Prabodhanm Weekly

Pages

Search

2011 മെയ് 28

മുസ്‌ലിം സ്ത്രീകളും മഹല്ലു സംവിധാനവും

റസിയ ചാലക്കല്‍

ആത്മീയ കേന്ദ്രം എന്നതിലുപരി വ്യക്തി, കുടുംബ, വിദ്യാഭ്യാസ സാമ്പത്തിക സാമൂഹിക വീക്ഷണങ്ങള്‍ പഠിക്കുകയും സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്തിരുന്ന ഇടമായിരുന്നു ഇസ്‌ലാമിക ചരിത്രത്തിലെ പള്ളികള്‍. മഹല്ല് സംവിധാനത്തിന്റെ ശക്തിയും ചൈതന്യവും നഷ്ടപ്പെട്ടതോടെ വ്യക്തി, കുടുംബ, സമൂഹ മണ്ഡലങ്ങളില്‍ ഇസ്‌ലാം നിര്‍ദേശിച്ച വ്യക്തവും കൃത്യവുമായ നിയമ പരിരക്ഷയും പരിഹാര ക്രമങ്ങളും  സമൂഹത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയി. വിവാഹം, മരണം തുടങ്ങിയ എണ്ണപ്പെട്ട ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുക എന്ന പരിമിതമായ കര്‍മ ധര്‍മങ്ങളിലേക്ക്  മഹല്ല് സംവിധാനം എത്തിപ്പെട്ടതോടെ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക പരിഹാരം നിര്‍ദേശിക്കാനുള്ള നേതൃത്വവും വേദിയും നഷ്ടമായി. മുസ്‌ലിം സ്ത്രീ സമൂഹത്തിനാണ് ഇതില്‍ ഏറ്റവുമധികം വിലകൊടുക്കേണ്ടി വന്നത്. സ്ത്രീ പ്രശ്‌നങ്ങള്‍ അപരിഹാര്യമായ ദുരിതങ്ങളായി സമുദായത്തിന്റെ മുതുകൊടിക്കുകയാണിന്ന്.

