Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 8

ആസാം അഭയാര്‍ഥി ക്യാമ്പില്‍നിന്ന്‌

കെ.സി മൊയ്തീന്‍കോയ

ഞങ്ങള്‍ ആസാം തലസ്ഥാനമായ ഗുഹാവത്തി എയര്‍പോര്‍ട്ടിലായിരുന്നു. വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദളും ആഹ്വാനം ചെയ്ത ബന്ദായിരുന്നതിനാല്‍ വൈകുന്നേരമാണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. ടാക്‌സി കാറില്‍ ഹൗളിയിലേക്കു പുറപ്പെട്ടു. ഡ്രൈവറോടു ബന്ദിനെക്കുറിച്ചു ചോദിച്ചു. ഹിന്ദുസംഘടനകള്‍ ആഹ്വാനം ചെയ്തതാണ് ബന്ദ് എന്ന് പറഞ്ഞ ഡ്രൈവര്‍ അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എണ്ണിപ്പറഞ്ഞു:
1970-നു ശേഷം കടന്നുവന്ന എല്ലാ വിദേശികളെയും തിരിച്ചയക്കുക, ക്യാമ്പുകളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന റേഷനും മറ്റു സൗകര്യങ്ങളും ഉടന്‍ നിര്‍ത്തലാക്കുക, ക്യാമ്പുകള്‍ അടച്ചുപൂട്ടി അവിടെയുള്ളവരെ അവിടന്ന് ഓടിക്കുക - എന്നാല്‍ അവര്‍ വന്ന പ്രദേശത്തേക്കു തിരിച്ചുപോവാന്‍ പാടില്ല, മുസ്‌ലിംകള്‍ക്കു വേണ്ടി വാദിക്കുന്ന പക്ഷപാതിയായ എം.പി ബദ്‌റുദ്ദീനെ രാജിവെപ്പിക്കുക.
ഡ്രൈവര്‍ ഒന്നുകൂടി പറഞ്ഞു: നിങ്ങള്‍ സൗത്ത് ഇന്ത്യക്കാര്‍ വേണ്ടാത്ത ഒന്നുകൂടി ചെയ്തിട്ടുണ്ട്. ഞങ്ങളുടെ നാട്ടുകാരായ തൊഴിലാളികളെ നിങ്ങള്‍ നിങ്ങളുടെ നാട്ടില്‍നിന്ന് കൂട്ടമായി അടിച്ചോടിച്ചിട്ടുണ്ട്. അതിവിടെ എല്ലാവരും വിഷയമാക്കിയിട്ടുമുണ്ട്; പ്രതിഷേധവുമുണ്ട്.
ഹൗളിയിലെ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന സ്ഥാപനത്തില്‍ എത്തിയപ്പോള്‍ അവിടത്തെ പ്രവര്‍ത്തകരും ദക്ഷിണേന്ത്യക്കാരെക്കുറിച്ച ഈ ഒരു വികാരം ഉണ്ടാക്കുന്നതില്‍ മീഡിയ നന്നായി പങ്കുവഹിച്ചിട്ടുണ്ട് എന്ന് പറയുകയുണ്ടായി.
രാത്രിയാണ് ഹൗളി സ്‌കൂളിലെത്തിയത്. ദിവാന്‍ സാഹിബിനെയും മറ്റും കണ്ടു ചര്‍ച്ച നടത്തി. അപ്പോള്‍ തന്നെ റിലീഫ് ക്യാമ്പിലെത്താന്‍ ശ്രമിച്ചു. വാഹനങ്ങള്‍ കിട്ടാത്തത് കൊണ്ടും കിട്ടിയ വാഹനത്തിലെ ഡ്രൈവര്‍മാര്‍ ധൈര്യപ്പെടാത്തതുകൊണ്ടും എത്തിപ്പെടാന്‍ പറ്റിയില്ല.
