Prabodhanm Weekly

Pages

Search

2011 ജൂണ്‍ 4

വിദ്യാഭ്യാസം ഇസ്‌ലാമിക പരിപ്രേക്ഷ്യം

കെ.പി കമാലുദ്ദീന്‍

നുഷ്യവംശത്തിന്റെ മാര്‍ഗദര്‍ശനാര്‍ഥം ദൈവം തന്റെ അന്ത്യദൂതന് അവതരിപ്പിച്ചു കൊടുത്ത പ്രഥമ സൂക്തങ്ങള്‍ ഇപ്രകാരമായിരുന്നു: "വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍; അവന്‍ മനുഷ്യനെ ഒട്ടിപ്പിടിച്ചതില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരന്‍. പേനകൊണ്ടു പഠിപ്പിച്ചവന്‍; മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു'' (വിശുദ്ധ ഖുര്‍ആന്‍ 96: 1-5).
വായന, എഴുത്ത്, അധ്യാപനം എന്നീ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണീ സൂക്തങ്ങള്‍ - വിജ്ഞാന സമ്പാദനത്തിന്റെ മൂന്ന് മാര്‍ഗങ്ങള്‍. മനുഷ്യസൃഷ്ടി പൂര്‍ത്തിയാവുകയും അവനില്‍ ദൈവിക ചൈതന്യം സന്നിവേശിപ്പിക്കുകയും ചെയ്തശേഷം ആദ്യമനുഷ്യനായ ആദമിന്ന് വിജ്ഞാനം പകര്‍ന്നുനല്‍കുക എന്ന പ്രക്രിയയാണ് നടന്നത്. "ആദമിന്ന് നാം എല്ലാ വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിച്ചു'' (അല്‍ബഖറ 31). ഖുര്‍ആന്‍ അറിവുള്ളവരെ പുകഴ്ത്തുകയും അറിവില്ലാത്തവരെ ഇകഴ്ത്തുകയും ചെയ്യുന്നു. "അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ? വിചാരശീലമുള്ളവര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ'' (സുമര്‍ 9). ബുദ്ധിയുപയോഗിക്കാനും പഠിക്കാനും ചിന്തിക്കാനും ഗവേഷണങ്ങള്‍ നടത്താനും ഖുര്‍ആന്‍ അടിക്കടി ആഹ്വാനം നടത്തുന്നുണ്ട്. 'അറിവ്' എന്ന പദം അതിന്റെ വിവിധ രൂപങ്ങളില്‍ 780 സൂക്തങ്ങളില്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. വിശ്വാസികള്‍ക്കും വിജ്ഞാനം നല്‍കപ്പെട്ടവര്‍ക്കും ഉന്നതപദവികള്‍ അല്ലാഹു വാഗ്ദാനം ചെയ്യുന്നു. വിജ്ഞാനമുള്ളവര്‍ക്കു മാത്രമേ ദൈവത്തോടു യഥാവിധി ഭക്തിപുലര്‍ത്താനാവൂ എന്നാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. വിജ്ഞാനത്തിനും വിജ്ഞാനസമ്പാദനത്തിനും ഇസ്ലാം നല്‍കുന്ന പ്രാധാന്യത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

അറിവിന്റെ ഉറവിടം
ഇസ്ലാമിക വീക്ഷണത്തില്‍ അല്ലാഹുവാണ് അറിവിന്റെ ഉറവിടം. ആദമിന്ന് വസ്തുക്കളുടെ പേരുകള്‍ പഠിപ്പിച്ചു കൊടുത്ത ശേഷം അവ മലക്കുകളെ കാണിച്ച് ആ പേരുകള്‍ പറയാനാവശ്യപ്പെട്ടപ്പോള്‍ അവര്‍ പറയുന്നു: "നീ പഠിപ്പിച്ചു തന്നതല്ലാത്ത ഒരറിവും ഞങ്ങള്‍ക്കില്ല. നീയാണ് എല്ലാമറിയുന്നവനും യുക്തിമാനും'' (അല്‍ബഖറ 32). "അവന്റെ ജ്ഞാനത്തില്‍നിന്ന് യാതൊന്നും അവര്‍ക്ക് ഗ്രഹിക്കാനാവില്ല. അവന്‍ ഉദ്ദേശിച്ചതല്ലാതെ'' (അല്‍ബഖറ 255). അതുകൊണ്ട് വിജ്ഞാന വര്‍ധനവിന് ദൈവത്തോട് പ്രാര്‍ഥിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നു: "എന്റെ നാഥാ! എനിക്കു നീ വിജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ എന്ന് നീ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക'' (ത്വാഹാ 114) .
