Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 8

വധശിക്ഷകള്‍ ബാക്കിയാക്കുന്ന ചോദ്യം

ഇഹ്‌സാന്‍

അജ്മല്‍ അമീര്‍ കസബിനെ തൂക്കിക്കൊന്നതിലൂടെ അയാള്‍ക്കു മാത്രം തുറന്നു പറയാന്‍ കഴിയേണ്ടിയിരുന്ന ഒരുപാട് രഹസ്യങ്ങളെ കൂടി നാം കുഴിച്ചുമൂടുകയാണ് ചെയ്തത്. ഈ പ്രക്രിയയില്‍ എവിടെയോ ഇങ്ങനെയൊരു സത്യം അന്തര്‍ലീനമായി കിടക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് തോന്നുക അയാള്‍ ഇന്ത്യയില്‍ എങ്ങനെ വന്നു എന്നതിനെ കുറിച്ച പോലീസ് കഥകളുടെ മറുവശം എന്തായിരുന്നു എന്നതാണ്. ഈ കഥകള്‍ സാമാന്യയുക്തിയെ പരിഹസിച്ചതുകൊണ്ടാണ് കസബിന്റെ വാദവും പറയപ്പെടേണ്ടിയിരുന്നുവെന്ന് തോന്നുന്നത്. നീതിന്യായ വ്യവസ്ഥയുടെ അന്തിമമായ കണ്ടെത്തലിനെ തന്നെയാണ് നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഏതു പൗരനും അംഗീകരിക്കുകയെങ്കിലും കോടതിയില്‍ തോറ്റു പോയ കസബിന്റെ ആ വാദം എന്തായിരുന്നുവെന്ന് ലോകം അറിയാതെ പോയി. 1983-ല്‍ തൂക്കിലേറ്റപ്പെട്ട മഖ്ബൂല്‍ ഭട്ടിന്റെ ഡയറി ജയിലില്‍ നിന്നും കാണാതാവുകയായിരുന്നല്ലോ. ഇയാളുടെ സ്വകാര്യ എഴുത്തുകള്‍ വല്ലതും ഉണ്ടായിരുന്നോ എന്നു പോലും വ്യക്തമല്ല. ആരും പുറത്തു പറയാന്‍ ധൈര്യപ്പെടാത്ത മറ്റൊരു മേഖല കൂടി ഈ കേസിലുണ്ട്. അബൂ ജിണ്ടല്‍ എന്ന പുതിയ അവതാരം പോലീസ് കസ്റ്റഡിയിലിരുന്ന് മൊഴിഞ്ഞു കൊണ്ടിരിക്കുന്ന, മുംബൈ ഭീകരാക്രമണ കേസിന് കാരണഭൂതരായി ഇപ്പോഴും പാകിസ്താനിലുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന ആ പേരുകളുടെ പങ്കിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ കഴിയുമായിരുന്ന ജീവിച്ചിരുന്ന സുപ്രധാന സാക്ഷിയായിരുന്നു കസബ്. ഹാഫിസ് സഈദ് അടക്കമുള്ളവരുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്താന് കൈമാറിയ തെളിവുകളില്‍ ഉള്ളത് കസബ് നേരത്തെ പോലീസിനോടു വെളിപ്പെടുത്തിയ കാര്യങ്ങളാണ്. പക്ഷേ ഈ കുറ്റവാളികളെ പാക് നിയമപീഠം എങ്ങനെ വിലയിരുത്തി എന്നതും പ്രസക്തമാണല്ലോ. ഹാഫിസ് സഈദിനെയും സഖിയുര്‍റഹ്മാന്‍ ലഖ്‌വിയെയും നാളെ നിരുപാധികം വിട്ടയക്കാന്‍ പാകിസ്താനിലെ കോടതികള്‍ക്ക് വഴിയൊരുക്കുക നടക്കാതെ പോയ കസബിന്റെ മൊഴിയുടെ ക്രോസ് വിസ്താരമാവില്ലെന്ന് ആരു കണ്ടു? അയാളെ ചോദ്യം ചെയ്യാന്‍ പാകിസ്താനിലെ നിയമവ്യവസ്ഥയെ അനുവദിക്കാതെയാണ് ഇന്ത്യ ശിക്ഷ നടപ്പാക്കിയത്. അത് ഒഴിവാക്കാമായിരുന്നു.
