Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 8

പ്രബോധനം എന്നെ വഴിനടത്തുകയായിരുന്നു

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍

'ചെന്നായ വളര്‍ത്തിയ കുട്ടി' എന്നു കേട്ടിട്ടില്ലേ. അതുപോലെ പ്രബോധനം വളര്‍ത്തിയ കുട്ടിയാണ് ഞാന്‍ എന്നുപറയുന്നതില്‍ അഭിമാനമുണ്ട്. പത്താം വയസ്സില്‍ വാപ്പയാണ് പ്രബോധനം കൈയില്‍ വെച്ചുതന്നത്. തൊട്ടടുത്ത യു.ബസാറിലെ ഹംദര്‍ദ് ഹല്‍ഖയുടെ വാരാന്തയോഗത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ കൂടെ ഞാനുമുണ്ടാവും. യോഗം പിരിഞ്ഞു തിരിച്ചുവരുമ്പോള്‍ അന്നു കിട്ടിയ പ്രബോധനം എന്റെ കൈയിലേല്‍പ്പിക്കും. അന്നു തുടങ്ങിയ ബന്ധമാണ് പ്രബോധനവുമായി. നാള്‍ ചെല്ലുന്തോറും അത് വളര്‍ന്നുവന്നു. വാപ്പാക്ക് ഒരു ചെറിയ ലൈബ്രറിയുണ്ടായിരുന്നു. അതില്‍ പ്രബോധനം പ്രഥമ ലക്കം മുതല്‍ ബൈന്റു ചെയ്തു സൂക്ഷിച്ചിരുന്നു. അതുകൊണ്ട് ഞാന്‍ വായന തുടങ്ങുന്നതിനുമുമ്പുള്ള ലക്കങ്ങളൊക്കെ വായിക്കാനായി. വാപ്പ മാത്രമല്ല, ജ്യേഷ്ഠാനുജന്മാരും കുടുംബം മുഴുക്കെയും ജമാഅത്ത് പ്രവര്‍ത്തകരായിരുന്നു. ഒരു ലക്കം കിട്ടാന്‍ വൈകിയാല്‍ എല്ലാവരും അന്യോന്യം അന്വേഷിക്കുകയും തേടിപ്പിടിച്ചു കൊണ്ടുവരികയും പതിവായിരുന്നു. വീട്ടില്‍ ഒറ്റക്കായിരിക്കെ എന്നും എന്റെ കൂട്ടുകാരനായിരുന്നു പ്രബോധനം. ചില നേരങ്ങളില്‍ ആദ്യം ആരു വായിക്കും എന്ന തര്‍ക്കത്തിനു പരിഹാരമായി കൂട്ടായും വായിക്കുമായിരുന്നു. ഈ സമ്പ്രദായം പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന ബീഡി കമ്പനികളിലും പതിവായിരുന്നു. കൂട്ടത്തിലൊരാളുടെ ജോലി വായനയാണ്. അയാളുടെ അന്നത്തെ വല്ലി എല്ലാവരും ചേര്‍ന്നു കൊടുക്കും. ആദ്യകാലത്ത് കൊടുങ്ങല്ലൂരിന്റെ ഭാഗമായ എറിയാട്, അഴീക്കോട്, ചന്തപ്പുര, പേബസാര്‍, യു.ബസാര്‍, എടവിലങ്ങ്, കാതിയാളം തുടങ്ങി സമീപ പ്രദേശങ്ങളിലൊക്കെ ജമാഅത്ത് ഘടകങ്ങള്‍ ഉണ്ടായിരുന്നു. അതിലെ മെമ്പര്‍മാരിലധികപേരും ബീഡിത്തൊഴിലാളികളായിരുന്നു. മിക്കവരും മുന്‍കാല കമ്യൂണിസ്റ്റുകളോ സോഷ്യലിസ്റ്റുകളോ ആയിരുന്നു. വായനാശീലം നേരത്തെയുണ്ടായിരുന്നു. അന്നു പ്രസിദ്ധീകരിച്ചിരുന്ന പ്രമുഖ ദിനപത്രങ്ങള്‍ കമ്പനിയില്‍ വരുത്തും. പ്രഭാതം മുതല്‍ ഒരാള്‍ വായനക്കിരിക്കും. ചിലപ്പോള്‍ ഊഴമിട്ടായിരിക്കും വായന തുടരുക. വായനാശീലം അവരുടെ വിജ്ഞാനത്വരയെ വികസ്വരമാക്കി. ദിനപത്രങ്ങള്‍ മാത്രമല്ല, ആനുകാലികങ്ങളും വായിച്ചിരുന്നുവെന്നു മാത്രമല്ല, ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകളും നടക്കുമായിരുന്നു. ഇക്കൂട്ടത്തില്‍ കേരള കൗമുദി പത്രവും കൗമുദി വാരികയും താല്‍പര്യപൂര്‍വം വായിച്ചുപോന്നു. മറ്റു പത്രങ്ങളെ അപേക്ഷിച്ച് കേരള കൗമുദിയുടെ എഡിറ്റോറിയലുകളും കൗമുദിയില്‍ ബാലകൃഷ്ണന്‍ എഴുതിക്കൊണ്ടിരുന്ന 'ചൂടും വെളിച്ചവും' എന്ന പംക്തിയും, പി.