Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 8

മാതൃകാ മഹല്ല് പാളയത്തിന്റെ മാതൃക

പി.സി മുഹമ്മദ് കുട്ടി തിരുത്തിയാട്

പാളയം ജുമാ മസ്ജിദിനെക്കുറിച്ചുള്ള ലേഖനവും മൗലവി ജമാലുദ്ദീന്‍ മങ്കടയുമായുള്ള അഭിമുഖവും ശ്രദ്ധേയമായി. നമ്മുടെ മഹല്ലുകള്‍ എങ്ങനെ ആയിരിക്കണമെന്നും മഹല്ല് കമ്മിറ്റിയുടെ ഉത്തരവാദിത്വം എന്താണെന്നും ഈ അഭിമുഖം വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ മിക്ക പള്ളികളും സംഘടനാവത്കരിക്കപ്പെട്ടിരിക്കുന്നു. പള്ളികളുടെ പേരുകളില്‍ തുടങ്ങുന്നു ആ പ്രവണത. പളളി പരിസരമാകെ തന്നെ സംഘടനാ പ്രവര്‍ത്തനത്തിന്റെ അവശിഷ്ടങ്ങളായിരിക്കും കാണുക. പള്ളികമ്മിറ്റി ഒരു പ്രത്യേക വിഭാഗം ആളുകളെ മാത്രം ഉള്‍ക്കൊള്ളുന്നു. ഇമാം ആവട്ടെ സംഘടനയുടെ നേതാവും.
കാമ്പയിനുകള്‍, ആദര്‍ശ വിശദീകരണങ്ങള്‍, ഉള്‍പ്പിരിവുകളുടെ കോലാഹലങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പല പള്ളികളിലും കയറി ഭയഭക്തിയോടെ വുദൂഅ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
സംഘടനാ പ്രവര്‍ത്തനത്തിന് ഇന്ന് ഒട്ടേറെ സംവിധാനങ്ങളുണ്ട്. പള്ളികളെ അതില്‍നിന്നൊഴിവാക്കണം.
പാളയം ഇമാം പറഞ്ഞതുപോലെയുള്ള മഹല്ലുകള്‍ കേരളത്തില്‍ വളര്‍ന്നുവന്നാല്‍ എത്ര സുന്ദരമായിരിക്കും നമ്മുടെ നാട്. ആ ലേഖനവും അഭിമുഖവും എല്ലാ മഹല്ലുകള്‍ക്കും എത്തിക്കേണ്ടതുണ്ട്.

പി.എ.എസ് എറിയാട്
പഠനാര്‍ഹമായ ലേഖനങ്ങള്‍ കൊണ്ടും സാമുദായിക സൗഹാര്‍ദം വളര്‍ത്തുന്ന അഭിമുഖങ്ങളാലും വര്‍ത്തമാന സംഭവവികാസങ്ങളുടെ വസ്തുനിഷ്ഠമായ വിശകലനങ്ങളാലും വാരികയുടെ ഓരോ ലക്കവും സമ്പന്നമാകുന്നു.
കേരളീയ സാമൂഹികതയില്‍ സയ്യിദ് മൗദൂദിയെ അന്വേഷിക്കുമ്പോള്‍ എന്ന പി.ടി കുഞ്ഞാലിയുടെ ലേഖനം (ലക്കം 22) യഥാര്‍ഥ നവോത്ഥാന നായകനെ പരിചയപ്പെടുത്തുന്നതായി. നവോത്ഥാനത്തിന്റെ നൂറ്റാണ്ടാഘോഷങ്ങള്‍ തകൃതിയായി നടക്കുന്ന ഇക്കാലത്ത് വിശേഷിച്ചും. സാധാരണക്കാര്‍ക്ക് കൂടി എളുപ്പം മനസ്സിലാകുന്ന രീതിയില്‍ ഭാഷ ലളിതമായിരുന്നെങ്കില്‍ ആ ലേഖനം കൂടുതല്‍ വായനക്ഷമമാകുമായിരുന്നു.