ലശ്കര്‍ മുതല്‍ ഹെഡ്‌ലി വരെയുള്ള പലരുടെയും കാലാള്‍ ആയിരുന്ന കസബ് വധശിക്ഷ എന്നൊന്നുണ്ടെങ്കില്‍ അതിന് 40 വട്ടം അര്‍ഹനായിരുന്നു. അയാള്‍ക്കു വേണ്ടി ഒരുതുള്ളി കണ്ണീര്‍ പോലും ഇന്ത്യയില്‍ ആരും പൊഴിച്ചിട്ടുമില്ല. പക്ഷേ ആ ശിക്ഷയുടെ സമയക്രമം അയാളുടെ കുറ്റത്തെ വലിയൊരളവില്‍ ദുര്‍ബലമാക്കുകയാണ് ചെയ്തതെന്ന് നിഷേധിക്കാനാവില്ല. പാകിസ്താനില്‍ മാത്രമല്ല മുംബൈയിലും കസബിന് കൂട്ടുകാര്‍ ഉണ്ടായിരുന്നുവെന്ന ആ വലിയ സംശയവും കസബിനൊപ്പം കഴുവേറുകയല്ലേ ഉണ്ടായത്? അവിടെയാണ് നീതിപീഠത്തിന്റെ പതിവു നടപടിക്രമത്തിനപ്പുറം ഈ ശിക്ഷനടപ്പാക്കലിന് ഒരു രാഷ്ട്രീയ സൗകര്യത്തിന്റെയും സമയക്രമത്തിന്റെയും പ്രശ്‌നമുണ്ടായിരുന്നുവെന്ന് പറയേണ്ടി വരുന്നത്. മുംബൈ ആക്രമണത്തിലെ ജീവിച്ചിരിക്കുന്ന ഏക പ്രതി മാത്രമല്ല ഏക സാക്ഷി കൂടിയായിരുന്നല്ലോ കസബ്. പാകിസ്താനിലെ കൂട്ടാളികളുടെ കാര്യം മാത്രമല്ല മുംബൈയിലുള്ളവരുടെ കേസുകള്‍ കൂടി ഭാവിയില്‍ പൊന്തിവന്നാല്‍ ഇനിയാരാണ് പ്രോസിക്യൂഷന്റെ സാക്ഷി? ആ അര്‍ഥത്തില്‍ കസബ് രാഷ്ട്രീയമായി പലരുടെയും സൗകര്യം ഒത്തുവരുന്ന ഒരു ഇര കൂടിയായിരുന്നു. ഒരു സര്‍ക്കാറും ഇത്തരം രാഷ്ട്രീയ രഹസ്യങ്ങളെ കുറിച്ച് കുമ്പസാരിക്കില്ല. പക്ഷേ രാഷ്ട്രീയമായി അസുഖകരമായ ഒരു വധശിക്ഷയും അവര്‍ നടപ്പാക്കുകയും ചെയ്യില്ല. ഇന്ത്യയില്‍ തൂക്കുമരം കാത്തുകഴിയുന്ന 300 കൊടും കുറ്റവാളികളെങ്കിലുമുണ്ട്. 2004-ലായിരുന്നു ഇതിന് മുമ്പ് നാം വധശിക്ഷ നടപ്പാക്കിയത്. പ്രതിഭാ പാട്ടീലിന്റെ കാലത്ത് ഇതില്‍ 30 പേര്‍ക്ക് രാജ്യം മാപ്പു നല്‍കി. വധശിക്ഷ സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ 90 ശതമാനം വരുമായിരുന്നു ഇത്. പക്ഷേ ശേഷിച്ച രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ മുഴുവന്‍ ഒറ്റയടിക്ക് മറികടന്ന് കസബ് കഴുവേറിയപ്പോള്‍ നീതിവാഴ്ചയുടെ കേവലമായ നടപ്പുരീതി മാത്രമായിരുന്നില്ല അത്. ശിക്ഷ നടപ്പാക്കപ്പെട്ടവരുടെ കാര്യത്തിലും ശിക്ഷ ഇളവുചെയ്യപ്പെട്ടവരുടെ കാര്യത്തിലും ഉണ്ടായിരുന്ന വ്യത്യാസം കുറ്റത്തിന്റേതായിരുന്നില്ല. ഇളവു ചെയ്യപ്പെട്ടവര്‍ മഹാഭൂരിപക്ഷവും കൊടും ക്രിമിനലുകളായിരുന്നെങ്കില്‍ ശിക്ഷ കാത്തുകഴിയുന്നവരും രാഷ്ട്രം മാപ്പുനല്‍കാന്‍ മടിച്ചു നില്‍ക്കുന്നവരും ഏറെയും ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഭയന്ന കേസുകളിലെ പ്രതികളായിരുന്നു.