കെ ബാലകൃഷ്ണന്റെ ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുസ്‌ലിംകളും സാമാന്യ ദീനിചിട്ടയുള്ളവരുമായ ബീഡിത്തൊഴിലാളികള്‍, മിക്കവരും നടേ പറഞ്ഞപോലെ കമ്യൂണിസ്റ്റുകളോ സോഷ്യലിസ്റ്റുകളോ ആയിരുന്നു. അവര്‍ക്കിടയിലേക്ക്, ചരിത്രത്തിലാദ്യമായി ഭാഷയുടെ ഗരിമ കൊണ്ടും ആശയ ഗാംഭീര്യം കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന പ്രബോധനം കടന്നുവന്നപ്പോള്‍ അതവരെ വല്ലാതെ ആകര്‍ഷിച്ചു. തങ്ങള്‍ തേടിക്കൊണ്ടിരുന്ന എന്തോ ഒന്ന് കണ്ടെത്തി എന്ന നിലയിലാണ് അവരതിനെ സ്വീകരിച്ചത്. സമൂഹത്തിലെ സാധാരണക്കാരെങ്കിലും, നല്ലവരും മനുഷ്യസ്‌നേഹികളുമായ അവരുടെ മനസ്സില്‍ ഉയര്‍ന്നുനിന്നിരുന്ന ഒരു സമസ്യയുടെ പരിഹാരം കൂടിയായിരുന്നു അത്. വിപ്ലവകാരികളായ അവരെ അലട്ടിയിരുന്നത് മതവും കമ്യൂണിസവും തമ്മിലെ വൈരുധ്യമായിരുന്നു. അതുകൊണ്ടുതന്നെ വിപ്ലവം തലക്കുകയറിയ അവരില്‍ പലരും നിരീശ്വരവാദികളും യുക്തിവാദികളുമായി മാറി. പ്രബോധനം അവര്‍ക്കു മുമ്പില്‍ ഒരു പുതിയ വെളിച്ചമായാണ് കടന്നുവന്നത്. മതവും മനുഷ്യമോചനവും തമ്മില്‍ ഏറ്റുമുട്ടേണ്ടതില്ല. കമ്യൂണിസം കണ്ടെത്തിയതില്‍നിന്നു ഭിന്നമായി, കേവലം ആചാരോപചാരങ്ങളുടെയും ആരാധനയുടെയും പരിമിത വൃത്തത്തിനപ്പുറത്ത് ഇസ്‌ലാം ഒരു വിപ്ലവ ദര്‍ശനമാണെന്നും മനുഷ്യ ജീവിതത്തിന്റെ സമ്പൂര്‍ണമായ പരിവര്‍ത്തനമാണ് അതിന്റെ ലക്ഷ്യമെന്നും അന്നാദ്യമായി പ്രബോധനം അവര്‍ക്കു പറഞ്ഞുകൊടുത്തു. കമ്യൂണിസ്റ്റുകളും പ്രബോധനത്തിന്റെ സന്ദേശത്തില്‍ ആകൃഷ്ടരായവരും തമ്മില്‍ ഉഗ്രന്‍ വാദപ്രതിവാദങ്ങള്‍ നടന്നുപോന്നു. കാലക്രമത്തില്‍ അവരില്‍ പലരും ചിലയിടങ്ങളില്‍ മിക്കവരും ജമാഅത്ത് അനുഭാവികളായി മാറി. അത് അവരുടെ ജീവിതത്തെയാകെ അടിമുടി മാറ്റിമറിച്ചു. ഇവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രത്യേകം നന്ദി പറയണം. മതം അന്ധവിശ്വാസങ്ങളുടെ മാറാപ്പായി, അറിവിനോടും വിജ്ഞാനത്തോടും മുഖംതിരിച്ചുനിന്ന മുസ്‌ലിം സമുദായാംഗങ്ങള്‍ക്കിടയില്‍ വായനാശീലവും പുരോഗമന ചിന്തയും വിജ്ഞാനതൃഷ്ണയും കരുപ്പിടിപ്പിച്ചത് അവരാണ്. കുറെ പേരെങ്കിലും ഒരു ഘട്ടത്തില്‍ നിരീശ്വരത്വത്തിലേക്ക് വഴുതിവീണ ദുരന്തം അതിന്റെ ദോഷവശമാണെങ്കിലും അവരിലധികപേരും പിന്നീട് ഇസ്‌ലാമിലേക്കും പ്രസ്ഥാനത്തിലേക്കും കടന്നുവന്നു.
