Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 8

തഖ്‌വ പരീക്ഷിക്കപ്പെടുന്നത് അങ്ങാടികളിലല്ല വീടകങ്ങളിലാണ്

ഡോ. അംറ് ഖാലിദ്

ദൈവത്തിങ്കല്‍ വിലപിടിപ്പുള്ളതത്രെ തഖ്‌വ. അധികമാളുകളും പുറംമോടിക്ക് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ നെഞ്ചിലേക്ക് ചൂണ്ടി പ്രവാചകന്‍ പറഞ്ഞ തഖ്‌വയുടെ പ്രാധാന്യം മനസ്സിലാക്കപ്പെടാതെ പോവുകയാണ് പതിവ്.
കുടുംബാന്തരീക്ഷത്തിലാണ് നിന്റെ യഥാര്‍ഥ 'തഖ്‌വ' പരീക്ഷിക്കപ്പെടുന്നത്. കാരണം കുടുംബമാണ് ഉരക്കല്ല്. വീടിനുപുറത്ത് നിനക്ക് അഭിനയിച്ച് കാര്യങ്ങള്‍ നേടാം, വീട്ടിനുള്ളിലതല്ലല്ലോ കാര്യം. ഭാര്യയോട് മോശമായി പെരുമാറാത്ത, സ്വന്തം കുട്ടികള്‍ക്ക് മാതൃകാ പിതാവായ ഒരാളാണ് നീയെങ്കില്‍ നീ കുടുംബത്തില്‍ തഖ്‌വയുള്ളവനാണ്. എന്നല്ല, ഏറ്റവും ഉന്നതമായ 'തഖ്‌വ' നിന്റേതാണ്.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പുറമെ മുത്തഖികളായ പലരും വീട്ടില്‍ തല്‍ക്കാലം 'തഖ്‌വ' കൈക്കൊള്ളാത്തവരാണ്. നാട്ടില്‍ പ്രിയപ്പെട്ടവന്‍ വീട്ടില്‍ വെറുക്കപ്പെട്ടവനാകുന്ന ഈ അവസ്ഥ സങ്കടകരമാണ്. നമസ്‌കരിച്ചും നോമ്പെടുത്തും നാട്ടില്‍ പരക്കെ പ്രസിദ്ധരായവര്‍, മക്കളെയും മരുമക്കളെയും ദ്രോഹിക്കുംവിധം പെരുമാറുന്ന എത്രയോ സംഭവങ്ങള്‍. അല്ലാഹുവിനു മുമ്പില്‍ നമസ്‌കരിച്ചു പൊട്ടിക്കരയുന്നവര്‍ തന്നെ സ്വന്തം ഭാര്യയെ കരണത്തടിച്ച് കരയിപ്പിക്കുന്ന വിരോധാഭാസം; സ്വന്തം ഭര്‍ത്താവിന് തൃപ്തികരമല്ലാത്ത കാര്യങ്ങള്‍ രഹസ്യമായി തന്റെ ജീവിതത്തില്‍ വെച്ചുപുലര്‍ത്തുന്ന ഭാര്യ. വളര്‍ത്തി വലുതാക്കിയ ഉമ്മ-ബാപ്പമാര്‍ അറിയാതെ സ്വകാമുകനുമായി സൊള്ളുന്ന സഹോദരിമാര്‍.... കുടുംബത്തിലെ 'തഖ്‌വ'ക്കെന്ത് പറ്റി?
നിങ്ങളുടെ പിതാവുമായി നിങ്ങളുടെ ബന്ധം എങ്ങനെ? മാതാപിതാക്കള്‍ മരിച്ചവര്‍ പോലും അവര്‍ക്കായി എത്ര തവണ പ്രാര്‍ഥനക്കായി സമയം നീക്കിവെക്കുന്നു? കുടുംബത്തില്‍ തഖ്‌വയുടെ അസാന്നിധ്യത്തിന് ഇതില്‍പരം തെളിവ് വേണമെന്നാണോ?