കസബിന്റെ കാര്യത്തില്‍ എന്നതു പോലെ മറ്റൊരു വധശിക്ഷ കൂടി ഇന്ത്യയില്‍ എത്രയും പെട്ടെന്ന് നടപ്പായിക്കാണാന്‍ ചിലര്‍ക്കെങ്കിലും ആഗ്രഹമുണ്ട്. അഫ്‌സല്‍ ഗുരുവിന്റേതാണിത്. പക്ഷേ കസബിന്റെ കാര്യത്തില്‍ ഇന്ത്യയും പാകിസ്താനും ഒരുപോലെ ആഗ്രഹിച്ചത് അയാള്‍ മരിച്ചു കാണാനാണെങ്കില്‍ ഗുരുവിന്റെ കാര്യത്തില്‍ അതല്ല ചിത്രം. കസബിനെ പോലെ ഗുരുവും ജീവിച്ചിരിക്കുന്ന പലരുടെയും കാര്യത്തിലെ തെളിവായതു കൊണ്ടാണ് എങ്ങനെയെങ്കിലും കൊന്നുകുഴിച്ചു മൂടി സ്വയം രക്ഷപ്പെടാന്‍ രാഷ്ട്രീയക്കാരന്‍ ധൃതികൂട്ടുന്നത്. പക്ഷേ അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തിലും പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത്‌സിംഗിന്റെ കൊലയാളി ബല്‍വന്ത് സിംഗ് രജോണയുടെ കാര്യത്തിലും രാജീവ്ഗാന്ധി കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പേരറിവാളന്റെ കാര്യത്തിലും ശിക്ഷയും മോക്ഷവും തട്ടിത്തടഞ്ഞു നില്‍ക്കുന്നത് പലതരം രാഷ്ട്രീയകാരണങ്ങളുടെ പേരിലുമാണ്. രജോണയുടെ ശിക്ഷ നടപ്പാക്കിയാല്‍ പഞ്ചാബ് കത്തിയെരിയുമെന്ന് ഭയന്നാണ് 1995-ല്‍ നടന്ന ബിയാന്ത് വധക്കേസില്‍ ഇപ്പോഴും സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നത്. ഗുരുവിന്റെ കാര്യത്തില്‍ 16 തവണയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദല്‍ഹി സര്‍ക്കാറിന് മറുപടി ഓര്‍മിപ്പിച്ച് കത്തയച്ചത്. കശ്മീര്‍ കത്തിയെരിയുമെന്നതായിരുന്നു ഇവിടെയും വിഷയം. 2010-ല്‍ ഇക്കാര്യം ആഭ്യന്തരമന്ത്രി പി. ചിദംബരം പരസ്യമായി വ്യക്തമാക്കിയപ്പോഴാണ് വിവരം പൊതുജനത്തിന്റെ അറിവില്‍ വന്ന സാഹചര്യത്തില്‍ ഷീലാ ദീക്ഷിത് സര്‍ക്കാര്‍ വധശിക്ഷ സ്ഥിരീകരിച്ച് മറുപടി നല്‍കിയത്. ഇവിടെ ചോദ്യമുയരുന്നത് വധശിക്ഷ റദ്ദാക്കുന്നത് യഥാര്‍ഥത്തില്‍ ആരാണ് എന്നു തന്നെയാണ്. ഗവണ്‍മെന്റ് നല്‍കുന്ന ഈ മറുപടിയില്‍ ഒപ്പുവെക്കുക എന്നല്ലാതെ മറ്റൊരു ചുമതലയും രാഷ്ട്രപതിക്ക് ഉണ്ടായിരുന്നില്ല. കസബിനെ തൂക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് യഥാര്‍ഥത്തില്‍ തീരുമാനിക്കുന്നത്. അതിന്റെ സമയവും സൗകര്യവുമാണ് യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചത്. അതാകട്ടെ തീര്‍ച്ചയായും വലിയൊരു ചര്‍ച്ചക്കുള്ള മരുന്നാണ് അവശേഷിപ്പിക്കുന്നത്. ഒട്ടും സുഖകരമല്ലാത്ത വഴിമരുന്ന്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