Prabodhanm Weekly

Pages

Search

2011 മെയ് 28

ദേശമെഴുത്തുകള്‍

ടി. ശാക്കിര്‍ വേളം

വര്‍ത്തമാനത്തേക്കാള്‍ പ്രഹരശേഷിയുണ്ട് ചരിത്രത്തിന്. ചരിത്ര സംഭവങ്ങളെ കുറെക്കൂടി വസ്തുനിഷ്ഠമാക്കാനും ചരിത്ര വിശകലനങ്ങളെ കൂടുതല്‍ കൃത്യപ്പെടുത്താനും സഹായിക്കുന്നുണ്ട് ചരിത്രത്തിന്റെ പ്രാദേശികവല്‍ക്കരണം. പ്രാദേശികമായ സംസ്കാരങ്ങള്‍, പ്രക്ഷോഭങ്ങള്‍, പരിഷ്കരണങ്ങള്‍ തുടങ്ങിയ സാമൂഹിക ചലനങ്ങളെ വിലയിരുത്തുന്നതില്‍ ലളിത യുക്തികളും സാമാന്യവല്‍ക്കരണങ്ങളുമാണ് പൊതുവെ നമ്മുടെ മുഖ്യധാരാ ചരിത്ര കൃതികള്‍ സ്വീകരിച്ചു കാണുന്നത്. കാലത്തിന്റെയും ദേശത്തിന്റെയും കൃത്യതയിലേക്കും സൂക്ഷ്മതയിലേക്കും ഇറങ്ങിച്ചെല്ലാനുള്ള പരിമിതിയാണ് സാമാന്യവല്‍ക്കരണത്തിലേക്ക് ചരിത്രകാരന്മാരെ എളുപ്പം വഴി നടത്തുന്നത്. ഈ പരിമിതി മറികടക്കാന്‍ ഏറെ ഉപകരിക്കുന്നതാണ് പ്രാദേശിക ചരിത്ര രചനകള്‍. ഇത്തരം ശ്രമങ്ങളില്‍ ഏറെ ശ്രദ്ധേയമായിട്ടുണ്ട് വി.കെ കുട്ടു ഉളിയില്‍ രചിച്ച 'തലശ്ശേരി മുസ്ലിം ചരിത്രത്തിലൂടെ ഒരു വായന' എന്ന ലഘുകൃതി.
ഒരു മുസ്ലിം തന്റെ നാടിന്റെയും സമുദായത്തിന്റെയും ചരിത്രം കണ്ടെടുക്കുന്നുവെന്ന സവിശേഷതയും ഈ കൃതിക്കുണ്ട്. അന്യരാല്‍ രേഖപ്പെടുത്തപ്പെട്ട് പലരാല്‍ വ്യാഖ്യാനിക്കപ്പെട്ട് സമുദായത്തിന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ടതാണ് ഇന്ത്യയിലെ മുസ്ലിം ചരിത്രത്തിന്റെ സിംഹഭാഗവും. അടിച്ചേല്‍പിക്കപ്പെട്ട ചരിത്രത്തിന്റെ മാറാപ്പു ചുമക്കേണ്ട ഗതികേടുണ്ട് സമുദായത്തിന്. അത്തരം പരിമിതിയെ മറികടക്കാനുള്ള ഒരു ശ്രമം കൂടിയാണീ കൃതി.
ഇന്ത്യയില്‍ ഒട്ടനവധി മുസ്ലിം അധിവാസ പ്രദേശങ്ങള്‍ ഉണ്ട്. അതിലൊന്നാണ് തലശ്ശേരി. ജനസംഖ്യയില്‍ മാപ്പിളമാര്‍ കുറച്ചധികം താമസിക്കുന്ന സ്ഥലം എന്നതുമാത്രമല്ല ഇത്തരം പ്രദേശങ്ങളുടെ പ്രത്യേകത. സാമൂഹിക അന്തരീക്ഷം മുതല്‍ ഭക്ഷണത്തിന്റെ രുചിവരെ നീണ്ടുനില്‍ക്കുന്ന സവിശേഷമായൊരു വേറിട്ടുനില്‍ക്കല്‍ ഇവിടങ്ങളില്‍ നിലനില്‍ക്കുന്നതായി കാണാം. ഈ സവിശേഷതകളില്‍ ഒട്ടേറെ നന്മകളും ജീവിതാഹ്ളാദങ്ങളും അടങ്ങിയിരിക്കുന്നുണ്ടെന്ന് അനുഭവത്തിലൂടെയും താരതമ്യങ്ങള്‍ വഴിയും മനസ്സിലാക്കാന്‍ കഴിയും. ഈ ഗണത്തില്‍ തലശ്ശേരിയെ ഒരു സ്റഡിമെറ്റീരിയലാക്കി എടുക്കാനാവശ്യമായ വൈവിധ്യമാര്‍ന്ന വിവരങ്ങള്‍ ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