ദൈവത്തിന്റെ ഉടമസ്ഥതയിലുള്ള ഈ അറിവ്  താന്‍ ഇഛിക്കുന്നവര്‍ക്ക് താനിഛിക്കുന്ന തോതില്‍ താന്‍ തെരഞ്ഞെടുക്കുന്ന മാധ്യമങ്ങള്‍ മുഖേന ദൈവം മനുഷ്യര്‍ക്ക് പകര്‍ന്നു നല്‍കുന്നു. അതിന് പല രീതികളുണ്ട്. അതില്‍ പ്രഥമഗണനീയരാണ് പ്രവാചകന്മാര്‍. മാനവ കുലത്തിന് വിദ്യ പകര്‍ന്നുകൊടുക്കാന്‍ ദൈവം നിശ്ചയിച്ച ഗുരുവര്യന്മാരാണവര്‍. ഇതര ജീവജാലങ്ങള്‍ക്കും അവയുടെ ജീവസന്ധാരണത്തിന്നാവശ്യമായ അറിവ് അല്ലാഹു ബോധനം നല്‍കുന്നു. മലകളിലും മരങ്ങളിലും കൂടുണ്ടാക്കി തേന്‍ സംഭരിക്കാന്‍ തേനീച്ചക്ക് നല്‍കിയ ബോധനത്തെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ. മനുഷ്യജീവിതം സുഖകരവും അയത്നലളിതവുമാക്കാനാവശ്യമായ വിഭവങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്നതിന് വേണ്ടുന്ന ബുദ്ധിയും ഗവേഷണ പടുത്വവും നല്‍കി മനുഷ്യരില്‍ ചിലരെ ദൈവമനുഗ്രഹിക്കുന്നതും ദൈവത്തിന്റെ അറിവ് മനുഷ്യര്‍ക്ക് പകര്‍ന്നു നല്‍കുന്നതിന്റെ രൂപങ്ങള്‍ തന്നെ.

അറിവ് എന്തിന്?
മനുഷ്യേതര ജീവജാലങ്ങള്‍ക്ക് ബാഹ്യലോകത്തുനിന്ന് അറിവ് നേടേണ്ടുന്ന ആവശ്യമില്ല. അവയ്ക്ക് ജീവിച്ചു പോകാനാവശ്യമായ അറിവ് അവയുടെ പ്രകൃതിയില്‍ തന്നെ ദൈവം നിക്ഷേപിച്ചിട്ടുണ്ട്. അമ്മ പ്രസവിച്ച ഉടന്‍ തന്നെ ഒരു പശുക്കുട്ടി സ്വയം ഓടുകയും ചാടുകയും നീന്തുകയും ചെയ്യും. അതിനെ ആരും ഒന്നും പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ മനുഷ്യന്റെ അവസ്ഥ ഭിന്നമാണ്. വളരുവാനും വികസിക്കാനും അന്വേഷിക്കാനും അറിവ് നേടാനും ചിന്തിക്കാനുമുള്ള സവിശേഷ സിദ്ധികളുമായാണ് മനുഷ്യന്‍ ജനിക്കുന്നത്. വളരാനും വികസിക്കാനും അവന്ന് അറിവും ശിക്ഷണവും അത്യാവശ്യമാണ്.
മനുഷ്യന്‍ ആര്‍ജിക്കേണ്ടുന്ന അറിവ് എന്താണെന്നും അതിന്റെ സ്വഭാവവും പ്രകൃതിയും എന്തെന്നും നിര്‍ണയിക്കേണ്ടത് പ്രധാനമാണ്. അറിവ് ആര്‍ജിക്കുന്ന പ്രക്രിയക്കാണ് നാം വിദ്യാഭ്യാസം എന്ന് പറയുന്നത്. വിദ്യാഭ്യാസം മനുഷ്യനെ മനുഷ്യനാക്കുന്നുവെന്നും മനുഷ്യനെ പൂര്‍ണനാക്കുന്നുവെന്നുമെല്ലാം നാം പറയാറുണ്ട്. എന്താണിതിന്റെയര്‍ഥം? മനുഷ്യനില്‍ ജന്തുസഹജവും മനുഷ്യസഹജവുമായ ഗുണങ്ങളുണ്ട്. മനുഷ്യസഹജമായ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ദൌത്യം. ഈ ദൌത്യത്തെ പ്രവാചകന്‍ ഇപ്രകാരം വിശദീകരിക്കുന്നു: "ഓരോ കുഞ്ഞും ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രൈസ്തവനും അഗ്നിപൂജകനുമാക്കി മാറ്റുന്നത്'' (ബുഖാരി, മുസ്ലിം). ബാഹ്യവും സാമൂഹികവുമായ കാരണങ്ങളാല്‍ ശുദ്ധ പ്രകൃതിയില്‍ നിന്നകന്നുപോയവരെ തിരിച്ചുകൊണ്ടുവരലും വിദ്യാഭ്യാസത്തിന്റെ ദൌത്യമാണെന്നാണിതിന്നര്‍ഥം.