പള്ളിപ്പുരകളെപ്പറ്റി ചിലതുകൂടി
മൈലാപ്പൂര് ശൗക്കത്താലി മൗലവിയുമായുള്ള അഭിമുഖം (ലക്കം 23) വിജ്ഞാനപ്രദമായി. തെക്കന്‍ കേരളത്തിലെ പള്ളിപ്പുരകളെപ്പറ്റിയുള്ള ഭാഗം കൗതുകത്തോടെയാണ് വായിച്ചത്. ഇത്തരം പള്ളിപ്പുരകളെ സംബന്ധിച്ച് ചില കാര്യങ്ങള്‍ പങ്കുവെക്കാനാണ് ഈ കുറിപ്പ്. ആശാന്‍ പള്ളിക്കൂടങ്ങളുടെ സ്വഭാവമായിരുന്നു പള്ളിപ്പുരകള്‍ക്ക്. സ്ലേറ്റിനു പകരം പലകയാണ് ഉപയോഗിച്ചിരുന്നത്. അതില്‍ ചെങ്കല്ലു കൊണ്ടെഴുതി വെള്ളം കൊണ്ട് മായ്ക്കുകയായിരുന്നു പതിവ്. വ്യവസ്ഥാപിത സ്വഭാവമില്ലാതിരുന്നതിനാല്‍ ഇവക്ക് സ്ഥായിയായ വരുമാന മാര്‍ഗമില്ലായിരുന്നു. 'വ്യാഴാഴ്ച കാശ്' എന്ന പേരില്‍ വ്യാഴാഴ്ചകളില്‍ വിദ്യാര്‍ഥികള്‍ നല്‍കിയിരുന്ന നാണയത്തുട്ടുകളായിരുന്നു ഏക വരുമാനം. ദരിദ്ര ഭവനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ അതും നല്‍കിയിരുന്നില്ല. എങ്കിലും പണത്തിനു കണക്കു പറയാറില്ല. ഹിന്ദുക്കള്‍ ആദ്യാക്ഷരം കുറിക്കുന്ന ദിവസം വെറ്റിലയില്‍ അറബി അക്ഷരങ്ങള്‍ എഴുതി വിദ്യാര്‍ഥികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുമായിരുന്നു. പകരം കുട്ടികള്‍ അവര്‍ക്ക് കൈമടക്കും നല്‍കും. ബറാഅത്ത് ദിവസം ബൈത്തുകള്‍ പാടി ചെല്ലുന്ന കുട്ടികള്‍ക്ക് വീട്ടുകാര്‍ മധുരവും മുല്ലാക്കക്ക് കൈമടക്കും നല്‍കുമായിരുന്നു.
ഇങ്ങനെ വല്ലപ്പോഴും കിട്ടിയിരുന്ന നാണയത്തുട്ടുകള്‍ മാത്രമായിരുന്നു ഇവരുടെ ഏക ആശ്രയം. സ്വന്തം വീടിന്റെ കോലായിലായിരുന്നു പല പള്ളിപ്പുരകളും. മുപ്പതിനടുത്ത് കുട്ടികളാണ് ഒരു പള്ളിപ്പുരയില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ പട്ടണത്തില്‍ ഇത്തരത്തിലുള്ള ഏതാനും മുല്ലാക്കമാരെ ഈ കുറിപ്പുകാരനറിയാം. ഏതാനും സ്ത്രീകളും ഇത്തരത്തില്‍ വീടുകളില്‍ പള്ളിപ്പുര നടത്തിയിരുന്നു. 1960-ല്‍ ആലപ്പുഴയിലെ വ്യവസായ കേന്ദ്രമായിരുന്ന കല്ലുപാലത്തിനടുത്ത് 'അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ' എന്ന വ്യവസ്ഥാപിത മദ്‌റസ സ്ഥാപിതമായതോടെ ക്രമേണ ഇത്തരം പള്ളിപ്പുരകള്‍ നിലച്ചുപോയി.
പി.എ.എം ശരീഫ് ആലപ്പുഴ 

