Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

മാധ്യമം പ്രത്യയശാസ്ത്രം സാമ്രാജ്യത്വം

ഡോ. അസീസ് തരുവണ

ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ രൂപകങ്ങളെയും വാര്‍പ്പുമാതൃകകളെയും സൃഷ്ടിക്കുന്നതിനെപ്പറ്റി 'മാസ് കമ്യൂണിക്കേഷന്‍ ആന്റ് സൈക്കോളജി' എന്ന പ്രബന്ധത്തില്‍ ഉംബര്‍ട്ടോ എക്കോ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്: ഒരേ കാര്യം പലതവണ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ അബോധതലത്തില്‍ ഒരു 'സബ് ലിമിനല്‍ ക്യൂസ്' ഉണ്ടാകുന്നു. ഉദാഹരണമായി ഒരു സിനിമയില്‍ നാം വില്ലന്‍ കഥാപാത്രത്തെ കാണുന്നു. കറുത്ത നിറം, കുറിയ രൂപം, ചുവന്ന കണ്ണുകള്‍, കഷണ്ടി തുടങ്ങിയവയാണ് ആ വില്ലന്റെ രൂപമെന്ന് കരുതുക. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഇതേ വില്ലന്‍ കഥാപാത്രത്തെ ഇതേ രൂപത്തില്‍ കാണുന്നുവെങ്കില്‍ നമ്മുടെ മനസ്സില്‍ 'വില്ലന്‍' എന്നതിന്റെ പ്രതീകമായി ആ കഥാപാത്രം മാറും. പിന്നീട് ഇതേ രൂപസാദൃശ്യമുള്ള, വില്ലത്തരമൊന്നുമില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരനെ കാണുമ്പോള്‍ നാം പെട്ടെന്ന് ചിന്തിക്കുക 'ഇയാളൊരു വില്ലനാണല്ലോ' എന്നായിരിക്കും.
പ്രചണ്ഡമായ കുപ്രചാരണങ്ങളിലൂടെ സാമ്രാജ്യത്വാനുകൂല മാധ്യമലോകം ശത്രുവിനെയും മിത്രത്തെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എക്കോ സൂചിപ്പിച്ച രീതിയിലാണ്. മഹത്തായ ആശയങ്ങളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ പിന്തുണയില്ലാതെ തന്നെ വ്യാജ പ്രചാരണങ്ങളിലൂടെ ജനങ്ങളെ കീഴടക്കാമെന്ന് നവ മുതലാളിത്തം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ''പത്തൊമ്പതാം നൂറ്റാണ്ടിനെ നാം പ്രത്യയശാസ്ത്രത്തിന്റെ യുഗം എന്നു വിളിക്കുന്നുവെങ്കില്‍ 20-ാം നൂറ്റാണ്ടിനെ 'പ്രചാരണത്തിന്റെ യുഗം' എന്നു വിശേഷിപ്പിക്കുകയാവും കൂടുതല്‍ ഉചിതം'' എന്ന് എ.പി ഫൂക്‌സ് പറഞ്ഞിട്ടുണ്ട്.
ചൂഷണാധിഷ്ഠിതമായ ഭരണകൂടങ്ങള്‍ രാജ്യനിവാസികളെ തങ്ങള്‍ക്കനുകൂലമാക്കി നിലനിര്‍ത്താനും തങ്ങളെ എതിര്‍ക്കുന്ന രാജ്യങ്ങളെയും അവിടങ്ങളിലെ വിമോചന പ്രസ്ഥാനങ്ങളെയും എതിര്‍ക്കാനും തകര്‍ക്കാനും തങ്ങളുടെ സമീപനങ്ങളും സംസ്‌കാരവും കയറ്റിയയക്കാനും പറ്റിയ ചാലകം മാധ്യമ പ്രചാരണമാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ സാമ്രാജ്യത്വ ശക്തികള്‍ മാധ്യമങ്ങളെ ശാസ്ത്രീയമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം രാജ്യത്ത് മാത്രമല്ല, മറ്റു രാജ്യങ്ങളിലും തങ്ങള്‍ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് മാധ്യമങ്ങളുടെ സഹായമാണ്.