മനുഷ്യന്‍ ആര്‍ജിച്ചിരിക്കേണ്ടുന്ന പ്രഥമമായ അറിവ് ഏതാണ്? താന്‍ തന്നെത്തന്നെ അറിയുക എന്നതാണത്. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയല്‍. താന്‍ ആരാണ്? എവിടെ നിന്ന് വന്നു? എങ്ങോട്ടു പോകുന്നു? ഈ ഭൂമിയില്‍ തന്റെ ദൌത്യമെന്താണ്? ഈ കാര്യങ്ങള്‍ അറിയാത്തവന്‍ അജ്ഞാനിയാണ്. പക്ഷേ, ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മനുഷ്യന് സ്വയം കണ്ടെത്താന്‍ ആവുകയില്ല. അതുകൊണ്ട് മനുഷ്യനെ സൃഷ്ടിച്ച ദൈവം ഇക്കാര്യങ്ങള്‍ അവനെ പഠിപ്പിക്കാന്‍ പ്രവാചകന്മാരെ നിയോഗിച്ചു. ഈ അര്‍ഥത്തില്‍ മനുഷ്യ സമൂഹത്തിന്റെ പ്രഥമ ഗുരുനാഥന്മാര്‍ പ്രവാചകന്മാരായിരുന്നു. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാന്‍ ആവശ്യമായ വിദ്യാഭ്യാസം അവര്‍ക്ക് പകര്‍ന്നുനല്‍കലാണ് പ്രവാചക നിയോഗത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ മൂലശിലയും അതുതന്നെ. എല്ലാമറിഞ്ഞിട്ടും താന്‍ ആരാണെന്നറിയാതെ പോയാല്‍ അറിവുകൊണ്ടെന്തു ഫലം?

ഇസ്ലാമിക വിദ്യാഭ്യാസം
വിജ്ഞാനത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച കാഴ്ചപ്പാടിലും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലും ഇതര വിദ്യാഭ്യാസ വ്യവസ്ഥകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥ. ഈ കാഴ്ചപ്പാടും ഉദ്ദേശ്യലക്ഷ്യങ്ങളും ഉരുത്തിരിയുന്നത് വ്യക്തികളുടെയോ സമൂഹങ്ങളുടെയോ ജീവിതത്തെക്കുറിച്ച കാഴ്ചപ്പാടില്‍നിന്നും വീക്ഷണത്തില്‍നിന്നുമാണ്. ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥിതിയായ ഇസ്ലാമിന്ന് ജീവിതത്തെ സംബന്ധിച്ച് സ്വന്തവും സ്വതന്ത്രവുമായ കാഴ്ചപ്പാടുണ്ട്. ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. ഭൂമിയും അതിലെ സകലമാന വിഭവങ്ങളും മനുഷ്യനുവേണ്ടി ദൈവം നല്‍കിയിട്ടുള്ളതാണ്. ആകാശഗോളങ്ങളെപ്പോലും അല്ലാഹു മനുഷ്യനു വേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ട് പ്രപഞ്ചത്തിന്റെ അനന്തവിഹായസ്സുകളിലും ഭൂമിയുടെ വിശാലവിസ്തൃതിയിലും മനുഷ്യാത്മാവിന്റെ നിഗൂഢതലങ്ങളിലും നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്തി അവ മനുഷ്യജീവിതത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മനുഷ്യന് നിര്‍വഹിക്കാനുള്ളത്. കൂടാതെ, ഈ ലോകത്തോട് വിട പറഞ്ഞുപോകുന്ന മനുഷ്യന്‍ മറ്റൊരു ശാശ്വതലോകത്തേക്കാണ് പോകുന്നത്. ആ യാത്ര മനുഷ്യനെ ഭൂമിയിലേക്കയച്ച സൃഷ്ടികര്‍ത്താവിന്റെ തൃപ്തി സമ്പാദിച്ചുകൊണ്ടായിരിക്കേണ്ടതുണ്ട്. ഇതിനെല്ലാം മനുഷ്യനെ സജ്ജമാക്കുന്നതാകണം മനുഷ്യന് ലഭിക്കുന്ന വിദ്യാഭ്യാസം.
അതിനാല്‍ ഏകദൈവത്തിലും പാരത്രികജീവിതത്തിലുമുള്ള വിശ്വാസം ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ മൂലശിലയായിത്തീരുന്നു. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയും പ്രതിനിധിയുമാണെന്നും അവന്‍ സ്വജീവിതത്തില്‍ പൂര്‍ണമായും ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ആത്യന്തികമായി ദൈവത്തിലേക്ക് തിരിച്ചു പോകേണ്ടവനാണെന്നും ഉള്ള ബോധം മനുഷ്യനില്‍ ഊട്ടിയുറപ്പിക്കുകയാണ് ഇസ്ലാമിക വിദ്യാഭ്യാസവ്യവസ്ഥയുടെ പ്രാഥമിക ലക്ഷ്യം. പ്രപഞ്ചത്തെയും അതിലെ സകലചരാചരങ്ങളെയും ദൈവികവെളിപാടുകളുടെ വെളിച്ചത്തില്‍ പഠിച്ച് ഗ്രഹിക്കാനും അവയുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനും അധിപനുമായ ഏകനായ ദൈവത്തെ അറിയാനും ആ ദൈവത്തിന് സ്വയം സമ്പൂര്‍ണ സമര്‍പ്പണം നടത്താനും മനുഷ്യനെ സജ്ജമാക്കുകയാണ് ഇസ്ലാമിക വിദ്യാഭ്യാസം ചെയ്യുന്നത്. മനുഷ്യനെ അവന്റെ സ്രഷ്ടാവുമായും മനുഷ്യജീവിതത്തെ ദൈവദത്തമായ ജീവിത ദര്‍ശനവുമായും ഐഹിക ജീവിതത്തെ പാരത്രിക ലോകവുമായും ബന്ധിപ്പിക്കാനുള്ള ധൈഷണിക സപര്യയാണത്.