വിശുദ്ധ ഖുര്‍ആനില്‍ 'ഖദ് സമിഅ' എന്ന് തുടങ്ങുന്ന ഒരു ജുസ്ഉം അധ്യായവും ഉണ്ട്. സ്വന്തം ഭര്‍ത്താവിന്റെ കാര്യത്തില്‍ പ്രവാചകനുമായി സംവദിക്കുന്ന സ്ത്രീയുടെ സംസാരം അല്ലാഹു കേട്ടിരിക്കുന്നു എന്നത്രെ പ്രഥമ സൂക്തത്തിന്റെ സാരം. ഇതിന്റെ ഗൗരവം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടോ? ഹേ സഹോദരാ, നിന്റെ ഭാര്യയുമായുള്ള നിന്റെ സംഭാഷണം, അവളോടുള്ള സമീപനം, എല്ലാം അല്ലാഹു അറിയുന്നു. നിന്റെ വാപ്പയെക്കുറിച്ച് നീ പരിഹസിക്കുന്നത്, നിന്റെ ഉമ്മ പലതവണ റിംഗ് ചെയ്തിട്ടും നീ ഫോണ്‍ എടുക്കാതെ സുഹൃത്തുക്കളുമായി അതേക്കുറിച്ച് പരിഹസിക്കുന്നത്.... എല്ലാം അല്ലാഹു അറിയുന്നു. അറിയുക, തഖ്‌വയുടെ തുടക്കം തന്നെ അല്ലാഹു എല്ലാം കേള്‍ക്കുന്നുണ്ടെന്ന അറിവത്രെ.
തഖ്‌വയെ പലയിടത്തും ഖുര്‍ആന്‍ കുടുംബവുമായി ചേര്‍ത്തുവെക്കുന്നത് വളരെ പ്രസക്തമാണ്. കാരണം, എല്ലായിടത്തും നിങ്ങള്‍ക്ക് മുഖംമൂടി ധരിച്ച് കാര്യം നേടാം, വീട്ടിനകത്തൊഴിച്ച്. പ്രവാചകനെക്കുറിച്ച് അവിടുത്തെ പത്‌നിമാര്‍ നടത്തുന്ന വിശദീകരണങ്ങള്‍ കേട്ടുപോലും ഇസ്‌ലാമിലേക്കാകൃഷ്ടരായവര്‍ കുറവല്ല. ഓരോ നിമിഷവും പ്രവാചക സഹവാസം അനുഭവിച്ച അവിടുത്തെ പത്‌നിമാര്‍ ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ മാന്യതക്കും മനുഷ്യത്വത്തിനും ഉല്‍കൃഷ്ടസ്വഭാവത്തിനും പൗരുഷത്തിനും ന്യൂനത വരുത്തുന്ന ഒരു സംഭവം പോലും ഉദ്ധരിച്ചു കാണുന്നില്ല. മറിച്ച് വിഷാദനായി ഹിറാ ഗുഹയില്‍നിന്ന് തിരിച്ചുവന്ന ഭര്‍ത്താവ് മുഹമ്മദിനോട് ഭാര്യ ഖദീജ പറഞ്ഞതെന്താണ്? ''ഇല്ല, ദൈവം താങ്കളെ നിന്ദ്യനാക്കുകയില്ല, താങ്കള്‍ കുടുംബബന്ധം പുലര്‍ത്തുന്നു, അതിഥിയെ സല്‍ക്കരിക്കുന്നു, ദുരിതബാധിതരെ സഹായിക്കുന്നു.''
പ്രവാചകന്റെ കുടുംബജീവിതത്തില്‍ ആകൃഷ്ടനായ ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ പറഞ്ഞത് ഇങ്ങനെയാണ്. ''നിങ്ങള്‍ക്ക് ഒരാളെക്കുറിച്ച് കൃത്യമായി അറിയണമെങ്കില്‍ അയാളുടെ കുടുംബ ജീവിതത്തിലേക്ക് നോക്കുക.'' അതിനാല്‍ സ്വന്തം തഖ്‌വയെ അളന്നു നോക്കാന്‍ ഉദ്ദേശിക്കുന്നവരോട് ഞാന്‍ ചോദിക്കുന്നു: 'നിങ്ങളുടെ വീടിനുള്ളില്‍ നിങ്ങള്‍ എത്രമാത്രം തഖ്‌വയുള്ളവനാണ്?