നാളെ വരാമെന്നും പറഞ്ഞ് പിരിഞ്ഞ ദിവാന്‍ സാഹിബിനെയും സൈഫുല്‍ ഇസ്‌ലാം സാഹിബിനെയും കാണാത്തതിനാല്‍ വിളിച്ചുനോക്കിയപ്പോഴാണ് 144 കര്‍ഫ്യൂ ആയതിനാല്‍ അവര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്നറിയുന്നത്. 32 ന്യൂനപക്ഷസംഘടനകള്‍ ഒന്നിച്ചാണ് പിറ്റേന്നുള്ള ബന്ദിന് ആഹ്വാനം ചെയ്തത്. ആവശ്യങ്ങള്‍ ഇവയായിരുന്നു: നാടുവിട്ടവരെ പുനരധിവസിപ്പിക്കുക, അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ക്യാമ്പില്‍ ആവശ്യമായ ഭക്ഷണം-ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക, അവ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായി കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക, ബോഡോകളുടെ കൈയില്‍ നിന്ന് ആയുധങ്ങള്‍ തിരിച്ചുപിടിക്കുക.
ആസാം ആകെ കലങ്ങി മറിഞ്ഞിരിക്കുന്നു. ഹൗളിയില്‍ ഞങ്ങള്‍ താമസിക്കുന്ന സ്‌കൂളിന്റെ 10 കി.മീ അകലെ ചില മുസ്‌ലിംകള്‍ ഹിന്ദുക്കളുടെ 30 വീടുകള്‍ കത്തിക്കുകയും അടിപിടിയില്‍ 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊത്തം നാല് ബോഡോ ജില്ലകളില്‍ രണ്ട് ജില്ലകളിലാണ് നോമ്പിന് മുമ്പ് ബോഡോ ഓപ്പറേഷന്‍ നടന്നത്. ബാക്കി രണ്ട് ജില്ലകളില്‍ നോമ്പിന് ശേഷം ഓപ്പറേഷന്‍ തുടങ്ങുമെന്ന് അവര്‍ ആദ്യമേ പ്രഖ്യാപിച്ചിരുന്നത്രെ. അവരുടെ വീടുകള്‍ കത്തിച്ചാണ് ഇപ്പോള്‍ മുസ്‌ലിംകള്‍ അടിക്കാനുള്ള വടി കൊടുത്തിരിക്കുന്നത്.
രാത്രി എന്തും സംഭവിക്കാം എന്ന ഭീതിയിലാണ് സൈഫുല്‍ഇസ്‌ലാം. കലക്ടറുടെ അനുവാദം കിട്ടുമെങ്കില്‍ മാത്രം നിങ്ങളിവിടെ റിലീഫ് പ്രവര്‍ത്തനം നടത്തിയാല്‍ മതി എന്ന് അഭിപ്രായപ്പെട്ടാണ് സൈഫുല്‍ ഇസ്‌ലാം ഞങ്ങളോടു യാത്ര പറഞ്ഞത്.
ഞങ്ങള്‍ ഐ.ആര്‍.ഡബ്ലിയു(ഐഡിയല്‍ റിലീഫ് വിംഗ്) പ്രവര്‍ത്തകര്‍ ഇന്നേവരെ പോയതെല്ലാം റിലീഫും സഹായവും ആവശ്യമുള്ളവരിലേക്കായിരുന്നു. അവിടത്തെ അധികൃതരും പൊതുസമൂഹവും ഞങ്ങളെ അത്യാവേശത്തോടെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടെ അധികൃതരും മഹാ ഭൂരിപക്ഷം പേരും ഒട്ടും താല്‍പര്യം കാണിക്കുന്നില്ലെന്ന് മാത്രമല്ല റിലീഫ് ആവശ്യമില്ലെന്ന് പറയുകയും ചെയ്യുന്നു. അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചുകൊണ്ട് അവരെ പുകച്ചു പുറത്തുചാടിക്കാന്‍ ശ്രമിക്കുന്ന നാട്ടില്‍ ഇരകളെ സഹായിക്കാനാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. എന്തുചെയ്യണം എന്നറിയാത്ത ഒരവസ്ഥ.