പഴയ സത്യത്തിന്റെ പുതിയ സമര്‍പ്പണം
'കേരളീയ സാമൂഹികതയില്‍ സയ്യിദ് മൗദൂദിയെ അന്വേഷിക്കുമ്പോള്‍' എന്ന ലേഖനം ഒരു പഴയ സത്യത്തിന്റെ പുതിയ സമര്‍പ്പണമായി അനുഭവപ്പെട്ടു. കാലത്തിനൊപ്പം ഇസ്‌ലാമിനെ അതിന്റെ തനിമയോടെ സമര്‍പ്പിച്ച പ്രതിഭയായിരുന്നു സയ്യിദ് മൗദൂദി. അദ്ദേഹത്തിന്റെ ചിന്തയെ ചീത്ത വിളിക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇറങ്ങിത്തിരിച്ചവര്‍ ഇന്ന് എവിടെ നില്‍ക്കുന്നു എന്നോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. കേരളത്തിലെ ഒട്ടുമിക്ക മുസ്‌ലിം സംഘടനകളും മൗലാനാ മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയും തള്ളിപ്പറയുമ്പോഴും അറിയാതെ അംഗീകരിച്ചുകൊണ്ടിരിക്കുന്നു. ഇതുതന്നെയാണ് സയ്യിദ് മൗദൂദിക്കുള്ള കേരളത്തിന്റെ അംഗീകാരം.
നസീര്‍ പള്ളിക്കല്‍ രിയാദ് 

'സ്വന്തം' പള്ളികള്‍ അന്വേഷിക്കുന്നവരോട്
'ഇരുനൂറിന്റെ നിറവില്‍ പാളയം ജുമാ മസ്ജിദ്' എന്ന ലേഖനവും അഭിമുഖവും (ലക്കം 24) വളരെ സന്തോഷവും പ്രതീക്ഷയും നല്‍കുന്നു. ഇത്തരം മഹല്ലുകളും പള്ളികളും ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഒരു പ്രദേശത്ത് ഒരു സംഘം പ്രവര്‍ത്തനം തുടങ്ങി കുറച്ച് പ്രവര്‍ത്തകരൊക്കെ ആയിക്കഴിയുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്ന ഒന്നാണ് ഒരു പുതിയ പള്ളി. അങ്ങനെ പിരിവെടുത്തും മറ്റുമായി പള്ളി നിര്‍മിക്കും, ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകരൊക്കെ ആ പള്ളിയിലേക്ക് നമസ്‌കാരം മാറ്റും. തൊട്ടടുത്തുള്ള മഹല്ല് പള്ളിയെ ഒഴിവാക്കി അഞ്ചു വഖ്ത് നമസ്‌കാരം അവിടെ. നാട്ടില്‍ പോവുമ്പോഴൊക്കെ നമസ്‌കരിക്കാന്‍ ഇറങ്ങിയാല്‍, നമ്മുടെ പള്ളി അപ്പുറത്തുണ്ട് എന്ന് പ്രത്യേകം പറഞ്ഞുതരും. അങ്ങനെ ബന്ധങ്ങളൊക്കെ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ ഒതുങ്ങും. മറ്റു ബന്ധങ്ങള്‍ സ്‌ക്വാഡുകളിലും സമ്മേളനങ്ങളിലും മാത്രമാവും. വീടിന് തൊട്ടടുത്തുള്ള പള്ളിയില്‍ പോവുകയും നാട്ടുകാരുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നതല്ലേ ഇസ്‌ലാമിക പ്രവര്‍ത്തകന് ഏറ്റവും അനുയോജ്യം?
മുനീര്‍ ജലാലുദ്ദീന്‍ ദോഹ, ഖത്തര്‍ 

വ്യക്തിപരിചയങ്ങള്‍ വേണം
കാലത്തിന്റെ ഭാഷയില്‍ ഇസ്‌ലാമിന് വേണ്ടി ലോകത്തോട് സംവദിച്ച പ്രബോധകനായിരുന്ന അബ്ദുല്‍ ഹഖ് അന്‍സാരി സാഹിബിനെക്കുറിച്ച അനുസ്മരണങ്ങള്‍ വായിച്ചു. മതപണ്ഡിതരും പ്രതിഭാശാലികളുമൊക്കെ മരണപ്പെട്ടാല്‍ അവരെക്കുറിച്ച് ദീര്‍ഘമായ ലേഖനങ്ങളും ചിലപ്പോള്‍ സ്‌പെഷ്യല്‍ പതിപ്പുമൊക്കെ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തരം വിശിഷ്ട വ്യക്തികള്‍ ജീവിച്ചിരിക്കുമ്പോള്‍ അവരുടെ അറിവിനെക്കുറിച്ചും കഴിവുകളെപ്പറ്റിയും നാം അജ്ഞരുമായിരിക്കും.
അത്തരം പ്രഗത്ഭരെ അവരുടെ ജീവിതകാലത്ത് തന്നെ പരിചയപ്പെടുവാനും, അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ അറിയുവാനും അവസരമുണ്ടാവുകയെന്നത് പ്രബോധനം വായനക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമായിരിക്കും.
പി.പി ഇഖ്ബാല്‍, ദോഹ 

