Prabodhanm Weekly

Pages

Search

2011 ജൂണ്‍ 11

വെടിനിര്‍ത്തല്‍ നിഷ്ഫലം അധികാരമാറ്റത്തിന് യമനില്‍ രൂക്ഷമായ പോരാട്ടം

അസ്ഹര്‍ പുള്ളിയില്‍


സമാധാന ദൂതുമായി സന്‍ആഇലെത്തിയ ആറ് അയല്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധി ജി.സി.സി സെക്രട്ടറി ജനറലിനെയും സംഘത്തെയും തടഞ്ഞുവെച്ചതിലൂടെ അന്താരാഷ്ട്ര മര്യാദകള്‍ പോലും യമന്‍ അധികൃതര്‍ കാറ്റില്‍ പറത്തി. നാല് മാസത്തിലധികമായി തുടര്‍ന്നുവരുന്ന ആഭ്യന്തര, രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിച്ചാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അസ്സയ്യാനി യമന്‍ തലസ്ഥാനത്തെത്തിയത്. പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ നൂറുക്കണക്കിന് അനുയായികള്‍ അസ്സയ്യാനിയെയും ഗള്‍ഫ് രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളെയും അമേരിക്കന്‍ അംബാസഡറെയും യമനിലെ യു.എ.ഇ എംബസി കെട്ടിടത്തില്‍ ഉപരോധിച്ചത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായി.
പ്രസിഡന്റ് അനുകൂലികളില്‍ നിന്ന് മോചിപ്പിച്ച സംഘത്തെ പ്രത്യേക ഹെലികോപ്റ്ററുകളില്‍ കൊട്ടാരത്തിലെത്തിച്ചെങ്കിലും സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ അലി അബ്ദുല്ല സാലിഹ് സന്നദ്ധമായില്ല എന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. അതോടെ റിയാദിലേക്ക് തിരിച്ച് പറന്ന സംഘം തങ്ങള്‍ പ്രശ്‌നപരിഹാര ശ്രമം നിര്‍ത്തിവെക്കുന്നുവെന്നും പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് യമന്‍ പ്രസിഡന്റ് ജി.സി.സി സമാധാന ശ്രമത്തില്‍ ഒപ്പുവെക്കാന്‍ വിസമ്മതിക്കുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള വിപ്ലവകാരികളുടെ പ്രതിപ്രവര്‍ത്തനങ്ങളും അതുകാരണമായുള്ള രക്തച്ചൊരിച്ചിലും ഇതോടെ വര്‍ധിച്ചു. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള സഹായമോ അഭയമോ സഹതാപം പോലുമോ അര്‍ഹിക്കാത്ത അവസ്ഥയിലേക്കാണ് അലി അബ്ദുല്ല സാലിഹ് അധഃപതിക്കുന്നത്. ഏപ്രില്‍ ആദ്യത്തില്‍ ഉത്തരവാദത്തമേറ്റ ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അസ്സയ്യാനിയുടെ ആദ്യ വിദേശദൗത്യമാണ് ഇതിലൂടെ പരാജയപ്പെട്ടത് എന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.
33 വര്‍ഷം പിന്നിട്ട യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് സ്ഥാനംവിട്ടൊഴിയണമെന്ന വിപ്ലവകാരികളുടെ ആവശ്യം കൂടി പരിഗണിച്ചുകൊണ്ടുള്ള പരിഹാരനിര്‍ദേശമാണ് ജി.സി.സി മുന്നോട്ടുവെച്ചിരുന്നത്. പ്രതിപക്ഷത്തെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു മാസത്തെ കാലാവധിയുള്ള സര്‍ക്കാര്‍ നിലവില്‍ വരികയും അതിലൂടെ അധികാരക്കൈമാറ്റം സാധ്യമാക്കുകയുമാണ് പ്രശ്‌നപരിഹാരത്തില്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, യമനിലെ ആദ്യത്തെയും എക്കാലത്തെയും പ്രസിഡന്റ് എന്ന സ്ഥാനം കൈവിടാന്‍ കൂട്ടാക്കാത്ത അലി അബ്ദുല്ല സാലിഹ് ഒത്തുതീര്‍പ്പിന് വഴങ്ങാതായതോടെ ഗള്‍ഫ് രാജ്യങ്ങള്‍ പ്രശ്‌നപരിഹാര ശ്രമം ഉപേക്ഷിച്ചിരിക്കയാണ്.
