Prabodhanm Weekly

Pages

Search

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

ഹൈന്ദവതയിലെ ഇസ്‌ലാമിക ഭാവങ്ങള്‍ കണ്ടെത്തുക

കെ.പി രാമനുണ്ണി / ടി. മുഹമ്മദ് വേളം

ആത്മാവ്-ശരീരം, ഭൗതികത-ആത്മീയത, യുക്തി-അനുഭവം എന്നിങ്ങനെയുള്ള ദ്വന്ദ്വയുക്തിയാണ് കൊളോണിയല്‍ ആധുനികതയുടെ അടിസ്ഥാനം. ഇത് പ്ലാറ്റോയില്‍ ആരംഭിക്കുന്ന പാശ്ചാത്യ നാഗരികതയുടെ തന്നെ വലിയ ഒരടിത്തറയാണല്ലോ. ഈ പ്ലാറ്റോണിയന്‍ യുക്തിയെ നിരാകരിച്ച എഴുത്തുകാരന്‍ എന്നതാണ് താങ്കളുടെ ചരിത്രപ്രാധാന്യമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
മനസ്സ്, ശരീരം, ആത്മാവ് തുടങ്ങിയവയൊക്കെ വേര്‍തിരിച്ച് വെക്കുന്ന ആ ആധുനികയുക്തികളോട് കലഹിച്ച് എഴുത്തിലേക്ക് വന്ന വ്യക്തിയാണ് ഞാന്‍. ആധുനികതയെപ്പറ്റി പറയുമ്പോള്‍; ശരീരമുണ്ട്, മനസ്സും കഷ്ടിച്ചിട്ടുണ്ട്, ആത്മാവില്ല- അത് അന്ധവിശ്വാസമാണ്. ഇങ്ങനെയുള്ള ഒരു വിഭജനമാണ് ഉണ്ടായിരുന്നത്. ആത്മാവിലേക്കെത്തുമ്പോള്‍ അത് അശാസ്ത്രീയമായി മാറുന്നു. അതുകൊണ്ടുതന്നെ ആത്മീയത, ഭൗതികത എന്നുള്ള വിഭജനം ആധുനികതയുടെ യുക്തിയാണ്. അപ്പോള്‍ ആധുനികതക്കു ശേഷം വന്ന എഴുത്തുകാരനെന്ന നിലക്ക്, ആധുനിക വിരുദ്ധമായിട്ടുള്ള ചിന്താഗതികള്‍ ഏറ്റുപിടിക്കേണ്ട ഉത്തരവാദിത്വം പ്രഫഷണല്‍ ആയിത്തന്നെ എനിക്കുണ്ട്. അത് പക്ഷെ പ്രഫഷണല്‍ ആണ്. ആധുനികതയുടെ യുക്തിബോധം തന്നെ മനസ്സിലുള്ളവനാണെങ്കിലും ആധുനികോത്തരതയുടെ ട്രെന്റാണല്ലോ ഇപ്പോഴുള്ളത് എന്ന ചിന്തയില്‍ ആ തരത്തില്‍ എഴുതാന്‍ ശ്രമിക്കുന്നവരുണ്ട്. അതേപോലെത്തന്നെ ആധുനികതയുടെ മാര്‍ക്കറ്റ് കഴിഞ്ഞുവെന്ന് വിചാരിച്ചിട്ട് ആധുനികോത്തരതയെ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. ശ്രീ എം. മുകുന്ദന്റെ ഉള്ളില്‍ ആധുനിക അവബോധമാണുള്ളത്. എങ്കിലും പ്രൊഫഷണല്‍ ആവശ്യത്തിന് വേണ്ടി അതിനെ മറികടക്കാനുള്ള പ്രാഗത്ഭ്യം അദ്ദേഹം കാണിക്കുന്നു.
എന്നാല്‍ അനുഭവം കൊണ്ട് ആധുനികോത്തരനാകുന്നതും പ്രൊഫഷണല്‍ ആവശ്യത്തിന് വേണ്ടി ആധുനികോത്തരനാകുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ആധുനികതയുടെ ചില വിശ്വാസങ്ങളുടെയും പ്രയോഗങ്ങളുടേയും ഗതികെട്ട ഇരയായി അതിനെതിരായുള്ള അവബോധം മനസ്സില്‍ വളര്‍ന്നവനാണ് ഞാന്‍. ഒരു എഴുത്തുകാരനാവണം എന്ന മുന്‍കൂര്‍ തീരുമാനത്തോടെയല്ല ഞാന്‍ എഴുത്തിലേക്ക് വന്നത്. കുട്ടിക്കാലത്ത് എഴുത്തുകാരനാകണമെന്ന ആഗ്രഹമേ എന്നില്‍ ഉണ്ടായിട്ടില്ല. ഇതിനു വേണ്ടി ഒരു ശ്രമവും നടത്തിയിട്ടില്ല. . പഠിച്ചിരുന്ന കാലത്ത് എന്റെ ആഗ്രഹം ഡോക്ടര്‍ ആവണം, ശാസ്ത്രജ്ഞന്‍ ആവണം എന്നൊക്കെയായിരുന്നു. ഡോക്ടറാവണമെന്ന് വല്യമ്മമാര്‍ കുട്ടികളോട് പറയും. അതിനുള്ള കാരണം അവര്‍ക്ക് വയ്യാതാവുമ്പോള്‍ കൊച്ചു മകനെ കൊണ്ട് ചികിത്സിപ്പിക്കാമല്ലോ എന്ന ഗൂഢമോഹമാണ്. എന്റെ വല്യമ്മയും എന്നെ ഡോക്ടറാക്കാനുള്ള സൈക്കോതെറാപ്പി നടത്തിക്കൊണ്ടിരുന്നു. എനിക്ക് ശാസ്ത്രത്തോട് വലിയ താല്‍പര്യമായിരുന്നു. ഡോക്ടര്‍ ആവുന്നതും ശാസ്ത്രത്തിന്റെ ഒരു ആപ്ലിക്കേഷന്‍ ആണല്ലോ.
എന്നാല്‍ പ്രീഡിഗ്രി പഠനകാലത്ത് ജീവിതത്തിലെ ഒരു കറുത്ത കാലഘട്ടത്തിലൂടെ കടന്നുപോയി. അതാണ് എന്നെ ഒരു എഴുത്തുകാരനാക്കിയത്. മാത്രമല്ല, ആധുനികതക്ക് വിരുദ്ധമായ ഒരു അവബോധം ആ കറുത്ത കാലഘട്ടം എന്നില്‍ സൃഷ്ടിക്കുകയും ചെയ്തു.
പൊന്നാനി ഏ. വി. ഹൈസ്‌ക്കൂളിലായിരുന്നു ഞാന്‍ പഠിച്ചത്. ഫസ്റ്റ് ക്ലാസ്സോടെ പത്താം തരം പാസ്സായി. പിന്നെ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നു. നാട്ടിന്‍ പുറത്തെ സ്‌ക്കൂളില്‍ നിന്ന് നഗരത്തിലെ കലാലയത്തില്‍ എത്തിയ എനിക്ക് അവിടെ സ്വയം രണ്ടാംകിട പൗരനായി അനുഭവപ്പെട്ടു. സെന്റ് ജോസഫ് സ്‌കൂളില്‍ നിന്ന് വരുന്ന കുട്ടികള്‍ ഇംഗ്ലീഷ് ഛര്‍ദിച്ച് നടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പേടിച്ചരണ്ട് പോയി. ലക്ച്ചര്‍മാര്‍ക്കും ആ സായിപ്പിന്റെ കുഞ്ഞുങ്ങളോടായിരുന്നു പ്രിയം. പൊന്നാനി സ്‌ക്കൂളിലെ മധുരിക്കുന്ന അനുഭവങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കോളേജിലെ അന്തരീക്ഷം. പെട്ടെന്ന് കോളേജില്‍ അന്യവത്കരിക്കപ്പെട്ടു പോയ ഞാന്‍ കഠിനമായ പുസ്തക വായനയിലേക്ക് പ്രവേശിച്ചു. ഗൈഡന്‍സില്ലാത്ത പുസ്തക വായന. കോളേജിലെ ചില സുഹൃത്തുക്കള്‍ തന്ന ഭൗതികവാദപരമായ പുസ്തകങ്ങളില്‍നിന്ന് വായന തുടങ്ങി. അന്ന് ഞാനെന്റെ ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അവിടെയാണെങ്കില്‍'വിവേകാനന്ദ സാഹിത്യ സര്‍വസ്വം', 'രാമകൃഷ്ണ പരമാമൃതം' തുടങ്ങിയ ആത്മീയ ഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നത്. വീട്ടിലും കോളേജിലും വായിക്കും. എന്നാല്‍ ചെറുപ്രായത്തില്‍ ഭൗതികവാദഗ്രന്ഥങ്ങളും ആത്മീയഗ്രന്ഥങ്ങളും കൂട്ടിക്കലര്‍ത്തി വായിച്ച് എനിക്ക് ദഹനക്കേട് പിടിച്ചു. ഞാന്‍ ആകെ ചിന്താവിഷ്ടനായി. ദൈവമുണ്ടോ ഇല്ലയോ എന്നായി എന്റെ പ്രധാന പ്രശ്‌നം. അത് തീരുമാനിച്ചിട്ടാകാം കോളേജില്‍പ്പോക്കും റിക്കാര്‍ഡ് വരയും എന്ന മനോഭാവം വന്ന് ചേര്‍ന്നു. വല്ലാത്ത ആശയക്കുഴപ്പത്തില്‍ അകപ്പെട്ട കാലം. പഠനത്തില്‍ ശ്രദ്ധപോയി. വിഷയം അധ്യാപകരും കുടുംബക്കാരും ഏറ്റെടുത്തു. മിണ്ടാതിരിക്കുന്നത്, കുളിക്കാതിരിക്കുന്നത്, ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതിരിക്കുന്നത്, ദൈവത്തെക്കുറിച്ചായാലും അടിക്കടി സംശയങ്ങള്‍ മനസ്സില്‍ വരുന്നത് എല്ലാം മനോരോഗത്തിന്റെ ലക്ഷണമാവാമെന്ന് വിദ്യാസമ്പന്നരായ അവര്‍ക്ക് അറിയാമായിരുന്നു. ഒടുവില്‍ വീട്ടുകാര്‍ എന്നെ കോഴിക്കോട്ടെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി. ദൈവമുണ്ടോ ഇല്ലയോ എന്നാണ് എന്റെ പ്രധാനസംശയമെന്ന് ഞാന്‍ ഡോക്ടറോട് പറഞ്ഞു. സംശയം എന്നു കേട്ടതോടെ ഡോക്ടര്‍ ഞാന്‍ മനോരോഗിയാണെന്നു തീരുമാനിച്ചു. സംശയം എന്നത് മനോരോഗത്തിന്റെ നമ്പര്‍ വണ്‍ ലക്ഷണമാണെന്നാണ് അവരുടെ കിത്താബുകള്‍ പറയുന്നത്. പതിവിന് വിപരീതമായി വ്യക്തമായ കൈയക്ഷത്തില്‍ ആ ഡോക്ടര്‍ മനോരോഗത്തിനുള്ള മരുന്നുകളുടെ ലിസ്റ്റ് കുറിച്ചുതന്നു. ആത്മീയവും ദൈവികവുമായ എന്റെ സംശയങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ പ്രാപ്തിയുള്ളതായിരിക്കും മനോരോഗമരുന്നുകളെന്ന വിശ്വാസത്തില്‍ ഞാന്‍ അവ കഴിച്ചുകൊണ്ടിരുന്നു. എത്ര മരുന്ന് കഴിച്ചിട്ടും ഒന്നും സംഭവിക്കുന്നില്ല. ഉറക്കം , ഉറക്കം മാത്രം. ഉറങ്ങി എഴുന്നേറ്റാല്‍ , അയ്യോ വെറുതെ സമയം പോയല്ലോ എന്ന ചിന്തയില്‍ ഞാന്‍ വ്യാകുലനാകും. എന്റെ സംശയങ്ങള്‍ക്കൊന്നും ഉത്തരം കിട്ടിയില്ലല്ലോ! പഠനത്തില്‍ തരിമ്പ് പോലും ശ്രദ്ധിക്കാന്‍ കഴിയാത്ത ഞാന്‍ പരീക്ഷ എഴുതിയില്ല. വീട്ടുകാരൊക്കെ ബേജാറായി. നന്നായി പഠിച്ചിരുന്ന ഇവന് എന്തുപറ്റി എന്ന ആധി എല്ലാവരിലും ഉണ്ടായി. ഞാന്‍ വല്ലാതെ വിഷമിച്ചു. കുറേ കരഞ്ഞു. എന്റെ പെരുമാറ്റരീതികളില്‍ മാറ്റം വന്നു. കോഴിക്കോട്ടെ സൈക്യാട്രിസ്റ്റ് മാറ്റി മാറ്റി മരുന്നുകള്‍ എഴുതി. കുട്ടിക്ക് യാതൊരു വ്യത്യാസവും കാണാതെ വന്നപ്പോള്‍ വീട്ടുകാര്‍ എന്നെ തിരുവനന്തപുരത്ത് കൊണ്ടുപോകാന്‍ തീരുമാനിച്ചു. കുതിരവട്ടത്തേക്കാള്‍ പ്രഗത്ഭനായ ഡോക്ടര്‍ ഊളമ്പാറയില്‍ ഉണ്ടത്രെ. എന്നാല്‍ അവിടെ ചെന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല. പഴയ ഡോക്ടര്‍ എഴുതിയ മരുന്നുകള്‍ മുഴുവന്‍ ഈ ഡോക്ടര്‍ മാറ്റിയെഴുതി. തിരുവനന്തപുരത്തെ സൈക്യാട്രിസ്റ്റ് എന്റെ മുഖത്ത് പോലും നോക്കിയില്ല. ഒരാഴ്ച കഴിഞ്ഞ് വരാന്‍ പറഞ്ഞു. ഉടനെ ഷോക്ക് ട്രീറ്റ്‌മെന്റിന് എഴുതി. നാല് ഷോക്ക് ട്രീറ്റ്‌മെന്റുകള്‍ നടത്തി. പിന്നെ ഇന്‍സുലിന്‍ തെറാപ്പി തുടങ്ങി. അതിന്റെ കാലാവധി ഒരു മാസമായിരുന്നു.