കെ.എം മുനീര്‍ ആലുവ
പാളയം ജുമാ മസ്ജിദിന്റെ ചരിത്രവും ഇമാമുമായുള്ള അഭിമുഖവും (ലക്കം 23) ശ്രദ്ധേയമായി. തെക്കന്‍ മേഖലയിലെ ഇസ്‌ലാമിന്റെ ഇടപെടലും മുസ്‌ലിം സമുദായത്തിന്റെ ഒത്തൊരുമയും തീര്‍ച്ചയായും മാതൃകാ യോഗ്യവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. പാളയം മസ്ജിദില്‍ ഇമാമുമാരായി സേവനമനുഷ്ഠിച്ചവരുടെ പേരുകളുടെ കൂട്ടത്തില്‍ ലേഖകന്‍ വിട്ടുപോയ ഒരു പേര് ഓര്‍മിപ്പിക്കട്ടെ. ഇടക്കാലത്ത് ഇമാമുമാരായിരുന്നവരില്‍ ഇപ്പോള്‍ എറണാകുളം ബ്രോഡ്‌വേ ജുമാ മസ്ജിദില്‍ ഖത്വീബായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന മുഹമ്മദ് റഫീഖ് മൗലവിയും ഉള്‍പ്പെടും. ഇമാമായി 1970 മുതല്‍ ഒന്നര വര്‍ഷക്കാലം അദ്ദേഹം പാളയം പള്ളിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാളയം ജുമാ മസ്ജിദിന്റ മാതൃക
മൗലവി ജമാലുദ്ദീന്‍ മങ്കടയുമായുള്ള അഭിമുഖം ചിന്തോദ്ദീപകവും ആവേശദായകവുമായി. മഹല്ലുകള്‍ മാനവികതയുടെ നവോത്ഥാന കേന്ദ്രങ്ങള്‍ ആവേണ്ടതുണ്ട്. അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ക്കും വിവാഹ-മരണ കാര്‍മികത്വത്തിനും അപ്പുറം മനുഷ്യ സമൂഹത്തില്‍ ഒന്നുംതന്നെ ഈ അംബര ചുംബികളായ മിനാരങ്ങള്‍ക്ക് നിര്‍വഹിക്കാനില്ല എന്ന വിചാരം നമ്മില്‍ ആര് നിറച്ചതാണ്? അവിടെയാണ് കേരളത്തിന്റെ രാജനഗരിയിലെ പാളയം പള്ളിയും അവിടത്തെ ഇമാമും അതിന്റെ ചരിത്ര ദൗത്യം നിര്‍വഹിക്കുന്നത് നാം കാണുന്നത്.
ഇസ്‌ലാമിക നേതൃത്വത്തിന്റെ ജൈവികതയും സര്‍ഗാത്മകതയും പാളയം പള്ളിയില്‍ പുലരുന്നത് കൊണ്ടാണല്ലോ എല്ലാ വിഭാഗം പണ്ഡിത സമൂഹവും ആ വര്‍ണരാജിയുടെ സൗന്ദര്യം ആസ്വദിക്കുകയും അകം നിറയെ അംഗീകരിക്കുകയും ചെയ്യുന്നത്. കേരളത്തിലെ എല്ലാ മഹല്ലുകളും അടിയന്തരമായി നടപ്പിലാക്കേണ്ട പ്രവര്‍ത്തന പദ്ധതി ഈ അഭിമുഖത്തില്‍നിന്ന് രൂപപ്പെടേണ്ടതുണ്ട്.
സാക്കിര്‍ പുളിക്കലകത്ത് ആലപ്പുഴ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