തൊണ്ണൂറുകളോടെ ശക്തിപ്പെട്ട ഇസ്‌ലാം ഭീതി (ഇസ്‌ലാമോഫോബിയ) എന്ന പ്രതിഭാസം ഇത്തരമൊരു മാധ്യമ സൃഷ്ടിയാണ്. ഇതിന്റെ പേരില്‍ സാമ്രാജ്യത്വവിരുദ്ധ പോരാളികളെ ഭീകരമുദ്ര ചാര്‍ത്തി വേട്ടയാടാന്‍ അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും പൂര്‍ണ ലൈസന്‍സ് കിട്ടി. അമേരിക്ക തങ്ങളെ എന്തില്‍നിന്നൊക്കെയോ രക്ഷിക്കുമെന്ന മിഥ്യാബോധം മൂന്നാംലോക രാജ്യങ്ങളിലെ ചെറു ന്യൂനപക്ഷത്തിലെങ്കിലും സൃഷ്ടിക്കപ്പെട്ടു. ദക്ഷിണേന്ത്യയിലെ ഗ്രാമീണര്‍ ബുഷിന്റെ ആയുധശക്തിയില്‍ അഭിമാനം കൊള്ളുവോളം ഈ പ്രചാരണം വിജയിച്ചു. അറബ് ഭരണാധികാരികള്‍ക്ക് ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനാവാത്ത വിധം അന്ധത ബാധിക്കുവോളവും. ഇസ്രയേലിന്റെ അനേകമനേകം അണുബോംബുകളേക്കാള്‍ ഇനിയും നിര്‍മിച്ചു കഴിഞ്ഞിട്ടില്ലാത്ത ഇറാന്റെ അണുബോംബിനെക്കുറിച്ചുള്ള അകാരണ ഭീതി ഉടലെടുക്കുവോളവും. ഇത്തരം മനഃശാസ്ത്ര പ്രചാരണ യുദ്ധത്തില്‍ ടെക്‌നോളജിയെയും ടെര്‍മിനോളജിയെയും ശാസ്ത്രീയമായി സാമ്രാജ്യത്വം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. പുതിയ പദങ്ങളും പ്രയോഗങ്ങളും ആശയ സംഹിതകളും സൃഷ്ടിക്കുന്നു. മാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുന്നു (ടെക്‌നോളജിയേക്കാള്‍ അപകടകരമാണ് ടെര്‍മിനോളജി എന്ന് എഡ്വേര്‍ഡ് സഈദ്).
പ്രത്യയശാസ്ത്ര ചതിക്കുഴി
സമീപകാലത്ത് ഉടലെടുത്ത ചില തത്വദര്‍ശനങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ തെളിഞ്ഞുകാണാവുന്ന വസ്തുതകളിലൊന്ന് സാമ്രാജ്യത്വ-മുതലാളിത്ത ആശയപ്രചാരണത്തിനും അവരുടെ സംസ്‌കാരം പുതിയ കുപ്പികളിലാക്കി കയറ്റിയയക്കുന്നതിനുമുള്ള ഗൂഢപദ്ധതികളാണ് അവയെന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉടലെടുത്ത തത്വശാസ്ത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ വിചാരശേഷിയെ വെല്ലുവിളിക്കുകയും അയുക്തികതയുടെ രംഗപ്രവേശത്തിന് വേദിയൊരുക്കുകയും ചെയ്യുന്ന കാഴ്ചപ്പാടുകളാണ് അവ മുന്നോട്ടു വെക്കുന്നത്. വിമോചന സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാനല്ല അന്ത്യം വിധിക്കുവാനാണ് അവ നിരന്തരം ശ്രമിക്കുന്നത്. ചരിത്രത്തിന്റെ അന്ത്യവും(ഫുക്കുയാമ) ബൃഹദാഖ്യാനങ്ങളുടെ അന്ത്യവും(ലിയോതാര്‍) എഴുത്തുകാരന്റെ അന്ത്യവും(ബാര്‍ത്ത്) രാഷ്ട്രീയത്തിന്റെ അന്ത്യവും(ടോഫ്‌ളര്‍) കുടുംബത്തിന്റെ അന്ത്യവും (കൂപ്പര്‍) അവ വിധിക്കുന്നു. സമൂഹത്തെ ഉപഭോഗ സമൂഹം, ഉത്തരാധുനിക സമൂഹം, വ്യാവസായികാനന്തര സമൂഹം എന്നെല്ലാം വിശേഷിപ്പിക്കുവാനാണ് പുതിയ പരിപ്രേക്ഷ്യങ്ങള്‍ താല്‍പര്യപ്പെടുന്നത്. സാധനങ്ങളുടെയും സേവനങ്ങളുടെയും ധനത്തിന്റെയും നിയന്ത്രണങ്ങളില്ലാത്ത രാജ്യാന്തര സഞ്ചാരമാണ് അവ ആവശ്യപ്പെട്ടുന്നത്. Survival of the Profit എന്നതാണതിന്റെ മുദ്രാവാക്യം. മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം അവര്‍ക്ക് ചരക്ക് മാത്രമാണ്. ലാഭകേന്ദ്രീകൃതമായ ഈ കാഴ്ചപ്പാടുകള്‍ തന്നെയാണ് മാധ്യമങ്ങളെയും ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്നത്. വാര്‍ത്താമാധ്യമങ്ങളെ ഒരേസമയം കേവലം ഒരു ഉല്‍പന്നവും തങ്ങളുടെ മറ്റു ഉല്‍പന്നങ്ങളും ആശയസംഹിതകളും സംസ്‌കാരവും കയറ്റിയയക്കാനുള്ള ഉപാധിയുമായിട്ടാണ് മുതലാളിത്തം പരിഗണിക്കുന്നത്. 1916-ല്‍ ആന്റോണിയോ ഗ്രാംഷി പറഞ്ഞു: ''ഇത് വരിക്കാരെ കണ്ടെത്താന്‍ പ്രചാരണം നടത്തുന്ന കാലമാണ്. ബൂര്‍ഷ്വാ പത്രങ്ങളുടെ പത്രാധിപന്മാരും അഡ്മിനിസ്‌ട്രേറ്റര്‍മാരും അവരുടെ ഷോക്കേസുകള്‍ ക്രമീകരിക്കുന്നു; പരസ്യപലകകള്‍ക്ക് വാര്‍ണീഷടിക്കുന്നു; കടന്നുപോകുന്നവരെ (ഇവിടെ വായനക്കാര്‍) വില്‍പ്പന വസ്തുവിലേക്ക് ആകര്‍ഷിക്കാനുള്ള അഭ്യര്‍ഥന നടത്തുന്നു. അവരുടെ വില്‍പനച്ചരക്ക് നാലോ ആറോ പേജുകളുള്ളതും രാവിലെയോ വൈകുന്നേരമോ പുറത്തിറങ്ങുന്നതുമായ വാര്‍ത്താ പത്രങ്ങളാണ്. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പത്രത്തിന്റെ ഉല്‍പാദകരുടെയും വില്‍പ്പനക്കാരുടെയും താല്‍പര്യാനുസൃതം വായനക്കാരുടെ മനസ്സിലേക്ക് കുത്തിവെക്കലാണ് അവരുടെ ധര്‍മം.''
ഗീബല്‍സിയന്‍ മാതൃക
അസത്യത്തെ വ്യാജപ്രചാരണങ്ങളിലൂടെ സത്യമായി എഴുന്നള്ളിക്കാനാവുമെന്ന തത്വം വികസിപ്പിച്ചതില്‍ പ്രമുഖന്‍ ഹിറ്റ്‌ലറുടെ പ്രചാരണമന്ത്രിയായ ജോസഫ് ഗീബല്‍സാണ്. തന്റെ വകുപ്പിന്റെ പേരില്‍ 'പ്രചാരണം' എന്ന വാക്ക് ചേര്‍ക്കുന്നതിനോട് ഗീബല്‍സിന് യോജിപ്പുണ്ടായിരുന്നില്ല. വാര്‍ത്തയുടെ കൂടെ അഭിപ്രായങ്ങള്‍ കൊടുക്കുന്നത് ശരിയല്ലെന്നും വാര്‍ത്തയില്‍ തന്നെ അഭിപ്രായം അലിഞ്ഞു ചേര്‍ന്നിരിക്കണമെന്നുമായിരുന്നു ഗീബല്‍സിന്റെ വാദം. ഒരു കളവ്, സത്യമെന്ന പോലെ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായി മാറും എന്നും ഗീബല്‍സ് പറയുകയുണ്ടായി. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു മുമ്പിലെ വിലങ്ങുതടികളെ തട്ടിമാറ്റാന്‍ ഗീബല്‍സ് ഏതറ്റംവരെ പോകാനും തയാറായിരുന്നു. ബ്രെഹ്റ്റ്, തോമസ് മന്‍ തുടങ്ങിയവരുടെ കൃതികള്‍ ചുട്ടുകരിക്കാന്‍ ഗീബല്‍സ് വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത് അതിനാലാണ്.
പ്രചാരണത്തെക്കുറിച്ചുള്ള ഗീബല്‍സിന്റെ പ്രസിദ്ധമായ ഒരു വാചകം ഇങ്ങനെയാണ്: ''വിപ്ലവം നടത്താന്‍ രണ്ട് വഴികളുണ്ട്. പ്രതിപക്ഷത്തെ തോക്കുകാരുടെ മേന്മ അവരെ കൊണ്ട് അംഗീകരിപ്പിക്കും വരെ യന്ത്രത്തോക്കുകള്‍കൊണ്ട് വെടിവെച്ചുകൊണ്ടിരിക്കാം എന്നതാണ് ലളിതമായ ഒന്നാമത്തെ മാര്‍ഗം. മറിച്ച് രാഷ്ട്രത്തെ ഒരു മാനസിക വിപ്ലവത്താല്‍ മാറ്റിമറിക്കുകയും അങ്ങനെ പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യുന്നതിനു പകരം സ്വപക്ഷമാക്കി മാറ്റുകയും ചെയ്യാം. ഞങ്ങള്‍ നാഷനല്‍ സോഷ്യലിസ്റ്റുകള്‍ രണ്ടാമത്തെ വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. അത് പിന്തുടരാനുദ്ദേശിക്കുകയും ചെയ്യുന്നു.'' എന്നാല്‍ നാസികള്‍ ഒടുവില്‍ ഉന്മൂലനത്തിന്റെ പാത പിന്തുടരുകയും പ്രചാരണമെന്ന രണ്ടാമത്തെ മാര്‍ഗത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നത് ചരിത്രം. പ്രചാരണത്തെ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാനാവാത്ത വിധം ഗോപ്യമാക്കുന്ന നാസി രീതി പില്‍ക്കാല മുതലാളിത്ത, സാമ്രാജ്യത്വശക്തികള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. സത്യസന്ധതയെയും ജനാധിപത്യത്തെയും സുതാര്യതയെയും ഭയക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്ക് ഗീബല്‍സിയന്‍ പാഠം തികച്ചും അനുയോജ്യമത്രെ. അദൃശ്യമായ സാന്നിധ്യം എന്നത് മാധ്യമങ്ങളുടെ മാത്രമല്ല, അധികാര ഘടനയുടെ കൂടി രീതിയായി കാണണമെന്ന് പറഞ്ഞ സാമ്രാജ്യത്വാനുകൂല ചിന്തകന്മാരുണ്ട്. സാമുവല്‍ ഹണ്ടിംഗ്ടണ്‍ അമേരിക്കന്‍ അധികാരത്തെക്കുറിച്ച് സ്വപ്നം കാണുന്നത് ഇങ്ങനെയാണ്: ''അമേരിക്കന്‍ അധികാരത്തിന്റെ ശില്‍പ്പികള്‍ അനുഭവവേദ്യവും എന്നാല്‍ അദൃശ്യവുമായ ഒരു ശക്തിയെ സൃഷ്ടിക്കേണ്ടതുണ്ട്. അധികാരം ഇരുട്ടില്‍ ശക്തിയാര്‍ജിക്കുകയും സൂര്യ പ്രകാശത്തില്‍ ബാഷ്പീകരിക്കപ്പെടുകയും ചെയ്യും.'' ഇപ്പറഞ്ഞത് ഭരണകൂടാധികാരത്തിന്റെ നേര്‍രൂപങ്ങള്‍ക്ക് മാത്രമല്ല മാധ്യമങ്ങള്‍ക്കും ബാധകമാണ്.