ഇന്‍സുലിന്‍ തെറാപ്പി കഴിഞ്ഞ് ബോധം തെളിയുന്ന സമയത്ത് ഒരു മൃഗത്തിന്റെ സ്വഭാവമായിരിക്കും രോഗിക്ക് ഉണ്ടാവുക. ആ സമയത്ത് അതികഠിനമായ വിശപ്പായിരിക്കും. കാരണം ഇന്‍സുലിന്‍ നല്‍കി സൃഷ്ടിക്കപ്പെടുന്ന കോമ സ്റ്റേജില്‍ രക്തത്തിലെ ഗ്ലൂക്കോസ് മുഴുവന്‍ ചോര്‍ന്ന് കഴിഞ്ഞിട്ടുണ്ടാകും. പിന്നെ ഡ്രിപ്പിലൂടെ ഗ്ലൂക്കോസ് നല്‍കുമ്പോഴാണ് ബോധം തിരിച്ച് കിട്ടുക. ആ സമയത്ത് രോഗികള്‍ നിയന്ത്രണാതീതമായി ഭക്ഷണം കഴിക്കും. മുന്നില്‍ കണ്ടതെല്ലാം വാരിവലിച്ച് തിന്നും. ഒരൂ മാസത്തെ ഇന്‍സുലിന്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞപ്പോഴേക്ക് ഞാന്‍ തടിച്ച് ചീര്‍ത്ത് അവശനായി. എഴുതാന്‍ വയ്യ. വായിക്കാന്‍ വയ്യ. ആദ്യം ചിന്തിക്കുന്നതിന്റെ കുഴപ്പമായിരുന്നു എനിക്ക്. ഇപ്പോള്‍ ചിന്തിക്കാനേ സാധിക്കാതായി. ചിന്തിച്ചാല്‍ ഉറക്കം വരുന്നു. അപ്പോഴും ഞാന്‍ കുറേശ്ശെ വായിക്കും. ദൈവമായിരുന്നല്ലോ എന്റെ പ്രാഥമിക പ്രശ്‌നം. ഒടുവില്‍ ദൈവത്തെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരാളെ ഞാന്‍ കണ്ടെത്തി. സൈക്കോ തെറാപ്പിസ്റ്റ് എ.ടി കോവൂര്‍. ദൈവം ഇല്ല എന്നെങ്കിലുമുള്ള സമാധാനം കിട്ടിയാല്‍ മതിയായിരുന്നു അപ്പോള്‍ എനിക്ക്. - പതിനാറ് വയസ്സുകാരനായ എനിക്ക്.
ഏത് സുഖക്കേടിനുമില്ലാത്ത ഒരു ബുദ്ധിമുട്ട് മനോരോഗത്തിനുണ്ട്. അസുഖമില്ല എന്നു പറഞ്ഞാല്‍ അസുഖമുണ്ട് എന്നാണ് അതിന്റെയര്‍ത്ഥം. എനിക്ക് അസുഖമൊന്നുമില്ലെന്ന ഓരോ പ്രസ്താവനയും എനിക്കെതിരെയുള്ള തെളിവായി വീട്ടുകാരും ബന്ധക്കാരുമെടുത്തു. അഛന്റെ ബന്ധുക്കളൊക്കെ വരുമ്പോള്‍ ഞാന്‍ പറയും, എനിക്കൊരസുഖവുമില്ലെന്ന്. അപ്പോള്‍ അവര്‍ തീര്‍ച്ചയാക്കും , ഇവന് അസുഖമുണ്ടെന്ന്. ആരും രക്ഷിക്കാനില്ലാത്ത ഒരവസ്ഥയായിരുന്നു അത്. അങ്ങനെ ഞാനൊരു തീരുമാനമെടുത്തു. ഇനി മരുന്ന് കഴിക്കില്ല. ഭക്ഷണവും കഴിക്കില്ല. അല്ലെങ്കില്‍ എനിക്ക് എ.ടി കോവൂരിനെ കാണണം. എന്റെ നിരാഹാരസമരം കണ്ട് വിഷമിച്ച എന്റെ വല്യുമ്മയുടെ മകളുടെ ഭര്‍ത്താവ് വി.പി മേനോന്‍ പറഞ്ഞു, ഇവന്‍ പറയുന്നപോലെ ചെയ്താലെന്താ? ഭാഗ്യത്തിന് അദ്ദേഹം ആധുനികശാസ്ത്രത്തിന്റേയും ആധുനിക യുക്തിയുടേയും അടിമയല്ലാത്തതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് എ.ടി. കോവൂരിലൂടെ പി.എം. മാത്യുവിലെത്തിയ ഞാന്‍ അദ്ദേഹത്തിന്റെ കൗണ്‍സലിംഗിലൂടെ സാധാരണ മാനസികാവസ്ഥയിലേക്കും ജീവിതത്തിലേക്കും തിരിച്ച് വന്നു. കൗമാരകാലത്തെ ചില ചിന്താവ്യതിയാനങ്ങളല്ലാതെ എനിക്ക് യാതൊരു മനോരോഗവും ഉണ്ടായിരുന്നില്ലെന്ന് പി.എം. മാത്യു സാക്ഷ്യപ്പെടുത്തി. ഒടുവില്‍ ആരോഗ്യകരമായ ഒരു ദൈവസങ്കല്‍പം അദ്ദേഹം എനിക്ക് ഉണ്ടാക്കിത്തരികയും ചെയ്തു. ഭീകരമായ സൈക്യാട്രിക്ക് ചികിത്സ ആധുനികമായ എല്ലാ കാര്യങ്ങളോടും സംശയവും വിപ്രതിപത്തിയും വെറുപ്പും എന്നില്‍ സൃഷ്ടിച്ചു. കാരണം, ആധുനികതയോട് ആഭിമുഖ്യമുള്ള ആളുകള്‍ എന്നെ നശിപ്പിക്കുകയും ആ സ്വാധീനത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നവര്‍ എന്നെ രക്ഷിക്കുകയുമാണ് ചെയ്തത്. അനുഭവപരമായി ആധുനികതക്കെതിരായ ഒരു സൈക് എന്നില്‍ രൂപപ്പെടാന്‍ ഇത് കാരണമായി.
മതം, പാരമ്പര്യം തുടങ്ങി യുക്തിയുടെ കള്ളിയില്‍ കൃത്യമായി നില്‍ക്കാത്തതിനെയെല്ലാം കൊളോണിയല്‍ ആധുനികത അപരവത്കരിക്കുകയും മോശമായി കരുതുകയും ചെയ്യുന്നു. അതോടൊപ്പം ആധുനികതയും സവര്‍ണതയും ഒത്തുചേരുന്ന ഒരു സ്വഭാവം കൂടി ഇതിനുണ്ട്. ഈയൊരു കാര്യത്തെ സര്‍ഗാത്മകമായി ആവിഷ്‌കരിച്ചിട്ടുള്ള എഴുത്തുകാരില്‍ ഒരാളാണ് താങ്കള്‍. ഇതിനെ എങ്ങനെയാണ് കഥക്ക് പുറത്ത് നോക്കിക്കാണുന്നത്?
ബ്രിട്ടീഷുകാര്‍ ഇവിടെ വന്ന സമയത്ത് ഇവിടത്തെ സവര്‍ണരെയാണ് ആദ്യം കങ്കാണിമാരാക്കിയത്. അതായത് സ്വന്തം നാട്ടുകാരെ ഭരിക്കാന്‍ ഇവിടത്തെ സവര്‍ണരെ ഉപയോഗിച്ചു. ഇപ്പോഴും അധികാര തസ്തികയില്‍ ഇരിക്കുന്ന സവര്‍ണര്‍ ശ്രമിക്കുന്നത് കഴിയും വേഗം 'സായിപ്പാ'വാനാണ്. എത്രയോ കാലം ഇവിടത്തെ നായന്മാര്‍ക്കിടയിലുണ്ടായിരുന്ന മരുമക്കത്തായം എത്ര പെട്ടെന്നാണ് സായിപ്പിന്റെ വരവോടെ മക്കത്തായത്തിലേക്ക് മാറിയത്. ഭരണക്കാരുടെ സമ്പ്രദായമായ മക്കത്തായത്തോട് മേല്‍ജാതിക്കാര്‍ക്കുള്ള താല്‍പര്യമാണ് ഇതിനു കാരണം. മരുമക്കത്തായം വളരെ വേഗത്തിലാണ് തകര്‍ന്നുപോയത്. സായിപ്പിന്റെ വിക്‌ടോറിയന്‍ സദാചാരത്തെ പുല്‍കാനുള്ള ആവേശമാണ് ഇവിടെ കാണാന്‍ കഴിയുക. പണ്ട് ഇവിടെ ഒന്നിലധികം വിവാഹം കഴിക്കുന്ന പുരുഷന്മാരും, സ്ത്രീകളുമുണ്ടായിരുന്നു. അതൊക്കെ ഇവിടുത്തെ ശരികളുമായിരുന്നു. പക്ഷേ, സായിപ്പിന്റെ ശരികളിലേക്ക് കാര്യങ്ങള്‍ പെട്ടെന്ന് പരിണമിച്ചു. മുകളിലുള്ള സവര്‍ണ വര്‍ഗമാണ് കൊളോണിയല്‍ മൂല്യങ്ങളിലേക്ക് ആദ്യം പ്രവേശിച്ചത്.
ആധുനികയുക്തിയുടെ അധികാരം എപ്പോഴും പ്രയോഗിക്കാറുള്ളത് സവര്‍ണരാണ്. ഇവര്‍ എപ്പോഴും പരസ്പരം സഹായിക്കുന്ന വര്‍ഗങ്ങളായി വര്‍ത്തിച്ചു. ഇവര്‍ ബ്രിട്ടീഷുകാരെ സഹായിക്കും. ഇംഗ്ലീഷുകാര്‍ ഇങ്ങോട്ട് സവര്‍ണ മൂല്യങ്ങളെ സഹായിക്കും. ആ തരത്തില്‍ സംസ്‌കൃതത്തിനു വേണ്ടിയുള്ള പഠനങ്ങള്‍ക്കും സംസ്‌കൃതത്തെ ഉയര്‍ത്താനും ഇംഗ്ലീഷുകാര്‍ കുറേ സഹായിച്ചിട്ടുണ്ട്. സംസ്‌കൃതത്തോടുള്ള ആഭിമുഖ്യമല്ല , സവര്‍ണരുമായുള്ള കൂട്ടുകെട്ടാണ് ഇതിനു പിന്നില്‍. സവര്‍ണരുമായി കൂട്ടുകൂടിയാണ് ഇവിടെയുള്ള കീഴ്ജാതിക്കാരെ ഇംഗ്ലീഷുകാര്‍ അടിച്ചൊതുക്കി ഭരിച്ചിരുന്നത്. ആ കൂട്ടുകെട്ടു കൊണ്ട് സ്വഭാവശുദ്ധിപരമായി ഏറ്റവുമധികം ദോഷമുണ്ടായത് നായര്‍ സമുദായത്തിനാണ്. കാരണം ഇത്രയധികം പരസ്പര സ്‌നേഹമില്ലാത്തൊരു കമ്യൂണിറ്റിയാകാന്‍ വിധിക്കപ്പെട്ട കൂട്ടര്‍ കേരളത്തില്‍ വേറെയുണ്ടാവില്ല.