ഇക്കഥ ഇവിടെ വിശദീകരിച്ചത് പ്രബോധനവും പ്രസ്ഥാനവും അവരിലെന്തു മാറ്റമാണുണ്ടാക്കിയത് എന്നു സൂചിപ്പിക്കാനാണ്. പ്രബോധനം വൈജ്ഞാനികമായും ബുദ്ധിപരമായും അവരെ വളര്‍ത്തുകയായിരുന്നു. അഷ്ടിക്കുവേണ്ടി ബീഡിമുറം കൈയിലെടുത്തവരും അല്ലാത്തവരുമായ സാധാരണക്കാര്‍ പ്രഗത്ഭരായ പ്രാസംഗികരും എഴുത്തുകാരും വിപ്ലവകാരികളുമായി രംഗത്തുവരുന്ന കാഴ്ച അഭിമാനകരമായിരുന്നു. പേരെടുത്തു പറയാന്‍ അനേകരുണ്ട്. കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ്, തിരൂരിലെ എം. അബ്ദുര്‍റഹ്മാന്‍ സാഹിബ്, തലശ്ശേരി സി. അബ്ദുര്‍റഹ്മാന്‍ സാഹിബ്, പുന്നപ്ര അബ്ദുല്‍ അസീസ് സാഹിബ്, ദീര്‍ഘകാലം ബോംബെ മലയാളി ഹല്‍ഖക്ക് നേതൃത്വം കൊടുത്ത കോന്നത്തുകുന്നിലെ ബഷീറുദ്ദീന്‍ സാഹിബ്, പള്ളുരുത്തി സി.കെ കോയ സാഹിബ്, തായിക്കാട്ടുകര ടി.കെ മുഹമ്മദ് സാഹിബ്, പള്ളിക്കര കെ.ഇ സെയ്തു സാഹിബ് തുടങ്ങി ഒട്ടനേകം പേര്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വളര്‍ന്നുവന്നു. അവരില്‍ കച്ചവടക്കാരുണ്ടായിരുന്നു, കൃഷിക്കാരുണ്ടായിരുന്നു, ബീഡിത്തൊഴിലാളികളുണ്ടായിരുന്നു, അധ്യാപകരുമുണ്ടായിരുന്നു. അവരുടെ പണിശാലകളും പാഠശാലകളും കൃഷിയിടങ്ങളും വ്യാപാര കേന്ദ്രങ്ങളും ചര്‍ച്ചാവേദികളായി മാറി. പ്രബോധനവും പ്രസ്ഥാനവും സൃഷ്ടിച്ചെടുത്ത ആ പ്രവര്‍ത്തകര്‍ ഏതു പ്രശ്‌നത്തെക്കുറിച്ചും ആര്‍ജവത്തോടെയും ആത്മവിശ്വാസത്തോടെയും ചര്‍ച്ച ചെയ്തു. ഇസ്‌ലാമിനെ പുതിയ ലോകത്തിന്റെ ദര്‍ശനമായി അവതരിപ്പിക്കുന്നതില്‍ അവര്‍ക്ക് വെളിച്ചവും വഴികാട്ടിയുമായി പ്രബോധനം മുന്നില്‍ നടന്നു.
പ്രബോധനവുമായി ബന്ധപ്പെട്ട് എന്റെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരുപാട് ചിത്രങ്ങളുണ്ട്. അതിന്റെ ഉച്ചിയില്‍ ഹാജി സാഹിബും കെ.സിയുമൊക്കെയാണെങ്കില്‍ ഇങ്ങേതലക്കല്‍ സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവര്‍ത്തകരാണ്. എല്ലാവരിലും പൊതുവായി കണ്ട ഒരു പ്രത്യേകത അവര്‍ പ്രബോധനത്തെ ജീവന്റെ ജീവനായി കരുതി അതിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും വേണ്ടി കൈമെയ് മറന്നു പണിയെടുത്തു എന്നതാണ്. പ്രബോധനത്തിന്റെ പ്രചാരണത്തിനും വളര്‍ച്ചക്കുംവേണ്ടി അവര്‍ കാണിച്ച ഇഛാശക്തിയും അര്‍പ്പണബോധവും അനുപമമാണ്. അവരില്‍ പ്രസ്ഥാന നേതാക്കളുണ്ട്. പ്രബോധനത്തിന്റെ പത്രാധിപന്മാരുണ്ട്. ഏജന്റുമാരുണ്ട്. പ്രസ്സിലെ ജീവനക്കാരുണ്ട്. നാട്ടിലെമ്പാടുമുള്ള സാധാരണ പ്രവര്‍ത്തകരുണ്ട്. പ്രബോധനം കാലത്തോടൊപ്പം വളര്‍ന്നു പന്തലിച്ചുവെന്നത് ചരിത്രസത്യം. അത് ഒരു യാദൃഛിക സംഭവമായിരുന്നില്ല. അത് അറിയണമെങ്കില്‍ അറുപതു വര്‍ഷം മുമ്പത്തെ കേരളത്തിലേക്ക് തിരിഞ്ഞുനോക്കണം. അന്ന് കേരളത്തിലെ മതം ഒന്നുകില്‍ ഒരുപിടി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് കാടുമൂടിയതായിരുന്നു. അല്ലെങ്കില്‍ ആരാധനയിലും ആത്മീയതയിലും ഒതുങ്ങിയതായിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും മുറക്ക് നടന്നുകൊണ്ടിരുന്നു. ഇസ്‌ലാമിനെ ഒരു ജീവിതദര്‍ശനമായും സമ്പൂര്‍ണ ജീവിത വ്യവസ്ഥയായും വിമോചന പ്രസ്ഥാനമായും, കാലത്തിന്റെയും ലോകത്തിന്റെയും മാറ്റങ്ങള്‍ക്കൊപ്പം വികാസക്ഷമമായും സമര്‍പ്പിച്ചുകൊണ്ട് കേരളീയ സമൂഹത്തില്‍ കാലത്തിനു മുമ്പേ നടക്കാന്‍ അതിനെ പ്രാപ്തമാക്കിയത് അതിന്റെ ആള്‍ക്കാര്‍ അതിനുവേണ്ടി ജീവിച്ചുവെന്നതാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിത്തറയില്‍ നിന്നുകൊണ്ട് സമകാലീന സമൂഹം അഭിമുഖീകരിക്കുന്ന മൗലിക സമസ്യകള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന പ്രബോധനം, കടന്നുപോന്ന നാളുകളിലൊക്കെ സമുദായത്തിനകത്തുനിന്നും പുറത്തുനിന്നും കടുത്ത എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് വളര്‍ന്നത്. ഒരര്‍ഥത്തില്‍ എതിരാളികളാണ് അതിനെ വളര്‍ത്താന്‍ സഹായിച്ചത്.