ചരിത്രത്തെയും ചരിത്രാവബോധത്തെയും അട്ടിമറിക്കുകയും വ്യാജവും കപടവുമായ പൊതുബോധ നിര്‍മിതി നടത്തുകയും ചെയ്യുന്ന സാമ്രാജ്യത്വ കോളനിവത്കരണ അധിനിവേശങ്ങളെ തട്ടും തടവുമില്ലാതെ സ്വീകരിപ്പിക്കുന്നതില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. യുദ്ധവേളകളിലാണ് പ്രചാരണത്തെ ഒരായുധമാക്കി, അല്ലെങ്കില്‍ സമാന്തരയുദ്ധമാക്കി വന്‍ശക്തികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാറുള്ളത്. ഒന്നും രണ്ടും യുദ്ധങ്ങള്‍ മുതല്‍ അമേരിക്കയുടെ ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങളില്‍ വരെ വന്‍ശക്തികള്‍ നടത്തിയ പ്രചാരണ തന്ത്രങ്ങള്‍ ഇത്തരത്തില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്.
രണ്ടാം ലോക യുദ്ധകാലത്തെ പ്രചാരണ തന്ത്രങ്ങളെ സമര്‍ഥമായി അപഗ്രഥിക്കുന്ന മൈക്കല്‍ ബാല്‍ഫര്‍, പ്രചാരണ രീതികളെ തരംതിരിക്കുന്നത് ഇങ്ങനെയാണ്:
സത്യമാണെന്ന ആത്മാര്‍ഥമായ ധാരണയോടെ നടത്തുന്ന വ്യാജപ്രസ്താവനകള്‍
കല്‍പിച്ചുകൂട്ടി പറയുന്ന നുണകള്‍
സൂചനകളിലൂടെ പരത്തുന്ന തെറ്റുധാരണകള്‍
സത്യത്തിന്റെ തമസ്‌കരണം
വാര്‍ത്തകളിലെ പക്ഷപാതം
ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം വ്യക്തമാണ് ഈ തരംതിരിവ്. രണ്ടാംലോക മഹായുദ്ധാനന്തരം നടന്ന ചെറുതും വലുതുമായ യുദ്ധങ്ങളിലെല്ലാം ഈ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയതായി കാണാം.
ഗള്‍ഫ് യുദ്ധകാലത്ത് 'ഹില്‍ ആന്റ് ഹോള്‍ട്ടന്‍' പോലുള്ള വന്‍കിട പബ്ലിക് റിലേഷന്‍ കമ്പനികളെ ഉപയോഗിച്ച് അമേരിക്ക ഇറാഖിനെതിരെ ഉന്നയിച്ച നുണപ്രചാരണങ്ങള്‍ മാധ്യമങ്ങളുടെ വ്യാജവാര്‍ത്താ ചരിത്രത്തിലെ സമീപകാല അധ്യായമാണ്. സദ്ദാം ഹുസൈനെ അതിക്രൂരനും നീചനുമായി ചിത്രീകരിക്കാന്‍ സൃഷ്ടിച്ച നിരവധി കള്ളക്കഥകള്‍ പിന്നീട് പൊളിയുകയുണ്ടായി. ഉദാഹരണമായി ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്ക പ്രചരിപ്പിച്ച ഒരു വ്യാജവാര്‍ത്ത, കുവൈത്ത് ഹോസ്പിറ്റലിലെ ഇന്‍ക്യുബേറ്ററുകളില്‍നിന്ന് കുഞ്ഞുങ്ങളെ എടുത്ത് ഐസില്‍ കിടത്തി സദ്ദാമിന്റെ പട്ടാളക്കാര്‍ കൊലപ്പെടുത്തി എന്നായിരുന്നു. 40,000 കുഞ്ഞുങ്ങളെ ഇങ്ങനെ കൊന്നുവെന്നും ഇപ്പോഴും അതു തുടരുകയാണെന്നുമായിരുന്നു, ദൃക്‌സാക്ഷി വിവരണം എന്ന രൂപേണ വന്ന വാര്‍ത്ത. സൈറ എന്ന നഴ്‌സും ബഹ്‌നഹാനി എന്ന ഡോക്ടറുമായിരുന്നു ഈ ദൃക്‌സാക്ഷികള്‍. 1992 ജനുവരിയില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ മക് ആര്‍തര്‍ എന്ന പത്രപ്രവര്‍ത്തകന്‍ ഈ വ്യാജവാര്‍ത്തയുടെ യാഥാര്‍ഥ്യം തുറന്നുകാട്ടുകയുണ്ടായി. സൈറ ഒരു നഴ്‌സേ അല്ലെന്നും കുവൈത്ത് അംബാസഡറുടെ മകളാണെന്നും ബഹ്‌സഹാനി ഒരു ദന്തിസ്റ്റ് മാത്രമാണെന്നും മക് ആര്‍തര്‍ തെളിവു സഹിതം സമര്‍ഥിച്ചു. അതോടെ 'ഹില്‍ ആന്റ് ഹോള്‍ട്ടനു' പുതിയ വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നു. ഇതൊരു വാര്‍ത്താ പരീക്ഷണം മാത്രമായിരുന്നെന്നും ഇറാഖി സൈനികര്‍ ചെയ്ത വിവിധ തരം ക്രൂരതകളെക്കുറിച്ച് പറഞ്ഞാല്‍ അമേരിക്കന്‍ ജനതയെ ഏറ്റവും നന്നായി ഇളക്കിയെടുക്കാന്‍ കഴിയുക ഏതു കഥകള്‍ക്കായിരിക്കുമെന്ന വാര്‍ത്താ പരീക്ഷണം മാത്രമാണിതെന്നും പറഞ്ഞ് ഹില്‍ ആന്റ് ഹോള്‍ട്ടന്‍ തടി തപ്പി. സദ്ദാം ഹുസൈനെ കുറിച്ചും അദ്ദേഹം 'ശേഖരിച്ചുവെച്ച' രാസായുധങ്ങളെക്കുറിച്ചുമുള്ള വ്യാജവാര്‍ത്തകള്‍ ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. എല്ലാം കഴിഞ്ഞ് ഇറാഖിനെ തരിപ്പണമാക്കിയശേഷം പഴയ വാര്‍ത്തകള്‍ ശരിയായിരുന്നില്ല എന്ന ബുഷിന്റെ തന്നെ കുമ്പസാരം ലോകജനത ഞെട്ടലോടെയാണ് കേട്ടത്.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രാജ്യങ്ങളെയും ജനസമൂഹങ്ങളെയും മോശമായി ചിത്രീകരിക്കാനും വേട്ടയാടാനും കള്ളവാര്‍ത്തകള്‍ മെനയുന്ന രീതി സാമ്രാജ്യത്വശക്തികള്‍ മുമ്പേ ആരംഭിച്ചിട്ടുള്ളതാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ട വേളയില്‍ ഫലസ്ത്വീനിലെ സ്ത്രീകള്‍ ആഹ്ലാദപ്രകടനം നടത്തുന്നതായി സി.എന്‍.എന്‍ തുടര്‍ച്ചയായി കാണിച്ച ദൃശ്യം, വളരെ പഴയ ചിത്രമായിരുന്നെന്നും ഫലസ്ത്വീനികളുടെ ആഘോഷവേളയില്‍ ആഹ്ലാദം പങ്കിടുന്ന ചിത്രമായിരുന്നു അതെന്നും പിന്നീട് തെളിയുകയുണ്ടായി. എന്നാല്‍ ഈ വ്യാജവാര്‍ത്താ നിര്‍മിതിയിലൂടെ സൃഷ്ടിക്കപ്പെട്ട സന്ദേശം അമേരിക്കയിലെ സാധാരണക്കാരായ ജനതയുടെ ദുരിതത്തിലും ദുരന്തത്തിലും സന്തോഷിക്കുന്നവരാണ് ഫലസ്ത്വീനികളും അറബ്‌ലോകവുമെന്നും അവര്‍ കരുണയറ്റവരാണെന്നുമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിനു പിന്നിലെ ശക്തികള്‍ ആരെന്നു കണ്ടെത്തുന്നതിനു മുമ്പേ, അറബ്-മുസ്‌ലിം സമൂഹത്തിനു നേരെ വിരല്‍ചൂണ്ടാന്‍ ആഹ്ലാദ പ്രകടന ദൃശ്യങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു.
സാമ്രാജ്യത്വ ശക്തികളുടെ മാധ്യമാക്രണത്തിന് ഏറ്റവും കൂടുതല്‍ വിധേയരായ രണ്ടു വിഭാഗങ്ങള്‍ കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റ്റുകളുമാണ്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു ശേഷം ഇസ്‌ലാം കൂടുതല്‍ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെട്ടു എന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യം. ഒപ്പം അവശേഷിക്കുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കെതിരെ സകലവിധ നുണപ്രചാരണങ്ങളും അഭംഗുരം തുടരുന്നുണ്ട്. വെനിസ്വലയിലെ സാമ്രാജ്യത്വാനുകൂല പത്രമായ 'എല്‍ നാഷനലി'ന്റെ പത്രാധിപര്‍ മിഗുവേല്‍ ഹെന്റിക് ഒട്ടേറൊയുടെ ഒരു ലേഖനത്തിലെ ഭാഗം ഇങ്ങനെ:
''പ്രസിഡന്റിനെ വധിക്കുകയെന്ന കുറ്റകൃത്യം നിര്‍വഹിക്കാന്‍ ആയിരക്കണക്കിന് വെനിസ്വലക്കാര്‍ ബാധ്യസ്ഥരായിരിക്കുന്നു. ഈ രാജ്യത്തിന്റെ നേതാവ് വധിക്കപ്പെടാന്‍ അര്‍ഹനാണ്; തലമണ്ട തകര്‍ക്കുന്ന ഒരു ബുള്ളറ്റ് അയാള്‍ക്ക് ഒരനുഗ്രഹമായിരിക്കും.'' 'എല്‍ ന്യൂവോ പയസ്' എന്ന പത്രത്തിന്റെ എഡിറ്റര്‍ റേഫേല്‍ പോളിയോ ഗ്ലോബോ വിഷന്‍ എന്ന ടി.വി ചാനലിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത് ഇങ്ങനെ: ''ഹ്യൂഗോ, ജാഗ്രത! ബെനിറ്റോ മുസോളിനിയെപ്പോലെ കൊന്ന് തലകീഴായി കെട്ടിത്തൂക്കപ്പെടാനുള്ള വിധിയാണ് നിങ്ങളെ കാത്തിരിക്കുന്നത്.''