അടിമയേക്കാള്‍ കഷ്ടമാണ് കങ്കാണിമാരുടെ അവസ്ഥ. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ആള്‍ക്കാരെ ഒറ്റുകൊടുത്തു ഭരിക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. വളരെ നിഷ്ഠുരമായി ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരു പാരമ്പര്യം അങ്ങനെ സവര്‍ണ്ണവര്‍ഗ്ഗത്തിനുണ്ടായി. മാധവിക്കുട്ടി മതം മാറാന്‍ കാരണം, നായന്മാര്‍ക്കിടയിലെ സ്‌നേഹരാഹിത്യം അതിഭയങ്കരമായി അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയായതുകൊണ്ടായിരിക്കാം. വളരെ ഹൈ സൊസൈറ്റിയിലാണ് അവരുണ്ടായിരുന്നത്. മേലെക്കിടയിലുള്ളവരിലാണല്ലോ സ്‌നേഹരാഹിത്യവും വ്യാജവും കൂടുതലായി കാണാന്‍ കഴിയുക. കമലാസുറയ്യയുടെ ആത്മാര്‍ഥതയുള്ള ഹൃദയം അതില്‍ വ്രണിതമായി പുതിയൊരു സമുദായത്തിന്റെ പരിചരണത്തിലേക്ക് നീങ്ങാന്‍ ആഗ്രഹിച്ചിരിക്കാം.
ഞാനും നായര്‍ സമുദായത്തില്‍ പെട്ടവനാണ്. പണ്ട് തന്നെ എന്റെ ബന്ധക്കാരെല്ലാം സിംഗപ്പൂരും ബര്‍മയിലും ജോലിക്കായി പോയിരുന്നു. കുറച്ച് കാലം അവിടെ നിന്ന് നാട്ടില്‍ മടങ്ങിയെത്തുമ്പോഴേക്കും അവരുടെ മക്കള്‍ മലയാളം മറന്നിട്ടുണ്ടാവും. ഇംഗ്ലീഷ് മാത്രമേ പറയുകയുള്ളു. ഇംഗ്ലീഷ് അറിയാത്ത നാട്ടിലുള്ള സ്വന്തക്കാരെ മുഴുവന്‍ അവര്‍ക്ക് പുച്ഛമായിരിക്കും. വിദേശമായ , പാശ്ചാത്യമായ സംസ്‌ക്കാരങ്ങള്‍ പെട്ടെന്ന് വാരിപ്പുണരാന്‍ സവര്‍ണ്ണസമുദായക്കാരാണ് സദാ സന്നദ്ധരായി നില്‍ക്കാറുള്ളത്. ഇംഗ്ലീഷുകാരനെ സേവിച്ച് സേവിച്ച് കൊളോണിയല്‍ മെന്റല്‍ സൈക്ക് അവര്‍ വളരെ ആന്തരവല്‍ക്കരിച്ചിട്ടുണ്ട്.
നമ്മുടെ ആധുനിക സമൂഹം രൂപപ്പെടുമ്പോള്‍ അതിന്റെ കീഴിലുള്ള ഈ അവിശുദ്ധ (സവര്‍ണ-വെസ്റ്റേണ്‍) കൂട്ടുകെട്ടിന്റെ ഇരകളായിത്തീരേണ്ടിവന്നത്, മുസ്‌ലിം സമൂഹവും ഇസ്‌ലാമിക് ഐഡിയോളജിയുമാണ്. ഒരു മുസ്‌ലിമിന്റെ സമകാലിക പ്രതിനിധാനത്തില്‍ അവരിത് എങ്ങനെ അനുഭവിക്കുന്നുവെന്നാണ് താങ്കള്‍ക്ക് തോന്നിയിട്ടുള്ളത്?
കൊളോണിയല്‍ ശക്തികള്‍ വരുന്നതിനു മുമ്പ് കേരളത്തിന് അതിശക്തമായ സമുദായ മൈത്രിയുടെ പാരമ്പര്യമുണ്ടായിരുന്നു. ഇതിന്റെ അടിത്തറ അതിശക്തമായതുകൊണ്ട് മാത്രമാണ് കൊളോണിയല്‍ ഭരണകാലത്തെ വൈരുധ്യങ്ങള്‍ കൊണ്ട് ഇവിടെ ശക്തമായ സാമുദായിക ധ്രുവീകരണങ്ങളൊന്നും ഉണ്ടാകാതിരുന്നത്.
കുഞ്ഞാലി മരക്കാരും സാമൂതിരിയും തമ്മിലുള്ള ഭിന്നിപ്പിന്റെ കാരണങ്ങള്‍ പരതിനോക്കിയാല്‍ അതിനു പിന്നില്‍ പോര്‍ച്ചുഗീസുകാരണെന്ന് കാണാനാകും. ഇവിടെ അധിനിവേശ ശക്തികളാണ് സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കിയത്. ബ്രിട്ടീഷുകാര്‍ ഇവിടെ വരുന്ന സമയത്ത് ജന്മിമാര്‍ക്ക് ചില അധികാരങ്ങള്‍ നല്‍കിയിരുന്നു. പണ്ട്, തമ്പുരാനോട് അഥവാ ജന്മിയോട്, വിളവ് കുറഞ്ഞുപോയി എന്നു സങ്കടം ബോധിപ്പിച്ചാല്‍ ആദ്യം കുറച്ച് ശകാരിക്കുമെങ്കിലും പിന്നീട് വിട്ടുവീഴ്ച ചെയ്യുമായിരുന്നു. സ്‌നേഹത്തിന്റേതും വിശ്വാസത്തിന്റേതുമായ പരസ്പരബന്ധം അക്കാലത്ത് ജന്മിയും കുടിയാനും തമ്മില്‍ നിലനിന്നിരുന്നു. ഇക്കാര്യം കൃത്യമായി തകഴിയുടെ രണ്ടിടങ്ങഴിയില്‍ കാണാം. ജന്മിയുടെ മകന് കുട്ടിയുണ്ടായെന്ന് അറിയുമ്പോള്‍ അയിത്തം കൂടി മറന്ന് പുലയന്‍ കുഞ്ഞിനെ ഓടിവന്ന് തൊടുകയാണ്. സ്‌നേഹം കൊണ്ട് സ്ഥലകാലബോധം മറക്കുന്ന ആ പുലയന്റെ പേരിലാണ് തകഴി രണ്ടിടങ്ങഴി സമര്‍പ്പിച്ചിരിക്കുന്നത്. 'ഇങ്ങനെയല്ല കൃഷിയിറക്കേണ്ടത് , ഈ വിത്തല്ല ആ പാടത്ത് വിതക്കേണ്ടത് ്' എന്നെല്ലാം അക്കാലത്ത് പുലയന്‍ ജന്മിയെ പഠിപ്പിച്ച് കൊടുക്കുമായിരുന്നു. കീഴാളരാണെങ്കിലും അവര്‍ക്ക് അവരുടെ തൊഴിലില്‍ കര്‍തൃത്വം ഉണ്ടായിരുന്നു. വീട്ടിലെ പണിക്കാരന്‍ കൃഷ്ണന്‍ കൃഷിയുടെ കാര്യങ്ങളില്‍ അമ്മയെ കര്‍ശനമായി ഗുണദോഷിച്ചിരുന്നതിന്റെ ഓര്‍മ്മ എന്റെ ബാല്യകാലസ്മൃതിയിലുണ്ട്. പക്ഷേ ഇംഗ്ലീഷുകാര്‍ അവരുടെ നാട്ടിലെ അടിമത്ത വ്യവസ്ഥക്ക് സമാനമായി ഇവിടത്തെ ജാതിവ്യവസ്ഥയെ കണ്ടു. അവിടെ അടിമകളെ മൃഗങ്ങളെ പോലെ വില്‍ക്കുകയും ചാപ്പകുത്തുകയും, ചാടിപ്പോയിട്ടുണ്ടെങ്കില്‍ കാലൊടിക്കുകയും, ലേലത്തില്‍ വില്‍ക്കുകയും ചെയ്യുമായിരുന്നു. ആ തരത്തിലുള്ള കൊടുംക്രൂരതകളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ജാതി സമ്പ്രദായം മോശംതന്നെയായിരുന്നു. അതിനെ ഞാന്‍ ലവലേശം ന്യായീകരിക്കുകയില്ല. പക്ഷേ, പാശ്ചാത്യമായ അടിമവ്യവസ്ഥിതിയേയും നമ്മുടെ ജാതിവ്യവസ്ഥയേയും താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ ചീത്തത്തരം കുറേക്കൂടി മാനുഷിക പരിഗണനകള്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു. ഏത് അളവ്‌കോല് വെച്ച് നോക്കിയാലും ഇംഗ്ലീഷുകാര്‍ക്ക് നമ്മെ പഠിപ്പിക്കുവാനോ സംസ്‌കാരമുള്ളവരാക്കാനോ ഉള്ള ധാര്‍മികമായ അവകാശം ഉണ്ടായിരുന്നില്ല.
ബ്രിട്ടീഷുകാര്‍ ഇവിടെ ജന്മിമാരുമായി സഖ്യം ഉണ്ടാക്കിയ ശേഷം 'കാണം പൊളിച്ചെഴുത്ത്' എന്നൊരു ഏര്‍പ്പാടുണ്ടാക്കി. ഇതനുസരിച്ച് എത്രയാണോ പാട്ടം കിട്ടിയിരുന്നത് അത് പൊളിച്ചെഴുതി പുതിയ പാട്ട സംഖ്യ നിര്‍ണയിക്കാന്‍ ജന്മിക്ക് അധികാരം ലഭിച്ചു. ഇതുപോലൊന്നായിരുന്നു മേല്‍ ചാര്‍ത്ത്. ഇതുപ്രകാരം അടിയാന്നും ജന്മിക്കുമിടയില്‍ മറ്റൊരാള്‍ക്കു കൂടി പാട്ടത്തിനുള്ള അവകാശം ലഭിച്ചു. കൃഷി ചെയ്ത് വിളയുണ്ടാക്കുന്ന കീഴാളന്റെ നടുവൊടിക്കുന്നതായിരുന്നു പുതിയ നിയമങ്ങള്‍. പല കുടിയാന്മാരും അന്ന് മുസ്‌ലിംകളായിരുന്നു. ദാരിദ്ര്യം കൊണ്ട് ഗതിമുട്ടുമ്പോള്‍ ഹാലിളക്കം എന്നൊരു പ്രതിരോധ- ആക്രമണമുറ അവര്‍ സ്വീകരിച്ചു. പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച് , വാളോ കഠാരിയോ എടുത്ത് പുറത്ത് ചാടി തങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്തവരെ നശിപ്പിക്കുക എന്നതായിരുന്നു ഹാലിളക്കത്തിന്റെ രീതി. അതിജീവനത്തിനുള്ള തങ്ങളുടെ ത്വരയെ അവര്‍ ദൈവത്തില്‍ അര്‍പ്പിക്കുകയായിരുന്നു. സര്‍വ മനുഷ്യരെയും സൃഷ്ടിച്ച ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ട് മുസ്‌ലിംകള്‍ വല്ലാത്തൊരു മാനസികാവസ്ഥയില്‍ എത്തുകയായിരുന്നു. ഇംഗ്ലീഷുകാരെ വല്ലാതെ കുഴക്കുകയും ഞെട്ടിത്തരിപ്പിക്കുകയും ചെയ്ത പ്രതിഭാസമായിത്തീര്‍ന്നു മാപ്ലാരുടെ ഹാലിളക്കം. ഇത് റിലീജ്യസ് ആയ പ്രവൃത്തിയാണോ ഭ്രാന്താണോ അപസ്മാരമാണോ എന്നൊന്നും കൊളോണിയല്‍ ഭരണാധികാരികള്‍ക്ക് മനസ്സിലായിരുന്നില്ല. ഹാലിളക്കത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോക്ടര്‍ സ്‌ട്രെയിഞ്ച് എന്നൊരു സായ്പ്പിനെ ഇംഗ്ലീഷുകാര്‍ നിയമിച്ചിരുന്നു.