ഹാജി സാഹിബിനെക്കുറിച്ച് ജനാബ് ഹാഷിം ഹാജി പറഞ്ഞ കഥ ഇങ്ങനെ: പണ്ടൊക്കെ പത്രം അടിക്കാനുള്ള ന്യൂസ് പ്രിന്റ് ക്വാട്ട കൊച്ചിയിലെ എസ്.ടി.സി ഗോഡൗണില്‍നിന്ന് എടുക്കണമായിരുന്നു. ഒരിക്കല്‍ ഹാജി സാഹിബ് ന്യൂസ് പ്രിന്റ് എടുക്കാന്‍ എറണാകുളത്തെത്തി. ക്വാട്ടയുടെ കടലാസുമായി ഹാഷിം ഹാജി എസ്.ടി.സി ഗോഡൗണിലെത്തി. ന്യൂസ് പ്രിന്റ് കിട്ടാതെ തിരിച്ചുവന്ന അദ്ദേഹം ഹാജി സാഹിബിനോടു പറഞ്ഞു: 'കൈക്കൂലി കൊടുത്താല്‍ കിട്ടാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു.' ഹാജി സാഹിബിന്റെ മറുപടി: 'അത്തരം അനീതികളെ എതിര്‍ക്കാനാണല്ലോ നാം പത്രം തുടങ്ങിയത്.' അങ്ങനെയെങ്കില്‍ നമുക്ക് പത്രക്കടലാസ് വേണ്ട എന്നുപറഞ്ഞ് ഹാജി സാഹിബ് തിരിച്ചുപോയി. തത്ത്വങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടായിരുന്നു പ്രസ്ഥാനത്തിന്റെയും പ്രബോധനത്തിന്റെയും കരുത്ത്. പ്രബോധനത്തിന് പ്രസ്സ് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതിനു പണം കണ്ടെത്താന്‍ പ്രയാസപ്പെട്ടു നില്‍ക്കുന്ന ഘട്ടത്തില്‍ സ്വന്തം കീശയില്‍നിന്ന് പണമെടുത്ത് പ്രസ്സ് വാങ്ങിക്കൊടുത്ത പള്ളുരുത്തി ഹാജിയാണ് മറ്റൊരു അത്ഭുതം. പ്രസ്ഥാനത്തിനുവേണ്ടി ഉള്ളതെല്ലാം അര്‍പ്പിക്കാന്‍ തയാറായ സന്നദ്ധ ഭടന്‍. പള്ളുരുത്തി ഹാജിയുടെ വാര്‍ധക്യത്തില്‍ മകളും മരുമകനും മക്കളും ഒരുമിച്ച് സുഊദിയില്‍ അപകടത്തില്‍പെട്ടു മരിച്ചപ്പോള്‍, വാര്‍ത്തയറിഞ്ഞു ദുഃഖിതരായി സമാശ്വസിപ്പിക്കാന്‍ ചെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുമ്പില്‍, വന്നവരെ ആശ്വസിപ്പിച്ചുകൊണ്ട് ദൃഢചിത്തനായി പള്ളുരുത്തി ഹാജി പറഞ്ഞു. 'അല്ലാഹു തന്നു. അവന്‍ തിരിച്ചെടുത്തു. അതിന്ന് നിങ്ങള്‍ എന്തിനു സങ്കടപ്പെടണം.' റബ്ബിന്റെ വിധി സന്തോഷത്തോടെ, ശാന്തമനസ്സായി ഏറ്റുവാങ്ങിയ ആ വയോധികന്റെ വിശ്വാസദാര്‍ഢ്യവും മനഃശക്തിയും അപാരമായിരുന്നു. ഏതാണ്ട് ഇതേ കിടയിലുള്ളവരായിരുന്നു, ഇരിക്കൂറിലെ മാമുഹാജിയും കുറ്റിയാടിയിലെ ബാവാച്ചി ഹാജിയും.