120 കി.മീ ദൂരം യാത്ര ചെയ്ത് ബിലാസിവാഡയില്‍ (ദുബ്രി ജില്ലയില്‍) ജമാഅത്ത് റിലീഫ് കേന്ദ്രത്തില്‍ എത്തി. റിലീഫ് ഇന്‍ ചാര്‍ജ് ശംസുദ്ദീന്‍ അഹ്മദ് സാഹിബ് ഇവിടെയാണുള്ളത്. ഏതാനും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു തിരിച്ചെത്തി. മൊത്തം 288 ക്യാമ്പുകളാണ് ഇവിടെയുള്ളത്. അതില്‍ 65 എണ്ണം ജമാഅത്തെ ഇസ്‌ലാമി ഏറ്റെടുത്തിരിക്കുന്നു. അവ (എ.ബി.സി) സെക്ടറുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ സെക്ടറിലും 20-25 വരെ ക്യാമ്പുകള്‍. ഈ 65 ക്യാമ്പുകളില്‍ മൊത്തം 81250 അഭയാര്‍ഥികളാണുള്ളത്. ജമാഅത്ത് ഏറ്റെടുത്ത മൊത്തം ക്യാമ്പുകളില്‍ വിശദമായ സര്‍വെ നടത്തി. ഓരോ ക്യാമ്പിലെയും അഭ്യസ്തവിദ്യരെ കണ്ടെത്തി അവരെ കൊണ്ടാണ് സര്‍വെ പൂര്‍ത്തീകരിച്ചത്. ക്യാമ്പുകളില്‍ കഴിയുന്ന അഭയാര്‍ഥികളില്‍ മഹാഭൂരിപക്ഷവും നിരക്ഷരരും പേരില്‍ മാത്രം മുസ്‌ലിംകളുമാണ്. സൈഫുല്‍ ഇസ്‌ലാം, ബദ്‌റുദ്ദീന്‍, ഖമറുസ്സമാന്‍ തുടങ്ങി സുന്ദരമായ പേരിനുടമകള്‍. ശഹാദത്ത് കലിമ അറിയുന്നവര്‍ അംഗുലീപരിമിതര്‍. ക്യാമ്പുകളിലെല്ലാം മോറല്‍ സ്റ്റഡീസിന് ആള്‍ക്കാരെ നിശ്ചയിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും ജമാഅത്തെ ഇസ്‌ലാമി വക പാചക പാത്രങ്ങള്‍ വിതരണം ചെയ്തു. ഇഫ്ത്വാര്‍ കിറ്റ്, ഈദ് കിറ്റ്, പുതുവസ്ത്രങ്ങള്‍ എന്നിവ നേരത്തേ വിതരണം ചെയ്തിരുന്നു.
ബിലാസ്പാറയില്‍ ഇറങ്ങിയപ്പോള്‍ ആദ്യം കണ്ടത് റിലീഫ് വാന്റെ ബാനറാണ്. BTAD VICTIMS 2012, ASSAM RELIEF WORKS-JAMAATH E ISLAMI HIND - NE ZONE (South) എന്നു വലിയ അക്ഷരത്തില്‍. ഓഫീസിലെ മുഴുവന്‍ പ്രവര്‍ത്തകരും വളണ്ടിയര്‍മാരും ഡ്രൈവര്‍മാരും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആസാം റിലീഫ് വര്‍ക് എന്ന് പ്രിന്റ് ചെയ്ത ടി ഷര്‍ട്ട്/ബനിയന്‍ ആണ് ധരിച്ചത്. ജമാഅത്ത് ഏറ്റെടുത്ത ക്യാമ്പുകളിലെല്ലാം ആസാം റിലീഫ് ക്യാമ്പ് സ്‌പോണ്‍സേര്‍ഡ് ബൈ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന വലിയ ബാനര്‍ കാണാം.