അന്നു മുതല്‍ മുസ്‌ലിംകള്‍ ഒരു അപകട വസ്തുവാണെന്ന് ബ്രിട്ടീഷുകാര്‍ക്ക് തോന്നി. ഹാലിളകി വരുന്ന മുസ്‌ലിംകള്‍ കൊളോണയല്‍ അധികാരികളുടെ ഉപകരണങ്ങളായ സവര്‍ണരുമായി ഏറ്റുമുട്ടും. ഇങ്ങനെ അധികാര വ്യവസ്ഥയില്‍ വന്ന മാറ്റം കൊണ്ട് സവര്‍ണരില്‍ മുസ്‌ലിമിനെതിരായ ഒരു ക്ലിക്ക് ഇംഗ്ലീഷുകാരുടെ പ്രചോദനത്തോടെ ഇവിടെ ആരംഭിച്ചു.
നവോത്ഥാനം ചരിത്രപരമായി ഒരൊറ്റ പ്രക്രിയയാണ്. ബ്രിട്ടീഷുകാരുടെ വരവോടു കൂടി അതിന്റെ ഒരു പ്രതികരണമായാണ് നവോത്ഥാനം സംഭവിക്കുന്നത്. മുസ്‌ലിംസമൂഹത്തില്‍ മറ്റു സമൂഹങ്ങളില്‍നിന്നും വ്യത്യസ്തമായാണ് നവോത്ഥാനം പ്രവര്‍ത്തനക്ഷമമായത്. നവോത്ഥാനം അവരുടെ അകത്ത് പ്രവര്‍ത്തിച്ചതില്‍, മറ്റു സമൂഹങ്ങളില്‍നിന്നും മുസ്‌ലിംസമൂഹത്തില്‍ വല്ല വ്യത്യാസവും കാണുന്നുണ്ടോ?
നവോത്ഥാനത്തോടും അതിന്റെ ആശയങ്ങളോടുമുള്ള പ്രതികരണത്തിലുള്ള വ്യത്യാസം തന്നെയാണിത്. ശ്രീനാരായണ ഗുരുവിന്റെ സമുദായത്തെ എടുക്കുകയാണെങ്കില്‍, അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ ഫിലോസഫിയെ മുന്നോട്ടുകൊണ്ട് പോകുന്നതില്‍ അവര്‍ വലിയ പരിധി വരെ പരാജയപ്പെട്ടുവെന്ന് കാണാം. ഗുരുവിന്റെ തത്വചിന്തകളെല്ലാം ഉപേക്ഷിച്ച് സമുദായത്തെ ഒരു വിഭാഗീയശക്തിയായി ചുരുക്കുകയാണവര്‍ ചെയ്തിട്ടുള്ളത്. മതത്തിന്റെ കേന്ദ്രമൂല്യങ്ങള്‍ എല്ലാമതദര്‍ശനങ്ങളിലും ചിതറിക്കിടക്കുന്നുണ്ട്. ശ്രീനാരായണ ഗുരുവിനു ശേഷം അദ്ദേഹത്തിന്റെ സമുദായം ആധുനികമായ യുക്തികളിലേക്കും വ്യവഹാരങ്ങളിലേക്കും പ്രവേശിച്ചുവെന്നല്ലാതെ അവരെ ഗൈഡ് ചെയ്യാന്‍ ഗുരു പ്രദാനം ചെയ്ത റിലീജ്യസ് വാല്യൂസ് ബാക്കിനിന്നില്ല.
എന്നാല്‍ മതബോധത്തെ ഒരു പരിധിവരെയങ്കിലും കൂടെകൊണ്ടുപോകുന്നതില്‍ മുസ്‌ലിം സമൂഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത മതസംഘടനകള്‍ കര്‍മശാസ്ത്രപരമായ തര്‍ക്കങ്ങളും ബഹളങ്ങളുമൊക്കെയാണ് കൂടുതല്‍ നടത്തിയിട്ടുള്ളത്. അതോടൊപ്പം തന്നെ മതം പ്രധാനപ്പെട്ട വിഷയമാണെന്ന തിരിച്ചറിവ് സമുദായാംഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ അതിന് സാധിച്ചു. ആധുനികതയുടെ പഠിപ്പുകള്‍ കൊണ്ട് നിസ്‌ക്കാരത്തിനും നോമ്പ് നോല്‍പ്പിനും മറ്റും വലിയ പരിക്കുകള്‍ പറ്റാതിരിക്കാന്‍ ഇതാണ് കാരണം. എല്ലാ മതങ്ങളേയും സമുദായങ്ങള്‍ മാത്രമായി ഒതുക്കാനായിരുന്നു ആധുനികയുക്തി പരിശ്രമിച്ചത്. മതങ്ങള്‍ക്കകത്തെ ആശയപരമായ ലോകത്തോടും പ്രത്യയശാസ്ത്രത്തോടും അതിന് താല്‍പര്യമില്ല. മുസ്‌ലിംകളുടെ ജീവിതവ്യവഹാരപരമായ കാര്യത്തെയെല്ലാം അത് പരിഗണിക്കും. എന്നാല്‍ മതവിശ്വാസപരമായ വിഷയങ്ങളെ അവഗണിക്കും. ആധുനിക ജനാധിപത്യത്തിന് പ്രാക്റ്റീസിംഗ് മുസ്‌ലിമിനോട് വലിയ താല്‍പര്യമില്ലാതിരിക്കാന്‍ ഇതാണ് കാരണം.
മുസ്‌ലിംകള്‍ക്കിടയില്‍ രാഷ്ട്രീയമായി സംഘടിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള ശ്രമങ്ങള്‍ ധാരാളമായി നടന്നിട്ടുണ്ട്. ഉദാഹരണമായി മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍. മറുഭാഗത്ത് റിലീജ്യസ് ആയിട്ടുള്ള എംപവര്‍മെന്റിനുവേണ്ടിയുള്ള ശ്രമങ്ങളും. ഇത് മുസ്‌ലിംകളെ എങ്ങനെയൊക്കെയാണ് ബാധിച്ചത്? പ്രത്യേകിച്ച് രാഷ്ട്രീയമായി ഇടപെടാനും സംഘടിക്കാനും വിലപേശാനുമൊക്കെയുള്ള നീക്കങ്ങള്‍.
ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സാമുദായികമായി ഏറെ ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ കക്ഷിരാഷ്ട്രീയത്തില്‍ ഒതുങ്ങിപ്പോകുമ്പോള്‍ ആ പ്രവര്‍ത്തനം സാമുദായത്തിന്റെ വ്യാവഹാരിക കാര്യങ്ങളെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. മതബോധത്തിന്റേയും മതമൂല്യങ്ങളുടേയും കാര്യങ്ങളില്‍ അശ്രദ്ധ സംഭവിക്കുന്നു. ഇസ്‌ലാമിനെ പ്രധാന വിഷയമായി അഭിമുഖീകരിക്കാന്‍ ആധുനികജനാധിപത്യവ്യവസ്ഥിതിയിലെ രാഷ്ട്രീയകക്ഷിയായ മുസ്‌ലിംലീഗിന് സാധ്യമ.ല്ലല്ലോ. അതായത് ആധുനികത രൂപകല്‍പന ചെയ്ത ഒന്നിന്റെ അകത്ത് പ്രവര്‍ത്തിക്കുക, അത് ഭേദിക്കാനുള്ള ശ്രമങ്ങളൊന്നും നടത്താതിരിക്കുക. ഇതോടെ ഇസ്‌ലാം എന്നത് ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം പ്രാക്ടീസ് ചെയ്യേണ്ട ഒരു സാധനമായി മാറുന്നു. കക്ഷിരാഷ്ട്രീയം മുസ്‌ലിമില്‍നിന്ന് ആവശ്യപ്പെടുന്നത് അതില്‍ കവിഞ്ഞ മറ്റൊന്നുമല്ല.
എന്‍ഡ് ഓഫ് ഐഡിയോളജി എന്നത് ഈ കാലത്തിന്റെ ഒരു സൗകര്യമാണ്. നമ്മളാരോടും തര്‍ക്കിക്കേണ്ടതില്ല, എന്തിനാണ് വെറുതെ ശണ്ഠ. അങ്ങനെയുള്ള ഒരു മാനസികാവസ്ഥ! എല്ലാറ്റിനുമുപരി മാര്‍ക്കറ്റിന്റെ ഏറ്റവും വലിയ ആവശ്യമാണത്. പരന്ന മാര്‍ക്കറ്റുണ്ടാവണമെങ്കില്‍ ഐഡിയോളജിക്കലായ ചെറുത്തുനില്‍പുകളോ പ്രതിബന്ധങ്ങളോ ഒന്നും ഇല്ലാതിരിക്കണം. ആധുനികതക്കെന്ത് കുഴപ്പമുണ്ടെങ്കിലും ആശയ സംഘര്‍ഷത്തിന്റെ സുരഭില കാലമാണത്. ദൈവം ഉണ്ടോ, ഇല്ലേ എന്ന യുക്തിവാദികളും ദൈവവിശ്വാസികളും തമ്മിലുള്ള ചര്‍ച്ചകള്‍.. കമ്യൂണിസമാണോ ഗാന്ധിസമാണോ ഇസ്‌ലാമാണോ... എന്നിങ്ങനെ. പക്ഷേ ഇന്ന് ഇത്തരം കാര്യങ്ങളെ വളരെ മോശമായാണ് സമൂഹം വീക്ഷിക്കുന്നത്. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
മനുഷ്യനൊരു 'മൃഗത്വ'മേ ആവശ്യമുള്ളൂ എന്ന ചിന്തയില്‍നിന്നാണ് ഇത് വരുന്നത്. കാരണം മനുഷ്യന് തിന്നുകയും കുടിക്കുകയും ബാറില്‍ പോവുകയും ഉല്ലസിക്കുകയും മാത്രമേ ആവശ്യമുള്ളൂ, അതില്‍ കവിഞ്ഞ ചിന്തകളൊന്നും ആവശ്യമില്ല എന്ന പാഠം അതില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഉയര്‍ന്ന ആശയങ്ങള്‍ ഉണ്ടാകുമ്പോള്‍, ആശയസംഘര്‍ഷങ്ങളും ആശയ വൈവിധ്യങ്ങളുമുണ്ടാകും. ഇന്ത്യയില്‍തന്നെ അദൈ്വതമുണ്ട്. വളരെ നിരീശ്വരമായ ചിന്താധാരകളുണ്ട്. ഈശ്വരീയമായ ചിന്താസരണികളും ഉണ്ട്. ഇസ്‌ലാമിന്റെ ഏകദൈവത്വവുമുണ്ട്. ഇവിടെയുള്ള പരമ്പരാഗതമായ ബഹുദൈവത്വവുമുണ്ട്.........
ഇതിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോവുകയാണെങ്കില്‍ ഏകമായ ചില യാഥാര്‍ഥ്യങ്ങള്‍ മതപരമായി ഉണ്ടെന്ന് കാണാനാകും. അങ്ങനെയുള്ള ഏകത്വത്തെക്കുറിച്ച ബോധം നമുക്കുണ്ടാകുന്നത് നല്ലതാണ്. അതുണ്ടെങ്കില്‍ വ്യത്യസ്തകളെ ആഘോഷിക്കുന്നതില്‍ കുഴപ്പമില്ല. അല്ലെങ്കില്‍ വ്യത്യസ്തതകള്‍ സംഘട്ടനങ്ങള്‍ക്കുള്ള കാരണങ്ങളായി മാറിപ്പോകും. അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ചില തല്‍പരശക്തികള്‍ കാത്തു നില്‍ക്കുന്ന സമയത്ത് ഏകത്വത്തില്‍ ഒരൂന്നല്‍ നല്‍കുക എന്നത് വിശ്വാസികളുടെ പ്രാഥമികമായ കര്‍ത്തവ്യമാണ്. മതങ്ങളെ വര്‍ഗീയഭ്രാന്തായും മതഭ്രാന്തായും ചുരുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും അതില്‍ അറിയാതെ ചിലയാളുകള്‍ വീണുപോകുകയും ചെയ്യുന്നുണ്ട്. ആദ്യപ്രവാചകന്‍ മുതല്‍ അരുള്‍ചെയ്തത് ഇസ്‌ലാമാണെന്ന ആശയം ഇസ്‌ലാമില്‍ ഉണ്ടല്ലോ. അപ്പോള്‍ എല്ലാ മതങ്ങളുടെയും മനുഷ്യരുടെയും പിറകില്‍ ദൈവികമായ ഏകത്വം കാണാന്‍ ശ്രമിക്കുന്നത് അഭികാമ്യമാണ്. സ്വന്തം വ്യക്തിത്വം നഷ്ടപ്പെടാതെ തന്നെ ഇത് ചെയ്യാവുന്നതാണ്.