വിവാഹം
സമുദായം മഹല്ല് സംവിധാനത്തെ ആശ്രയിക്കുന്ന പ്രധാന സന്ദര്‍ഭമാണ് വിവാഹം. വിവാഹത്തിന് വേണ്ടി അനുമതി പത്രം നല്‍കുക, സാധു പെണ്‍കുട്ടികളുടെ വിവാഹത്തിന് പണപ്പിരിവ് നടത്തുക, വിവാഹത്തിന് കാര്‍മികത്വം വഹിക്കുക എന്നീ ദൗത്യങ്ങളില്‍ പരിമിതമാണ് മിക്ക മഹല്ല് കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍. ലക്ഷങ്ങള്‍ പൊടിപൊടിച്ചുകൊണ്ട് സംഗീതസാന്ദ്രമായ സദസ്സില്‍ നടത്തുന്ന ആഢംബര കല്യാണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും കാര്‍മികത്വം അരുളാനും പള്ളി ഇമാമുമാര്‍ തയാറാകുന്നതിന്റെ ഇസ്‌ലാമിക മാനം എന്താണ്?
മഹല്ലുകളുടെ മൂക്കിനു താഴെ തിമിര്‍ത്താടുന്ന സ്ത്രീധനം എന്ന പൈശാചികത്വത്തിന് മൗനാനുവാദം നല്‍കുന്നവര്‍ പതിനായിരക്കണക്കിന് പെണ്‍കുട്ടികളുടെ ചുടുനിശ്വാസത്തിനും കണ്ണുനീരിനും അല്ലാഹുവിന്റെ കോടതിയില്‍ സമാധാനം പറയേണ്ടി വരും. സ്ത്രീധന വിവാഹങ്ങള്‍ക്കും ആര്‍ഭാട കല്യാണങ്ങള്‍ക്കും കാര്‍മികത്വം വഹിക്കുകയില്ല എന്ന കര്‍ശന നിലപാടെടുക്കാന്‍ മഹല്ലുകള്‍ ധൈര്യം കാണിച്ചാല്‍ അത് ഇക്കാലഘട്ടത്തിലെ വിപ്ലവാത്മകമായ തീരുമാനവും ഏറ്റവും വലിയ ദീനീ സേവനവുമായിരിക്കും.
ഒരു വശത്ത് വരന് വില നിശ്ചയിക്കുകയും പെണ്‍കുട്ടിയുടെ പിതാവില്‍ നിന്ന് അത് ഈടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നു. മറുവശത്ത് പെണ്‍കുട്ടിയുടെ യോഗ്യതയോ വരന്റെ കഴിവോ യഥാവിധി പരിഗണിക്കാതെ തോന്നിയതെന്തോ മഹ്‌റായി നിശ്ചയിച്ച് ഔദാര്യമെന്നോണം പെണ്ണിന് നല്‍കുന്നു. യഥാര്‍ഥത്തില്‍ മഹ്ര്‍ ഔദാര്യമല്ല. അത് വിവാഹ വേളയില്‍ സ്ത്രീക്ക് കിട്ടേണ്ട അവകാശമാണ്. അവളുടെ കഴിവും യോഗ്യതയും അനുസരിച്ചുള്ള തുക ആവശ്യപ്പെടാനുള്ള അവകാശം അവളുടെ വലിയ്യി(രക്ഷാധികാരി)നുണ്ട് എന്നതിനാല്‍ അദ്ദേഹവും മഹല്ല് ഭാരവാഹികളും ഉള്‍പ്പെടുന്ന വേദിയില്‍ അവള്‍ക്കവകാശപ്പെട്ട മഹ്ര്‍ നിശ്ചയിച്ച് വാങ്ങിക്കൊടുക്കാനുള്ള സംവിധാനവും മഹല്ല് അടിസ്ഥാനത്തില്‍ ഉണ്ടാകണം.
വിവാഹത്തോടനുബന്ധിച്ച് മഹല്ലുകള്‍ മുന്‍കൈയെടുത്ത് നടത്തേണ്ട മറ്റൊരു കാര്യം പ്രീ മാര്യേജ് കൗണ്‍സലിംഗ് ആണ്. വൈവാഹിക ജീവിതത്തെക്കുറിച്ച് യഥാര്‍ഥ കാഴ്ചപ്പാടോ അറിവോ ഇല്ലാതെ വിവാഹിതരാവുന്ന യുവതീയുവാക്കള്‍ ഏറെയുണ്ട് നമ്മുടെ സമുദായത്തില്‍. അതുകൊണ്ട് തന്നെ അടുത്തകാലത്തായി വിദ്യാസമ്പന്നര്‍ക്കിടയില്‍പോലും വിവാഹമോചനങ്ങള്‍ പെരുകി വരുന്നു. അതിനാല്‍ വിവാഹ ജീവിതത്തെക്കുറിച്ച് ശരിയായ രീതിയില്‍ മനസ്സിലാക്കാനുതകുന്ന പ്രീ മാര്യേജ് കൗണ്‍സലിംഗുകള്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