ഈ ജീവിതദര്‍ശനം സമര്‍പ്പിക്കുന്നതിലൂടെ ദൈവഭക്തിയും ധാര്‍മിക ബോധവും സദാചാര നിഷ്ഠയുമുള്ള വ്യക്തിത്വങ്ങളുടെ രൂപവത്കരണമാണ് ഇസ്ലാം ഉന്നം വെക്കുന്നത്. ഈ വിദ്യാഭ്യാസ വ്യവസ്ഥ രോഗിയുടെ കിഡ്നി മോഷ്ടിച്ചുവില്‍ക്കുന്ന ഭിഷഗ്വരനെയോ പാലം വിഴുങ്ങികളായ എഞ്ചിനീയര്‍മാരെയോ ശതകോടികള്‍ മുക്കുന്ന ഭരണാധികാരികളെയോ സൃഷ്ടിക്കുകയില്ല. ആതുരശുശ്രൂഷയും ഉദ്യോഗസ്ഥ ജീവിതവും രാജ്യഭരണവും ദൈവത്തിന്റെ മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്വങ്ങളായി അവര്‍ കാണും. ടൈഗ്രീസിന്റെ തീരത്ത് ഒരാട്ടിന്‍കുട്ടി വിശന്നു ചത്താല്‍ അതിന്റെ പേരില്‍ താന്‍ ദൈവസമക്ഷം മറുപടി ബോധിപ്പിക്കേണ്ടി വരുമല്ലോയെന്ന് വിലപിക്കുന്ന ഖലീഫാഉമറിന്റെ പിന്‍ഗാമികളായിരിക്കും അവര്‍.
കേവലം വിശ്വാസപരമായ ചില കാര്യങ്ങളില്‍ പരിമിതമല്ല, ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. വ്യക്തിയിലെ സകലമാന സവിശേഷതകളുടെയും കഴിവുകളുടെയും സന്തുലിതമായ വളര്‍ച്ച കൂടി അതിലുള്‍പ്പെടുന്നു. ആത്മാവും മനസ്സും ശരീരവും നൈസര്‍ഗികശേഷികളും സമജ്ഞസമായി വളരാനുതകുന്ന വിധം ക്രിയാത്മകമാണ് അതിന്റെ രീതി. ശരീരവും ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. ഒന്നിനെ അവഗണിച്ച് മറ്റൊന്നിനെ പോഷിപ്പിക്കുന്നരീതി അതിന്നില്ല.
വ്യക്തിത്വ രൂപവത്കരണം ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ മുഖ്യലക്ഷ്യമാണ്. മൂന്ന് സുപ്രധാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരാളുടെ വ്യക്തിത്വം. ദൈവവിശ്വാസവും പരലോക ചിന്തയുമാണ് അതില്‍ പ്രഥമവും മൌലികവും. സത്യസന്ധത, വിശ്വസ്തത, സമസൃഷ്ടിസ്നേഹം, കാരുണ്യം, ദയ, സഹിഷ്ണുത, സഹാനുഭൂതി, പരക്ഷേമതല്‍പരത, ആത്മാര്‍ഥത തുടങ്ങിയ ഉത്തമ മാനുഷിക ഗുണങ്ങള്‍ സ്വാംശീകരിക്കലാണ് രണ്ടാമത്തേത്. മൂന്നാമതായി വൈകാരികമായ പക്വത, മാന്യമായ പെരുമാറ്റം, ആത്മവിശ്വാസം, ഉയര്‍ന്ന ഇഛാശക്തി തുടങ്ങിയ ഗുണങ്ങള്‍ ആര്‍ജിച്ചുകൊണ്ട് വ്യക്തിത്വ ഗുണങ്ങളെ പാകപ്പെടുത്തിയെടുക്കാന്‍ വ്യക്തിക്ക് കഴിയണം. ഈ മൂന്നു വശങ്ങള്‍ക്കും ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥ ഊന്നല്‍ നല്‍കുന്നു.
