Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 8

അട്ടിമറിയെ തടുക്കാന്‍ മുന്‍കൂര്‍ അട്ടിമറി ?

ഫഹ്മീ ഹുവൈദി

ഏതാനും ആഴ്ചകളായി ഈജിപ്തിലെ അധികാര കേന്ദ്രങ്ങളില്‍ നടക്കുന്ന അടക്കംപറച്ചിലുകള്‍ വിശ്വസിക്കാമെങ്കില്‍, കഴിഞ്ഞ നവംബര്‍ 21-ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി പുറപ്പെടുവിച്ച ഭരണഘടനാ ഉത്തരവ് തനിക്കെതിരെ നടക്കാനിടയുള്ള 'ജുഡീഷ്യന്‍ അട്ടിമറി' തടയാനുള്ള ഒരു മുന്‍കൂര്‍ അട്ടിമറി ആയിരുന്നു. പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ തന്നെ അതിലേക്കുള്ള സൂചനയുണ്ട്. പുതിയ ഭരണഘടന നിലവില്‍ വരികയും ജനപ്രതിനിധിസഭ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നതുവരെ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഉത്തരവുകളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യാനാവില്ല എന്നാണതില്‍ പറയുന്നത്. പ്രസിഡന്റിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനാവുക കോടതികള്‍ക്ക് മാത്രമാണ്. അപ്പീല്‍ ചെയ്യാനോ റദ്ദാക്കാനോ ഉള്ള അവകാശം കോടതികള്‍ക്ക് ഉണ്ടായിരിക്കില്ലെന്നര്‍ഥം.
ഈ ഉത്തരവ് ഇറങ്ങാന്‍ നാല് കാരണങ്ങളുണ്ടെന്നാണ് എനിക്ക് ലഭിച്ച വിവരം. ഒന്ന്, പിരിച്ചുവിടപ്പെട്ട ജനപ്രതിനിധിസഭ പുനഃസ്ഥാപിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ് നേരത്തെ ഭരണഘടനാ കോടതി റദ്ദാക്കിയിരുന്നു. ഒരു നിയമസ്ഥാപനത്തിന് ചേരാത്തവിധം പരുഷമായാണ് ഭരണഘടനാ കോടതി പാര്‍ലമെന്റ് പിരിച്ചുവിട്ടത്. അതും സഭയിലെ മൂന്നിലൊന്ന് അംഗങ്ങളെ എങ്ങനെ തെരഞ്ഞെടുക്കണം എന്ന തികച്ചും സാങ്കേതികമായ ഒരു പ്രശ്‌നത്തില്‍ കടന്നുപിടിച്ചുകൊണ്ട്. രണ്ട്, ഭരണഘടനാ കോടതിയിലെ ചില ജഡ്ജിമാര്‍ നിയമത്തിന്റെ അതിര്‍ത്തികള്‍ മറികടന്നുകൊണ്ട് രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളുന്നുണ്ടായിരുന്നു. തങ്ങളുടെ മുമ്പില്‍ വന്ന കേസുകളുടെ വിധിതീര്‍പ്പുകളില്‍ ഗവണ്‍മെന്റ് വിരുദ്ധ നിലപാടെടുത്തുകൊണ്ട് അവര്‍ ആ രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിച്ചു. ചില ജഡ്ജിമാര്‍ ഇത് വാര്‍ത്താമാധ്യമങ്ങളോട് തുറന്നു പറഞ്ഞു. പ്രസിഡന്റിനെ ദുര്‍ബലപ്പെടുത്താന്‍ നിയമത്തെ കൂട്ടുപിടിച്ച് നടക്കുന്ന ശ്രമങ്ങളില്‍ മറ്റുചില ജഡ്ജിമാര്‍ ഭാഗഭാക്കായി. മൂന്ന്, ചില സുപ്രീംകോടതി ജഡ്ജിമാരും സ്റ്റേറ്റ് കൗണ്‍സിലിലെ ജഡ്ജിമാരും തമ്മില്‍ ചില ധാരണകള്‍ രൂപപ്പെട്ടിരുന്നു. ഗവണ്‍മെന്റിനെതിരെ നടക്കുന്ന നിയമ യുദ്ധങ്ങള്‍ക്ക് ശക്തി പകരാനായിരുന്നു ഈ നീക്കങ്ങള്‍. നാല്, ചോര്‍ന്നുകിട്ടിയ വിവരമനുസരിച്ച്, രാജ്യത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുംവിധം ചില ഗൂഢാലോചനകള്‍ മുന്‍പ്രസിഡന്റിനാല്‍ നിയമിതമായ ഭരണഘടനാ കോടതി ഈ ഡിസംബര്‍ രണ്ടിന് ആസൂത്രണം ചെയ്തിരുന്നു. പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ക്ക് നിയമസാധുതയില്ല എന്ന് വരുത്തുകയായിരുന്നു അതിന്റെ ലക്ഷ്യം. ഇത് സൈനിക കൗണ്‍സിലിനെ വീണ്ടും അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരും. ഇക്കാര്യം അല്‍പം വിശദീകരിക്കേണ്ടതുണ്ട്.
