിച്ചുകിട്ടിയ മാധ്യമ സ്വാതന്ത്ര്യം നിരന്തരമായി ദുരുപയോഗപ്പെടുത്തുമ്പോഴും ഉള്ളില്‍ പട്ടാള ഭരണം വന്നുകിട്ടിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വൃത്തിയാകുമെന്ന വരേണ്യ മനസ്സ് തന്നെയാണ് പ്രാമുഖ്യം നേടുന്നത്. പ്രധാന പ്രാദേശിക പത്രങ്ങളും ഇതേ വഴി തന്നെയാണ് സ്വീകരിച്ചത്.
എന്നാല്‍ ബദല്‍ പത്രങ്ങള്‍ പൗരാവകാശ നിഷേധത്തിനെതിരെ സ്വാതന്ത്ര്യബോധത്തോടെ പൊരുതുകയും എതിര്‍പ്പിന്റെ രാഷ്ട്രീയ ഭൂമിക വികസിപ്പിച്ചെടുക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോഴുള്ള ധാര്‍ഷ്ട്യവും കാര്‍ക്കശ്യവും നിറഞ്ഞ മാനസികാവസ്ഥയില്‍നിന്ന് ഇന്ദിരാ ഗാന്ധി പോലും പുനര്‍വിചിന്തനത്തിനു തയാറാകുന്നത് കണ്ടു. ജനതാ സര്‍ക്കാറിനെതിരായ വിധിയെഴുത്തിനും അത് വേദിയായി. ഉത്തര്‍പ്രദേശിലും പഞ്ചാബിലും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ തനിക്കു സംഭവിച്ച വീഴ്ച തുറന്നു പറയാനും ഗദ്ഗദത്തോടെ മാപ്പിരക്കാനും ഇന്ദിരാ ഗാന്ധി ശ്രമിച്ചിരുന്നതായി അന്ന് ഇലക്ഷന്‍ പ്രചാരണത്തില്‍ അവരെ അനുഗമിച്ച കേരള കൗമുദിയുടെ അന്തരിച്ച ദല്‍ഹി ലേഖകന്‍ നരേന്ദ്രന്‍ കുറിച്ചിരുന്നു. മാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടല്‍ രീതി വെടിഞ്ഞ് അവരുമായി സൗഹാര്‍ദം സ്ഥാപിക്കാന്‍ മാത്രമല്ല പ്രധാന പത്രങ്ങളുടെ സാരഥികളെ പാര്‍ട്ടിയുമായി അടുപ്പിക്കാനും ഇന്ദിര ശ്രമിച്ചു. ഇതിന് നല്ല ഫലവും കണ്ടു. ജനതാ പരീക്ഷണം അരങ്ങേറിയതോടെ ചുവടുമാറ്റിയ മാധ്യമങ്ങള്‍ പോലും പിന്നീട് ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ ഓരം ചാരി നി+ല്‍ക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്.
മാധ്യമ രംഗത്തെ
കാവിവത്കരണം
വിധേയത്വവും തിരസ്‌കാരവും മുഖ്യധാരാ മാധ്യമങ്ങളുടെ പൊതുസവിശേഷതയാണ്. അധികാരവും അതിന്റെ സ്വാധീന വലയങ്ങളുമായി ഇണങ്ങിയും പിണങ്ങിയും നിന്ന് തങ്ങളുടെ നില ഭദ്രമാക്കാന്‍ പത്രമുതലാളിമാരില്‍ നല്ലൊരു പങ്കും ശ്രമിച്ചു. ഇന്നും അതേ ശ്രമം അവര്‍ തുടരുന്നു.
എന്നാല്‍ രാജീവ് ഗാന്ധിയുടെ ഭരണത്തകര്‍ച്ചയോടെ അതുവരെ അണിയറ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച കാവിഘടകം പ്രത്യക്ഷമായി രംഗത്തിറങ്ങുന്നതാണ് കണ്ടത്. വളരെ നേരത്തേ തന്നെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിയമിക്കപ്പെട്ട സംഘ് ഉദ്യോഗസ്ഥരും പരസ്യ വിഭാഗം മാനേജര്‍മാരും ഈ ഘട്ടത്തില്‍ സജീവമായി. ദേശീയ മാധ്യമങ്ങളിലേക്ക് കടന്നുകയറാനും പ്രാദേശിക പത്രങ്ങളുടെ തലപ്പത്ത് തങ്ങളുടെ സ്വാധീനം ഉറപ്പാക്കാനുമുള്ള ദ്വിമാന ലക്ഷ്യമാണ് തുടര്‍ന്ന് നടപ്പാക്കപ്പെട്ടത്.