ജീവിതത്തിലെ വിവിധതരം ബന്ധങ്ങളെക്കുറിച്ച് ഇസ്ലാമികവിദ്യാഭ്യാസവ്യവസ്ഥ മനുഷ്യരെ ഉല്‍ബുദ്ധരാക്കുന്നു. ബന്ധങ്ങള്‍ പ്രധാനമായും മൂന്ന് വിഭാഗത്തില്‍പെടുന്നു. സ്രഷ്ടാവുമായുള്ള ബന്ധം, പ്രപഞ്ചവും അതിലെ അസംഖ്യം ചരാചരങ്ങളുമായുള്ള ബന്ധം, തന്നെപ്പോലുള്ള ഇതരമനുഷ്യരുമായുള്ള ബന്ധം എന്നിവയാണവ. മനുഷ്യന്ന് തന്റെ സ്രഷ്ടാവിനോടുള്ള ബന്ധം, അവന്റെ ദാസനും പ്രതിനിധിയുമെന്ന നിലയില്‍ അവന്ന് വഴിപ്പെട്ടും അവന്റെ ഉടമസ്ഥതയംഗീകരിച്ചും ജീവിക്കുകയാണ്. പ്രകൃതിയിലെ അചേതനവും സചേതനവുമായ സകല വസ്തുക്കളെയും അല്ലാഹു മനുഷ്യനു വേണ്ടി സൃഷ്ടിച്ചവയാണെന്നും അവന്റെ നന്മക്കുവേണ്ടി സംവിധാനിച്ചവയാണെന്നും അല്ലാഹു മനുഷ്യനെ ഉദ്ബോധിപ്പിക്കുന്നുണ്ട്. അവയെയൊക്കെയും കൃതജ്ഞതാപൂര്‍വം ഉപയോഗപ്പെടുത്താന്‍ മനുഷ്യന് സാധിക്കേണ്ടതുണ്ടെന്ന ബോധം സൃഷ്ടിക്കുക ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ ദൌത്യമാണ്.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ഇസ്ലാമിക വിദ്യാഭ്യാസവ്യവസ്ഥ ഊന്നല്‍ നല്‍കിയിട്ടുള്ള മൂന്നാമത്തെ വശം. മനുഷ്യരുടെ പ്രഥമഗുരുവായ പ്രവാചകന്‍ ഇക്കാര്യം അനുയായികളെ സ്വന്തം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പഠിപ്പിച്ചതിന്റെ നിരവധി മാതൃകകള്‍ നബിചരിതത്തില്‍ കണ്ടെത്താനാവും. "മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി നിങ്ങളെ വിവിധ ജനതകളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. ദൈവഭക്തിയുള്ളവരാണ് അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയര്‍'' (അല്‍ഹുജുറാത്ത് 13) എന്ന ഖുര്‍ആന്‍ വാക്യം ഈ വിഷയത്തിലുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു. ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വമാനവികതയുടെ മൌലിക തത്ത്വമാണത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം സഹിഷ്ണുതയിലും നീതിയിലും കാരുണ്യത്തിലും അധിഷ്ഠിതമാകണമെന്നും ശക്തന്‍ അശക്തനെ ചൂഷണം ചെയ്യുന്നതല്ല മനുഷ്യ ബന്ധങ്ങളുടെ സ്വഭാവമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. വിദേശവിദ്യാര്‍ഥികളോട് പകയും വെറുപ്പും വെച്ചു പുലര്‍ത്തുകയും അവരെ ശാരീരികമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്നതിന്റെ തുടര്‍ക്കഥകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങള്‍ പിന്തുടര്‍ന്നുവന്ന വിദ്യാഭ്യാസ വ്യവസ്ഥയാണ് അത്തരം മാനസികാവസ്ഥ സൃഷ്ടിക്കുന്നത് എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയുടെ കാലത്ത് സായുധരായി തെരുവിലിറങ്ങിയവരില്‍ ഗുജറാത്തിലെ സര്‍വകലാശാലകളില്‍ നിന്ന് പുറത്തുവന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കളുമുണ്ടായിരുന്നുവെന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. മനുഷ്യന്‍ ആദരിക്കപ്പെടേണ്ട ജീവിയാണ്. 'ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു'വെന്നാണ് വേദവാക്യം. മനുഷ്യന്റെ ജീവനും രക്തവും സമ്പത്തും അഭിമാനവും എല്ലാ അതിക്രമങ്ങളില്‍നിന്നും കടന്നുകയറ്റങ്ങളില്‍നിന്നും സുരക്ഷിതമായിരിക്കണം എന്നാണ് ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥയില്‍ ഏതൊരാളും പഠിപ്പിക്കപ്പെടുന്നത്.