കൊടുങ്ങല്ലൂര്‍ പ്രദേശത്ത് ആദ്യ കാലങ്ങളില്‍ പ്രബോധനം വിതരണം നടത്തിയിരുന്നത് കുറ്റിപ്പുഴ പി.കെ മുഹമ്മദ് മൗലവിയായിരുന്നു. സൈക്കിളില്‍ പ്രബോധനം കെട്ടുമായി എത്തുന്ന വെളുത്തു മെലിഞ്ഞ പി.കെ യുടെ ചിത്രം മനസ്സില്‍ മായാതെ നില്‍ക്കുന്നു. കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളില്‍ ആദ്യകാലത്ത് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതില്‍ പി.കെയുടെ ക്ലാസ്സുകളും പരിപാടികളും പ്രബോധനത്തിന്റെ പ്രചാരണത്തിനായുള്ള ഊരുചുറ്റലുകളും നിര്‍ണായകമായിരുന്നു. ആ ഗണത്തില്‍പെടുന്ന അനേകരുണ്ട്. കൈപ്പമംഗലത്തെ പി.വി അബ്ദുര്‍റഹ്മാന്‍ ഹാജി, എടപ്പാളിലെ താജുദ്ദീന്‍ സാഹിബ്, സി.കെ കോയ സാഹിബ് തുടങ്ങി പ്രബോധനം വിതരണം ചെയ്തിരുന്ന ആദ്യകാല പ്രവര്‍ത്തകര്‍ മിക്കവരും സഹിച്ച ത്യാഗത്തിനും കഷ്ടപ്പാടുകള്‍ക്കും കണക്കില്ല. ഇന്നത്തെ പോലെയായിരുന്നില്ല അന്ന്. എതിര്‍പ്പുകളും ഭീഷണികളും അവഹേളനങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒരന്തരീക്ഷത്തിലാണ് തങ്ങള്‍ നെഞ്ചേറ്റിയ ആദര്‍ശത്തിന്റെ പ്രചാരണത്തിനായി എല്ലാം മറന്ന് അവര്‍ പണിയെടുത്തത്. ഇന്ന് പ്രബോധനം വില്‍പനയെയോ പ്രചാരണത്തെയോ ആരും തടസ്സപ്പെടുത്തുന്നില്ല. ഇന്ന് ഏജന്‍സി എടുത്തവര്‍ക്കും പ്രചാരണത്തിനിറങ്ങുന്നവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ കൊടുക്കാറുണ്ട്. അന്ന് വരിക്കാരില്‍നിന്ന് കാശുകിട്ടാതെ, ഭാര്യയുടെ പണ്ടം പണയം വെച്ചവരും കടം കൊണ്ടവരും അക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ഒരു ഇന്‍സെന്റീവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാഹുവിന്റെ പ്രീതി. സത്യദീനിന്റെ വിജയ പ്രതീക്ഷ.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം ബോധ്യമാവും. അവരുടെ ത്യാഗവും അര്‍പ്പണവും പാഴായിട്ടില്ല. സര്‍വശക്തന്റെ അനുഗ്രഹത്താല്‍ അവര്‍ നട്ടുനനച്ച ഫലവൃക്ഷം ഇന്ന് വളര്‍ന്ന് പന്തലിച്ചു തണലും മധുരഫലങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നു. കരുണാവാരിധിയായ നാഥന്‍ അവരെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ.
പ്രബോധനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അര്‍പ്പണബോധവും ത്യാഗസന്നദ്ധതയും സംബന്ധിച്ചാണ് ഇതുവരെ പറഞ്ഞത്. അതോടൊപ്പം, അതിനേക്കാളേറെ പ്രബോധനത്തെ കാലത്തിനു മുന്നില്‍ നടക്കാന്‍ സഹായിച്ചത് അതിന്റെ ഉള്‍ക്കരുത്തായിരുന്നു. അന്നുവരെ മലയാളിസമൂഹം നടന്നുശീലിച്ചിട്ടില്ലാത്ത ഒരു വഴിയിലൂടെയാണ് പ്രബോധനം നടന്നത്. അതുകൊണ്ടുതന്നെ അതിന് ഒരുപാട് ശത്രുക്കളുണ്ടായി. യാഥാസ്ഥിതികരും ഉല്‍പതിഷ്ണുക്കളും സാമുദായികവാദികളും ദേശീയവാദികളും കമ്യൂണിസ്റ്റുകളും യുക്തിവാദികളും മോഡേണിസ്റ്റുകളും പുത്തന്‍ പ്രവാചകത്വവാദക്കാരുമൊക്കെ അതിനെ കണ്ണിലെ കരടായി കണ്ടു. എല്ലാ പ്രകോപനങ്ങളെയും അത് സമചിത്തതയോടെ ചെറുത്തു. അന്നുവരെ മതപ്രസിദ്ധീകരണങ്ങള്‍ കാണിക്കാത്ത ബുദ്ധിപരമായ സത്യസന്ധതയും മാന്യതയും അതു കാത്തുസൂക്ഷിച്ചു. കഴിഞ്ഞ അറുപത്തിമൂന്നു വര്‍ഷക്കാലത്തെ പ്രബോധനത്തിന്റെ താളുകള്‍ അതിനു സാക്ഷിയാണ്. എതിരാളികളുടെ വാദമുഖങ്ങള്‍ പതിരില്ലാതെ അവതരിപ്പിച്ചു. ആശയപരമായ എതിര്‍പ്പുകളെ ആശയപരമായി നേരിട്ടു. മാന്യതക്ക് നിരക്കാത്ത ഒരു വരിപോലും എഴുതിയില്ല. അങ്ങനെ എല്ലാ എതിര്‍പ്പുകളെയും ഭര്‍ത്സനങ്ങളെയും അതിജീവിച്ച്, അനുയായികള്‍ക്കും എതിരാളികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പ്രസിദ്ധീകരണമായി അതുവളര്‍ന്നു. എന്നല്ല, മതപ്രസിദ്ധീകരണങ്ങളുടെ ഭാഷയും ശൈലിയും സമീപനരീതിയുമൊക്കെ അവരറിയാതെ മാറ്റിത്തീര്‍ത്തു. കാലത്തിനും ലോകത്തിനും മുമ്പില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ അതാവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു പ്രബോധനം.