വി.പി സിംഗ് മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതോടെയാണ് മുഖ്യധാരാ മാധ്യമങ്ങളെ കീഴ്‌പ്പെടുത്തിയ കാവി-ബ്രാഹ്മണ്യ സ്വാധീനം എത്ര ശക്തമാണെന്ന് മറനീക്കി പുറത്തുവന്നത്. തികച്ചും ഏകപക്ഷീയവും ആസൂത്രിതവുമായിരുന്നു മണ്ഡലിനെതിരായ ഇംഗ്ലീഷ് മാധ്യമങ്ങളുടെ കടന്നാക്രമണം. തുടക്കത്തില്‍ പ്രത്യക്ഷമായ മണ്ഡല്‍വിരുദ്ധ സമീപനത്തില്‍നിന്ന് പതിയെ അത് വി.പി സിംഗ്‌വിരുദ്ധ ആക്രമണത്തിലേക്ക് വഴിമാറി. ഉള്ളില്‍ ഒതുക്കിവെച്ച സവര്‍ണ മുദ്രകള്‍ മുഴുവന്‍ കുടഞ്ഞു പുറത്തിട്ട ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രബല തെളിവുകളായിരുന്നു ഇംഗ്ലീഷ് പത്രങ്ങളുടെ അക്കാലത്തെ പേജുകള്‍. വാര്‍ത്തകളുടെ സ്വഭാവത്തിലും വിന്യാസത്തിലും എല്ലാ പത്രങ്ങളും പ്രകടിപ്പിച്ച ഐക്യപ്പെടല്‍ ഒരുതരം കൃത്യമായ ഏകോപനത്തിലേക്കു തന്നെ വിരല്‍ ചൂണ്ടുന്നുണ്ട്. ബി.ജെ.പി വക്താവിന്റെ പരാമര്‍ശങ്ങള്‍ ചേര്‍ത്ത് പ്രധാന വാര്‍ത്തകള്‍ നിര്‍മിച്ചെടുക്കാനുള്ള വിചിത്രമായ രീതികളും അക്കാലത്ത് പ്രകടമായി. ബീഹാറിലും യു.പിയിലും ദല്‍ഹിയുടെ ചില ഭാഗങ്ങളിലും നടന്ന മണ്ഡല്‍ അനുകൂല പ്രകടനങ്ങള്‍ പല പത്രങ്ങള്‍ക്കും ഉള്‍പേജിലെ വാര്‍ത്ത പോലുമായില്ല. വായനക്കാരുടെ കത്തുകളില്‍ പോലും വിയോജിപ്പിന്റെ ഇടം അനുവദിക്കപ്പെട്ടില്ല. പ്രമുഖ പത്രങ്ങള്‍ വി.പി സിംഗിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രദേശിക റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിച്ച് വാര്‍ത്തകള്‍ തയാറാക്കി. മാസങ്ങളോളം നീണ്ട സവര്‍ണ ഐക്യദാര്‍ഢ്യമായിരുന്നു അത്.
അധികാരത്തിന്റെ വലതുപക്ഷത്തേക്കുള്ള മാധ്യമ വഴിമാറ്റവും മണ്ഡലാനന്തര ഇന്ത്യയുടെ പ്രത്യേകതയാണ്. ബി.ജെ.പി ഉപശാലകളിലെ സ്ഥിരം പറ്റുകാരായി പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ മാറി. ഇവരെ പിടിക്കുന്നതില്‍ പ്രമോദ് മഹാജന്‍ എന്ന ഹൈടെക് നേതാവിന്റെ സാന്നിധ്യമാണ് ബി.ജെ.പിക്ക് കൂടുതല്‍ സഹായകമായത്. ജെ.എന്‍.യു സര്‍വകലാശാലയില്‍ ഇടതു വിദ്യാര്‍ഥി സംഘടനക്കൊപ്പം നിലയുറപ്പിച്ച കേരളത്തില്‍ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകന്റെ വ്യതിയാനം മാത്രം നിരീക്ഷിച്ചാല്‍ മതി, മഹാജന്റെ ബി.ജെ.പി മീഡിയാ വിംഗിന്റെ സ്വാധീനം തെളിയാന്‍. സാമ്പത്തിക പത്രസ്ഥാപനത്തിലെ കഴിവുള്ള ഈ മാധ്യമ പ്രവര്‍ത്തകനെ കാവി സര്‍പ്പം കൊത്തിയതോടെ പത്രമൊന്നടങ്കം അതിന്റെ മാറ്റം കണ്ടുതുടങ്ങി. അദ്വാനിയുടെ വസതിയിലെ നിത്യസന്ദര്‍ശകരില്‍ ഒരാളായും ഈ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മാറി. ടി.വി.ആര്‍ ഷേണായി ഉള്‍പ്പെടെയുള്ള സീനിയര്‍ മാധ്യമ പ്രവര്‍ത്തകരുടെ സജീവ സഹകരണവും കാവിസംഘം ഉറപ്പാക്കി കഴിഞ്ഞിരുന്നു.
വാര്‍ത്തകള്‍ സ്വന്തം പത്രത്തില്‍ വരുത്തുന്നതോടൊപ്പം മറ്റുള്ളവയില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിക്കാനും ബി.ജെ.പിയുടെ പുതിയ മാധ്യമലോബിക്ക് നിര്‍ബാധം സാധിച്ചു. ദല്‍ഹി പ്രസ് ക്ലബിലെ ലഹരി നിറഞ്ഞ രാവുകളില്‍ 'മുതിര്‍ന്ന' മാധ്യമ പ്രവര്‍ത്തകരില്‍നിന്നു ലഭിച്ച 'സ്‌കൂപ്പു'കള്‍ ജൂനിയര്‍ മലയാള പത്രപ്രവര്‍ത്തകരില്‍ ചിലരെയും ആവേശം കൊള്ളിച്ചു. വലതുപക്ഷ താല്‍പര്യമുള്ള വാര്‍ത്തകള്‍ അങ്ങനെ ഒന്നാം പേജില്‍ നിറഞ്ഞുനിന്നു. 'വിശ്വസനീയ കേന്ദ്രങ്ങള്‍' നല്‍കിയ റിപ്പോര്‍ട്ടെന്ന സംജ്ഞക്കു കീഴില്‍ പടച്ചുവിട്ട വാര്‍ത്തകളില്‍ ഏറിയകൂറും ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളെ സാധൂകരിക്കുന്നതായിരുന്നു.
'രാമായണം', 'മഹാഭാരതം' സീരിയലുകള്‍ ഉണര്‍ത്തിവിട്ട സവിശേഷ പശ്ചാത്തലവും മണ്ഡല്‍വിരുദ്ധ വികാരത്തിന്റെ വരേണ്യപ്രചാരണവും അയോധ്യാ പ്രക്ഷോഭത്തിന്റെ രൂക്ഷതയും സമ്മേളിച്ച ഘട്ടത്തില്‍ മലയാള മാധ്യമങ്ങളുടെ വഴിമാറ്റം പോലും ഗൗരവപൂര്‍ണമായ ചര്‍ച്ചക്ക് വിധേയമായോ എന്ന കാര്യം സംശയം. അധികാരവും അതിന്റെ സൗകര്യങ്ങളും ഒത്തുചേരുമ്പോള്‍ എത്ര പെട്ടെന്നാണ് മാധ്യമലോകം മലക്കം മറിയുകയെന്ന് തൊണ്ണൂറുകളിലെ ദല്‍ഹി അനുഭവം തെളിയിച്ചതാണ്. ആരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചും വാര്‍ത്തകള്‍ തയാറാക്കി നല്‍കുമെന്ന് ഉളുപ്പില്ലാതെ പറയുന്ന മാധ്യമ പ്രവര്‍ത്തകരുടെ, പണവും സൗകര്യങ്ങളും മദ്യവും വാര്‍ത്തകളുടെ ദിശ നിര്‍ണയിച്ചു കൊണ്ടിരുന്ന അപകടകരമായ വ്യതിയാനം കൂടി തലസ്ഥാന നഗരിയില്‍ കൊണ്ടുവന്നതിന്റെ പ്രധാന ക്രെഡിറ്റ് ബി.ജെ.പിക്കു തന്നെ. പ്രമോദ് മഹാജന്റെ ആകസ്മിക മരണത്തോടെ പാര്‍ട്ടിയുടെ ഈ മാധ്യമ ബന്ധമാണ് മുറിഞ്ഞത്. അത് വിളക്കി ചേര്‍ക്കാന്‍ പകരക്കാരന്‍ ഇല്ലാതെ പോയതിന്റെ ദുരന്തമാണ് സമീപ കാലങ്ങളില്‍ പാര്‍ട്ടി അനുഭവിക്കുന്നതും. കോണ്‍ഗ്രസ്സിന്റെ പുതിയ മാധ്യമ മാനേജര്‍മാര്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉണര്‍ന്നതും ബി.ജെ.പിക്ക് നഷ്ടം വരുത്തിയ ഘടകമാണ്.