മതപരം, ലൌകികം
വിദ്യാഭ്യാസത്തോട് സമഗ്രവും സന്തുലിതവുമായ കാഴ്ചപ്പാടാണ് ഇസ്ലാം പുലര്‍ത്തുന്നത്. മനുഷ്യാസ്തിത്വത്തിലെ ആത്മീയതയുടെയും ലൌകികതയുടെയും അംശങ്ങളെ അത് സന്തുലിതമായി സമീപിക്കുന്നു. വിദ്യാഭ്യാസത്തെ മതപരമെന്നും ലൌകികമെന്നും വേര്‍തിരിക്കുന്ന രീതിശാസ്ത്രം അതിന്ന് അജ്ഞാതമാണ്. മറ്റെല്ലാ കാര്യത്തിലുമെന്നപോലെ വിദ്യാഭ്യാസ സങ്കല്‍പത്തിലും മനുഷ്യനാണ് ഇസ്ലാമിന്റെ വിഷയം. മനുഷ്യനുമായി ബന്ധപ്പെട്ട സര്‍വവിഷയങ്ങളും ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ ഭാഗമാണ്. എല്ലാ വിജ്ഞാനീയങ്ങളും പരമമായ സത്യത്തെ പ്രകാശിപ്പിക്കുകയും അതിലേക്ക് വഴികാണിക്കുകയും ചെയ്യുന്ന ദൃഷ്ടാന്തങ്ങളാണ്. മതവിജ്ഞാനീയങ്ങളെന്ന് ഇന്ന് നാം പേരിട്ട് വിളിക്കുന്ന വിഷയങ്ങളും പ്രപഞ്ചശാസ്ത്രവും ഭൌതികശാസ്ത്രവും സാമൂഹ്യശാസ്ത്രവും ഗണിതശാസ്ത്രവും മനഃശാസ്ത്രവും മറ്റും മറ്റും ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ തന്നെ ഭാഗമാണ്. ഖുര്‍ആനും ഹദീസും ഇസ്ലാമിക കര്‍മശാസ്ത്രവും ഊര്‍ജതന്ത്രവും രസതന്ത്രവും ജീവശാസ്ത്രവുമെല്ലാം ഒരേ കരിക്കുലത്തില്‍ ഉള്‍പ്പെട്ടതു തന്നെയായിരിക്കും. ആശുപത്രിയില്‍ രോഗികളെ കീറിമുറിച്ച് ചികിത്സിക്കുന്ന ഭിഷഗ്വരന്‍ തന്നെ മിമ്പറിലെ 'ഖത്വീബും' മിഹ്റാബിലെ 'ഇമാമു'മാകും. അറിയപ്പെടുന്ന മുസ്ലിം ശാസ്ത്രജ്ഞന്മാരില്‍ പലരും മതവിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയവരും മതനേതാക്കളുമായിരുന്നുവെന്നത് ഒരു ചരിത്രസത്യമത്രെ.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിന്റെ നടേ പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങളെല്ലാം പാടേ അവഗണിച്ചും വിസ്മരിച്ചും കൊണ്ടുള്ള ഒരു വിദ്യാഭ്യാസ സങ്കല്‍പം ആധുനികയുഗത്തില്‍ സ്വാധീനം നേടിക്കഴിഞ്ഞിരിക്കുന്നു. പ്രഫഷനല്‍ വിദ്യാഭ്യാസ രീതിയത്രെ അത്. വിദ്യാഭ്യാസത്തില്‍ തൊഴില്‍ പരിശീലനത്തിന് ഇടം കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം തന്നെ. സ്വയം തൊഴിലെടുത്ത് ജീവിക്കുന്നതിന്റെ മാഹാത്മ്യം അംഗീകരിച്ചിട്ടുള്ള മതമാണ് ഇസ്ലാം. വൈദഗ്ധ്യം ആവശ്യമായി വരുന്ന തൊഴിലുകളാണെങ്കില്‍ പഠനവും പരിശീലനവും കൂടിയേ തീരൂ. സ്വാഭാവികമായും അത്തരം തൊഴില്‍ പരിശീലനം ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ ഭാഗമായിരിക്കും. പക്ഷേ, ചില നിര്‍ണിത തൊഴില്‍ യോഗ്യതയെന്ന നിലയില്‍ ഒരു പ്രത്യേക കാലയളവ് കഴിഞ്ഞ് സാക്ഷ്യപത്രം നല്‍കി പുറത്തയക്കുന്ന ഏര്‍പ്പാടായി ഇന്നത് മാറിയിരിക്കുന്നു. വിദ്യാഭ്യാസം വഴി വ്യക്തിയില്‍ രൂപപ്പെടേണ്ടുന്ന മാനുഷിക ധാര്‍മിക ഗുണങ്ങളൊന്നും ഈ രംഗത്തുള്ളവര്‍ക്ക് പ്രശ്നമാകുന്നില്ല. പ്രഫഷനല്‍ വിദ്യാഭ്യാസം ഒരു വന്‍വ്യവസായമായി വളര്‍ന്നതോടെ അവയിലൂടെ പടച്ചുവിടപ്പെടുന്ന തൊഴില്‍ രഹിതരുടെ എണ്ണവും ചെറുതല്ല. സാമ്പത്തിക സമൃദ്ധിയിലും സുഖലോലുപതയിലും അഭിരമിക്കാനാഗ്രഹിക്കുന്ന ഒരു കൂട്ടം സമ്പന്നരെ സൃഷ്ടിക്കുന്ന ഈ ഏര്‍പ്പാട് ഇസ്ലാം വിഭാവന ചെയ്യുന്ന വിദ്യാഭ്യാസ ദര്‍ശനത്തിന് അന്യമാണ്. "അല്ലാഹു നിനക്ക് നല്‍കിയതിലൂടെ നീ പരലോക വിജയം കാംക്ഷിക്കുക; എന്നാല്‍, ഇവിടെ ഇഹലോക ജീവിതത്തില്‍ നിന്റെ വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്ക് നന്മ ചെയ്തതു പോലെ നീയും നന്മ ചെയ്യുക'' (അല്‍ഖസ്വസ് 77). വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനം ഇതത്രെ. ആധുനിക വിദ്യാഭ്യാസ വ്യവസ്ഥകള്‍ പ്രചരിപ്പിച്ചുവിടുന്ന തൊഴില്‍ മാഹാത്മ്യങ്ങള്‍ക്കപ്പുറം സമൂഹത്തിന് സേവനങ്ങളര്‍പ്പിക്കാനുള്ള സന്മനസ്സും അതോടൊപ്പം അനുവദനീയമായ അന്നം കണ്ടെത്താനുള്ള കഴിവും ശേഷിയുമുള്ളവരെ സൃഷ്ടിക്കുകയാണ് ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥ ചെയ്യുക.