അല്ലാഹുവുമായുള്ള തഖ്‌വയെ കുടുംബബന്ധവുമായാണ് ചേര്‍ത്ത് വെച്ചിരിക്കുന്നത്. ഖുര്‍ആനില്‍ 'ത്വലാഖ്' എന്ന അധ്യായത്തില്‍ തഖ്‌വയെക്കുറിച്ച് മാത്രം നാല് തവണ പരാമര്‍ശമുണ്ട്. നിങ്ങള്‍ക്ക് തഖ്‌വ ഉണ്ടെങ്കില്‍ ത്വലാഖിന്റെ സാധ്യതയേ ഉയരുന്നില്ല എന്ന സന്ദേശമാണതിനു പിന്നില്‍.
പറഞ്ഞുകേട്ട ഒരു സംഭവമാണ്. എന്നെ വളരെയധികം അത് സ്വാധീനിച്ചിട്ടുണ്ട്. സ്വന്തം ഭര്‍ത്താവ് തന്നെ അറിയിക്കാതെ മറ്റൊരു വിവാഹം കഴിച്ചതിനെ സംബന്ധിച്ച് ഒരു സ്ത്രീക്ക് അറിയാനിടയായി. കോപം ജ്വലിച്ചു പൊങ്ങിയെങ്കിലും പയ്യെപയ്യെ ചോദിച്ചറിയാം എന്ന വിചാരത്തില്‍ വികാരം മനസ്സിലൊതുക്കി. എന്നാല്‍ അധികം വൈകാതെ ഈ ഭര്‍ത്താവ് മരണപ്പെട്ടു. അനന്തരാവകാശ വീതംവെപ്പിന്റെ സമയമെത്തിയപ്പോള്‍
ഈ സ്ത്രീ ചെയ്തതെന്തെന്നോ? ആരെയും അത്ഭുതപ്പെടുത്തുംവിധം അവര്‍ തന്റെ ഭര്‍ത്താവിന്റെ ജീവിതത്തിലേക്ക് അവസാനവേളയില്‍ കടന്നുവന്ന സ്ത്രീക്കും അനന്തരാവകാശ സ്വത്തിന്റെ വിഹിതം അയച്ചുകൊടുത്തു. മറ്റാരും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നതാണ് ഏറ്റവും പ്രസ്താവ്യമായ കാര്യം. തന്റെ ഉമ്മയുടെ മരണശേഷം പിതാവ് വിവാഹം ചെയ്ത സ്ത്രീയെ പിതാവിന്റെ മരണശേഷം വളരെ കൃത്യമായി പരിചരിക്കുന്ന എത്രയോ മക്കള്‍...
പ്രവാചക ജീവിതത്തില്‍നിന്നു തന്നെ മറ്റൊരു സംഭവം ഇതാ.. പന്ത്രണ്ടുവയസ് വരെ തന്നെ പരിപാലിച്ച അബൂത്വാലിബിന്റെ ഭാര്യ 'ഫാത്വിമ ബിന്‍ത് അസദ്' മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞതിങ്ങനെ: ഞാന്‍ അവരുടെ ഖബ്‌റില്‍ ഇറങ്ങാം! അവരോടുള്ള ആദരസൂചകമായി തന്റെ വസ്ത്രങ്ങളിലൊന്ന് അവരുടെ കഫന്‍പുടവയായി പ്രവാചകന്‍ ചേര്‍ത്തു വെച്ച ശേഷം പ്രാര്‍ഥിച്ചു: ''പടച്ചവനേ നീ സാക്ഷി, ഈ സ്ത്രീ; കഴിഞ്ഞ നാളുകളില്‍ എനിക്ക് സംരക്ഷണമേകിയവളാണ്.''
(വിവ: നഹാസ് മാള)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