വിവാഹമോചനം
മഹല്ലുകളുടെ അറിവോടെ അനിയന്ത്രിതമായ രീതിയില്‍ വിവാഹ മോചനവും ബഹുഭാര്യാത്വവും ഇന്ന് നടക്കുന്നുണ്ട്. ഇസ്‌ലാമിലെ ത്വലാഖ് ഇന്ന് നാം കാണുന്ന തരത്തില്‍ ലളിതമോ സുഗമമോ അല്ല. ഏറെ സങ്കീര്‍ണമായ, പല ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടതാണത്. എല്ലാ ശ്രമങ്ങള്‍ക്കുമൊടുവില്‍ അനുരഞ്ജനത്തിന്റെ യാതൊരു സാധ്യതയും ഇല്ലെന്ന് വന്നാല്‍ മൂന്നാമത്തെ ത്വലാഖോടുകൂടിയാണ് വിവാഹ മോചനം പൂര്‍ണമാവുക. എന്നാല്‍, ഇതൊന്നുമില്ലാതെ ഒറ്റയടിക്ക് മുത്ത്വലാഖ് നടത്തുന്ന നികൃഷ്ടവും അനിസ്‌ലാമികവുമായ രീതി സമുദായത്തില്‍ നിര്‍ബാധം തുടരുന്നത് അനുവദിച്ച് കൂടാ. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് കടകവിരുദ്ധമായ ഇത്തരം ധിക്കാരങ്ങള്‍ക്കെതിരെ മഹല്ലുകള്‍ ശക്തമായ നിലപാടെടുക്കണം അത്തരം വിവാഹമോചന നടപടികള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ മഹല്ലുകള്‍ തയാറാകരുത്.
വിവാഹമോചിതയായ സ്ത്രീക്ക് ലഭിക്കേണ്ട അവകാശമായ മതാഇനെ കുറിച്ച് മൗനം പാലിക്കുന്നതിന്റെ നീതിയെന്താണ്? ഇസ്‌ലാം എവിടെയും സ്ത്രീയുടെ സംരക്ഷണം ലക്ഷ്യമിടുന്നു. വിവാഹിതയാകുമ്പോള്‍ മഹ്‌റും വിവാഹമോചിതയാകുമ്പോള്‍ മതാഉം അവള്‍ക്ക് പടച്ചവന്‍ അനുവദിച്ച അവകാശങ്ങളാണ്. മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലി വെറുംകൈയോടെ സ്ത്രീയെ പറഞ്ഞയക്കുന്ന രീതിയും സമുദായത്തിലെ സ്ഥിരം കാഴ്ചയാണ്. വിവാഹമോചിതയായ സ്ത്രീക്ക് ന്യായമായ മതാഅ് വാങ്ങിക്കൊടുക്കാനും മഹല്ലുകള്‍ മുന്‍കൈയെടുക്കുക. 
ത്വലാഖിന്റെ വിഷയത്തില്‍ മേല്‍ വിവരിച്ച നടപടികള്‍ പൂര്‍ത്തീകരിക്കാതെ വിവാഹമോചനം നടത്തികൊടുക്കാതിരിക്കാനുള്ള ആര്‍ജവം മഹല്ലുകള്‍ കാണിച്ചാല്‍ ഇസ്‌ലാമിന്റെ സുന്ദരമായ ഈ നിയമം സമൂഹത്തില്‍ വികലമാക്കപ്പെടുകയോ അതേ ചൊല്ലി ഇസ്‌ലാം വിമര്‍ശിക്കപ്പെടുകയോ ഇല്ല. ഈ വിഷയത്തില്‍ സ്ത്രീകളനുഭവിക്കുന്ന നീതി നിഷേധത്തിന് അറുതി വരുത്താനും അതിലൂടെ കഴിയും.

ഫസ്ഖ് / ഖുല്‍അ്
പുരുഷന് മാത്രമല്ല ഇസ്‌ലാം വിവാഹമോചനാനുവാദം നല്‍കിയിട്ടുള്ളത്. ത്വലാഖിനേക്കാള്‍ എത്രയോ ലളിതവും പ്രയാസരഹിതവുമാണ് ഇസ്‌ലാം സ്ത്രീക്ക് അനുവദിച്ച 'ഫസ്ഖ്', 'ഖുല്‍അ്' സംവിധാനങ്ങള്‍. ത്വലാഖിന് വേണ്ടി പുരുഷന്‍ കടന്നുപോകേണ്ട കടമ്പകളൊന്നും തന്നെ സ്ത്രീക്കില്ല. ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട സംരക്ഷണവും നീതിയും അവകാശങ്ങളും ലഭിക്കാത്ത പക്ഷം കോടതി വഴിയോ മഹ്ര്‍ തിരിച്ച് നല്‍കിയോ അവള്‍ക്ക് മോചനം നേടാം. എന്നാലിന്ന് ഏത് കോടതിയിലാണവള്‍ പരാതിപ്പെടുക? ഇവിടെയാണ് മഹല്ലുകോടതികള്‍ രംഗത്ത് വരേണ്ടത്. സ്ത്രീകള്‍ക്ക് നല്‍കപ്പെട്ട ഈ അവകാശത്തെക്കുറിച്ച് സാമാന്യ ജ്ഞാനം പോലും ഇല്ലാത്ത പതിനായിരങ്ങള്‍ ക്രൂരമായ നീതി നിഷേധവും അവഗണനയും പീഡനവും സഹിച്ച് നരകതുല്യ ജീവിതം നയിക്കുന്നത് കാണുമ്പോള്‍, ഹജ്ജത്തുല്‍ വിദാഇലെ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി 'സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക' എന്നു പറഞ്ഞ പ്രവാചകന്റെ വാക്കുകള്‍ പണ്ഡിത സമൂഹം ഓര്‍ക്കുന്നത് നന്നായിരിക്കും. സ്ത്രീകള്‍ക്ക് ഇസ്‌ലാം അനുവദിച്ച് നല്‍കിയ അവകാശവും നീതിയും സ്ഥാപിച്ചു നല്‍കുക എന്നത് പ്രവാചകന്റെ പിന്‍ഗാമികളായ പണ്ഡിതന്മാരുടെയും നേതാക്കളുടെയും ബാധ്യതയാണ്.