1990ല്‍ തെക്ക്, വടക്ക് യമനുകള്‍ ഏകീകരിച്ചത് മുതല്‍ പ്രസിഡന്റ് പദവിയിലുള്ള അലി അബ്ദുല്ല സാലിഹ് 1978 മുതല്‍ തന്നെ ഐക്യത്തിന് മുമ്പുള്ള വടക്കന്‍ യമനിന്റെ പ്രസിഡന്റായിരുന്നു. 1942 മാര്‍ച്ച് 21-ന് ജനിച്ച അലി സൈനിക പദവിയിലൂടെയാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. 1978 മുതല്‍ വടക്കന്‍ യമനിന്റെയും 1990 മുതല്‍ ഐക്യ യമനിന്റെയും പ്രസിഡന്റായിരുന്നെങ്കിലും 2003-ല്‍ നടത്തിയ ഭരണഘടനാ പരിഷ്‌കരണത്തിലൂടെയാണ് യമനിന്റെ ആദ്യ പ്രസിഡന്റ് എന്ന സ്ഥാനപ്പേര്‍ നേടിയെടുത്ത് അലി അബ്ദുല്ല സാലിഹ് പൊതുജനത്തിന്റെ മുമ്പില്‍ തന്റെ ഭരണ കാലാവധി കുറച്ചുകാണിച്ചത്. കൂടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവില്ലെന്ന് 2006 ജൂണ്‍ 21-ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ആ പ്രഖ്യാപനത്തിന് മൂന്ന് ദിവസത്തെ ആയുസ്സ് പോലുമുണ്ടായില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് യോഗ്യനായ മറ്റൊരാളെ നിര്‍ദേശിക്കാനില്ലെന്ന ന്യായത്തില്‍ തന്റെ പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി ജൂണ്‍ 24-ന് അദ്ദേഹം സ്വയം പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മുന്നോട്ട് വന്നു. 2013 വരെയുള്ള ഏഴ് വര്‍ഷത്തേക്ക് വീണ്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച സമാധാനശ്രമം പാളിയതിലൂടെ യമന്‍ കൂടുതല്‍ പ്രശ്‌നത്തിലേക്കും പ്രതിസന്ധിയിലേക്കുമാണ് നീങ്ങുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്നോടൊപ്പം നിന്ന അയല്‍ രാജ്യങ്ങളെ പ്രത്യേകിച്ചും സുഊദി അറേബ്യ പോലുള്ള നയതന്ത്ര പങ്കാളിയെയാണ് അലി അബ്ദുല്ല സാലിഹ് ഇതിലൂടെ പിണക്കിയിരിക്കുന്നത്. രാജ്യത്തെ വിഘടിത ശീഈ സൈദി വിഭാഗമായ ഹൂതികളില്‍ നിന്നുണ്ടായ ആഭ്യന്തര കലാപം ഒതുക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റിന് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് സുഊദിയില്‍ നിന്നാണ്. ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ അംഗത്വം നല്‍കുന്ന കാര്യം എണ്ണ സമ്പന്നമായ ജി.സി.സി അംഗരാജ്യങ്ങളുടെ സജീവ പരിഗണനയില്‍ ഉണ്ടായിരുന്ന വിഷയമാണ്. അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി ദുര്‍ബലമായ യമനിലെ പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കുന്നതിലും ഉദാര നിലപാടാണ് സുഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ളത്. കുവൈത്ത്-ഇറാഖ് യുദ്ധ കാലത്ത് യമന്‍ സ്വീകരിച്ച ഇറാഖ് ചായ്‌വ് ഗള്‍ഫിലെ യമന്‍ തൊഴിലാളികള്‍ക്ക് ഏറെ പ്രശ്‌നങ്ങളും നിയമക്കുരുക്കും ഉണ്ടായിരുന്നു. യമനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ പോലും കണിശത കാണിക്കാതിരുന്ന സുഊദിയിലെ കച്ചവട, തൊഴില്‍ മേഖല കൈയടക്കിവെച്ചിരുന്ന യമന്‍ പൗരന്മാരുടെ കൂട്ടത്തോടെയുള്ള ഒഴിച്ചുപോക്കിനാണ് അന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ, വികസന രംഗത്തെ നിരവധി പദ്ധതികള്‍ നടപ്പാക്കിയും ധനസഹായം നല്‍കിയും ഗള്‍ഫ് രാജ്യങ്ങള്‍ എന്നും അയല്‍ രാജ്യത്തെ സഹായിച്ചുപോന്നിട്ടുണ്ട്.
പ്രക്ഷോഭകാരികളും പ്രതിപക്ഷ നേതാക്കളും ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ റിപ്പബ്ലിക് കൊട്ടാരത്തില്‍ വന്ന് തന്റെ മുന്നില്‍വെച്ച് ഒപ്പിടണമെന്നാണ് പ്രസിഡന്റ് നിര്‍ബന്ധം പിടിച്ചത്. ഇതാവട്ടെ മറുപക്ഷത്തിന് അസ്വീകാര്യവുമായിരുന്നു. സമാധാനത്തിന് നേതൃത്വം നല്‍കിയ ഗള്‍ഫ് പ്രതിനിധി പ്രതിപക്ഷ നേതാക്കളില്‍ നിന്ന് രേഖകളില്‍ നേരത്തെ ഒപ്പ് വാങ്ങിച്ചിരുന്നു എന്നതും ഈ വ്യവസ്ഥയെക്കുറിച്ച് മുമ്പ് പരാമര്‍ശമില്ലായിരുന്നു എന്നതിനുള്ള തെളിവാണ്. ഭരണം വിട്ടൊഴിയാതിരിക്കാനുള്ള സൂത്രങ്ങള്‍ മെനയുക എന്നതോ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതിലേക്ക് നയിക്കുന്ന ഒത്തുതീര്‍പ്പുകളില്‍ ഒപ്പുവെക്കാതിരിക്കുക എന്നതോ അല്ലാതെ മറ്റു മുടന്തന്‍ ന്യായങ്ങളൊന്നും അലി അബ്ദുല്ല സാലിഹിന് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ മാന്യമായി സ്ഥാനം ഒഴിയാനും അയല്‍ രാജ്യങ്ങളുടെ സംരക്ഷണവും ആദരവും പിടിച്ചുപറ്റാനുമുള്ള അസുലഭ സന്ദര്‍ഭമാണ് അലി അബ്ദുല്ല സാലിഹ് തുലച്ചുകളഞ്ഞതെന്ന് നിസ്സംശംയം പറയാനാവും.