സി.ഐ.എയും മാധ്യമങ്ങളും
സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാന നായകരെയും അമേരിക്കന്‍ ചൊല്‍പ്പടിയില്‍ നില്‍ക്കാത്ത രാജ്യങ്ങളുടെ ഭരണാധികാരികളെയും സി.ഐ.എ ശാരീരികമായി വകവരുത്താന്‍ മാത്രമല്ല മാധ്യമങ്ങളിലൂടെ ഭത്സിക്കാനും കോടികളാണ് ഒഴുക്കുന്നത്. കാസ്‌ട്രോവിനും ഷാവേസിനും അഹ്മദീ നിജാദിനുമെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ആഗോള മാധ്യമ വ്യവസ്ഥയെ വിമോചനപ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസത്തിനുമെതിരെ പ്രയോജനപ്പെടുത്തണമെന്ന് അമേരിക്കയുടെ 'നാഷ്‌നല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡയറക്ടീവ്-4' അനുശാസിക്കുന്നു. ഇതിനായി 'പ്രചാരവേല തൊട്ട് അര്‍ധസൈനിക പ്രവര്‍ത്തനങ്ങള്‍ വരെയും, സാമ്പത്തിക നടപടികള്‍ തൊട്ട് വിദേശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും ധനസഹായം നല്‍കുക വരെ' ചെയ്യണമെന്നാണ് പറയുന്നത്. സാമ്രാജ്യത്വവിരുദ്ധ ശക്തികള്‍ക്കെതിരെ ഏതു രീതിയിലുള്ള കടന്നാക്രമണങ്ങള്‍ക്കും പിന്തുണ നല്‍കണമെന്ന് അനുശാസിക്കുന്ന NSCD-4, വ്യക്തിഹത്യകള്‍ക്കും അമേരിക്ക നടത്തുന്ന എല്ലാ പ്രതിവിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു. അമേരിക്ക കൊലപ്പെടുത്തിയ രാഷ്ട്ര നേതാക്കള്‍, അധികാര ഭ്രഷ്ടരാക്കിയ ഭരണാധികാരികള്‍, ആഭ്യന്തര കലാപം സൃഷ്ടിച്ച രാജ്യങ്ങള്‍, വര്‍ഗീയതയും വംശീയതയും ആളിക്കത്തിച്ച പ്രദേശങ്ങള്‍ തുടങ്ങിയവ പഠനവിധേയമാക്കിയാല്‍ സി.ഐ.എയുടെ നേതൃത്വത്തില്‍ അതതു രാജ്യങ്ങളില്‍ നടത്തിയ മാധ്യമ കുപ്രചാരണങ്ങളുടെ ഞെട്ടിക്കുന്ന കഥകളാകും പുറത്തുവരിക. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും വിമോചന സമരക്കാലത്ത് സി.ഐ.എ മാധ്യമങ്ങള്‍ക്ക് ഫണ്ടു നല്‍കിയിരുന്നു എന്നത് ഇന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്.
മാധ്യമങ്ങളില്‍ സി.ഐ.എ നടത്തുന്ന ഇടപെടലിന്റെ രീതി പലവിധമാണ്. പ്രത്യക്ഷം, പരോക്ഷം എന്നിങ്ങനെ അതിനെ തരംതിരിക്കാം. മാധ്യമങ്ങളില്‍ തങ്ങളുടെ ജോലിക്കാരെ തിരുകിക്കയറ്റുക, ജേര്‍ണലിസ്റ്റുകളെ വിലക്കെടുക്കുക എന്നതാണ് സി.ഐ.എ രീതി. 1983-ലെ ഒരു പഠനമനുസരിച്ച് സി.ഐ.എക്ക് 20,000-ലേറെ ജോലിക്കാരാണുള്ളത്. ഇതില്‍ പകുതിയിലേറെ പേരും പ്രവര്‍ത്തിക്കുന്നത് അമേരിക്കക്ക് പുറത്താണ്. ഇതില്‍ 3,000 പേര്‍ വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവരാണ്. ഇതിനുപുറമെ 950 പേര്‍ കരാര്‍ വ്യവസ്ഥയില്‍ സി.ഐ.എക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. 400-ഓളം അമേരിക്കന്‍ ജേര്‍ണലിസ്റ്റുകള്‍ സി.ഐ.എയുടെ അതീവ രഹസ്യ ഓപ്പറേഷനുകള്‍ ഏറ്റെടുക്കുന്നതില്‍ വ്യാപൃതരായിരുന്നു.