ഡിസംബര്‍ രണ്ടിന് മൂന്ന് കാര്യങ്ങളാണ് ഭരണഘടനാ കോടതി പരിഗണിക്കാനിരുന്നത്. ഒന്ന്, ഭരണഘടനാ അസംബ്ലിക്കെതിരെയുള്ള അപ്പീല്‍. രണ്ട്, മജ്‌ലിസു ശൂറക്കെതിരെയുള്ള അപ്പീല്‍. മൂന്ന്, സൈനിക കൗണ്‍സിലിലെ ജനറല്‍മാരെ പുറത്താക്കിക്കൊണ്ട് കഴിഞ്ഞ ആഗസ്റ്റ് പതിനൊന്നിന് പ്രസിഡന്റ് മുര്‍സി പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീല്‍. 2012 ജൂണ്‍ പതിനേഴിന് സൈനിക കൗണ്‍സില്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയതിനെതിരെയുമുള്ള അപ്പീലും പരിഗണിക്കുന്നുണ്ട്. ചുരുക്കത്തില്‍, ഭരണഘടനാ കോടതി കൃത്യമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. അതിന്റെ വ്യക്തമായ സൂചനയായിരുന്നു ജനപ്രതിനിധിസഭ പിരിച്ചുവിടല്‍. സൈനിക കൗണ്‍സിലിന്റെ മുന്‍ ഉത്തരവുകള്‍ക്ക് സാധുത നല്‍കി പ്രസിഡന്റിന്റെ ഉത്തരവുകളെ മരവിപ്പിക്കാനുള്ള നീക്കമാണ് നടന്നത്. ഇത്തരം പക്ഷപാതപരമായ നിലപാടുകളെ പിന്തുണച്ചുകൊണ്ട് ഭരണഘടനാ കോടതിയിലെ അംഗങ്ങള്‍ തന്നെ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രസിഡന്റിന്റെ ഉത്തരവുകളുടെ നിയമസാധുത ഇല്ലാതാക്കുകയും ഭരണഘടനാ നിര്‍മാണസഭയും മജ്‌ലിസ് ശൂറയും പിരിച്ചുവിടുകയും ചെയ്താല്‍ വലിയൊരു ശൂന്യതയാവും സൃഷ്ടിക്കപ്പെടുക. വിപ്ലവം പൂജ്യത്തില്‍ തന്നെ തിരിച്ചെത്തും. നിയമനിര്‍മാണത്തിന്റെയും നിര്‍വഹണത്തിന്റെയും അധികാരങ്ങള്‍ സൈനിക കൗണ്‍സില്‍ തിരിച്ചുപിടിക്കും. അറ്റമില്ലാത്ത ഇരുണ്ട ഗര്‍ത്തത്തിലേക്കാവും അത് നയിക്കുക. കാര്യങ്ങള്‍ ഇങ്ങനെത്തന്നെ നടക്കുമായിരുന്നു എന്ന് ഉറപ്പ് പറയാന്‍ എന്റെ കൈയില്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലെങ്കിലും ഇത്തരമൊരു വഴിമാറലിന് സാധ്യത വളരെക്കൂടുതലായിരുന്നു.
ഇത് മാത്രമായിരുന്നില്ല പ്രശ്‌നം. സംശയാസ്പദമായ പല നീക്കങ്ങളും ഇതിനിടയില്‍ നടക്കുന്നുണ്ടായിരുന്നു. നടക്കാന്‍ സാധ്യതയുണ്ടായിരുന്ന ആ അട്ടിമറിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളാര്? ചില സൂചനകള്‍ പറയാം. അതേ ആഴ്ച അലക്‌സാണ്ട്രിയയില്‍നിന്ന് ഉയര്‍ന്ന ഒരു പോലീസ് ഓഫീസറെ പിടികൂടിയിരുന്നു. ഇഖ്‌വാനെതിരെ നഗരത്തില്‍ പ്രകടനം നടത്തുകയും അവരുടെ ഓഫീസ് കത്തിക്കുകയും ചെയ്ത പ്രതിഷേധ പ്രകടനക്കാര്‍ക്ക് അയാള്‍ പണം വിതരണം ചെയ്യുന്നതിനിടക്കാണ് പിടികൂടിയത്. ഒടുവില്‍ ആ ഉദ്യോഗസ്ഥനെ വിട്ടയക്കുകയും ചെയ്തു. ഇത്തരക്കാരുടെ പിന്നിലാരെന്നത് സമസ്യയായി തുടരുകയാണ്.