ആധുനിക വിദ്യാഭ്യാസം
ആധുനിക കാലഘട്ടത്തില്‍ ലോകം മുഴുക്കെ സ്വീകരിക്കപ്പെട്ടത് പാശ്ചാത്യ മൂല്യങ്ങളില്‍ വികസിപ്പിച്ചെടുത്ത വിദ്യാഭ്യാസ രീതിയാണ്. തീര്‍ത്തും ദൈവവിരുദ്ധവും മതവിരുദ്ധവുമായ ആശയങ്ങളില്‍ അധിഷ്ഠിതമായ ഒന്നത്രെ അത്. വിദ്യാഭ്യാസത്തില്‍നിന്ന് മതത്തെയും ദൈവത്തെയും തൂത്തെറിഞ്ഞ ഈ വിദ്യാഭ്യാസ സങ്കല്‍പം ഭൌതികതയുടെ സകലദൂഷ്യങ്ങളും പേറുന്ന ഒരു സമൂഹത്തെയും നാഗരികതയെയുമാണ് വളര്‍ത്തിയെടുത്തത്. ആധുനിക സമൂഹം അകപ്പെട്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധികളുടെ മൂലകാരണം ഇന്ന് മേല്‍ക്കൈ നേടിയ ഈ വിദ്യാഭ്യാസ വ്യവസ്ഥയാണ്. ഏതു മാര്‍ഗമവലംബിച്ചും ധനം കുന്നുകൂട്ടുന്നവരാണ് സമൂഹത്തിലെ ഏറ്റവും മഹത്വമുള്ള വിഭാഗമെന്നും അതില്‍ പരാജയപ്പെടുന്ന ദരിദ്രവിഭാഗം നികൃഷ്ടരാണെന്നും സമ്പന്നരാണ് നാഗരികതയുടെ സ്രഷ്ടാക്കളെന്നും ഉള്ള ഭൌതികവാദത്തിന്റെ വേദവാക്യങ്ങളാണ് ആ വിദ്യാഭ്യാസ വ്യവസ്ഥയുടെ മുദ്രാവാക്യം. എന്നാല്‍, മതത്തെയും മൂല്യങ്ങളെയും തിരസ്കരിച്ചുകൊണ്ടുള്ള ഈ പാശ്ചാത്യ വിദ്യാഭ്യാസ വ്യവസ്ഥയുടെ പരാജയത്തെയും അതുളവാക്കുന്ന അപകടങ്ങളെയും കുറിച്ച് അവരിന്ന് ബോധവാന്മാരാണ്. വിദ്യാഭ്യാസത്തില്‍ മതത്തിനും മൂല്യങ്ങള്‍ക്കുമുള്ള പ്രാധാന്യം ഊന്നിപ്പറയുന്ന ധിഷണാശാലികള്‍ അവര്‍ക്കിടയില്‍നിന്ന് തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. അമേരിക്കനായ അബ്രഹാം മാസ്പോവ് ഒരുദാഹരണം മാത്രം. ആധുനിക ലോകത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസവ്യവസ്ഥിതികളെക്കുറിച്ച് 1970ല്‍ യുനസ്കോ നടത്തിയ സമഗ്രാന്വേഷണത്തിന്റെ ഫലവും ആ വഴിക്ക് തന്നെയാണ്. ആധുനികരാഷ്ട്രങ്ങളില്‍ നിലവിലിരിക്കുന്ന വിദ്യാഭ്യാസ വ്യവസ്ഥകള്‍ അതാത് രാഷ്ട്രങ്ങളിലെ സാമൂഹികവും മാനുഷികവുമായ സാഹചര്യങ്ങള്‍ക്കിണങ്ങുന്നതല്ലെന്ന് ആ പഠനം ചൂണ്ടിക്കാട്ടുകയുണ്ടായി.