ക്യാമ്പുകളിലെ അഭയാര്‍ഥികളില്‍ ചിലര്‍ അധ്യാപകരാണ്. അവരെ ഉപയോഗപ്പെടുത്തി പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഏര്‍പ്പാടു ചെയ്തു. അഭയാര്‍ഥികളിലെ ഫാര്‍മസിസ്റ്റുകളും പാരാമെഡിക്കല്‍സുകളും ഡോക്ടര്‍മാരെ സഹായിക്കുന്നു. രോഗികളെ പരിചരിക്കുന്നു. സാധാരണ റിലീഫ് ക്യാമ്പുകളില്‍ കൂട്ടായി ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യുകയായിരുന്നെങ്കില്‍, ഇവിടെ ഓരോ കുടുംബത്തിനും പാത്രങ്ങളും ഭക്ഷണസാധനങ്ങളും നല്‍കിയതിനാല്‍ അവര്‍ തന്നെ പാകം ചെയ്ത് കഴിക്കുന്നു. വിറകും അവര്‍ തന്നെ ശേഖരിക്കുന്നു. കരുതി വെച്ച വലിയ വിറകു കൂമ്പാരം ചില ക്യാമ്പുകളില്‍ കാണാം. ഈ രീതി അഭയാര്‍ഥികളെ അലസരാക്കുന്നതിന് പകരം കര്‍മനിരതരാക്കുന്നതിന് കൂടി ഉപകരിച്ചു.
അഭയാര്‍ഥികളുടെ ഭാവി ഇന്നത്തെ അവസ്ഥയില്‍ തികച്ചും ഇരുളടഞ്ഞതാണ്. ബോഡോകള്‍ അവരെ കൊല്ലാതെ കൊന്നിരിക്കുന്നു. സര്‍വായുധവിഭൂഷിതരായി വന്ന ബോഡോകള്‍ക്ക് ഇവരെ കൊല്ലല്‍ ലക്ഷ്യമായിരുന്നില്ല എന്നു തോന്നുന്നു. തോക്കു ചൂണ്ടിയും വെടിപൊട്ടിച്ചും ഭയപ്പെടുത്തി വീട്ടില്‍നിന്നോടിച്ച ശേഷം, വീടു കൊള്ളയടിക്കുക, തുടര്‍ന്ന് ഐ.ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സ്വത്തിന്റെ രേഖകള്‍ തുടങ്ങി വീട് മൊത്തം തീ കൊടുത്തു നശിപ്പിക്കുക.
അഭയാര്‍ഥികളുടെ കൈയില്‍ തങ്ങളുടെ പൗരത്വം തെളിയിക്കുന്ന ഒന്നുമില്ല. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നവര്‍ ഇവിടെ നില്‍ക്കട്ടെ, അല്ലാത്തവര്‍ അവരുടെ നാട്ടിലേക്ക് (ബംഗ്ലാദേശ്) പോകട്ടെ എന്ന 'ന്യായമായ' ആവശ്യമാണ് ബോഡോകള്‍ ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയൊരു വിഭാഗമെങ്കിലും ഇന്നും തങ്ങളുടെ വീടുകളില്‍ തന്നെ അള്ളിപ്പിടിച്ചു കഴിയുന്നു. വീടു വിട്ടുപോയതു കൊണ്ട് പ്രത്യേകിച്ചു ഒന്നും, ജീവന്‍ പോലും നേടാനില്ല, എങ്കില്‍ പിന്നെ സാധിക്കുന്നത്ര വീട്ടില്‍ തന്നെ പിടിച്ചു നിന്ന്, മരിക്കണമെങ്കില്‍ അവിടെ തന്നെ മരിക്കാമല്ലോ എന്ന ചിന്തയില്‍.
അഭയാര്‍ഥികളുടെ ഒഴുക്ക് ഇപ്പോള്‍ നിലച്ചിട്ടില്ല. പുതിയ അഭയാര്‍ഥികള്‍ വന്നുകൊണ്ടേയിരിക്കുന്നു. പുതിയ പുതിയ ക്യാമ്പുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വളരെ ചുരുക്കം ചില അഭയാര്‍ഥികള്‍ അകലങ്ങളിലെ തങ്ങളുടെ കുടുംബങ്ങളിലേക്കു മാറിക്കൊണ്ടിരിക്കുന്നു. പല ക്യാമ്പുകളും സുരക്ഷിതമല്ല. അവിടെയും ബോഡോ ആക്രമണങ്ങള്‍ ഏതു സമയത്തും ഉണ്ടാകാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