മുഹമ്മദ് മഹ്മൂദ് തെരുവില്‍ ഉണ്ടായ സംഘട്ടനങ്ങള്‍ പരിശോധിക്കുക. മുന്‍ ഭരണകൂടത്തോട് കൂറുള്ള ചില ബിസിനസുകാര്‍ ഇതിനുപിന്നില്‍ കളിച്ചിട്ടുണ്ട്. അതുപോലെ മുന്‍സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘവും. ഇഖ്‌വാന്റെ ഓഫീസുകള്‍ അക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് നിസ്സംഗരായി നോക്കിനിന്നു എന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ രഹസ്യമായി വലിയൊരു നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വലിയൊരു ഉദ്യോഗസ്ഥന്‍ എന്നോട് പറയുകയുണ്ടായി. ഗള്‍ഫ് രാജ്യങ്ങളിലുള്ള ചില ഈജിപ്ഷ്യന്‍ ബിസിനസുകാരില്‍ നിന്നും അവര്‍ക്ക് പണം കിട്ടുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ പണത്തിന്റെ ഉറവിടം തിരിച്ചറിയാനാവില്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, പണം പെട്ടികളിലാക്കി ബൈഹാന്‍ഡായാണ് വരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രസിഡന്റിന്റെ ഉത്തരവ് തയാറാക്കുന്നതിലും ഗുരുതരമായ ചില പാകപ്പിഴവുകള്‍ വന്നിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രസിഡന്റിന്റെ ഏത് ഉത്തരവുകളും ചോദ്യം ചെയ്യപ്പെടാവതല്ല എന്നാണ് വാചക ഘടനയില്‍നിന്ന് മനസ്സിലാവുക. പ്രസിഡന്റിന്റെ എല്ലാ ഉത്തരവുകള്‍ക്കും പരിരക്ഷ (Immunity) ലഭിക്കും എന്നതാണ് ഇതിലടങ്ങിയ പ്രശ്‌നം. 'മൗലിക പ്രാധാന്യമുള്ള ഭരണഘടനാ സംബന്ധമായ ഉത്തരവുകള്‍' (Sovereign Decisions) എന്നാക്കി അത് മാറ്റേണ്ടിയിരുന്നു. ഇക്കാര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത് നല്ല ചുവടുവെപ്പാണ്.
ഈ ഉത്തരവിന്റെ കരട് തയാറാക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പുതന്നെ ചില വിദഗ്ധരെ ഏല്‍പിച്ചിരുന്നു. പക്ഷേ, അവര്‍ സമര്‍പ്പിച്ച കരടല്ല ഉത്തരവായി പുറത്തുവന്നത് എന്ന ആരോപണമുണ്ട്. ഈ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രതിഷേധവും രോഷവും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു ഉത്തരവ് പുറത്തിറക്കുക വഴി താന്‍ എന്താണ് ലക്ഷ്യമിടുന്നതെന്ന് പൊതു സമൂഹത്തെ മുന്‍കൂട്ടി അറിയിക്കുകയോ ബോധവല്‍ക്കരിക്കുകയോ ചെയ്തില്ല എന്നതാണ് മറ്റൊരു പാകപ്പിഴവ്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തന്റെ സാമൂഹിക സുരക്ഷാ പദ്ധതി പ്രഖ്യാപിക്കുന്നതിനുമുമ്പ് അത് ആദ്യം അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ചു കൊടുത്തു. പിന്നെ അതേക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അമേരിക്കന്‍ ജനതയോട് പ്രഭാഷണം നടത്തി. ആ പദ്ധതിയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഒബാമ തന്നെ പത്ത് സ്റ്റേറ്റുകളില്‍ പര്യടനം നടത്തുകയും ചെയ്തു. ഇത്തരമൊരു നയതന്ത്ര നീക്കം മുഹമ്മദ് മുര്‍സിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഉണ്ടായില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