ജേര്‍ണലിസ്റ്റുകളെ മാത്രമല്ല സര്‍ഗാത്മക സാഹിത്യ രചനകള്‍ നടത്തുന്നവരെയും സി.ഐ.എ ഉപയോഗപ്പെടുത്താറുണ്ട്. വലതുപക്ഷ വീക്ഷണത്തെ മേല്‍ക്കോയ്മാ പ്രത്യയശാസ്ത്രമാക്കുന്നതില്‍ ഇവരുടെ പങ്ക് എടുത്തു പറയേണ്ടതാണ്. ഫ്രാന്‍സിസ് സ്റ്റോണോര്‍ സോണേഴ്‌സ് തന്റെ Who paid the piper. The CIA and the cultural cold war എന്ന പുസ്തകത്തില്‍ സാംസ്‌കാരിക രംഗത്തെ നാറ്റോ സഖ്യത്തെക്കുറിച്ച് പറയുന്നുണ്ട്. മാധ്യമങ്ങളാണ് സാംസ്‌കാരിക നാറ്റോയിലെ മുഖ്യയോദ്ധാക്കള്‍. സി.ഐ.എ സഹായം പറ്റുന്ന പത്രങ്ങളും ചാനലുകളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമെല്ലാം സാംസ്‌കാരിക നാറ്റോയിലെ അംഗങ്ങളാണ്. യുദ്ധവേളകളില്‍ ഈ നാറ്റോ അംഗങ്ങള്‍ സടകുടഞ്ഞെഴുന്നേല്‍ക്കും. ജെയിംസ് പെട്രാസിന്റെ പഠനമനുസരിച്ച് വിയറ്റ്‌നാമിലും ചിലിയിലും ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും നടന്ന കമ്യൂണിസ്റ്റ് വിരുദ്ധ അട്ടിമറികളിലും കൂട്ടക്കൊലകളിലും സി.ഐ.എ സ്‌പോണ്‍സേഡ് മാധ്യമ പ്രവര്‍ത്തകര്‍ സജീവ പങ്കാളികളായിരുന്നു. ഇറാഖിലും അഫ്ഗാനിസ്താനിലും ഇപ്പോഴുമത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. അമേരിക്കന്‍ അധിനിവേശത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെ ഒരു പരിധിവരെ തടയുന്നതിനും ഒരു ചെറുന്യൂനപക്ഷത്തിനിടയിലെങ്കിലും അധിനിവേശത്തെ അബോധതലത്തില്‍ സ്വീകാര്യമാക്കുന്നതിലും ഇവരുടെ പങ്ക് എടുത്തുപറയേണ്ടതാണ്.
അമേരിക്കന്‍ മാധ്യമങ്ങളെപ്പോലെ, ബ്രിട്ടന്‍ അടക്കമുള്ള വന്‍ശക്തി രാഷ്ട്രങ്ങളുടെ അധീനതയിലുള്ള മാധ്യമ ഭീമന്മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഉദാഹരണമായി ബ്രിട്ടന്റെ അധിനിവേശ, സാമ്രാജ്യത്വ താല്‍പര്യങ്ങളെ വിജയിപ്പിക്കുന്നതില്‍ റോയിട്ടര്‍ വഹിച്ച പങ്ക് അതിന്റെ മേധാവികള്‍ തന്നെ സമ്മതിച്ച കാര്യമാണ്. 1930-കളില്‍ റോയിട്ടറിന്റെ മേധാവിയായിരുന്ന സര്‍ റോബര്‍ട്ട് ജോണ്‍സ് ജേര്‍ണലിസ്റ്റുകളുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: ''ബ്രിട്ടീഷ് മേധാവിത്വത്തെ നിലനിര്‍ത്തുന്നതിനാവശ്യമായ പശ്ചാത്തലമൊരുക്കുന്നതില്‍ കഴിഞ്ഞ 60 വര്‍ഷമായി ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയ ഘടകം റോയിട്ടറാണ്. പ്രത്യക്ഷമായും പരോക്ഷമായും ബ്രിട്ടീഷ് സ്വാധീനം നിലനിര്‍ത്തുന്നതില്‍ തുടര്‍ച്ചയായി ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ റോയിട്ടര്‍ നടത്തുകയുണ്ടായി.'' 1930-കള്‍ക്ക് ശേഷവും റോയിട്ടര്‍ പ്രത്യക്ഷമായും പരോക്ഷമായും ചെയ്തുകൊണ്ടിരിക്കുന്നത് റോബര്‍ട്ട് ജോണ്‍സ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷതയുടെ കുപ്പായമണിയുന്ന പല മാധ്യമ ഭീമന്മാരും പരോക്ഷമായി സാമ്രാജ്യത്വ ശക്തികളുടെ ആശയ പ്രചാരകരാണ്. ഇത്തരം മാധ്യമങ്ങള്‍ സവിശേഷമായ ഒരു പ്രചാരണ മാതൃക (propaganda model) തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നാവുന്ന കാര്യങ്ങളാണ് അവ അവതരിപ്പിക്കുക. ആത്യന്തിക വിശകലനത്തില്‍ അങ്ങേയറ്റം പ്രതിലോമകരമായിരിക്കും അവ. പലപ്പോഴും യഥാര്‍ഥ പ്രശ്‌നപരിസരത്തുനിന്നും പലായനം ചെയ്യിക്കുന്നതും യാഥാര്‍ഥ്യത്തിനു പകരം ഭ്രമാത്മകമായ ലോകത്തിലേക്ക് ആനയിക്കുന്നതുമായിരിക്കും.