വ്യത്യസ്തരായി നില്‍ക്കുമ്പോള്‍ തന്നെ സംഘര്‍ഷങ്ങളുണ്ടാക്കാതിരിക്കാം എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. പ്രവാചകന്റെയും അനുയായികളുടെയും സാമൂഹികക്രമം ബഹുസ്വരമായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്കു കൂടി പൗരത്വവും പങ്കാളിത്തവുമുള്ള ഒരു രാഷ്ട്ര സംവിധാനം ലോകത്തിന് കാഴ്ചവെക്കാനും ഇസ്‌ലാമിനായി. മാത്രമല്ല, ഇസ്‌ലാം ആന്തരികമായ ഒരുപാട് വൈരുധ്യങ്ങളുടെ സമന്വയമാണ്. ലൈംഗികത ഉണ്ടെങ്കില്‍ പിന്നെ സദാചാരം ഉണ്ടാവുകയില്ല, സദാചാരം ഉണ്ടെങ്കില്‍ പിന്നെ ലൈംഗികത ഉണ്ടാവുകയില്ല. ഇതാണ് ഇസ്‌ലാമേതര സാംസ്‌കാരിക സ്വഭാവം. മറിച്ച് രണ്ടിനെയും സമന്വയിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്. ഇത് പുറത്തേക്കും ഉണ്ടെന്ന് തോന്നുന്നു.... നിങ്ങള്‍ ആശയസംവാദങ്ങള്‍ അവസാനിപ്പിക്കുക, നമുക്കൊന്നാകാം. അല്ലെങ്കില്‍ നിങ്ങള്‍ തല്ലുക, നമുക്ക് തല്ലിത്തീരുമാനിക്കാം. ഇത് രണ്ടുമല്ലാത്തൊരു വിധി മനുഷ്യരാശിക്കുണ്ട്. രാമനുണ്ണിയുമായി പലപ്പോഴും ഞങ്ങള്‍ വിയോജിക്കാറുള്ള സംഗതിയാണിത്.
ഇസ്‌ലാം, മുഹമ്മദ് നബി മുതലുണ്ടായ മതമല്ലല്ലോ. ആദ്യം തന്നെ ഉള്ളതാണല്ലോ. അപ്പോള്‍ പ്രാചീനമായുണ്ടായിരുന്നതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ മതങ്ങളില്‍ ഇസ്‌ലാമുമായി സാദൃശ്യപ്പെടുന്ന ഏകത്വത്തിന്റെ കണികകള്‍ ഉണ്ടാകാം. അനിസ്‌ലാമികമെന്ന് തോന്നുന്ന കാര്യങ്ങളുടെ ഉള്ളിലേക്ക് ചെന്നാല്‍ അവിടെയൊരു ഇസ്‌ലാമിനെ കണ്ടെത്താന്‍ കഴിയും. ഉദാഹരണമായി വിഗ്രഹാരാധനയെ എടുത്താല്‍ വിഗ്രഹാരാധനയുടെ ചില തത്വശാസ്ത്രങ്ങള്‍ പോലും വിഗ്രഹങ്ങളെ നിഷേധിക്കുന്നതായാണ് കാണാനാകുന്നത്. ഹൈന്ദവതയുടെ പല വിശ്വാസങ്ങളിലേക്കും ചെല്ലുമ്പോള്‍ അത് ഏകദൈവപ്രധാനമാണ് എന്ന് കാണാനാകും. പെട്ടെന്ന് കണ്ടിട്ട് വൈരുധ്യമാണ് എന്ന് വിചാരിക്കേണ്ട ആവശ്യമില്ല.
അങ്ങനെയാകുമ്പോള്‍ ഇസ്‌ലാം പറയുന്നത് സ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ ഇസ്‌ലാം മനുഷ്യാരംഭം മുതലുള്ളതാണെങ്കില്‍ ചിതറിക്കിടക്കുന്ന ഈ മതങ്ങളിലൊക്കെ നിങ്ങള്‍ക്ക് ഇസ്‌ലാമിനെ കണ്ടെത്താന്‍ പറ്റും. അത് മനസ്സിലാക്കുകയാണെങ്കില്‍ ശുദ്ധീകരണ പ്രക്രിയ എളുപ്പമാകും. പിന്നെ ഈ സന്യാസമെന്നു പറയുന്നത് ഹിന്ദുമതത്തോട് കെട്ടി ഉണ്ടായി വന്ന ഒരേര്‍പ്പാടാണ്. പണ്ടുള്ള ഋഷിമാരൊക്കെ കുടുംബവും കാമുകിമാരും കുട്ടികളുമൊക്കെയായി നടന്നവരാണ്. ലൈംഗികത മുതല്‍ എല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതവിരുദ്ധത പിന്നീടുണ്ടായതാണ്, കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്.
മതത്തിന്റെ ആദിമവിശുദ്ധിയില്‍ അതിന് സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കവും ഉണ്ടായിരുന്നുവെന്ന് നിരീക്ഷിക്കാറുണ്ട്. രാമന്‍ രാജാവാണ്, യേശുക്രിസ്തു വിമോചകനാണ്.......... രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത മതം വളരെ പില്‍ക്കാലത്ത്, ആധുനികതയോട് കൂടി മാത്രം ഉണ്ടായി വന്ന ഒന്നാണ്.
സാമൂഹിക-രാഷ്ട്രീയ പ്രാധാന്യമില്ലാത്തതാണ് മതം എന്നത്, വ്യക്തിപരമായതും രാഷ്ട്രീയമായതും വെവ്വേറെ എന്ന സങ്കല്‍പത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.
പേഴ്‌സണല്‍ എന്ന് പറയുന്നിടത്ത് തന്നെ ഒരു പൊളിറ്റിക്‌സ് ഉണ്ട്. കാരണം പേഴ്‌സണായ നിങ്ങള്‍ ഗുഹയില്‍ പോയി ഒറ്റക്ക് ജീവിക്കുന്ന ആളൊന്നുമല്ലല്ലോ. 'ഞാന്‍' എന്നു പറയുന്നത് ഒരു വ്യക്തിയാണെന്ന് തെറ്റിദ്ധരിക്കുമ്പോഴാണ് ഈ പ്രശ്‌നമുദിക്കുന്നത്. ഞാന്‍ എന്ന് പറയുന്നത് ഒരു വ്യക്തിയല്ല. എന്റെയുള്ളില്‍ ഒരു സമൂഹമുണ്ട്. അപ്പോള്‍ ഞാന്‍ എന്നോട് പ്രതിബദ്ധനായി കഴിഞ്ഞാല്‍, ഞാന്‍ എന്റെ അനുഭവങ്ങളോട് പ്രതിബദ്ധനായി കഴിഞ്ഞാല്‍ -എന്റെ അനുഭവങ്ങള്‍ എന്നു പറഞ്ഞാല്‍ എന്റെ ചുറ്റുമുള്ളവര്‍ എന്നില്‍ പകരുന്ന അനുഭവങ്ങളാണ്- പൊളിറ്റിക്കലി കറക്ട് റൈറ്റിംഗ് ആയിരിക്കും. അതില്‍ യാതൊരു സംശയവുമില്ല.
മുതലാളിത്തത്തിന്റെ ഒന്നാം ഘട്ടത്തില്‍ അതിനെതിരെ പ്രതികരിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ടായിരുന്നു. ഇവയൊക്കെ ഒരര്‍ഥത്തില്‍ പരാജയപ്പെട്ടുപോയിട്ടുണ്ട്. മുതലാളിത്തത്തെ പ്രതിരോധിക്കുക എന്നത് ഒരു വലിയ സാമൂഹിക - രാഷ്ട്രീയ - സാംസ്‌കാരിക ദൗത്യമാണ്. ഇതില്‍ മതത്തിന് എന്ത് പങ്ക് വഹിക്കാന്‍ കഴിയും?
മുതലാളിത്തം എന്നാല്‍ അനുഭവങ്ങളെ പദാര്‍ഥവാദപരമാക്കി മാറ്റലാണ്. പദാര്‍ഥ വാദം, പ്രയോജനാത്മക വാദം എന്നിവയാണ് മുതലാളിത്തത്തെ പിടിച്ചുനിര്‍ത്തുന്നത്. ഇവക്ക് എതിരായ പ്രവര്‍ത്തനത്തിന് ആശയപരമായി ഊര്‍ജമുള്ളത് മതങ്ങളിലാണ്. മതം പദാര്‍ഥവാദപരമല്ല, ആത്മീയവാദപരമാണ്. പ്രത്യക്ഷമായ പ്രയോജനം മാത്രമല്ല, അതിലും വലിയ പ്രയോജനങ്ങളും അതിലുണ്ട്. പദാര്‍ത്ഥവാദത്തിന്റെ ഐഡിയോളജിയോട് മതം കലഹിച്ച് നില്‍ക്കണം. അതിന് വേണ്ടത് മതത്തിന്റെ ആത്മീയാംശത്തിന് പ്രാധാന്യം കൊടുക്കുക എന്നതാണ്. എന്നാല്‍, വ്യാവഹാരിക രാഷ്ട്രീയത്തിനാണ് പലപ്പോഴും മതത്തിന്റെ ആളുകള്‍ പ്രാധാന്യം കൊടുത്തുകാണുന്നത്. പ്രത്യക്ഷത്തില്‍ അത് ശരിയെന്ന് തോന്നും. പക്ഷേ ആശയരൂപീകരണത്തില്‍ ആത്മീയാംശത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്്. അതാണ് മനോഭാവപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. നമ്മിലാണെങ്കിലും നമ്മുടെ പുതുതലമുറയിലാണെങ്കിലും മനോഭാവപരമായ മാറ്റം ജീവിതത്തോട് ഉണ്ടാകുമ്പോഴേ അതിന് മുതലാളിത്തത്തെ ചെറുക്കാന്‍ സാധിക്കു.
ഹിന്ദു ദര്‍ശന പ്രകാരം ദൈവത്തെ റിയലൈസ് ചെയ്ത ഒരാള്‍ക്ക്, സന്തോഷവാനായിരിക്കാന്‍ ബാഹ്യമായ ചോദനകളുടെയോ പ്രേരണകളുടെയോ ആവശ്യമില്ല. ആധുനികനായ ഒരു മതനിഷേധിക്ക് സന്തോഷിക്കാന്‍ ഒന്നുകില്‍ ടി.വി കാണണം, അല്ലെങ്കില്‍ കള്ള് കുടിക്കണം, അതുമല്ലെങ്കില്‍ സ്ത്രീകളുടെ അടുത്തുപോകണം! ഇങ്ങനെയുള്ള ബാഹ്യമായ ചോദനകളോടുകൂടി മാത്രമേ അവന് സന്തോഷമുണ്ടാവുകയുള്ളൂ.
സ്വന്തം നിലനില്‍പുകൊണ്ട് തന്നെ ബാഹ്യമായ ഇടപെടലുകളൊന്നും കൂടാതെ സന്തോഷമനുഭവിക്കുക എന്നത് മനുഷ്യന്റെ ആത്മീയാനുഭവമാണ്. ഈ കാഴ്ചപ്പാട് ഒരു തലമുറയില്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചാല്‍ മുതലാളിത്തം രണ്ടു ദിവസംകൊണ്ട് നാടുവിടും. ഇന്ന് 'സന്തോഷം' എന്നത് ഉല്‍പാദിപ്പിക്കേണ്ട ഒരു ഉപഭോഗവസ്തുവാണ്. വാങ്ങേണ്ടുന്നതും വില്‍ക്കേണ്ടുന്നതുമായ കേവലം ചരക്കാണ്. അതിനെതിരായുള്ള ഡിക്ലറേഷനാണ് ആത്മീയതയിലുള്ളത്.