രാഷ്ട്രീയ ശാക്തീകരണവും മാധ്യമ നിലപാടുകളും
മാധ്യമ ലോകത്തെ ഏകമാനക നിലപാടുകളില്‍ ഒരു പൊളിച്ചെഴുത്ത് കൊണ്ടുവന്നതിന് ജാതിരാഷ്ട്രീയ നവോത്ഥാനത്തെ നാം അഭിനന്ദിക്കണം. ബ്രാഹ്മണിക്കല്‍ ഘടനയെ തലകീഴ് മറിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് കാന്‍ഷി റാം തൊണ്ണൂറുകളുടെ തുടക്കത്തില്‍ പറയുമായിരുന്നു. ഗുരുദ്വാര റകബ് ഗഞ്ച് റോഡില്‍ അന്നൊന്നും കാന്‍ഷി റാം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനങ്ങളില്‍ മുഖ്യധാരാ പത്രങ്ങളുടെ ഒറ്റ പ്രതിനിധി പോലും എത്തിനോക്കിയിരുന്നില്ല. ഇന്ത്യയില്‍ ബ്രാഹ്മണിക്കല്‍ സാമൂഹിക ഘടനയെ നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ചുവരുന്ന പങ്ക് നിശിതമായി ചൂണ്ടിക്കാട്ടാന്‍ ഈ പത്രസമ്മേളനങ്ങളില്‍ കാന്‍ഷി റാം ശ്രമിച്ചിരുന്നു. പിന്നീട് യു.പിയില്‍ സ്വാധീനം തെളിയിച്ചതോടെ കാന്‍ഷിയും ബി.എസ്.പിയും മാധ്യമങ്ങള്‍ക്ക് പ്രിയങ്കരമായി മാറുന്നതാണ് കണ്ടത്. ദലിത്-പിന്നാക്ക സംജ്ഞകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും ഈ വഴിമാറ്റം പ്രധാന മാധ്യമങ്ങളെ പ്രേരിപ്പിച്ചു എന്നതും ശ്രദ്ധേയം. എന്നാല്‍ പിന്നീട് ബി.ജെ.പിയുമായി ബി.എസ്.പിയെ ചേര്‍ത്തു കെട്ടുന്നതില്‍ നല്ല ഇടനിലക്കാരായി വര്‍ത്തിച്ചത് ചില സവര്‍ണ മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണെന്നത് ചരിത്രത്തിന്റെ ഐറണി മാത്രമല്ല നക്കിക്കൊല്ലല്‍ തന്ത്രത്തിന്റെ പുനരാവര്‍ത്തനം കൂടിയായിരുന്നു. അതോടെ പഴയ കാന്‍ഷിയുടെ നിഴല്‍ പോലും പിന്നെ ബാക്കിയുണ്ടായില്ല.
സാമൂഹിക പരിവര്‍ത്തനം പോലും അസാധ്യമാക്കി തീര്‍ക്കുംവിധം മാധ്യമങ്ങളുടെ പ്രതിലോമ സ്വാധീനം വളരുകയായിരുന്നു. പൊതുസ്വീകാര്യതയുടെ പ്രതിഛായ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും തങ്ങളുടെ അജണ്ട എളുപ്പമാക്കി. തൊണ്ണൂറ് ശതമാനത്തിലേറെ മാധ്യമങ്ങളുടെയും നിയന്ത്രണം ബ്രാഹ്മണ സാമ്പത്തിക ഘടകങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലായതും യാദൃഛികമാകാന്‍ ഇടയില്ല. ഹിന്ദി പത്ര-ചാനലുകളുടെ നില അതിലേറെ ഭീതിദം. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പൂണൂല്‍ധാരികളാണ് എന്നതും മറ്റൊരു വസ്തുത. ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം നന്നെ ദുര്‍ബലം. ബ്യൂറോക്രസിയിലും ജുഡീഷ്യല്‍ സ്ഥാപനങ്ങളിലും പത്രസ്ഥാപനങ്ങളിലും പിടിമുറുക്കാന്‍ കഴിഞ്ഞതോടെ ലക്ഷ്യം എളുപ്പമായി. സെക്യുലര്‍ പാര്‍ട്ടികളുമായി ബന്ധപ്പെട്ട ആളുകളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ പോലും ഉല്‍പാദിപ്പിക്കുന്നത് അപകടകരമായ രീതികള്‍ തന്നെ. ഇത്തരം മാധ്യമങ്ങളില്‍ നടക്കുന്ന കാര്യങ്ങളില്‍ നടത്തിപ്പുകാര്‍ അത്രയൊന്നും താല്‍പര്യമെടുക്കുന്നുമില്ല. തിരസ്‌കരിക്കപ്പെടുന്ന വാര്‍ത്തകളെ കുറിച്ചും ഇവര്‍ക്ക് ബോധ്യമില്ല. അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പിക്കാനും ബ്രാഹ്മണ ചിഹ്നങ്ങളെ വാഴ്ത്താനും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മുസ്‌ലിംകളെ താറടിക്കാനും ഗൂഢശ്രമങ്ങള്‍ മാധ്യമരംഗത്ത് ഇന്നും നിര്‍ബാധം നടക്കുന്നു.
ഇനി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോഗ്രാമുകളുടെ നിഷേധവശത്തെ കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചാല്‍ തന്നെയും രക്ഷയില്ല. പലപ്പോഴും പരിഹാസത്തോടെയുള്ള പ്രതികരണമാകും ലഭിക്കുക. എങ്കിലും കൃത്യമായ നിരീക്ഷണ സംവിധാനം ഇല്ലാതെ പോകുന്നത് ഇത്തരം മാധ്യമ സ്ഥാപനങ്ങളെ തങ്ങളുടെ പതിവ് ചെയ്തികള്‍ തുടരാന്‍ പ്രേരിപ്പിക്കുകയാണ്. മുഖ്യധാരാ പത്രങ്ങളാണ് മുസ്‌ലിംകളെ ഇകഴ്ത്താന്‍ ബോധപൂര്‍വം ശ്രമിക്കുന്നത്. ഇതിലൂടെ സര്‍ക്കാറിനെയും രാഷ്ട്രീയക്കാരെയും ക്രമസമാധന പാലകരെയും എളുപ്പം വരുതിയിലാക്കാനും ഇവര്‍ക്കു കഴിയുന്നു. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ സ്വാധീനമുള്ള മേഖലകളില്‍ കടന്നുകയറുന്നതില്‍ നിന്ന് ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്ക് വിഘാതവുമായി. ഇപ്പോഴും ഈ അവസ്ഥയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
വംശവിവേചനത്തിന്റെ
ഇന്ത്യന്‍ ഇരകള്‍
ഹൈന്ദവ സമൂഹത്തിലെ വിഭാഗീയതകളും ഉച്ചനീചത്വങ്ങളും മറികടക്കാന്‍ ചില നിഴല്‍ ശത്രുക്കളെ അവര്‍ക്ക് ആവശ്യമായിരുന്നു. സാമുദായിക കാലുഷ്യങ്ങളിലൂടെയും അയോധ്യ ഉള്‍പ്പെടെയുള്ള പ്രതീകങ്ങളിലൂടെയും ഈ വിഭജനം സ്ഥായിയായി നിലനിര്‍ത്താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മത്സരിച്ചു. ജനജീവിതവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടു. ശബാനു കേസ്, ഗോവധം, ജമ്മു-കശ്മീരിന്റെ പ്രത്യേകാവകാശം, നബിദിനാവധി എന്നു വേണ്ട എല്ലാം ഇവര്‍ കത്തിച്ചു നിര്‍ത്തി. മാധ്യമങ്ങളിലൂടെ കെട്ടിപ്പൊക്കിയ മുന്‍വിധികള്‍ക്ക് ആദര്‍ശപരമായ അടിത്തറ പണിയാന്‍ സാധിച്ചിടത്താണ് ആര്‍.എസ്.എസ്സും അതിന്റെ രാഷ്ട്രീയരൂപമായ ബി.ജെ.പിയും വിജയിക്കുന്നത്. ഇവിടങ്ങളിലൊക്കെ യഥാര്‍ഥ പ്രതി മാധ്യമങ്ങള്‍ തന്നെയാണ്. സാധാരണ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലടിച്ചു നിലനില്‍ക്കണമെന്ന തന്ത്രമായിരുന്നു പരോക്ഷമായി ഇവരുടേത്. കാലുഷ്യത്തിന്റെ അന്തരീക്ഷവും വിഭജനത്തിന്റെ തുടര്‍ പ്രത്യാഘാതങ്ങളും മുസ്‌ലിംകളെ തങ്ങളുടെ വൃത്തികെട്ട ഗല്ലികളില്‍ തളച്ചിടുന്നതില്‍ ഒരുപരിധി വരെ ഈ തന്ത്രം വിജയിക്കുകയും ചെയ്തു. തൊണ്ണൂറുകളോടെ കടന്നു വന്ന ദലിത് രാഷ്ട്രീയ നവോത്ഥാനം ഇവരുടെ ആസൂത്രണത്തെ ഒരുപരിധി വരെ തകര്‍ത്തെങ്കിലും മുസ്‌ലിം രാഷ്ട്രീയ ഉണര്‍വിന്റെ വിദൂരസാധ്യത പോലും നിറം മങ്ങിയതോടെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ ഉവൈസി, സയ്യിദ് ശഹാബുദ്ദീന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളെ വൈകാരിക ജീവികളായി അവതരിപ്പിക്കാന്‍ ബോധപൂര്‍വ നീക്കം തന്നെ നടന്നു. മുഖ്താര്‍ നഖ്‌വിക്കും ഷാനവാസ് ഹുസൈനും മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രാമുഖ്യം നല്‍കാനും ഇവര്‍ മറന്നില്ല. ആന്തുലെയും ജാഫര്‍ ശരീഫും രക്ഷപ്പെട്ടില്ല. എന്നാല്‍ ഗുലാം നബിയും ശൈഖ് അബ്ദുല്ലയും തങ്ങളുടെ വരേണ്യസംസ്‌കൃതി മൂലം പരിക്കേല്‍ക്കാതെ ഒഴിഞ്ഞുമാറി. ശാഹി ഇമാമിന്റെ അപക്വമായ പ്രസ്താവനകള്‍ക്ക് നല്‍കിയ മാധ്യമ കവറേജിനു പിന്നില്‍ പോലും ഒരു സമൂഹത്തെ മൊത്തത്തില്‍ താറടിക്കുന്നതിനുള്ള ഇന്ധനമായിരുന്നു നിറച്ചുവെച്ചതെന്ന് സമുദായം തിരിച്ചറിഞ്ഞതുമില്ല. തെറ്റുധാരണകളിലൂടെ പൊതുസമൂഹത്തില്‍ മുസ്‌ലിംകളെ കുറിച്ച മോശപ്പെട്ട തോന്നല്‍ സൃഷ്ടിക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം.