അന്നുവരെ അടഞ്ഞ വാതിലിനകത്തുണ്ടായിരുന്ന ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പൊതുസമൂഹത്തിന്റെ മുമ്പില്‍ തുറന്നുവെച്ചു പ്രബോധനം. അന്യമതസ്ഥരായ സഹോദരന്മാര്‍ക്കു പ്രാപ്യമായ ഭാഷയിലും ശൈലിയിലും ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും അവതരിപ്പിച്ചു. ഇസ്‌ലാമിന്റെ വാതിലുകള്‍ കേരളീയ സമൂഹത്തിനുനേരെ തുറന്നിട്ടു. അവര്‍ക്ക് പറയാനുള്ളത് കേട്ടു. ഇത് ഒരു വലിയ മാറ്റമായിരുന്നു. കേരളീയ പൊതുധാരയില്‍ നിന്ന് ഒറ്റപ്പെട്ടു കിടന്നിരുന്ന മുസ്‌ലിം സമുദായത്തെ സമൂഹത്തോടു ചേര്‍ത്തുനിര്‍ത്തി. അന്യമതങ്ങള്‍ക്ക് മുമ്പില്‍ ഇസ്‌ലാമിന്റെ വ്യതിരിക്തത തെളിയിച്ചു കാട്ടി. ഒരു ജീവിതദര്‍ശനമെന്ന നിലക്ക് അതിനെ പരിചയപ്പെടുത്തി. എല്ലാവരും ധരിച്ചുവെച്ചതില്‍ നിന്നു ഭിന്നമായി ഇസ്‌ലാമിന്റെ സമഗ്രതയും സമ്പൂര്‍ണതയും വിമോചന മുഖവും ന്യായങ്ങളുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ സമര്‍ഥിച്ചു. പയ്യെ പയ്യെ മുസ്‌ലിം സമുദായത്തിനകത്തുനിന്നും പുറത്തുനിന്നും പ്രബോധനത്തെ സ്‌നേഹിക്കുകയും അതിന്റെ ആശയങ്ങളോടു കൂറുപുലര്‍ത്തുകയും ചെയ്യുന്ന വന്‍ അനുയായി വൃന്ദത്തെ സൃഷ്ടിച്ചെടുത്തു. പ്രബോധനത്തോടും അതിന്റെ കാഴ്ചപ്പാടുകളോടും വിയോജിപ്പു നിലനില്‍ക്കെതന്നെ, അതിന്റെ വ്യക്തിത്വവും പ്രസക്തിയും കേരളീയ സമൂഹത്തില്‍ അത്തരമൊരു പ്രസിദ്ധീകരണത്തിന് നിര്‍വഹിക്കാനുള്ള ദൗത്യവും തിരിച്ചറിഞ്ഞു അതിനോടു സഹകരിക്കാനും ലേഖനങ്ങള്‍ എഴുതാനും മുന്നോട്ടുവന്ന അനേകരുണ്ട്. കടുത്ത എതിരാളികള്‍ക്കുപോലും വിമര്‍ശിക്കാന്‍ എന്നതുപോലെ, പഠിക്കാനും പകര്‍ത്താനും അറിവിന്റെ അക്ഷയനിധിയായി അതു വര്‍ത്തിച്ചു. അങ്ങനെ കേരളീയ മനഃസാക്ഷിയുടെ താല്‍പര്യവുമായി മാറി പ്രബോധനം.