എല്ലാ മതങ്ങളിലും സ്പിരിച്വല്‍ എലിമെന്റുണ്ട്. ഒരു കര്‍മത്തില്‍നിന്ന് അതിന്റെ കൂലിയേക്കാളും വലുതായി കിട്ടേണ്ടത് കര്‍മത്തില്‍നിന്നുള്ള ആനന്ദമാണ്. മുതലാളിത്തം ആദ്യം തകര്‍ത്തത് മനുഷ്യന്റെ കര്‍മത്തില്‍ നിന്നുള്ള ആനന്ദത്തെയാണ്. തൊഴില്‍ വിഭജനം വന്നതോടെ അന്യവത്കരണം പൂര്‍ണമായി. അതായത് ഉല്‍പാദനം കൂട്ടാന്‍ വേണ്ടി ഉണ്ടാക്കിയ ഡിവിഷന്‍ ഓഫ് ലേബറിന്റെ കൂടെ കര്‍മത്തില്‍നിന്നുള്ള ആനന്ദവും നഷ്ടപ്പെട്ടു.
ആധുനികതയില്‍ വളരെ വ്യത്യസ്തമായ ഒരു ശൈലിയാണ് മാര്‍ക്‌സിസം. മുതലാളിത്ത യുക്തിക്ക് പുറത്താണ് യഥാര്‍ഥത്തില്‍ മാര്‍ക്‌സിസം. മുതലാളിത്തം എന്ന പദം പോലും മാര്‍ക്‌സിസത്തിന്റെ സംഭാവനയാണ്. മുതലാളിത്തത്തെ ഭേദിക്കാന്‍ ശ്രമിച്ചത് എന്ന അര്‍ഥത്തില്‍ ഇതിനൊരു ആത്മീയതയുണ്ട്. പക്ഷേ അതിന്റെ ബോഡി ആകെക്കൂടി പദാര്‍ഥവാദപരമാണ്. സ്പിരിച്വലായ ചില ആഗ്രഹങ്ങളും ആത്മാവുമുണ്ടെങ്കിലും ബോഡി പദാര്‍ഥവാദപരമായതിന്റെ പ്രതിസന്ധിയല്ലേ മാര്‍ക്‌സിസം അനുഭവിക്കുന്നത്?
മാര്‍ക്‌സിസത്തിന്റെ ബോഡി പദാര്‍ഥവാദപരമായത് മാര്‍ക്‌സ് ജീവിച്ചകാലത്തെ എന്‍ലൈറ്റ്‌മെന്റ് ഫിലോസഫിയുടെ സ്വാധീനം കൊണ്ടാണ്. എന്‍ലൈറ്റ്‌മെന്റ് വിജ്ഞാനശാഖകളോട് മാത്രമേ മാര്‍ക്‌സിന് പ്രതിപത്തിയും അടുപ്പവുമുണ്ടായിരുന്നുള്ളൂ.
മതങ്ങളുടെ രീതിയിലേക്ക് കടന്നിരുന്നുവെങ്കില്‍ മറ്റൊരു സാധ്യത സംജാതമാകുമായിരുന്നു. മാര്‍ക്‌സിസത്തെ സ്പിരിച്വാലിറ്റിയുമായി ചേര്‍ത്ത് വികസിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായില്ല.
കൂട്ടുകുടുംബ സംവിധാനാണ് പണ്ടുണ്ടായിരുന്നത്. പിന്നെയത് ന്യൂക്ലിയര്‍ ഫാമിലിയിലേക്ക് മാറി. നിലവിലുള്ള അണുകുടുംബം മുതലാളിത്തത്തിന്റെ ആവശ്യമായിരുന്നു. ഏകവ്യക്തി എന്നതും മുതലാളിത്തത്തിന്റെ ഒരാവശ്യമാണ്. 'ഒറ്റ വ്യക്തിയായ ഉപഭോക്താവ്!' കുടുംബം അതിശക്തമായി ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ അതിന്റെ പ്രതിഫലനം നമ്മുടെ സമൂഹത്തില്‍ കണ്ടിട്ടില്ലെങ്കിലും, അടുത്ത തലമുറയിലിത് സാമൂഹിക യാഥാര്‍ഥ്യമായി മാറും. കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ ഭാവിയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഇവിടെ പ്രയോജനവാദം അതിശക്തമാണ്. ഇന്ന് 'പ്രയോജനം' ആണ് കുടുംബത്തെ സൃഷ്ടിക്കുന്നത്, കുടുംബബന്ധങ്ങളെ ഉണ്ടാക്കുന്നത്. ഇപ്പോഴത്തെ പ്രണയവിവാഹങ്ങളൊക്കെ നോക്കുകയാണെങ്കില്‍ പ്രണയമല്ല ആദ്യമുണ്ടാകുന്നത്. യൂട്ടിലിറ്റിയെപ്പറ്റി ചിന്തിച്ച ശേഷം പ്രണയത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള സ്‌നേഹവും കാരുണ്യവും പരസ്പര സഹവര്‍ത്തിത്വവുമാണല്ലോ കുടുംബത്തെ നിലനിര്‍ത്തേണ്ടത്്. ഇന്ന് പക്ഷെ മുതലാളിത്തത്തിന്റെ ഒരു ഡിമാന്റ് കേന്ദ്രവും സപ്ലൈ കേന്ദ്രവുമാണ് കുടുംബം. അഥവാ മുതലാളിത്തത്തെ നിലനിര്‍ത്താനുള്ള യൂനിറ്റാണ് കുടുംബം.
ഇപ്പോള്‍ മുതലാളിത്തം, കുടുംബങ്ങളെയും ദാമ്പത്യത്തെയും സ്ത്രീപുരുഷ ബന്ധങ്ങളെയുമൊക്കെ ആഘോഷിക്കുകയാണ്. നമ്മുടെ ടൗണുകളില്‍ പരസ്പരം കൈപിടിച്ചു നടക്കുന്ന ആണും പെണ്ണും പതിവു കാഴ്ചയാണ്. പണ്ട് ഇതൊന്നും ഒരു പതിവായിരുന്നില്ല. ശരീരത്തിന്റെ സാധ്യതകള്‍ കിടപ്പറക്കുള്ളില്‍ മാത്രമായിരുന്നു പണ്ട്. ഇന്നങ്ങനെയല്ല. കിടപ്പറക്കും പുറത്തും ഇന്ന് ഒരുപാട് സാധ്യതകളുണ്ട്. അതില്‍ നമ്മുടെ സിനിമകള്‍ക്കും സീരിയലുകള്‍ക്കും മുഖ്യപങ്കുണ്ട്. മൊത്തത്തില്‍ മുതലാളിത്തം ഉണ്ടാക്കിയ ഉദാരത കാരണമല്ലേ ഇത് സംഭവിക്കുന്നത്?
എന്റെ അഭിപ്രായത്തില്‍ വിക്‌ടോറിയന്‍ സദാചാരമാണ് ഇതിനു വിപരീതമായ ഒരവസ്ഥ സൃഷ്ടിച്ചത്. പണ്ടൊക്കെ നമ്മുടെ അമ്പലങ്ങളുടെ മുകളില്‍ പോലും സംഭോഗ രംഗങ്ങള്‍ കൊത്തിവെക്കുമായിരുന്നു. അശ്ലീലമായല്ല അവര്‍ അതിനെ കണ്ടത്. അപ്പോള്‍ അത് മുതലാളിത്തത്തിന്റെ മാത്രം സംഭാവനയാണെന്ന് പറയാനാകുമോ? ഇപ്പോള്‍ നമ്മള്‍ ഇതേ കാണുന്നുള്ളൂവെങ്കിലും, ഇതൊക്കെ ട്രഡീഷനില്‍ ഉള്ളതാണ്. അത് മുതലാളിത്തം കൊണ്ടുവന്നതല്ല. ഇതിനെയൊക്കെ പാപമായും ക്രൈമായും മാറ്റിയത് വിക്‌ടോറിയന്‍ സദാചാരവും അതിന്റെ യുക്തിയുമാണ്.
ഫെമിനിസം ഇന്ന് സ്ത്രീ പുരുഷ ശത്രുതയോളമെത്തുന്ന ഒന്നാണ്. ഇതൊരു വലിയ ആക്രമണമാണ്. അവിടെയാണ് കുടുംബത്തേക്കാള്‍ വലുത് ഞാന്‍ എന്ന ബോധത്തിന്റെ അടിസ്ഥാനം. അപ്പോള്‍ ഇങ്ങനെയുള്ള ഒരു സ്ത്രീവാദം, അല്ലെങ്കില്‍ പുരുഷവാദം ഇതിനെ അഭിമുഖീകരിക്കാതെ നമ്മളെങ്ങനെ കുടുംബത്തെ നിലനിര്‍ത്തും?
ആ വാദം നല്ല ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെല്ലാം ഇന്ന് കൈയൊഴിഞ്ഞ് കഴിഞ്ഞു. ഇവിടെ കുറച്ചാളുകള്‍ വിവരമില്ലാതെ അത് കൊണ്ടുനടക്കുന്നുവെന്നു മാത്രം. മറ്റൊരു വര്‍ഗത്തിലുള്ള സ്ത്രീയെ ഒറ്റപ്പെടുത്തി, ഇരയാക്കി മാറ്റുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ അജണ്ടയായാണ് ഇവര്‍ പ്രണയത്തെപ്പോലും കാണുന്നത്. സ്ത്രീ മറ്റൊരു വര്‍ഗമാണെന്നും സ്ത്രീയും പുരുഷനും തമ്മില്‍ യാതൊരു നിലക്കുമുള്ള കോംപ്രമൈസും പാടില്ല എന്നുമാണ് ഇവര്‍ വിലയിരുത്തുന്നത്. ഇത് പ്രതിലോമകരവും ഒട്ടും പ്രകൃതിപരമല്ലാത്തതുമായ നിലപാടാണ്. മനുഷ്യന്റെ സഹസ്രാബ്ദങ്ങളായുള്ള അനുഭവ യാഥാര്‍ഥ്യത്തെ കേവലം ഒരു വാദത്തിന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളയുന്നത് മണ്ടത്തരമാണ്.
ഇന്നത്തെ നാഗരികതയും യന്ത്ര സംസ്‌കൃതിയും സ്ത്രീ പുരുഷ സ്‌നേഹത്തെ ഹനിക്കുകയും സ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയെയും പൊറുപ്പിക്കാന്‍ പറ്റാത്തതാക്കുന്നുണ്ട്. ഇതിനോടുള്ള 'റിവോള്‍ട്ടാ'യുണ്ടാകുന്ന സ്വവര്‍ഗരതിയുണ്ട്. അത് ശരിക്കുള്ള സ്ത്രീയെയും ശരിക്കുള്ള പുരുഷനെയും കിട്ടാത്തതുകൊണ്ടാണ്. അതിനെ പ്രമോട്ട് ചെയ്യുന്നതിന് ഞാനെതിരാണ്. ഇന്നത്തെ പ്രത്യേക നാഗരികാവസ്ഥയില്‍ സ്വവര്‍ഗരതി ഒരു ഫാഷനായി സെലിബ്രേറ്റ് ചെയ്യുമ്പോള്‍, എല്ലാവരും അതിലേക്ക് പോകുന്ന സ്ഥിതിവിശേഷമുണ്ടാകും. അതൊട്ടും ശരിയല്ല. എന്നാല്‍ പ്രകൃതിപരമായി ഉണ്ടാകുന്ന സവിശേഷാവസ്ഥകളെ എല്ലാ വേദഗ്രന്ഥങ്ങളും അംഗീകരിക്കുന്നതാണ് എന്നാണെന്റെ വിചാരം. പക്ഷേ, മതം എന്ന സ്ഥാപനത്തിന്റെ ഉള്ളില്‍ നിന്ന് നോക്കുമ്പോള്‍ അതെല്ലാം പ്രശ്‌നമാണ് എന്ന് മാത്രം.
കല ഒരു മനുഷ്യനില്‍ അല്ലെങ്കില്‍ ഒരു സൊസൈറ്റിയില്‍ എന്ത് ധര്‍മമാണ് നിര്‍വഹിക്കുന്നത്?