ആര്‍ഷസംസ്കാരത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യത്തും അതേ വിദ്യാഭ്യാസ സങ്കല്‍പം തന്നെയാണ് നിലനില്‍ക്കുന്നത്. കരിക്കുലത്തില്‍ മത-ധാര്‍മിക മൂല്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് കാലാകാലങ്ങളില്‍ നിയുക്തമായ വിദ്യാഭ്യാസ കമ്മീഷനുകള്‍ ഊന്നിപ്പറയുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ അതിന്നുള്ള കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഒരു പരീക്ഷണം
ഒരു പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുക എന്ന ലക്ഷ്യം നേടുന്നതില്‍ ആധുനിക വിദ്യാഭ്യാസം പരാജയപ്പെട്ടിരിക്കുന്നു എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മയക്കുമരുന്നിനും അക്രമപ്രവര്‍ത്തനങ്ങള്‍ക്കും അധാര്‍മികതക്കും ലൈംഗിക അരാജകത്വത്തിനും ലക്ഷ്യരാഹിത്യത്തിനും മോഹഭംഗങ്ങള്‍ക്കും അടിപ്പെട്ട വിദ്യാര്‍ഥി സമൂഹത്തിന്റെ ഭീതിദമായ ചിത്രമാണ് അന്വേഷണ ഏജന്‍സികള്‍ നമുക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് ആവിഷ്കരിക്കപ്പെടുന്ന പരിഷ്കരണങ്ങള്‍ ഉപരിതല സ്പര്‍ശിയും അടിസ്ഥാന വൈകല്യങ്ങളെ അവഗണിച്ചുകൊണ്ടുള്ളവയുമാണ്. അതിനാല്‍ തന്നെ വിദ്യാഭ്യാസ മേഖലയെ പുനര്‍ നിര്‍മിക്കുന്നതില്‍ അവ പരാജയപ്പെട്ടു. ഒരു പൂര്‍ണ മനുഷ്യന്റെ സൃഷ്ടിപ്പിന് വേണ്ടി മത-ഭൌതിക-ധാര്‍മിക വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതിയാണ് കാലഘട്ടത്തിന്റെ ആവശ്യം. ഒരു സെക്യുലര്‍ വ്യവസ്ഥയില്‍ ഇത്തരം ഒരു വിദ്യാഭ്യാസ രീതി നടപ്പാക്കുന്നതിന് പ്രായോഗികമായ പ്രയാസങ്ങളുണ്ടെന്നാണ് വിദ്യാഭ്യാസ വിചക്ഷണന്മാരുടെ പക്ഷം.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഇസ്ലാമിക പ്രവര്‍ത്തകര്‍ ഒരു പുതിയ പരീക്ഷണവുമായി രംഗത്ത് വന്നത്. മുസ്ലിം സമുദായത്തിലെ ചെറിയ ഒരു ന്യൂനപക്ഷത്തെയെങ്കിലും ആധുനിക വിദ്യാഭ്യാസത്തിന്റെ പോരായ്മകളില്‍നിന്ന് രക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മതവിഷയങ്ങളെയും ഭൌതിക വിഷയങ്ങളെയും കൂട്ടിയിണക്കിക്കൊണ്ട് രൂപം നല്‍കപ്പെട്ട ആര്‍ട്സ് ആന്റ്ഇസ്ലാമിക് കോഴ്സ് ആണിവിടെ ഉദ്ദേശ്യം. 1970കളുടെ ആരംഭത്തില്‍ രൂപംകൊണ്ട ഈ കോഴ്സ് അതിന്റെ വളര്‍ച്ചയുടെ 40ലേറെ വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. അത് വളരെ എളിയതെങ്കിലും ധീരമായ ഒരു പരീക്ഷണത്തിന്റെ വിജയകരമായ നേട്ടം കുറിക്കുന്നു. ആധുനിക വിദ്യാഭ്യാസരംഗത്തെ വിടവ് നികത്തുക എന്നതിലുപരി കാലഘട്ടത്തിന്റെ ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ പ്രാപ്തരായ പണ്ഡിതന്മാരുടെ നിര കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൂടി അതിന്നുണ്ടായിരുന്നു. നേരത്തെ പരാമര്‍ശിച്ച പ്രഫഷനല്‍ ഡിഗ്രികള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ ഈ കോഴ്സിന്റെ തിളക്കം ഇപ്പോള്‍ സ്വല്‍പം മങ്ങിപ്പോയിട്ടുണ്ടെങ്കിലും ആ ആശയം പൂര്‍വാധികം ശോഭയോടെ തന്നെ നിലനില്‍ക്കുന്നുണ്ട്.

Comments