മുസ്‌ലിം സമുദായത്തിനു മുമ്പില്‍ അന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ഒരിസ്‌ലാമിനെയാണ് പ്രബോധനം പരിചയപ്പെടുത്തിയത്. ഒരര്‍ഥത്തില്‍ അന്ധവിശ്വാസങ്ങളുടെ ഇരുള്‍പടര്‍പ്പില്‍ മുസ്‌ലിം സമൂഹം മറന്ന, എന്നാല്‍ കേരളത്തിലെയും ലോകത്തെല്ലായിടത്തെയും മുസ്‌ലിം സമൂഹം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച ഇസ്‌ലാമിന്റെ വിമോചന മുഖം പുനഃസ്ഥാപിക്കുകയാണ് അതു ചെയ്തത്. മതവും പള്ളിയും പുരോഹിതന്മാര്‍ക്കും, രാഷ്ട്രീയവും ഭരണവും രാജാക്കന്മാര്‍ക്കും ഭൗതികവാദികള്‍ക്കും എന്ന പാശ്ചാത്യ നിര്‍മിത വിഭജനത്തിന്റെ വിഗ്രഹത്തെ അത് തച്ചുടച്ചു. ഇസ്‌ലാം മതമെന്ന പോലെ രാഷ്ട്രവും കൂടിയാണെന്ന് അത് പ്രഖ്യാപിച്ചു. പരമ്പരാഗത മത വൃത്തങ്ങളില്‍ അതു സൃഷ്ടിച്ച പ്രകമ്പനം ചെറുതൊന്നുമല്ല. രാജാക്കന്മാരും രാഷ്ട്രീയക്കാരും മതക്കാരും ഒരേ സമയം കലിതുള്ളി വിറച്ചു. പ്രബോധനമാകട്ടെ ചരിത്രത്തിന്റെയും പ്രമാണങ്ങളുടെയും പിന്‍ബലത്തില്‍ ആ വസ്തുത പേര്‍ത്തും പേര്‍ത്തും അടിവരയിട്ടു പറഞ്ഞു. കാലം ചെന്നപ്പോള്‍ എതിരാളികള്‍പോലും അതംഗീകരിക്കാനും ഏറ്റുപാടാനും നിര്‍ബന്ധിതരായി. ഇസ്‌ലാമില്‍ രാഷട്രീയമുണ്ടെന്നു പറഞ്ഞപ്പോള്‍ നെറ്റിച്ചുളിച്ചവര്‍, ഇന്ന് ഇസ്‌ലാം രാഷ്ട്രവും ജീവിതവ്യവസ്ഥയുമാണ് എന്ന് ഏറ്റുപറയാന്‍ തുടങ്ങി. പ്രസ്ഥാനത്തെയും പ്രബോധനത്തെയും അതിന്റെ പേരില്‍ എതിര്‍ത്തിരുന്നവര്‍ ഇസ്‌ലാമിന്റെ വിമോചന മുഖത്തെക്കുറിച്ചും, സാമൂഹിക പ്രസക്തിയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വാചാലരായി. അവരുടെ പ്രസിദ്ധീകരണങ്ങള്‍ അതിന്റെ വക്താക്കളായി മാറി.
ഇസ്‌ലാമിക ലോകത്തിനു നേരെ തുറന്നുവെച്ച കണ്ണാടിയായിരുന്നു പ്രബോധനം. മുസ്‌ലിം ലോക ചലനങ്ങള്‍, ഇസ്‌ലാമിക സമൂഹത്തിന്റെ ഉള്‍തുടിപ്പുകള്‍ എല്ലാം അത് യഥാസമയം വായനക്കാരുടെ മുമ്പിലെത്തിച്ചു. ലോക മുസ്‌ലിം പണ്ഡിതന്മാരുടെ രചനകള്‍ പരിചയപ്പെടുത്തി. അവരുടെ ചിന്തകളും ഇസ്‌ലാമിക ലോകത്ത് നടക്കുന്ന നവോത്ഥാന ചലനങ്ങളും തുടര്‍ച്ചയായി വെളിച്ചത്ത് കൊണ്ടുവന്നു. ഇസ്‌ലാമിന്റെ ഭാവി സാധ്യതയെപ്പറ്റി പ്രബോധനം സംസാരിക്കുമ്പോള്‍ ലോകം, കമ്യൂണിസത്തിന്റെയും മുതലാളിത്തത്തിന്റെയും കരവലയങ്ങളിലായിരുന്നു. ഇസ്‌ലാമിനെന്ത് രാഷ്ട്രീയ വ്യവസ്ഥ? ആറാം നൂറ്റാണ്ടിലെ രാഷ്ട്രീയം ആധുനിക ലോകത്ത് നടപ്പില്ല. ഇസ്‌ലാമിനെന്ത് സാമ്പത്തിക വ്യവസ്ഥ? മുതലാളിത്തത്തെയും കമ്യൂണിസത്തെയും മറികടന്ന് ആധുനിക കാലഘട്ടത്തിലെ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയാവാന്‍ പഴഞ്ചനും പിന്തിരിപ്പനുമായ ഇസ്‌ലാമിന് കഴിയില്ല എന്ന് മുസ്‌ലിം ബുദ്ധിജീവികള്‍പോലും ഉറച്ചുവിശ്വസിച്ചുപോന്ന കാലത്താണ് പ്രബോധനം ഇതുപറയുന്നത് എന്നോര്‍ക്കണം. ഇന്ന്, ഇറാന്‍ വിപ്ലവത്തിന്റെയും അറബ് വസന്തത്തിന്റെയും, തുര്‍ക്കിയുടെയും ഈജിപ്തിന്റെയും തുനീഷ്യയുടെയും പുതിയ കാല്‍വെപ്പുകളുടെയും പശ്ചാത്തലത്തില്‍ മുസ്‌ലിം ബുദ്ധിജീവികള്‍ മാത്രമല്ല, ആധുനിക കാലത്തെ രാഷ്ട്രീയ സാമ്പത്തിക മീമാംസകരൊക്കെ ആഗോള തലത്തില്‍ പുതിയ ഇസ്‌ലാമിനെ പഠിക്കാന്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന കാഴ്ച അഭിമാനകരമാണ്. പ്രബോധനം അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവചനം പോലെ പറഞ്ഞുവെച്ച കാര്യങ്ങള്‍ ഇന്ന് യാഥാര്‍ഥ്യമായി പുലര്‍ന്നുകൊണ്ടിരിക്കുന്നു.