വ്യക്തിപരമായ കാര്യങ്ങളൊന്നും സാമൂഹികമോ രാഷ്ട്രീയമോ അല്ല എന്ന കാഴ്ചപ്പാടില്‍നിന്നാണ്, കല വ്യക്തിപരമാണോ സാമൂഹികമാണോ എന്ന ചോദ്യം വരുന്നത്. ഒന്നാമതായി വ്യക്തിപരമായ കാര്യംതന്നെ രാഷ്ട്രീയവും സാമൂഹികവുമാണ്്. മതം വ്യക്തിപരമായിരിക്കുമ്പോള്‍ തന്നെ സാമൂഹികവും രാഷ്ട്രീയവുമാകുന്ന പോലെത്തന്നെയാണ് കലയും. കല നമ്മെ വ്യക്തിപരമായി ആനന്ദിപ്പിക്കുന്നു, സന്തോഷിപ്പിക്കുന്നു, ഉയര്‍ത്തുന്നു. കല രണ്ട് തരത്തിലാണ് മനുഷ്യനെ സ്വാധീനിക്കുകയും നവീകരിക്കുകയും ചെയ്യുന്നത്.
ഒന്ന് സൈക്കോ തെറാപ്പി മെത്തേഡാണ്. ഇത് ഉള്ളിലുള്ള ചപ്പുചവറുകളെയൊക്കെ എടുത്ത് പുറത്തിടലാണ്. ഉള്ളില്‍നിന്ന് ചീത്തത്തരമൊക്കെ എടുത്ത് പുറത്തേക്ക് കളയുന്ന രീതി കലകളിലുണ്ട്. കലകള്‍ മനുഷ്യന്റെ മൃഗീയതകളും തിന്മകളുമൊക്കെ ആവിഷ്‌കരിക്കുന്നു. അരിസ്റ്റോട്ടില്‍ പറഞ്ഞത് 'ഈ പുറത്തേക്കിടല്‍ അതില്‍നിന്നുള്ള മോചനം കൂടിയാണെ'ന്നാണ്. ഈ ശുദ്ധീകരണ പ്രക്രിയ വ്യക്തിതലത്തില്‍ നടക്കുന്നതോടെ അതൊരു സാമൂഹിക പ്രവൃത്തിയായി മാറുകയാണ്.
മറ്റൊരു രീതി ബിഹേവിയര്‍ തെറാപ്പിയാണ്. ബിഹേവിയറിസ്റ്റുകളുടെ അഭിപ്രായപ്രകാരം 'ഉള്ളിലുള്ള പഴയതും മോശവുമായതൊന്നും പുറത്തേക്കിടേണ്ട ആശ്യമില്ല. ചപ്പും ചണ്ടിയുമൊക്കെയുണ്ടെങ്കില്‍ അതിന്റെ മുകളില്‍ സ്ലാബിട്ടാല്‍ മതി. അതോടെ ഇതൊക്കെ അടിയിലേക്ക് പൊയ്‌ക്കോളും'. ഈ രീതിയിലുള്ള ബിഹേവിയര്‍ തെറാപ്പിയുടെ മെത്തേഡ് സാഹിത്യത്തിലുണ്ട്. എഴുത്തഛനിലും സി.വി രാമന്‍ പിള്ളയിലും ഉറൂബിലുമൊക്കെ ഇത് കാണാം. എഴുത്തഛന്‍ പതിനാറാം നൂറ്റാണ്ടിന്റെ ഏറ്റവും നിര്‍ണായകമായ സാമൂഹികാവസ്ഥയില്‍ നല്ല ഒരു മാതൃകയെ സാഹിത്യത്തില്‍ ആവിഷ്‌കരിച്ച് സമൂഹത്തെ അതിലേക്ക് മാറ്റുകയാണ് ചെയ്തത്. ഉറൂബ് സുന്ദരികളും സുന്ദരന്മാരുമായി മനുഷ്യനെ കാണിച്ച്, ആളുകളെ അതിലേക്കുയര്‍ത്തുകയായിരുന്നു. ദൈവാരാധനയുടെ ഒരു മെത്തേഡ് കൂടി സാഹിത്യത്തിനുണ്ട്. ശക്തനും കാരുണ്യവാനും നീതിമാനുമായ ദൈവത്തെ ആരാധിക്കുമ്പോള്‍ ദൈവത്തിന്റെ പ്രസ്തുത ഗുണങ്ങളെ സ്വാംശീകരിക്കുകയാണ് ചെയ്യുന്നത്. അഥവാ അവനവനെ ഉയര്‍ത്തുകയാണ്. ഈ വ്യക്തിപരമായ ഉയര്‍ത്തല്‍ അഥവാ മാറ്റം ഒരു സാമൂഹിക പ്രക്രിയ കൂടിയാണ് എന്നതാണ് യാഥാര്‍ഥ്യം. വ്യക്തിപരമായ ഈ സ്പിരിച്വല്‍ എലമെന്റ് രാഷ്ട്രീയമായി കണ്ടെത്താത്തതാണ് സോവിയറ്റ് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചക്ക് കാരണം. വ്യക്തിപരമായി ആരെയും മാറ്റാന്‍ കഴിയില്ല, സമൂഹം മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ വ്യക്തിയും മാറിക്കൊള്ളും എന്നതാണ് അവരുടെ വാദം. അങ്ങനെയൊരു മാറ്റം സാധ്യമല്ല. അവനവന്റെ ഉള്ളില്‍നിന്നുള്ള അഥവാ മൈക്രോ പൊളിറ്റിക്‌സില്‍ ഉള്ള മാറ്റം കൊണ്ടാണ് സാമൂഹിക മാറ്റത്തിന് നേതൃത്വം കൊടുക്കാനുള്ള ആളുകളുണ്ടാകുന്നത്.
മനുഷ്യനെ മനുഷ്യന്‍ തന്നെ ആവിഷ്‌കരിക്കുക എന്നതില്‍ ഒരു ഉയര്‍ന്ന സാധ്യതയുണ്ട്. തൊഴിലെടുക്കുമ്പോഴും കുടുംബജീവിതം നയിക്കുമ്പോഴും എല്ലാവരും തങ്ങളുടെ മനുഷ്യനെന്ന സാധ്യതയെയാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. ഭൗതികതയെ നിരാകരിക്കാത്ത ആത്മീയതയാണ് ഏറ്റവും ഉയര്‍ന്ന ആത്മാവിഷ്‌കാരം. എഴുത്ത് ഭാഷയിലുള്ള മനുഷ്യന്റെ ആവിഷ്‌കാരമാണ്. മനുഷ്യന്റെ ഏറ്റവും വലിയ ആവിഷ്‌കാര സാധ്യത എഴുത്താണ് എന്ന് പറയുന്നത് സ്ഥാന ക്രമത്തില്‍ തെറ്റായ രീതിയല്ലേ?
ആധുനിക ശാസ്ത്ര വിജ്ഞാനീയങ്ങള്‍ പറയുന്നത് മനുഷ്യനില്‍ 90 ശതമാനവും മൃഗമാണ് എന്നാണ്. സോഷ്യല്‍ ഡാര്‍വിനിസമൊക്കെ ആഘോഷിക്കുന്നവര്‍ ഇതാണ് പറയുന്നത്. അതുകൊണ്ട് ഇവിടെ ഒരു വെല്‍ഫെയര്‍ സൊസൈറ്റിയൊന്നും ഉണ്ടാക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ല എന്നാണ് ഇവരുടെ അഭിപ്രായം.
തിന്മയും അക്രമാസക്തതയുമാണ് മനുഷ്യനില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത്, അതുകൊണ്ട് ധാര്‍മികവ്യവസ്ഥയൊന്നും ഉണ്ടാക്കുക സാധ്യമല്ല എന്നാണ് ഇക്കൂട്ടരുടെ വാദം.
ജനിറ്റിക്കലായിട്ടുള്ള എടുത്തുചാട്ടങ്ങളാണ് മനഷ്യനില്‍ ദേവതുല്യമായ ഗുണങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. അതിന് ആത്മീയതയും കലയുമൊക്കെ വളരെ സഹായിച്ചിട്ടുണ്ട്. ജീവിതത്തിലെ കൈയെത്തിപ്പിടിക്കാവുന്ന സുഖാഡംബരങ്ങളെ തിരസ്‌കരിക്കാന്‍ ശക്തിമത്തായ ഒരു യാഥാര്‍ഥ്യം മുകളിലുണ്ടെന്ന ബോധ്യമുണ്ടെങ്കിലേ സാധിക്കുകയുള്ളൂ. 'ഒന്നുമില്ലാതെ, യാതൊരു സങ്കല്‍പനങ്ങളുമില്ലാതെ, ഒരു വാഗ്ദാനങ്ങളുമില്ലാതെ, ഒരു സമ്മാന പദ്ധതികളുമില്ലാതെ സംഭവിക്കുന്ന കേവലം നന്മയെപ്പറ്റി കേള്‍ക്കാനും പറയാനും ആവേശഭരിതനാകാനും' എളുപ്പമാണ്. സാമാന്യമായി ഇത് സാധ്യമല്ല. കാരണം പ്രത്യയശാസ്ത്രപരമായി അത് യുക്തിസഹമല്ല. എനിക്ക് ഒരു ഉയര്‍ന്ന പൊരുളിനെപ്പറ്റി സങ്കല്‍പമില്ലെങ്കില്‍, ഞാനെന്തിനാണ് നല്ലവനാകുന്നത്. പിടിക്കപ്പെടില്ലെങ്കില്‍ എനിക്ക് മോഷ്ടിക്കാം, എനിക്ക് സുഖിക്കാം, എനിക്ക് എന്തും ചെയ്യാം. ഒരുപക്ഷേ ജീവിത സ്‌നേഹമുള്ള യഥാര്‍ഥ മനുഷ്യന് പ്രലോഭനങ്ങളെ അതിജീവിക്കണമെങ്കില്‍ സങ്കല്‍പനങ്ങള്‍ അത്യാവശ്യമാണ്.
മലയാള സാഹിത്യചരിത്രത്തില്‍ ആദ്യമായി ജമാഅത്തെ ഇസ്‌ലാമിയെ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുന്നത് രാമനുണ്ണിയാണ് ('ജീവിതത്തിന്റെ പുസ്തക'ത്തില്‍). അതിനുള്ള പശ്ചാത്തലം?
അനുഭവപരമായ സത്യസന്ധതയില്‍ ഊന്നി എഴുതിയാല്‍ മാത്രമേ എഴുത്ത് നന്നാവൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എനിക്ക് പൊളിറ്റിക്‌സ് ഉണ്ടെങ്കിലും എഴുതുന്ന സമയത്ത് ഞാന്‍ അനുഭവങ്ങളോടാണ് സത്യസന്ധനാകുന്നത്. അത് രാഷ്ട്രീയപരമായി ശരിയാണെങ്കിലും തെറ്റാണെങ്കിലും- എന്റെ അഭിപ്രായത്തില്‍ അനുഭവങ്ങളോട് സത്യസന്ധത പുലര്‍ത്തി എഴുതുന്നത് അല്‍പനേരത്തേക്ക് രാഷ്ട്രീയമായി തെറ്റാണെന്ന് തോന്നുമെങ്കിലും ആത്യന്തികമായി രാഷ്ട്രീയമായത് ശരിയായി ഭവിക്കും. രാഷ്ട്രീയമായി ശരിയാകണമെന്ന് വാശിപിടിച്ച് എഴുതിയാല്‍ ആ എഴുത്ത് ജഢമാകുകയാണ്് പതിവ്.