വരേണ്യ വിഭാഗങ്ങളുടെ ഉത്കണ്ഠകളെ മൊത്തം സമൂഹത്തിന്റെ പ്രശ്‌നമായി അവതരിപ്പിക്കുക, കടുത്ത ചായം ചേര്‍ത്ത് വാര്‍ത്തകള്‍ മെനയുക, അധീശ വിഭാഗങ്ങളുടെ സവിശേഷ താല്‍പര്യങ്ങള്‍ക്കാവശ്യമായ രീതിയില്‍ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുക, വായനക്കാരെ മൂലധന വ്യവസ്ഥക്കനുകൂലമായി സ്വാധീനിക്കാന്‍ കഴിയുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക, തൊഴിലാളി വര്‍ഗത്തോടും ദുര്‍ബല വിഭാഗങ്ങളോടും പുഛം തോന്നുമാറ് വിഷയങ്ങള്‍ അവതരിപ്പിക്കുക, വിപ്ലവ പ്രസ്ഥാനങ്ങളെ പരിഹസിക്കുകയും വികൃതമായി അവതരിപ്പിക്കുകയും ചെയ്യുക, ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുക തുടങ്ങിയവയെല്ലാം ഇത്തരം മാധ്യമപ്രചാരണത്തിന്റെ രീതിയാണ്.
ഉദാരവത്കരണ, സ്വകാര്യവത്കരണ, കമ്പോള സമ്പദ് വ്യവസ്ഥയുടെ സാമ്രാജ്യത്വ അജണ്ടകളുടെ പ്രചാരകരായി തൊണ്ണൂറുകളോടെ ചില മാധ്യമങ്ങള്‍ മാറിയതായി നമ്മുടെ രാജ്യത്ത് പോലും കാണാം. ആഗോളീകരണ നയങ്ങളെ എതിര്‍ക്കുന്നവരെ പഴഞ്ചന്മാരും പുരോഗമനവിരുദ്ധരുമായി ചിത്രീകരിക്കുന്ന അവസ്ഥ തൊണ്ണൂറുകളില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇത്തരം പ്രതിലോമ ആശയങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല അവക്ക് വളരാന്‍ സഹായകമായ അന്തരീക്ഷവും സാമൂഹിക ഘടനയും രൂപീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ട് യുവതയെ അരാഷ്ട്രീയവത്കരിക്കുകയും ചില സമരരീതികളെ നിരോധിക്കുകയും ചെയ്തത് ആഗോളീകരണത്തിന്റെ മലവെള്ളപ്പാച്ചിലിന്റെ ആരംഭകാലത്തായിരുന്നുവല്ലോ. ഇത്തരത്തില്‍ അരാഷ്ട്രീയവത്കരിക്കപ്പെടുകയും ഷണ്ഡീകരിക്കപ്പെടുകയും ചെയ്യപ്പെടുന്ന സമൂഹത്തില്‍ തങ്ങളുടെ അധിനിവേശ തേരുകള്‍ പായിക്കുക എളുപ്പമാണെന്നും എതിര്‍പ്പുകളെ നിര്‍വീര്യമാക്കാന്‍ മാധ്യമപ്രചാരണങ്ങളിലൂടെ സാധ്യമാണെന്നും നവ മുതലാളിത്തത്തിനറിയാം. മറ്റൊരര്‍ഥത്തില്‍ മൂലധനം, മാധ്യമങ്ങള്‍, സൈനിക ശക്തി എന്നിവ മൂന്നും ഒരേയളവില്‍ മാനവിക വിരുദ്ധമായി ഇന്നത്തെപ്പോലെ ഉപയോഗപ്പെടുത്തപ്പെട്ട ഒരു ചരിത്രഘട്ടം മുമ്പ് കഴിഞ്ഞുപോയിട്ടില്ല. പ്രതികരണ ശേഷിയും വിവേചന ശേഷിയും ചോര്‍ത്തിക്കളയുന്ന പുതിയ മാധ്യമ അരാഷ്ട്രീയ പരിസരം മൃദുല വികാരങ്ങളുടെ ഇക്കിളി സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതും ഭോഗാസക്തിയുടെ കടിഞ്ഞാണില്ലാത്ത അവസ്ഥയെ വളര്‍ത്തുന്നതുമാണ്. മൂല്യങ്ങളുടെ പാരമ്പര്യത്തിന് അന്ത്യം വിധിച്ചാലേ തങ്ങളുടെ കമ്പോള ജീര്‍ണിത സംസ്‌കാരത്തിന്റെ വിജയ പതാക നാട്ടുവാന്‍ സാധിക്കുകയുള്ളൂ എന്ന് നവമുതലാളിത്തം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ പ്രസരിപ്പിക്കുന്ന അപമാനവീകരണത്തിന്റെ ഈ പ്രത്യയശാസ്ത്ര പരിസരം എതിര്‍ക്കപ്പെടേണ്ടത് മാനവിക മൂല്യങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും അനിവാര്യമാണ്. സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ശുദ്ധവായു ശ്വസിക്കാന്‍ അത്യന്താപേക്ഷിതമാണ് നല്ല മാധ്യമങ്ങളും.
അസീസ് തരുവണ 9048657534
azeeztharuvana@gmail.com

Comments

Other Post