പ്രസ്ഥാനത്തിന്റെ മുഖപത്രമെന്നതിലുപരി, ഇസ്‌ലാമിന്റെയും ഇസ്‌ലാമിക സമൂഹത്തിന്റെയും ജിഹ്വയായാണ് പ്രബോധനം നിലകൊള്ളുന്നത്. ഒരു മത പ്രസിദ്ധീകരണമെന്ന നിലക്ക് അയിത്തം കല്‍പിച്ച് മാറ്റിനിറുത്തുകയും, ശങ്കയോടും സംശയത്തോടും കൂടി വീക്ഷിക്കപ്പെടുകയും ചെയ്തിടത്തുനിന്ന് സമുദായത്തിന്റെയും സമൂഹത്തിന്റെയും മാനവികതയുടെയും വിശാല താല്‍പര്യങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പടയാളിയായാണ് പ്രബോധനം മുന്നേറുന്നത്.
ഈ വളര്‍ച്ചയും ഉയര്‍ച്ചയും കാണാനും കണ്‍കുളിര്‍ക്കാനും പ്രബോധനത്തിന് ജന്മം നല്‍കിയവര്‍ക്കും, ജീവനും ജീവിതവും സമര്‍പ്പിച്ച് അതിനെ വളര്‍ത്തിയവരുമായ മുന്‍തലമുറകള്‍ക്കും ഭാഗ്യമുണ്ടായിട്ടില്ല. ഇല്ല, അവരൊക്കെ അവര്‍ ചെയ്ത ത്യാഗത്തിന്റെയും സേവനത്തിന്റെയും ഫലം, സൃഷ്ടാവിന്റെ സവിധത്തില്‍ കണ്‍കുളിര്‍ക്കെ ആസ്വദിക്കുന്നുണ്ടാവും. പ്രബോധനത്തിന്റെ സ്വന്തക്കാരായ പുതിയ തലമുറയെ ഈ സന്ദര്‍ഭത്തില്‍ ഓര്‍മിപ്പിക്കാനുള്ളത്, ഇനിയും ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക് പ്രസ്ഥാനത്തിനും അതിന്റെ ജിഹ്വയായ പ്രബോധനത്തിനും കുതിക്കേണ്ടതുണ്ട്. അതിനുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ ഓരോ പ്രവര്‍ത്തകനും തയാറാകേണ്ടതുണ്ട്. വായിച്ചും പഠിച്ചും അതു ജീവിതത്തില്‍ പകര്‍ത്തിയും ചിന്തയിലും ചലനങ്ങളിലും ഏറ്റുവാങ്ങിയും കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പുതിയ വസന്തത്തിനായി സ്വയം തയാറാവുക. സര്‍ഗശേഷിയുള്ളവരൊക്കെ, പഠിക്കാനും ചിന്തിക്കാനും പഠന ഗവേഷണങ്ങളിലൂടെ ഇസ്‌ലാമിന്റെ പുതിയ സാധ്യതകളിലേക്ക് മലയാളി സമൂഹത്തെ നയിക്കാനും തയാറാവണം. മുന്‍ഗാമികളുടെ ത്യാഗത്തിന്റെ ഈടുവെപ്പുകള്‍ നമുക്ക് അഭിമാനത്തിനു വക നല്‍കുന്നുവെങ്കില്‍, നമ്മുടെ സംഭാവനകള്‍ വേണം നാളത്തെ തലമുറക്ക് സന്തോഷിക്കാനും അഭിമാനിക്കാനും വക നല്‍കാന്‍. എന്റെ രചന ആദ്യമായി വെളിച്ചം കണ്ടതും പ്രബോധനത്തില്‍ തന്നെ. അവിസ്മരണീയമായ ആ നിമിഷം ഇപ്പോഴും ഓര്‍മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. പ്രബോധനം വാരികയുടെ പ്രഥമ ലക്കത്തിലായിരുന്നു അത്. അന്ന് ഞാന്‍ ഫറോക്ക് റൗദത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായിരുന്നു. എന്റെ ലേഖനം അച്ചടിച്ചുവന്നത് ആദ്യമായറിയുന്നത് പ്രബോധനത്തിന്റെ കോപ്പിയുമായി ക്ലാസ്സിലേക്ക് കടന്നുവന്ന ഞങ്ങളുടെ വന്ദ്യഗുരുനാഥന്‍ മുഹമ്മദ് കുട്ടശ്ശേരി മൗലവിയില്‍ നിന്നാണ്.
'പ്രബോധനം വളര്‍ത്തിയ കുട്ടി' എന്ന് അഭിമാനപൂര്‍വം പറഞ്ഞത് വെറുതെയല്ല. വായനക്കാരനും വരിക്കാരനും ഏജന്റും എഴുത്തുകാരനും പത്രാധിപരും, പേരിനെങ്കിലും മുഖ്യപത്രാധിപരുമാകാന്‍ ഭാഗ്യം ലഭിച്ചതില്‍ ചരിതാര്‍ഥ്യമുണ്ട്. അറിവിന്റെയും വെളിച്ചത്തിന്റെയും ചക്രവാളത്തിലേക്ക് കൈ പിടിച്ചാനയിച്ച പ്രബോധനം, ഇന്നും എനിക്കൊരു ലഹരിയാണ്: പ്രബോധനം എല്ലാം തികഞ്ഞ ഒരു പ്രസിദ്ധീകരണമാണെന്നല്ല. അതിനെ അങ്ങനെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. നാടും സമൂഹവും നവഫാസിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പുതിയ വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