പ്രാദേശിക പത്രങ്ങളുടെ
താല്‍പര്യങ്ങള്‍
മുഖ്യധാരാ പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളുടെ നിയന്ത്രണം കൈയടക്കുന്നതിലും സവര്‍ണ ലോബി വിജയിച്ചു. ഗുജറാത്തിലെ പ്രമുഖ പത്രങ്ങളുടെ പിന്‍ബലം നരേന്ദ്ര മോഡിക്ക് തന്റെ വംശീയ ഉന്മൂലന പദ്ധതി മുന്നോട്ടുകൊണ്ടു പോകുന്നതില്‍ വലിയ താങ്ങായി മാറുന്നുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നിന്നുള്ള അഞ്ച് മുസ്‌ലിം കുടുംബങ്ങളെ അന്‍ഹദ് എന്ന മനുഷ്യാവകാശ സംഘടന ദല്‍ഹിയില്‍ കൊണ്ടുവന്നു. റമദാനില്‍ അന്യായമായി പോലീസ് പിടിച്ചുകൊണ്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി സങ്കടം പറയാന്‍ എത്തിയതായിരുന്നു ഇവര്‍. പോലീസും നിയമവുമല്ല പത്രക്കാരെയാണ് തങ്ങള്‍ കൂടുതല്‍ പേടിക്കുന്നതെന്ന് ആ സംഘത്തിലെ സ്ത്രീകള്‍ സങ്കടത്തോടെ പറഞ്ഞു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പല പച്ചക്കള്ളങ്ങളും കോടതിയില്‍ തെളിവായി മാറുന്ന സ്ഥിതിയുണ്ട്. ഇതു മനസ്സിലാക്കി എഡിറ്റര്‍മാരെ കണ്ട് വിവരം ധരിപ്പിക്കാന്‍ ഈ കുടുംബങ്ങളും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും തീരുമാനിച്ചു. എല്ലാം കേട്ട ശേഷം മുഖ്യപത്രത്തിന്റെ എഡിറ്റര്‍ പറഞ്ഞത്രെ: ''നോക്കൂ, ഞങ്ങളുടെ ഈ പത്രം മുസ്‌ലിംകളാരും വായിക്കാറില്ല. അപ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് അതിന്റെ യഥാര്‍ഥ വായനക്കാരോട് ഒരു ബാധ്യതയില്ലേ?''
വായനക്കാരെ പിടിച്ചുനിര്‍ത്താന്‍ മുസ്‌ലിംകളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കാതെ, അവരെ ഇകഴ്ത്തുന്ന വാര്‍ത്തകള്‍ നല്‍കാതെ നിവൃത്തിയില്ലെന്ന കുറ്റസമ്മതമായിരുന്നു അദ്ദേഹം നടത്തിയത്. ഇതാണ് കൂടിയോ കുറഞ്ഞതോ ആയ അളവില്‍ പലേടങ്ങളിലും സംഭവിക്കുന്നത്. ബദല്‍ മാധ്യമങ്ങള്‍ രൂപപ്പെടാതെ, സമ്മര്‍ദ ഗ്രൂപ്പുകള്‍ പിറക്കാതെ ഇതിനു പ്രതിവിധിയൊന്നുമില്ല.
പ്രാദേശിക പത്രങ്ങള്‍ തെന്നിന്ത്യയിലും മോശമല്ല. കിട്ടുന്ന അവസരം കൃത്യമായി അവരും ഉപയോഗിക്കുന്നു. തീവ്രവാദത്തിന്റെ ഏതൊരു ഘടകവും മുസ്‌ലിംകളിലേക്ക് തിരിച്ചുവെക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ ആസൂത്രിത സ്‌ഫോടനങ്ങളിലൂടെ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും ഗോവയിലും ഭീതി വിതച്ച 'അഭിനവ് ഭാരത്', സനാതന്‍ സന്‍സധ് എന്നീ സംഘടനകളുടെ അപകടകരമായ റോള്‍ മറച്ചുപിടിക്കാനും ഇതേ മാധ്യമങ്ങള്‍ പരമാവധി ശ്രദ്ധിച്ചു. പ്രജ്ഞാസിംഗും മറ്റും നയിച്ച ആപല്‍ക്കരമായ കളിയുടെ ഉള്ളുകള്ളികളിലേക്ക് യാതൊരുവിധ അന്വേഷണം നടത്താനും മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രമിച്ചില്ല.