ജമാഅത്തെ ഇസ്‌ലാമിയിലുള്ളവര്‍ ആത്മീയമായി നല്ല കരുത്തും കാമ്പുമുള്ളവരായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്. ശരിയായ വിശ്വാസം ഉള്ള ആളുകള്‍, അവര്‍ക്ക് മതപരമായ പൊളിറ്റിക്‌സില്‍ എന്തൊക്കെ ആശയങ്ങളുണ്ടെങ്കിലും അവര്‍ അപകടങ്ങളിലേക്ക് പോകില്ല. എന്റെ നോവലിലെ കഥാപാത്രം സംഘട്ടനങ്ങളില്‍ ഭാഗഭാക്കാവുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. അതില്‍നിന്ന് വിട്ടുമാറി പോവുകയാണ് ചെയ്യുന്നത്. അയാള്‍ വിശ്വസിക്കുന്ന പൊളിറ്റിക്കല്‍ ഐഡിയോളജി പ്രകാരം അയാളാ സംഘട്ടനത്തില്‍ ഭാഗഭാക്കാവുകയാണ് ചെയ്യേണ്ടത്. കാരണം, ഇതൊന്നും നന്നല്ല, ഇതില്‍നിന്ന് മുസ്‌ലിംകളെ മാറ്റിനിര്‍ത്തണമെന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വിധിനിയോഗം അയാളെ രക്ഷിക്കുകയാണ്. ഈയടുത്ത് മാധ്യമത്തില്‍ 'ദൈവത്തെയോര്‍ത്ത്' എന്ന ലേഖനമെഴുതിയിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്ക് ഒരുപാട് ആളുകള്‍ എതിരുണ്ട് എന്നത് ആ ലേഖനമെഴുതിയപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്. ധാരാളം മുസ്‌ലിംകളായ ആളുകള്‍ എന്നെ വിളിക്കുകയുണ്ടായി. നിങ്ങളുടെ ലേഖനമൊക്കെ വളരെ നന്നായിട്ടുണ്ട്. പക്ഷേ, ജമാഅത്തെ ഇസ്‌ലാമിയെ ഇങ്ങനെ പരിഗണനയോടെ അവതരിപ്പിക്കുന്നത് ഒട്ടും ശരിയല്ല എന്നാണവര്‍ പറഞ്ഞത്. അതുപോലെ എഴുത്തുകാരന്‍ സി.ടി അബ്ദുറഹീമും കാരപ്പഞ്ചേരിയും ഈ വിഷയവുമായി ബന്ധപ്പെട്ട് എന്നോട് ഒരുപാട് സംസാരിച്ചിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെയും സോളിഡാരിറ്റിയുടെയും എസ്.ഐ.ഒവിന്റെയും പല പരിപാടികളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. വളരെ സഹിഷ്ണുതയോടെയുള്ള, മതവിദ്വേഷത്തിന്റെ ഒരു കണിക പോലുമില്ലാത്ത പെരുമാറ്റമാണ് എനിക്ക് ഇവരില്‍നിന്നൊക്കെ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പലരും ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിനെ ന്യൂനീകരിക്കുന്നുവെന്നൊക്കെ പറയാറുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയെ ബഹിഷ്‌കരിക്കുക എന്ന കാമ്പയിന്‍ കേരളത്തില്‍ താഴെതലം മുതല്‍ മേലേ തലം വരെ സജീവമായി നടക്കുന്നുണ്ട്. ഇതു വളരെ ശക്തമാണ്. ജമാഅത്തുമായി സഹകരിക്കുന്നവര്‍ ഇതിനെ അതിജീവിച്ചുകൊണ്ടാണ് ഈ ബന്ധം പുലര്‍ത്തുന്നത് എന്നത് യാഥാര്‍ഥ്യമാണ്. ഈ കാമ്പയിനെ എങ്ങനെ കാണുന്നു?
അകറ്റിനിര്‍ത്തല്‍, ശത്രുവാക്കി മാറ്റിനിര്‍ത്തല്‍ ഇതൊക്കെ വളരെ പ്രശ്‌നമുള്ള കാര്യങ്ങളാണ്. ആ രീതി ശരിയല്ല. ജനാധിപത്യത്തിന്റെ കണ്ണിലും മതങ്ങളുടെ പാരമ്പര്യങ്ങളുടെ രീതിയിലും അത് ചേരുന്നതല്ല. മതത്തില്‍നിന്ന് പുറത്തുപോയവരും ജനാധിപത്യത്തില്‍നിന്ന് അകന്നവരുമാണ് ഇത്തരത്തില്‍ മറ്റുള്ളവരെ ബഹിഷ്‌കരിക്കുക, ശത്രുവായി പ്രഖ്യാപിച്ച് മാറ്റിനിര്‍ത്തുക.
പിന്നെ ഒരു സംഘടന, ഒരു പ്രസ്ഥാനം മതത്തിന്റെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നതെങ്കിലും പ്രായോഗികമായി വരുമ്പോള്‍ അതിന് ഭൗതിക സംഘടനകളുടെ പരിമിതികളുണ്ട്. കാരണം മനുഷ്യരാണ് അതിനെ നയിക്കുന്നത്. ഉള്‍വിളിയില്‍ വരുന്ന ജ്ഞാനത്തേക്കാള്‍ മാനുഷികമായ യുക്തിയാണല്ലോ അതിനെ നയിക്കുന്നത്. അപ്പോള്‍ ഏതൊരു സംഘടനക്കും അതിന്റെ വഴികള്‍ ഇടക്ക് പിഴക്കാം. അങ്ങനെയുള്ള പിഴവുകള്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഉണ്ടായിട്ടുണ്ടല്ലോ. പണ്ട്, സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നത് അത്ര ശരിയല്ല എന്ന നിലപാടുണ്ടായിരുന്ന ജമാഅത്തെ ഇസ്‌ലാമി ഇന്ന് അത് സ്വയം തിരുത്തിയിട്ടുണ്ട്. അല്ലെങ്കില്‍ ശരിയായ വഴികളിലേക്കെത്തിയിട്ടുണ്ട്. ഒരു പ്രസ്ഥാനത്തെ അകറ്റിനിര്‍ത്തുന്നതിലൊന്നും യാതൊരു കാര്യവുമില്ല. അവര്‍ക്ക് തെറ്റുണ്ടെങ്കില്‍ അവര്‍ക്ക് തിരുത്താവുന്നതേയുള്ളൂ. ഏറ്റവും വലിയ തിരുത്തല്‍ ശക്തിയാണല്ലോ ഇസ്‌ലാം. വിശുദ്ധ ഖുര്‍ആനെയും മുഹമ്മദ് നബിയെയും എതിര്‍ക്കാന്‍ ആരും അര്‍ഹരല്ലെങ്കിലും പ്രസ്ഥാനസ്ഥാപകനായ മൗദൂദിക്ക് തെറ്റ് പറ്റിയെന്ന് തോന്നിയാല്‍ അനുചരന്മാര്‍ക്ക് അദ്ദേഹത്തെ തിരുത്താവുന്നതേയുള്ളു.
പ്രബോധനം 60 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അറബിമലയാളമായിരുന്നു ഒരുകാലത്ത് മുസ്‌ലിംകളുടെ വ്യവഹാര ഭാഷ. അതില്‍നിന്ന് വ്യവഹാരങ്ങളെ മലയാളത്തിലേക്ക് കൊണ്ടുവരികയും മുഖ്യധാരാ മലയാളത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുകയും മലയാളത്തിന് ഇസ്‌ലാമിനെ നല്‍കുകയും ചെയ്തത് പ്രബോധനമാണ്. പ്രബോധനത്തെ കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലക്ക് എന്താണ് പ്രബോധനത്തെക്കുറിച്ച് പറയാനുള്ളത്?
പ്രബോധനത്തിന്റെ ഉള്ളടക്കത്തില്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രബോധനത്തിന് പൊതുവെ ഒരു ജനാധിപത്യ സ്വഭാവമുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ കാഴ്ചപ്പാടുകള്‍ മാത്രമേ കൊടുക്കൂ എന്നില്ല. അതൊരു പ്രസ്ഥാനത്തിന്റെ മുഖപത്രമായിരിക്കെത്തന്നെ അതിനകത്ത് ഒരു ജനാധിപത്യസ്വഭാവം കാണിക്കുക എന്നത് പ്രശംസനീയമാണ്.
ഹൈന്ദവതയിലെ ഇസ്‌ലാമിക ഭാവങ്ങളെ കണ്ടെത്തുക എന്നത് ഒരു ഇസ്‌ലാമിക ദൗത്യം തന്നെയാണ്. പ്രവാചകന്മാര്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലും വന്നിരിക്കാം. അശുദ്ധീകരിക്കപ്പെട്ടതാണെങ്കിലും മറ്റു മതങ്ങളിലെ ഗുണപരമായ കാര്യങ്ങളെ കണ്ടെത്തുന്ന തലത്തിലേക്ക് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാകും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഹിന്ദുമതത്തിന്റെ അകത്ത് മൗലികമായ മതമൂല്യങ്ങളില്‍ വിശ്വസിക്കുന്ന, എല്ലാവരെയും ദൈവത്തിന്റെ സൃഷ്ടികളായി കാണുന്ന കുറേ ആളുകളുണ്ട്. അവരും വര്‍ഗീയവാദികളും തമ്മിലുള്ള സംഘര്‍ഷം ഹിന്ദുസമുദായത്തിലുണ്ട്. തങ്ങള്‍ അതിലെവിടെ നില്‍ക്കണമെന്നത് ഏതൊരു യഥാര്‍ത്ഥ വിശ്വാസിയുടെയും പ്രശ്‌നമാണ്. അങ്ങനയൊരു മൈക്രോ പൊളിറ്റിക്കല്‍ ലെവലിലേക്കുകൂടി, ജമാഅത്തെ ഇസ്‌ലാമിക്കും പ്രബോധനത്തിനും വരാന്‍ സാധിക്കുമെങ്കില്‍ അത് വലിയൊരു കാല്‍വെപ്പാകും. സമീപനമാറ്റമാകും. പറയാന്‍ എളുപ്പമാണെങ്കിലും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്്. അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട സി. ദാവൂദിന്റെ ലേഖനം, 'മഴവില്‍ ഇസ്‌ലാം' ജമാഅത്തെ ഇസ്‌ലാമിയില്‍ മറ്റുള്ളവര്‍ ആരോപിക്കുന്ന ന്യൂനീകരണപ്രവണതക്കുള്ള മറുപടി കൂടിയാണ്.
മുസ്‌ലിംകളുമായും മുസ്‌ലിമേതര സമൂഹങ്ങളുമായും ഇടപഴകുന്ന ഒരാളാണ് താങ്കള്‍. ശരിക്കും പൊതുസമൂഹം മുസ്‌ലിംകളെ കുറിച്ച് എന്താണ് ധരിക്കുന്നത്?
നല്ല മുസ്‌ലിം അനുഭവങ്ങളില്‍നിന്നാണ് മുസ്‌ലിംകളുമായി എനിക്കീ അടുപ്പമുണ്ടായത്. തന്റെ അയല്‍വാസികളായ മുസ്‌ലിംകളില്‍നിന്നും കൂട്ടുകാരില്‍നിന്നും നല്ല അനുഭവങ്ങള്‍ കിട്ടി വളര്‍ന്ന ബാല്യകാലമാണ് എനിക്കുള്ളത്. എന്നെ ഒരു ഹിന്ദുവര്‍ഗീയവാദി ആക്കണമെങ്കില്‍ ബാല്യകാലം എന്റെ ജീവിതത്തില്‍നിന്നും ഡിലീറ്റ് ചെയ്തുകളയേണ്ടി വരും. അല്ലാതെ എനിക്കൊരിക്കലും ഒരു മുസ്‌ലിം വിദ്വേഷിയാകാന്‍ കഴിയില്ല. കാരണം പലപ്പോഴും അനുഭവങ്ങളാണ് നമ്മെ നിര്‍ണയിക്കുന്നത്. സ്വന്തമായി അനുഭവങ്ങളില്ലാത്ത, അനുഭവങ്ങള്‍ സപ്ലൈ ചെയ്യപ്പെടുന്ന ഒരുകാലത്ത് മുഖ്യധാരാ മാധ്യമങ്ങളും വാര്‍ത്തകളുമൊക്കെയാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഇന്നത്തെ ഹിന്ദുക്കുട്ടികള്‍ക്ക് പലപ്പോഴും മുസ്‌ലിം കുടുംബങ്ങളുമായി അനുഭവപരമായ ബന്ധം സ്ഥാപിക്കാനുള്ള സാഹചര്യം ഇല്ല. നമ്മുടെ കുട്ടികളെ അടുത്ത വീട്ടിലേക്കൊന്നും വിടില്ല. മറ്റുള്ളവരുടെ നന്മകളൊന്നും അനുഭവങ്ങളിലൂടെ അറിയാന്‍ കഴിയാത്ത ഒരു സമയത്ത് മീഡിയാ സ്വാധീനങ്ങളാണ് കാഴ്ചപ്പാടുകള്‍ നിര്‍ണയിക്കുന്നത്.
കെ.പി രാമനുണ്ണി
9447767164
kpramanunni@yahoo.com

Comments

Other Post