1920-30കളില്‍ തന്റെ 2 പെണ്‍കുട്ടികളടക്കം 3 മക്കളെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനായി പറഞ്ഞ് വിട്ട് 'കാഫിര്‍' കുഞ്ഞിമായനായ പയ്യപ്രത്ത് കുന്നത്ത് കുഞ്ഞിമായന്‍, നിസ്സഹായരായ മനുഷ്യര്‍ക്കായി ജീവിതം അപ്പടി ഉഴിഞ്ഞുവെച്ച തലശ്ശേരിക്കാരുടെ പ്രിയപ്പെട്ട മൂസഡോക്ടര്‍, കേരളത്തിലെ ഒന്നാമത്തെ ഖുര്‍ആന്‍ പരിഭാഷകനായ മായിന്‍കുട്ടി എളയ, 1940കളില്‍ വിദ്യാഭ്യാസ സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ച ആമിനയും ആഇശയും, മലബാറില്‍ യന്ത്രവല്‍കൃത വ്യവസായത്തിന് തുടക്കം കുറിച്ച എ.കെ കുഞ്ഞിമായന്‍ ഹാജി..... തുടങ്ങി പലരെയും നമുക്കിതിലൂടെ പരിചയപ്പെട്ടുപോകാം.
ആളും അര്‍ഥവും കൊണ്ട് സമ്പന്നമായ ഈ സമുദായത്തിന്റെ ഭൂതകാല സൌന്ദര്യങ്ങള്‍ മൂടപ്പെട്ടുപോയതിന്റെ കുറ്റം സമുദായത്തിന്റേത് കൂടിയാണ്. അങ്ങനെയാണ് അബുല്‍ ഹസന്‍ നദ്വി 'മുസ്ലിംകള്‍ ഇന്ത്യയില്‍' എന്ന ഗ്രന്ഥം രചിക്കുന്നത്. ഒരര്‍ഥത്തില്‍ ആ പരമ്പരയിലെ മറ്റൊരു കണ്ണിയാണീ ഗ്രന്ഥവും
സമയം കൂടുകയും സ്ഥലം കുറയുകയും ചെയ്യുന്നൊരസഹനീയത എല്ലാ രോഗശയ്യക്കുമുണ്ട്. അതിനെ ഒരാള്‍ ഏറ്റവും ക്രിയാത്മകമായി മറികടന്നതിന്റെ ഒരുല്‍പന്നം കൂടിയാണീ ഗ്രന്ഥമെന്നതാണ് ഇതിനെ ഏറ്റവും ശ്രദ്ധേയമാക്കുന്ന ഘടകം. മാരകമായ രോഗം പിടിപെട്ട് അനിവാര്യമായ വിശ്രമത്തിലേക്ക് നിര്‍ബന്ധിക്കപ്പെട്ട ഗ്രന്ഥകാരന്‍, പൂര്‍വ സൂരികളെ അനുസ്മരിപ്പിക്കുന്ന പ്രയത്നത്തില്‍ നിന്നും ഇതള്‍ വിരിയിച്ചെടുത്തതാണീ ഗ്രന്ഥം. ഗ്രന്ഥകാരന്‍ തന്നെയാണ് ഇതിന്റെ പ്രസാധകനും.
77 വയസ്സ് പ്രായമുള്ള ഗ്രന്ഥകാരന്‍ തന്റെ ജീവിതത്തിന്റെ വൈകുന്നേരം നടത്തിയ ഈ പരിശ്രമം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു മുതല്‍കൂട്ടാണ്. ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് ആവേശം തുടിക്കുന്ന മാതൃകയും.


 ******************

ഹജ്ജ് ആസ്വാദ്യകരമാക്കുന്ന പുസ്തകം
 ജാബിര്‍ റഹ്മാന്‍

 എം.എസ്.എ റസാഖ് രചിച്ച് ദോഹ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച 'ഹജ്ജ് മാര്‍ഗദര്‍ശി' എന്ന പുസ്തകം ഹജ്ജിനെയും ഹറമിനെയും അറിയാനാഗ്രഹിക്കുന്നവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ടതാണ്. ഹജ്ജിനെ അനുഷ്ഠാനമെന്നതിനപ്പുറം അനുഭൂതിയുടെ തലത്തിലേക്കുയര്‍ത്താന്‍ പാകത്തില്‍ മക്കയുടെയും മദീനയുടെയും ഓരോ അണുവിനെയും സ്പര്‍ശിക്കുന്നുണ്ട് ഈ പുസ്തകം.
മലയാളത്തില്‍ ലഭ്യമായിട്ടുള്ള ഹജ്ജ് ഗൈഡുകളില്‍നിന്ന് വ്യത്യസ്തമായി പലയിടത്തായി പരന്നുകിടക്കുന്ന ഹജ്ജ് വിവരങ്ങളെ ഒരുമിച്ച് കൂട്ടുന്ന ശ്രമകരമായ ദൌത്യമാണ് ഈ പുസ്തകം നിര്‍വഹിക്കുന്നത്. ഹജ്ജിന്റെയും ഉംറയുടെയും കര്‍മശാസ്ത്രനിയമങ്ങള്‍, സ്ഥല-കാല-ചരിത്ര പശ്ചാത്തലം, ഹറമുകളുടെ ചരിത്രം, മക്കയിലെയും മദീനയിലെയും പ്രധാന സന്ദര്‍ശനസ്ഥലങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ തുടങ്ങിയവക്കൊപ്പം മലയാള ലിപിക്ക് ഇതുവരെ അക്ഷരഭാഗ്യമില്ലാതിരുന്ന മക്കയുടെയും മദീനയുടെയും ഒട്ടേറെ ചരിത്ര വിശദാംശങ്ങളെക്കുറിച്ച സൂക്ഷ്മതല സ്പര്‍ശിയായ വിവരങ്ങളും പുസ്തകം ഉള്‍ക്കൊള്ളുന്നു. തീര്‍ഥാടകന് അവലംബിക്കാവുന്നവിധം ഹജ്ജിന്റെയും ഉംറയുടെയും പൂര്‍ണരൂപം പ്രാര്‍ഥനകള്‍ സഹിതം പുസ്തകത്തിലുണ്ട്. ഒപ്പം, ഹജ്ജും ഉംറയും മദീനാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങള്‍ക്ക് സുഊദി ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് ഇബ്നുബാസും സുഊദി ഗവേഷണ ഫത്വാ സമിതിയും നല്‍കിയ മറുപടികള്‍ വിവര്‍ത്തനം ചെയ്ത് നല്‍കിയിരിക്കുന്നു. 'ഹജ്ജും ആരോഗ്യവും' എന്ന ഡോ. അബ്ദുല്‍ റഷീദിന്റെ ലേഖനം, ഹറമുകളുടെ ചിത്രങ്ങളും, രേഖാചിത്രങ്ങളും ഭൂപടം എന്നിവയും അനുബന്ധമായുണ്ട്. ലളിതമാണ് ഭാഷ. 

******************

അല്‍ആലിയ മാഗസിന്‍ നന്മയുടെ സര്‍ഗവസന്തം
റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
 

കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിനു വൈജ്ഞാനിക കരുത്ത് പകര്‍ന്ന ആലിയ അറബിക് കോളേജ്, കര്‍മപഥത്തില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ആലിയ സ്റുഡന്റ്സ് ലിറ്റററി അസോസിയേഷന്‍ പുറത്തിറക്കിയ സ്പെഷ്യല്‍ മാഗസിന്‍ 'അല്‍ ആലിയ'യെ നന്മയുടെ സര്‍ഗവസന്തം എന്ന് വിശേഷിപ്പിക്കാം. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയുടെ സന്ദേശത്തോടെയാണ് തുടക്കം. ലേഖനം, കഥ, മിനിക്കഥ, കവിത, ചരിത്രം, തിരക്കഥ, അഭിമുഖം, സ്മരണ, നാടകം തുടങ്ങി സാഹിത്യത്തിലെ എല്ലാ ചേരുവകളും ഇതിന്നകത്തുണ്ട്. കര്‍ണാടകയോട് തൊട്ടുകിടക്കുന്നതിനാല്‍ കാസര്‍കോട്ടു നിന്നിറങ്ങിയ ഈ മാഗസിനില്‍ കന്നട ഭാഷയിലെ സാഹിത്യ രചനകളുമുണ്ട്. ആലിയയുടെ സ്ഥാപക ശില്‍പികളില്‍ പ്രമുഖനും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുന്നണിപോരാളിയുമായിരുന്ന പി. ത്വാഈ മൌലവിയെ സംബന്ധിച്ച സ്മരണിക കൂടി മാഗസിന്റെ അവസാന ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ശമീം ഉമരി, കുഞ്ഞിമുഹമ്മദ് വളാഞ്ചേരി, ഹമീദലി ശംനാട്, ഒ.പി അബ്ദുസ്സലാം മൌലവി, മര്‍ഹൂം ടി.കെ ഇബ്റാഹീം മൌലവി കുറ്റ്യാടി, സി.എല്‍ മൊയ്തീന്‍ കുഞ്ഞി, അബൂസ്വാലിഹ് തുടങ്ങിയവരാണ് ത്വാഈ മൌലവിയുടെ ചരിത്രം അനുഭവങ്ങളും കോറിയിട്ടിരിക്കുന്നത്. 'ഇസ്ലാം പ്രതിയോ പ്രതീകമോ' എന്ന തലക്കെട്ടിലെ ചര്‍ച്ചയില്‍. കെ.എം അഹ്മദ്, സി. ദാവൂദ് വേളം, ടി. മുഹമ്മദ്, സദ്റുദ്ദീന്‍ വാഴക്കാട്, ടി.ഇ മുഹമ്മദ് റാഫി എന്നിവര്‍ അണിനിരക്കുന്നു. ഡോ. സഈദ് മരക്കാര്‍, പി.കെ അബൂബക്കര്‍ നദ്വി, അബ്ദുല്ലത്വീഫ് കൊടുവള്ളി, എ. മൊയ്തീന്‍ കുട്ടി ഓമശ്ശേരി, കെ.കെ ഹംസ മൌലവി മാട്ടൂല്‍ എന്നിവരുടെ അനുഭവക്കുറിപ്പുകളുമുണ്ട്. ഇബ്റാഹീം വെങ്ങര, സി.എല്‍ സത്താര്‍, മുന്‍ അധ്യാപകന്‍ അബുല്‍ജലാല്‍ മൌലവി എന്നിവരുടേതാണ് അഭിമുഖങ്ങള്‍. സ്വാമി പ്രേമാനന്ദ്, ഫാദര്‍ ആന്റണി പുന്നൂസ്, ടി.പി.ആര്‍ നാഥ് കണ്ണൂര്‍ എന്നിവരുടെ രചനകളും ഉള്ളടക്കത്തെ കരുത്തുറ്റതാക്കുന്നു.
മുഖചിത്രം നാസര്‍ എരമംഗലം. പി. അബ്ദുല്‍ ജലീലാണ് സ്റാഫ് എഡിറ്റര്‍. സി.എസ് ഫിറോസ് ഖാന്‍ സ്റുഡന്റ്സ് എഡിറ്ററും. 

Comments