ഹൂബ്ലി സംഭവം കര്‍ണാടകയിലെ ഭാഷാ പത്രങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് നാം കണ്ടതാണ്. കലാപകാലത്തെ മാധ്യമങ്ങളുടെ രൂപാന്തരത്തെ കുറിച്ച് രവീന്ദ്രന്‍ രാവണേശ്വരം എഴുതിയ കാവിപ്പശു എന്ന കൃതി പല വിവരങ്ങളും പുറത്തുകൊണ്ടു വന്നു. കലാപകാലത്തെ വ്യാജനിര്‍മിത വാര്‍ത്തകള്‍ മുന്‍പിന്‍ നോക്കാതെ ഒരു പ്രമുഖ മലയാള പത്രം പോലും എടുത്തു പെരുമാറിയതിന്റെ പരിഹാസ്യതയും നാം കണ്ടതാണ്. പോലീസ് നല്‍കുന്നത് അപ്പടി കൊടുക്കുക എന്നതിനപ്പുറം സാമാന്യബുദ്ധി പോലും ഇത്തരം ഘട്ടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്താറില്ല.
വാണിജ്യവും രാഷ്ട്രീയ
താല്‍പര്യങ്ങളും
ബിസിനസ് ബലപ്പെടുത്താന്‍ മുസ്‌ലിംവിരുദ്ധ വികാരം വാര്‍ത്തകളില്‍ ചേര്‍ക്കണമെന്ന തോന്നല്‍ ശക്തമാണ്. വായനക്കാരുടെ മാനസിക നില മുന്നില്‍ കണ്ടാണ് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത്. ആഗോള തലത്തില്‍ രൂപപ്പെട്ട ഇസ്‌ലാമോഫോബിയയുടെ അതേ പിന്തുടര്‍ച്ചകള്‍ ഏറ്റെടുക്കുന്നതാണ് ഏറ്റവും നല്ല ദേശീയ കാഴ്ചപ്പാട് എന്ന് എഡിറ്റര്‍മാര്‍ മനസ്സില്‍ കുറിച്ചിട്ടിരിക്കുന്നു. കടംകൊള്ളുന്ന സംജ്ഞകളില്‍ വെറുപ്പിന്റെയും ചാപ്പകുത്തലിന്റെയും വൃത്തികെട്ട വശങ്ങള്‍ കാണാം. പത്രങ്ങളില്‍, ചാനലുകളില്‍, സിനിമയില്‍ എല്ലാം ഏകീഭാവം വരുന്നു. വസ്തുതകള്‍ ആര്‍ക്കും വിഷയമാകുന്നില്ല. കഥാ നിര്‍മിതിയാണ് നടക്കുന്നത്. നഗരത്തിലെ സമ്പന്ന പ്രദേശത്ത് വീട് നല്‍കാന്‍ പറ്റില്ലെന്ന് ശബാന ആസ്മിയോടു പോലും മുഖത്തു നോക്കി പറയാന്‍ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത് നിരന്തരമായി പകര്‍ന്നുകൊണ്ടിരിക്കുന്ന നിഷേധ ബിംബങ്ങള്‍ തന്നെയാണ്.
വിഷയങ്ങളെ കുറിച്ച് ആധികാരിക ജ്ഞാനമുള്ളവരെ കൊണ്ട് റിപ്പോര്‍ട്ട് ചെയ്യിക്കാനുള്ള പ്രവണത അടുത്തിടെ മാധ്യമ ലോകത്ത് രൂപപ്പെട്ടുവരുന്നുണ്ട്. നല്ല മാറ്റം. ശാസ്ത്ര-പരിസ്ഥിതി വിഷയങ്ങള്‍ മാത്രമല്ല ഗ്രാമീണ മേഖലയിലെ റിപ്പോര്‍ട്ടിംഗും ഇതിന്റെ ഭാഗമായി വികസിച്ചുവരുന്നു. എന്നാല്‍ ഇസ്‌ലാം, മുസ്‌ലിം, ന്യൂനപക്ഷം എന്നിവയെ കുറിച്ച പ്രാഥമിക ധാരണ പോലും രൂപപ്പെടുത്താന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് താല്‍പര്യമില്ല. എഡിറ്റര്‍മാര്‍ അതിനവരെ പ്രേരിപ്പിക്കുന്നുമില്ല. ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച സാമാന്യജ്ഞാനം പോലുമില്ലാത്തവര്‍ നിരവധി. ഇവരാണ് വാര്‍ത്തകളുടെ തെരഞ്ഞെടുപ്പിലും വിന്യാസത്തിലും നിര്‍ണായക സ്വാധീനം ചെലുത്തുന്നത്.
കേരളത്തില്‍നിന്ന് മുഖ്യധാരാ മാധ്യമങ്ങളിലേക്ക് നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ പൊതുസ്വഭാവം കൂടി വിലയിരുത്തപ്പെടണം. ഉപരിപ്ലവം മാത്രമല്ല, മെട്രോപോളിറ്റന്‍ നഗരങ്ങളിലെ മുസ്‌ലിം വിരുദ്ധ ബോധത്തെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യം കൂടി അത്തരം റിപ്പോര്‍ട്ടുകള്‍ക്കുള്ളതായി സംശയിക്കണം.'ലൗ ജിഹാദ്' വാര്‍ത്തകള്‍ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം.
ഔദ്യോഗിക മാധ്യമങ്ങള്‍
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നയരൂപവത്കരണ രംഗത്ത് ഇന്നും സവര്‍ണ മേല്‍ക്കോയ്മ തന്നെയാണ്. ആകാശവാണിയുടെയും ദൂരദര്‍ശന്റെയും വാര്‍ത്താ ചേരുവകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം എളുപ്പം വെളിപ്പെടും. ഉത്തരേന്ത്യന്‍ ആഘോഷ ചടങ്ങുകള്‍ക്ക് നല്‍കുന്ന കവറേജിന്റെ പത്തിലൊന്നു പോലും മറ്റു പ്രദേശങ്ങളിലെ ആഘോഷങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ല. ഹിന്ദിയുടെ പ്രചണ്ഡ മേധാവിത്വം രാജ്യത്തിന്റെ പൊതുസമ്പന്ന ഭാഷയായ ഉര്‍ദുവിനെ പോലും നിരാകരിക്കാന്‍ പ്രേരിപ്പിക്കുന്നു. പ്രസാര്‍ ഭാരതി സംവിധാനം വികേന്ദ്രീകരണം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ദല്‍ഹി മുതല്‍ തിരുവനന്തപുരം നിലയങ്ങള്‍ വരെ ശീലം മാറ്റിയിട്ടില്ല. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ എന്തു നടക്കുന്നു എന്നതിനെ കുറിച്ച് രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും അത്രയൊന്നും താല്‍പര്യമെടുക്കുന്നുമില്ല. ഇടക്കാലത്ത് സംഘ്പരിവാറിന് ദോഷം വരുന്ന ചില വാര്‍ത്തകള്‍ വന്നപ്പോള്‍ ശക്തമായ സമ്മര്‍ദം ഉയര്‍ന്നു. അങ്ങനെ ഇംഗ്ലീഷ് പത്രമായ ദ ഇന്ത്യന്‍ എക്‌സ്പ്രസ് കുറ്റസമ്മതം നടത്താനും മറന്നില്ല. പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്ത പേരു വെച്ചെഴുതിയ കോളത്തില്‍ ഒറീസയില്‍ കന്യാസ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതില്‍ സംഘ്പരിവാര്‍ ബന്ധമുള്ള ആര്‍ക്കും പങ്കില്ലെന്ന് ഏറ്റുപറഞ്ഞു. ഈ വിശാലത മുസ്‌ലിം വാര്‍ത്തകളുടെ കാര്യത്തില്‍ പുലര്‍ത്താന്‍ ശേഖര്‍ ഗുപ്ത തയാറാകില്ലെന്നുറപ്പ്.
1998-ല്‍ മുംബൈയില്‍ ഗോയങ്ക അവാര്‍ഡ് വിതരണ വേളയില്‍ അന്നത്തെ ഉപരാഷ്ട്രപതി കൃഷ്ണകാന്ത് റിപ്പോര്‍ട്ടിംഗിന്റെ അപചയത്തെ വിമര്‍ശിച്ച് ഇങ്ങനെ പറഞ്ഞിരുന്നു:''വാഴ്ത്തുന്ന പ്രയോഗങ്ങള്‍, പരിധിവിട്ട വിശേഷണങ്ങള്‍, വര്‍ണാഭ വിവരണം, പക്ഷപാത വിലയിരുത്തല്‍, വളച്ചൊടിച്ച പ്രസ്താവനകള്‍, അടര്‍ത്തിയെടുത്ത വാചകങ്ങള്‍ - എല്ലാം ചേര്‍ന്ന് റിപ്പോര്‍ട്ടിംഗിന്റെ സത്യസന്ധതയെ കൊല്ലുകയാണ്''. ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗിന്റെ കാര്യത്തില്‍ ഇത് നൂറു ശതമാനം ശരിയാണ്. വിശ്വാസ്യത ഇവിടെ ഒരു ഘടകം പോലുമല്ലെന്ന് എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു.
എം.സി.എ നാസര്‍ 09958685927
nazermca@gmail.com

Comments

Other Post