ബഹുഭാര്യാത്വം
അനാഥരുടെയും വിധവകളുടെയും സംരക്ഷണോദ്ദേശ്യത്തോടെ അനുവദിക്കപ്പെട്ട ബഹുഭാര്യാത്വ നിയമവും ഇന്ന് അതി സുന്ദരമായി ദുരുപയോഗം ചെയ്യുന്നു. ''അനാഥരുടെ കാര്യത്തില്‍ നീതിപാലിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന പക്ഷം രണ്ടോ മൂന്നോ നാലോ സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്ത് കൊള്ളുക. അവര്‍ക്കിടയില്‍ നീതി പാലിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ ഒന്നു മാത്രം''. വളരെ കൃത്യവും കണിശവുമായ നിര്‍ദേശമാണ് ഈ വിഷയത്തില്‍ ഖുര്‍ആന്‍ നല്‍കിയിട്ടുള്ളത്. 'പ്രവാചക മാതൃക' യുടെ പിന്‍മുറക്കാര്‍ എന്ന വാദ മുഖത്തോടെ നാലുകെട്ടിന് വേണ്ടി കച്ച കെട്ടിയിറങ്ങുന്നവരോട് ചോദിക്കട്ടെ, പ്രവാചകന്റെ ആദ്യവിവാഹം പോലെ ഒരു മാതൃകാ വിവാഹം നിങ്ങള്‍ക്കാകുമോ? നിറ യൗവനത്തിന്റെ ആദ്യ നാളുകളില്‍ ചുറുചുറുക്കുള്ള 25 കാരനായ മുഹമ്മദ് എന്ന ചെറുപ്പക്കാരന്‍ വിധവയും രണ്ട് കുട്ടികളുടെ മാതാവുമായ ഖദീജ എന്ന 40 കാരിയെ തന്റെ പ്രഥമ ജീവിത സഖിയായി സ്വീകരിച്ചു. മുഹമ്മദ് ഖദീജയുടെ മൂന്നാമത്തെ ഭര്‍ത്താവായിരുന്നു. ഭാര്യയും മക്കളുമൊത്ത് സുഖ സുന്ദരമായ കുടുംബ ജീവിതം നയിക്കുന്നതിനിടെ രണ്ടാം കെട്ടിന് മോഹിക്കുന്നവര്‍ കന്യകയെ തേടുകയും അതിന് അനാഥ/സാധു സംരക്ഷണത്തിന്റെ പരിവേഷം നല്‍കി ന്യായീകരിക്കുകയും ചെയ്യുന്നതിന്റെ നിഗൂഢത തികഞ്ഞ കാപട്യമാണ്.
പ്രവാചകന്റെ കാലത്തെ ബഹുഭാര്യാത്വം ഇന്നത്തെ പോലെ ഒളിച്ചും പാത്തും ചെയ്തിരുന്ന കാര്യമല്ല. അനിവാര്യഘട്ടങ്ങളില്‍ ആദ്യ ഭാര്യയുടെയും കുടുംബത്തിന്റെയും അറിവോടെ തന്നെയാണവ നടന്നത്. ആ അര്‍ഥത്തില്‍ അന്നത്തെ സ്ത്രീകള്‍ ചിന്താപരമായി ഉയര്‍ന്നവരായിരുന്നു. കാരണം, അവരുടെ വിശ്വാസികളായ ഭര്‍ത്താക്കന്മാരില്‍ നിന്ന് അവര്‍ക്ക് തുല്യ നീതി ലഭിച്ചിരുന്നു. അല്ലാത്ത പക്ഷം പരാതി ബോധിപ്പിക്കാനും പരിഹാരം തേടാനും കോടതിയും സംവിധാനവും ഉണ്ടായിരുന്നു. വിവാഹ മോചന- ബഹുഭാര്യാത്വ പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടാല്‍ അവരെ സംരക്ഷിക്കാനുള്ള വേദികളായി മഹല്ല് കോടതികള്‍ വളര്‍ന്നു വരണം.
പള്ളി പ്രവേശനം
മഹല്ലിന്റെ കേന്ദ്രം പള്ളിയാണെന്നിരിക്കെ അവിടേക്കുള്ള പ്രവേശനമാണ് ഒന്നാമതായി മുസ്‌ലിം സ്ത്രീക്ക് സ്ഥാപിച്ച് കിട്ടേണ്ട അവകാശം. പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് പള്ളി സദസ്സുകളില്‍ സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും പരാതികള്‍ ബോധിപ്പിക്കുകയും അവ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. ഉമറി(റ)നെ മഹ്‌റിന്റെ വിഷയത്തില്‍ ഒരു സ്ത്രീ ചോദ്യം ചെയ്തതും പള്ളിയില്‍ വെച്ചായിരുന്നു. പള്ളിയിലെ ആരാധനയും അവിടത്തെ വിജ്ഞാന സദസ്സും ഖുത്വുബകളുമാണ് പ്രവാചക ചരിത്രത്തിലെ സ്ത്രീകളെ ഉദ്ബുദ്ധരാക്കിയതും അവരില്‍ അവകാശബോധം സൃഷ്ടിച്ചതും. അത്തരം വേദികളില്‍ അവര്‍ക്ക് നല്‍കപ്പെട്ട പ്രവേശനാനുമതി പുരുഷന്മാരിലും അവരെക്കുറിച്ച് മതിപ്പും ബഹുമാനവും അംഗീകാരവും വളര്‍ന്നുവരാന്‍ കാരണമായി. പള്ളിയും വിജ്ഞാന സദസ്സുകളും സ്ത്രീകള്‍ക്ക് നിഷേധിക്കുക വഴി സ്ത്രീ വിഷയങ്ങള്‍ പറയാനും ചര്‍ച്ചചെയ്യാനുമുള്ള വേദികളാണ് നഷ്ടപ്പെട്ടത്.
സകാത്ത്
മുസ്‌ലിം സ്ത്രീകളുടെ ഹരവും ആവേശവുമാണ് സ്വര്‍ണം. മൊബൈല്‍ ജ്വല്ലറികളുടെ രൂപത്തില്‍ സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ഏക വിഭാഗം മുസ്‌ലിം സ്ത്രീകളാണ്. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം Dead money ആയി അലക്ഷ്യമായി അലമാരകളില്‍ സൂക്ഷിക്കുന്നത് മുസ്‌ലിം വീടുകളിലാണെന്ന് പല മോഷണ ശ്രമ റിപ്പോര്‍ട്ടുകളും വിലയിരുത്തുമ്പോള്‍ മനസ്സിലാകും. ബാങ്ക് ലോക്കറുകള്‍ ഉപയോഗപ്പെടുത്താനുള്ള ജ്ഞാനം പോലും ഇല്ലാത്തവരായി പോയി പലരും. അളവില്‍ കവിഞ്ഞ ഈ സ്വര്‍ണ കൂമ്പാരത്തിന് കൃത്യമായി സകാത്ത് കൊടുക്കുന്നവര്‍ വളരെ വിരളം. അതു തന്നെയും സംഘടിതമല്ലാത്തതിനാല്‍ അതിന്റെ ഗുണം ശരിയായ രീതിയില്‍ സമൂഹത്തില്‍ ലഭ്യവുമല്ല. കൃത്യമായി സ്വരൂപിച്ച സ്വര്‍ണത്തിന്റെ സകാത്ത് സമുദായത്തിന് ബാധ്യതയായി നില്‍ക്കുന്ന നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹ ആവശ്യത്തിന് ഉപയോഗിച്ചാല്‍ അതുണ്ടാക്കുന്ന വിപ്ലവം ചെറുതൊന്നുമല്ല. വഅ്‌ള് പരമ്പരയുടെ അവസാനം ഒരൊറ്റ ദുആയില്‍ പവനുകള്‍ ഊരി സംഭാവന ചെയ്യുന്നവരാണ് നമ്മുടെ സ്ത്രീകള്‍. അതിനാല്‍ പള്ളി മിമ്പറുകള്‍ ഉപയോഗപ്പെടുത്തി സ്ത്രീകള്‍ക്ക് ശക്തമായ ബോധവല്‍ക്കരണം നല്‍കുക കൂടി ചെയ്താല്‍ വളരെ എളുപ്പത്തില്‍ പ്രാദേശിക മഹല്ലുകള്‍ക്ക് നടപ്പാക്കാവുന്ന ഒരു പദ്ധതിയാണിത്. കൃത്യമായി സകാത്ത് നല്‍കാതെ കൂട്ടിവെക്കുന്ന സ്വര്‍ണവും വെള്ളിയും നരകാഗ്നിയില്‍ ഉരുക്കി മുതുകുകള്‍ ദഹിപ്പിക്കുന്ന ആ ഭയാനക ദിവസത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ താക്കീത് നാമോര്‍ക്കുക. സ്വര്‍ണക്കൂമ്പാരത്തിന് ഒത്താശ നല്‍കുന്ന ഭര്‍ത്താക്കന്മാരും അതിന്റെ സകാത്ത് സമാഹരണ വിതരണത്തിന് ക്രിയാത്മക നടപടികള്‍ എടുക്കാത്ത മഹല്ല് നേതൃത്വവും ഇതില്‍ കൂട്ടുത്തരവാദികളാണ്.
മഹല്ല് സമിതി
മുസ്‌ലിം സ്ത്രീക്ക് ആവശ്യം ഇസ്‌ലാമിക ശരീഅത്തിന്റെ പരിരക്ഷയാണ്, അതിലവള്‍ സുരക്ഷിതയുമാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുസ്‌ലിം വ്യക്തി നിയമത്തില്‍ പ്രസ്തുത സംരക്ഷണം അവള്‍ക്ക് ലഭ്യമല്ല. ശരീഅത്ത് നിയമങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലൂടെ സ്ത്രീക്ക് തുല്യ നീതി ഉറപ്പുവരുത്താന്‍ സ്ത്രീ പ്രാതിനിധ്യത്തോടെയുള്ള മഹല്ല് പരിഹാര സമിതികള്‍ രൂപവല്‍ക്കരിക്കുക എന്നത് കൂടുതല്‍ അഭികാമ്യമായിരിക്കും. എന്നല്ല, മഹല്ല് കമ്മിറ്റികളില്‍ തന്നെ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കണം. സ്ത്രീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിന്റെ തീവ്രത നന്നായറിയാവുന്ന പെണ്‍ മനസ്സുകളുടെ സാന്നിധ്യം അനിവാര്യമാണ്. സ്ത്രീകള്‍ പള്ളിമുറ്റത്ത് കാലുകുത്തിയാല്‍ അനിഷ്ടങ്ങളും അനര്‍ഥങ്ങളും സംഭവിക്കുമെന്ന മൂത്ത് മുരടിച്ച മുടന്തന്‍ ന്യായങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കുക. അക്ഷരവെളിച്ചമില്ലായ്മ കണ്ണില്‍ ഇരുട്ട് പരത്തിയിരുന്ന പഴയ കാല മുസ്‌ലിം സ്ത്രീ മരിച്ചിരിക്കുന്നു. ഇന്നവള്‍ അഭ്യസ്തവിദ്യയാണ്. വിദ്യാഭ്യാസ രംഗത്ത് സമുദായത്തിലെ പുരുഷന്മാരേക്കാള്‍ ഏറെ മുന്നില്‍ നടക്കുന്നവളാണവള്‍. അറിവും കഴിവുമുള്ള മുസ്‌ലിം സ്ത്രീകളുടെ  ചിന്തയും വീക്ഷണവും മഹല്ല് സമിതികളില്‍ പ്രയോജനപ്പെടുത്തണം.

rasiyachalakkal@gmail.com

 

Comments