ആദ്യം അമേരിക്കയും തൊട്ടടുത്ത ദിവസം ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും പ്രസിഡന്റിന്റെ നിലപാടിനെയും സമാധാന ശ്രമങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തെയും രൂക്ഷമായി അപലപിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്തും മേഖലയിലും മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും ഒറ്റപ്പെടുന്ന അവസ്ഥയിലേക്കാണ് അലി അബ്ദുല്ല സാലിഹ് നീങ്ങുന്നത്. സ്ഥാനമൊഴിയണമെന്ന സമ്മര്‍ദം രാജ്യത്തിനകത്തും പുറത്തും കൂടിവരുമ്പോള്‍ അധികാരശക്തിയുപയോഗിച്ച് വിപ്ലവത്തെ അടിച്ചമര്‍ത്താനാണ് പ്രസിഡന്റ് ശ്രമിക്കുന്നത്. വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന സാദിഖ് അല്‍അഹ്മറിനെ അല്‍ഖാഇദ ബന്ധം ചാര്‍ത്തി അപകീര്‍ത്തിപ്പെടുത്താനും ഗോത്രവര്‍ഗ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴക്കാനും നടക്കുന്ന ശ്രമവും ഇതിന്റെ ഭാഗമാണ്. യമനിനെ മറ്റൊരു സോമാലിയ ആക്കാന്‍ അനുവദിക്കില്ലെന്ന പ്രസിഡന്റിന്റെ പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്.
അതേസമയം ഏത് രീതിയിലും അദ്ദേഹത്തെ താഴെയിറക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രക്ഷോഭ പരിപാടികള്‍ രാജ്യത്തിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ശക്തിപ്രാപിച്ചിരിക്കുകയാണ്. തെക്കന്‍ മേഖലയില്‍ ഭരണവൃത്തത്തിനുള്ള സ്വാധീനം കുറഞ്ഞുവരുന്നുവെന്ന് മാത്രമല്ല പല സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങള്‍ പോലും വിപ്ലവകാരികളുടെ അധീനതയിലായ സാഹചര്യം വരെയുണ്ടായി. താല്‍ക്കാലിക വെടിനിര്‍ത്തലിനെത്തുടര്‍ന്ന് രണ്ടു ദിവസം മാത്രം ശാന്തമായ രാജ്യം വീണ്ടും കൂടുതല്‍ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങിയിരിക്കയാണ്. വെടിനിര്‍ത്തല്‍ പരാജയപ്പെട്ട് രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറന്‍ നഗരമായ തഅസില്‍ മാത്രം 50-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്‍ പ്രതിനിധിയുടെ കണക്ക്.
21 വര്‍ഷം മുമ്പ് ഏകീകരിച്ച ഇരു യമനുകളും വേര്‍പിരിയണമെന്ന വിഘടന സ്വഭാവമുള്ള ആവശ്യം പോലും ജനങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ടെന്നതും ശീഈ ചായവുള്ളവരിലൂടെ ഇറാന്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അയല്‍ രാജ്യങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. ഗോത്രവര്‍ഗ ഭരണ പാരമ്പര്യമുള്ള വടക്കന്‍ യമന്റെ സന്തതിയായ അലി അബ്ദുല്ല സാലിഹിനെ പിന്തുണക്കുന്നത് അധികാരവും സ്വന്തം ഗോത്രത്തില്‍ നിന്നുള്ളവരും മാത്രമാണെന്നതാണ് നിലവിലെ അവസ്ഥ. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയും സമാധന ശ്രമവും ഇല്ലായിരുന്നെങ്കില്‍ അലി അബ്ദുല്ല സാലിഹ് ഇതിനകം നഗ്നപാദനായി പുറത്തുപോകുമായിരുന്നുവെന്ന് സാദിഖ് അല്‍അഹ്മര്‍ പറഞ്ഞതിന്റെ പൊരുളും ഇതാണ്.
azharpulliyil@gmail.com

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം